Posts

Showing posts from June, 2012

നമ്മളെല്ലാം ഒന്നല്ലേ...നമുക്കൊരേ വാക്കല്ലേ?

Image
മുല്ലപ്പെരിയാര്‍ ബഹളം അണക്കെട്ടില്‍ ഒലിച്ചുപോയപ്പോള്‍ തന്നെ ഇനിയെന്ത് എന്ന ചോദ്യമുയര്‍ന്നതാണ്. അന്ന് സമരത്തിന് ചാടിയിറങ്ങിയവരുടെയെല്ലാം ഉള്ളില്‍ ഇപ്പോഴും അത് കിടന്നുരുകുന്നുണ്ട്. അവരുടെ എല്ലാതരം നിരാശകള്‍ക്കും ആശ്വാസം പകരുന്ന വാര്‍ത്തയുമായാണ് ഇന്നലെ കേരള നിയമ സഭ പിരിഞ്ഞത്. മുല്ലപ്പെരിയാര്‍ പോലെ ഇതിന്റെയും മുഖ്യ പ്രായോജകന്‍ വകുപ്പ് മന്ത്രി പി.ജെ ജോസഫ് തന്നെ: 'കാവേരി ട്രിബ്യൂണല്‍ പ്രകാരം കേരളത്തിന് ആറ് ടി.എം.സി വെള്ളത്തിന് അവകാശമുണ്ട്. പഴയ കരാര്‍ പ്രകാരം കേരളത്തിന് അട്ടപ്പാടി പദ്ധതി നടപ്പാക്കാനും കഴിയും. അവിടെ ഒരു പ്രശ്‌നവുമുണ്ടാകില്ല.' അത്രകേട്ടപ്പോള്‍ തന്നെ സ്പീക്കര്‍ക്ക് കാര്യം മനസ്സിലായി: 'തമിഴ്‌നാട്ടില്‍ ഇപ്പോള്‍ തന്നെ പ്രശ്‌നമായിട്ടുണ്ട്. ലോറികള്‍ ഇങ്ങോട്ട് വിടാതായി. വെറുതെ സഭയില്‍ ഇത്തരം വിഷയം കത്തിക്കരുത്.' മന്ത്രി പക്ഷെ പ്രതീക്ഷ കൈവിട്ടിട്ടില്ല: 'അട്ടപ്പാടിയുടെ വരള്‍ച്ച ഇതോടെ മാറും. പദ്ധതി തമിഴ്‌നാടിനെ ബാധിക്കില്ല. അവര്‍ വെറുതെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.' മുല്ലപ്പെരിയാര്‍ പോലെ മറ്റിടത്ത് അബദ്ധം കാണിക്കരുതെന്ന് കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ ഉപദേശിച്ചിട്ടു…

ബഹു.അംഗങ്ങളേ...രക്ഷിക്കണം

Image
മന്ത്രിപ്പണി പോയിയെന്ന് ഇടക്കിടെ മറന്നുപോകുന്ന ഒരാളാണ് എ.കെ ബാലന്‍. ആ മറവി സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ കുഴങ്ങി. പറയാനുള്ളതെല്ലാം പറഞ്ഞങ്ങ് തീര്‍ക്കും. മൈക്കും വേണ്ട, പറയാന്‍ അനുമതിയും വേണ്ട. മണിക്കൂറില്‍ ആറുവട്ടമെങ്കിലും ബാലന് ഈ ബാധയുണ്ടാകും. വേറെയാര്‍ക്ക് ഇത് സംഭവിച്ചാലും സ്പീക്കര്‍ സഹിക്കും. പക്ഷെ ബാലന്റെ കാര്യത്തില്‍ ഒരാനുകൂല്യവുമില്ല. സഭ തുടങ്ങിയ അന്നുമുതല്‍ ഇതൊരു പ്രതിദിന കാഴ്ചയാണ്. 

ഇന്നലെ ബാലന് മറവി കലശലായി. അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ കൈയ്യിലുള്ള രേഖ മേശപ്പുറത്ത് വക്കണമെന്ന് മോഹം. അങ്ങനെയങ്ങ് വക്കാന്‍ പറ്റില്ലെന്ന് സ്പീക്കറും. വച്ചേ പറ്റൂവെന്ന് ബാലന്റെ ബഹളം. അതോടെ രൂക്ഷമായ വാക്കേറ്റമായി. ഇംഗ്ലീഷിലും മലയാളത്തിലും സ്പീക്കര്‍ താക്കീത് ചെയ്തിട്ടും ബാലന്‍ അടങ്ങിയില്ല. സഹികെട്ട കാര്‍ത്തികേയന്‍, കുട്ടി ഹെഡ്മാഷെ തല്ലാതെ നോക്കണണെന്ന് രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു: 'സകല നിയന്ത്രണങ്ങളും വിട്ട് ഒച്ചയെടുത്ത് ബാലന്‍ സഭയെ കൈയ്യിലെടുക്കാന്‍ ശ്രമിക്കുന്നു. ഇത് പലപ്പോഴും ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാക്കള്‍ ശ്രദ്ധിക്കണം.'

മന്ത്രിപ്പണിയുടെ ഹാങ്ങോവര്‍ ബാക്കികിടന്നാ…

രാഷ്ട്രീയക്കാരുടെ വേഷപ്പകര്‍ച്ചകള്‍

Image
കുഞ്ഞനന്തനെ പിടിച്ചപ്പോള്‍ വാളും ബോംബുമായിരുന്നു വി.പി സജീന്ദ്രന്‍ പ്രതീക്ഷിച്ചത്. പക്ഷെ പോലിസിന് കിട്ടിയത് ചാന്തും പൊട്ടും പര്‍ദയും. അവ്വൈഷണ്‍മുഖിയെപ്പോലെ പെണ്‍വേഷത്തിലായിരുന്നത്രെ കുഞ്ഞനന്തന്‍. എല്ലാ സി.പി.എം നേതാക്കളുമിപ്പോള്‍ ഇങ്ങനെ വേഷം മാറി നടക്കുകയാണെന്നും സജീന്ദ്രന്‍ വെളിപ്പെടുത്തി. വേഷപ്പകര്‍ച്ച പക്ഷെ സി.പി.എമ്മില്‍ ഒതുങ്ങില്ലെന്നാണ് ഇന്നലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ വ്യക്തമായത്. ഇരുഭാഗത്തെയും അംഗങ്ങളെല്ലാം ധനാഭ്യര്‍ഥന നടന്ന വകുപ്പുകളില്‍ മാത്രം ഒതുങ്ങി നിന്നു. ആര്‍ക്കും രാഷ്ട്രീയം വേണ്ടേവേണ്ട. രാഷ്ട്രീയം പറഞ്ഞവര്‍ തന്നെ ഏതാനും വാക്കിലൊതുക്കി. പതിവില്ലാത്ത തരത്തിലായിരുന്നു ഈ വേഷപ്പകര്‍ച്ച. പറഞ്ഞ വിഷയങ്ങളിലെല്ലാം എന്തെന്നില്ലാത്ത പരസ്പര സമ്മതവും. ശരിക്കും നിയമസഭയിലിരിക്കുന്ന പ്രതീതി.

രണ്ട് ഭാഗത്തെയും പ്രസംഗങ്ങളെല്ലാം കേന്ദ്ര സര്‍ക്കാറിനെ കേന്ദ്രീകരിച്ചായിരുന്നു. അതില്‍ മുഖ്യം കര്‍ഷക സ്‌നേഹവും കുത്തക വിരോധവും. ഇവ രണ്ടുമായാല്‍ തന്നെ കേന്ദ്രത്തിനെതിരാകും. എന്നിട്ടും കോണ്‍ഗ്രസുകാര്‍ പോലും വിട്ടുവീഴ്ച കാണിച്ചില്ല. പ്ലാച്ചിമടയായിരുന്നു ഒന്ന്. പണ്ട് പാസാക്കിയ ബില്ലന് പ്രസിഡന്റിന്റെ സമ്…

പാ~ം ഒന്ന്: അച്ചടക്കം (പരമാവധി നാല് മണിക്കൂര്‍)

Image
നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് മന്ത്രിമാര്‍ക്കായി വിഭജിച്ചുകൊടുത്താല്‍ നേട്ടം പ്രതിപക്ഷത്തിനാണ്. സഭയില്‍ ഒരുദിവസം രണ്ട് വട്ടം ബഹളമുണ്ടാക്കാം, രണ്ടുവട്ടം ഇറങ്ങിപ്പോകാം, രണ്ട് വട്ടം മുഖ്യമന്ത്രിയെ ബ..ബ..ബ പറയിപ്പിക്കാം. ഇതെല്ലാം ഇന്നലെ സഭയില്‍ കണ്ടു. അങ്ങനെ സര്‍ക്കാറിന് ആദ്യമായി സഭയില്‍ പ്രതിപക്ഷത്തിന്റെ മുന്നില്‍ മുട്ടുവിറച്ചു. പ്രതിപക്ഷ ആക്രമണത്തിലുലഞ്ഞ മുഖ്യമന്ത്രി നിലത്ത് കാലുറക്കാതെ ഏറെനേരം വായുവില്‍ നിന്നു. അതും രണ്ടുവട്ടം. 

രാവിലെ സ്വാശ്രയ മെഡിക്കല്‍ കരാറായിരുന്നു വിഷയം. ആരോഗ്യ മന്ത്രി ശിവകുമാര്‍ മറുപടി നാലുവരിയില്‍ ഒതുക്കി. സമഗ്രതകൊണ്ടല്ല, അത്രക്കേ മന്ത്രിക്ക് അറിയൂ. എം.എ ബേബിയുടെ വാദങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പകച്ചപ്പോള്‍ മുഖ്യമന്ത്രി രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയും വിക്കിവിറച്ചതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. കരാറിലെ മുഖ്യ തട്ടിപ്പിലേക്ക് ബേബി പോയിരുന്നെങ്കില്‍ കേരളത്തിന് പുതിയ ആരോഗ്യ മന്ത്രിയെ കിട്ടിയേനെ. വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ പിടിച്ചു. മലപ്പുറത്ത് ഏറ്റെടുക്കുന്ന 35 സ്‌കൂള്‍ സര്‍ക്കാറോ എയിഡഡോ എന്നായിരുന്നു ചോദ്യം. ചര്‍ച്ചയി…

രാഷ്ട്രീയ രക്തത്തിന് രുചിമാറും കാലം

Image
ആഗോളീകരണാനന്തര കാലത്തിന്റെ അടയാളങ്ങളെപ്പറ്റിയായിരുന്നു സഭയിലിന്നലെ പ്രൊഫ. സി രവീന്ദ്രാഥിന്റെ ക്ലാസ്: 'രുചികളില്‍ വരുന്ന അട്ടിമറിയാണ് അതില്‍ സുപ്രധാനം. നാടന്‍ രുചികളെ അട്ടിമറിച്ച് മാരക രോഗ വാഹികളായ കൃത്രിക രുചികള്‍ കേരളത്തിലെ അടുക്കളകള്‍ കീഴടക്കുന്നു. ഇതിന് പിന്നില്‍ വലിയ മാഫിയയുണ്ട്. പ്രതിവിപ്ലവ കാലത്തിന്റെ സൂചനയാണിത്.' നാലുദിവസ സ്തംഭനം കഴിഞ്ഞ് സാധാരണ നിലയിലെത്തിയ സഭയില്‍ ഇന്നലെ അജണ്ട ധനാഭ്യര്‍ഥനയായിരുന്നെങ്കിലും ആദ്യാവസാനം മുഖ്യ വിഷയം ഇതുപോലുള്ള പലതരം പ്രതിവിപ്ലവങ്ങളായിരുന്നു. ചര്‍ച്ചകള്‍ അതോടെ പൊടിപാറുകയും ചെയ്തു. 

വീട്ടടുക്കളയിലെ രുചി മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ അടുക്കളകളില്‍ ചിതറിവീഴുന്ന കൊലച്ചോരയുടെ രുചികളിലും മാറ്റം വന്നിരിക്കുന്നുവെന്നാണ്  ഈ ചര്‍ച്ചകളില്‍ നിന്ന് സഭക്കിന്നലെ ബോധ്യപ്പെട്ട പ്രധാന കാര്യം. ഭരണപക്ഷത്തിന്റെ പ്രധാന ആയുധം തന്നെ ആ രുചിമാറ്റമായിരുന്നു. അതിന് പിന്നില്‍ ഒരൊറ്റ മാഫിയയെ മാത്രമേ അവര്‍ കണ്ടുള്ളൂ -സി.പി.എം. സി.പി.എം കൊലക്കത്തിയില്‍ തെറിച്ചുവീഴുന്ന ചോരക്കിപ്പോള്‍ മതങ്ങളുടെ രുചിയും മറ്റ് സംഘടനകളുടെ മണവും നിറവും ചാര്‍ത്തുകയാണെന്ന് ടി.എ അഹമ്മദ് കബീര്…

ചര്‍ച്ചകളുടെ ലഹരിയില്‍ പിരിയാനാകാതെ സഭ

Image
'രണ്ട് ഫുള്ളും നാല് ഹാഫും' എന്ന് പറഞ്ഞാല്‍ കേരളത്തില്‍ ഇപ്പോള്‍ ഒരര്‍ഥമേയുള്ളൂ. എക്‌സൈസ് വകുപ്പിന്റെ ചര്‍ച്ചക്കിടയിലാണ് അത് പറയുന്നതെങ്കില്‍ പിന്നെയതില്‍ സംശയത്തിനും ഇടമില്ല. എ.കെ ബാലന്‍ പക്ഷെ ഈ പ്രയോഗം നടത്തിയത് കേരളത്തിലെ കേന്ദ്ര മന്ത്രിമാരുടെ എണ്ണം പറയാനായിരുന്നു. വിഷയം വൈദ്യുതി പ്രതിസന്ധിയും. ഇന്നലെ സഭയില്‍ നടന്ന ആറ് ധനാഭ്യര്‍ഥനകളില്‍ എക്‌സൈസ് വകുപ്പും ഉണ്ടായിരുന്നതിനാല്‍ 'മദ്യമൊഴുകിയ' ചര്‍ച്ചയില്‍ നിറയെ ഇത്തരം വാക് പ്രയോഗങ്ങളുടെ ലഹരിയായിരുന്നു. മദ്യപര്‍ക്കുവേണ്ടി കക്ഷി ഭേദമന്യേ സുവിശേഷങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. രണ്ട് മന്ത്രിമാരുടെതായി ആറ് വകുപ്പുകളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം പക്ഷെ എല്ലാ മേഖലകളും പരാമര്‍ശിക്കാന്‍ ശ്രദ്ധിച്ചു. 

ഇറങ്ങിപ്പോക്കില്ലാതെ അവസാനിച്ച എളമരം കരീമിന്റെ അടിയന്തിര പ്രമേയ നോട്ടീസ് പ്രസംഗത്തില്‍ തന്നെ വാക്കുകളുടെ ലഹരി അനുഭവപ്പെട്ടു: 'പനി പരക്കുമ്പോള്‍ മന്ത്രി ഉത്കണ്~ രേഖപ്പെടുത്തുകയാണ്. പനിച്ച് വരുന്നവര്‍ക്ക് ഉത്കണ്~ കൊടുത്താല്‍ രോഗം മാറുമോ? എച്ച്1 എന്‍1 പനിക്ക് അഞ്ച് ഉത്കണ്~. ഡങ്കിക്ക് മൂന്ന് ഉത്കണ്~. കാലന്‍ കേരളത്തില്‍ ഓവര്‍ …

ചോദ്യം ചോദിച്ചാല്‍ അച്ചനെ പറയുന്ന വിധം

Image
ഒരു അടിയന്തിര പ്രമേയം പോലുമില്ലാതെ ശാന്തവും സമാധാനപരവും അത്രതന്നെ വിരസവുമായി നീങ്ങുകയായിരുന്ന സഭയെ ഞെട്ടിച്ചുകൊണ്ടാണ് ഉച്ചനേരത്ത് കോവൂര്‍ കുഞ്ഞുമോന്റെ പ്രഖ്യാപനം വന്നത്: 'ഇന്ന് അഭയാര്‍ഥി ദിനമാണ്. ഈ സഭയിലും ഒരു അഭയാര്‍ഥിയുണ്ട് ^ശെല്‍വരാജ്. അയാള്‍ എനിക്ക് ശേഷം പ്രസംഗിക്കും. പരിശീലകന്‍ എ.പി അബ്ദുല്ലക്കുട്ടിയാണ്.' അതോടെ സഭയൊന്നിളകി.

കുഞ്ഞുമോന്‍ കുഞ്ഞായതിനാല്‍ ആ പറഞ്ഞത് സീരിയസാക്കുന്നില്ലെന്ന് അറിയിച്ച ശെല്‍വരാജ് പക്ഷെ പഴയ പാര്‍ട്ടിയോട് അമ്മാതിരി ഒരു വിട്ടുവീഴ്ചയും കാട്ടിയില്ല. 'രണ്ടാം കന്നി പ്രസംഗ'ത്തിന് സ്പീക്കര്‍  ക്ഷണിച്ചപ്പോള്‍ സഭ സമ്പൂര്‍ണ നിശബ്ദതയിലായി. ശെല്‍വരാജ് അവരുടെ പ്രതീക്ഷ തെറ്റിച്ചുമില്ല: 'സി.പി.എമ്മിന്റെ ഉയര്‍ന്ന നേതാക്കള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന് ബി.ജെ.പിക്ക് വോട്ട് മറിച്ചു. വോട്ട് ബി.ജെ.പിക്ക് ചോര്‍ന്നതായി സി.പി.എം നതാക്കള്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. രണ്ട് പ്രമുഖ നേതാക്കള്‍ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം ശക്തി കേന്ദ്രങ്ങളായ അതിയന്നൂരിലും പെരുമ്പഴുതൂരിലും വോട്ട് മറിക്കാന്‍ നീക്കം നടത്തി. ചില ജാതി വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കാന്‍ അവര്‍ ശ്രമിച്ച…

വെറും കൊലയാളികളെ ഗുണ്ടയെന്ന് വിളിക്കുകയോ?

Image
യൂണിവേഴ്‌സിറ്റി കോളജിനെ ഭിന്ദ്രന്‍വാല കയറിയ സുവര്‍ണ ക്ഷേത്രം പോലെയാക്കിയെന്ന് കെ. മുരളീധരന്‍ ഉപമിച്ചത് എസ്.എഫ്.ഐ സമരത്തെപ്പറ്റിയായിരുന്നു. ലാത്തിച്ചാര്‍ജിന്റെ ചൂടും വെടിവപ്പിന്റെ ആവേശവും അനുഭവപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന കഴിഞ്ഞപ്പോള്‍ സഭക്കും ആ ഉപമ ചേരുമെന്നായി. നാലുവട്ടം ബഹളം, പലവട്ടം വാക്കേറ്റം, ആരോപണം, അധിക്ഷേപം, വിലാപം, പരസ്പരാക്രമണം തുടങ്ങി ഇനിയൊരായുധവും ബാക്കിയില്ലാത്ത ചര്‍ച്ച. ഒടുവില്‍ ഇരുകൂട്ടരും പിണങ്ങിപ്പിരിഞ്ഞു. അനീഷ്‌രാജ് വധത്തില്‍ ഇറങ്ങിപ്പോകാന്‍ വന്നവരെ ഒഞ്ചിയത്തിന്റെ പേരില്‍ പടിയറിക്കി ഭരണപക്ഷം അവസാന മിനിട്ടില്‍ പ്രതിപക്ഷ മുഖത്ത് അമ്പത്തിയൊന്നാം വെട്ടും വെട്ടി. 

പാര്‍ട്ടിയില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ വി.എസ് അച്യുതാനന്ദനെ പിന്തുണക്കാന്‍ ഇനിയും ആളുണ്ടെന്ന് ഈ ബഹളത്തനിടയിലും കെ.എന്‍.എ ഖാദര്‍ വെളിപ്പെടുത്തി. പേര് വി.ഐ ലെനിന്‍. ഒക്‌ടോബര്‍ വിപ്ലവ പദ്ധതി ബോള്‍ഷെവിക് പാര്‍ട്ടി തള്ളിയപ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നിറങ്ങിപ്പോന്ന ലെനിന്‍ പത്രത്തില്‍ ലേഖനവും എഴുതി. ആ വഴിയിലാണ് ഇപ്പോള്‍ വി.എസ്. അഥവ അതാണ് ലെനിനിസ്റ്റ് സംഘടനാ തത്വം. വി.എസിന് മാത്രമല്ല, പിണറായിക്കുമു…

ബഹിഷ്‌കരണത്തിന്റെ ഇടത് മോഡല്‍

Image
ഉന്മൂലനം അംഗീകൃത സിദ്ധാന്തമാണെങ്കിലും കേരള സി.പി.എമ്മിന് അതേപറ്റി കേള്‍ക്കുന്നതേ ഇഷ്ടമല്ല. അപ്പോള്‍ പിന്നെ അന്യായമായ കൊലപാതകം കണ്ടാല്‍ പാര്‍ട്ടി കണ്ണുംകെട്ടി നോക്കിനില്‍ക്കില്ലെന്നുറപ്പ്. അത് രാഷ്ട്രീയക്കൊലയാണെങ്കില്‍ പറയുകയും വേണ്ട. ഒഞ്ചിയത്ത് ഒരു ചന്ദ്രശേഖരനെ  വെട്ടിക്കൊന്നവരെ പിടികൂടാന്‍ പോലിസിനെ സഹായിക്കുകയാണ് ഈ മാസത്തെ പ്രധാന പാര്‍ട്ടി പരിപാടി. അതിനായി മറ്റ് ബഹുജന സമരങ്ങള്‍ വരെ നിറുത്തിവച്ചിരിക്കുകയാണ്. അറബി സ്റ്റിക്കറുള്ള കാറും ക്വട്ടേഷന്‍ കൊടുത്ത നേതാവിനെയുമൊക്കെ കണ്ടെത്തിയതുപോലും പാര്‍ട്ടിയാണ്. സ്വന്തം നിലയില്‍ കേന്ദ്ര തല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇമ്മാതിരി നൂറുകൂട്ടം തിരക്കുകള്‍ക്കിടയിലാണ് നിയമസഭാസമ്മേളനത്തിന് നേതാക്കള്‍ വന്നിരിക്കുന്നത്. ആ സമയത്ത് ഇരട്ടക്കൊലയുണ്ടായാല്‍ പാര്‍ട്ടിയെങ്ങനെ സഹിക്കും? പ്രതിചേര്‍ക്കപ്പെട്ടവരിലൊരാള്‍ സഭയില്‍ എതിര്‍പക്ഷത്ത് ഇരിക്കുമ്പോള്‍ വിശേഷിച്ചും. അതുകൊണ്ട് മാത്രമാണ് അരീക്കോട്ടെ കൊലയാളികളെ പിടിച്ചിട്ട് മതി ഇനി നിയമസഭാ സമ്മേളനം എന്ന് ഇന്നലെ പ്രതിപക്ഷം തീരുമാനിച്ചത്. പതിമൂന്നാം സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ രണ്ടാം ദിവസം അതോടെ സംഭവ ബഹുലമായി…

വി.എസ് ഹാപ്പിയാണ്

Image
ഏറനാട്ടുകാരുടെ തമാശപോലെയാണ് പുന്നപ്രക്കാരുടെ ശരീര ഭാഷ. എപ്പോള്‍ ചിരിക്കുമെന്നോ ഏതുസമയത്ത് പൊട്ടിത്തെറിക്കുമെന്നോ ഒരു നിശ്ചയവുമില്ല. കേരളമാകെ തിളച്ചുമറിഞ്ഞ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊപ്പമെത്തിയ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം പൊട്ടിത്തെറിയായിരുന്നു സര്‍വരും പ്രതീക്ഷിച്ചത്. പക്ഷെ പുന്നപ്രയില്‍ നിന്ന് വന്നത് പൊട്ടിച്ചിരി. ശരീരത്തില്‍ മാത്രമല്ല, വാക്കുളിലും നിറഞ്ഞുകവിഞ്ഞു ആ ചിരി. പനിച്ചുവിറക്കുന്ന കേരളമായിരുന്നു മുഖ്യ വിഷയം. എന്നിട്ടും വി.എസ് അച്യുതാനന്ദന്റെ ചിരിക്കൊരു കുറവുമുണ്ടായില്ല. മാലിന്യ നീക്കവും പനിക്കഥകളും പറയുന്നതിനിടെ ഇടപെട്ട മുഖ്യമന്ത്രിക്കുള്ള മറുപടിയിലും നിറഞ്ഞത് ചിരി തന്നെ. പനിച്ചൂടറിഞ്ഞ സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന്റെ മുന്‍ നിരയില്‍ നടന്ന വി.എസ് ഹാളിന് പുറത്തിറങ്ങിയിട്ടും ചിരിയൊഴിഞ്ഞുമില്ല.

പനിയും മാലിന്യ നീക്കവും കൂട്ടിക്കലര്‍ത്തി രണ്ട് മന്ത്രിമാരെ ഉന്നംവച്ച് വി.ശിവന്‍കുട്ടി കൊണ്ടുവന്ന അടിയന്തിര പ്രമേയം സമ്മേളനത്തുടക്കത്തിലെ ആവേശം പോലുമില്ലാതെയാണ് കെട്ടടങ്ങിയത്. മറുപടി പറഞ്ഞത് രണ്ട് മന്ത്രിമാര്‍. പുറമേ മുഖ്യമന്ത്രിയും. പറയാനുള്ളതും അതിലധികവും ഇവരെല്ലാം കൂടി…