Saturday, November 17, 2012

കേരളത്തിലെ അതിദരിദ്രര്‍ ഇപ്പോഴും വിദ്യാലയത്തിന് പുറത്ത്


തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കിയെന്ന അവകാശവാദത്തില്‍ മേനിനടിക്കുന്ന കേരളത്തില്‍ അതീവ ദരിദ്രര്‍ ഇപ്പോഴും വിദ്യാലയങ്ങള്‍ക്ക് പുറത്തുതന്നെ. പട്ടിക വിഭാഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളില്‍ പകുതിയിലേറെ പേര്‍ക്ക് നിയമം വ്യവസ്ഥ ചെയ്യുന്ന വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. സമീപസ്ഥമായ വിദ്യാലയം, താങ്ങാവുന്ന ഫീസ്, ഇഷ്ടപ്പെട്ട സ്കൂള്‍ തെരഞ്ഞെടുക്കാനുള്ള അവസരം തുടങ്ങിയവയെല്ലാം ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നിട്ടും ഇവര്‍ നേരിടുന്ന വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കാന്‍ നടപടികളെടുത്തിട്ടില്ല. കേരളത്തില്‍ ആര്‍ക്കും സ്കൂള്‍ സൗകര്യം നിഷേധിക്കപ്പെടുന്നില്ലെന്നും അതിനാല്‍ പുതിയ സ്കൂളുകള്‍ സ്ഥാപിക്കേണ്ടതില്ലെന്നുമായിരുന്നു നിയമം നിലവില്‍ വരുമ്പോള്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഭരണം മാറിയിട്ടും അക്കാര്യത്തില്‍ മാറ്റം വന്നിട്ടില്ല.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എല്ലാ കുട്ടികളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു എല്‍.പി സ്കൂളും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു യു.പി സ്കൂളും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈസ്കൂളും വേണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ കേരളത്തിലെ എസ്.സി, എസ്.ടി, മത്സ്യത്തൊഴിലാളി മേഖലകളില്‍ ഇപ്പോഴും ഈയവസ്ഥയില്ല. ഉള്ള സ്കൂളുകളില്‍തന്നെ വിദ്യാര്‍ഥികള്‍ എത്തിച്ചേരുന്നില്ല. വരുന്നവരില്‍തന്നെ 15 ശതമാനം കൊഴിഞ്ഞുപോകുന്നുവെന്നും ഈ രംഗത്ത് ഗവേഷണങ്ങള്‍ നടത്തുന്ന റൈറ്റ്സ് എന്ന സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. ഈ മൂന്ന് വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച എല്ലാ ജില്ലകളില്‍നിന്നുമായി തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിലാണ് പഠനം നടത്തിയത്. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ എസ്.സി-എസ്.ടി കമീഷന്‍ നടപടിക്ക് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി ഉറപ്പ് നല്‍കുകയും ചെയ്തു. എന്നിട്ടും ഇതുവരെ ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല.
എസ്.സി വിഭാഗത്തില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഏതെങ്കിലും തരം സ്കൂള്‍ ലഭ്യമല്ലാത്തവര്‍ 53.93 ശതമാനമാണ്. നിയമപ്രകാരം ഈ ദൂരത്തില്‍ എല്‍.പി സ്കൂള്‍തന്നെ വേണം. 16.88 ശതമാനത്തിന് ഒരു സ്കൂള്‍ കാണാന്‍ നാല് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യണം. 10.02 ശതമാനത്തിന് 2-4 കിലോമീറ്ററും. പട്ടികവര്‍ഗത്തിന് ഇത് കൂടുതല്‍ രൂക്ഷമാണ് -65.53 ശതമാനത്തിന് ഒരു കിലോമീറ്ററിനകത്ത് സ്കൂള്‍ ലഭ്യമല്ല. 29.55 ശതമാനത്തിന് സ്കൂളിലെത്താന്‍ നാല് കിലോമീറ്ററിലധികം ദൂരമുണ്ട്. മത്സ്യത്തൊഴിലാളി മേഖലയാണ് തമ്മില്‍ ഭേദം -ഒരു കിലോമീറ്ററില്‍ സ്കൂളില്ലാത്തത് 30.88 ശതമാനത്തിന്. നാല് കിലോമീറ്റില്‍ കൂടുതല്‍ വേണ്ടത് 2.23 ശതമാനത്തിന്
മാത്രം.
ഏറ്റവും നല്ല സ്കൂളുകളെന്ന് രക്ഷാകര്‍ത്താക്കള്‍ കരുതുന്നിടത്തല്ല അവരില്‍ ഭൂരിഭാഗത്തിന്‍െറയും കുട്ടികള്‍ പഠിക്കുന്നത്. ഉച്ചഭക്ഷണം ഇല്ലാത്തത്, ദൂരക്കൂടുതല്‍, വലിയ ഫീസ് തുടങ്ങിയവയാണ് കാരണം. താഴ്ന്ന ജാതി ആയതിനാല്‍ മെച്ചപ്പെട്ട സ്കൂളുകളില്‍ പോകാന്‍ മടിക്കുന്നവര്‍ ഏതാണ്ട് 30 ശതമാനമുണ്ട് എന്ന കണ്ടെത്തല്‍ കേരളത്തിന് നാണക്കേടാണ്. എസ്.സിയില്‍ 38.85 ശതമാനവും എസ്.ടിയില്‍ 60.50 ശതമാനവും മത്സ്യമേഖലയില്‍ 31.47 ശതമാനവും സമീപ സ്കൂളുകളിലെ ഉയര്‍ന്ന നിലവാരം കാരണം അവിടെ പഠനം ഒഴിവാക്കുന്നവരാണ്. നല്ല യൂനിഫോം, വലിയ കെട്ടിടങ്ങള്‍, സ്കൂള്‍ ബസ്, സമൂഹത്തിലെ ഉന്നതരുടെ മക്കള്‍ക്കൊപ്പം പഠിക്കാനുള്ള വിമുഖത എന്നീ കാരണങ്ങളും കുട്ടികളെ സ്കൂളുകളില്‍നിന്ന് തടയുന്നു. ഇതിനെല്ലാം പുറമെയാണ് സ്കൂളില്‍ ഒട്ടും പോകാത്തവര്‍. എസ്.സിയില്‍ 6.85 ശതമാനവും എസ്.ടിയില്‍ 3.93 ശതമാനവും മത്സ്യമേഖലയില്‍ 5.21 ശതമാനവും ഇക്കൂട്ടത്തിലാണ്. പഠനകാലത്ത് കൊഴിഞ്ഞുപോകുന്നതാകട്ടെ യഥാക്രമം 14.48 ശതമാനം, 18.06 ശതമാനം, 15.08 ശതമാനം. ഇതേ മേഖലയില്‍ ഉയര്‍ന്ന സമുദായങ്ങളിലെ കൊഴിഞ്ഞുപോക്ക് നിരക്കിന്‍െറ ഇരട്ടിയിലേറെയാണിത്. ലാഭകരമല്ലെന്ന പേരില്‍ അടച്ചുപൂട്ടല്‍ നേരിടുന്ന സ്കൂളുകളില്‍ ഈവിഭാഗങ്ങളുടെ പ്രാതിനിധ്യം വളരെ കുടുതലാണ്. എസ്.സി വിഭാഗത്തിലെ 16.08 ശതമാനവും ഇത്തരം സ്കൂളിലാണുള്ളത്. എസ്.ടിയില്‍ 11 ശതമാനവും. മത്സ്യമേഖലയില്‍ ഇത്തരമൊരു കണക്ക് സര്‍ക്കാറിനില്ല. എന്നാല്‍ ഈ മേഖലകളിലെ 34 ശതമാനം സ്കൂളുകള്‍ ലാഭകരമല്ലാത്തവയുടെ പട്ടികയില്‍ പെട്ടതാണ്.
(17...11...12)

Monday, November 12, 2012

ഉന്നത വിദ്യാഭ്യാസത്തില്‍ സമ്പൂര്‍ണ സ്വാശ്രയവല്‍കരണം വരുന്നു


ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ

* നിലവാരം നോക്കാതെ കോളജ് എണ്ണം കൂട്ടണം
* ഗവ.കോളജുകള്‍ക്കും സാമ്പത്തിക സ്വയംഭരണം
* മാനവിക വിഷയങ്ങളില്‍ പഠനം കുറക്കണം

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ  സ്വാശ്രയവല്‍കരണം യാഥാര്‍ഥ്യമാക്കുന്ന പരിഷ്കരണങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു. കൗണ്‍സില്‍ നിയോഗിച്ച വിദഗ്ദ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് നടപ്പാകുന്നതോടെ കേരളത്തില്‍ സര്‍ക്കാര്‍ കോളജുകളും പൊതു കലാലയങ്ങളും സര്‍വകലാശാലകളും സ്വാശ്രയ സ്ഥാപനങ്ങളായി മാറും. നിലവില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തികവും ഭരണപരവും അക്കാദമികവുമായ അധികാരങ്ങള്‍ സംരക്ഷിക്കുകയും സര്‍ക്കാര്‍ കോളജുകളെയും സര്‍വകലാശാലകളെയും ഇതേരീതിയില്‍ ശാക്തീകരിക്കുകയുമാണ് പരിഷ്കരണ ശിപാര്‍ശകളുടെ താല്‍പര്യം എന്ന ആമുഖത്തോടെയാണ് 33 പേജുള്ള റിപ്പോര്‍ട്ട് കമ്മിറ്റി തയാറാക്കിയിരിക്കുന്നത്. കൗണ്‍സില്‍ അംഗീകരിച്ച റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് കൈമാറും.
പൊതു സ്വകാര്യ വ്യത്യാസമില്ലാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ സമ്പൂര്‍ണ സ്വയം ഭരണം നല്‍കണമെന്നതാണ് റിപ്പോര്‍ട്ടിന്‍െറ മര്‍മം. ഇത് ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങള്‍ക്ക് പ്രധാന തടസ്സമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മികച്ച കോളജുകള്‍ക്ക് ഒറ്റക്കൊറ്റക്ക് സ്വയംഭരണം നല്‍കണം. അല്ളെങ്കില്‍ കോളജ് ക്ളസ്റ്ററുകളുണ്ടാക്കി, ക്രമേണ എല്ലാ കാമ്പസുകളെയും പ്രത്യേകം പ്രത്യേകം സ്വയംഭരണ സര്‍വകലാശാലാ കാമ്പസുകളാക്കി മാറ്റണം.  ഇപ്പോഴുള്ള അഫിലിയേഷന്‍ സമ്പ്രദായം അവസാനിപ്പിക്കണം. ഇതിനാവശ്യമായ നിയമ നിര്‍മാണം നടത്തണം. ഫീസും സിലബസും നിശ്ചയിക്കാനടക്കമുള്ള ഭരണപരവും അക്കാദമികവുമായ പൂര്‍ണാധികാരം നല്‍കണം. അഫിലിയേഷന്‍ അവസാനിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം ഫീസ് വര്‍ധന, വിദൂര പഠന കോഴ്സുകള്‍, യു.ജി.സി-സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ എന്നിവ വഴി പരിഹരിക്കണം. അക്കാദമിക-സാമ്പത്തിക സ്വയം ഭരണം അനുവദിക്കുന്നതിനൊപ്പം ഫീസ്, സ്ഥാപനങ്ങളുടെ വരുമാനമാര്‍ഗമാക്കി മാറ്റുകയും അത് നിശ്ചയിക്കാനുള്ള അധികാരം ‘ഭരണപരമായ സ്വയംഭരണം വഴി’ അവര്‍ക്ക് തന്നെ നല്‍കുകയും ചെയ്യുന്നതോടെ സ്വാശ്രയവല്‍കരണം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കപ്പെടും.
സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും ഗുണനിലവാരം നോക്കാതെ കോളജുകളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിപ്പിക്കണമെന്നതാണ് മറ്റൊരു പ്രധാന ശിപാര്‍ശ. കോളജുകളുടെ എണ്ണം കൂടുമ്പോള്‍ നിലവാരം താനേ വരും. കുളത്തിലും സമുദ്രത്തിലും മല്‍സ്യബന്ധനം നടത്തുന്നതിന്‍െറ ഉദാഹരണവും ഉദ്ദരിച്ചിട്ടുണ്ട്. കുളത്തില്‍ നിന്ന് എപ്പോഴും ചെറിയ മീന്‍ കിട്ടും. എന്നാല്‍ സമുദ്രത്തില്‍ നിന്ന് ചെറുതിനൊപ്പം ഭീമന്‍ മല്‍സ്യങ്ങള്‍കൂടി കിട്ടാന്‍ സദാ സാധ്യതയുണ്ട്. ക്വാളിറ്റി x ക്വാണ്ടിറ്റി എന്ന തര്‍ക്കം ലോകം തള്ളിക്കളഞ്ഞതാണ്. അതിനാല്‍ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കണം. ഇത് വിദ്യാഭ്യാസ ചിലവ് കുറക്കും. സ്വാശ്രയ സ്ഥാപനങ്ങള്‍ വര്‍ധിച്ചത് വിദ്യാഭ്യാസ ചിലവ് കുത്തനെ ഉയര്‍ത്തിയതായി ഇതേ റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. അത് പരിഹരിക്കുന്നത് എയിഡഡ്-സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫീസാണെന്ന് പറയുന്ന റിപ്പോര്‍ട്ട് പക്ഷെ, അവയെക്കൂടി പൊതു ഭരണത്തില്‍നിന്ന് മാറ്റണമെന്നാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
മാനവിക വിഷയങ്ങളില്‍ പഠന സൗകര്യം കുറക്കണമെന്ന് റിപ്പോര്‍ട്ട് പരോക്ഷമായി ശിപാര്‍ശ ചെയ്യുന്നു. ആവശ്യക്കാര്‍ കുറവുള്ള കോഴ്സുകള്‍ തുടരുന്നതിന്‍െറ പ്രായോഗികത സംബന്ധിച്ച് കോളജുകളും സര്‍വകലാശാലകളും പുനരാലോചന നടത്തണമെന്നാണ് നിര്‍ദേശം. ‘രക്ഷപ്പെടാത്ത’ ഇത്തരം കോഴ്സുകള്‍ അവസാനിപ്പിച്ച്, തെരഞ്ഞെടുത്ത ഏതാനും കേന്ദ്രങ്ങളില്‍ മാത്രം പഠനം പരിമിതപ്പെടുത്തണം. ഏതെല്ലാം കോഴ്സുകളാണ് ഇങ്ങനെ മാറ്റേണ്ടതെന്ന് ശിപാര്‍ശകള്‍ക്കൊപ്പം പറയുന്നില്ല. എന്നാല്‍, ‘സ്വാശ്രയ സ്ഥാപനങ്ങളുടെ വരവോടെ സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ആട്സ്, സയന്‍സ് കോഴ്സുകള്‍ കുട്ടികള്‍ തെരഞ്ഞെടുക്കാതായി’ എന്ന് റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. കുട്ടികളില്ലാത്ത കോഴ്സുകളായി പരിഗണിക്കപ്പെടുക ഈ വിഷയങ്ങള്‍ തന്നെയാകുമെന്ന് ഇത് വ്യക്തമാക്കുന്നു.
വന്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ളെന്ന് ആസൂത്രണ കമീഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്വയംഭരണമെന്ന പേരില്‍ സ്വാശ്രയ കോളജുകള്‍ വ്യാപകമായി സ്ഥാപിക്കണമെന്ന ശിപാര്‍ശ വരുന്നത്. സ്വയംഭരണത്തിന്‍െറ മറവില്‍ സ്വാശ്രയവല്‍കരണം നടപ്പാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തും കൗണ്‍സില്‍ വക വിദഗ്ദ സമിതി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ക്ളസ്റ്ററുകള്‍ ഏര്‍പെടുത്തിയെങ്കിലും വിമര്‍ശങ്ങളെ തുടര്‍ന്ന് മറ്റ് ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഏറെക്കുറെ അതേ സ്വഭാവമുള്ള നിര്‍ദേശങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

(12....11....12)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...