Saturday, September 14, 2013

പച്ചമലയിലെ കല്ലുഗ്രാമങ്ങള്‍


ജബല്‍ അല്‍അഖ്ദര്‍ ഒരു ദൃശ്യം
ജബല്‍ അല്‍അഖ്ദറിലെ ഏറ്റവും വലിയ ഗ്രാമമാണ് അല്‍ ശര്‍ജിയ. മണ്‍കുടിലുകളിലും കല്ലുവീടുകളിലും ഇന്നും ജനവാസമുള്ള അപൂര്‍വം പ്രദേശങ്ങളിലൊന്ന്. വസന്തകാലം മനോഹരിയാക്കുന്ന അല്‍ഐനാണ് മറ്റൊരു പ്രധാന ഗ്രാമം. ഇവിടെയും ഇപ്പോഴും ജനവാസമുണ്ട്. ഹെയ്ല്‍ അല്‍യമനും അല്‍മനാഖിറും അല്‍അഖറും അല്‍ഖാശയും സലൂത്തും ഈ ഗ്രാമസഞ്ചയത്തിലുണ്ട്.
കൊടുംചൂടില്‍ വരണ്ടുകീറിക്കിടക്കുന്ന മലഞ്ചരിവുകളിലൂടെ ചുറ്റിവളഞ്ഞത്തെുന്ന പര്‍വതശിഖരത്തില്‍ ഇളംകാറ്റും കുളിരുകോരുന്ന തണുപ്പും. വഴികളുടെ ഇരുകരകളിലും താഴേക്കും മേലേക്കും താളത്തിലുയര്‍ന്നുതാഴ്ന്ന് നോക്കത്തൊദൂരേക്ക് പരന്നുകിടക്കുന്ന മണല്‍കൂനകള്‍. നിറവും ആകൃതിയുമെല്ലാം ഒന്നിനൊന്ന് വേറിട്ടുനില്‍ക്കുന്ന പാറക്കെട്ടുകള്‍. മലമടക്കുകളില്‍ കല്ലുകള്‍ വെട്ടിയും കളിമണ്ണുകൊണ്ട് കെട്ടിയും പണിത കുടിലുകള്‍. മനുഷ്യഗന്ധം വിട്ടൊഴിഞ്ഞിട്ടില്ലാത്ത പ്രാചീനമായ നടവഴികള്‍. പൗരാണിക ശില്‍പസൗന്ദര്യം സൃഷ്ടിച്ച ഗുഹാമുഖങ്ങള്‍. ആകാശത്തേക്ക് കുതിക്കുന്ന പര്‍വതങ്ങള്‍. ലോകം തലകുനിച്ചുപോകുന്ന മണലറകള്‍. മരുഭൂമിയുടെ ചൂടൊഴിഞ്ഞ മണ്ണുമേടകള്‍. പനിനീരുവെള്ളത്താല്‍ ലോകത്തെയാകെ സുഗന്ധമയമാക്കുന്ന ഗ്രാമങ്ങള്‍. നടന്നത്തൊനാകുമോയെന്ന് കണ്ണുകള്‍ ക്ഷോഭിക്കുമാറത്രയും വിദൂരതയില്‍, കാലുകള്‍ പിന്തിരിഞ്ഞേക്കാവുന്നത്രയും ഉയരത്തില്‍ പണിത കല്ലുകൊട്ടാരങ്ങള്‍. പര്‍വതങ്ങളുടെ മുകളറ്റങ്ങളില്‍ മഹാകോട്ടകള്‍ കെട്ടിയവരുടെ ധീരത ഓരോ ചുവടിലും വിസ്മയമായി നെഞ്ചിലുടക്കുന്ന സഞ്ചാരപഥങ്ങള്‍. ഒമാനികളിതിനെ പ്രണയപൂര്‍വം ഹരിതപര്‍വതമെന്ന് വിളിക്കും. കൊടുംചൂടിലും അരുവിയൊഴുക്കുകയും വസന്തകാലത്ത് വിസ്മയാവഹമായ വര്‍ണവൈവിധ്യമണിഞ്ഞ് പൂത്തുലയുകയും ചെയ്യുന്ന ‘ജബല്‍  അല്‍അഖ്ദര്‍’. സമുദ്രനിരപ്പില്‍നിന്ന് 7500 അടിയോളം ഉയരം. തലസ്ഥാനമായ മസ്കത്തില്‍നിന്ന് 160 കിലോമീറ്റര്‍ ദൂരെയുള്ള പര്‍വതനിര.
കല്ലുവീടുകള്‍
മലമുകളിലെ ചെറുഗ്രാമമാണ് അല്‍ഐന്‍. 50ഓളം വീടുകളുള്ള ഒരു മലഞ്ചരിവ്. എല്ലാം മണ്ണും ചുണ്ണാമ്പും കളിമണ്ണുമൊക്കെ ഉപയോഗിച്ച് കെട്ടിയവ. അല്‍മിയാല്‍ കുടുംബത്തിന്റെ ‘തറവാടാ’ണീ ഗ്രാമം. പക്ഷേ, ഇപ്പോള്‍ ഇവിടെയുള്ളത് രണ്ടേ രണ്ട് വീട്ടുകാര്‍ മാത്രം. മെസൂണ്‍  ഇലക്ട്രിസിറ്റി കമ്പനിയില്‍ എന്‍ജിനീയറായ സലീം ഖല്‍ഫാമിന്റെയും അമ്മാവന്റെയും കുടുംബങ്ങള്‍. സലീമിന്റെ ഇപ്പോഴത്തെ വീടിന് 250 വര്‍ഷത്തെ പഴക്കമുണ്ടത്രെ. ചെറുവാതില്‍ തുറന്ന് ചെല്ലുന്നത് ഉയരത്തിലേക്ക് പടുത്ത വീട്ടിലേക്കാണ്. രണ്ടോ മൂന്നോ നാലോ നിലയെന്ന് പറയാനാകാത്ത വീട്. മുകളിലേക്ക് വളരുന്നു മണ്‍ഗോവണിക്കുചാരെയുള്ള ചെറുവാതിലുകള്‍ തുറക്കുന്നതെല്ലാം ഓരോ തട്ടിലേക്കാണ്. ഇങ്ങനെ ചെറുതും വലുതുമായ വീടുകള്‍. ഇത്തരം 20ഓളം ഗ്രാമങ്ങളാണ് ജബല്‍ അല്‍അഖ്ദറിലുള്ളത്. അമ്പതോ നൂറോ വീടുകളുള്ള ഒരു ചെറുസമൂഹമാണ് ഒരു ഗ്രാമം. ഒരു ഗ്രാമം ഒരു കുടുംബത്തിന്റെ താവളവും. എന്നാല്‍, പലതിലും ഇപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു. ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ കുടുംബങ്ങള്‍ മാത്രം. മികച്ച ജോലിയും ജീവിതസൗകര്യങ്ങളും തേടിപ്പോകുന്നു പുതിയ തലമുറ. എന്നാല്‍, പൗരാണിക സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍ ഉപേക്ഷിച്ചുപോകാനാകാത്തവര്‍ ഇന്നുമിവിടെ ജീവിക്കുന്നു.
പച്ചമലയുടെ സവിശേഷത അവിടത്തെ ആവാസവ്യവസ്ഥ തന്നെയാണ്. മണ്ണുകൊണ്ട് കെട്ടിയ വീടുകള്‍. ചിലത് പാറക്കല്ലുവെട്ടിയുണ്ടാക്കിയവ. വീടുകളുടെ വാതിലുകള്‍ തീരെ ചെറുതായിരിക്കും. ഉള്ളില്‍ അറപോലുള്ള മുറികള്‍. മണ്ണില്‍ തീര്‍ത്ത ചുവരലമാരകള്‍. വീട്ടുപകരണങ്ങളില്‍ പലതും മണ്‍ നിര്‍മിതം തന്നെ. കൂട്ടുകുടുംബ സങ്കല്‍പത്തിന്റെ പ്രാഗ്രൂപങ്ങളായി ഇടനാഴികള്‍ വേര്‍തിരിക്കുന്ന കൊച്ചുകൊച്ചു വീടുകള്‍. ചില കെട്ടിടങ്ങള്‍ കല്ലുകള്‍ അടുക്കിയുയര്‍ത്തിയതാണെന്ന് തോന്നും. അത്രമേല്‍ വിദഗ്ധമായ ശില്‍പശാസ്ത്രമാണതില്‍ പ്രയോഗിച്ചിരിക്കുന്നത്.
കൊച്ചുവീടുകളുണ്ടാക്കുന്ന അതേ തച്ചുരീതികളില്‍ വലിയ കെട്ടിടങ്ങളും കോട്ടകള്‍കണക്കെ ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ നിര്‍മിതികളും ഇവിടെയുണ്ട്. പലതും കാലപ്പഴക്കത്താല്‍ ഇടിഞ്ഞ് തകര്‍ന്നുകിടക്കുന്നു. താമസമുപേക്ഷിച്ചുപോയ ഈ കല്ലുവീടുകളില്‍നിന്ന് പക്ഷേ ഇനിയും മനുഷ്യഗന്ധമൊഴിഞ്ഞിട്ടില്ല. വീട്ടുപകരണങ്ങളുടെ അവശിഷ്ടങ്ങളും അങ്ങിങ്ങ് കാണാം. എല്ലാം മണ്ണില്‍ പണിതതിനാലാകണം, നശിച്ചുടഞ്ഞ് മണ്ണിലലിയാന്‍ മടിച്ചുനില്‍ക്കുംപോലെ. മലമുകളിലേക്കുള്ള ഓരോ യാത്രയും കല്‍വഴികളും മുള്‍ക്കൂനകളും കടന്നുപോകേണ്ട കഠിന തപസ്സാണ്. അപകടകരമായ ചരിവുകളിലൂടെയുള്ള നൂല്‍സഞ്ചാരം.

കുത്തനെയുയര്‍ന്ന മലയാണെങ്കിലും ജബല്‍ അല്‍അഖ്ദറിലേക്ക് പോകുന്നവര്‍ക്ക് പക്ഷേ, ഈ വഴിയനുഭവം ഇന്ത്യന്‍ ഗൃഹാതുരത മാത്രമായിരിക്കും. വീതിയേറിയ റോഡുകളും സുരക്ഷാസംവിധാനങ്ങളും വേണ്ടത്ര. എക്സ്പ്രസ് ഹൈവേ യാത്രപോലെ അനായാസകരമായ മലകയറ്റം. ബ്രേക്ഡൗണാകുന്ന വാഹനങ്ങള്‍ക്ക് സുരക്ഷിത ലാന്‍ഡിങ് ഉറപ്പാക്കുന്ന ‘എസ്കേപ് ലൈനുകള്‍’. ഫോര്‍വീലര്‍ വാഹനങ്ങള്‍ മാത്രമേ ഇങ്ങോട്ട് കടത്തിവിടൂ. ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കുന്നു. അധികമാളുകള്‍ ഉണ്ടെങ്കില്‍ ചെക്പോസ്റ്റില്‍ ഇറക്കും. പക്ഷേ, തിരിച്ചയക്കില്ല. തൊട്ടടുത്തുവരുന്ന ആളുകുറവുള്ള വാഹനത്തില്‍ അവരെ പൊലീസ് തന്നെ കയറ്റിവിടും. ഇത്രയും സുഖകരമായ റോഡിന് പക്ഷേ, ഏഴു വര്‍ഷത്തെ ആയുസ്സേ ആയിട്ടുള്ളൂ. മറ്റേതൊരു മലയുംപോലെ കല്ലുപാകിയ ചെറുറോഡായിരുന്നു ഇവിടെയും. അതുതന്നെയുണ്ടായത് 1973ല്‍. പക്ഷേ, ഇവിടെയുള്ള ജനതക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്.
വെള്ളവും വൈദ്യുതിയും ഇവിടെയത്തെിയതും വളരെയടുത്ത കാലത്താണെന്ന് സലീം പറയുന്നു. വെളിച്ചം വരുന്നത് 1997ല്‍ മാത്രം. കുടിവെള്ളമത്തെുന്നത് കിലോമീറ്ററുകള്‍ അകലെനിന്നുള്ള പൈപ്പ്ലൈന്‍ വഴി. താഴ്വരകളിലെയും ചെറിയ ജലാശയങ്ങളിലെയും വെള്ളം ആശ്രയിച്ചുകഴിഞ്ഞിരുന്ന ഈ മലനാട് മരുഭൂമിയില്‍ എയര്‍കണ്ടീഷണര്‍ ഉപയോഗിക്കാത്ത ഭൂപ്രദേശമാണ്. റോഡ് ചെന്നത്തെുന്നിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ജനവാസമുള്ളത്. പിന്നീടുള്ള ഗ്രാമങ്ങളെല്ലാം തകര്‍ന്നുകിടക്കുന്ന അവശിഷ്ടങ്ങള്‍ മാത്രം. വാഹനം ചെല്ലുന്നിടത്തിറങ്ങി, മലയിറങ്ങി താഴ്വാരത്തില്‍ ചെന്ന് വീണ്ടും കയറിയാല്‍ ഇത്തരം തകര്‍ന്ന ഗ്രാമങ്ങള്‍ കാണാം.
പൈതൃക ഗ്രാമങ്ങള്‍
ഒമാനിന്റെ ചരിത്രത്തില്‍ വീരചരിതമെഴുതിയ ഭരണാധികാരിയാണ് ഇമാം സെയ്ഫ് ബിന്‍ സുല്‍ത്താന്‍. പോര്‍ചുഗീസ് അധിനിവേശത്തെ ചെറുത്തുതോല്‍പിച്ച ഭരണാധികാരി. അക്കാലത്ത് നടന്ന പോര്‍ചുഗീസ് അധിനിവേശവും ഉപരോധവും ചെറുത്തുതോല്‍പിച്ച സെയ്ഫ് ബിന്‍ സുല്‍ത്താന്റെ വീരകഥകള്‍ ഇവിടെ തലമുറ കൈമാറുന്ന പടപ്പാട്ടുകളാണ്. ഈ സുല്‍ത്താന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ ഇന്നും സീഖില്‍ കാണാം. എ.ഡി 1690ലാണ് ഇവ നിര്‍മിച്ചതെന്ന് കരുതുന്നു.
ഇവിടെയുള്ള ഓരോ ഗ്രാമത്തിനും ഇത്തരം ചരിത്രങ്ങള്‍ പറയാനുണ്ട്. ഈ ആവാസമേഖലകളെ ഒമാന്‍ ഭരണകൂടം പൈതൃകഗ്രാമങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവുമേറെ കൃഷി നടന്നിരുന്ന ഗ്രാമമാണ് ബനീ ഹബീബ് താഴ്വര. ഗുഹാഗൃഹങ്ങളാല്‍ സമൃദ്ധമായിരുന്ന താഴ്വരയില്‍ ഇന്ന് പുത്തന്‍ വീടുകള്‍ ഉയരുന്നതു കാണാം. ഏറ്റവും ഉയര്‍ന്ന പ്രദേശത്തുള്ള വാദി ബനീ ഹബീബ്, ബദാമും മാതളനാരങ്ങയും അത്തിപ്പഴങ്ങളും വിരിയുന്ന കാര്‍ഷിക ഗ്രാമംകൂടിയാണ്. നിരവധി ഗ്രാമങ്ങളിലേക്ക് ഒറ്റ സ്നാപ്പില്‍ കാഴ്ചയൊരുക്കുന്ന ഗ്രാമമാണ് അല്‍ ഫയാദിയ്യ.
ജബല്‍ അല്‍അഖ്ദറിലെ ഏറ്റവും വലിയ ഗ്രാമമാണ് അല്‍ ശര്‍ജിയ. മണ്‍കുടിലുകളിലും കല്ലുവീടുകളിലും ഇന്നും ജനവാസമുള്ള അപൂര്‍വം പ്രദേശങ്ങളിലൊന്ന്. വസന്തകാലം മനോഹരിയാക്കുന്ന അല്‍ഐനാണ് മറ്റൊരു പ്രധാന ഗ്രാമം. ഇവിടെയും ഇപ്പോഴും ജനവാസമുണ്ട്. ഹെയ്ല്‍ അല്‍യമനും അല്‍മനാഖിറും അല്‍അഖറും അല്‍ഖാശയും സലൂത്തും ഈ ഗ്രാമസഞ്ചയത്തിലുണ്ട്. അതിപുരാതനമായ പള്ളികളും അത്യഗാധതയാല്‍ ‘അടിയില്ലാത്ത കിണര്‍’ എന്ന് വിളിപ്പേരുവീണ ആഴക്കിണറുകളും ചില ഗ്രാമങ്ങളില്‍ കാണാം.
പനിനീരു പെയ്യുന്ന മലകള്‍

ഒമാനിനെ കാര്‍ഷികസമൃദ്ധമാക്കുന്നതില്‍ ജബല്‍ അല്‍അഖ്ദറിന് വലിയ പങ്കുണ്ട്. ഏറ്റവുമേറെ പഴങ്ങള്‍ കൃഷിചെയ്യുന്നിടം. ബദാമും മാതളനാരങ്ങയും മുന്തിരിയും അത്തിപ്പഴവും ആപ്പിളും പ്ളമും ഒലിവുമെല്ലാം ഇവിടെയുണ്ട്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മാസങ്ങളാണ് വിളവെടുപ്പ് കാലം. 16 ഇനം പഴവര്‍ഗങ്ങള്‍ ഇക്കാലത്ത് ഇവിടെനിന്ന് കൊയ്തെടുക്കും. ഇവിടെ മാത്രം കാണപ്പെടുന്ന തദ്ദേശീയ പഴങ്ങള്‍ വേറെയുമുണ്ട്. ഇമാം സെയ്ഫ് ബിന്‍ സുല്‍ത്താനാണ് ഇവിടെ പഴവര്‍ഗകൃഷി ആരംഭിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഇമാം സെയ്ഫിന്റെ ഭരണകാലത്തോടെ ഹരിതാഭമായി മാറിയ മലനിരകളെ പിന്നീട് ചരിത്രം ‘ജബല്‍ അല്‍അഖ്ദര്‍ (പച്ചപ്പര്‍വതം)’ എന്ന് വിളിക്കുകയായിരുന്നു. അതുവരെ റദ്വ പര്‍വതങ്ങളെന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
ജലവിശുദ്ധിയുടെ നിര്‍മലത ‘പനിനീരാ’ക്കി ലോകത്തേക്കൊഴുക്കിവിടുന്ന സുഗന്ധഗ്രാമങ്ങള്‍ ഈ മലമുകളിലാണ്. അല്‍ശരീഖ, അല്‍ഐന്‍, വാദി ബനീ ഹബീബ്, സീഖ് എന്നീ നാല് ഗ്രാമങ്ങളാണ് പനിനീരിന്‍െറ പ്രഭവ കേന്ദ്രങ്ങള്‍. മാര്‍ച്ച് മുതല്‍ മേയ് വരെ ഇവിടെ റോസാദലങ്ങളുടെ വിളവെടുപ്പുകാലമാണ്. ഈ സമയത്ത് മലഞ്ചരിവുകളാകെ റോസ് നിറമുടുത്ത് നില്‍ക്കും.

നിരവധി കുടുംബങ്ങളുടെ ജീവിതമാര്‍ഗമാണ് പനിനീരുല്‍പാദനം. തലമുറകള്‍ കൈമാറിവന്ന രുചിക്കൂട്ടും നിര്‍മാണവിദ്യയുമാണ് പച്ചമലയിലെ പനിനീരിനെ ലോകത്തിന് പ്രിയപ്പെട്ടതാക്കിയത്. വിവിധ ഘട്ടങ്ങള്‍ കടന്നുപോകുന്ന, ഒരു ദിവസം നീളുന്ന പരിണാമപ്രക്രിയകളിലൂടെ ഊറ്റിയെടുക്കുന്ന പനിനീര് ഒരു മാസത്തോളം കളിമണ്‍ കുടങ്ങളില്‍ അടച്ചുവെച്ചാണ് അതിന്റെ തെളിമയും മാധുര്യവും സ്വാംശീകരിക്കുന്നത്. ഈ പരമ്പരാഗത രീതി പതിയെ ആധുനീകരണത്തിലേക്ക് വഴിമാറിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ, എല്ലാതരം യന്ത്രവത്കരണങ്ങളെയും അതിജയിച്ച് ഈ മലമുകളിലെ കല്ലുഗ്രാമങ്ങള്‍ ഇനിയും നൂറ്റാണ്ടുകള്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാണത്തിലെ ഈടും ചരിത്രത്തിലെ ഈടുവെപ്പുകളും അടിവരയിടുന്നത്.

(madhyamam, sunday suppliment. 18/aug/2013)

Saturday, August 3, 2013

റോഡില്‍ 'ഭീഷണി'യായി വിദേശ വനിതകള്‍; അപകട നിരക്കിന് അതിവേഗം

മസ്‌കത്ത്: ഒമാനിലെ നിരത്തുകളില്‍ അപകട നിരക്ക് കുറയുമ്പോഴും വിദേശ വനിതകള്‍ റോഡിന് 'ഭീഷണി'യാകുന്നു. അപകട നിരക്ക് ഗണ്യമായി കുറയുന്ന ഒമാനിലെ പൊതു പ്രവണതക്ക് വിരുദ്ധമായി, വിദേശ വനിതകള്‍ അപകത്തില്‍പെടുന്നത് വന്‍ തോതില്‍ ഉയരുകയാണ്. അഞ്ചുമാസത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ മരണവും പരിക്കുമുണ്ടായതില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് വിദേശ വനിതകളില്‍ മാത്രമാണ്. അതാകട്ടെ ഏറെ ഉയര്‍ന്ന നിരക്കിലുമാണ്.

2013ലെ ആദ്യ അഞ്ചുമാസത്തെ കണക്കുകള്‍ പ്രകാരം വാഹനാപകടത്തില്‍പെട്ടത് 148 വിദേശ വനിതകളാണ്. മരണം സംഭവിച്ചത് 15 പേര്‍ക്കും. എന്നാല്‍ 2012ലെ ഇതേ കാലയളവില്‍ വിദേശ വനിതകള്‍ക്കുണ്ടായ അപകടം 103 മാത്രമാണ്. അഞ്ചുമാസത്തെ കണക്കിലുണ്ടായ വര്‍ധന 43.7 ശതമാനം. മരണസംഖ്യ 2012ല്‍ വെറും എട്ട് മാത്രമാണ്. വര്‍ധനയുടെ തോത് 87.5 ശതമാനം. അപകടത്തില്‍പെട്ടവരില്‍ എണ്ണത്തില്‍ കൂടുതല്‍  മറ്റ് വിഭാഗങ്ങളാണ് എങ്കിലും അവയിലെല്ലാം അഞ്ചുമാസത്തെ കണക്കില്‍ അപകട തോത് കുറയുകയാണ്. ഇതില്‍ നിന്ന് വ്യത്യസ്തമാണ് വിദേശ വനിതകളുടെ കകാര്യമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൊത്തം അപകടങ്ങളില്‍ നേരിയ കുറവും (0.1 ശതമാനം) അപകട മരണങ്ങളില്‍ വലിയ  കുറവും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരണം മൂന്‍വര്‍ഷത്തേക്കാള്‍ 17.6 ശതമാനം കുറഞ്ഞു. 2012ലെ ആദ്യ ആറ് മാസം 438 പേരാണ് മരിച്ചത് എങ്കില്‍ ഈ വര്‍ഷം ഇക്കാലയളവില്‍ അത് 361 ആയി കുറഞ്ഞു. ഇതില്‍ അപകടത്തില്‍പെട്ട ഒമാനികളുടെ എണ്ണം 19.9 ശതമാനം കുറഞ്ഞു. ഒമാനി സ്ത്രീകള്‍ക്കുണ്ടാകുന്ന അപകടത്തില്‍ ആറ് ശതമാനത്തിന്റെയും അപകടത്തില്‍ പെടുന്ന പുരുഷന്‍മാരുടെ എണ്ണത്തില്‍ 22.8 ശതമാനത്തിന്റെയും കുറവുണ്ടായി. വിദേശികള്‍ക്കുണ്ടായ അപകട മരണത്തിന്റെ നിരക്ക് 12.9 ശതമാനം കുറഞ്ഞു. വിദേശ സ്ത്രീകളുടെ എണ്ണം ഉയര്‍ന്നപ്പോള്‍ പുരുഷന്‍മാടുടെ എണ്ണത്തില്‍ 18.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പരിക്കുകളില്‍ അവസാനിച്ച വാഹനാപകടങ്ങളില്‍ 10.9 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ടത് ഒമാനി വനിതകളാണ് -11.7 ശതമാനത്തിന്റെ കുറവ്. ഈ സ്ഥാനത്താണ് വിദേശ വനിതകളുടെ അപകട വര്‍ധനാ നിരക്ക് കുത്തനെ ഉയര്‍ന്നത്. ഒമാനി പുരുഷന്‍മാരുടെ അപകട നിരക്ക് 13.6 ശതമാനം കുറഞ്ഞിട്ടുണ്ട്.

വിദേശ പുരുഷന്‍മാരുടെ ഡ്രൈവിംഗ് അപകടത്തില്‍ 7.3 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. മൊത്തം വിദേശികളുടെ അപകട നിരക്ക് 2.1 ശതമാനം കുറഞ്ഞിട്ടുണ്ട്. 2103ലെ ആദ്യ അഞ്ചുമാസം ഒമാനില്‍ ആകെയുണ്ടായത് 3,401 അപകടങ്ങളാണ്. മുന്‍ വര്‍ഷം ഇത് 3,406 ആയിരുന്നു. അപകടങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ സ്വദേശികള്‍ തന്നെയാണ്. പരിക്കേറ്റവരുടെ എണ്ണത്തില്‍ 13 ശതമാനം കുറവുണ്ടായി.

അപകടങ്ങള്‍ കുറയുന്നതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും കുറവ് വന്നിട്ടുണ്ട്. അഞ്ചുമാസ കാലയളവില്‍ മൊത്തം വാഹന രജിസ്‌ട്രേഷനില്‍ 7.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബൈക്കുകളില്‍ വന്‍ തോതില്‍ വര്‍ധനയുണ്ടയിട്ടുണ്ട് -48 ശതമാനം. ട്രാക്ടറുകളില്‍ 66.7 ശതമാനവും പരിശീലന വാഹനങ്ങളില്‍ 40 ശതമാനവും വാണിജ്യ വാഹനങ്ങളില്‍ 25.2 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ എണ്ണത്തില്‍ കൂടുതലുള്ള സ്വകാര്യ വാഹനങ്ങളില്‍ വന്ന കുറവാണ് മൊത്തം രജിസ്‌ട്രേഷനിലെ കുറവിന്കാരണമെന്നാണ് കരുതുന്നത്. ഈയിനത്തില്‍ 13.1 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 2102ല്‍ 44,353 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ ഈ വര്‍ഷം ഇത് വെറും 38,546 എണ്ണം മാത്രമാണ്. സര്‍ക്കാര്‍ വാഹനങ്ങളുടെ എണ്ണത്തിലും വന്‍ കുറവുണ്ടയി -55.7 ശതമാനം.

(02..08..13)

Friday, August 2, 2013

ക്വാട്ട കുറഞ്ഞത് തിരിച്ചടിയായി; ഹജ്ജ് യാത്രാ ചിലവ് ഉയരുന്നു

മസ്‌കത്ത്: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ക്വാട്ട കുറഞ്ഞത് സാധാരണക്കാരായ തീര്‍ഥാടകര്‍ക്ക് തരിച്ചടിയാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഒമാനില്‍ നിന്ന് യാത്രക്ക് ആവശ്യമായിരുന്നതിന്റെ ഇരട്ടിയോളം തുക അധികം നല്‍കേണ്ട അവസ്ഥയിലാണ് തീര്‍ഥാടകരിപ്പോള്‍. പലരും യാത്ര മാറ്റിവക്കുന്നതിനെപ്പറ്റി വരെ ആലോചിക്കുന്നുണ്ട്. ഹജ്ജ് യാത്ര സംഘാടകരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

കഅ്ബയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഈ വര്‍ഷം മൊത്തം ഹജ്ജ് യാത്രികരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തത്തില്‍ കുറവുവരുത്തി. ഇതേതുടര്‍ന്ന് മുന്‍ വര്‍ഷത്തേക്കാള്‍ പകുതിയോളം സീറ്റ് ഒമാനിന് കുറഞ്ഞതായണ് കണക്കാക്കുന്നത്. ക്വാട്ട കുറഞ്ഞതോടെ ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഇതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായത്. ഹജ്ജ് ക്വാട്ട ലഭിച്ച മൂന്ന് വിഭാഗം കോണ്‍ട്രാക്ടര്‍മാരാണ് ഒമാനിലുള്ളത്. ഒമാനികളെ മാത്രം കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍, വിദേശികളെ കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍, വിദേശികളില്‍ തന്നെ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍. ഇതില്‍ വിദേശികളില്‍ ഏഷ്യക്കാരെ കൊണ്ടുപോകാന്‍ അനുമതി ലഭിച്ചവര്‍ വഴിയോ അവര്‍ക്ക് വേണ്ടി ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നവര്‍ വഴിയോ ആണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഹജ്ജിന് പോകുന്നത്. ഏറ്റവുമേറെ തീര്‍ഥാടകരുണ്ടാകുന്നത് ഏഷ്യന്‍ വിഭാഗത്തിലാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിണ് യാത്രാ നരിക്ക് ഉയര്‍ന്നിരിക്കുന്നത്. മലയാളി സംഘങ്ങളിലും മറ്റുമായി കഴിഞ്ഞ തവണ ഹജ്ജിന് പോകാനായി ചിലവായത് 900 റിയാല്‍ മുതല്‍ പരമാവധി 1100 റിയാല്‍ വരെയായിരുന്നു. എന്നാല്‍ ഇത്തവണ പ്രാഥമിക കണക്കുകള്‍ പ്രകാരം തന്നെ  ഇത് 1700 റിയാലിന് മുകളിലാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ക്വാട്ട കുറഞ്ഞതോടെ പല ഹജ്ജ് സംഘാടകരും ഉയര്‍ന്ന തുക നല്‍കി സീറ്റ് സംഘടിപ്പിക്കാന്‍ തയാറായി.  ഇതാണ് നരിക്ക് ഉയരാന്‍ കാരണമായത്.

ഒമാനില്‍ നിന്ന് ഹജ്ജിന് തയാറെടുത്ത സാധാരണക്കാരെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 1000 റിയാല്‍ ഏകദേശ ചിലവ് പ്രതീക്ഷിച്ച് യാത്രക്ക് തയാറെടുത്തവര്‍ ഇപ്പോള്‍ ഏതാണ്ട് ഇരട്ടി തുക കണ്ടെത്തേണ്ട അവസ്ഥയിലാണ്. യാത്ര മാറ്റിവക്കേണ്ട അവസ്ഥ വരെ ചിലര്‍ അഭിമുഖീകരിക്കുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തിലും മറ്റും ഹജ്ജ് യാത്രക്ക് അവസരമൊരുക്കുന്നവരെയും ഇത് പ്രതിസന്ധിയിലാക്കി. നേരത്തേ കണക്കാക്കിയതിനേക്കാള്‍ ഉയര്‍ന്ന തുക ആവശ്യപ്പെടേണ്ട അവസ്ഥയിലാണ് അവരിപ്പോള്‍. യാത്രാസന്നദ്ധത അറിയിച്ചവരെ നേരില്‍ വിളിച്ച് ഉറപ്പാക്കിയ ശേഷം ആവശ്യക്കാരില്ലെങ്കില്‍ സീറ്റുകളുടെ എണ്ണം കുറക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് ഒരു മലയാളി ഹജ്ജ് സംഘാടകന്‍ പറഞ്ഞു. ഏതാണ്ടെല്ലാ ഹജ്ജ് യാത്രാ സംഘാടകരും സമാനമായ അവസ്ഥയിലാണ്.

(1..08..13)

ഒമാനില്‍ ഇറക്കുമതി കൂടുന്നു; സംസ്‌കൃത എണ്ണ കയറ്റുമതി കുറഞ്ഞു


മസ്‌കത്ത്: ഒമാനിലേക്കുള്ള ഇറക്കുമതയില്‍ വന്‍ വര്‍ധന. സംസ്‌കൃത എണ്ണയുടെ കയറ്റുമതിയില്‍ കുറവുണ്ടായതായും കഴിഞ്ഞ രണ്ട് വര്‍ഷത്തെ വ്യാപരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

2012ല്‍ ഒമാനിലേക്ക് നടന്ന ഇറക്കുമതി 10,811.3 മില്ല്യണ്‍ റിയാലാണ്. തൊട്ടുമുന്‍വര്‍ഷം നടന്നതാകട്ടെ 9,081.8 മില്ല്യണ്‍ റിയാലിന്റെ ഇറക്കുമതി. അഥവ ഒരു വര്‍ഷത്തിനിടെയുണ്ടയത് 19 ശതമാനത്തിന്റെ വര്‍ധന. എന്നാല്‍ ഒമാനില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇത്ര വര്‍ധനയുണ്ടായിട്ടില്ല. 2011ല്‍ 18,106.8 മില്ല്യണ്‍ റിയാലായിരുന്നു കയറ്റുമതി. കഴിഞ്ഞ വര്‍ഷം അത് 20,047.1 മില്ല്യണ്‍ റിയാലായി ഉയര്‍ന്നു. എന്നാല്‍ ഇത് മുന്‍വര്‍ഷത്തേക്കാള്‍ 10.7 ശതമാനം മാത്രമാണ് അധികമുള്ളത്.

ഇതില്‍ തന്നെ സംസ്‌കരിച്ച എണ്ണയുടെ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 20.1 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. 2011ല്‍ 697.1 മില്ല്യണ്‍ റിയാലിന്റെ എണ്ണ കയറ്റുമതി നടന്ന രാജ്യത്ത്, 2012ല്‍ ആകെ 557.1 മില്ല്യണ്‍ റിയാലിന്റെ കയറ്റുമതി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012ന്റെ അവസാന മൂന്ന് മാസങ്ങളില്‍ 34.08 മില്ല്യണില്‍ നിന്ന് 58.8 മില്ല്യണിലേക്ക് കയറ്റുമതി വര്‍ധിച്ചെങ്കിലും മുന്‍വര്‍ഷത്തോളം എത്താന്‍ കഴിഞ്ഞില്ല. അതേസമയം മിനറല്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി 137.3 ശതാമനം വര്‍ധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെ കയറ്റുമതിയിലും 10.7 ശതമാനം വര്‍നധയുണ്ട്. പ്രകൃതി വാതകം 9.9 ശതമാനം കയറ്റുമതി വര്‍ധിച്ചു. സംസ്‌കൃത എണ്ണയുടെ കയറ്റുമതിയില്‍ കുറവുണ്ടായെങ്കിലും ാെമത്തത്തില്‍ എണ്ണ^വാതകങ്ങളുടെ കയറ്റുമതിയില്‍ 8.9 ശതമാനത്തിന്റെ വര്‍ധനയാണ് ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ഇറക്കുമതി ഇനങ്ങളിലെല്ലാം കഴിഞ്ഞ വര്‍ഷം കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഗതാഗത സാമഗ്രികളുടെ ഇറക്കുമതിയാണ് ഇതില്‍ കൂടുതല്‍ 36.2 ശതമാനം. കെമിക്കല്‍ ഉല്‍പന്നങ്ങള്‍, ബേസ് മെറ്റല്‍ ആന്റ് ആര്‍ട്ടിക്കിള്‍സ് എന്നിവ 28 ശതാമനവും കൂടുതല്‍ ഇറക്കുമതി ചെയ്തു. വളര്‍ത്തുമൃഗങ്ങളും അവയുടെ ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. ഇതിന്റെ വര്‍ധന 12.8 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിമാനം വഴിയുള്ള ചരക്ക് കടത്താണ് ഇക്കാലയളവില്‍ ഏറ്റുവം അധികം വര്‍ധിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 31.9 ശതമാനം വര്‍ധനയാണ് വിമാനക്കടത്തില്‍ ഉണ്ടായിരിക്കുന്നത്. കരമാര്‍ഗം 29.5 ശതമാനം  അധികം ചരക്ക് കൈമാറ്റം നടന്നപ്പോള്‍ കടല്‍ വഴിയുള്ള ചരക്ക് ഗതാഗതത്തില്‍ 23.4 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

(31..7..13)

ഒമാനിലെ കാര്‍ഷിക ഭൂ വിസ്തൃതിയില്‍ വന്‍ വര്‍ധന


മസ്‌കത്ത്: കൃഷി ഭൂമികള്‍ മരുവല്‍കരണ ഭീഷണി നേരിടുന്ന ലോകത്തിന് പാ~മായി മരുഭൂമിയില്‍ കൃഷി ഭൂമി വളരുന്നു. ഒമാനിലാണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഹരിതവല്‍കരണത്തില്‍ വന്‍ മുന്നേറ്റമ സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ തോട്ടക്കൃഷി രണ്ട് പതിറ്റാണ്ട് കൊണ്ട് 83,000 ഏക്കര്‍ ഭൂമിയിലേക്കാണ് കൂടുതലായി വ്യാപിച്ചത്. 

നവോത്ഥാന ദിനത്തോടനുബന്ധിച്ച് കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് രാജ്യം കൈവരിച്ച ഈ നേട്ടം വ്യക്തമാക്കുന്നത്. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്ന ഒമാന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണ് ഈ ഭൂ പരിവര്‍ത്തനം. 1992^93 കാലയളവില്‍ 2,14,000 ഏക്കറായിരുന്നു കൃഷി ഭൂമി. എന്നാല്‍ അവസാനം നടന്ന കാര്‍ഷിക സെന്‍സസ് പ്രകാരം ഇത് 3,24,000 ഏക്കറായി വര്‍ധിച്ചു. 34.4 ശതമാനത്തിന്റെ വര്‍ധന. രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 44.2 ശതമാനം ഇപ്പോള്‍ കാര്‍ഷിക ഭൂമിയായി മാറിയിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തുന്ന കാര്‍ഷിക നയം പിന്തുടരുന്ന രാജ്യത്ത് 115 കൃഷിയിടങ്ങള്‍ തയാറായിക്കൊണ്ടിരിക്കുന്നുണ്ട്. 508 ഏക്കറിലാണ് ഇവ് രൂപപ്പെടുത്തുന്നത്. ആയിരത്തോളം ഏക്കറില്‍ 128 സ്വകാര്യ കൃഷിയിടങ്ങളും നിര്‍മാണത്തിലാണ്. 

കാര്‍ഷികോല്‍പാദനത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012ല്‍ 462 മില്ല്യണ്‍ റിയാലിന്റെ കാര്‍ഷികോല്‍പാദനമാണ് രാജ്യത്തുണ്ടായത്. 2009ല്‍ 362.2 മില്ല്യണ്‍ റിയാലായിരുന്നു ഉത്പാദനം. 2009^13 കാലയളവില്‍ 8.5 ശതാമനം വാര്‍ഷിക വളര്‍ച്ച ഈ മേഖലയിലുണ്ടായി. രാജ്യത്തെ മൊത്തം കൃഷി^മത്‌സ്യ ഉപഭോഗത്തിന്റെ 39.5 ശതമാനവും ഇപ്പോള്‍ ഇവിടെ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നു. 

മത്‌സ്യ മേഖലയിലും വന്‍തോതില്‍ ഉത്പാദനം വര്‍ധിച്ചു. 2012ല്‍ 1.42 ലക്ഷം റിയാലാണ് ഉത്പാദനം. 2009ല്‍ ഇത് 1.10 ലക്ഷം റിയാല്‍ മാത്രമായിരുന്നു. കന്നുകാലികളുട എണ്ണത്തിലും വലിയ വര്‍ധനയുണ്ട്. അവസാന കണക്കുകള്‍ പ്രകാരം മൊത്തം 26.73 ലക്ഷമാണ് കന്നുകാലി ശേഷി. ഇതില്‍ പശു 34,726 എണ്ണവും ഒട്ടകം 1,34,80 എണ്ണവുമാണ്. ബാക്കി ആടുകളും. മത്‌സ്യ മേഖലയുടെ വളര്‍ച്ചക്ക് വലിയ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒമ്പത് പുതിയ മത്‌സ്യബന്ധന തുറമുഖങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ നാലെണ്ണത്തിന് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 

(30..07..13)

ഒമാനിലെ വിദേശികളില്‍ പകുതിയോളം ഇന്ത്യക്കാര്‍; മൂന്നിലൊന്നിന് പ്രാഥമിക വിദ്യാഭ്യാസമില്ല

മസ്‌കത്ത്: ഒമാനിലെ വിദേശ തൊഴിലാളികളില്‍ നാല്‍പത് ശതമാനത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍. ഓമനില്‍ ഏറ്റവുമധികമുള്ളതും ഇന്ത്യക്കാര്‍ തന്നെ. ബാക്കി വിദേശ തൊഴിലാളികള്‍ മൂന്ന് ശതമാനമൊഴികെ അ്വശേഷിക്കുന്നവര്‍ മറ്റ് എട്ട് രാജ്യങ്ങളില്‍ നിന്നായാണ് വരുന്നതെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവിടെ ജോലി ചെയ്യുന്ന വിദേശികളില്‍ മൂന്നിലൊന്നിനും പ്രാഥമിക വിദ്യാഭ്യാസ മില്ല. 1.5 ശതമാനം പേര്‍ പൂര്‍ണ നിരക്ഷരരാണെങ്കില്‍ 27.58 ശതമാനം കേവലം എഴുത്തും വായനയും മാത്രം അറിയുന്നവരാണ്. സര്‍ള്‍വകലാശലാ തലത്തിലോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാകട്ടെ വെറും പത്ത് ശതമാനത്തില്‍ താഴെയാണ്. അടിസ്ഥാന/പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയാണ് വിദേശികളില്‍ മഹാഭൂരിഭാഗവും ഇവിടെ തൊഴില്‍ തേടിയെത്തുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2013 മേയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 14.92 ലക്ഷം വിദേശികളാണ് ഒമാനില്‍ ജോലി ചെയ്യുന്നത്. ഇതില്‍ വെറും പത്ത് ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. 1.33 ലക്ഷം പേരും പുരുഷന്‍മാര്‍ തന്നെ. മൊത്തം വിദേശികളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ 6,03,761. ഇത് ഒമാനിലെ ആകെ വിദേശ തൊഴില്‍ ശേഷിയുടെ 40.46 ശതമാനം വരും. ബംഗ്ലാദേശികളാണ് ഇതിന് പിന്നില്‍: 4.68 ലക്ഷം. അഥവ 31.42 ശതമാനം. പാക്കിസ്ഥാനില്‍ നിന്ന് 2.22 ലക്ഷം പേരുണ്ട്. ഇത് 14.94 ശതമാനം വരും. ഒമാനിലേക്ക് തൊഴില്‍ ശേഷി കയറ്റി അയക്കുന്ന മറ്റ് പ്രധാന രാജ്യങ്ങള്‍ ഇവയാണ്: എത്യോപ്യ - 40,633 പേര്‍. ഇന്തോനേഷ്യ -27,808. ഫിലിപ്പൈന്‍ -27,543. ഈജിപ്ത് -24,207. നേപ്പാള്‍ -13,110. ശ്രീലങ്ക -12,393. മറ്റ് രാജ്യങ്ങള്‍ -50,944. ഇതില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ തൊഴിലാളികളില്‍ കഴിഞ്ഞ ഏപ്രില്‍-മേയ് മാസത്തിനിടെ നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ എത്യോപ്യയില്‍ നിന്ന് വന്‍ വര്‍ധനയുണ്ടായ ഒരുമാസത്തിനിടെ 4.4 ശതമാനം. ബംഗ്ലാദേശില്‍ നിന്ന് 1.3 ശതമാനം വര്‍ധനയുണ്ടായി.

എന്നാല്‍ വിദേശ തൊഴിലാളികളില്‍ സ്ത്രീ പ്രാതിനിധ്യം തീരെ കുറവാണ്. ആകെയുള്ളത് 1.61 ലക്ഷം മാത്രം. ബാക്കി 90 ശതമാനവും പരുഷ തൊഴിലാളികളാണ്. ഇന്ത്യന്‍ സ്ത്രീ തൊഴിലാളികളാകട്ടെ ആകെയുള്ളതിന്റെ 2.1 ശതമാനം മാത്രം. ഇന്ത്യയില്‍ നിന്ന് 5.71 ലക്ഷം പുരുഷന്‍മാര്‍ ഒമാനില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ സ്ത്രീകള്‍ 32,671 പേര്‍ മാത്രമാണ്. ബംഗ്ലാദേശില്‍ നിന്ന് 14,131 സ്ത്രീകള്‍. പാക്കിസ്ഥാനില്‍ നിന്നാകട്ടെ വെറും 957 പേരാണുള്ളത്. അതേസമയം എത്യോപ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും വന്ന തൊഴിലാളികളില്‍ സ്ത്രീകളാണ് മഹാ ഭൂരിഭാഗവും. എത്യോപ്യയില്‍ നിന്ന് 40,170 സ്ത്രീകള്‍ വന്നപ്പോള്‍ പരുഷന്‍മാര്‍ വെറും 463 പേര്‍ മാത്രം. ഇന്തോനേഷ്യയില്‍ നിന്ന് 700 പേര്‍ മാത്രമാണ് പുരുഷന്‍മാരുള്ളത്. സ്ത്രീകളാകട്ടെ 27,108 പേരും.

വിദേശ തൊഴിലാളികളില്‍ 1.5 ശതമാനം പേരും നിരക്ഷരരാണ്. എന്നാല്‍ എഴുത്തും വായനയും മാത്രം അറിയുന്നവര്‍ 4.11 ലക്ഷം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഈ രണ്ട് വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ ഒമാനിലെ വിദേശ തൊഴില്‍ ശേഷിയുടെ 30 ശതമാനം വരും. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവര്‍ 9.66 ശതമാനമുണ്ട്. പ്രൈമറിക്കും സെക്കന്ററിക്കുമിടയില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് തൊഴിലാളികളില്‍ ഭൂരിഭാഗവും. 5.24 ലക്ഷം. ഇത് മൊത്തം തൊഴിലാളികളുടെ 35.12 ശതമാനവും സെക്കന്ററി വിദ്യാഭ്യാസമുള്ളവര്‍ 14.36 ശതമാനമാണ്. ഡിപ്ലോമ യോഗ്യതയുള്ളവര്‍ 3.42 ശതമാനമുണ്ട്. സര്‍വകലാശാല യോഗ്യതയുള്ളവര്‍ 5.52 ശതമാനം മാത്രം. എന്നാല്‍ മാസ്റ്റര്‍ ബിരുദമുള്ളവരും പി.എച്ച്.ഡി യോഗ്യതയുള്ളവരും തീരെ കുറവാണ്. മാസ്റ്റര്‍ ബിരുദമുള്ളവര്‍ വെറും 0.37 ശതമാനം മാത്രമാണ്. പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ 0.16 ശതമാനവും. നിരക്ഷരരായവരില്‍ 20,322 പേരും പുരുഷന്‍മാരാണ്. സ്ത്രീകള്‍ വെറും 2001 പേരും.

(29..07...13)

Tuesday, July 30, 2013

തീപൊള്ളല്‍ അപകടം ഉയര്‍ന്ന നിരക്കില്‍; കൂടുതല്‍ കുട്ടികളില്‍

മസ്‌കത്ത്: തീ പൊള്ളലേറ്റുണ്ടാകുന്ന അപകടം ഒമാനില്‍ വ്യാപകമാണെന്ന് പ~നം. അന്താരാഷ്ട്ര നിരിക്കിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഒമാനിലെ അപകടങ്ങള്‍. ഇതില്‍ കൂടുതല്‍ ഇരയാകുന്നത് കുട്ടികളാണെന്നും കഴിഞ്ഞ 25വര്‍ഷത്തെ ആളുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ മഹാഭൂരിഭാഗവും 10 വയസ്സില്‍ താഴെയുള്ളവരുമാണ്.

ഒരുലക്ഷം പേര്‍ക്ക് 3 മുതല്‍ അഞ്ച് വരെ എന്നതാണ് പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തുന്നവരുടെ അന്താരഷ്ട്ര കണക്ക്. എന്നാല്‍ ഒമാനില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന അനുപാതമാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ലക്ഷത്തിന് ഏഴുപേര്‍. ആശുപത്രിയില്‍ എത്തുന്ന ആയിരം പേരില്‍ 82 പേര്‍ മരിക്കുന്നു.

റിപ്പോര്‍ട്ട് തയാറാക്കാന്‍ പ~ന വിധേയമാക്കിയ 1987-2011 കാലയളവില്‍ ഖൗല ആശുപത്രിയിലെ നാഷണല്‍ ബേണ്‍സ് യൂണിറ്റില്‍ ചികില്‍സക്കെത്തിയത് 3470 പേരാണ്. ഇതില്‍ 1625 പേരും കുട്ടികളാണ്. ഇതില്‍ തന്നെ 248 പേര്‍ ഒരു വയസ്സില്‍ താഴെയുള്ളവരാണ്. ആറുദിവസത്തിലൊരിക്കല്‍ ഒരു കുട്ടി എന്ന തോതിലാണ് ചികില്‍സ തേടിയെത്തുന്നത്. അവസാനത്തെ ഒന്നരവര്‍ഷത്തിനിടെ ഇത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സമയത്ത് നാല് ദിവസത്തില്‍ ഒരാള്‍ എന്ന നിരക്കിലാണ് ഇതുണ്ടാകുന്നത്. റിപ്പോര്‍ട്ടില്‍ ഉള്‍പെടാത്ത 2012ല്‍ 209 പേരാണ് ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ 98 പേര്‍ കുട്ടികളാണ്. 2013ല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 39 കുട്ടികള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ആകെ വന്നിരിക്കുന്നത് 96 പേരാണ്.

റിപ്പോര്‍ട്ട് പ്രകാരം ചികില്‍സ തേടിയെത്തിയവരില്‍ പത്ത് വയസ്സില്‍ താഴെയുള്ളവരാണ് ഏറ്റവും കൂടുതല്‍. 21 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ 879 പേരുണ്ട്. 10-20 വയസിനിയിലുള്ള 322 പേര്‍ ഈ കാലയളവില്‍ ആശുപത്രികളിലെത്തി. 41നും 60നും ഇടയില്‍ പ്രായമുള്ള 84 പേരും 60ല്‍ കൂടുതല്‍ പ്രായമുള്ള 84 പേരുമുണ്ടായിരുന്നു. പൊളളലേല്‍ക്കുന്നവരില്‍ പുരുഷന്‍മാരാണ് ഏറ്റവും കൂടുതല്‍. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,470ല്‍ 2121 എണ്ണവും പുരുഷന്‍മാര്‍ തന്നെ. ഏത് പ്രായത്തില്‍ പെട്ട രോഗികളിലും പരുഷന്‍മാര്‍ തന്നെയാണ് കൂടുതല്‍. കുട്ടികളിലും ആണ്‍കുട്ടികള്‍ തന്നെ. 1-10 പ്രായത്തില്‍ പെട്ട 1625 പേരില്‍ ആണ്‍കുട്ടികള്‍ 989 ആണ്. 61 വയസിന് മുകളിലുള്ള ആകെ 84 പേരില്‍ 62ഉം ആണുങ്ങള്‍ തന്നെ. ഒരുവയസ്സിന് താഴെയുള്ളതില്‍ 168 എണ്ണം ആണ്‍കുട്ടികളാണ്. ഇതില്‍ ആകെയുള്ളത് 248 പേര്‍. പെണ്‍കുട്ടികളുടെ എണ്ണം ഇതില്‍ വെറും 80 മാത്രം.

അപകടങ്ങളില്‍ ഏറെയും വീട്ടിലെ അടുക്കളകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വീട്ടിലുള്ളവര്‍ പാചകം ചെയ്യുന്നതിനിടെ കുട്ടികള്‍ അപകടത്തില്‍പെടുകയാണ്. തണുപ്പ് കാലത്താണ് അപകടം കൂടുതലുണ്ടാകുന്നത്. ഈ സമയത്ത് ചൂടുള്ള ഭക്ഷണത്തിനായി കൂടുതല്‍ പാചകം നടക്കുന്നത് കൊണ്ടാകാമിതെന്നാണ് വിലയിരുത്തുന്നത്. കുളിക്കാനുള്ള ചൂട് വെള്ളത്തില്‍ നിന്നും അപകടം ഉണ്ടാകുന്നുണ്ട്. എന്നാല്‍ മൊത്തം അപകടത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ന്യുസിലാന്റിലെ ഒട്ടാഗോ സര്‍വകലാശാലയിലെ ഡോ. സുല്‍ത്താന്‍ അല്‍ ശഖ്‌സിയാണ് ഈ പ~നം നടത്തിയത്. അമേരിക്കയിലെ ബേണ്‍സ് ജേണലില്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കപ്പെട്ടിരുന്നു.

(28..07..13)

Monday, July 29, 2013

ഉള്‍പ്രദേശങ്ങള്‍ കത്തുന്നു; തലസ്ഥാനത്ത് ചൂട് കുറവ്


മസ്‌കത്ത്: ഒമാനില്‍ ഏറ്റവുമേറെ ചൂട് അനുഭവപ്പെടുന്ന ജൂലൈയിലെ വെയിലില്‍ നിന്ന് തലസ്ഥാനം രക്ഷപ്പെടുന്നു. ഉള്‍പ്രദേശങ്ങളില്‍ പതിവുപോലെ കനത്ത ചൂട് അനുഭവപ്പെടുമ്പോള്‍ മസ്‌കത്തില്‍ താരതമ്യേന ചൂട് കുറവാണ് രേഖപ്പെടുത്തുന്നത്. ഒമാനിലെ മൊത്തം ശരശരി ചൂടിനേക്കാളും കുറവാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പൊതുവെ പ്രതീക്ഷിച്ച ചൂടുണ്ടായില്ല. മലയാളികള്‍ക്ക് സ്വന്തം നാട്ടിശല വേനല്‍ പോലെ മാത്രമാണ് ഇതിപ്പോള്‍ അനുഭവപ്പെടുന്നത്. ചിലപ്പോള്‍ അതിനേക്കാള്‍ കുറവും. അതേസമയം ചൂട് പതിവുള്ള ഒമാനിലെ മറ്റ് പ്രദേശങ്ങളില്‍ ഈ പ്രവണതയില്ല. എന്നാല്‍ അപ്രതീക്ഷിതമായി ചില മേഖലകളില്‍ മഴയും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴചയില്‍ മസ്‌കത്തില്‍ രേഖപ്പെടുത്തിയ ചൂട് 30-35 ഡിഗ്രിയാണ്. കഴിഞ്ഞ 23ന് 39.5 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതൊഴിച്ചാല്‍ മറ്റ് ദിവസങ്ങളിലെല്ലാം ഇതായിരുന്നു അവസ്ഥ. ഇന്നലെ 30 ഡിഗ്രിയായിരുന്നു ചൂട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 35ല്‍ താഴെയായിരിക്കും ഈ മാസത്തെ ശരാശരി ചൂടെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ കുറവാണിത്. മിക്ക ദിവസങ്ങളിലും അന്തരീക്ഷം മേഘാവൃതമായിന്നു. അടുത്ത ആഴ്ചയും ഇതേനില തുടരുമന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച 32 ഡിഗ്രിയായിരുന്നു ഉയര്‍ന്ന ചൂട്. കുറഞ്ഞത് 29ഉം. ഇന്ന് പരമാവധി 32 ആണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മറ്റ് പ്രദേശങ്ങളില്‍ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ചൂടുള്ള ഫഹൂദില്‍ ഇത് 48 ഡിഗ്രിവരെയും ഇബ്രയിലും ഇബ്രിയിലും 47 ഡിഗ്രിവരെയും ഇത് എത്തിയിട്ടുണ്ട്. ഇബ്രയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 44 ഡിഗ്രിയാണ്. ശനിയാഴ്ച 43ഉം. ഇന്ന് 44 തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. ഇബ്രിയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 45 ഡിഗ്രിയാണ്. ശനിയാഴ്ച 44 ഡിഗ്രിയും. ഇവിടെ ഇന്ന് പ്രതീക്ഷിക്കുന്നത് 45 ഡിഗ്രിയാണ്. ഇന്നലെ 45 ഡിഗ്രി രേഖപ്പെടുത്തിയ ബഹ്‌ലയില്‍ ഇന്നും അതേ ചൂണ്ടാകുമെന്നാണ് കരുതുന്നത്. ഇവിടെ ശനിയാഴ്ച 44 ഡിഗ്രി അനുഭവപ്പെട്ടിരുന്നു.

നിസ്‌വ, ബുറൈമി, സമൈല്‍ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ തന്നെ ചൂട് അനുഭവപ്പെടുന്നതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. നിസ്‌വയില്‍ ശനിയാഴ്ച 44 ഡിഗ്രിയും ഞായറാഴ്ച 43 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 42 ഡിഗ്രി ഉണ്ടാകുമെന്ന് കരുതുന്നു. കഴിഞ്ഞ രണ്ട് ദിവസവും 43 വീതം അനുഭവപ്പെട്ട ബുറൈമിയില്‍  ഇന്ന് പ്രതീക്ഷിക്കുന്നത് 40 ഡിഗ്രിയാണ്. സമൈലില്‍ ഇന്ന് 42 ഡിഗ്രി ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്നലെ 39 ആയിരുന്നു. ശനിയാഴ്ച 41 ഡിഗ്രിയും. ദുഖമിലും റുസ്താഖിലും ഏറെക്കുറെ 40 ഡിഗ്രി തന്നെയാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. അതേസമയം സലാലയില്‍ കഴിഞ്ഞ മൂന്ന് ദിവസവും 28 ഡിഗ്രി മാത്രമായിരുന്നു ചൂട്. ബി.ബി.സിയുടെ കണക്കുകള്‍ പ്രകാരം അടുത്ത നാല് ദിവസവും ഒമാനിലെ ശരാശരി ചൂട് 40-43 ഡിഗ്രിയാണ്. എന്നാല്‍ വേള്‍ഡ് വെതര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മസ്‌കത്തില്‍ അടുത്ത 15 ദിവസം 33 മുതല്‍ 36 ഡിഗ്രിവരെയാണ് ചൂടുണ്ടാകുക. ആഗസ്ത് 5നും 7നും ആയിരിക്കും ഉയര്‍ന്ന ചൂട്.

(28..7..13)

Thursday, July 25, 2013

എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവ്: ഇന്ത്യന്‍ മൃതദേഹങ്ങള്‍ ഒമാനില്‍ കെട്ടിക്കിടക്കുന്നുമസ്‌കത്ത്: മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറിന്റെ കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഇറക്കിയ ഉത്തരവിനെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകാതെ ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നു. ഉത്തരവിറങ്ങി ദിവസങ്ങള്‍ കഴിയും മുമ്പ് തന്നെ ഒമാനില്‍ മാത്രം നാല് മൃതദേഹങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് അയക്കേണ്ട ഒരു തമിഴ്‌നാട് സ്വദേശിയുടെയും മൂന്ന് ഉത്തരേന്ത്യക്കാരുടെയും മൃതദേഹങ്ങളാണ് ഇപ്പോള്‍ ഇവിടെ കുടുങ്ങിയിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും സമാനമായ സ്ഥിതിവിശേഷമുണ്ടാകുമെന്നും വരും ദിവസങ്ങളില്‍ ഇത് ഏറെ രൂക്ഷമാകുമെന്നും ട്രാവലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശി ആന്റണി സാമിക്കുട്ടി മരിച്ചിട്ട് ഇപ്പോള്‍ 10 ദിവസവും അമൃത്‌സര്‍ സ്വദേശി മരിച്ചിട്ട് 12 ദിവസവും പിന്നിട്ടു. 2-4 ദിവസത്തിനകം നാട്ടില്‍ എത്തിക്കാന്‍ കഴിയുമായിരുന്ന മൃതദേഹങ്ങളാണ് ദിവസങ്ങളായി ഇവിടെ കിടക്കുന്നത്. റോയല്‍ ഒമാന്‍ പോലിസിന്റെ കത്തുസംഘടിപ്പിച്ച്, എയറിന്ത്യയില്‍ നിന്ന് പ്രത്യേക ഇളവ് വാങ്ങി ഈ രണ്ട് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോള്‍ സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരും മറ്റും ശ്രമിക്കുന്നത്. ഇവരുടെ രേഖകളില്‍ മരണകാരണം രേഖപ്പെടുത്തിയിട്ടില്ല. എയര്‍പേര്‍ട്ട് അഥോറിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം മരണകാരണം രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഏര്‍പെടുത്തിയതാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 

വിദേശങ്ങളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് രണ്ടാഴ്ച മുമ്പാണ് ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവിറങ്ങിയത്. ഇതനുസരിച്ച് മൃതദേഹം കൊണ്ടുപേകാന്‍ അനുമതി ലഭിക്കുന്നതിന് സമര്‍പിക്കുന്ന രേഖകളില്‍ മരണ കാരണം വ്യക്തമാക്കണമെന്നാണ് പുതിയ വ്യവസ്ഥ വച്ചത്. സ്വാഭാവിക മരണം സംഭവിക്കുന്ന കേസുകളില്‍ ഒമാനില്‍ രേഖകളില്‍ മരണകാരണം വ്യക്തമാക്കാറില്ല. ആശുപത്രിക്ക് പുറത്തുവച്ച് സംഭവിക്കുന്ന ഏത് മരണത്തിന്റെയും കാരണം രേഖകളില്‍ 'അജ്ഞാതം' എന്നോ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നോ ആയിരിക്കും രേഖപ്പെടുത്തുക. മറിച്ച് ഏതെങ്കിലും കാരണം രേഖപ്പെടുത്തണമെങ്കില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണം. 

എന്നാല്‍ ഒമാനിലെ നിയമപ്രകാരം ഏതെങ്കിലും തരത്തില്‍ കുറ്റകൃത്യവുമായി ബന്ധമില്ലാത്ത മരണമാണ് എങ്കില്‍ റോയല്‍ ഒമാന്‍ പോലിസ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാകട്ടെ അതത് പ്രദേശത്തെ പബ്ലിക് പ്രോസിക്യൂഷന്റെ കത്ത് ലഭിക്കുകയും വേണം. ഇതിനാല്‍ രേഖകളില്‍ കാരണം 'അഞ്ജാതം' എന്നാണ് സ്വാഭവിക മരണങ്ങള്‍ രേഖപ്പെടുത്തുക. ഇങ്ങിനെയുള്ള മൃതദേഹങ്ങള്‍ എയറിന്ത്യയും മറ്റ് വിമാനങ്ങളും ഇപ്പോള്‍ സ്വീകരിക്കുന്നില്ല. ഇതാണ് പ്രവാസികളെ അത്യന്തം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്‍ൈറന്‍ സര്‍ട്ടിഫിക്കറ്റ്, കൊഫിന്‍ സീലിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യമായി വരുന്നത്. ഇതില്‍ ആദ്യ രണ്ടെണ്ണത്തിലും മരണകാരണം രേഖപ്പെടുത്തേണ്ട കോളം ഉണ്ട്. ഇതില്‍ കാരണം കാണിക്കാത്ത മൃതദേഹങ്ങളാണ് എയറിന്ത്യ ഇപ്പോള്‍ നിരാകരിച്ചിരിക്കുന്നത്. 

പുതിയ ഉത്തരവ് വന്ന ദിവസങ്ങള്‍ക്കകം നാല് മൃതദേഹങ്ങള്‍ അയക്കാന്‍ കഴിയാതയത് വലിയ പ്രതിസന്ധി നേരിട്ടേക്കുമെന്നതിന്റെ മുന്നറിയിപ്പാണെന്ന് റോയല്‍ ഒമാന്‍ പോലിസിന് വേണ്ടി മൃതദേഹങ്ങള്‍ അയക്കുന്ന അല്‍ ഗുബ്‌റയിലെ അല്‍ ഇബ്ഹാര്‍ ട്രാവല്‍ ആന്റ് ടൂറിസം കമേഴ്‌സ്യല്‍ മാനേജര്‍ സുരേഷ്‌കുമാര്‍ പറഞ്ഞു. എല്ലാ ഗള്‍ഫ് രാജ്യങ്ങളും സമാനമായ  പ്രതിസന്ധി നേരിടേണ്ടിവരും. ഈയിടെ സംഭവിച്ച പല മരണങ്ങളും കാരണം രേഖപ്പെടുത്താന്‍ കഴിയുന്നതായിരുന്നു. അതുകൊണ്ടാണ് അവ യഥാസമയം അയക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

(24..07...13)

Wednesday, July 24, 2013

ബഹലയില്‍ കടയില്‍ വന്‍ തീപിടുത്തം; എല്ലാം നഷ്ടപ്പെട്ട് മലയാളി സംഘം


മസ്‌കത്ത്: ബഹലയിലുണ്ടായ വന്‍ തീ പിടുത്തത്തില്‍ കാര്‍പെന്റെറി വര്‍ക്ക് ഷോപ്പും ഷോ റൂമും ജീവനക്കാര്‍ താമസിച്ച മുറികളും കത്തി നശിച്ചു. ബഹല ജിബ്രിന്‍ റോഡില്‍ സ്ഥതി  സ്വദേശിയുടെ മസ്‌റാത്ത് ജിബ്രീന്‍ ട്രേഡിംഗ് എന്ന കാര്‍പെന്റെറി വര്‍ക്ക് ഷോപ്പ് ആണ് രാത്രി ഉണ്ടായ തീ  പിടുത്തത്തില്‍ പൂര്‍ണ്ണമായി കത്തി നശിച്ചത്. വന്‍ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 

രാതി ഒന്‍പതോടെയാണ് തീ കണ്ടത്.  തീ അണക്കാന്‍  ജോലിക്കാര്‍ തന്നെ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. പത്ത് മിനിറ്റിനകം ആളിപ്പടരുകയും ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഫയര്‍ ഫോര്‍സിന് തീയണക്കാന്‍ കഴിഞ്ഞത്. ഫര്‍ണിച്ചര്‍ ഷോ റൂമും പുറകില്‍ വര്‍ക്ക് ഷോപ്പും ആയതിനാല്‍ വന്‍ നാശ നഷ്ടമാണ് കണക്കാക്കപെടുന്നത്. 13 മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ജോലിക്കാരുടെ താമസവും വര്‍ക്ക് ഷോപ്പിന്റെ സമീപത്താണ്. ജോലിക്കാരുടെ സാധന സാമഗ്രികളും പൂര്‍ണമായി അഗ്‌നിക്കിരയായി. ഉടുതുണി മാത്രമാണ് പലര്‍ക്കും ബാക്കിയായത്. ജോലിക്കാരില്‍ ചിലര്‍ നാട്ടില്‍ പോകാന്‍ വേണ്ടി വാങ്ങിയ സാധനങ്ങള്‍, മൊബൈല്‍ കമ്പ്യൂട്ടര്‍ തുടങ്ങി ശമ്പളം കിട്ടിയ പണം പോലും അഗ്‌നിക്കിരയായതായി തൊഴിലാളികള്‍ പറയുന്നു. ആളപായമില്ല.

തീപിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ടത് മലയാളികള്‍ക്കാണ്. രാത്രി പൊടുന്നനെ ആളിപ്പടര്‍ന്ന തീയില്‍ നിന്ന് തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. താമസ സ് സ്ഥലവും വ്‌സത്രങ്ങളും പണവുമെല്ലാം നഷ്ടമായ ഇവര്‍ സുഹൃത്തുക്കളുടെ സഹായത്താലാണ് ഇന്നലെ അന്തിയുറങ്ങിയത്. ഇവിടെ ആകെയുള്ള 16 ജോലിക്കാരില്‍ 13 പേരും മലയാളികളാണ്. മൂന്നുപേര്‍ തമിഴ്‌നാട് സ്വദേശികളും. ഇതില്‍ മൂന്ന് മലയാളികള്‍ അവധിക്ക് നാട്ടില്‍ പോയതാണ്. മറ്റുള്ളവര്‍ ജോലി കഴിഞ്ഞ് കടയോട് ചേര്‍ന്ന മുറിയില്‍ വിശമ്രിക്കുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായത്. രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം. കടയില്‍ പെയിന്റും മറ്റുമുണ്ടായിരുന്നതിനാല്‍ പത്ത് മിനിറ്റിനകം തീ ആളിപ്പടര്‍ന്നു. ഉടുത്തുനിന്നിരുന്ന വസ്ത്രങ്ങളുമായി എല്ലാവരും ഇറങ്ങിയോടി. അവര്‍ പുറത്തെത്തുമ്പോഴേക്ക് തീ ആളിപ്പടര്‍ന്നിരുന്നു. 

പുറത്തെത്തിയവര്‍ക്ക് ബാക്കി കിട്ടിയത് കൈയിലുള്ള സാധനങ്ങള്‍ മാത്രം. വസ്ത്രങ്ങളെല്ലാം കത്തിച്ചാമ്പലായി. ഒരാളുടേതൊഴികെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ കത്തിപ്പോയി. സിം സഹിതം. 13 പേരുടെയും ലേബര്‍ കാര്‍ഡും പോയി. വന്‍തുകയും സ്വര്‍ണാഭരണങ്ങളും നഷ്ടമായിട്ടുണ്ട്. ഇവയുടെ നഷ്ടം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. കണ്ണൂര്‍ സ്വദേശി ശ്രീജുവിന്റെ പാസ്‌പോര്‍ട്ട് കത്തി നശിച്ചു. ഭാഗ്യംകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് ശ്രീജു പയുന്നു. കണ്ണൂര്‍ സ്വദേശികളായ പ്രേമന്‍, റിനീഷ്, സുനീഷ്, അനൂപ്, വിനീഷ്, ചന്ദ്രകാന്ത് എന്നിവരാണ് ഇപ്പോള്‍ ഇവിടെ ജോലിചെയ്യുന്നത്. തമിഴ്‌നാട്ടുകാരായ രഘുനാഥന്‍, ഞ്ജാനസിംഗ്, നാഗരാജ് എന്നിവര്‍ കന്യകുമാരി സ്വദേശികളാണ്. 

(23...07...13)

മാലദ്വീപില്‍ ഗള്‍ഫാര്‍ ഐലന്റ്; നിക്ഷേപത്തിന് കമ്പനി


മസ്‌കത്ത്: ഗള്‍ഫാര്‍ നിക്ഷേപം ഇനി മാലദ്വീപിലും. ടൂറിസം മേഖല ശക്തമായ മാലദ്വീപില്‍ ഗള്‍ഫാര്‍ കമ്പനി ദ്വീപ് സ്വന്തമാക്കി. സാമ്പത്തികം, അടിസ്ഥാന വികസനം, ടൂറിസം എന്നീ മേഖലകളിലാകും മാല്‍ഡവീസിലെ ഗള്‍ഫാര്‍ നിക്ഷേപം. നിക്ഷേപവുമായി ബന്ധപ്പെട്ട് ഈയിടെ റിപ്പബ്ലിക് ഓഫ് മാല്‍ഡവീസ് പ്രസിഡന്റ് ഡോ. മുഹമ്മദ് വഹീദ് ഹസനുമായി ഗള്‍ഫാര്‍ എം.ഡി ഡോ. പി. മുഹമ്മദലി കൂടിക്കാഴ്ച നടത്തിയിരുന്നു. 150 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. 

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അരമണിക്കൂര്‍ ബോട്ട് യാത്രയുടെ ദൂരത്താണ് ഗള്‍ഫാര്‍ ഐലന്റ്. നിക്ഷേപത്തിനായി മാല്‍ഡവീസ് എംഫാര്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് എന്ന പേരില്‍ പുതിയ കമ്പനി രൂപവല്‍കരിച്ചു. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ഭൂപ്രകൃതിയാല്‍ സമ്പന്നമായ മാലദ്വീപില്‍ നിക്ഷേപ്പത്തിനുള്ള എല്ലാ അനുമതികളും കമ്പനിക്ക് ലഭിച്ചു. പരിസ്ഥിതി അനുമതിയും കിട്ടിക്കഴിഞ്ഞു. 300 കിടക്കകളുള്ള ദ്വീപാണ് എംഫാര്‍ നിര്‍മിക്കുക. ഇപ്പോഴുള്ളത് ഒറ്റ ദ്വീപാണ്. ഇതിനെ രണ്ടോ മൂന്നാ ദ്വീപുകളാക്കി  മാറ്റാനും അനുമതി ലഭിച്ചിട്ടുണ്ട്. എല്ലായിടത്തും ചേര്‍ന്നായിരിക്കും മൂന്നൂറ് മുറികള്‍ നിര്‍മിക്കുക. വില്ലകളും ചതുപ്പുകളില്‍ പൊയ്ക്കാലില്‍ നിര്‍മിക്കുന്ന കുടിലുകളുമാണ് നിര്‍മിക്കുക. സ്പാ അടക്കമുള്ള വിനോദ സൗകര്യങ്ങളുമുണ്ടാകും. മാല്‍ഡവീസിലെ ടൂറിസംവിപണിയിലെ സാധ്യതകള്‍ പ~ിക്കാന്‍ കെ.പി.എം.ജി.എസിനെ കമ്പനി ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി പ്രാവര്‍ത്തികമാക്കുക. റിസോര്‍ട്ടുകളുടെ സ്ഥാനവും മറ്റും നിശ്ചയിക്കുക ഇതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗള്‍ഫാര്‍ അധികൃതര്‍ അറിയിച്ചു. 

ലോകത്തെ ഏറ്റവും ചെറുരാജ്യങ്ങളിലൊന്നയ മാല്‍ഡവീസ് സമുദ്രനിരപ്പില്‍നിന്ന് 1.5 മീറ്റര്‍ മാത്രം ഉയരത്തിലുള്ള ഭൂ പ്രദേശമാണ്. പ്രധാന വ്യവസായ ഖേമല ടൂറിസമാണെങ്കിലും ഈ മേഖലയില്‍ രാജ്യം ശ്രദ്ധയൂന്നിയിട്ട് മൂന്ന് പതിറ്റാണ്ടേ ആയിട്ടുള്ളൂ. എന്നാല്‍ ആഭ്യന്തരോല്‍പാദനത്തിന്റെ 28 ശതമാനവും വിദേശനാണ്യത്തിന്റെ 60 ശതമാനവും ഇപ്പോള്‍ ടൂറിസം മേഖലയില്‍ നിന്നാണ്. സര്‍ക്കാറിന്റെ പ്രധാന വരുമാനവും ടൂറിസം തന്നെയാണ്. പ്രതിവര്‍ഷം ആറ് ലക്ഷം വിനോസ സഞ്ചാരികള്‍ രാജ്യത്തെത്തുന്നുണ്ടെന്നാണ് കണക്ക്. 

(23...07...13)

Tuesday, July 23, 2013

നാല്‍പതാം വയസ്സിലെ സ്വപ്‌നച്ചിറകുകള്‍

Oman's first airport.  foto in 1960

സീബിലെ ആകാശത്തിനിപ്പോള്‍ സ്വപ്‌നങ്ങളുടെ ചിറകുകളാണ്. ലോകത്തേക്കാകെ പറന്നുപരക്കാനുള്ള യന്ത്രപ്പറവകള്‍ക്ക് പുതിയ കൂടൊരുക്കുന്നതിന്റെ സ്വപ്‌നങ്ങള്‍. സര്‍ക്കസുകാരന്റെ കൂടാരംപേലെ കണ്ടുകണ്ടങ്ങിരിക്കെ അതവിടെ ഉയര്‍ന്നുപൊങ്ങുകയാണ്. നീലാകാശം മേലാപ്പിടുന്ന ആ മോഹക്കൂട്ടിലേക്ക് പറന്നിറങ്ങാന്‍ ലോകമാകെ കാത്തിരിക്കുന്നുണ്ട്. ഒരുരാജ്യത്തിന്റെ വ്യോമ സങ്കല്‍പങ്ങള്‍ക്ക് അത് പുതിയ ചിറകേകും. ആകാശ യാത്രകളുടെ സകീര്‍ണതകളൊഴിഞ്ഞ വഴികള്‍ സഞ്ചാരികളാല്‍ നിറയും. മരുഭൂമിപോലെ പടര്‍ന്നുകിടക്കുന്ന മണല്‍പരപ്പുകളില്‍ സാമൂഹ്യ വികാസത്തിന്റെ പുതിയ ചക്രവാളങ്ങള്‍ പണിയും. ഇതൊരു നാടിന്റെ പകല്‍ക്കിനാവല്ല. നാല്‍പതാണ്ട് മുമ്പ് കണ്ട സ്വപ്‌നങ്ങളുടെ തനിയാവര്‍ത്തനമാണ്. അതിന്റെ സാഫല്യങ്ങളില്‍നിന്ന് കെട്ടിപ്പടുത്ത പുതുമോഹങ്ങളുടെ സാകല്യമാണ്.

റൂവിയിലെ താഴ്‌വാരം

റൂവിയിലെ വാദിയുടെ ഒരറ്റത്ത് അടുത്തകാലം വരെ അടര്‍ന്നിളകിയ നേര്‍ത്തൊരു ടാറുറോഡിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഒരുകാലത്ത് ഒമാനിലേക്കുള്ള വിമാനങ്ങള്‍ കുതിച്ചുപൊങ്ങാന്‍ ഓടിത്താണ്ടിയ വഴികളായിരുന്നു അത്. പണ്ട് വിമാനം വന്നിറങ്ങിയേടത്ത് ഇപ്പോള്‍ മഴക്കാലത്തെ കലക്കവെള്ളം കടത്തിവിടാനുള്ള ഓവുചാലാണ്. ചരിത്രത്തിലിതൊരു വിമാനത്താവളമായിരുന്നു എന്ന് സങ്കല്‍പിക്കാന്‍പോലും കഴിയാത്ത വിധം ആ പ്രദേശമാകെ രൂപംമാറിയിരിക്കുന്നു. ഇന്ന് വാണിജ്യ കേന്ദ്രങ്ങളും താമസക്കെട്ടിടങ്ങളും ഉയര്‍ന്നുനില്‍ക്കുന്ന നഗരഹൃദയത്തിലൂടെയായിരുന്നു ആ ടാര്‍റോഡ് നീണ്ടുപോയത്. അവിടെയാണ് ഒമാനിലേക്കുള്ള ആദ്യകാല വിമാനങ്ങള്‍ വന്നിറങ്ങിയത്. അവിടെ നിന്നാണ് പഴയ ഒമാന്‍ ലോകത്തേക്ക് ആകാശച്ചുവടുവച്ചത്.

റുവിയിലെ ഈ വിമാനത്താവളത്തിന് ആ പ്രദേശത്തിന്റെ സ്ഥലപ്പേര് തന്നെയായിരുന്നു -ബൈത്തുല്‍ ഫലജ്. ഒമാനിലെ ഒന്നാം വിമാനത്താളവം. നിര്‍മാണം പൂര്‍ത്തിയായത് 1929ല്‍. സുല്‍ത്താന്‍ ഭരണത്തിന്റെ മൂന്നാം തലമുറയായിരുന്നു അന്ന് നാട് ഭരിച്ചിരുന്നത്. ഇന്ന് കാണുന്ന വിമാനത്താളവങ്ങളോട് ചേര്‍ത്ത് അതിനെ സങ്കല്‍പിക്കാനേ കഴിയില്ല. വിമാനങ്ങള്‍ക്ക് കഷ്ടിച്ച് വന്നിറങ്ങാവുന്ന വളരെ നേര്‍ത്ത ഒരു വഴി. ഒട്ടും വീതിയില്ലാത്ത ഒരു തുണ്ട് സ്ഥലം. അതുതന്നെയായിരുന്നു പരമാവധി സൗകര്യം. സൈനികാവശ്യങ്ങള്‍ക്കായാണ് അന്നത് തുറന്നത്. അതിനാല്‍ അത്രസൗകര്യം തന്നെ അധികമായിരുന്നിരിക്കണം. പിന്നീട് പെട്രോളിയം ഡിവലപ്‌മെന്റ് ഒമാന്‍ കമ്പനി എന്ന എണ്ണ ഉല്‍പാദകര്‍ കൂടി വിമാനത്താവളം ഉപയോഗിച്ചുതുടങ്ങി. സൈനിക വ്യോമ വാഹനങ്ങള്‍ക്കുപുറമേ ഇവരുടെ വിമാനങ്ങളാണ് ഇവിടെ ആദ്യമിറങ്ങിയിരിക്കുക. എന്നാല്‍ എണ്ണക്കമ്പനിക്കും ഒമാനിന് പുറത്തേക്കുള്ള യാത്രകളുണ്ടായിരുന്നില്ല. ഫഹൂദിലും ഖുറുല്‍ അലാമിലുണ്ടായിരുന്ന എണ്ണപ്പാടങ്ങള്‍ക്കും മസ്‌കത്തിനുമിടയില്‍ അവ പറന്നൊതുങ്ങി.


airport @ 1970
യാത്രാവിമാനങ്ങള്‍ക്ക് വന്നിറങ്ങാന്‍ പറ്റാത്തത്രയും ചെറുതായിരുന്നു ബൈത്തുല്‍ ഫലജ്. നേര്‍ത്ത റണ്‍വേയില്‍ വിമാനമിറക്കുക അന്നത്തെ ക~ിന പരീക്ഷണങ്ങളില്‍ ഒന്നായിരുന്നുവത്രെ. അത്യന്തം അപകടകരമായ ലാന്റിംഗും ടേക്കോഫും പുറം വിമാനങ്ങളെ ഇവിടെ നിന്നകറ്റി. വിമാനത്താളവത്തിന് ചുറ്റും ഉയര്‍ന്നുനിന്നിരുന്ന കൂറ്റന്‍ മലകള്‍ അപകട സാധ്യതക്ക് കരുത്തുകൂട്ടി. എങ്കിലും മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ആദ്യ യാത്രാ വിമാനമിറങ്ങി. ഗള്‍ഫ് എയറിന്റെ ഡി.സി 3 വിമാനം. 1960ല്‍ ആയിരുന്നു അത്. പത്ത് വര്‍ഷത്തിന് ശേഷം ബ്രിട്ടീഷ് എയര്‍ലൈന്‍സും പാക്ക് എയര്‍ലൈന്‍സും യാത്രാവിമാനങ്ങളിറക്കി. ഇവ ഭാഗിക സര്‍വീസുകളായിരുന്നെങ്കിലും ഇതില്‍ പിന്നെയാണ് സ്ഥിരം യാത്രാവിമാനങ്ങളുടെ പട്ടികയില്‍ മസ്‌കത്ത് ഇടം നേടിയത്. ഉപകരണങ്ങള്‍ മുതല്‍ ഓഫീസ് വരെ എല്ലാം അത്യന്തം പരിമതിമായിരുന്നു അന്നിവിടെ. എങ്കിലും കമ്യൂണിക്കേഷന്‍ കേന്ദ്രം, കസ്റ്റംസ് ഓഫീസ്, പാര്‍ക്കിംഗിനും അറ്റകുറ്റപ്പണിക്കുമുള്ള ഷെഡ് എന്നിവയുണ്ടാക്കിയിരുന്നു.

സീബിലേക്ക് പറന്ന പക്ഷി

സുല്‍ത്താന്‍ ഖാബൂസ് ഭരണമേറ്റെടുത്തതിന് പിന്നാലെ ഒമാനിന്റെ ആകാശ യാത്രക്ക് പുതിയ വേഗവും താളവും വന്നു. പുതിയ ഭരണാധികാരിയുടെ ആദ്യ തീരുമാനങ്ങളിലൊന്നുതന്നെ വിമാത്താവളത്തിന്റെ ചുവടുമാറ്റമായിരുന്നു. മസ്‌കത്തില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരെയുള്ള സീബാണ് ഇതിനായി തെരഞ്ഞെടുത്തത്. മൂന്ന് വര്‍ഷത്തിനകം സീബില്‍ പുതിയ വിമാനത്താവളമൊരുങ്ങി. 1973 ഡിസംബര്‍ 23ന് അത് യാത്രക്കാര്‍ക്കായി തുറന്നു. മസ്‌കത്തിലേക്കുള്ള പക്ഷികള്‍ പിന്നെ സീബില്‍ പറന്നിറങ്ങി. വലിയ വിമാനങ്ങള്‍ ആദ്യകാലത്തുതന്നെ ഇവിടെയെത്തി. ആദ്യവര്‍ഷം 87,200 യാത്രക്കാര്‍ സീബ് കടന്നുപോയി. അവിടുന്നങ്ങോട്ട് പ്രളയംപോലെ സഞ്ചാരികള്‍ വര്‍ഷാവര്‍ഷം ഒഴുകിയെത്തി. ഓമനിന്റെ ടൂറിസ-വ്യവസായ-വാണിജ്യ മേഖലകളില്‍ അത് വികാസത്തിന്റെയും വൈവിധ്യങ്ങളുടെയും പുതിയ ആകാശം തുറന്നുവച്ചു. 1977ല്‍ സലാലയില്‍ ആഭ്യന്തര സര്‍വീസുകളുടെ താവളം തുറന്നു.

പത്താം വര്‍ഷം വിമാനത്താവളത്തില്‍ വലിയ നവീകരണങ്ങളുണ്ടായി. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും പുതിയ ടെര്‍മനിലുകള്‍ നിര്‍മിച്ചു. പുതിയ ട്രാന്‍സിറ്റ് ഹാള്‍ വന്നു. വിമാനത്താവളം പതിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പറക്കുകയായിരുന്നു അപ്പോള്‍. പിന്നെയും പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ അത്യാധുനിക സൗകര്യങ്ങളുള്ള കാര്‍ഗോ ടെര്‍മിനലുണ്ടായി. ഇതിന് പിന്നാലെയാണ് ഒമാന്‍ എയര്‍ സ്ഥാപിതമാകുന്നത്. രാജ്യത്തിന് സ്വന്തമായൊരു വിമാനക്കമ്പനി വന്നതോടെ താവളത്തിന്റെ വളര്‍ച്ചക്ക് വിമാനവേഗം കൈവന്നു. 1993ല്‍ തന്നെ ദുബൈ, ഇന്ത്യന്‍ സര്‍വീസുകള്‍ തുടങ്ങി. തിരുവനന്തപുരത്തേക്കുള്ള വിമാനം ഒമാന്‍ എയറിന്റെ ആദ്യ ഉപഭൂഖണ്ഡാന്തര സര്‍വീസുകൂടിയായിരുന്നു. 2003ല്‍ സലാലയില്‍നിന്നും അന്തരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങി. ഇവടേക്കെത്തിയ ആദ്യ വിദേശ വിമാനം എയറിന്ത്യയായിരുന്നു. 2004ല്‍, അതും കോഴിക്കോട്ടുനിന്ന്.


airport @ 1980
ഇതിനിടെ വിമാനത്താവള വികസനത്തില്‍ സ്വകാര്യ പങ്കാളിത്തമുണ്ടായി. ബ്രിട്ടീഷ് എയര്‍പോര്‍ട്ട് അഥോറിറ്റിയും ബഹ്‌വാന്‍ ട്രേഡിംഗ് കമ്പനിയും എ.ബി.ബി ഇക്വിറ്റി വെഞ്ച്വേഴ്‌സും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് വിമാനത്താവള മാനേജ്‌മെന്റ് ഏറ്റെടുത്തത്. മസ്‌കത്ത്, സലാല വിനത്താവളങ്ങളുടെ വികസനമായിരുന്നു ഇതിന്റെ ലക്ഷ്യം. അതിനായി ഒമാന്‍ എയര്‍പോര്‍ട്ട്  മാനേജ്‌മെന്റ് കമ്പനി (ഒ.എ.എം.സി) രൂപവല്‍കരിച്ചു. ഈ പരീക്ഷണം പക്ഷെ അത്ര വിജയകരമായില്ല. സാമ്പത്തിക പങ്കാളിത്തത്തില്‍ ധാരണയുണ്ടാക്കാനാകാതായതോടെ രണ്ട് വര്‍ഷത്തിന് ശേഷം ഒമാന്‍ സര്‍ക്കാര്‍ തന്നെ ഒ.എ.എം.സി ഏറ്റെടുത്തു. ആകാശവഴിയിലെ പുതിയ ചക്രവാളങ്ങളിലേക്ക് പറന്നകന്ന സീബ് വിമാനത്താവളത്തെ പുനര്‍നാമകരണത്തിലൂടെ ഒമാന്‍ അതിന്റെ പഴയ ചരിത്രത്തിലേക്ക് ചേര്‍ത്തുകെട്ടി. അഞ്ച് വര്‍ഷം മുമ്പായിരുന്നു അത്. റുവിയിലെ താഴ്‌വരയില്‍ തുടങ്ങിയ ചരിത്രം അങ്ങനെ വീണ്ടും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളമെന്ന പേരില്‍ പുതിയ കാലത്തിലേക്ക് പുനര്‍ജനിച്ചു.

പുതിയ ആകാശം, പുതിയ ഭൂമി

മസ്‌കത്ത് വിമാനത്താവളം ലോക സഞ്ചാരികളുടെ ഏറ്റവും തിരക്കേറിയ സംഗമ സ്ഥാനമാണിപ്പോള്‍. കഴിഞ്ഞ 12 വര്‍ഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തില്‍ അരക്കോടിയോളം വര്‍ധന. ആളെണ്ണം പ്രതിവര്‍ഷം ഉയരുക തന്നെയാണ്. വിമാനങ്ങളുടെ എണ്ണത്തിലും ചരക്ക് കടത്തിലും ഇതേതോതില്‍ വളര്‍ച്ചയുണ്ടായി. രണ്ടായിരത്തില്‍ 27.71 ലക്ഷമായിരുന്നു ഇതുവഴി വന്ന യാത്രക്കാര്‍. കടന്നുപോയത് 69,696 ടണ്‍ സാധനങ്ങളും 36,082 വിമാന സര്‍വീസുകളും. അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ അത് 37.78 ലക്ഷം സഞ്ചാരികളായി മാറി. 40,192 വിമാനങ്ങള്‍ വന്നുപോയി. 76,044 ടണ്‍ ചരക്കുകളും. 2010ല്‍ യാത്രക്കാര്‍ 57.51 ലക്ഷവും ചരക്ക് കടത്ത് 96,390 ടണ്ണും സര്‍വീസുകള്‍ 67,160ഉം ആയി മാറി. കഴിഞ്ഞവര്‍ഷം യാത്രക്കാര്‍ 75.46 ലക്ഷമാണ്. രണ്ടുകൊല്ലത്തിനിടെ കൂടിയത് ഏതാണ്ട് ഇരുപത് ലക്ഷം പേര്‍. ചരക്ക് കടത്ത് ലക്ഷം ടണ്‍ പിന്നിട്ടു. സര്‍വീസുകള്‍ മുക്കാല്‍ ലക്ഷത്തോളമെത്തിയിരിക്കുന്നു. രണ്ടായിരത്തോളം കാറുകള്‍ ഒരേസമയം നിര്‍ത്തിയിടാവുന്ന പാര്‍ക്കിംഗ് മേഖലയും ഇപ്പോഴുണ്ട്.


airport @ 1990

വിമാനങ്ങളുടെ കാര്യത്തിലും കാണാം ഇത്രതന്നെ വൈവിധ്യവും വികാസവും. ഒരാഴ്ചയില്‍ 727 സര്‍വീസുകളാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. അതില്‍ 424 എണ്ണവും ഒമാന്‍ എയര്‍ സര്‍വീസുകള്‍ തന്നെ. അതുകഴിഞ്ഞാല്‍ എയറിന്ത്യക്കാണ് സ്ഥാനം. എക്‌സ്പ്രസടക്കം നാല്‍പത് സര്‍വീസുകള്‍. ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വേസ് എന്നിവയടക്കം മുപ്പത് വിമാനക്കമ്പനികളാന് മസ്‌കത്തിലേക്ക് പറന്നിറങ്ങുന്നത്. ഇരുപത്തെട്ട് രാജ്യങ്ങളിലായി 58 കേന്ദ്രങ്ങളിലേക്ക് ഇവ തിരിച്ച് പറക്കുന്നുമുണ്ട്. ആഫ്രിക്ക, മിഡിലീസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ജി.സി.സി തുടങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ട് യാത്രാസംവിധാനം. ഇന്ത്യയില്‍ കേളരത്തിലെ മൂന്ന് വിമാനത്താവളങ്ങളടക്കം പന്ത്രണ്ട് കേന്ദ്രങ്ങള്‍. ലോകത്തെവിടെനിന്നും ഒമാനിലേക്കെത്താനും തിരിച്ചുപോകാനും കഴിയുംവിധം ക്രമീകരിച്ചിരിക്കുന്ന വ്യോമ ഗതാഗതത്തിനായി രാപകലില്ലാതെ ഇത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു.

ബൈത്തുല്‍ ഫലജിലെ മണ്‍പാതയില്‍ നിന്ന് സീബിലെ ആസ്ഫല്‍റ്റ് കോണ്‍ക്രീറ്റിലേക്കെത്താന്‍ അവികസിത ഒമാന് വേണ്ടിവന്നത് നാലുപതിറ്റാണ്ടായിരുന്നു. സീബിനുമിപ്പോള്‍ അതേ പ്രായമായിരിക്കുന്നു. നാല്‍പതാണ്ടിന്റെ ആയുസ് വാര്‍ധക്യത്തിലേക്കുള്ള വാതിലാണെന്നാണ് മനുഷ്യ സങ്കല്‍പം. മസ്‌കത്ത് വിമാനത്താവളത്തിന് പക്ഷെ ഈ പ്രായം തിരിച്ചുനല്‍കിയത് ഇരട്ടി യൗവ്വനമാണ്. ആകാശത്തുപറന്നും ഭൂമിയില്‍ പടര്‍ന്നും പന്തലിച്ച വിമാനത്താവളം ആ യൗവ്വന തീക്ഷ്ണതയില്‍ വളര്‍ച്ചയുടെ പുതിയ ദൂരവും ഉയരവും തേടുകയാണിപ്പോള്‍. സീബിലെ വിമാനത്താവളത്തിനോട് ചേര്‍ന്ന് അതിനുള്ള ഭൂമിയും ആകാശവും കണ്ടെത്തിക്കഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ ഇത് യാഥാര്‍ഥ്യമാകും. പുതിയ ചക്രവാളങ്ങളില്‍ പുതിയ പുതിയ സൂര്യോദയങ്ങള്‍ മോഹിക്കുന്ന ഒരുനാടിന്റെ നാലോരങ്ങളിലും നാല്‍പതാം വയസില്‍ നാമ്പെടുത്ത സ്വപ്‌നങ്ങളുടെ ചിറകുകളിലേറിയാണ് ഒമാന്‍ ഇതിലേക്ക് സഞ്ചരിക്കുന്നത്.

(23...07...13  Oman renaissance day Special Issue)

Saturday, July 20, 2013

ഒമാനിലെ വിദേശ വിവാഹങ്ങളില്‍ 35 ശതമാനം വേര്‍പിരിയുന്നു

മസ്‌കത്ത്: ഒമാനില്‍ നടക്കുന്ന വിദേശ വിവാഹങ്ങളില്‍ മുപ്പത്തഞ്ച് ശതമാനം വേര്‍പിരയുന്നു. ഒമാനികളും വിദേശ സ്ത്രീകളും തമ്മിലുള്ള വിവഹത്തിലാണ് വിവാഹമോചനത്തിന്റെ തോത് കൂടുതല്‍ കാണപ്പെടുന്നത്. അതേമയം ഒമാനി വനിതകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്‍മാരില്‍ നിന്ന് വിവാഹമോചനം തീരെ കുറവാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മാരേജ് ആന്റ് ഡിവോഴ്‌സ് ബുളറ്റിനിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ 2013ലെ ആദ്യ ഘട്ട റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

റിപ്പോര്‍ട്ട് കാലയളവില്‍ പതിനൊന്ന് പ്രവിശ്യകളിലായി ഒമാനില്‍ മൊത്തം 26,544 വിവാഹങ്ങളാണ് നടന്നത്. വിവാഹമോചനം 3,805 എണ്ണവും. ഇതില്‍ ഒമാനികള്‍ തമ്മിലുള്ള പരസ്പര വിവാഹം 25,768 എണ്ണമാണ്. ഇവര്‍ക്കിടയിലെ വിവാഹമോചനം 3,552 എണ്ണം മാത്രം. ഒരുവര്‍ഷത്തെ വിവാഹങ്ങളുടെ എണ്ണവും വിവാഹമോചനങ്ങളുടെ എണ്ണവും തമ്മിലെ അനുപാതം കണക്കാക്കിയാല്‍ 15 ശതമാനത്തില്‍ താഴെ മാത്രമാണിത്.

എന്നാല്‍ വിദേശ വിവാഹത്തില്‍ ഈ തോത് വളരെ ഉയര്‍ന്ന നിലയിലാണ്. 2011ല്‍ ഒമാനില്‍ നിന്നുള്ള 201 പുരുഷന്‍മാര്‍ വിദേശ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതേസമയത്ത് ഇങ്ങിനെ വിവാഹിതരായ 75 പേര്‍ വേര്‍പിരിഞ്ഞതായി കണക്കുകള്‍ പറയുന്നു. ഇത് ഏതാണ്ട് 40 ശതമാനം വരും. ജി.സി.സിയേതര രാജ്യങ്ങളിലെ വിദേശ സ്ത്രീകളുടെ കണക്കാണിത്. ജി.സി.സിയിലെ സ്ത്രീകളുമായുള്ള വിവാഹത്തിലും ഈ തോത് തന്നെയാണ് നിലനില്‍ക്കുന്നത്. വിവാഹം നടന്നത് 81 എണ്ണം. വേര്‍പിരിഞ്ഞവര്‍ 33. ജി.സി.സി രാഷ്ട്രങ്ങളിലേക്ക് വിവാഹം ചെയ്യപ്പെട്ട ഒമാനി സ്ത്രീകളുടെ കാര്യത്തിലും ഈ പ്രവണതയുണ്ട്. 2011ല്‍ ഇത്തരം 249 വിവാഹങ്ങള്‍ നടന്നപ്പോള്‍ 68 എണ്ണം വേര്‍പിരിഞ്ഞു. ഒമാനിലെ ഈ കാലയളവിലെ മൊത്തം വിദേശ വിവാഹം 776 ആണ്. മൊത്തം വിദേശ വിവാഹ വിവാഹമോചനം 253ഉം. ഇതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് വിദേശ സ്ത്രീ വിവാഹമോചനങ്ങള്‍. വിദേശികള്‍ ഒമാനി സ്ത്രീകളെ വിവാഹം ചെയ്യുന്നത് തിരിച്ചുള്ള വിവാഹ ബന്ധത്തെ അപേക്ഷിച്ച് കുറവാണ്. 2011ല്‍ ഇത്തരം 53 വിവാഹങ്ങള്‍ മാത്രമാണ് നടന്നത്. ഇതില്‍ വിവാഹമോചനങ്ങളുടെ എണ്ണവും തീരെ കുറവാണ് -വെറും ഏഴെണ്ണം.

ജി.സി.സി രാജ്യങ്ങളിലേക്ക് ഒമാനിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതാണ് വിദേശ വൈവാഹിക ബന്ധത്തില്‍ ഏറ്റവും അധികം. ഇത്തരം 249 വിവാഹങ്ങളാണ് റിപ്പോര്‍ട്ട് കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ ഏറ്റരുമധികം നടന്നിട്ടുള്ളത് നോര്‍ത്ത് ബതീന പ്രവിശ്യയിലാണ് -65 എണ്ണം. ബുറെമെിയില്‍ ഇത്തരം 52 വിവാഹങ്ങളുണ്ടായി. ദോഫാറില്‍ 39ഉം. വിദേശ വിവാഹങ്ങള്‍ ഏറ്റവുമധികം നടക്കുന്ന മസ്‌കത്തില്‍ പക്ഷെ ഈ വിഭാഗത്തില്‍ ആകെ 20 എണ്ണം മാത്രമേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളൂ. ഇതിന്റെ പകുതിയില്‍ താഴെ വിവാള്‍ങ്ങളാണ് ഒമാനിലെ പുരുഷനും ജി.സി.സി രാജ്യങ്ങളിലെ സ്ത്രീകളും തമ്മിലുണ്ടായിരിക്കുന്നത് -81 എണ്ണം. ഇതില്‍ മുന്നില്‍ ദോഫാര്‍ പ്രവിശ്യയാണ്. ഒമാനി പുരുഷനും വിദേശ സ്ത്രീയുമായി നടന്ന 201 വിവാഹങ്ങളില്‍ 105 എണ്ണവും നടന്നത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. ദോഫാറില്‍ 50 എണ്ണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹമോചനങ്ങള്‍ എറ്റവുമധികമുണ്ടായത് ദോഫാറിലാണ് -701 എണ്ണം. മസ്‌കത്തില്‍ 603 എണ്ണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും വിദേശികളായ 192 വിവാഹങ്ങള്‍ ഈ കാലയളവില്‍ ഒമാനില്‍ നടന്നിട്ടുണ്ട്. ഇതില്‍ 131 എണ്ണം മസ്‌കത്തിലാണ്. ദോഫാറില്‍ 27 എണ്ണവും ബുറൈമയില്‍ 21 എണ്ണവുമുണ്ട്. ഇത്തരം ദമ്പതികളില്‍ 70 വിവാഹം വേര്‍പിരിയുകയും ചെയ്തു. ഇതും കൂടുതല്‍ മസ്‌കത്തിലാണ് -43. മസ്‌കത്തിനൊപ്പം ദോഫാര്‍, ബുറൈമി, നോര്‍ത്ത് ബത്തീന, ശര്‍ഖിയ്യ പ്രവജശ്യകളാണ് വിദേശ വിവഹാഹങ്ങളിലും വിവാഹമോചനങ്ങളിലും മുന്നില്‍ നില്‍ക്കുന്നത്. (19..07..13)

Friday, July 19, 2013

നിര്‍മാണ കരാര്‍ അംഗീകാരം: നടപടികള്‍ ലളിതമാക്കുന്നു


മസ്‌കത്ത്: ഒമാനിലെ നിര്‍മാണ കരാറുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലളിതമാക്കുന്നു. ഒരു മില്ല്യണ്‍ റിയാലില്‍ കുടുതല്‍ തുകയുടെ കരാറുകള്‍ക്ക് മാത്രം ധനമന്ത്രാലയത്തിന്റെ അനുമതി തേടിയാല്‍ മതിയെന്ന നിലയില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഭരണ തലത്തില്‍ ധാരണയായിട്ടുണ്ട്. ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് ധനമന്ത്രി ഉറപ്പുതന്നതായി ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴ്‌സ് ചെയര്‍മാന്‍ ഡോ. പി.മുഹമ്മദലി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. 

നിലവിലെ നിയമപ്രകാരം ഒരു ലക്ഷം റിയാലിന് മുകളിലുള്ള എല്ലാ നിര്‍മാണ കരാറുകള്‍ക്കും ധനമന്ത്രാലയത്തിന്റെ അനുമതി വേണം. ഈ വ്യവസ്ഥയിലാണ് മാറ്റം വരുത്തുന്നത്. ഇനി ഒരു മില്ല്യണ്‍ റിയാലില്‍ കുറവുള്ള കരാറുകള്‍ അതത് മന്ത്രലായങ്ങള്‍ക്ക് അനുവദിക്കാം. ഈ വ്യവസ്ഥ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. കരാറുകളുണ്ടാക്കുന്നത് സംബന്ധിച്ച നിയമാവലി പരിഷ്‌കരിക്കുന്നുണ്ട്. പുതിയ നിയമാവലിയോടെ ഇത് നടപ്പാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചെറിയ കരാറുകളെ ധനമന്ത്രാലയത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ചെറുകിട ഇടത്തരം നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് വലിയ അനുഗ്രഹമാകും. കരാറുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ഇത് വേഗം കൂട്ടും. ചെറുകിട കമ്പനികള്‍ക്ക് എളുപ്പത്തില്‍ പണ ലഭ്യതയുണ്ടാകാനും ഇത് വഴിവക്കും. കരാറുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു ധനമന്ത്രാലയ അനുമതി. കരാറുകള്‍ അംഗീകരിച്ചുകിട്ടുന്നതില്‍ പലപ്പോഴും ഏറെ സമയം വേണ്ടിവന്നിരുന്നതും ഇതിനുതന്നെയാണ്. ചെറുകിട നിര്‍മാണങ്ങളെയും ഇടത്തരം പ്രവൃത്തികളെയും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്തിരുന്ന ചെറിയ കമ്പനികള്‍ക്കും ഇത് പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ പ്രയാസങ്ങള്‍ പരിഹരിക്കാനാണ ഇത് നടപ്പാക്കുന്നത്. രാജ്യത്തെ നിര്‍മാണ മേഖലയില്‍ വലിയതോതില്‍ മാറ്റങ്ങളുണ്ടാക്കും. അതിവേഗം പദ്ധതികള്‍ നിശ്ചയിക്കാനും പൂര്‍ത്തിയാക്കാനും കഴിയും. 

പുതിയ തീരുമാനം എന്ന് നടപ്പാക്കുമെന്ന് അറിയില്ലെങ്കിലും ഉടന്‍ നിലവില്‍ വുരമെന്നാണ് ധനമന്ത്രി ദര്‍വീഷ് അല്‍ ബലൂഷി ഉറപ്പുതന്നതെന്ന് പി. മുഹമ്മദാലി വ്യക്തമാക്കി. തീരുമാനം ചെറുകിട കമ്പനികള്‍ക്ക് വലിയ ആശ്വാസമാകും. നടപടികള്‍ വേഗത്തിലാക്കാനും ഫണ്ട് ഫേഌ ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് നിലവിലെ കരാറുകളിലുണ്ടായ ചിലവ് വര്‍ധന സര്‍ക്കാര്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴസ് കഴിഞ്ഞദിവസം ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

(18..07..13)

Thursday, July 18, 2013

മിനിമം വേതന വര്‍ധന: നിര്‍മാണ കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചു

മസ്‌കത്ത്: ഒമാനില്‍ സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് നിര്‍മാണ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരം തേടി കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചു. വേതന വര്‍ധന നിലവില്‍ വന്നതോടെ നേരേത്തയുണ്ടാക്കിയ കരാറുകളുടെ ചിലവ് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇത് ചെറുകിട, ഇടത്തരം നിര്‍മാണ കമ്പനികളെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് കോണ്‍ട്രാക്ടിംഗ് കമ്പനികളുടെ കൂട്ടായ്മയായ ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴ്‌സ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദലി (ഗള്‍ഫാര്‍), സെക്രട്ടറി ജനറല്‍ ആമിര്‍ സുലൈമാന്‍, സി.ഇ.ഒ സലീം ഷീദി എന്നവിരുടെ നേതൃത്വത്തില്‍ ഭരണകൂടത്തെ സമീപിച്ചത്.  ധനകാര്യമന്ത്രി ദര്‍വീഷ് ബിന്‍ ഇ്‌സമാഈല്‍ ബിന്‍ അലി അല്‍ ബലൂഷിയും അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ജാവയും ആയി ഇവര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി.

സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ കൂലി ഏതാനും വര്‍ഷങ്ങള്‍ക്കിടെ വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2011ല്‍ 220 റിയാല്‍ ആക്കി ഉയര്‍ത്തിയ കുറഞ്ഞ കൂലി, ഈ വര്‍ഷം ജൂലൈ മുതല്‍ 325 റിയാലായാണ് ഉയര്‍ത്തിയത്. പ്രവൃത്തി ദിനം ആറ് ദിവസമെന്നത് അഞ്ച് ദിവസമായി കുറക്കുയും ചെയ്തു. കൂലി വര്‍ധന ഉത്തരവ് വരുന്നതിന് മുമ്പ് നിലവില്‍ വന്ന കരാറുകളെ ഇത് വലിയ പ്രതിസന്ധിയിലാക്കി. അവയുടെ ആകെ ചിലവിന്റെ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടായി. ഇത് ചെറുകിട, ഇടത്തരം കമ്പനികളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുകയാണ്. ശമ്പളയിനത്തില്‍ അപ്രതീക്ഷിതമായ വര്‍ധനയാണ് ഇതുണ്ടാക്കിയത്. ചെറിയ കമ്പനികള്‍ പലതും നഷ്ടത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിവിശേഷവുമുണ്ടയിട്ടുണ്ട്.

പ്രവൃത്തി ദിനം കുറച്ചതോടെ കരാറുകള്‍ പൂര്‍ത്തിയാക്കാനുള്ള നിശ്ചിത സമയം പാലിക്കുന്നതിലും പ്രയാസമുണ്ടായി. സ്വദേശിവല്‍കരണം ഈ വര്‍ഷം 30 ശതമാനം എത്തിക്കണമെന്ന നിര്‍ദേശവും കമ്പനികളെ വലക്കുകയാണ്. പരിശീലനം സിദ്ധിച്ച സ്വദേശികളെ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. നിലവിലെ നിയമപ്രകാരം സ്വദേശിവല്‍കരണ തോത് 30 ശതമാനമാണ്. എന്നാല്‍ ഒരു കമ്പനിക്കും ഈ മാനദണ്ഡം പൂര്‍ത്തിയാക്കാന്‍ കിയുന്നില്ല. തൊഴില്‍ ശേഷിയുടെ അഭാവമാണ് ഇതില്‍ ഏറ്റവും ഗുരുതരം. ഉയര്‍ന്ന ശമ്പളം നല്‍കിയിട്ടും ഈ രംഗത്തേക്ക് സ്വദേശികള്‍ കൂടുതലായി എത്തുന്നില്ല.

ഇത്തരം വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ സൊസൈറ്റി നേതാക്കള്‍ ഉന്നയിച്ചത്. നാല് പ്രധാന നിര്‍ദേശങ്ങള്‍ ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സര്‍ക്കാറുമായി ബന്ധപ്പെട്ട കരാറുകാര്‍ക്ക് മിനിമം കൂലി വര്‍ധനമൂലമുണ്ടായ അധികച്ചിലവ് തിരിച്ചുനല്‍കുക എന്നതാണ് ഏറ്റവും പ്രധാന നിര്‍ദേശം. നിലവിലുള്ള കരാറുകളില്‍ മാത്രമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വന്ന അധികച്ചിലവ് തിരിച്ചുനല്‍കാന്‍ ഒമാനില്‍ വ്യവസ്ഥയുണ്ട്. കരാറുകാര്‍ക്ക് പണം നല്‍കുന്നതിനുള്ള സമയപരിധി ഇപ്പോള്‍ 60 ദിവസമാണ്. അത് പദ്ധതി പൂര്‍ത്തിയാക്കി 30 ദിവസത്തിനകം നല്‍കുന്ന വിധം പുഃനക്രമീകരിക്കണം എന്നതാണ് രണ്ടാമത്തെ നിര്‍ദേശം. സ്വദേശിവല്‍കരണത്തിന്റെ തോത് ഈ വര്‍ഷം 20 ശതമാനം ആക്കി കുറക്കണമെന്നതാണ് മറ്റൊരു ആവശ്യം. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ ലഭ്യമാകുന്ന മുറക്ക് ഇത് വര്‍ധിപ്പിക്കും. കരുതല്‍ ധനമായി കരാര്‍ കമ്പനികളില്‍ നിന്ന് പിടിച്ചുവക്കുന്ന തുക (റിറ്റന്‍ഷന്‍ മണി) ഒഴിവാക്കണം. നിര്‍മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തുക പിടിച്ചുവക്കുന്നത്. കരാര്‍ തുകയുടെ 2.5 ശതമാനം വരെ ഇങ്ങനെ മാറ്റിവക്കാറുണ്ട്. ഇതും ഒഴിവാക്കണമെന്ന ആവശ്യവും നിര്‍മാണ കമ്പനികള്‍ ഉന്നയിച്ചിട്ടുണ്ട്.

(17...07...13)

സമഗ്ര ആരോഗ്യ പദ്ധതി വരുന്നു; വൃദ്ധര്‍ക്ക് ചികില്‍സ വീട്ടുപടിക്കല്‍

മസ്‌കത്ത്: രാജ്യത്തെ വൃദ്ധര്‍ക്ക് ആരോഗ്യ ചികില്‍സാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് സമഗ്ര നയം വരുന്നു. എട്ടാം പഞ്ചവല്‍സര പദ്ധതിയില്‍ പെടുന്ന പരിപാടിയില്‍ 2015ഓടെ എഴുപത് ശതമാനം വയോജനങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അര്‍ഹരായവര്‍ക്ക് ചികില്‍സയും മറ്റ് ആരോഗ്യ സേവനങ്ങളും വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതടക്കം വിപുലമായ പദ്ധതികളാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്.

65 വയസ്സ് കഴിഞ്ഞവരെ രണ്ട് വിഭാഗങ്ങളായി തരം തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യപരമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവരും അല്ലാത്തവരുമായാണ് ഇവരെ തരംതിരിക്കുക. രണ്ട് വിഭാഗങ്ങള്‍ക്കും അനുയോജ്യമായ തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വൃദ്ധ ജനസംഖ്യയില്‍ 60 ശതമാനവും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് സര്‍ക്കാറിന്റെ സുരക്ഷാ പദ്ധതി വിഭാഗത്തിന്റെ കണക്ക്. 35 ശതമാനം പേര്‍ പലതരം രോഗങ്ങളുള്ളവരും ചികില്‍സ അനിവാര്യമായവരുമാണ്. അഞ്ച് ശതമാനം രോഗക്കടിക്കയില്‍ ആയവരും. രോഗക്കടിക്കയിലാവര്‍ക്ക് വേണ്ടി വന്‍ പദ്ധതിയാണ് ആവിഷ്‌കരിക്കുക. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്കും കഴിയുന്നവര്‍ക്കും പ്രത്യേകം പ്രത്യേകം പദ്ധതികളുണ്ടാകും.

രോഗക്കിടക്കിലയാവര്‍ക്കുള്ള ചികില്‍സാ ലഭ്യത ഇപ്പോള്‍ തീരെ കുറവാണ്. വെറും 3.2 ശതമാനം മാത്രം. ഇത് 70 ശതമാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വയോജനങ്ങള്‍ക്ക് ചികില്‍സ നല്‍കുന്ന സ്ഥാപനങ്ങളുടെ എണ്ണവും പരിതാപകരമാണ്. 6.6 ശതമാനം. ഇതിനെ 80 ശതമാനമെങ്കിലും ആക്കും.

വയോജന ആരോഗ്യ പദ്ധതിക്കായി വിപുലമായ രീതിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 11 മേഖലാ കോഡിനേറ്റര്‍മാരുണ്ട്. 184 നഴസുമാരെയും 73 ഫിസിയോതെറാപിസ്റ്റുമാരെയും വയോജന പദ്ധതിക്ക് ാേണ്ടി മാത്രം ഉടന്‍ നിയമിക്കും. 2015ല്‍ 80 ശതമാനം നഴസുമാരും വയോജനാരോഗ്യത്തില്‍ പരിശീലനം നേടിയവരാക്കും. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പൊതുജനാരോഗ്യ കേന്ദ്രങങളില്‍ ഫിസിയോ തെറാപ്പി യൂണിറ്റുകള്‍ ആരംഭിക്കും. ആരോഗ്യ സേവന ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കും.

ആരോഗ്യ കേന്ദ്രത്തിലെത്തി ചികില്‍സ ആരംഭിക്കുന്നത് തൊട്ട് വീട്ടുപടിക്കല്‍ ചികില്‍സയെത്തിക്കുന്ന പദ്ധതി നടപ്പാക്കും. ഇവരുടെ വീട്ടുസാഹചര്യവും മറ്റും പരിശോധിക്കാന്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം പരിശോധന നടത്തും.

(16..7..13)

ദോഫാര്‍, സോഹാര്‍ ബങ്കുകള്‍ ലയിക്കാന്‍ നീക്കം

മസ്‌കത്ത്: ഒമാനിലെ രണ്ട് പ്രമുഖ ബാങ്കുകളായ ബാങ്ക് ദോഫാറും ബാങ്ക് സോഹാറും ലയന നീക്കത്തില്‍. ഇതിനായി ബാങ്ക് ദോഫാര്‍, ബാങ്ക് സോഹാറിനെ സമീപിച്ചു. ലയന ചര്‍ച്ചകള്‍ക്കായി സോഹാറിനെ സമീപിക്കാന്‍ കഴഞ ദിവസം ചേര്‍ന്ന ദോഫാര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗണ് തീരുമാനിച്ചത്. ഇവ ലയിക്കുന്നതോടെ ഒമാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി ഇത് മാറും.

ലയനത്തിന് ഇരുബങ്കുകളും തമ്മില്‍ ധാരണയിലെത്തേണ്ടതുണ്ട്. പിന്നീട് ഒമാനിലെ ബന്ധപ്പെട്ട റഗുലറ്ററ്റി അഥോറിറ്റിയുടെ അനുമതി ലഭിക്കണം.  ലയനത്തോടെ ഒമാനിലെ സാമ്പത്തിക മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനകുമെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലോടെയുള്ള നടപടികള്‍ മാത്രമേയുണ്ടാകൂ എന്നാണ് ബാങ്കുകളുമായി ബന്ധപ്പെട്ടവരുടെ നിലപാട്. ലയനത്തിന് ബാങ്ക് ദോഫാറിന് വലിയ താല്‍പര്യമുണ്ട്. ഇതുവഴി രാജ്യത്തെ എറ്റവും വലിയ ബാങ്കിംഗ് ശൃംഖലയാകാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. ലയന താല്‍പര്യം മസ്‌കറ്റ് ഓഹരി വിപണിയെ ദോഫാര്‍ അറിയിച്ചിട്ടുമുണ്ട്.

ആസ്തിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ബാങ്ക് ദോഫാറിന് നാലാം സ്ഥാനവും ബാങ്ക് സോഹാറിന് അഞ്ചാം സ്ഥാനവുമാണുള്ളത്. മാര്‍ക്കറ്റ് വാല്യു അനുസരിച്ച് ഇത് യഥാക്രമം രണ്ടും ഏഴൂമാണ്. രണ്ടും ചേര്‍ന്നാല്‍ മൊത്തം 4.13 ബില്ല്യണ്‍ റിയാലാകും ആസ്തി. നിക്ഷേപത്തില്‍ ബാങ്ക് സോഹാറിന്റെ പ്രവര്‍ത്തനമികവ് അന്താരാഷട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അന്താരഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സിന്റെ 3B+ പദവി കഴിഞ്ഞയാഴച ലഭിച്ചിരുന്നു. ആറുവര്‍ഷം കൊണ്ട് വലിയ വളര്‍ച്ചയാണ് സോഹാര്‍ ബാങ്കിനുണ്ടായത്. ലാഭകരമായ പ്രവര്‍ത്തനവും സ്ഥിര വളര്‍ച്ചയുമുള്ള ബാങ്കിന് 2012ല്‍ 58 ശതാമനം വരുമാന വര്‍ധനയാണ് ഉണ്ടായത്. പ്രാദേശിക ബാങ്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇങ്ങനെ മജകച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന ബാങ്കുകളുടെ ലയനം ബാങ്കിംഗ് മേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.

(16..07..13)

മുഹമ്മദ് അബ്ദുല്ലയുടെ ഇഫ്താറിന് വിയര്‍പിന്റെ മാധുര്യം

 മസ്‌കത്ത്: മത്ര സൂഖിന്റെ വാതിലില്‍ റമദാനില്‍ ദിവസവും ഒരു നോമ്പുതുറയുണ്ട്. ഒമാനിയായ മുഹമ്മദ് അബ്ദുല്ല അല്‍ ബലൂശി വക. ഭക്ഷണം കൊണ്ടുവരുന്നതും അത് വിതരണത്തിന് തയാറാക്കുന്നതും വിളമ്പുന്നതുമെല്ലാം മുഹമ്മദ് അബ്ദുല്ല തന്നെ. ദിവസവും നൂറ്റമ്പതോളം പേരുടെ വിശപ്പാറ്റുന്ന ഈ ഇഫ്താറിന്റെ ചിലവ് വഹിക്കുന്നതും അദ്ദേഹം തന്നെ. അവിടെ നോമ്പ് തുറക്കാന്‍ വരുന്നരാകട്ടെ, മറ്റെങ്ങും കയറിയിരിക്കാന്‍ ഇടം കിട്ടാത്തവരും മറ്റിടങ്ങളിലേക്ക് പോകാന്‍ കഴിയാത്തവരുമായ സാധുക്കള്‍. അതിഥികളും ആതിഥേയരുമെല്ലാം ചേര്‍ന്നപ്പോള്‍ ഈ ഇഫ്താറിന് വിയര്‍പിന്റെ മാധുര്യമാണ്.

അല്‍ഖൂദില്‍ താമസിക്കുന്ന ഒമാനിയാണ് മുഹമ്മദ് അബ്ദുല്ല അല്‍ ബലൂശി. വാര്‍ധക്യത്തോടടുത്ത പ്രായം. മത്രയിലെ ചെരുപ്പ് വ്യാപാരി. തൊഴിലാളകിള്‍ക്കൊപ്പം ജീവിക്കുന്ന തൊഴിലുടമയുടെ അനുഭവങ്ങളാകാം മറ്റാരും കാണാത്ത നോമ്പുകാര്‍ക്കായി ഇത്തരമൊരു ഇഫ്താറിന് മുഹമ്മദ് അബ്ദുല്ലയെ പ്രേരിപ്പിച്ചത്. അല്‍ഖൂദിലെ വീട്ടിലാണ് ഇഫ്താറിനുള്ള വിഭവങ്ങള്‍ എല്ലാം തയാറാക്കുന്നത്. ഫ്രൂട്ട്‌സും പലഹാരങ്ങളുമെല്ലാം സഹിതം വിഭവ സമൃദ്ധമായ നോമ്പുതുറക്കുള്ള വിഭവങ്ങളുമായി വണ്ടിയില്‍ വൈകുന്നേരം നാല് മണിയോടെ മത്രയിലെത്തും. നോമ്പ് തുറക്കുള്ള സാധനങ്ങള്‍ പാത്രങ്ങളിലാക്കി വിതരണത്തിന് തയാറാക്കുന്നത് ഇവിടെ വച്ചാണ്. സഹായത്തിന് മുഹമ്മദ് അബ്ദുല്ലയുടെ കടയിലെ രണ്ട് തൊഴിലാളികളുണ്ടാകും. ഇതില്‍ മലയാളിയുമാണ് ^കാസര്‍കോട് സ്വദേശി മൂസ. സഹായികളുണ്ടെങ്കിലും എല്ലാത്തിനും മുമ്പില്‍ അബ്ദുല്ല തന്നെ. അബ്ദുല്ലയുടെ നോമ്പ് തുറയും ഇവര്‍ക്കൊപ്പമാണ്.

നോമ്പ് തുറ മാത്രമല്ല, അതിനൊപ്പം സുഭിക്ഷമായ ഭക്ഷണവും ഇവിടെയുണ്ട്. ദിവസവും ബിരിയാണി തന്നെ. എന്നാല്‍ ചിക്കനും മട്ടനുമൊക്കെയായി അത് മാറിക്കൊണ്ടിരിക്കും. ബിരിയാണി ഉണ്ടാക്കുന്നതും മുഹമ്മദ് അബ്ദുല്ലയുടെ വീട്ടില്‍ തന്നെ. കൊണ്ടുവരുന്നതും അദ്ദേഹം തന്നെ. രാത്രി തറാവീഹ് നമസ്‌കാരത്തിന് എത്തുന്നവര്‍ക്ക് വേണ്ടി കാവയും മുഹമ്മദ് അബ്ദുല്ലയുടെ വീട്ടില്‍ നിന്ന് വരുന്നുണ്ട്. ഫഌസ്‌കുകളില്‍ നിറച്ച് കൊണ്ടുവരുന്ന കാവ രാത്രയിലെ ആവശ്യക്കാര്‍ക്ക് ഒഴിച്ചുകൊടുക്കുന്നതും ഉടമ തന്നെ.

ഇവിടെ നോമ്പ് തുറക്കാന്‍ എത്തുന്നവരില്‍ മഹാഭൂരിഭാഗവും ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളാണ്. തന്റെ കടയിലെ തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കാനായി ഭക്ഷണം കൊണ്ടുവന്നുതുടങ്ങിയതാണ് മുഹമ്മദ് അബ്ദുല്ല. കാലങ്ങള്‍ കടന്നുപോയപ്പോള്‍ അത് അത്താണിയില്ലാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള വിഭമായി മാറി. ഇതിപ്പോള്‍ പത്ത് വര്‍ഷത്തിലധികം പിന്നിട്ടിരിക്കുന്നു. തുടക്കത്തിലെ നിശ്ചയം പോലെ തന്നെ ഇപ്പോഴും ഇവിടെ വരുന്നവരില്‍ മഹാഭൂരിഭാഗവും സാധാരണ തൊഴിലാളികാണ്. അധികവും ബംഗാളികളാണ്. ഒമാനികളും കുറവല്ല. ഇതില്‍ തന്നെ പകുതിയിലേറെ കയറ്റിറക്ക് ജോലിക്കാരാണ്. പിന്നെ അര്‍ബാന തൊഴിലാളികളും. അതുപോലുള്ള, വണ്ടികയറി സമീപത്തെ പള്ളികളിലേക്ക് പോലും പോകാന്‍ കെല്‍പില്ലാത്തവര്‍. തൊഴിലിടങ്ങളില്‍ നിന്ന് ദൂരേക്ക് മാറിപ്പോകാന്‍ പറ്റാത്തവര്‍. പണിസ്ഥലത്തുനിന്ന് വിയര്‍പ്പുമാറാത്ത ഉടലുമായി ഇഫ്താര്‍ വിരിപ്പിലേക്ക് കിതച്ചെത്തുന്നവര്‍. അതുകൊണ്ട് തന്നെയാണ് ഈ ഇഫ്താറിന് മധുരമിരിട്ടിക്കുന്നതും.

(15...7...13)

ചരിത്രത്തിലേക്ക് മുങ്ങിനിവര്‍ന്ന് ഒമാന്‍ വിദ്യാര്‍ഥി സംഘം

മസ്‌കത്ത്: മുങ്ങിക്കപ്പല്‍ മല്‍സരത്തില്‍ ഒമാന്‍ വിദ്യാര്‍ഥി സംഘത്തിന് ചരിത്ര നേട്ടം. അമേരിക്കയിലെ മേരിലാന്റില്‍ നടന്ന മല്‍സരത്തില്‍ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഏഴംഗ സംഘമാണ് ലോകത്തെ വിസ്മയിപ്പിച്ചത്. 12 റൗണ്ട് മല്‍സരത്തില്‍ 11ഉം വിജയകരമായി പൂര്‍ത്തയാക്കിയ ഒമാന്‍ മുങ്ങിക്കപ്പല്‍, നാലാം സ്ഥാനത്തെത്തുകയും ചെയ്തു. സര്‍വകലാശാലയിലെ മെക്കാനിക്കല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ഈ പരീക്ഷണത്തിന് 'സുല്‍ത്താന ll' എന്നാണ് പേരിട്ടിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ അറിവും വൈദഗ്ദ്യവും പ്രകടമാക്കാനായി സംഘടിപ്പിക്കുന്നതാണ് ഈ മല്‍സരം. മുങ്ങിക്കപ്പല്‍ രൂപകല്‍പന, നിര്‍മാണം, പ്രവര്‍ത്തനം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുക. അമേരിക്ക, ബ്രിട്ടണ്‍, കാനഡ തുടങ്ങി 24 രാജ്യങ്ങളാണ് ഇത്തവണ ഇതില്‍ പങ്കെടുത്തത്. 2013ലെ മല്‍സരത്തില്‍ പങ്കെടുക്കാനായി രൂപകല്‍പന ചെയ്തതാണ് സുല്‍ത്താന ll. ഏതാണ്ട് രണ്ട് വര്‍ഷമെടുത്തു ഇത് പൂര്‍ത്തിയാകാന്‍. രണ്ട് സംഘങ്ങളാണ് ഇതിനായി പ്രവര്‍ത്തിച്ചത്. അഞ്ച് പേര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും രണ്ട് മെക്കാട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും.

മല്‍സരത്തില്‍ പങ്കെടുത്ത മുങ്ങിക്കപ്പലുകളില്‍ മികച്ച പ്രവര്‍ത്തന സ്ഥിരതയും അതിവേഗവും പ്രകടമാക്കാന്‍ സുല്‍ത്താന llന് കഴിഞ്ഞു. സുല്‍ത്താന l നേക്കാള്‍ 25 ശതാമനം വേഗതയും ഇരട്ടിപ്രവര്‍ത്തനക്ഷമതയും അനുഭവപ്പെട്ടതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജമീല്‍ അബ്ദു പറഞ്ഞു. സുല്‍ത്താന l ഫൈബര്‍ ഗ്ലാസുകൊണ്ട് നിര്‍മിച്ചതായിരുന്നു. 125 കിലോ ഭാരം. എന്നാല്‍ സുല്‍ത്താന ll കാര്‍ബണ്‍ ഫൈബര്‍കൊണ്ട് നിര്‍മിച്ചതോടെ ഭാരം വെറും 30 കിലോയാക്കി കുറക്കാന്‍ കഴിഞ്ഞു. ഭാരം കുറഞ്ഞത് വേഗം കൂട്ടാന്‍ സഹായിച്ചു. പബ്ലിക് അഥോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സിന്റെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്.

സലിം സുല്‍ത്താന്‍ അല്‍ മഅ്മരി, നവാഫ് ഹുസെന്‍ അല്‍ ബലൂശി, ഇയാദ് ഹാഷിം അല്‍ ബലൂശി, ഹംസ സലിം അല്‍ മഹ്‌റൂഖി, മുഹമ്മദ് ഹമദ് അല്‍ മഹ്‌റൂഖി, റാഷിദ് നസര്‍ അല്‍ ഷബീബി, സഈദ് ഹിലാല്‍ അല്‍ ജാബ്‌രി എന്നിവരാണ് വിദ്യാര്‍ഥി സംഘത്തിലുണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിലെ എന്‍ജിനീയറിംഗ് പാറ്റേണും രൂപകല്‍പനകളും ഇതിലൂടെ പ~ിക്കാന്‍ കഴിഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

(14.7..13)

യാത്രാ രേഖകളില്ലാത്ത ഇന്ത്യന്‍ സംഘം റൂവിയില്‍ തമ്പടിച്ചു

മസ്‌കത്ത്: വിസയും ലേബര്‍ കാര്‍ഡുമടക്കമുള്ള യാത്രാ രേഖകളില്ലാതെ ഒമാനില്‍ തങ്ങുന്ന 50 ലധികം ഇന്ത്യക്കാര്‍ നാടണയാന്‍ മാര്‍ഗ്ഗം തേടുന്നു. റൂവി ക്ലോക് ടവറിനും പരിസരത്തുമായി തമ്പടിച്ചിരിക്കുകയാണിവര്‍. ഭൂരിജഭാഗവുാ ആന്ദ്രപ്രദേശുകാരാണ്. ഇവിടെ ദുരിത ജീവിതം തള്ളി നീക്കുന്ന ഇവര്‍ക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ്. പലരും രോഗികളാണ്. ചിലര്‍ വിസക്ക് വന്‍ സംഖ്യ നല്‍കി ഒമാനിലെത്തി വഞ്ചിക്കപ്പെട്ടവരുമാണ്. അനധികൃതമായി ഒമാനില്‍ തങ്ങുന്ന ഇവര്‍ രണ്ട് മൂന്ന് വര്‍ഷമായി നാടണയാന്‍ ശ്രമങ്ങള്‍ നടത്തുന്നെങ്കിലും വിജയിക്കുന്നില്ല. ചിലര്‍ ഒമാന് പുറത്ത് കടക്കാന്‍ ്രശമിച്ചെങ്കിലും പരാജയപ്പെട്ടു.

മാരകമായ ചര്‍മരോഗം പിടിപെട്ട് കാലിന് പഴുപ്പ് ബാധിച്ച മന്ദ രാജേശ്വരന്‍ ചികിത്സക്ക് വകയില്ലാതെ ഉഴലുകയാണെന്ന് സമൂഹിക ്രപവര്‍ത്തകര്‍ പറയുന്നു. 50 കാരനായ ഇദ്ദേഹം ്രപമേഹ രോഗിയുമാണ്. അസുഖം ബാധിച്ചതിനാല്‍ നിത്യജീവിതം തള്ളിനീക്കാന്‍ പോലും ്രപയാസപ്പെടുന്നു. 2006ല്‍ ഒമാനില്‍ നിയമാനുസൃതമായെത്തിയ ഇദ്ദേഹം നാല് മാസം കമ്പനിയില്‍ ജോലി ചെയ്തതിന് ശേഷം ഒളിച്ചോടുകയായിരുന്നു. നാട്ടില്‍ 80,000 രൂപ ഏജന്റിന് നല്‍കിയാണ് ഇദ്ദേഹം ഒമാനിലെത്തിയത്. എന്നാല്‍ 12മണിക്കൂര്‍ ജോലിക്ക് 39 റിയാലാണ് മാസാന്ത ശമ്പളം കിട്ടിയിരുന്നത്. ഇതിനാലാണ് നാല് മാസത്തിന് േശഷം കമ്പനിയില്‍ നിന്ന്  പുറത്ത് ചാടിയത്. പിന്നീട് വിവിധ നിര്‍മാണ കമ്പനികളില്‍ ദിവസ കൂലക്ക് ജോലി ചെയ്യുകയായിരുന്നു. ഇത് കൊണ്ട് നാട്ടിലേക്ക് പണമയക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും സമ്പാദ്യമൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ രോഗം ബാധിച്ചതിനാല്‍ നാട്ടിലേക്ക് തിരിക്കുക മാ്രതമെ മാര്‍ഗ്ഗമുള്ളൂവെന്ന് രാജേശ്വരന്‍ പറയുന്നു. ഇദ്ദേഹത്തിന് അടിയന്തിര ശസ്്രത ്രകിയ ആവശ്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടറും സാക്ഷ്യപ്പെടുത്തുന്നു.

ഒരു ലക്ഷിത്തി ഇരുപതിനായിരം ഇന്ത്യന്‍ രൂപ വിസക്ക് നല്‍കി ഒമാനിലെത്തിയ 35 കാരനായ മറ്റൊരു ആന്ദ്ര സ്വദേശി നാട്ടില്‍ പോവാന്‍ കഴിയാതെ ഉഴലുകയാണ്. 2008ല്‍ ഒമാനിലെത്തിയ ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ആരും വിമാനത്താവളത്തില്‍ പോലും എത്തിയില്ല. ഒരിക്കല്‍ പോലും സ്‌പോണ്‍സറെ കണ്ടിട്ടില്ലാത്ത ഇദ്ദേഹത്തിന് ഇപ്പോള്‍ നാട്ടില്‍ പോണമെങ്കില്‍ 1,800 റിയാല്‍ പിഴ അടക്കണം. 2010 ല്‍ ഔട് പാസ് എടുത്തിരുന്നെങ്കിലും പോയില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇത്തരം കഥകളുമായി നിരവധി പേരാണ് ക്ലോക് ടവര്‍ പരിസരത്ത് തങ്ങുന്നത്. അധികൃതര്‍ പിടികൂടിയാല്‍ രക്ഷപ്പടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരും ഇതിലുണ്ട്.


(14...07,...13)

ഒമാനില്‍ ജി.സി.സി രാജ്യങ്ങളുടെ നിക്ഷേപം ഉയരുന്നു

മസ്‌കത്ത്: ഒമാനിലെ വിദേശ നിക്ഷേപകരില്‍ ജി.സി.സി രാജ്യങ്ങളുടെ പങ്കാളിത്തം ഉയരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ്  ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം മൊത്തം നിക്ഷേപത്തിന്റെ മുപ്പത് ശതമാനത്തോളം ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ നിന്നാണ്. 2010ല്‍ 24 ശതമാനമുണ്ടായിരുന്ന നിക്ഷേപ പങ്കാളിത്തം, തൊട്ടടുത്ത വര്‍ഷം 27 ശതമാനമായി ഉയര്‍ന്നു. റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്ന 2007^11 കാലയളവില്‍ ഇക്കാര്യത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.

2011ല്‍ ഒമാനിലുണ്ടായ ആകെ വിദേശ നിക്ഷേപം 5909.6 മില്ല്യണ്‍ റിയാലാണ്. ഇതിന്റെ 70 ശതമാനവും ഒമ്പത് രാജ്യങ്ങളില്‍ നിന്ന് മാത്രമാണ്. ഈ ഒമ്പത് രാജ്യങ്ങളില്‍ നാലെണ്ണവും ജി.സി.സി രാജ്യങ്ങളാണ്. യു.എ.ഇ, കുവൈത്ത്, ബഹറൈന്‍, ഖത്തര്‍ എന്നിവ. ഇവരുടെ ആകെ നിക്ഷേപം 1593.5 മില്ല്യണ്‍ റിയാല്‍ വരും. മൊത്തം ക്ഷേപകരില്‍ തന്നെ രണ്ടാം സ്ഥാനം യു.എ.ഇക്കാണ് ^980.8 മില്ല്യണ്‍ റിയാല്‍. 2011ല്‍ 228.2 മില്ല്യണ്‍ നിക്ഷേപിച്ച കുവൈത്ത് അഞ്ചാം സ്ഥാനത്താണ്. നിക്ഷേപകരില്‍ ആറും ഏഴും സ്ഥാനത്തുള്ള ബഹ്‌റൈനും ഖത്തറും യഥാക്രമം 211.6, 170.9 മില്ല്യണ്‍ റിയാല്‍ നിക്ഷേപിച്ചിട്ടുണ്ട്. വന്‍ തോതില്‍ നിക്ഷേപം നടത്തുന്ന യു.എ.ഇ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2009ല്‍ ചെറിയ കുറവുണ്ടായെങ്കിലും പിന്നീട് വലിയ വര്‍ധനയാണ് നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. മറ്റ് മൂന്ന് രാജ്യങ്ങളും ഇതേതോതില്‍ തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്.

2011ലെ മൊത്തം നിക്ഷേപത്തില്‍ 17 ശതമാനവും യു.എ.ഇയുടെയാണ്. തൊട്ട് മുന്‍വര്‍ഷം ഇത് 15 ശതമാനമായിരുന്നു. കുവൈത്തിന്റെ നിക്ഷേപം മൂന്ന് ശതമാനത്തില്‍ നിന്ന് നാലായി ഉയര്‍ന്നു. ബഹറൈനും ഖത്തറും രണ്ട് വര്‍ഷവും മൂന്ന് ശതമാനം വീതം പങ്കാളിത്തം നിലനിര്‍ത്തുന്നുണ്ട്. മിക്ക നിക്ഷേപക മേഖലയിലും യു.എ.ഇ ഒന്നാം സ്ഥാനത്തുണ്ട്. ഒമാനിലെ എണ്ണ ഉത്പാദന മേഖലയില്‍ ഉയര്‍ന്ന പങ്കാളിത്തമുള്ള ഏക ജി.സി.സി രാജ്യവും യു.എ.ഇ.യാണ്. 41.5 മില്ല്യണ്‍ റിയാലാണ് ഈ രംഗത്ത് യു.എ.ഇയുടെ പങ്ക്. മാനുഫാക്ചുറിംഗ് മേഖലയിലാണ് യു.എ.ഇ ഏറ്റവുമധികം നിക്ഷേപം നടത്തുന്നത് ^420.7 മില്ല്യണ്‍ റിയാല്‍. ധനകാര്യ മേഖലയിലാണ് പിന്നീട് കൂടുതല്‍ നിക്ഷേപം. ബഹ്‌റൈനും ഖത്തറും കൂടുതല്‍ നിക്ഷേപം നടത്തുന്നതും ഈ രംഗത്തുതന്നെ. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്താണ് കുവൈത്തിന്റെ കൂടുതല്‍ നിക്ഷേപവും.

മാനുഫാക്ചുറിംഗ് മേഖലയില്‍ ജി.സി.സി രാജ്യങ്ങളുടെ പൂര്‍ണ മേധാവിത്വമുണ്ട്. യു.എ.ഇ, സൗദി, ജോര്‍ദാന്‍, കുെൈവത്ത്, ബഹ്‌റൈന്‍ എന്നിവയാണ് ഈ രംഗത്ത് മുന്നിലുള്ള രാജ്യങ്ങള്‍. ധനകാര്യ മേഖലയാണ് ജി.സി.സി രാജ്യങ്ങളുടെ മറ്റൊരു പ്രധാന നിക്ഷേപ രംഗം. ഇതില്‍ ആദ്യ ഒമ്പത് രാജ്യങ്ങളില്‍ എട്ടെണ്ണം ഗള്‍ഫ് മേഖലയില്‍ നിന്നാണ്. റിയല്‍ എസ്‌റ്റേറ്റില്‍ ഏറ്റവും അധികം നിക്ഷേപമുള്ള രാജ്യം കുവൈത്താണ്. ഇക്കൂട്ടത്തിലും യു.എ.ഇ,  ഖത്തര്‍, ബഹ്‌റൈന്‍, സൗദി രാജ്യങ്ങളുണ്ട്. വ്യാപാര മേഖലയില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ യു.എ.ഇയും കുവൈത്തുമാണ്. 7 മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളില്‍ സൗദി, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവയുണ്ട്.  ഈ രംഗത്തെല്ലാം തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ നിക്ഷേപം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

(13..07..13)

ഒമാന്‍ എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും വര്‍ധന

മസ്‌കത്ത്: ഒമാനിലെ പ്രതിമാസ എണ്ണ ഉത്പാദനത്തില്‍ വര്‍ധന. മേയില്‍ ഉത്പാദിപ്പിച്ചതിനേക്കാള്‍ 4.49 ശതമാനം വര്‍ധന ജൂണില്‍ ഉണ്ടായതായി പ്രതിവാര സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കി. എണ്ണയും എണ്ണ സാന്ദ്രീകൃത ഉത്പന്നങ്ങളുടെയും ഉത്പാദനം പ്രതിദിനം 9,48,245 ബാരലാണ്. ജൂണില്‍ ആകെ 2,84,47,341ബാരലാണ് ഉത്പാദനം.

ജൂണില്‍ മൊത്തം 2,51,07,612 ബാരല്‍ ക്രൂഡോയില്‍ കയറ്റിയയച്ചിട്ടുണ്ട്. ശരശാരി പ്രതിദിന കയമതി 8,36,920 ബാരല്‍. ഇത് മുന്‍മാസത്തേക്കാള്‍ 3.22 ശതമാനം അധികമാണ്. ചൈനയിലേക്കാണ് ഏറ്റവുമധികം കയറ്റുമതി നടന്നിട്ടുള്ളത്. 61.64 ശതമാനം. രണ്ടാമത് തായ്‌വാനാണ്. എന്നാല്‍ ഇവിടേക്ക് വെറും 11.81 ശതമാനമാണ് കയറ്റിയക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ജൂണില്‍ നേരിയതോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ യു.എസ് ഓഹരി വിപണിയിലെ ഇടിവ് വില കുറയാന്‍ കാരണമായി. മാസാവസാനം ചെറിയ മാറ്റമുണ്ടായെങ്കിലും ഉയര്‍ന്ന വിലയില്‍ എത്തിയില്ല. ദുബൈ മെര്‍ക്കന്‍ൈറല്‍ എക്‌സേഞ്ചിിലും ഒമാന്‍ ക്രൂഡോയിലിന് വില കുറഞ്ഞിരുന്നു.

എന്നാല്‍ ഉത്പാദനത്തിലെയും കയറ്റുമതിയിലെയും വര്‍ധന ഒമാന്‍ സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉത്പാദനം ഇരട്ട സംഖ്യയിലെത്തി ^11.6 ശതമാനം. പണപ്പെരുപ്പ നിയന്ത്രണത്തിലും വലിയ മുന്നേറ്റമുണ്ടായതായും സെന്‍ട്രല്‍ ബാങ്ക് ബുള്ളറ്റിന്‍ പറയുന്നു. ഈ വര്‍ഷം ഏപ്രില്‍^ജനുവരി കാലയളവില്‍ പണപ്പെരുപ്പ നിരക്ക് 2.1 ശതമാനമായിരുന്നു. എന്നാല്‍ 2012ല്‍ ഈ കാലയളവില്‍ ഇത് 3.3 ശതമാനയിരുന്നു. ബാങ്കിംഗ് മേഖലക്കും ഇത് കരുത്ത് പകര്‍ന്നു.

വാണിജ്യ ബാങ്കുകളുടെ മൊത്തം ആസ്തി 9.5 ശതമാനം വര്‍ധിച്ചു. മേയില്‍ ഇത് 21.9 ബില്ല്യണ്‍ റിയാലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 മേയില്‍ ഇത് 20 ബില്ല്യണ്‍ റിയാലായിരുന്നു. വായ്പാ വിതരണത്തില്‍ 6.2 ശതാമനം വര്‍ധനവുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ മേഖലക്കുള്ള വായ്‌യില്‍ വലിയ കുറവുണ്ട്. ഇതില്‍ 16.9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയില്‍ 6.3 ശതമാനവും പൊതു സ്ഥാപനങ്ങള്‍ക്കുള്ള വായ്പയില്‍ 11.1 ശതമാനവും വര്‍നധുണ്ടായിട്ടുണ്ട്.

(13..07..13)

Saturday, July 13, 2013

ഒമാനിലെ വിദേശ നിക്ഷേപം: അമേരിക്ക പിറകോട്ട്; നിര്‍മാണ മേഖലയില്‍ ഇന്ത്യ


മസ്‌കത്ത്: ഒമാനിലെ വിദേശ അമേരിക്കന്‍ വിദേശ നിക്ഷേപത്തില്‍ വന്‍ കുറവ്. എണ്ണ^വാതക നിക്ഷേപ മേഖലയില്‍ നിക്ഷേപകരില്‍ മുന്നില്‍ ബ്രിട്ടണ്‍ തന്നെ. പതിറ്റാണ്ടുകളായി തുടരുന്ന ബ്രിട്ടീഷ് നിക്ഷേപ മേധാവിത്തത്തിന് ഇപേഴും ഇളക്കമില്ല. അതേസമയം നിര്‍മാണ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യയാണ് മുന്നില്‍. വ്യാപരത്തില്‍ മൂന്നാം സ്ഥാനവും ഇന്ത്യക്കുണ്ട്. 2007^2011പഞ്ചവല്‍സര പദ്ധതി കാലത്തെ വിദേശ നിക്ഷേപങ്ങളെ ആസ്പദമാക്കി സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ്  ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. 

2010ല്‍ മൊത്തം വിദേശ നിക്ഷേപത്തിന്റെ 16 ശതമാനം അമേരിക്കയുടേതായിരുന്നു. എന്നാല്‍ 2011ല്‍ അത് വെറും ഒമ്പത് ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനത്തിന്റെ കുറവ്. ഒമാനിലെ വിദേശ നിക്ഷേപകരില്‍ മൂന്നാം സ്ഥാാനത്താണ് അമേരിക്കയുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരായ ബ്രിട്ടണ്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനവും യു.എ.ഇ രണ്ട് ശതമാനവും നിക്ഷേപം വര്‍ധിപ്പിച്ചിരിക്കെയാണ് അമേരിക്കയുടെ ഈ പിന്നാക്കം പോക്ക്. നാലാം സ്ഥാനത്തുള്ള ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ അതേ നിലവാരം തുടരുകയാണ് ^നാല് ശതമാനം. എന്നാല്‍ നിക്ഷേപതുകയില്‍ വര്‍ധനയുണ്ട്. കുവൈറ്റില്‍നിന്നുള്ള നിക്ഷേപത്തിലും വര്‍ധനയുണ്ട്. 2010ല്‍ അമേരിക്കന്‍  നിക്ഷേപം 872.5 മില്ല്യണ്‍ റിയാലായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 517.4 മില്ല്യണ്‍ റിയാലില്‍ ഒതുങ്ങി. എന്നാല്‍ 1986.2 മില്ല്യണ്‍ റിയാലായിരുന്ന ബ്രിട്ടീഷ് നിക്ഷേപം 2287.7 മില്ല്യണ്‍ റിയാലായി ഉയര്‍ന്നു. യു.എ.ഇയുടേത് 801.3 മില്ല്യണ്‍ റിയാലില്‍ നിന്ന് 980.8 മില്ല്യണായും വര്‍ധിച്ചു. 224.9 മില്ല്യണായിരുന്നു 2010ല്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം. കഴിഞ്ഞവര്‍ഷം ഇത് 236.8 മില്ല്യണായി ഉയര്‍ന്നു. മൊത്തം 5909.6 മില്ല്യണ്‍ റിയാലാണ് ഒമാനിലെ വിദേശ നിക്ഷേപം. 58 രാജ്യങ്ങളില്‍ നിന്നയാണ് ഇത്രയും തുകയുടെ നിക്ഷേപം നടക്കുന്നത് എങ്കിലും ഇതിന്റെ 70.3 ശതമാനവും വെറും ഒമ്പത് രാജ്യങ്ങളില്‍ നിന്ന് മാത്രമായാണ് വരുന്നത്. 

മൊത്തം നിക്ഷേപങ്ങളില്‍ അമേരിക്കന്‍ സാന്നിധ്യം കുറയുകയാണെങ്കിലും എണ്ണ^വാതക മേഖലയില്‍ ബ്രിട്ടണ് പിറകേ രണ്ടാം സ്ഥാനത്ത് ഇപ്പോഴും അമേരിക്ക തന്നെയാണ്. ഈ രംഗത്ത് ബ്രിട്ടന്റെ 2011ലെ നിക്ഷേപം 2035.4 മില്ല്യണ്‍ റിയാലാണ്. തൊട്ടുമുന്‍വര്‍ഷം 1744.5 മില്ല്യണ്‍ റിയാലും. 2009ല്‍ ഇത് 1517.1 മില്ല്യണായിരുന്നു. 2007 മുതല്‍ ബ്രിട്ടന്റെ നിക്ഷേപത്തില്‍ തുടര്‍ച്ചയായി വര്‍ധനയുണ്ട്. അമേരിക്കയാണ് ഈ മേഖലയില്‍ രണ്ടാമത്. കഴിഞ്ഞവര്‍ഷം 421.7 മില്ല്യണ്‍ റിയാലാണ് നിക്ഷേപം. 2010ല്‍ ഇത് 788.9 മില്ല്യണ്‍ റിയാലായിരുന്നു. 2009ല്‍ 926.7 മില്ല്യണും. 2009 മുതല്‍ അമേരിക്കന്‍ നിക്ഷേപത്തില്‍ തുടര്‍ച്ചയായ കുറവാണ് അനുഭവപ്പെടുന്നത്. എണ്ണ നിക്ഷേപത്തില്‍ മൂന്നമാത് ചൈനയാണ്. ചൈന 2009^11 കാലയളവില്‍ യഥാക്രമം 41.5 മില്ല്യണ്‍, 54.3 മില്ല്യണ്‍, 51.6 മില്ല്യണ്‍ റിയാല്‍ നിക്ഷേപിച്ചിട്ടുണ്ട്. 


നിര്‍മാണ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യയാണ് ഇപ്പോള്‍ മുന്നില്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആദ്യ സ്ഥാനം ഇന്ത്യ നിലനിര്‍ത്തുന്നുണ്ട് എങ്കിലും യു.എ.ഇ ഈ മേഖലയില്‍ വലിയ കുതിച്ച് ചാട്ടമാണ് നടത്തുന്നത്. 30.6 മില്ല്യണ്‍ റിയാലാണ് ഇന്ത്യയുടെ നിക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഇത് തുടരുന്നുണ്ട്. എന്നാല്‍ 2010നേക്കാള്‍ ഏഴ് മില്ല്യണ്‍ റിയാലിന്റെ വര്‍ധന നിക്ഷേപത്തില്‍ വരുത്തിയ യു.എ.ഇ, അടുത്ത കൊല്ലത്തോടെ ഇന്ത്യയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ആകെ തുകയില്‍ ഇപ്പോള്‍ തന്നെ യു.എ.ഇ ഇന്ത്യയേക്കാള്‍ മുന്നിലാണ്. വ്യാപാര രംഗത്ത് ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്. ഇവിടെയും മുന്നില്‍ യു.എ.ഇ തന്നെ. 2007നെ അപേക്ഷിച്ച് ഇതില്‍ ഇന്ത്യന്‍ നിക്ഷേപത്തില്‍ വര്‍ധനയുണ്ടെങ്കിലും 2010നേക്കാള്‍ കുറവാണ്. 

(12..07..13)

ഒമാന്‍ റെയില്‍ പ്രാഥമിക രൂപകല്‍പന: കണ്‍സള്‍ട്ടന്‍സി ടെന്ററിന് അംഗീകാരം

മസ്‌കത്ത്: ഒമാന്‍ റയില്‍വേയുടെ ആദ്യഘട്ട രൂപകല്‍പനക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതിനുള്ള ടെന്ററിന് അംഗീകാരം. ഇന്നലെ ചേര്‍ന്ന ടെന്റര്‍ ബോര്‍ഡ് യോഗത്തില്‍ 1.35 കോടി ഒമാന്‍ റിയാലിന്റെ ടെന്ററാണ് അംഗീകരിച്ചിരിക്കുന്നത്. ഇതടക്കം മൊത്തം 2.88 കോടിയുടെ ടെന്ററുകള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. 

റയില്‍വേ പദ്ധതിക്ക് നിക്ഷേപകരെ കണ്ടെത്താന്‍ സെപ്തംബറില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കാന്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സെപ്തംബര്‍ 15, 16 തീയ്യതികളിലാണ് നിക്ഷേപക സംഗമം നടക്കുക. പദ്ധതിയുടെ രൂപരേഖ, നിര്‍മാണം, ഉല്‍പാദനം, പദ്ധതി നടത്തിപ്പ്, പരിശീലനം, അറ്റകുറ്റ പണി എന്നീ മേഖലകളിലാണ് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം ക്ഷണിക്കുന്നത്. 1061 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ആദ്യ ഘട്ട പദ്ധതിക്കുള്ളത്. പ്രാഥമിക രൂപകല്‍പനക്കുള്ള കണ്‍സള്‍ട്ടന്‍സിക്കായി സ്‌പെയിനിലെ സെനര്‍, ഇറ്റാല്‍ഫെര്‍, ദൊഹ്‌വ എന്‍ജിനീയറിംഗ്, എസ്.എന്‍.സി ലവ്‌ലിന്‍, ഓഡിംഗ് ഇന്‍ട്രേസ, ടെക്‌നികാസ് റിയൂനിഡാസ് തുടങ്ങിയവര്‍ മല്‍സര രംഗത്തുണ്ടായിരുന്നു. 

വിവിധ പ്രവിശ്യകളിലെ നീതിന്യാ മന്ത്രാലയങ്ങളിലേക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍ടെപുടുത്തുന്നതിന് 28 ലക്ഷം റിയാലിന്റെ യും കാലാവസ്ഥ പരിസ്തിഥി മന്ത്രാലയത്തിലേക്ക് 8.87 ലക്ഷം റിയാലിന്റെയും ടെന്റര്‍ അംഗീകരിച്ചിട്ടുണ്ട്. മസീറയില്‍ ജലശുദ്ധീകരണ കേന്ദ്രത്തിന് ഡീസല്‍ വിതരണം ചെയ്യുന്നതിന് 88 ലക്ഷം റിയാലിന്റെ പദ്ധതിയുണ്ട്. റുസൈല്‍ നിസ്‌വ ചരക്ക് റൂട്ട് അറ്റകുറപ്പണിക്ക് 7.8 ലക്ഷം റിയാലിന്റെ ടെന്റര്‍ അംഗീകരിച്ചു. ബിദ്ബിദ് മുതല്‍ ഇസ്‌കി വരെയാണ് ഇതില്‍ നിര്‍മാണം നടക്കുക. പബ്ലിക് അഥോറിറ്റി ഫോള്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് 6.48 ലക്ഷം റിയാലിന്റെ പദ്ധതിക്ക് അനുമതി നല്‍കി. ബര്‍ക മത്‌സ്യ വിപണന കേന്ദ്രത്തില്‍ ഇ വ്യാപാര സംവിധാനം ഏര്‍പെടുത്തും. ഇതിനുള്ള ടെന്ററിനും ബോര്‍ഡ് അംഗീകാരം നല്‍കി. ആരോഗ്യ വകുപ്പിലേക്ക് മരുന്ന് വിതരണം, ആരോഗ്യ ഉപകരണത്തിന്റെ സ്ഥിരം അറ്റകുറ്റപ്പണി, മുസാന്തം ജലശുദ്ധകീരണ പ്ലാന്റ് അറ്റകുറ്റപ്പണി, തുടങ്ങി മൊത്തം 14ടെന്ററുകളാണ് ബോര്‍ഡ് അംഗീകരിച്ചത്. 

പെന്‍ഷന്‍ ഫണ്ട് കെട്ടിടം, ഇബ്രിയിലെ റോഡ്, ഇബ്ര പവര്‍ പ്ലാന്റ്, സൂറിലെ വിവിധ റോഡുകള്‍, ജലാന്‍ ബൂ അലി പ്രവിശ്യയിലെ വിവിധ റോഡുകള്‍ എനിവയുടെ നിര്‍മാണങ്ങള്‍ക്കായുള്ള ആറ് ടെന്ററുകള്‍ ബോര്‍ഡ് യോഗത്തില്‍ തുറന്നു. യോഗത്തില്‍ ചെയര്‍മാന്‍ ഡോ. റഷീദ് ബിന്‍ അല്‍ സഫി അല്‍ ഹുറൈബി അധ്യക്ഷത വഹിച്ചു. 

(11...07...13)

അപകടം വാടക വീട്ടില്‍ തളച്ചിട്ട യുവാവിന് ഒമാനില്‍ നിന്ന് വന്‍തുകയുടെ നഷ്ടപരിഹാരം


മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ്, മരണമുഖത്തുനിന്ന് തിരിച്ചുവന്ന യുവാവിന് മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടപരിഹാരം. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും വിമുക്തനാകാത്ത ഇയാള്‍ ശാരീരിക അവശതകള്‍ കാരണം ജോലിചെയ്യാന്‍ പറ്റാതിരിക്കുകയാണ്. ഇതിനിടെയാണ് കൊച്ചിയിലെ വാടക വീട്ടിലേക്ക് ഈ ആശ്വാസ വാര്‍ത്തയെത്തുന്നത്. കൊച്ചി ടാറ്റാപുരത്ത് കാനാട്ടില്‍ പറമ്പില്‍ മനാഫി(32)നാണ് ഒമാന്‍ കോടതിയില്‍ നിന്ന് അപ്രതീക്ഷിത തുക നഷ്ടപരിഹാരമായി ലഭിച്ചത്. കൊച്ചിയില്‍ ഹൈക്കോടതിക്ക് പിറകില്‍ വാടക വീട്ടിലാണ് ഇപ്പോള്‍ ഇയാളും കുടുംബവും താമസിക്കുന്നത്.

20,200 ഒമാന്‍ റിയാല്‍ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. മനാഫിന്റെ സ്ഥിര വൈകല്യമായി കോടതി കണക്കാക്കിയിരിക്കുന്നത് 30 ശതമാനമാണ്. ഇതനുസരിച്ച് പ്രാഥമിക കോടതി 12,000 റിയാല്‍ നഷ്ട പരിഹാരത്തിന് നേരത്തേ വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ അഡ്വ. എം.കെ പ്രസാദ് നല്‍കിയ അപ്പീലിലാണ് ഇത്രയും തുക നഷ്ടപരിഹാരം ലഭിച്ചത്. ഒമാനില്‍ അപകട മരണത്തിന് നല്‍കുന്ന ബ്ലഡ്മണി പരമാവധി 15,000 റിയാലാണ്. ഇവിടെയുള്ള കീഴ്‌വഴക്കമനുസരിച്ച് ഇതിന്റെ മുപ്പത് ശതമാനമാണ് ഇയാള്‍ക്ക് ലഭിക്കുമായിരുന്നത്. എന്നാല്‍ നിലവിലെ കുടുംബ -സാമൂഹിക-സാമ്പത്തികാവസ്ഥയും ജോലിചെയ്യാന്‍ പറ്റാതായതുമെല്ലാം പരിഗണിച്ചാണ് കോടതി ഇത്രയും തുക അനുവദിച്ചത്. ഒമാനില്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാറില്ലെന്നും ഇത് അപൂര്‍വ സംഭവമാണെന്നും അഭിഭാഷകന്‍ അഡ്വ. പ്രസാദ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ആദ്യ കോടതിവിധിയോടെ മനാഫ് കേസ് നടപടികള്‍ അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍ പ്രസാദിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അപ്പീല്‍ നല്‍കിയത്. 

ഉപ്പയും ഉമ്മയുമടക്കം ഉറ്റവരാരുമില്ലാത്ത മനാഫിനെ ഭാര്യാസഹോദരന്‍ ഫിര്‍സാദാണ് ഒമാനിലേക്ക് കൊണ്ടുവന്നത്. ഗ്രാന്റ്മാളിലെ റഷ്യന്‍ കിച്ചണില്‍ ഡലിവറി ബോയ് ആയി ജോലി കിട്ടി. ശമ്പളം 100 റിയാല്‍. ഇവിടെ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു അപകടം. അല്‍ഖൂറിലെ ട്രാഫിക് സിഗ്‌നലില്‍ നില്‍ക്കേ വാഹനം പിറകില്‍ നിന്ന് വന്നിടിക്കുകയായിരുന്നു. അതിഗുരുതാരവസ്ഥയിലായ ഇയാളുടെ അപകട വിവരം ഫിര്‍സാദും സുഹൃത്തുക്കളും അറിഞ്ഞത് പിറ്റേന്നാണ്. കരള്‍ മുറിഞ്ഞുപോകകുയും രക്തസമ്മര്‍ദം കുറയുകയും ചെയ്ത്, ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞ നിലയിലലായിരുന്നു അപ്പോള്‍. പ്രവാസികള്‍ ദാനം ചെയ്ത 55 യൂണിറ്റ് രക്തമാണ് അന്ന് ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായത്. അപകടനില തരണം ചെയ്ത് ഏറെക്കുറെ രക്ഷപ്പെടുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ വൃക്ക പ്രവര്‍ത്തനം തകരാറിലായി. ഇതോടെ വീണ്ടും അപകടാവസ്ഥയിലേക്ക് മാറി.

വിദഗ്ദ ചികില്‍സക്ക് നാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാര്‍ വരെ പറഞ്ഞിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ അതിനനുവദിച്ചില്ല. ഒടുവില്‍ ഇവിടെ തന്നെ ചികില്‍സ തുടര്‍ന്നു. ഡിസംബര്‍ വരെ ഇവിടെ ആശുപത്രിയില്‍ കഴിഞ്ഞ മനാഫിനെ നില മെച്ചപ്പെട്ടപ്പോള്‍ നാട്ടിലേക്ക് മാറ്റി. നാട്ടില്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ വീണ്ടും ചികില്‍സ. കഴഞ്ഞ മാര്‍ച്ച് പകുതി വരെ ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് പുറത്തിറങ്ങി ജോലിക്ക് ശ്രമിച്ചു. നേരത്തേ ഒരു ജഡ്ജിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. വീണ്ടും ഡ്രൈവറായി തന്നെ തുടങ്ങി. പക്ഷെ, അപകടത്തിന്റെ ശേഷിപ്പുകള്‍ അതിനനുവദിച്ചില്ല. കാലില്‍ നീരുവന്ന് വാഹനം ഓടിക്കാന്‍ കഴിയാതായി. വീണ്ടും ചികില്‍സയിലേക്ക് മടങ്ങി. മൂത്രത്തില്‍ ഇപ്പോഴും രക്തത്തിന്റെ അംശങ്ങള്‍ കണ്ടുവരുന്നുണ്ട്. വണ്ടി ഓടിക്കാന്‍കൂടി കഴിയാതായതോടെ വീട്ടില്‍ നിസ്സഹായനായി കഴിയുകയാണ് മനാഫ്. ഫിര്‍സാദ് നല്‍കുന്ന സഹായമാണ് ഭാര്യ സജീനയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ നിലനിര്‍ത്തുന്നത്. ഈ ദുരിത ജീവിതത്തിലേക്കാണ് ഇപ്പോള്‍ ഒമാനില്‍ നിന്ന് അപ്രതീക്ഷിത സഹായമെത്തുന്നത്. 

(09..07..13)

Tuesday, July 9, 2013

നാടുകാണാത്ത ദശാബ്ദത്തിനറുതി; സോമന് നാട്ടിലേക്ക് വഴിതുറക്കുന്നു

മസ്‌കത്ത്: പത്ത് വര്‍ഷം നാടുകാണാന്‍ കഴിയാതെ മസ്‌കത്തില്‍ കുടുങ്ങിയ മലയാളി, പ്രവാസ ജീവിതം സമ്മാനിച്ച കൊടുംദുരിതങ്ങളുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നു. കൂടെ കൊണ്ടുപോകാന്‍ കണ്ണീരുവറ്റിയ ജീവിതവും തീരാരോഗങ്ങളും മാത്രം. വിയര്‍പ്പിന്റെ വില കവര്‍ന്നെടുത്ത സ്‌പോണ്‍സര്‍ക്ക് സമ്പാദ്യമത്രയും വിട്ടുകൊടുത്ത്, വെറും കൈയോടെയാണ് ഈ മടക്കം. മടങ്ങിച്ചെല്ലുന്നതാകട്ടെ അമ്മയും ചേട്ടനുമടക്കം ഉറ്റവര്‍ പലരുമില്ലാത്ത നാട്ടിലേക്കും. മാവേലിക്കരക്കടുത്ത് കോട്ടപ്പുറത്ത് മലയില്‍ സോമനാണ് വഞ്ചനയുടെയും പീഢനങ്ങളുടെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും അസമാനമായ ദുരനുഭവങ്ങളില്‍ നിന്ന് മോചിതനാകുന്നത്. മാവേലിക്കരയില്‍ എവിടെയാണ് വീടെന്ന ചോദ്യത്തിന് ഓര്‍മയില്‍ പരതി സോമന്‍ നിശ്ശബ്ദനായി. കൈവിട്ടുപോകുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ പിന്നെ നിസ്സഹായതയുടെ നെടുവീര്‍പ്. നിശബ്ദമായ ഈ നിലവിളിയിലുണ്ടായിരുന്നു അനുഭവങ്ങളുടെ മുറിവും മൂര്‍ച്ചയും. ശമ്പളയിനത്തിലും അല്ലാതെയും കിട്ടാനുള്ള ലക്ഷങ്ങളും പ്രാഥമിക കോടതി അനുവദിച്ച നഷ്ടപരിഹാരവും എല്ലാം ഇയാള്‍ ഇവിടെ ഉപേക്ഷിക്കുകയാണ്. അത് കിട്ടുംവരെ കാത്തുനില്‍ക്കാന്‍ വയ്യ. പലവട്ടം മരണം മുന്നില്‍കണ്ട ജീവിതം, അതുകിട്ടുന്ന ദിവസം വരെ നീങ്ങിയെത്തുമെന്ന പ്രതീക്ഷയുമില്ല. അതോടെ എല്ലാ കേസും പിന്‍വലിച്ച് മങ്ങുകയാണ്. യാത്രക്കുള്ള നടപടികള്‍ പൂര്‍ത്തിയായി. നാളെ വിമാനം കയറാമെന്ന് എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ച സന്തോഷത്തിലാണ് ഇയാളിപ്പോള്‍.

ഇരുപത് വര്‍ഷമായി മസ്‌കത്തില്‍ കഴിയുന്ന സോമന്‍, 2003 ജൂണില്‍ ആണ് ഇപ്പോഴത്തെ സ്‌പോണ്‍സറുടെ കീഴില്‍ റൂവി ഹോണ്ട റോഡില്‍ കോഫിഷോപ്പ് ഏറ്റെടുത്ത് നടത്താനെത്തുന്നത്. മൂത്ത മകള്‍ സ്വപ്‌നയുടെ വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസമായിരുന്നു ഈ വരവ്. സ്ഥാപനം ലഭിക്കന്‍ 2000 റിയാല്‍ നല്‍കി. മാസവാടക 120 റിയാല്‍. സ്‌പോണ്‍സര്‍ ഫീ 100 റിയാല്‍. കടയുടെ ലാഭമെല്ലാം സൗജന്യ ഭക്ഷണം വഴി സ്‌പോണ്‍സറുും സുഹൃത്തുക്കളും കൈാണ്ടുപോയി. ഒരു പങ്കാളിയെ കണ്ടെത്തിയിട്ടും രക്ഷപ്പെട്ടില്ല. ഒടുവില്‍ 7000 റിയാല്‍ നഷ്ടത്തിന് കട വിറ്റു. അതില്‍ നിന്ന് കിട്ടിയ 3250 റിയാല്‍ സ്‌പോണ്‍സര്‍ കൈക്കലാക്കി. പണം തിരിച്ചുചോദിച്ചപ്പോള്‍ സോമനെ മുറിയില്‍ പൂട്ടിയിട്ടു. ഒരുനേരത്തെ ഭക്ഷണം കൊടുത്ത്, 15 ദിസത്തെ വീട്ടുതടങ്കല്‍.

ഒടുവില്‍ പണത്തിന് പകരം സ്‌പോണ്‍സറുടെ കെട്ടിടത്തില്‍ 50 റിയാലിന് മുറി വാടകക്കെടുത്ത്, താല്‍ക്കാലിക ഒത്തുതീര്‍പ്പുണ്ടാക്കി. അതില്‍ മെയിന്റനന്‍സ് കമ്പനി നടത്തിയതോടെ വീണ്ടും ജീവിതം രക്ഷപ്പെടുമെന്നായി. മകളുടെ കല്ല്യാണത്തിന്റെ കടവും മസ്‌കത്തിലെ കച്ചവടത്തിന്റെ കടങ്ങളും ഒരു വിധം തീരുമെന്നായ ഘട്ടത്തില്‍ സ്‌പോണ്‍സര്‍ വീണ്ടും ഇടപെട്ടു. അയാളൊരു കെട്ടിടം മെയിന്റനന്‍സിന് പറഞ്ഞുവിട്ടു. കോണ്‍ക്രീറ്റ് കഴിഞ്ഞതുമുതല്‍ ശമ്പളം നല്‍കാതായി. പിന്നെയും ആറുമാസം അവിടെ ശമ്പളമില്ലാതെ ജോലി ചെയ്തു. പണം തന്നില്ലെങ്കിലും സ്‌പോണ്‍സറെ മാറ്റാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി സോമന്‍ അയാളെ സമീപിച്ചു. അധ്യകപനായ മറ്റൊരറബിയെ സ്‌പോണ്‍സര്‍ഷിപ്പിനായി കണ്ടെത്തുകയും ചെയ്തു. അയാളും ഏറെ ശ്രമിച്ചെങ്കിലും പഴയ സ്‌പോണ്‍സര്‍ വഴങ്ങിയില്ല. ഒടുവില്‍ കേസ് കൊടുത്തു. ലേബര്‍കോടതിയില്‍ വ്യാജ ശമ്പള ബില്ലുമായി സ്‌പോണ്‍സര്‍ വന്നു. ഇത് കണ്ടെത്തിയതോടെ കേസ് കോടതിയിലെത്തി. 2000 റിയാല്‍ കുടിശികയും ലേബര്‍ കാര്‍ഡ്, കോടതി എന്നിവയുടെ ചിലവും നല്‍കാന്‍ പ്രാഥമിക കോടതി വിധിവന്നു. നാല് വര്‍ഷം മുമ്പായിരുന്നു ഈ വിധി. എന്നാല്‍ വിധിക്കെതിരെ സ്‌പോണ്‍സര്‍ മേല്‍കോടതിയെ സമീപിച്ചു. ഇതിനിടെ സ്‌പോണ്‍സറെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ദിനപ്പത്രങ്ങളില്‍ പരസ്യം വന്നു. എന്നിട്ടും സേമാന് രക്ഷയുണ്ടായില്ല.

ഇതിനിടെ പലതരം രോഗങ്ങളാല്‍ സോമന്‍ പലവട്ടം മരണ മുഖത്തെത്തി. കടുത്ത നിരാശയാല്‍ ഒന്നിലേറെ തവണ സ്വയം മരണം വരിക്കാനൊരുങ്ങി. നാട്ടില്‍ അമ്മയും ചേട്ടനും അളിയനും മരണപ്പെട്ടു. രണ്ടാമത്തെ മകള്‍ സിനിയുടെ വിവാഹം കഴിഞ്ഞു. എല്ലാം നിസ്സഹായനായി കടലനിക്കരൈ നോക്കിനില്‍ക്കാനായിരുന്നു ഇയാളുടെ വിധി. പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ പ~നം കഴിഞ്ഞുനില്‍ക്കുന്ന ഒരു മകള്‍കൂടിയുണ്ട്. രണ്ട് വര്‍ഷത്തോളമായി സോമന് ജോലിയില്ല. അധ്യാപകനായ അറബിയുടെ കെട്ടിടത്തില്‍ താമസിക്കുന്നു. വാടക അറബി ഇളവ് ചെയ്ത് കൊടുത്തു. കൂടെയുള്ള തിരുവനന്തപുരം സ്വദേശി മോഹന്‍ ജോസഫാണ് സോമന് വേണ്ടി എല്ലാം ചെയ്യുന്നത്. പരസഹായമില്ലാതെ പലതും ചെയ്യാന്‍ കഴിയാത്ത വിധം അവശനായ സോമന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്നതും ഇയാള്‍ തന്നെ.

കേസ് പിന്‍വലിച്ചതായി എഴുതിക്കൊടുത്തും കോടതി അനുവദിച്ച നഷ്ട പരിഹാരം വേണ്ടന്നുവച്ചുമാണ് ഇപ്പോള്‍ മടങ്ങുന്നത്. രേഖയിലില്ലാത്ത 20,000 റിയാല്‍ കിട്ടാനുണ്ടെന്നാണ്‌സോമന്റെ കണക്ക്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല. രണ്ട് വര്‍ഷമായി ഇതിന് ശ്രമിക്കുന്നു. കഴിഞ്ഞയാഴ്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ അവസാന ഘട്ടത്തില്‍ വീണ്ടും ചില നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങി. എംബസിയുടെ ഔദ്യോഗിക അഭിഭാഷകനായ അഡ്വ. എം.കെ പ്രസാദാണ് ഇതില്‍ സഹായിച്ചതെന്ന് സോമന്‍ പറയുന്നു. തകര്‍ന്ന ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ മാത്രം ബാക്കിയാക്കിയാണ് ഇപ്പോള്‍ സോമന്‍ നാട്ടിലേക്ക് മടങ്ങുന്നത്.

(8..7..13)

റമദാന്‍ വിപണിയില്‍ തിരക്കിന്റെ രണ്ടാം ഘട്ടം


മസ്‌കത്ത്: ഒമാനിന്റെ ഭക്ഷ്യ ഭക്ഷ്യേതര വിപണി റമദാന്‍ തിരക്കിന്റെ രണ്ടാം ഘട്ടത്തിലേക്ക്. നോമ്പുകാലം അടുത്തെത്തിയതോടെ ഭക്ഷ്യ സാധനങ്ങളുടെ വില്‍പനയിലേക്ക് വിപണി മാറിക്കഴിഞ്ഞു. റമദാന്‍ ആരംഭം ജൂലൈ പത്തിനാണെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ വിപണിയില്‍ അഭൂതപൂര്‍വമായ തിരക്കാണനുഭവപ്പെട്ടത്.

റമദാന്‍ വ്യാപരം മൂന്ന് ഘട്ടങ്ങളിലായാണ് വിപണിയില്‍ നടക്കുന്നത്. നോമ്പ് തുടങ്ങുന്നതിന്റെ പത്ത് ദിവസം മുമ്പ് തന്നെ ഇതാരംഭിക്കും. വീട്ടുസാധനങ്ങളും മറ്റുമാണ് ഈ ഘട്ടത്തില്‍ ഏറ്റവുമേറെ വിറ്റുപോകുന്നത്. എല്ലാവര്‍ഷവും ഇക്കാലയവളില്‍ മറ്റ് സമയങ്ങളുള്ളതിനേക്കാള്‍ ഏതാണ്ട് ഇരട്ടി വ്യാപാരമാണ് ഈ സാധനങ്ങള്‍ക്കുണ്ടാകുക. അത് ഇക്കൊല്ലവും നടന്നതായി ഒമാനിലെ പ്രമുഖ വ്യാപാരികള്‍ പറയുന്നു. നോമ്പ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് ഭക്ഷ്യ സാധനങ്ങളുടെ വില്‍പന നടക്കുക. മറ്റ് കാലയളവിലുള്ളതിന്റെ രണ്ടിരട്ടി വരെ കച്ചവടം ഈ സമയത്ത് നടക്കും. പഴം, പച്ചക്കറികള്‍, ഇറച്ചി, ഭക്ഷ്യ സാധനങ്ങള്‍ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുക.

ഈ വ്യാപാരം മുന്നില്‍ കണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ചെറുകിട കടകളുമെല്ലാം കൂടുതല്‍ സ്‌റ്റോക്ക് എത്തിച്ചുകഴിഞ്ഞു. സാധാരണ മാസങ്ങളില്‍ വരുന്നതിന്റെ ഇരട്ടി സാധനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഇതിന്റെ ഒരുക്കങ്ങളും സാധന ശേഖരണവും ആരംഭിച്ചിരുന്നതായി മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ നവീജ് വിനോദ് പറഞ്ഞു. വിവിധ രാജ്യങ്ങളിലായുള്ള 89 സംഭരണ കേന്ദ്രങ്ങളില്‍ നിന്നും കൂടുതല്‍ സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്. തദ്ദേശീയ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലും വന്‍തോതില്‍ വര്‍ധന വരുത്തിയതായും അദ്ദേഹം പറഞ്ഞു. എല്ലാ ചെറുകിട^വന്‍കിട സ്ഥാപനങ്ങളും ഏറെക്കുറെ ഇതേയളവില്‍ തന്നെ വില്‍പന പ്രതീക്ഷിക്കുന്നുണ്ട്.

വിപണിയില്‍ ആവശ്യം ഏറിയതോടെ വില നിര്‍ണയത്തിലും വലിയ മല്‍സരം നടക്കുന്നുണ്ട്. ഇളവുകളും വാഗ്ദാനങ്ങളുമായി പരമാവധി കച്ചവടം വര്‍ധിപ്പിക്കുന്നത് കടുത്ത മല്‍സരത്തിനാണ് വഴി തുറക്കുന്നത്. ഇത് വിലയുടെ കാര്യത്തില്‍ ഉപഭോക്താവിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലയിടത്തും ആദ്യഘട്ട കച്ചവടത്തിന്റെ ഇളവുകള്‍ കഴിഞ്ഞ ദിവസത്തോടെ പിന്‍വലിച്ചു. അടുത്തത് വൃതാരംഭത്തോടെയുണ്ടാകും.

ഭക്ഷണ സാധനങ്ങളുടെ വില്‍പനയില്‍ വന്‍ വര്‍ധനയാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ഇത്തവണ നോമ്പുകാലത്ത് അനുഭവപ്പെടാവുന്ന ചൂട് കണക്കിലെടുത്ത് ശീതശളപാനീയങ്ങളിലാണ് കൂടുതല്‍ കച്ചവടം പ്രതീക്ഷിക്കുന്നത്. വെള്ളവും മറ്റും മുന്‍ റമദാന്‍ കാലങ്ങളേക്കാള്‍ രണ്ടിരട്ടിയെങ്കിലും വില്‍പനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മറ്റ് സാധനങ്ങള്‍ക്കൊപ്പം ശീതളപാനീയങ്ങള്‍ സൗജന്യം നല്‍കുന്ന പാക്കേജുകള്‍ വരെ ചിലര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മാംസ വിപണിയില്‍ ഇറച്ചിയും കോഴിയുമാണ് ഏറെ വിറ്റഴിക്കപ്പെടുക. മല്‍സ്യക്കച്ചവടത്തില്‍ നേരിയ കുറവ് വരും. എന്നാല്‍ മല്‍സ്യ വിപണിയിലെ ദൗര്‍ലഭ്യം നേരിടാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കരുതല്‍ എടുത്തിരുന്നു. റമദാന്‍ കാലത്ത് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പെടുത്തി മല്‍സ്യവിതരണം കൂടുതല്‍ വ്യാപകമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

(7.7.13)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...