Tuesday, October 22, 2024

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന സുപ്രധാന ആവശ്യമാണ്. ജാതി സെൻസസ് എന്ന ദേശീയ പ്രധാനമായ രാഷ്ട്രീയ മുദ്രാവാക്യവും അതിശക്തമായി കേരളത്തിൽ ഉന്നയിക്കപ്പെടുന്നുണ്ട്. ഈ മുറവിളികൾ കേരളീയ സാമൂഹികാന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നതിനിടയിലൂടെ ഇ ഡബ്ല്യൂ എസ് എന്ന മുന്നാക്ക സംവരണം സംസ്ഥാനത്ത് നടപ്പാക്കപ്പെട്ടു. എന്നിട്ടും പിന്നാക്ക വിഭാഗങ്ങൾ അവരുടെ ഏറ്റവും അടിസ്ഥാനാവശ്യമായ ജാതി സെൻസസ്, സർക്കാർ ജോലിയിലെ പ്രാതിനിധ്യക്കണക്ക്, സംവരണ പുനക്രമീകരണം എന്നീ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. 

ഇതിനിടയിലാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുസ്ലിം ലീഗ് എം എൽ എ, പി ഉബൈദുല്ല പിന്നാക്ക വിഭാഗങ്ങളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യത്തെക്കുറിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിക്കുന്നത്. അതിന്റെ മറുപടി കേരളത്തിൽ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത അത്യപൂർവ കണക്കിന്റെ ഔദ്യോഗിക രേഖകയായി മാറി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ജയിച്ച കെ രാധാകൃഷ്ണൻ ഡൽഹിക്ക് പോകുന്നതിന് മുമ്പ് മന്ത്രിയെന്ന നിലയിൽ അവസാനമായി നൽകിയ മറുപടികളിലൊന്നിലാണ് ഈ ചരിത്ര പ്രാധാന്യമുള്ള വിവരങ്ങൾ പുറത്തുവിട്ടത്.  സർക്കാർ, അർധസർക്കാർ, എയിഡഡ്, സ്വയംഭരണ, പൊതുമേഖല സ്ഥാപനങ്ങളിലെ പിന്നാക്കവിഭാഗ പ്രാതിനിധ്യ കണക്ക് തയാറാക്കാൻ 2017 മുതൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന e-CDESK എന്ന വെബ്സൈറ്റിലെ വിവരങ്ങളാണ് എം എൽ എ ചോദിച്ചത്. 

സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ സംവിധാനം പ്രാതിനിധ്യ കണക്ക് പുറത്തുവിട്ടുവെന്ന അതിപ്രധാന ചുവടുവപ്പാണ്  ഇതിലൂടെ സംഭവിച്ചത്. ഇത് കേരള ചരിത്രത്തിലാദ്യമാണ്. നേരത്തെ ചില കമ്മീഷനുകൾ ചില കണക്കുകൾ നൽകിയിട്ടുണ്ടെങ്കിലും നിയമസഭയിലൂടെ കണക്ക് പുറത്തുവിടുന്നതിന്റെ പ്രാധാന്യവും ആധികാരികതയും മറ്റൊരു രേഖക്കുമില്ലെന്ന വസ്തുത ഈ നടപടിയെ അങ്ങേയറ്റം സവിശേഷമാക്കുന്നു. ഒരു കണക്കും ലഭ്യമല്ലാതിരുന്ന ഒരു വിഭാഗത്തിന് ചില കണക്കുകൾ ഔദ്യോഗികമായി ലഭ്യമാകാൻ തുടങ്ങുന്നുവെന്നത് അത്ര നിസ്സാരകാര്യവുമല്ല. e-CDESK എന്നൊരു  പോർട്ടൽ പ്രവർത്തിക്കുന്നുവെന്ന വിവരം പോലും ഭൂരിഭാഗം പിന്നാക്ക വിഭാഗക്കാർക്കും പുതിയ അറിവായിരുന്നുവെന്നത് ഈ മറുപടിയുടെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്നു. ഈ പോർട്ടലും അതിലെ വിവരങ്ങളും നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നിരിക്കെ ഇതിൽ സമാഹരിച്ച വിവരങ്ങൾ പുറംലോകത്തെത്തുന്നത് പിന്നാക്ക വിഭാഗങ്ങളുടെ അവകാശപ്പോരാട്ടത്തിന് ശക്തിപകരണ്ടതുമാണ്.   

സാമുദായിക പ്രീണനാരോപണത്തിന്റെയും കേരളത്തിൽ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ അമിതാധികാരമെന്ന വിദ്വേഷ പ്രചാരണത്തിന്‍റെയുമെല്ലാം മുനയൊടിക്കുന്നതാണ് പുറത്തുവന്ന കണക്കുകൾ.  സർക്കാർ സർവീസ് എന്നത് വിഭവ വിതരണത്തിന്റെയും സാമൂഹികാധികാരത്തിന്റെയും കൂടി പ്രശ്നമാണ്. ഭരണതലത്തിലെ നയരൂപീകരണത്തിലും നടപ്പാക്കലിലുമെല്ലാം പിന്നാക്കവിഭാഗങ്ങൾക്ക് മതിയായ പങ്കാളിത്തവും പരിഗണനയുമുണ്ടാകാൻ ഉദ്യോഗസ്ഥ സംവിധാനത്തിൽ അർഹമായ പ്രാതിനിധ്യം ഉണ്ടായിരിക്കണം. ഇതില്ല എന്ന് മാത്രമല്ല, അമിത സ്വാധീനമെന്ന വ്യാജ പ്രചാരണത്തിലൂടെ അർഹമായ അവകാശംപോലും നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച്  മുസ്ലിം സമുദായത്തിന്റെ കാര്യത്തിൽ. ഈ ആക്ഷേപത്തെ സ്വാഭാവികമായി റദ്ദാക്കുന്നതാണ് പുതിയ കണക്കുകൾ. എന്നാൽ പ്രചാരണപരമായ ഇത്തരം നേട്ടങ്ങൾക്കപ്പുറം ഇപ്പോൾ പുറത്തുവന്ന കണക്കുകൾ പിന്നാക്കക്കാരുടെ അവകാശപ്പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതുകൂടിയായി മാറിയേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഇപ്പോൾ ലഭ്യമായ കണക്കുകളിലെ സൂക്ഷ്മതക്കുറവ്, കൃത്യതയില്ലായ്മ, അസമഗ്രത എന്നിവയെല്ലാം ഈ രേഖകൾ പിന്നാക്കാക്കാർക്കെതിരായ വിവരങ്ങളായി രൂപാന്തരം പ്രാപിക്കാനുള്ള സാധ്യതയെ ബലപ്പെടുത്തന്നു. 

സർക്കാർ, അർധ സർക്കാർ, എയിഡഡ്, സ്വയംഭരണം, പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർഡുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നീ വിഭാഗത്തിൽപെട്ട  316 സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണമാണ് ഇതുവരെ ശേഖരിച്ച് സർക്കാർ നിയമസഭയിലൂടെ പുറത്തുവിട്ടത്. അതുപ്രകാരം ആകെയുള്ളത് 5,45,423 ജീവനക്കാർ. ഇത് യഥാർഥ ചിത്രത്തിന്റെ അടുത്തെങ്ങുമെത്താത്ത കണക്കാണ്.  സർക്കാർ ശമ്പളം നേരിട്ട് വാങ്ങുന്ന ജീവനക്കാരുടെ എണ്ണം മാത്രം 5.15 ലക്ഷമുണ്ട്. കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 94 വകുപ്പുകളിലായാണ് ഇത്രയും ജീവനക്കാർ പ്രവർത്തിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട എട്ട് വകുപ്പുകളുടെ മാത്രം കണക്കെടുത്താൽ അത് 4.50 ലക്ഷം വരും. അപ്പോൾ  അർധ സർക്കാർ,  സ്വയംഭരണം, പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കൂടി ചേർത്താൽ ആകെ ജീവനക്കാരുടെ എണ്ണം എത്രയാകുമെന്ന് ഊഹിക്കാം. 2021-22ലെ കേരള സ്റ്റേറ്റ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളിൽ മാത്രം 1,27,416 ജീവനക്കാരുണ്ട്. ആകെ 163 സ്ഥാപനങ്ങളും. ഇവിടെയാണ് ഏതെങ്കിലും തരത്തിൽ സർക്കാർ നിയന്ത്രണം കടന്നുവരാനിടയുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഒരു അവിയൽ കണക്ക് കേരള സർക്കാർ പുറത്തുവിടുന്നത് ! അതിലാണ് ആകെ ജീവനക്കാർ 5.45 ലക്ഷം എന്നുപറയുന്നത് !! ആകെ ജീവനക്കാരുടെ എണ്ണത്തെ ഇത് അപൂർണവും അവ്യക്തവും  കൃത്യതയില്ലാത്തതുമാക്കിത്തീർക്കുന്നു. ഇനി ഉദ്ദരിക്കപ്പെടുത ഈ അപൂർണ കണക്കുകളായിരിക്കുമെന്നത് അപകടകരമായ സ്ഥിതി വിശേഷമാണ്. 

ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ പല സ്ഥാപനങ്ങളും വകുപ്പുകളും ഉൾപെട്ടിട്ടില്ല എന്നതാണ് മറ്റൊരു പ്രധാന പോരായ്മ. കേരളത്തിൽ ഏറ്റവും ഉയർന്ന ശമ്പള നിരക്കുള്ള പ്രാധാന സ്ഥാപനങ്ങളിലൊന്നാണ് കേരള ഇലക്ട്രിസിറ്റി ബോർഡ്. പക്ഷെ അവരുടെ കണക്ക് ഇപ്പോൾ പുറത്തുവന്ന രേഖയിൽ ഇല്ല.  30,000ൽ അധികം ജീവനക്കാർ  കെ എസ് ഇ ബിയിലുണ്ടെന്നാണ് കണക്കാക്കുന്നത്.  കെ എസ് ഇ ബി, വാട്ടർ അഥോറിറ്റി പോലുള്ള സ്ഥാപനങ്ങളാകട്ടെ ശമ്പള പരിഷ്കരണ കമ്മീഷന്റെ പരിധിക്ക് പുറത്തായതിനാൽ കമ്മീഷന്റെ കണക്ക് മാനദണ്ഡമാക്കിയെടുത്താലും എണ്ണം പിഴക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 6,000ൽ അധികം ജീവനക്കാരുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ പുറത്തുവന്ന കണക്കിൽ അവരുടെ  എണ്ണം വെറും 179 ആണ്. എല്ലാ ദേവസ്വം ബോർഡുകളും കണക്കിൽ ഉൾപെട്ടിട്ടുമില്ല. ദേവസ്വം ബോർഡിലെ ജീവനക്കാരുടെ കണക്കില്ലായ്മ ആകെ എണ്ണത്തെ മാത്രമല്ല,  ജീവനക്കാർക്കിടയിലെ സാമഹികനീതിയുടെ അടിസ്ഥാന വിവരങ്ങളെയും തെറ്റിക്കും. പൊതുമണ്ഡലത്തിൽ നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഇത് പിന്നാക്ക വിഭാഗങ്ങളുടെ അവകാശവാദങ്ങളെ ദുർബലപ്പെടുത്തുകയും അനർഹമായ വിഹിതം കൈവശംവക്കുന്നവരെ അദൃശ്യരാക്കി നിർത്തുകയും ചെയ്യും. 

ജീവനക്കാരുടെ  അപൂർണമായ,  ജാതി -മതം തിരിച്ച ഒരു മൊത്തക്കണക്കാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ഇതിൽ താത്കാലിക, കരാർ ജീവനക്കാർ മുതൽ താഴെത്തട്ടിലെ തസ്തികകളിൽ ജോലി ചെയ്യുന്നവർ വരെയുണ്ട്. ആകെ ജീവനക്കാരുടെ പദവി തിരിച്ച കണക്കുകൾ ലഭ്യമാക്കുക എന്നത് സാമൂഹിക നീതി നിർണയിക്കുന്നതിലും പിന്നാക്കക്കാരുടെ ആവശ്യങ്ങൾക്ക് വ്യക്തത കൈവരിക്കുന്നതിലും സുപ്രധാനമാണ്. ചില മുന്നാക്ക സവിഭാഗങ്ങളുടെ പേരിൽ അറിയപ്പെടുന്ന പിന്നാക്ക ജാതി വിഭാഗങ്ങൾ കേരളത്തിലുണ്ട്. ഉദാഹരണത്തിന് വിളക്കിത്തല നായർ. ഇവരുടെയൊക്കെ കണക്ക് ആരുടെ അക്കൗണ്ടിലാണ് ചേർത്തിരിക്കുന്നത് എന്ന് ഈ രേഖകളിൽ നിന്ന് വ്യക്തമല്ല. പദവി പ്രകാരമുള്ള കണക്കുപോലെ തന്നെ പ്രധാനമാണ് 

വകുപ്പുതിരിച്ച കണക്കുകളും. എല്ലാ വകുപ്പിലെയും ആകെ ജീവനക്കാരുടെ എണ്ണം പറയുന്നുണ്ടെങ്കിലും അതിന്റെ മതം -ജാതി തിരിച്ച വകുപ്പടിസ്ഥാനത്തിലുള്ള കണക്കുകളാണ് ഭരണനിർവഹണ മേഖലകളിലെ പ്രാതിനിധ്യത്തിന്റെ പൊതുസ്വഭാവം വെളിപ്പെടുത്തുക. സർക്കാർ മേഖലയിലെ പ്രാതിനിധ്യത്തിൽ ഏതെങ്കിലും തരത്തിൽ അസന്തുലിതത്വമുണ്ടെങ്കിൽ അത് തിരിച്ചറിയാനും ഈ കണക്ക് അനിവാര്യമാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ ജോലി ചെയ്യുന്നില്ല എന്നൊരു വിവരം പതിറ്റാണ്ടുകൾക്ക് മുമ്പ് പുറത്തുവന്നത് സൃഷ്ടിച്ച വിവാദം ഇതിന്റെ പ്രാധാന്യത്തിലേക്ക് വിരൽചൂണ്ടുന്നുണ്ട്. ഇത്തരം സൂക്ഷ്മ വിവരങ്ങളെല്ലാം മറച്ചുവക്കുന്നതാണ് നിയമസഭയിലൂടെ പുറത്തുവന്ന കേരളത്തിലെ കണക്കുകൾ.

സമഗ്രവും വ്യക്തതയുമുള്ള കണക്കുകൾ തയാറാക്കാൻ നിലവിയെ സംവിധാനം വഴി അനായാസം കഴിയുമെന്നിരിക്കെയാണ് അലസമായി തയാറാക്കിയതെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പോകുന്നതരം കണക്കുകൾ സർക്കാർ പുറത്തുവിടുന്നത്. അധികാരമൊഴിയും മുമ്പ് ഈ കണക്ക് പുറത്തുവിടാൻ തീരുമാനിച്ച മന്ത്രിയെത്തന്നെ പ്രതിസ്ഥാനത്താക്കുന്ന   തരത്തിലാണ് ഇപ്പോൾ ലഭ്യമായ കണക്കുകൾ.  ഈ കണക്കുകളെ ആസ്പദമാക്കി ഇതിനകം പുറത്തുവന്ന വിശകലനങ്ങളിൽ ഇതിന്റെ സൂചനകളുണ്ട്. കേരളത്തിൽ പിന്നാക്കക്കാർ സർക്കാർ സർവീസ് അടക്കി വാഴുന്നു, കേരളത്തിൽ ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ ചേർന്ന് സർക്കാർ ജോലി കൈയ്യടക്കിയിരിക്കുന്നു തുടങ്ങിയ വ്യാഖ്യാനങ്ങൾ ഇതിനകം രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. കൃത്യവും സമഗ്രവുമായ കണക്കുകളുടെ അഭാവമാണ് പിന്നാക്കവിരുദ്ധമായ ഇത്തരം ആഖ്യാനങ്ങൾക്ക് വഴിവക്കുന്നത്. അതൊഴിവാക്കാൻ വേണ്ട വിവരങ്ങൾ പുറത്തുവിടുകയെന്നത് സംസ്ഥാന സർക്കാർ പിന്നാക്ക വിഭാഗങ്ങളോട് കാണിക്കേണ്ട സാമാന്യ നീതിയാണ്. 

ഉദ്യോഗ പ്രാതിനിധ്യത്തിന്റെ തെറ്റായതോ അപൂർണമായതോ ആയ കണക്കുകൾ ഭാവിയിൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണാവകാശത്തെത്തന്നെ അട്ടിമറിക്കുന്ന രേഖയായി മാറുമെന്ന അത്യന്തം അപകടകമായ ഒരു സ്ഥിതിവിശേഷംകൂടി ഈ രേഖക്ക് പിന്നിൽ മറഞ്ഞിരിക്കുന്നുണ്ട്. സംവരണത്തിന്റെ പ്രധാന അടിത്തറയായി കണക്കാക്കുന്നത് മതിയായ പ്രാതിനിധ്യമാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമല്ല. വിപുലമായ ജാതി സെൻസസിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം ബിഹാർ സർക്കാർ അവിടത്തെ സംവരണ സമവാക്യം പൊളിച്ചെഴുതിയത്.  സംസ്ഥാനത്തെ  സംവരണ വിഹിതം 75 ശതമാനം വരുന്ന തരത്തിൽ സർക്കാർ വർധിപ്പിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദവുമായി സവരണ വിരുദ്ധർ പട്ന ഹൈക്കോടതിയെ സമീപിച്ചു. കോടതി ബിഹാറിന്റെ തീരുമാനം റദ്ദാക്കി. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമല്ല,  പിന്നാക്കക്കാരുടെ മതിയായ പ്രാതിനിധ്യമാണ് സംവരണത്തിന്റെ ഭരണഘടനാപരമായ താത്പര്യമെന്ന സംവരണ വിരുദ്ധരുടെ വാദം അംഗീകരിച്ചാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. പിന്നാക്ക സംവരണത്തോട് ഇത്രമേൽ കണിശത പുലർത്തുന്ന ഭരണ നിയമ നിർവഹണ സംവിധാനമുള്ള രാജ്യത്ത് തെറ്റായ കണക്കുകൾ ഔദ്യോഗിക രേഖയായി വരുന്നതും അത് പിന്നാക്ക വിരുദ്ധ ആഖ്യാനങ്ങൾക്ക് അടിത്തറയൊരുക്കുന്നതും സൃഷ്ടിക്കുന്ന അപകടം തിരിച്ചറിയേണ്ടതുണ്ട്. 

സംവരണവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ കേസുകളിലും സംവരണത്തിനും സംവരണ വിഹിത വർധനക്കും എതിരായി കോടതികൾ പൊതുവായി പറയുന്ന ഒരു ന്യായം, സംവരണം ആവശ്യപ്പെടുന്നവരുടെ പിന്നാക്കാവസ്ഥ വിദഗ്ധ സമിതി പഠനം നടത്തി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ്. ഇപ്പോൾ പുറത്തുവന്ന രേഖ ഈ 'കുറവും' പരിഹരിക്കും. കാരണം അത്  സർക്കാറിന്റെ ഔദ്യോഗിക രേഖയാണ്. മതിയായ പ്രാതിനിധ്യമുണ്ട് എന്ന വാദം സാധൂകരിക്കാൻ ഈ കണക്ക് ഉപയോഗിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അപൂർണവും അവ്യക്തവും പിന്നാക്ക വിരുദ്ധ നയരൂപീകരണത്തിന് ആധാരമാക്കാൻ സാധിക്കുന്നതുമായ ഈ രേഖ,  സംവരണവുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങളിൽ ഇനി വ്യാപകമായി ഉപയോഗിക്കപ്പെട്ടേക്കാം. അങ്ങിനെയത് പിന്നാക്കക്കാരുടെ അവകാശപ്പോരാട്ടത്തെ തുരങ്കം വക്കാനുള്ള സുപ്രധാന ഉപകരണമായി മാറുകയും ചെയ്യും. 

പിന്നാക്ക ക്ഷേമത്തിന് വേണ്ടി സ്ഥാപിതമായ സംവിധാനം പിന്നാക്ക വിരുദ്ധ നയരൂപീകരണത്തിന്റെ ആയുധമായി മാറാതിരിക്കാനുള്ള മുൻ കരുതൽ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉണ്ടാകേണ്ടതുണ്ട്. കൃത്യവും പൂർണവുമായ ഉദ്യോഗസ്ഥ പ്രാതിനിധ്യ കണക്ക് പുറത്തുവിടുക എന്നതാണ് അതിനുള്ള ഏകമാർഗം. ഇത് സർക്കാർ ഭാഗത്തുനിന്ന് സ്വാഭാവികമായി സംഭവിക്കില്ല എന്നതുറപ്പാണ്. പൂർണവും വ്യക്തവുമായ കണക്കുകൾ പുറത്തുവിടുക എന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് അതിന് പ്രാഥമികമായി ചെയ്യേണ്ടത്. ഇപ്പോൾ വന്ന കണക്ക് പുറത്തുവിട്ടതോടെ തങ്ങളുടെ ഉത്തരവാദിത്തം തീർന്നുവെന്ന മട്ടിലേക്ക് സക്കാർ-ഉദ്യോഗസ്ഥ സമീപനം മാറുമെന്നത് ഉറപ്പാണ്.  അല്ലെങ്കിൽ കുറച്ചുകൂടി സമയമെടുത്താലും കുറ്റമറ്റ ഒരു കണക്ക് പുറത്തുവിടാൻ കേരളത്തിലെ ഉദ്യോഗ സംവിധാനത്തിന് കഴിയുമായിരുന്നു. അതിനവർ സന്നദ്ധമല്ല എന്ന സന്ദേശമാണ് ഈ നിയമസഭാ രേഖ പിന്നാക്കക്കാർക്ക് നൽകുന്നത്.  അതിനെയവർ ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. 

(ജനപക്ഷം, ആഗസ്റ്റ് 2024)

Friday, July 21, 2023

പലായകരുടെ പറുദീസ


ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷരാർഥത്തിൽ ധരംശാലയാണ്. ചൈനീസ് ഏകാധിപത്യത്തിന്റെ ചെങ്കുത്തേറ്റ് പിടഞ്ഞോടിയ നിസ്സഹായരുടെ  രാജ്യാതിർത്തികൾ പിളർന്നെത്തിയ നിലവിളിക്ക് അഭയംനൽകിയ ചരിത്ര ഭൂമി. ധരംശാലയുടെ പ്രാചീന ചരിത്രത്തിൽ തന്നെ വന്നുപോകുന്നവരുടെ അടയാളങ്ങളുണ്ട്. വ്യത്യസ്ത ഭരണ സംവിധാനങ്ങളുടെ അനുഭവ പാഠങ്ങളുണ്ട്. ധരംശാലയിലെ തദ്ദേശീയ ജനത തന്നെ ദേശാന്തരങ്ങളിലലഞ്ഞു ജീവിച്ചവരായിരുന്നു.


ലാഹോർ ആസ്ഥാനമായി ഭരിച്ച സിഖ് രാജവംശത്തിന് കീഴിലായിരുന്ന ധരംശാല ബ്രിട്ടീഷ് ഭരണകാലമായപ്പോൾ പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായി. ഹിമാചൽ പ്രദേശിലും കശ്മീരിലും കാണപ്പെടുന്ന ഗദ്ദിസ് എന്ന് വിളിക്കുന്ന ഗോത്ര വിഭാഗമായിരുന്നു 1800കളിൽ ഇവിടത്തെ തദ്ദേശീയർ. നാടോടികളെപ്പോലെ അലഞ്ഞും കാലികളെ മേച്ചും കൃഷി ചെയ്തും ജീവിച്ചവർ. കാലികൾക്കിണങ്ങിയ പുൽത്തകിടികൾ തേടി നടന്നവർ. അവരുടെ ദേശാന്തര യാത്രകൾക്കിടെ ധരംശാലയിൽ ബ്രിട്ടീഷുകാരും പിന്നാലെ ഗൂർഖകളും എത്തി. അവരുടെ ആവാസ സംവിധാനം വിരുന്നുവന്നവർ കവർന്നെടുത്തപ്പോൾ അവർ പതിയെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് നിഷ്ക്രമിച്ചു. 1850ൽ ആഗ്ലോ സിഖ് യുദ്ധത്തിന്റെ ഭാഗമായി ധരംശാലയെ ബ്രിട്ടീഷുകാർ സൈനിക താവളമാക്കി. പത്ത് കൊല്ലം പിന്നിട്ടപ്പോൾ അത് ഗൂർഖ സൈനിക വിഭാഗത്തിന്റെ കേന്ദ്രമായി. എന്നാൽ 1905ൽ ഉണ്ടായ ഭൂകമ്പം ധരംശാലയെ സമ്പൂർണമായി തകർത്തു. ഇരുപതിനായിരത്തോളം മനുഷ്യർ മരിച്ചു. ധരംശാലയെ ബ്രിട്ടീഷിന്ത്യയുടെ ഗ്രീഷ്മകാല ആസ്ഥാനമാക്കാനുള്ള പദ്ധതി ഭൂകമ്പത്തെത്തുടർന്നാണ് ഷിംലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.  എന്നാൽ ഈ ദുരനുഭവങ്ങളിൽ നിന്ന് അര നൂറ്റാണ്ടിന് ശേഷം ധരംശാല പുതിയ മേൽവിലാസത്തിലേക്ക് ഉയിർത്തെഴുന്നേറ്റു.  ചൈനീസ് അധിനിവേശത്തിൽ അഭയാർഥികളായി മാറിയ തിബത്തുകാർക്ക് ഇന്ത്യ നൽകിയ അഭയ സ്ഥാനമായി മാറി ധരംശാല. 1959ൽ ആയിരുന്നു ഇത്. ലാസയിലെ തിബത്തൻ ഭരണ കേന്ദ്രം ആക്രമിക്കപ്പെട്ട രാത്രി അടുത്ത അനുയായികളോടൊപ്പം പലായനം തുടങ്ങിയ പതിനാലാം ദലൈലാമ പടുത്തുയർത്തിയ ബഹിഷ്കൃതരുടെ ഭരണകൂടം ഇവിടെയാണ് പ്രവർത്തിക്കുന്നത്. നാനാദിക്കിലേക്ക് ചിതറിയോടിയ തിബത്തുകാരുടെ ആഗോള ഭരണ കേന്ദ്രമാണിത്.


ഇപ്പോൾ ധരംശാലയിലേക്കുള്ള വഴികൾ താരതമ്യേന മികച്ചതും അനായാസം എത്തിപ്പെടാൻ കഴിയുന്നതുമാണ്. മലമുകളിലേക്ക് ഒഴുകിക്കയറുന്ന റോഡുകളാണെങ്കിലും അവ യാത്രാക്ഷമമാണ്. അസാധാരണമായ പ്രകൃതി ഭംഗിയാൽ ഇരുവോരങ്ങളും കാഴ്ചാ സമൃദ്ധമാകയാൽ റോഡ് യാത്ര ആകർഷകവും അതീവ ഹൃദ്യവുമാണ്. എന്നാൽ ധരംശാലക്ക് പുതിയ മേൽവിലാസമുണ്ടാക്കിയവർ ഇത്രയെളുപ്പം ഇവിടെ എത്തിച്ചേർന്നവരല്ല.  കഠിനതരമായ വഴികൾ താണ്ടിയും മരണമുഖത്തുനിന്ന് കുതറിയോടിയും വന്നുചേർന്നവരാണവർ. 24-ാം വയസ്സിൽ ഒരു രാജ്യത്തിന്റെ നായക സ്ഥാനം ഉപേക്ഷിച്ച് അധികാമില്ലാത്ത ഭരണാധിപനായി മാറേണ്ടിവന്ന ദലൈലാമ തന്നെ ആ സഞ്ചാരവഴികൾ വിവരിക്കുന്നുണ്ട്: 'നോർബുലിങ്ക വിടുമ്പോഴും, യാത്രയുടെ ആദ്യഘട്ടത്തിലെ ഈ ധൃതികൾക്കിടയിലും, നേരെ ഭാരതത്തിലേക്ക് പോകേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ടിബറ്റിൽത്തന്നെ ഏതെങ്കിലും ഒരു ഭാഗത്ത് താമസിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ലാസയിൽ നിന്ന് തെക്കേട്ടും കിഴക്കോട്ടുമായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്. ആ പ്രദേശങ്ങൾ മിക്കതും ഖമ്പകളുടെയും ഒളിപ്പോരാളികളായി അവർക്കൊപ്പം ചേർന്ന ഇതര ടിബറ്റുകാരുടെയും ശക്തിദുർഗങ്ങളായിരുന്നു. ആ ഗിരിനിരകളുടെ ഹൃദയാന്തർഭാഗത്തുനിന്ന് പുറപ്പെട്ട് ഹിമാലയത്തിന്റെ പ്രധാന പർവത പംക്തി കടന്ന് ഭൂട്ടാനിലും ഇന്ത്യയിലും എത്തിച്ചേരുന്ന പാതകളുണ്ട്.... അർധരാത്രി 12 മണിയോടെ ഞങ്ങൾ ചീലായുടെ അടിവാരത്തിലെത്തി. അതിരാവിലെ മലന്പാതയിലേക്ക് കുത്തനെയുള്ള കയറ്റം കയറാൻ ആരംഭിക്കുമ്പൾ പർവത നിരകളുടെ തണലുണ്ടായിരുന്നു. വഴി തികച്ചും പരുക്കനും ദുർഘടവും. ഹിമവിതാനത്തിനും മുകളിലൂടെ അത് ഞങ്ങളെക്കൊണ്ടുപോയി..... മൈലുകൾ താണ്ടിയപ്പോൾ നദിക്കക്കരെ ഒരു ചെറു ഗ്രാമത്തിലെത്തി. പേര് കിഷോങ്. കിഷോങ് എന്നാൽ സന്തോഷത്താഴ്വാരം.അന്ന് രാത്രി അവിടെ തങ്ങി. അപ്പോഴേക്കും യാത്രാ സംഘം നൂറായി വളർന്നു. സംരക്ഷകരായി നാനൂറോളം പടയാളികളും. അടുത്ത അഞ്ച് ദിവസം പൂർണമായി പുരാതന ടിബറ്റിന്റെ പ്രത്യേകതയായ ഇടുങ്ങിയ ചരൽപ്പതകളിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ചു. ലുൻസെസോങ് എത്തുംവരെ യാത്ര തുടരാൻ ഈ സമയത്താണ് തീരുമാനിച്ചത്.' (എന്റെ നാടും എന്റെ ജനങ്ങളും - ദലൈലാമയുടെ ആത്മകഥ- അധ്യായം 11ൽ നിന്ന്).


1959 മാർച്ച് 17ന് രാത്രിയാണ് ദലൈലാമയും അടുത്ത അനുയായികളും കുടുംബാംഗങ്ങളുമായി 20 പേരുടമങ്ങുന്ന സംഘം ലാസയിൽ നിന്ന് ചൈനീസ് സൈനിക വേഷമണിഞ്ഞ് പലായനം തുടങ്ങുന്നത്. നടന്നും കുതിരപ്പുറത്തേറിയും പകലൊളിച്ചും രാത്രിയുണർന്ന് നടന്നും ദിവസങ്ങൾ നീണ്ട യാത്രക്ക് ശേഷം അവർ ഇന്ത്യനതിർത്തിയെത്തി. കഠിനതരമായ ആ യാത്ര ഒരു വർഷത്തിന് ശേഷമാണ് ഇന്ത്യൻ സർക്കാറിന്റെ ഔദ്യോഗിക അംഗീകാരത്തോടെ ധരംശാലയിൽ തമ്പടിക്കുന്നത്. ആസ്ഥാനമാക്കിയത് മക്‍ലോഡ് ഗഞ്ച് എന്ന അപ്പർ ധരംശാലയും. അവരവിടെ അവരുടേതായ ഒരു സന്തോഷത്താഴ്വര പണിതു. മക്‍ലോഡ് ഗഞ്ച് ഇപ്പോൾ വെറുമൊരു ഗ്രാമമല്ല, അതൊരു രാജ്യം തന്നെയാണ്. ഇന്ത്യക്കകത്തെ ഒരു 'അഭയ രാജ്യം'. 


ധരംശാലയെ അന്താരാഷ്ട്ര പ്രശസ്തകമാക്കിയത് മക്‍ലോഡ് ഗഞ്ചിലെ ദലൈലാമ ആശ്രമം തന്നെയാണ്. സുഗ്‍ലാക് ഖാങ് എന്നറിയപ്പെടുന്ന ബുദ്ധമത തീർഥാടന കേന്ദ്രം തേടി പതിനായിരങ്ങളാണ് ഓരോ വർഷവും ധരംശാലയിലെത്തുന്നത്. ദലൈലാമയുടെ സ്വകാര്യ ആശ്രമമെന്ന് അറിയപ്പെടുന്ന നംഗ്യാൽ മൊണാസ്ട്രിയും മുഖ്യ ആകർഷണമാണ്. രണ്ടാം ദലൈലാമ സ്ഥാപിച്ച  നംഗ്യാൽ മൊണാസ്ട്രി,  1959ലാണ് ധരംശാലയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. തിബത്തൻ ചരിത്രത്തിന്റെ ബൃഹദ് ശേഖരവും സൂക്ഷിപ്പ് കേന്ദ്രവുമായി പ്രവർത്തിക്കുന്ന ലൈബ്രറി ഓഫ് ടിബറ്റൻ വർക്സ് ആന്റ് ആർകൈവ്സ്  (LTWA) 1970ൽ സ്ഥാപിതമായതാണ്. തിബത്ത് ചരിത്രവും സംസ്കാരവും രേഖപ്പെടുത്തിയ കൈയ്യെഴുത്തു പ്രതികളും ചരിത്ര ഗ്രന്ഥങ്ങളും അടക്കം 80,000ൽ അധികം രേഖകൾ ഇവിടെയുണ്ട്. ടാങ്‍ക എന്നറിയപ്പെടുന്ന തിബത്തൻ പെയിന്റിങ്ങുകളുടെ അപൂർവ ശേഖരം. ബുദ്ധ പാരമ്പര്യം അടയാളപ്പെടുത്തുന്ന  പ്രതിമകൾ, കരകൗശല വസ്തുക്കൾ. 10,000ൽ അധികം ചിത്രങ്ങൾ. ഇത്തരം ചരിത്ര രേഖകളുടെ മറ്റൊരു കേന്ദ്രമാണ് 1998ൽ സ്ഥാപിച്ച ടിബറ്റ് മ്യൂസിയം. ചൈനീസ് അധിനിവേശത്തിന്റെ നേർ ചിത്രങ്ങളും തിബത്തൻ പോരാട്ടത്തിന്റെ വീരകഥകളും കേൾക്കാൻ ഇവിടെയെത്തണം. മ്യൂസിയത്തിൽ 30,000 ൽ അധികം ചിത്രങ്ങളുമുണ്ട്. ലാസയിൽ നിന്ന് ധരംശാലവരെയെത്തിയ തിബത്തുകാരുടെ അഭയാർഥി ജീവിതം ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ പ്രദർശനം ദിവസവും നടക്കും. അധിനിവേശകർക്കെതിരെ പൊരുതിമരിച്ചവരുടെ ഓർമക്കായി രക്തസാക്ഷി സ്മാരകവും സ്ഥാപിച്ചിട്ടുണ്ട്.  മുഷ്ടി ചുരുട്ടി പോരാടാനുറച്ചുനിൽക്കുന്ന തിബത്തുകാരുടെ ചിത്രം ഒരുപക്ഷെ മറ്റെവിടെയും കാണാനായെന്ന് വരില്ല. ലോകമാകെ ചിതറിപ്പിരിഞ്ഞ തിബത്തുകാരുടെ പ്രവാസി സർക്കാറും ഇവിടെ പ്രവർത്തിക്കുന്നു. അതിനാൽ അന്താരാഷ്ട്ര അതിഥികളുടെയും നയതന്ത്ര പ്രതിനിധികളുടെയും വിദേശകാര്യ വിദഗ്ധരുടെയും പതിവ് സന്ദർശന സ്ഥലംകൂടിയാണ് ധരംശാല. സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ എന്ന പേരിൽ പ്രവർത്തിക്കുന്ന ബഹിഷ്കൃതരുടെ സർക്കാറിന് താങ്ങായി ജുഡീഷ്യറിയും എക്സിക്യൂട്ടിവും ലജിസ്ലേറ്റിവും ഇവരുടേതായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. തലവൻ ദലൈലാമ തന്നെ. 

അനാകായിരങ്ങളുടെ ജീവത്യാഗവും ചോരപ്പാടുകളും ത്യാഗാർപ്പണങ്ങളും കൂട്ടിച്ചേർത്താണ് തിബത്തുകാർ ഈ ബഹിഷ്കൃതരുടെ രാജ്യം പണിതുയർത്തിയത്. ദലൈലാമ ആത്മകഥയിൽ എഴുതുന്നു: 'ചെന്യെയിൽ നിന്ന് പുറപ്പെട്ട ശേഷമാണ് ആദ്യമായി ലാസയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്. സായുധ പോരാട്ടത്തിൽനിന്ന് ഖമ്പകളെ പിന്തിരിപ്പിക്കാൻ മന്ത്രിസഭ നിയോഗിച്ച ഡപ്പോൺ നാംസെലിങിൽനിന്നാണ് ആദ്യ വിവരം ലഭിച്ചത്. ചർച്ചക്ക് പയ നാംസെലിങ് പിന്നീട് ഖമ്പകൾക്കൊപ്പം ചേർന്നിരുന്നു. അധികം വൈകാതെ എന്റെ പ്രൈവറ്റ് സെക്രട്ടറി ഖഞ്ചുങ് താരയിൽ നിന്ന് വിശദമായ കത്ത് ലഭിച്ചു. നോർബുലിങ്കക്ക് അകത്തായിരുന്നിട്ട് കൂടി വെടിവപ്പിൽ അദ്ദേഹത്തിന് മുറിവേറ്റു. തടഞ്ഞുനിർത്താൻ ഞാൻ ആവതുശ്രമിച്ച മഹാവിനാശത്തിന്റെ കഥ ഞങ്ങൾക്ക് പൂർണമായി ഗ്രഹിക്കാനായി. മാർച്ച് 20ന് പുലർച്ചെ രണ്ട് മണിക്കാണ് വെടി ആരംഭിച്ചത്. അതായത് ഞാൻ പോന്നുകഴിഞ്ഞ് 48 മണിക്കൂറുകൾക്ക് ശേഷം. അതും ഞാൻ പുറപ്പെട്ട വിവരം ചൈനക്കാർ കണ്ടുപിടിക്കും മുമ്പ്. ആ ദിവസം മുഴുവൻ അവർ നോർബുലിങ്കക്ക് നേരെ വെടിവച്ചുകൊണ്ടിരുന്നു. അതിന് ശേഷം നഗരത്തിലേക്കും പോടാല, ക്ഷേത്രം, വിഹാരങ്ങൾ എന്നിവയിലേക്കും വെടിക്കോപ്പുകൾ തിരിച്ചുവച്ചു. ലാസയിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് പറയാൻ സാധ്യമല്ല. ആയിരക്കണക്കിന് മൃതദേഹങ്ങങൾ നോർബുലിങ്കക്ക് അകത്തും പുറത്തുമായി കാണപ്പെട്ടു. നോർബുലിങ്കക്കുള്ളിലെ പ്രധാനകെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടു. നഗരത്തിനുള്ളിലെ വീടുകൾ ഇടിച്ചുനിരത്തുകയോ തീവക്കുകയോ ചെയ്തിരുന്നു. ഞാൻ ഉപയോഗിച്ചിരുന്ന മുറികളുടെ ഏതാനും ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. പതിമൂന്നാം ദലൈലാമയുടെ സ്വർണനിർമിത ശവകുടീരം സൂക്ഷിച്ച മുറിയിൽ ഷെല്ലുകൾ പതിച്ചു. ചാക്പോറി മെഡിക്കൽ കോളജ് നിലംപരിശായി. പുകയും മൃതശരീരങ്ങളും നിറഞ്ഞുകുമിഞ്ഞ നശിച്ച വിജനമായ നോർബുലിങ്കയിലേക്ക് ആദ്യദിവസത്തിന്റെ അവസാനം ചീനക്കാർ പ്രവേശിച്ചു. അവർ ഓരോ മൃതദേഹത്തിന്റെയും - പ്രത്യേകിച്ച് സന്യാസിമാരുടെ- മുഖം പരിശോധിച്ചു. ഞാൻ അപ്രത്യക്ഷമായി എന്ന് അന്ന് രാത്രി അവർ സ്ഥിരീകരിച്ചു. ഞാൻ അവിടെയില്ലെന്ന് കണ്ടുപിടിച്ച ശേഷവും നഗരവും വിഹാരങ്ങളും തകർക്കുന്നത് അവർ തുടർന്നു. ഞങ്ങളുടെ സാധാരണ ജനത മുവുവൻ വിദേശാധിപത്യം അംഗീകരിക്കില്ലെന്ന് ചീനക്കാരെ ബോധ്യപ്പെടുത്തി. അതുകൊണ്ട് നിർദയമായ കശാപ്പുകൊണ്ട് അതംഗീകരിപ്പിക്കാൻ അവർ ശ്രമിച്ചു. ലുൻസെൻ സോങിലേക്ക് യാത്ര തുടർന്ന ഞങ്ങൾ അവിടെ ഭരണകേന്ദ്രം സ്ഥാപിക്കാമെന്ന ആശയിലായിരുന്നു അപ്പോഴും.' (അതേ പുസ്തകം, അതേ അധ്യായം).


ഇത്രമേൽ യാതനാപൂർണമായ രാജ്യഭ്രഷ്ട് അനുഭവിച്ചവർക്ക് അപരരാജ്യം പണിയാൻ പ്രകൃതി പ്രത്യേകം അണിയിച്ചൊരുക്കിയ താഴ്വാരമാണിതെന്ന് ധരംശാല കണ്ടാൽ തോന്നിപ്പോകും. തിബത്തൻ സാന്നിധ്യത്താലാണ് അത്  അന്താരാഷ്ട്ര പ്രശസ്തമായതെങ്കിലും പ്രകൃതി സൗന്ദര്യത്തിൽ ധരംശാല ലേകത്തേറ്റവും മനോഹരമായ മലടയടിവാരങ്ങളിലൊന്നാണ്. ഹിമാലയൻ സാനുക്കളിലെ ധലാധൗർ  മലനിരകളുടെ താഴ്വാരത്താണ് ഈ സ്വപ്ന ഭൂമി. ഹിമാചലിനെ ചുറ്റിവളഞ്ഞ് മഞ്ഞുമേലാപ്പുപോലെ അനേക മൈൽ ദൂരത്തിൽ തലയുയർത്തി നിൽക്കുന്നതാണ് ധലാധൗർ നിരകൾ. 3,500 മീറ്റർ മുതൽ 6,000 മീറ്റർ വരെ ഉയരമുള്ള ധലാധൗർ ഹിമാചലിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെയെല്ലാം തൊട്ടുനിൽക്കുന്ന മലനിരയാണ്. മലകയറ്റക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ട്രിയുണ്ട് ധലാധൗറിൽപെട്ട സ്ഥലമാണ്. ധരംശാലയിൽ നിന്ന് 7 കിലോമീറ്റർ അകലെ ഗല്ലു ക്ഷേത്രം എന്ന സ്ഥലത്തുനിന്നാണ് ട്രിയുണ്ടിലെ മഞ്ഞുവര തേടിയുള്ള മലകയറ്റം തുടങ്ങുന്നത്. ധരംശാലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഭാഗ്സു വെള്ളച്ചാട്ടത്തിനരികിലൂടെ മലയകയറാവുന്ന ഒരുവഴിയുണ്ട്. ട്രക്കിങ് വഴികളിലെ ഏറ്റവും മനോഹരമായ പാതയിതാണ്. പക്ഷെ ആ ഭംഗിയോളംതന്നെ അത് ദുഷ്കരവും അപകടകരവുമാണ്. കുത്തനെയുള്ള കയറ്റമാണ് ഇതിന്റെ സവിശേഷത. ട്രക്കിങ്ങിനുള്ള വഴി വ്യക്തവും കൃത്യവുമാണ് എന്നത് വഴിതെറ്റാനുള്ള സാധ്യതയില്ലാതാക്കുന്നു. വഴിയിൽ ഒന്നുരണ്ടിടത്ത് ചായക്കടകളും ചെറിയ വിശ്രമ കേന്ദ്രങ്ങളുമുണ്ട്. മലകയറ്റത്തിന്റെ അവസാന ഭാഗം ചെങ്കുത്തായ കയറ്റമാണ്.   അത് സ്നോ ലൈനിലേക്ക് അടുക്കുന്തോറും അതീവ കഠിനതരവും അത്യന്തം അപകടകരവുമായിക്കൊണ്ടിരിക്കും. ധരംശാലയിലേക്കുള്ള യാത്രയും അത്രതന്നെ കാഴ്ചാസമൃദ്ധമാണ്. പൈൻ മരങ്ങൾ ആകാശത്തും ചായത്തോട്ടങ്ങൾ ഭൂമിയിലും പച്ചപ്പ് വിരിച്ച് യാത്രികരെ സ്വീകരിക്കും. വളഞ്ഞുതിരിഞ്ഞുയർന്ന് മുകളിലേക്ക് കയറുന്ന റോഡിലെ ഭയാനകത ഇരുവശത്തെയും കാഴ്ചകളിലലിഞ്ഞില്ലാതാകും. ധരംശാലയിൽ നിന്ന് മക്‍ലോഡ് ഗഞ്ചിലേക്കുള്ള  കേബിൾ കാർ ഈ കാഴ്ചകളുടെ വേറിട്ട ദൃശ്യത നൽകും. ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം, നഡ്ഢി വ്യൂ പോയിന്റ്, കാംഗ്ര താഴ്വര, ഭാഗ്സുനാഥ് ക്ഷേത്രം തുടങ്ങി മറ്റേറെ കാഴ്ചാ കേന്ദ്രങ്ങളും ധരംശാലയിലുണ്ട്. പക്ഷെ സ്വന്തം മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ട ഒരു ജനവിഭാഗത്തിന്റെ അതിജീവനപ്പരീക്ഷണങ്ങളും അതിന്റെ അടയാളങ്ങളും തന്നെയാണ് ഈ നഗരത്തെ ആകർഷണീയമാക്കുന്നത്.  

 

' രണ്ടാം ദിവസം രാവിലെയും കുതിരപ്പുറത്ത് സഞ്ചരിക്കാൻ കഴിയാത്ത വിധം അസഖത്തിലായിരുന്നെങ്കിലും യാത്ര തുടരാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. എന്റെ അനുയായികൾ എന്നെ ഒരു സോവിന്റെ പരപ്പുള്ള പുറത്തേറ്റി. യാക്കും പശുവും ചേർന്നുള്ള സങ്കര സൃഷ്ടിയായ സോ, ശാന്ത പ്രകൃതിയും മൃദു ചലനവുമുള്ള ഒരു മൃഗമാണ്. അങ്ങനെ, ടിബറ്റിലെ ആ പ്രാചീന വാഹനത്തിലേറി ഞാൻ എന്റെ നാടുവിടുകയായി. അതിർത്തി കടന്നപ്പോൾ നാടകീയമായ യാതൊന്നും തന്നെ സംഭവിച്ചില്ല. ഭൂപ്രദേശം ഇരുഭാഗത്തും ഒരേവിധം വിസ്തൃതവും ആവാസശൂന്യവുമായിരുന്നു. അസുഖത്തിന്റെയും തളർച്ചയുടെയും മൂച്ഛയോടെ, അനിർവചനീയമാംവിധം അഗാധമായ വിഷാദത്തോടെ ഞാനതു നോക്കിക്കണ്ടു' - പലായനത്തിന്റെ ചരിത്രം ദലൈലാമ ഉപസംഹരിക്കുന്നത് ഇങ്ങിനെയാണ്. അനുഭവിച്ചറിഞ്ഞ ഏതുനാട് വഴിയിലുപേക്ഷിക്കുമ്പോഴും ഓരോ യാത്രികന്റെയുള്ളിലും  ഈ വിഷാദം നിറയും. പക്ഷെ മേൽവിലാസമില്ലാതാകുന്നുവെന്ന്  തീർച്ചപ്പെട്ട നിമിഷാർധത്തിൽ  പുറപ്പെട്ടു പോരേണ്ടിവരുന്നവരുടെ അനന്വിതമായ അനിശ്ചിതത്ത്വങ്ങളാൽ വിഷാദഭരിതമായ ധരംശാലയോട് വിടപറയുമ്പോൾ  അത് പലായകരെപ്പോലെത്തന്നെ ഓരോ സഞ്ചാരിയെയും വിടാതെ പിന്തുടരും. 

(ഹിമാചൽ പ്രദേശിനെക്കുറിച്ച പ്രത്യേക പുസ്തകത്തിന് വേണ്ടി തയാറാക്കിയത്.)

മലബാർ പ്ലസ് ടു: പ്രശ്ന പരിഹാരത്തിന് സർക്കാർ ഭയക്കുന്നതാരെ?

 




കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കും ഒരു പ്രദേശത്തെ തുല്ല്യതയില്ലാത്ത ഭരണകൂട വിവേചനത്തിലേക്കും തള്ളിവിട്ടത് 1996
-2001 കാലയളവിലെ ഇ കെ നായനാർ സർക്കാറാണ്. പി ജെ ജോസഫായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി. അക്കാലത്ത് മന്ത്രിയെ കാണാൻ പോയ അനുഭവം മലബാറിലെ പ്രശസ്തനായ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഒരാൾ ഈയിടെ സ്വകാര്യ സംഭാഷണത്തിൽ പങ്കുവച്ചത് ഇങ്ങിനെയാണ്: 'മന്ത്രിയോട് വ്യക്തിപരമായി ബന്ധമുണ്ടായിരുന്നതിനാൽ തലേന്നുവിളിച്ച് അപ്പോയിന്റ്മെന്റ് വാങ്ങി. അതിരാവിലെ എത്താനാണ് മന്ത്രി നിർദേശിച്ചത്. അതനുസരിച്ച് വളരെ നേരത്തെ തന്നെ അവിടെയെത്തിയപ്പോൾ ആ കോമ്പൗണ്ടിന്റെ അകത്തേക്ക് കടക്കാനാകാത്ത അവസ്ഥ. അവിടെ എത്തിയവരിൽ മഹാഭൂരിഭാഗവും  മധ്യതിരുവിതാംകൂറിലെ മത-രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും സ്കൂളുടമകളുമായിരുന്നു. മുറ്റത്തെ ജനസാഗരത്തെ മറികടന്ന് പോകാനാകില്ലെന്ന് ഉറപ്പായപ്പോൾ മന്ത്രിയെ വിളിച്ചു. അപ്പോൾ മന്ത്രിയുടെ  ഓഫീസിൽനിന്ന് ഒരാൾവന്ന് കൂട്ടിക്കൊണ്ടുപോയി. മന്ത്രി മന്ദിരത്തിന്റെ പിന്നാമ്പുറത്തുകൂടെയാണ് കൊണ്ടുപോയത്.  അക്ഷരാർഥത്തിൽ അടുക്കള വഴി കടന്ന് ഓഫീസിൽ എത്തി.'  

കേരളത്തിന്റെ ജനസംഖ്യയും വിദ്യാഭ്യാസ ആവശ്യങ്ങളുമൊന്നും പരിഗണിക്കാതെ മന്ത്രിയുടെ രാഷ്ട്രീയ ഭൂമികയെന്ന ഒറ്റന്യായത്തിന്റെ പേരിൽ അന്ന് വീട്ടുമുറ്റത്ത് വന്നെത്തിയവർക്കെല്ലാം പ്ലസ് ടു ബാച്ചുകൾ വാരിക്കോരി കൊടുത്തതാണ് ഇന്നത്തെ പ്ലസ് ടു പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതമുണ്ടായത് മലബാറിലാണ്. തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൽ, പത്താം തരം പഠിച്ചിറങ്ങുന്ന കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ  പ്ലസ് ടു സീറ്റുകളുണ്ടായി. മലബാറിലാകട്ടെ പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് കുട്ടികൾ പഠിക്കാൻ സീറ്റില്ലാതെ സ്കൂളിന് പുറത്തിനിൽക്കേണ്ട അത്യന്തം സങ്കടകരമായ സ്ഥിതിവിശേഷവും. 2000 മുതൽ ഓരോ കൊല്ലവും മലബാറിൽ പുറത്താക്കപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.  ഈ വർഷം വിജയിച്ചവരിൽ മലപ്പുറം ജില്ലയിൽ മാത്രം 30,000 കുട്ടികൾക്ക് സീറ്റ് കിട്ടില്ല. 

ഈ പ്രതിസന്ധി പൊതു ശ്രദ്ധയിൽ സജീവമാവുകയും മലബാറിലെ സംഘടനകളും സാമൂഹിക പ്രവർത്തകരും മാധ്യമങ്ങളും അതിശക്തമായി ഉന്നയിക്കാൻ തുടങ്ങുകയും ചെയ്യുമ്പോഴേക്ക് ഏതാണ്ട് അഞ്ച് കൊല്ലം പിന്നിട്ടിരുന്നു. അതിനിടെ ഒരു ഐക്യമുന്നണി സർക്കാർ അധികാരമൊഴിഞ്ഞ് വി എസ് അച്യുതാനന്ദന്റ നേതൃത്വത്തിൽ മറ്റൊരു ഇടതുസർക്കാർ ഭരണത്തിലെത്തി. അന്ന് എം എ ബേബിയാണ് വിദ്യാഭ്യാസ മന്ത്രി. 15 കൊല്ലം മുമ്പ് ഒരു പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എം എ ബേബിയോട് ഈ ഭരണകൂട വിവേചനത്തെക്കുറിച്ച് ചോദിച്ചപ്പേൾ കിട്ടിയ മറുപടി  വിചിത്രമായിരുന്നു: 'സംസ്ഥാനത്ത് ആവശ്യത്തിന് പ്ലസ് ടു സീറ്റുണ്ട്. വിജയിച്ച കുട്ടികളേക്കാൾ കൂടുതലാണ് ആകെ സീറ്റുകളുടെ എണ്ണം. മലബാറില്‍ പ്ലസ് ടുവിന് സീറ്റ് കിട്ടാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓപണ്‍ സ്കൂളില്‍ പഠിക്കാം'.  കേരളത്തിലെ ആകെ സീറ്റുകളുടെ കണക്ക് പറഞ്ഞ്, തന്റെ വാദം സമര്‍ഥിക്കാനുള്ള ശ്രമം ജില്ല തിരിച്ച സീറ്റ് കണക്കുകളുടെ മുന്നില്‍ ദുര്‍ബലമായപ്പോഴായിരുന്നു മന്ത്രി ഓപണ്‍ സ്കൂളിലേക്ക് പോയത്.  അതിന് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നു. മലപ്പുറത്തുകാരനായ അബ്ദുര്‍റബ്ബ് വിദ്യാഭ്യാസ മന്ത്രിയായി. ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. സി രവീന്ദ്രനാഥ് മന്ത്രിയായി. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാപ്പോൾ വിദ്യാഭ്യാസ മന്ത്രിയായി  കെ. ശിവൻകുട്ടി വന്നു. എന്നിട്ടും എം എ ബേബി പറഞ്ഞ ന്യായവാദങ്ങൾ തന്നെയായിരുന്നു കഴിഞ്ഞകൊല്ലം വരെ സർക്കാർ ഭാഷ്യം.  ഈ അസന്തുലിതത്വം നേരിലനുഭവിക്കുന്ന മലബാർ, ശക്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിനും ഇക്കാലയളവിൽ രണ്ടു തവണ സർക്കാറിനെ നയിച്ച കോൺഗ്രസിനും ഈ അനീതിയുടെ ഉത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കാനാകില്ല. പ്ലസ് ടു അനുവദിച്ചതിലെ അനീതി ചോദ്യം ചെയ്ത് അക്കാലത്തുതന്നെ നിയമസഭയെ പ്രക്ഷുബ്ധമാക്കിയ യു ഡി എഫ്, പിൽക്കാലത്ത് പലവട്ടം അധികാരത്തിൽ വന്നിട്ടും പൂർണവും ഫലപ്രദവുമായ പ്രശ്ന പരിഹാരത്തിന് തയാറായില്ല. ഭരണകാലത്തെ അനാസ്ഥക്ക് പ്രതിപക്ഷത്തിരുന്നെങ്കിലും പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന സമയമാണിതെന്ന തിരിച്ചറിവ് ഐക്യമുന്നണി സംഘത്തിനുണ്ടാവണം. 

എന്നാൽ മലബാർ പ്ലസ് ടു പ്രശ്നം പരിഹരിക്കുന്നതിൽ ഇടതുപക്ഷ സർക്കാറിന് രണ്ട് കാരണങ്ങളാൽ അധിക ബാധ്യതയുണ്ട്. നായനാർ നയിച്ച ഇടതു സർക്കാറിന്റെ വികലമായ സ്കൂൾ വിതരണ പരിപാടിയാണ് ഈ പ്രതിസന്ധിക്ക് കാരണമായത് എന്നതുതന്നെയാണ് ഒന്നാമത്തേത്. എല്ലാ സാമൂഹിക മാനദണ്ഡങ്ങളെയും സാമാന്യ മര്യാദകളെയും അട്ടിമറിച്ചാണ്  മധ്യതിരുവിതാംകൂറിൽ സവിഷേശമായും തെക്കൻ കേരളത്തിൽ പൊതുവെയും അക്കാലത്ത് പ്ലസ് ടു അനുവദിച്ചത്. സ്കൂളുകളുടെ എണ്ണത്തിൽ പ്രത്യക്ഷത്തിൽ തന്നെ അനീതിയുണ്ടായി. അക്കാലത്തുതന്നെ നിയമസഭയിൽ ഇത് ഉന്നയിക്കപ്പെട്ടു. 1998 ജൂലൈയിൽ നിയമസഭയിൽ അടിയന്തര പ്രമേയാവതരണത്തിന് അനുമതി തേടി പ്രതിപക്ഷാംഗം ഇ ടി മുഹമ്മദ് ബഷീർ നടത്തിയ പ്രസംഗം അത് വ്യക്തമാക്കുന്നുണ്ട്.: '.... ഇത്തരം കാര്യങ്ങളിൽ എല്ലാവരുടെയും പൊളിറ്റിക്കൽ അജണ്ടയിലെ ഒന്നാമത്തെ ഇനമാണ് സോഷ്യൽ ജസ്റ്റിസ്. സോഷ്യൽ ജസ്റ്റിസിനെപ്പറ്റി പറയാൻ നമുക്ക് എന്താണ് അവകാശമുള്ളത്....സാമൂഹ്യ നീതിയുടെ ശവപ്പറമ്പായിത്തീർന്നിരിക്കുന്നു കേരളം.... ഇനി എന്താണ് പ്രദേശങ്ങളോട് കാണിച്ചത്? മലപ്പുറം ജില്ലയിലെ ജനസംഖ്യ 30,98,330ഉം കോട്ടയം ജില്ലയിലെ ജനസംഖ്യ 18,28,271ഉം ആണ്. മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി പരീക്ഷക്ക് ഇരുന്ന കുട്ടികളുടെ എണ്ണം 68,752ഉം കോട്ടയം ജില്ലയിൽ എസ് എസ് എൽ സി പരീക്ഷക്ക് ഇരുന്നവരുടെ എണ്ണം 38,684 ഉം ആണ്. മലപ്പുറം ജില്ലയിൽ അനുവദിച്ച പ്ലസ് ടു സ്കൂളുകളുടെ എണ്ണം 19ഉം കോട്ടയം ജില്ലയിൽ അനുവദിച്ച സ്കൂളുകളുടെ എണ്ണം 34ഉം ആണ്. ഇടുക്കി ജില്ലയിൽ പരീക്ഷക്ക് ഇരുന്നവരുടെ എണ്ണം 16,855 ആണ്. അവിടെ അനുവദിച്ച സ്കൂളുകളുടെ എണ്ണം 18 ആണ്.... കണ്ണൂരിൽ നിന്ന് പ്രീ ഡിഗ്രി ഡീ ലിങ്ക് ചെയ്തിട്ട് നിങ്ങൾ എറണാകുളത്തോ പൂഞ്ഞാറിലോ കൊടുത്തിട്ട് എന്താണ് കാര്യം?  ഇവിടത്തെ പിന്നാക്ക പ്രദേശങ്ങളിലെ ജനവികാരം മനസ്സിലാക്കണം.'  അന്നേതുടങ്ങിയ അന്യായത്തിന് പരിഹാരം തേടിയാണ് ഒരുപ്രദേശത്തെ ജനതയാകെ ഇപ്പോഴും ശബ്ദമുയർത്തുന്നത്. അത് ചെവിക്കൊള്ളേണ്ട ബാധ്യത പ്രാഥമികമായും  ഇടതുപക്ഷത്തിനാണ്.

ഇതുവരെ പിന്തുടർന്ന സാങ്കേതിക ന്യായങ്ങൾ ഉപേക്ഷിച്ച് ഈ പ്രശ്നത്തെ കുറച്ചുകൂടി സത്യസന്ധമായി അഭിമുഖീകരിക്കാൻ തയാറായ സർക്കാറാണ് ഇപ്പോൾ അധികാരത്തിലുള്ളത് എന്നതാണ് രണ്ടാമത്തെ കാരണം. മലബാർ പിന്നാക്കാവസ്ഥ പഠിക്കാൻ ഈ സർക്കാർ ഒരു കൊല്ലം പിന്നിട്ടപ്പോൾ കമ്മീഷനെ വച്ചു. രണ്ടുപതിറ്റാണ്ടിനിടെ ഇക്കാര്യത്തിൽ ഒരു സർക്കാറിൽ നിന്നുണ്ടായ ഫലപ്രദമായ ചുവടുവപ്പാണിത്. ഇതുവരെ പിന്തുടർന്ന നയപരമായ പിഴവ് തിരുത്താൻ സർക്കാർ തയാറാകുന്നുവെന്ന പ്രതീതി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. സ്കൂളുകളുടെ അപര്യാപ്തത കമ്മീഷൻ സ്ഥിരീകരിച്ചു. പുറത്തുവന്ന വിവരങ്ങൾ പ്രകാരം, തെക്കൻ കേരളത്തിലെ കുട്ടികളില്ലാത്ത ബാച്ചുകൾ മലബാറിലേക്ക് മാറ്റണമെന്നത് അടക്കമുള്ള ശിപാർശകളാണ് കമ്മീഷൻ സർക്കാറിന് നൽകിയിരിക്കുന്നത്. പക്ഷെ റിപ്പോർട്ട് നടപ്പാക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യം മന്ത്രിയെ ചൊടിപ്പിക്കുകയാണ് ചെയ്തത്. അത്തരം പലതരം റിപ്പോർട്ടുകളുണ്ടെന്നാണ് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. റിപ്പോർട്ട് ഒറ്റടയിക്ക് നടപ്പാക്കാനുമാകില്ലത്രെ. മലബാറിലെ പഠന പ്രശ്നം അതിഗുരുതരമാണെന്ന് സമ്മതിക്കുകയും പരിഹാരത്തിന് പഠനം നടത്തുകയും ചയ്ത സർക്കാർ വീണ്ടും അവിടെ നിന്ന് പുറകോട്ട് പോകുന്നുവെന്നാണ് ഈ പ്രതികരണം നൽകുന്ന സന്ദേശം. ദയാരഹിതമായ ഭരണകൂട വിവേചനത്തിന് പതിറ്റാണ്ടുകളായി ഇരയാകുന്ന തലമുറയോടാണ് കേരള സർക്കാർ  ഈ മനോഭാവം തുടരുന്നത്. അനീതി തിരിച്ചറിഞ്ഞിട്ടും അത് പരിഹരിക്കില്ലെന്ന ദുശ്ശാഠ്യം ഒരു പ്രദേശത്തോടുള്ള വിദ്വേഷപൂർണമായ സമീപനമായാണ് മനസ്സിലാക്കപ്പെടുക. അല്ലെങ്കിൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ ആരെയോ ഭയപ്പെടുന്നുവെന്നാണർഥം. ഇ കെ നായനാരും പി ജെ ജോസഫും ചേർന്ന് പ്ലസ് ടു വിതരണം ചെയ്ത കാലത്ത് മന്ത്രിവസതിയുടെ മുറ്റത്ത് തടിച്ചുകൂടിയ ആ ആൾകൂട്ടത്തെ ഇപ്പോഴെങ്കിലും കേരളം മറികടക്കേണ്ടതുണ്ട്.

(MediaOne web, 23, May 2023)

Saturday, May 20, 2023

കർണാടക കോൺഗ്രസിൽ നിന്ന് ദേശീയ കോൺഗ്രസ് പഠിക്കേണ്ടത്


 പ്രധാനമന്ത്രി നേരിട്ട് നയിച്ച കാടടച്ച പ്രചാരണവും ഹിന്ദുത്വ പരിവാരം ആകമാനം രംഗത്തിറങ്ങി നിർമിച്ച വിദ്വേഷാന്തരീക്ഷവും മറികടന്നാണ് കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയക്കൊടി നാട്ടിയത്. തീരദേശ കന്നടയൊഴികെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ആധികാരികമായ മേൽക്കൈ കോൺഗ്രസിന് ലഭിച്ചു. ഈ വിജയത്തിലേക്ക് കോൺഗ്രസ് വെറുതെ എത്തിച്ചേർന്നതല്ല. കർണാടകയിലെ സ്വാഭാവിക പ്രവണതയായ ഭരണവിരുദ്ധ ജനവിധി എന്ന സാമാന്യവത്കരണം കൊണ്ട് കോൺഗ്രസ് നടത്തിയ രാഷ്ട്രീയ മുന്നേറ്റത്തെ മറച്ചുപിടിക്കാനുമാവില്ല. സമീപകാല കോൺഗ്രസ് രാഷ്ട്രീയത്തിലും പാർട്ടി പാരമ്പര്യത്തിലും അത്രമേൽ സുപരിചിതമല്ലാത്ത  അഞ്ച് ഘടകങ്ങളാണ് ഈ വിജയത്തിന്റെ ആധാരശിലയായി മാറിത്.  

ഉറച്ച നേതൃത്വം

സംഘടനാ ദൗർബല്യങ്ങളിലും നേതൃതർക്കങ്ങളിലും ആടിയുലയുന്ന ആൾകൂട്ടമാണ് ഓരോ തെരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക. കേന്ദ്ര ഭരണമില്ലാതായതോടെ അതിൽ സംസ്ഥാന-ദേശീയ വ്യത്യാസമില്ലാതാവുകയും ചെയ്തു. ഈ പ്രവണതക്ക് കർണാടകയിൽ തടയിട്ടു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാസങ്ങൾക്കുമുമ്പ് തന്നെ പുനസംഘടന മുതൽ പ്രവർത്തന പരിപാടി വരെ കോൺഗ്രസ് ആസൂത്രണം ചെയ്തു. മുഖ്യമന്ത്രി സ്ഥാനമടക്കം തർക്ക സാധ്യതയുള്ള മുഴുവൻ വിഷയങ്ങളിലും നേരത്തെ തന്നെ പരിഹാര സമവാക്യങ്ങളുണ്ടാക്കി. തെരഞ്ഞെടുപ്പ് കാലത്ത് തലപൊക്കാനിടയുള്ള 'മുതിർന്ന'വരെ മുൻകൂർ കൈകാര്യം ചെയ്തു. ഡി കെ ശിവകുമാർ മുൻകൈയെടുത്ത് നടത്തിയ ഈ നീക്കങ്ങൾക്ക് സിദ്ധരാമയ്യ പൂർണ പിന്തുണ നൽകി. ശിവകുമാറിന്റെ ശേഷി തിരിച്ചറിഞ്ഞ സിദ്ധരാമയ്യയും തിരിച്ച് സിദ്ധരാമയ്യയുടെ ജനകീയതയെക്കുറിച്ച് ബോധ്യമുള്ള ശിവകുമാറും പരസ്പര ധാരണയോടെ പടനയിച്ചു. പാർട്ടി അവർക്കൊപ്പം നിന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചിട്ടയോടെ ആവിഷ്കരിച്ച് നടപ്പാക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ത്രികോണ മത്സരം വഴി ജെ ഡി എസ് സൃഷ്ടിച്ചേക്കാവുന്ന ഭീഷണിയെ നേരിടാൻ ബഹുതല പദ്ധതിയാണ് നടപ്പാക്കിയത്. സ്ഥാനാർഥി നിർണത്തിൽ പോലും ഒരിടർച്ചയും അപശബ്ദവുമുണ്ടായില്ല. പ്രവർത്തകർക്ക് വഴികാട്ടുന്ന, അണികൾക്ക് വിശ്വസിക്കാവുന്ന, ആശ്രയിക്കാവുന്ന, പ്രതീക്ഷനൽകുന്ന നേതൃത്വത്തെ  അനുഭവിക്കാൻ കഴിഞ്ഞ കോൺഗ്രസിനും  പ്രവർത്തകർക്കും അവരുടെ മുന്നോട്ടുള്ള വഴിയിൽ ഒരു ആശയക്കുഴപ്പവുമുണ്ടായില്ല എന്നത് ഈ വിജയത്തിൽ അതിപ്രധാന ഘടകമായി മാറി. കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഹൈക്കമാന്റ് സംഘങ്ങൾ കണ്ടുപഠിക്കേണ്ട പാഠമാണ് കർണാടക കോൺഗ്രസ്. 

ഉറച്ച രാഷ്ട്രീയം

ബി ജെ പി പറയുന്ന തീവ്ര വർഗീയതയെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുക എന്നതാണ് പതിറ്റാണ്ടുകളായി കോൺഗ്രസ് പിന്തുടരുന്ന രാഷ്ട്രീയ നയം. ഈ സമീപനത്തിന്റെ അന്തരഫലമായാണ് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാനങ്ങളിലെ അധികാര പങ്കാളിത്തത്തിലും കോൺഗ്രസിന്റെ സാന്നിധ്യം  അപ്രസക്തമായിത്തുടങ്ങിയത്.  പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഉറച്ചുനിന്ന് രാഷട്രീയം പറയണമെന്ന വിമർശകരുടെ വാദം കോൺഗ്രസ് ഇതുവരെ മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ കർണാടക അതിനും അപവാദമായി. ഒരു ഭാഗത്ത് ഗ്രാമീണ വോട്ടർമാർക്കിടയിൽ ഹിന്ദുത്വ വർഗീയതയും ജാതീയതയും പറയുകയുകയും നഗര മണ്ഡലങ്ങളിൽ വികസന വായ്ത്ത്താരി മുഴക്കുകയുമാണ് കർണാടകയിൽ ബി ജെ പി സ്വീകരിച്ച തന്ത്രം. ഇതിനോട് പക്ഷെ അതേ സ്വരത്തിൽ തിരിച്ചടിക്കാനോ അതേ താളത്തിലുള്ള തന്ത്രം മെനയാനോ അല്ല കോൺഗ്രസ് മുതിർന്നത്. മറിച്ച് സാധാരണ മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളും അവരുടെ അതിജീവന പ്രതിസന്ധികളും കോൺഗ്രസ് ചർച്ചക്ക് വച്ചു. വിലക്കയറ്റം മുതൽ തൊഴിലില്ലായ്മ വരെയുള്ള പ്രശ്നങ്ങൾ അതിശക്തമായി കോൺഗ്രസ് ഉന്നയിച്ചു. ബെൽഗാം, ഹുബ്ബള്ളി തുടങ്ങി നഗര കേന്ദ്രിത മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  റോഡ് വികസനവും തെരുവുവിളക്കും നടപ്പാതയുമെല്ലാം ബി ജെ പി സർക്കാർ കൊണ്ടുവന്നിരുന്നു.  എന്നിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തരം മണ്ഡലങ്ങൾ ബി ജെ പിയെ കൈവിട്ടു. ഈ രാഷ്ട്ട്രീയ മുന്നറിയിപ്പ് തിരിച്ചറിഞ്ഞ കോൺഗ്രസ് ജനകീയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. ഈ മുദ്രാവാക്യങ്ങൾ ജനങ്ങളെ ആകർഷിക്കുന്നുവെന്ന് ബോധ്യപ്പെടാൻ ബി ജെ പിക്ക് ഏറെ സമയമെടുത്തു. ഒടുവിൽ സൗജന്യ പാചകവാതക സിലിണ്ടറുകളും ഭക്ഷ്യ സബിസിഡി പദ്ധതിയും പ്രഖ്യാപിക്കാൻ ബിജെ പി നിർബന്ധിതരായി. ജനകീയ പ്രശ്നങ്ങൾ മാറ്റിവച്ച് വർഗീയത കളിച്ചാൽ പിടിച്ചുനിൽക്കാമെന്ന ബി ജെ പി കുതന്ത്രത്തെ രാഷ്ട്രീയ സത്യസന്ധതയോടെ നേരിടാനെടുത്ത ഉറച്ച തീരുമാനം ഈ വിജയത്തിന്റെ അടിത്തറയാണ്.  അതിന്റെ പ്രതിഫലനമാണ്, തെരഞ്ഞെടുപ്പ് ഫലം ചങ്ങാത്ത മുതലളിത്തത്തിന് എതിരായ ജനവിധിയാണെന്ന രാഹുലിന്റെ പ്രതികരണം. 

ഉറച്ച നിലപാട് 

ബി ജെ പിയുടെ വർഗീയ പ്രചാരണത്തിന് ചുവടൊപ്പിച്ച് മൃദുവർഗീയത പറഞ്ഞില്ല എന്നിടത്ത് അവസാനിച്ചില്ല കോൺഗ്രസ് നിലപാട്. അടിയുറച്ച മതേതര നിലപാടിലൂടെ അതിന്റെ മറുഭാഗത്ത് പ്രതിരോധത്തിന്റെ പുതിയ പോർമുഖങ്ങൾ തുറക്കാനും കോൺഗ്രസ് ധൈര്യപ്പെട്ടു. പ്രധാനമന്ത്രി വിഷസർപ്പമാണെന്ന മല്ലാകർജുൻ ഖാർഗെയുടെ പ്രസ്താവന കോൺഗ്രസിന് കൈവന്ന പരിവർത്തനത്തിന്റെ സൂചനയാണ്. മുസ്‍ലിം സംവരണം റദ്ദാക്കാനും അത് രണ്ട് ഹിന്ദു പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിഭജിച്ച് നൽകാനും തീരുമാനിച്ച ബി ജെ പിയുടെ ധ്രുവീകരണ തന്ത്രത്തെ ശക്തമായി എതിർക്കാനാണ് കോൺഗ്രസ് തീരുമാനിച്ചത്. വോട്ട് ബാങ്ക് സംരക്ഷണാർഥം ബി ജെ പി കാലങ്ങളായി പരിപാലിച്ചുപോരുന്ന ജാതിസമവാക്യങ്ങളെ പൊളിക്കാൻ ധൈര്യപൂർവം ചുവടുവച്ചു. ബി ജെ പിയുടെ ശക്തിസ്രോതസ്സായ സമുദായങ്ങളിൽ കടന്നുകയറി വോട്ട് സമാഹരിക്കാനുതകുന്ന രാഷ്ട്രീയ പദ്ധതികൾ ആവിഷകരിക്കാൻ കാണിച്ച ചങ്കൂറ്റമാണ് കിറ്റൂർ കർണാടകയിലെയും ഓൾഡ് മൈസൂരുവിലെയും ജനവിധി കോൺഗ്രസിന് അനുകൂലമാക്കിയത്.  പിന്നാക്ക-ന്യൂനപക്ഷ-ദലിത് കൂട്ടായ്മ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണാക ഘടകമാണെന്ന് തിരിച്ചറിഞ്ഞ് അതിനനുസൃതമായ രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് സന്നദ്ധമായി.  അഹിന്ദ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക സമവാക്യത്തെ വോട്ടാക്കി പരിവർത്തിപ്പിക്കാൻ  കോൺഗ്രസ് ജാഗ്രത കാണിച്ചു. 

ജാതി സമവാക്യങ്ങളിൽ മാത്രമല്ല, അഴിമതി വിരുദ്ധ നിലപാടുകളിലും ഈ ധീരത പ്രകടമായി. 'പേ സിഎം', '40 പർസെന്റ് കമ്മീഷൻ സർകാർ' തുടങ്ങിയ പ്രയോഗങ്ങൾ സൃഷ്ടിച്ച ആഘാതം മറികടക്കാൻ ബി ജെ പിയുടെ പ്രചാരണ കോലാഹലങ്ങൾക്ക് കഴിയുമായിരുന്നില്ല. അഴിമതിയിൽ മുങ്ങിനിവർന്ന പാർട്ടിയാണ് ബി ജെ പിയെന്നും അതിനെതിരായ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത് എന്നും സ്ഥാപിക്കാൻ കന്നട ഘടകത്തിന് കഴിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ മറിച്ചിടാൻ ബി ജെ പി നിർമിച്ചെടുത്ത അഴിമതിപ്പാർട്ടിയെന്ന പ്രതിച്ഛായ മറികടക്കുന്നതിൽ കോൺഗ്രസ് ഇപ്പോഴും ദേശീയ തലത്തിൽ വിജയിച്ചിട്ടില്ല. എന്നിട്ടും കർണാടകയിൽ അഴിമതി വിരുദ്ധ മുദ്രാവാക്യം കൊണ്ട് അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ സന്ധിയില്ലാ യുദ്ധ പ്രഖ്യാപനം മുഖവിലക്കടുക്കാൻ ജനം തയാറായി എന്നത് നിസ്സാരമല്ല. അധികാര ദുഷിപ്പിന്റെ കെടുതികൾകൊണ്ട് നിത്യജീവിതം താറുമാറായ സാധാരണക്കാരന് അതിനെതിരായ ഉറച്ച പ്രഖ്യാപനം നൽകിയ പ്രതീക്ഷയാണ് കർണാടകയിലെ കോൺഗ്രസ് വിജയം.  

ഉറച്ച പിന്തുണ 

ബി ജെ പി ഭരണത്തിൽ മറ്റെല്ലായിടത്തുമെന്നപോലെ കർണാടകയിലും സാമൂഹികമായും സാംസ്കാരികമായും ആക്രമിക്കപ്പെട്ട പ്രധാന വിഭാഗം മുസ്‍ലിം ന്യൂനപക്ഷമാണ്. സംസ്ഥാനത്ത് മുസ്‍ലിംകൾക്കുണ്ടായിരുന്ന സംവരണം എടുത്തുമാറ്റിയത് മുതൽ ഹിജാബ് നിരോധനം വരെയുള്ള സംഭവ പരമ്പരകൾ അരക്ഷിതമാക്കിയ മുസ്‍ലിം സമൂഹത്തിന് ഉറച്ച പിന്തുണയാണ് കോൺഗ്രസ് നൽകിയത്. ഹിജാബ് നിരോധനം മുസ്‍ലിം യുവതയിൽ വൻ ആഘാതമാണ് സൃഷ്ടിച്ചിരുന്നത്. ഇതുവഴി ബി ജെ പി അഴിച്ചുവിട്ട വിദ്വേഷ രാഷ്ട്രീയത്തെ കോൺഗ്രസ് അതി ശക്തമായി നേരിട്ടു. ബി ജെ പി കൊണ്ടുവന്ന എല്ലാ ജനദ്രോഹ നിയമങ്ങളും പിൻവലിക്കുമെന്ന പ്രഖ്യാപനം മുസ്ലിം ന്യൂനപക്ഷത്തിന്റെ ഇടയിലുണ്ടാക്കിയ ഉണർവ് ചെറുതല്ല. ഹിജാബ് ധരിച്ച മുസ്ലിം വനിതയെ സ്ഥാനാർഥിയാക്കി വിജയിപ്പിക്കാൻ കോൺഗ്രസിന് ഒരാശങ്കയുമുണ്ടായില്ല. മുസ്‍ലിം സംവരണം പുനസ്ഥാപിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു. കർണാടകയിലെ മുസ്‍ലിം ആക്രമണത്തിന്റെ മുൻനിരയിൽ നിൽക്കുന്ന ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ബജ്റംഗ്ദൾ നിരോധന പ്രഖ്യാപനം ഹിന്ദു വോട്ടർമാർക്കിടയിൽ തിരിച്ചടിക്കുമെന്ന മൃദുഹിന്ദുത്വ  വിശാരദൻമാരുടെ വിശകലന ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് കുലുങ്ങിയില്ല. ബി ജെ പിയുടെ ഹിന്ദുത്വ അജണ്ടകളെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസിനേക്കാൾ വീറും വാശിയും പ്രകടിപ്പിച്ചിരുന്നത് ജെ ഡി എസായിരുന്നു. അതിനാൽ മുസ്‍ലിം വോട്ടുകൾ കോൺഗ്രസിനും ജെ ഡി എസിനും ഇടയിൽ പിളർന്നുമാറുമെന്ന പ്രതീക്ഷയായിരുന്നു ബി ജെ പി വിജയക്കണക്കുകളുടെ  സുത്രവാക്യങ്ങളിലൊന്ന്. ഈ അപടകത്തെ രാഷ്ട്രീയ പക്വതയോടെ കൈകാര്യം ചെയ്യുന്നതിൽ മുസ്‍ലിം സമൂഹവും വിജയിച്ചു. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട സന്ദർഭത്തിൽ ഒപ്പം നിന്ന കോൺഗ്രസിന് 13 ശതമാനം വരുന്ന കന്നട മുസ്‍ലിംകൾ അതേയളവിൽ ഉറച്ച പിന്തുണ തിരിച്ചുനൽകി. സാനമായ ആക്രമണം നേരിട്ട ക്രൈസ്തവ സമൂഹവും ഇതേരീതിയിൽ തന്നെ കോൺഗ്രസിനൊപ്പം നിന്നു. 

ഉറച്ച തന്ത്രം

കോൺഗ്രസ് നടത്തിയ പ്രത്യക്ഷ രാഷ്ട്രീയ ചുവടുവപ്പുകൾക്കൊപ്പം തന്നെ സുപ്രധാനമായിരുന്നു ബി ജെ പി വിരുദ്ധ രാഷ്ട്രീയം മാത്രം മുന്നിൽവച്ച് 'വേക് അപ് കർണാടക (എദ്ദലു കർണാടക)' അണിയറയിൽ ആവിഷ്കരിച്ച പരിപാടികൾ. ബൈ ബൈ ബി ജെ പി എന്ന മുദ്രാവാക്യമുയർത്തിയ ഈ പദ്ധതി,  കർണാടകയിലെ സാമൂഹിക ഘടനയെ ബി ജെ പി വിരുദ്ധമാക്കി  പരിവർത്തിപ്പിക്കുന്നതിൽ വലിയ സംഭാവന ചെയ്തു. കോൺഗ്രസിന്റെ ആസൂത്രണത്തിന് പുറത്തായിരുന്നു ഈ നീക്കങ്ങൾ. ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയമുള്ള സാമൂഹിക പ്രവർത്തകർ മുൻകൈയുടത്ത് രൂപീകരിച്ച  'വേക് അപ് കർണാടക' മൂവ്മെന്റ് ദലിത്, മുസ്ലിം, ക്രിസ്ത്യൻ, പിന്നാക്ക വിഭാഗങ്ങളിൽപെട്ട നിരവധി സംഘടനകളുടെ പിൻബലത്തോടെയാണ് ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിച്ചത്.  103 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് അയ്യായിരത്തോളെ സന്നദ്ധ പ്രവർത്തകർ ഇതിന്റെ ഭാഗമായി. വിവിധ വിഷയങ്ങളിൽ അതത് വിഭാഗങ്ങളെ സമര രംഗത്തിറക്കുക, പോസ്റ്ററുകളും മറ്റുമായി പ്രചാരണം നടത്തുക തുടങ്ങിയ പരമ്പരാഗത പരിപാടികൾക്കൊപ്പം ബി ജെ പി വിരുദ്ധ വോട്ട് സമാഹരിക്കാനും ഏകീകരിക്കാനും വേക്ക് അപ് കർണാടക മുൻകൈയ്യെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി വോട്ട് സമാഹരിച്ച പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. രണ്ട് ലക്ഷത്തോളം പുതിയ വോട്ടർമാരെ കണ്ടെത്തി. മത്സര രംഗത്തുവന്ന പ്രധാന ബി ജെ പി വിരുദ്ധ പാർട്ടികളുമായെല്ലാം കൂടിക്കാഴ്ച നടത്തി. ഇവരുടെ ശ്രമഫലമായി വോട്ട് ഭിന്നിപ്പിക്കാനിടയുണ്ടായിരുന്ന 49 സ്ഥാനാർഥികൾ മത്സര രംഗത്തുനിന്ന് പിൻമാറി. സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചാരണ വീഡിയോകളും മറ്റും വിതരണം ചെയ്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 112 സംഘടനകൾ ഈ പ്രവർത്തനത്തിൽ പങ്കുചേർന്നു. വിവിധ മേഖലകളിൽ സംഘടിപ്പിച്ച 75 സമ്മേളനങ്ങളിലായി 2 ലക്ഷം പേരുമായി സംവദിച്ചു. ഇങ്ങിനെ ബഹുതല സ്പർശിയായ പ്രവർത്തന പരിപാടികളിലൂടെ 'ബൈ ബൈ ബി ജെ പി' കാമ്പയിൻ സൃഷ്ടിച്ച സാമൂഹിക മാറ്റം കോൺഗ്രസ് വിജയത്തിന് താഴെത്തട്ടിൽ അടിത്തറയൊരുക്കുന്നതിൽ അതിപ്രധാന പങ്ക് വഹിച്ചു. 

ഹിന്ദുത്വ രാഷ്ട്രീയം അധികാരം വാഴുന്ന വർത്തമാനകാല ഇന്ത്യയിൽ ജനാധിപത്യ പോരാട്ടം നടത്തുന്ന ഒരു ബി ജെ പി വിരുദ്ധ പാർട്ടി സ്വീകരിക്കേണ്ട സൂക്ഷ്മവും വിശാലവുമായ സമീപനങ്ങളുടെ വിജയകരമായ സങ്കലനമാണ് കർണാടക കോൺഗ്രസിൽ കണ്ടത്. പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസിന് ഇതേ വഴി തെരഞ്ഞെടുക്കാനായാൽ ഹിന്ദുത്വത്തിനുമേൽ രാഷ്ട്രീയ വിജയം ഉറപ്പാക്കാനാകും. 

(മീഡിയവൺ വെബ്, 13-05-2023)

Wednesday, January 25, 2023

പോഖറ: വിസ്മയിപ്പിക്കുന്ന മലഞ്ചെരിവ്, ജീവനെടുക്കുന്ന ആകാശം

 


കഴിഞ്ഞ സെപ്തംബറിൽ പോഖറ യാത്രക്ക് വേണ്ടി കാഠ്മണ്ഡു വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ വിമാനം കാത്തിരിക്കുന്നതിനിടെ  ആവർത്തിച്ചുകേട്ട സന്ദേശം '..... വിമാനം റദ്ദാക്കി' എന്നതാണ്.  ഏതാണ്ട് ഒന്നര മണിക്കൂറിനിടെ റദ്ദാക്കിയത് മൂന്ന് സർവീസ്. എല്ലാത്തിനും കാരണം ഒന്നുതന്നെ: മോശം കാലാവസ്ഥ. സെപ്തംബർ താരതമ്യേന നേപ്പാളിൽ മെച്ചപ്പെട്ട കാലാവസ്ഥയാണ്. ആഗസ്റ്റ് വരെ നീളുന്ന മൂന്ന് മാസത്തെ  വർഷകാലം പിന്നിട്ട് താരതമ്യേന തെളിഞ്ഞ കാലാവസ്ഥയുണ്ടാകുന്ന, തിരക്കേറിയ വിനോദസഞ്ചാര സീസണിലേക്ക് കടക്കുന്ന സമയം. അപ്പോഴാണ് തുടരെത്തുടരെ കൺമന്നിൽ വിമാനങ്ങൾ റദ്ദാകുന്നത്. 

കാലാവസ്ഥ മോശമായതിനാൽ യാത്ര മുടങ്ങുമോ എന്ന ആശങ്കയിൽ വിമാനത്താവളത്തിനകത്തെ യതി എയർലൈൻ കൗണ്ടറിൽ ചെന്നപ്പോൾ വളരെ സ്വാഭാവികമായ മറുപടി: 'വിമാനം ഇതിനകം അവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ടെങ്കിൽ പ്രശ്നമില്ല. പോഖറയിലാണ് കാലാവസ്ഥ പ്രശ്നം. നിങ്ങളുടെ ഫ്ലൈറ്റ് ഇവിടെ ഇറങ്ങിയാൽ എന്തായാലും തിരിച്ചുപോകും'. അതുവരെയുണ്ടായിരുന്ന ആത്മധൈര്യം കൂടി അതോടെ കൈവിട്ടു. എങ്കിൽ അവിടെ ഇറങ്ങാൻ തടസ്സമുണ്ടാകില്ലേ എന്ന ആധിയെ ആ ജീവനക്കാരി അനായാസം നേരിട്ടു: 'ഇവിടന്ന് പുറപ്പെട്ട് അവിടെ എത്തുമ്പോഴേക്കും കാലാവസ്ഥ ഒക്കെ ശരിയാകും. ഇത് പതിവാണ്.' കാഠ്മണ്ഡുവിൽനിന്ന് പോഖറയിലേക്ക് ആകെ യാത്രാ സമയം 25 മിനിറ്റാണ്. ഇത്ര ഗുരുതരമായ കാലാവസ്ഥ അത്രമേൽവേഗം ശാന്തമാകുമോയെന്ന തീരാസംശയവുമായി യതി എയർവേയ്സിന്റെ കൗണ്ടറിൽ നിന്ന് മടങ്ങുമ്പോൾ ഓർമവന്നത് തലേരാത്രി കാഠ്മണ്ഡുവിലെ ഹോട്ടൽ ഹിമാലയ ജീവനക്കാരൻ തന്ന ഉപദേശമാണ്: 'പോഖറയിലേക്ക് റോഡ് യാത്ര ദുഷ്കരമാണ്. 200 കിലോമീറ്റർ ദൂരമാണെങ്കിലും 10 മണിക്കൂറിലധികം ചിലപ്പോൾ വേണ്ടിവന്നേക്കും. വിമാനയാത്രക്ക്  സമയം ലാഭവും ചിലവ് കുറവുമാണ്. എന്നാൽ ഏത് സമയവും അത് റദ്ദാക്കപ്പെടാം. കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അപകടങ്ങളും വരെ കൂടുതലുമാണ്. എന്നാലും രണ്ട് ദിവസത്തെ നിങ്ങളുടെ പ്നാനിന് വിമാനം തന്നെയാണ് ഏകവഴി'. പോഖറയെക്കുറിച്ച എല്ലാ അന്വേഷണങ്ങളിലും നേപ്പാളികളുമായുള്ള അലോചനകളിലുമെല്ലാം ഈ അനിശ്ചിതത്വവും ആശങ്കകളും കൂടുതലായിരുന്നു എന്നത് ഓർമയിലെത്തിയത് പെട്ടെന്നാണ്. കാഠ്മണ്ഡുവിൽ വച്ച് പരിചയപ്പെട്ട ഏതാനും മാധ്യമ പ്രവർത്തകരുടെ വാക്കുകളിലാകട്ടെ ഈ ആശങ്ക അൽപം അധികമുണ്ടായിരുന്നു. മോശം കാലാവസ്ഥയാണെന്ന് ഉറപ്പായതിനാൽ യാത്ര റദ്ദാക്കണോ എന്ന ആശയക്കുഴപ്പം വിട്ടൊഴിഞ്ഞുമില്ല. പക്ഷെ എല്ലാ ഭയാശങ്കകൾക്കും മേലെ പോഖറയിലെ കാഴ്ചകൾ ഒരു പ്രലോഭനമായി വന്നുപൊതിഞ്ഞു.





നേപ്പാളിലെ ഏറ്റവും ആകർഷണീയമായ വിനോദ സഞ്ചാര കേന്ദ്രമാണ് പോഖറ. 2700 അടി ഉയരത്തിൽ തടാകങ്ങളാൽ വലയം ചെയ്യപ്പെട്ട നഗരം. മഞ്ഞുമൂടുന്ന മലഞ്ചെരുവുകളിലൂടെ ഹിമാലയ നിരകൾ കണ്ടുനടക്കാൻ കഴിയുന്ന അപൂർവനഗരമാണ് പോഖറ. ഹിമാലത്തിൽ 26,300 അടിവരെ ഉയരമുള്ള അന്നപൂർണ പർവതനിരകലിലേക്ക് യാത്ര ചെയ്യുന്ന സാഹസികരുടെ പ്രവേശന കവാടമാണ് പോഖറ. ഈ കൂറ്റൻ മലത്തലപ്പുകളുടെ വിസ്മയകരമായ കാഴ്ചാനുഭവം പോഖറയുടെ സവിശേഷതയാണ്.  അതുവഴി കടന്നുപോകുന്നവരെയാകെ വരിഞ്ഞുചുറ്റുംപോലെ അരികിലേക്ക് പടർന്നെത്തുന്ന ഹിമാലയൻ പർവതശിഖരങ്ങളിൽ ആകാശഭൂമിക്കിടയിൽ കൊളുത്തിവച്ച സ്വപ്നത്താഴ്വരയാണ് ആ മലഞ്ചെരുവ്.  ഈ പർവതനിരകൾ പോലെത്തന്നെ താഴ്വാരമത്രയും ചുറ്റിക്കിടക്കുന്ന തടാകങ്ങളുമുണ്ട്. എട്ട് തടാകങ്ങളാണ് പോഖറയിലുള്ളത്. ഇന്ത്യക്കും ടിബറ്റിനുമിടയിലെ പഴയകാല വ്യാപാര പാതയായിരുന്ന പോഖറയിൽ ബുദ്ധമത ബന്ധം  അടയാളപ്പെടുത്തുന്ന വിവിധ ചരിത്ര സ്മാരകങ്ങളും കാണാം. നഗരകേന്ദ്രത്തിൽ നിന്ന് മാറി നിർമിച്ച ശാന്തി സ്തൂപം അത്യാകർഷകമാണ്. ഹിമാലയൻ മലനിരകളും പോഖറ നഗരവും ഫേവ തടാകവും ഒറ്റക്കാഴ്ചയിലൊതുക്കാനാകുന്ന അപൂർവസ്ഥലം. പിന്നെയുമേറെ അത്ഭുതക്കാഴ്ചകൾ ഈ നഗരപരിധിയിലുണ്ട്. 




ഇത്രയേറെ ആകർഷണീയതകളും അപൂർവതകളുമുണ്ടെങ്കിലും പോഖറയിലേക്കുള്ള വിമാന യാത്ര അത്യന്തം അപകടം നിറഞ്ഞതാണ്. നേപ്പാൾ പൊതുവെ വിമാനയാത്രികരുടെ പേടിസ്വപ്നമാണ്.  പോഖറ അതിൽ ഇത്തിരി മുന്നിൽ നിൽക്കും. കഴിഞ്ഞ വർഷം മെയിൽ 22 പേർ മരിച്ച വിമാന അപകടമുണ്ടായത് പോഖറ റൂട്ടിലാണ്. കഴിഞ്ഞ 60 വർഷത്തിനിടെ (1962-2022) 67 വിമാനാപകടങ്ങളാണ് നേപ്പാളിലുണ്ടായത്. ഇതിൽ 818 പേർ മരിച്ചു. യന്ത്രത്തകരാറ്, പക്ഷിയിടി, നിയന്ത്രണം നഷ്ടമാകൽ, കാലാവസ്ഥ തുടങ്ങിയവയാണ് പൊതുവെ വിമാനാപകടങ്ങൾക്ക് കാരണമാകാറുള്ളത്. എന്നാൽ നേപ്പാൾ വിമാനാപകടങ്ങളിലെ പകുതിയും കാലാവസ്ഥ കാരണമാണ് സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്. ആകെ മരിച്ചവരിൽ 92 ശതമാനവും അപകടത്തിൽപെട്ടത് കാലാവസ്ഥ കാരണമുണ്ടായ അപകടങ്ങളിലാണ്. അതിനർഥം നേപ്പാളിലെ വലിയ വിമാനദുരന്തങ്ങൾക്കെല്ലാം കാലാവസ്ഥയാണ് മുഖ്യകാരണം എന്നാണ്.  

നിമിഷങ്ങൾകൊണ്ട് മാറിമറിയുന്ന കാലാവസ്ഥയാണ് നേപ്പാളിലേത്. പൊടുന്നനെയുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് വിമാനത്തിന്റെ സഞ്ചാരം ക്രമീകരിക്കുന്നതിൽ വരുന്ന വീഴ്ച പലപ്പോഴും അപകടകാരണമായിട്ടുണ്ട്. മലനിരകളെ മേഘങ്ങൾ മൂടി കാഴ്ച മറയ്ക്കുന്നതിനാൽ ഉണ്ടായ അപകടങ്ങളും കുറവല്ല. ഇങ്ങിനെ അടിക്കടിയുണ്ടാകുന്ന അതിവേഗ മാറ്റം കൃത്യമായി രേഖപ്പെടുത്താനും വിമാനങ്ങൾക്ക് കൈമാറാനും കഴിയുന്ന സാങ്കേതിക സംവിധാനവും നേപ്പാളിലില്ല. 2019ൽ നേപ്പാൾ ഏവിയേഷൻ അഥോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. 'കാലാവസ്ഥയിലെ വൈവിധ്യവും അപകടകരമായ പ്രകൃതിഘടനയും ചെറുവിമാനങ്ങളുടെ ആവർത്തിച്ചുള്ള അപകടങ്ങൾക്ക് കാരണമാകുന്നു' എന്നാണ് കണ്ടെത്തൽ. 



എന്നാൽ പോഖറയിൽ ഇപ്പോഴത്തെ അപകടത്തിന് കാലാവസ്ഥ കാരണമായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാലാവസ്ഥയാകട്ടെ താരതമ്യേന വ്യക്തവും വിമാനയാത്രക്ക് അനുയോജ്യവുമായിരുന്നുവെന്നാണ് ഇപ്പോഴത്തെ നിഗമനം. വിമാനത്തിന്റെ പഴക്കവും സാങ്കേതിക പരിമിതകളുമാകാം കാരണമെന്ന് സംശയിക്കുന്നുമുണ്ട്. 15 കൊല്ലം പഴക്കമുള്ളതാണ് അപകടത്തിപെട്ട വിമാനം. ഇന്ത്യയിലുണ്ടായിരുന്ന കിങ്ഫിഷർ കമ്പനിയുടെ വിമാനങ്ങളാണ് യതി എയർലൈനായി മാറിയത്. കിങ്ഫിഷറിൽനിന്ന് തായ്ലന്റ് വിമാനക്കമ്പനി വാങ്ങിയ വിമാനങ്ങൾ  ഇവർ വഴിയാണ് യതി എർലൈനായി നേപ്പാളിലെത്തുന്നത്. പഴഞ്ചൻ സാങ്കേതിക സംവിധാനങ്ങളാണ് ഇതിൽ. ഇതുവഴി ലഭിക്കുന്ന വിവരങ്ങൾ അത്രകണ്ട് വിശ്വസിനീയമല്ലെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. 

കാലാവസ്ഥ കാരണമായുണ്ടാകുന്ന അപകടങ്ങൾ നേപ്പാളിൽ ഇതുവരെ ജനുവരിയിൽ സംഭവിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ 60 വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. ജനുവരിക്കൊപ്പം, ഏപ്രിൽ, ജൂൺ, നവംബർ മാസങ്ങളിലും കാലാവസ്ഥ കാരണം അപകമുണ്ടായിട്ടില്ല. അതിനാൽ ഇത്തവണയുണ്ടായതും ഈ ഗണത്തിൽപെടാനുള്ള സാധ്യത വളരെ കുറവാണ്. മെയ്, ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് ഇത്തരം വിമാനദുരന്തങ്ങൾ ഏറെയും സംഭവിച്ചിരിക്കുന്നത്. വിമാനത്തിൽ മാത്രമല്ല, വിമാനത്താവളങ്ങിലും ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെയാണ് യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്. വിമാനം ലാന്റ് ചെയ്ത ശേഷം നിർത്തിയിടുന്നതിന് മുമ്പ് തന്നെ യാത്രക്കാർ വിമാനത്തിനരികിലേക്ക് ഓടിയടുക്കുന്നത് പോഖറ വിമാനത്താവളത്തിലെ കൗതുകക്കാഴ്ചയാണ്. നമ്മുടെ നാട്ടിൽ ബസിൽ കയറാൻ വിരനിൽക്കുംപോലെ ആളിറങ്ങുന്നതുവരെ വിമാനവാതിലിൽ കൂട്ടംകൂടി കാത്തുനിൽക്കുന്ന യാത്രക്കാരെ ലോകത്ത് മറ്റെവിടെയും കാണാനായെന്ന് വരില്ല. തദ്ദേശീയരായ ആഭ്യന്തര യാത്രക്കാരുടെ അമിതസാന്നിധ്യം ഈ പ്രവണത വർധിക്കാനും കാരണമായിട്ടുണ്ടാകാം. 

നേപ്പാൾ വിമാനാപകട ചരിത്രം കൂടി  വായിച്ചറിഞ്ഞാണ് സെപ്തംബറിലെ ആ തണുത്ത പുലരിയിൽ  കാഠ്മണ്ഡുവിൽനിന്ന് യാത്ര തുടങ്ങുന്നത്.  തുടങ്ങിയപ്പോൾ തന്നെ അസാധാരണ രീതിയിൽ ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും പറന്നുയരുന്ന യാത്രാനുഭവം അപൂർവമാണ്. നേപ്പാൾ അപകടക്കഥകളുടെ അകമ്പടി വിവരങ്ങൾ ഓർമയിലേക്ക് ഇരച്ചെത്തുന്നതിനാൽ ഉള്ളിലെ ആധിയും ആശങ്കയും ഹിമാലയത്തോളം ഉയരത്തിലെത്തിയിരുന്നു. ഓരോ ചെറിയ കുലുക്കവും ഒപരകടം അതിജീവിച്ച ആശ്വാസം നൽകി. ഈ പേടിമറികടക്കാനാണ് അടുത്തിരുന്ന ചെറുപ്പക്കാരനോട് കുശലം ചോദിച്ചത്. ദീപക് ഥാപ്പയെന്ന ആ പഴയ ഗൾഫ് പ്രവാസി യാത്രാ വഴിയിലെ മലനിരകളോരോന്നും ചൂണ്ടി ഓരോ ഹിമാലയൻ രഹസ്യങ്ങൾ പകർന്നുതന്നു. ഓരോ കഥക്കും അനുബന്ധമായി പക്ഷെ ഓരോ വിമാനാപകട കഥകൂടി ആ ചെറുപ്പക്കാരൻ ചേർത്തുവച്ചു. മരിച്ചവരുടെ കഥ മാത്രമല്ല, മേഘക്കാടുകളിലേക്ക് പറന്നുപോയി അപ്രത്യക്ഷമായ വിമാനങ്ങളുടെ കഥകൾ കൂടി അങ്ങിനെ അടുത്തറിഞ്ഞു.  അവിടെ കാണാതാകുന്ന വിമാനങ്ങൾ കണ്ടെത്തുക ദുഷ്കരമാണത്രെ.  ഇന്നലെ വിമാനദുരന്തമുണ്ടായപ്പോഴും ആ ചെറുപ്പക്കാരൻ അവിടെ ഓടിയെത്തിയിരുന്നു. പേടിച്ചരണ്ട സഹയാത്രികരോട് വിമാനത്തിലരുന്ന് സെതി നദിയുടെ കഥപറയുമ്പോൾ ഇനി  ഈ 72 പേരെക്കൂടി അയാളോർക്കും.




ഈ കഥകൾ കേട്ട് ഉള്ളുവിറച്ചിരിക്കുന്നതിനിടെയാണ്, പെട്ടെന്ന് ഗട്ടറിന് മുന്നിൽവച്ച് ബൈക്ക് വെട്ടിത്തിരിക്കുംപോലെ വിമാനം കുലുങ്ങിയത്. ആ ആഘാതത്തിൽ നിലവിളിച്ച അയർലണ്ടുകാരന് അരികിലേക്ക് ഓടിയെത്തിയ വിമാന ജീവനക്കാരി അയാളെ ആശ്വസിപ്പിച്ചു: 'പേടിക്കേണ്ട, 10 മിനിറ്റിനകം നമ്മൾ നിലംതൊടും.' പാതിചിരിച്ചും പാതി കണ്ണുമിഴിച്ചുമായിരുന്നു അതിനയാളുടെ മറുപടി: 'ലാന്റിങ് സമയം എനിക്കറിയാം. അതിൽ പേടിയില്ല. പക്ഷെ അതുണ്ടാകുമോ എന്ന കാര്യത്തിലേ എനിക്ക് പേടിയുള്ളൂ.' വേവലാതി ഇഴചേർത്ത് അപ്പോഴുയർന്ന കൂട്ടച്ചിരിയാണ്  ആ വിമാന യാത്രക്കിടയിൽ കിട്ടിയ ഏക ആശ്വാസം. ആത്മാവിലേക്ക് നവചൈതന്യം പകരുന്നതാണ് പോഖറ കാഴ്ചകൾ. അവിടേക്കുള്ള വിമാനയാത്രയാകട്ടെ, അക്ഷരാർഥത്തിൽ പുനർജനിയുമാണ്.

(മീഡിയവൺ വെബ്, 16 ജനുവരി 2023) 


Monday, January 16, 2023

ഒഴിഞ്ഞ ഖജനാവും കുഴഞ്ഞ നയവും

രണ്ട് വർഷം മുമ്പ് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ പ്രതിനിധികൾ കൊല്ലം ജില്ലയിലെ ഒരു ടി ടി ഐ സന്ദർശിച്ചു. സ്ഥാപനാധികൃതർ പരിശോധക സംഘത്തെ 'വേണ്ടവിധം' കാര്യങ്ങൾ ബോധ്യപ്പെടുത്താതിനാലാകണം, അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാരണം പറഞ്ഞ് വിദ്യാലയം അടച്ചുപൂട്ടണമെന്ന് കൗൺസിൽ ഉത്തരവിട്ടു. സംസ്ഥാനത്തെ മറ്റ് ടി ടി ഐകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുമുണ്ടെന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ നടപടിക്കെതിരെ സ്ഥാപനം അപ്പീൽ നൽകി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 20 ടി ടി ഐ കളുടെ വിവിരങ്ങൾ അതിൽ ഉദ്ദരിച്ചു. ഇത്രയും വിവരങ്ങൾ കൈവന്നതോടെ ആ 20 ടി ടി ഐകൾ കൂടി അടച്ചുപൂട്ടാൻ കൗൺസിൽ ഉത്തരവിട്ടു. ഇതൊന്നും പക്ഷെ കേരള സർക്കാർ അറിഞ്ഞില്ല. കൗൺസിലിന്റെ ആശയ വിനിമയങ്ങളെല്ലാം പൂർണമായി എസ് സി ഇ ആർ ടിയുമായാണ് നടത്തിയത്. ഇത്തരം വിഷയങ്ങളിലെല്ലാം ഇടനിലയിലുണ്ടാകേണ്ട സംസ്ഥാന സർക്കാറിനെ കേന്ദ്ര ഏജൻസി പൂർണമായി ഒഴിവാക്കി.

കേന്ദ്രം അംഗീകാരം റദ്ദാക്കിയ ശേഷമാണ്  കേരളം വിവരം അറിഞ്ഞത് എങ്കിലും, സംസ്ഥാനത്തിന്റെ അധികാരമുപയോഗിച്ച് അംഗീകാരം പുനസ്ഥാപിച്ചു. ഇപ്പോൾ ഈ 20 ടി ടി ഐകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അവിടെ നിന്ന് യോഗ്യത നേടിയിറങ്ങുന്നവരുടെ പ്രവർത്തന പരിധി കേരളത്തിന് അകത്ത് മാത്രമായി പരിമിതപ്പെട്ടു. ഈ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക്  മറ്റ് സംസ്ഥാനങ്ങളിലോ കേന്ദ്ര സർക്കാർ തസ്തികകളിലോ ജോലി ചെയ്യാൻ കഴിയില്ല. സി-ടെറ്റ് പോലുള്ള ദേശീയതല പരീക്ഷകളും എഴുതാനാകില്ല. കേരളത്തിൽ പഠിക്കാം. സ്ഥാപനത്തിന് പ്രവർത്തിക്കാം. പക്ഷെ കേരളത്തിന് പുറത്ത് ഇത് അംഗകരിക്കപ്പെടില്ല എന്ന അവസ്ഥ. ഒരുതരം അക്കാദമിക് തടവറ തീർത്ത് ഈ 20 സ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസി നിഷ്കൃയമാക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാറിനെ അറിയിക്കാതെ, നേരിട്ട് അക്കാദമിക് സ്ഥാപനങ്ങൾ വഴി ഇടപെടൽ നടത്താവുന്ന തരത്തിൽ കേന്ദ്ര സർക്കാർ പ്രവർത്തന രീതികൾ വിപുലീകരിച്ചിരിക്കുന്നു വെന്നാണ് ഈ സംഭവത്തിൽ നിന്ന് വ്യക്തമാകുന്നത്. കേന്ദ്ര ഏജൻസികളുടെ ഈ കടന്നുകയറ്റം സംസ്ഥാന സർക്കാർ തിരിച്ചറിഞ്ഞത് ടി ടി ഐകൾക്ക് താഴുവീണപ്പോഴാണ്.

ഭരണഘടനാ വകുപ്പുകൾക്ക് വിധേയമായിത്തന്നെ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കാവുന്ന പരിഷ്കാരങ്ങളാണ് രാജ്യത്തെ ഏതാണ്ടെല്ലാ മേഖലകളിലും കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജി എസ് ടി വഴി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുമേൽ കൈവച്ച കേന്ദ്ര സർക്കാർ, ദേശീയ അന്വേഷണ ഏജൻസികളുടെ അധികാര മേഖല വികസിപ്പിച്ച്, സംസ്ഥാനങ്ങളുടെ ആഭ്യന്തര വ്യവഹാരങ്ങളിൽ നേരിട്ട് ഇടപെടാവുന്ന സ്ഥിതി വിശേഷം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ മറ്റൊരു പതിപ്പാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയവും അതിന്റെ ചുവടുപിടിച്ചെത്തിയ ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂടും. വിദ്യാഭ്യാസ മേഖലയിൽ ഓരോ സംസ്ഥാനത്തും നിലനിൽക്കുന്ന വൈവിധ്യവും പ്രാദേശിക ചേരുവകളാൽ സമൃദ്ധവുമായ പാഠ്യപദ്ധതികളെ ഏകീകൃത സ്വഭാവത്തിലേക്ക് ക്രമേണ പരിവർത്തിപ്പിക്കാനുതകുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയവും പുതിയ പാഠ്യപദ്ധതി ചട്ടക്കൂടും തയാറാക്കിയിരിക്കുന്നത്. ഇതിനെച്ചൊല്ലി കേന്ദ്ര സർക്കാറുമായി നടക്കാനിടയുള്ള ഏറ്റുമുട്ടലുകളായിരിക്കും പുതിയ അധ്യയന വർഷത്തിൽ കേരളം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധി.

സമാനമായ രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന തമിഴ്നാടും ബംഗാളുമെല്ലാം കേന്ദ്ര പാഠ്യപദ്ധതി ചട്ടക്കൂടിനെ തള്ളിക്കളയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരള സർക്കാർ ഇങ്ങിനെ വ്യക്തവും ദൃഢവുമായ നിലപാടിലേക്ക് ഇതുവരെ വന്നെത്തിയിട്ടില്ല. രാഷ്ട്രീയ നിലപാടുകൾ തമ്മിൽ കടലോളം വ്യത്യാസമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും  കേന്ദ്രത്തിലെ ബി ജെ പി സർക്കാറിനെ പിണക്കാതെ കാര്യങ്ങൾ നടത്തിയെടുക്കാമെന്നാണ് കേരളത്തിലെ ഇടത് സർക്കാർ പ്രതീക്ഷിക്കുന്നത്. മോദി ഭയത്താൽ സ്വീകരിക്കുന്ന ഈ അഴകൊഴമ്പൻ നയം കേരളത്തിലെ അക്കാദമിക് മേഖലയെ കുട്ടിച്ചോറാക്കുമെന്ന ആശങ്ക ഈ രംഗത്ത് പ്രവർത്തിക്കുന്നവരിലെല്ലാം ശക്തമായിക്കഴിഞ്ഞിട്ടുണ്ട്. 

കേരളത്തിൽ 2013ൽ ആണ് അവസാനമായി പാഠപുസ്തക പരിഷ്കരണം നടന്നത്. അഞ്ചുവർഷത്തിലൊരിക്കൽ പാഠപുസ്തകം പരിഷ്കരിക്കുക എന്നത് കേരളത്തിൽ ഏറെക്കുറെ കൃത്യമായി പിന്തുടരുന്ന രീതിയാണ്. എന്നാൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയുണ്ടായി. പുസ്തക പരിഷ്കരണം സ്വാഭാവികമായി സൃഷ്ടിച്ചേക്കാവുന്ന വിവാദങ്ങൾ ഭയന്ന് അന്നത്തെ മന്ത്രി തന്നെ മനപ്പൂർവം പരിഷ്കാരം മാറ്റിവച്ചതാണെന്നാണ് ഭരണ കേന്ദ്രങ്ങളിലെ അണിയറക്കഥ. പുതിയ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പാഠപുസ്തകങ്ങൾ നവീകരിക്കപ്പെടുക എന്നത് കുട്ടികളോട് കാണിക്കേണ്ട സാമാന്യനീതിയാണ്. കേരളത്തിലാകട്ടെ, സംഭവബഹുലമായ വർഷങ്ങളാണ് കഴിഞ്ഞുപോയത്. പ്രളയവും കോവിഡും നിപ പോലെ മഹാവ്യാധിയുമെല്ലാം കേരളത്തെ ഭയപ്പെടുത്തിയ വർഷങ്ങൾ. അതനുഭവിച്ച തലമുറക്ക് അതിജീവന വഴികൾ അക്കാദമികമായി പരിചയപ്പെടുത്തേണ്ട പ്രാഥമിക വേദിയാണ് പാഠപുസ്തകം. ഇപ്പോൾ നടപടികൾ ആരംഭിച്ചാൽ പോലും ഇനി പരിഷ്കാരം യാഥാർഥ്യമാകുക 2024-ാടുകൂടിയാണ്. ഇതിനൊപ്പം മറ്റൊന്നുകൂടി ഇത്തവണ സംഭവിച്ചിട്ടുണ്ട്. പാഠ പുസ്തക പരിഷ്കരണത്തിലെ കേന്ദ്ര ഇടപെടൽ. 

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് വിധേയമായി സംസ്ഥാനം സ്വന്തമായി പാഠ്യപദ്ധതി ചട്ടക്കൂടുണ്ടാക്കുകയും അതിനനസൃതമായി പുസ്തകങ്ങൾ തയാറാക്കുകയുമാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ ഇക്കൊല്ലം കേന്ദ്രം ഇതിൽ മാറ്റം വരുത്തി. പാഠ്യപദ്ധതിയിൽ വരുത്തുന്ന ഏത് മാറ്റത്തിനും കേന്ദ്ര സർക്കാറിന്റെ അംഗീകാരം വേണമെന്നാണ് പുതിയ വ്യവസ്ഥ. ഭരണഘടനാ പ്രകാരം കൺകറൻ്റ് പട്ടകയിൽ പെട്ട വിദ്യാഭ്യാസത്തിനുമേൽ, അന്യായമായ അധികാരമാണ് കേന്ദ്രം പ്രയോഗിക്കുന്നത്. അതിന് വഴങ്ങാതിരിക്കുകയെന്ന രാഷ്ട്രീയ തീരുമാനം കേരളത്തിന് ഇതുവരെ സ്വീകരിക്കാനായിട്ടില്ല. ഈ നിർദേശത്തെ തമിഴ്നാടും ബംഗാളും പൂർണമായി തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ കേന്ദ്രത്തെ പിണക്കാതെ കാര്യം സാധിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ഇക്കാര്യത്തിലും കേരളം എത്തിനിൽക്കുന്നത്. ഇതിന്റെ ഭാഗമായി, പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ നിർേദശങ്ങളടങ്ങിയ കരട് രേഖ തയാറാക്കി കേന്ദ്രത്തിന്റെ അനുമതിക്കായി കേരളം സമർപിച്ചിട്ടുണ്ട്. കേന്ദ്രം മുന്നോട്ടുവച്ച വ്യവസ്ഥകളെ വെല്ലുവിളിക്കുകയോ എതിർക്കുകയോ ചെയ്യാതെ, അതിനോട് സമരസപ്പെട്ടുപോകുന്ന നിർദേശങ്ങളാണ് കരട് രേഖയിലുള്ളത് എന്നാണ് ലഭ്യമായ വിവരം. കേരള വിദ്യാഭ്യാസ നയത്തെ സമൂലം ബാധിക്കുന്നതാണെങ്കിലും ഈ കരട് ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര അനുമതി വാങ്ങിയ ശേഷം കേരള താത്പര്യങ്ങൾ മുൻനിർത്തി പുസ്തകങ്ങൾ തയാറാക്കാമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ. ഇതെത്രത്തോളം നടപ്പാക്കാനാകുമെന്ന് കണ്ടറിയണം.  ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തോട് കർക്കശമായ വിയോജിപ്പ് പുലർത്തുന്ന സാമൂഹിക സംഘങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സാന്നിധ്യം ശക്തമായ കേരളത്തിൽ കേന്ദ്ര താത്പര്യങ്ങൾക്കനുസൃതമായ പാഠപുസ്തക നിർമാണം അത്ര അനായാസം നടക്കുകയുമില്ല. 

അക്കാദമദിക് മേഖലയിൽ മാത്രമല്ല,  സംസ്ഥാനങ്ങളിലെ ഭരണപരമായ കാര്യങ്ങളിലും കൈകടത്താൻ കേന്ദ്ര സർക്കാർ വഴികൾ തുറന്നിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇതിന് വേണ്ട പോംവഴികൾ നിർദേശിക്കപ്പെട്ടിട്ടുമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ കേരളത്തിലെ എയിഡഡ് മേഖലയെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് എയിഡഡ് മാനേജേർസ് അസോസിയേഷൻ കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയിരുന്നു. പുതിയ ദേശീയ നയപ്രകാരം സർക്കാർ ഫണ്ട്, സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാണ് നൽകാനാകുക. ഈ വകുപ്പ് ഉപയോഗിച്ച് പല ആനുകൂല്യങ്ങളും തടയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അവരുടെ വാദം. പ്രവേശനോത്സവ ഫണ്ടിൽ ഇത്തവണയുണ്ടായ അനിശ്ചിതത്വവും ആശയക്കുഴപ്പവും പെൺകുട്ടികളുടെ ആയോധനകലാ പരിശീലന പദ്ധതിയിൽ അപേക്ഷ നൽകാനാകാത്തതും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അക്കാദമിക ഇടപെടൽ പോലെത്തന്നെ ഭരണപരമായ ഇടപെടലും സംഘർഷഭരിതമായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കേന്ദ്രവുമായി ആശയപരമായ ഏറ്റമുട്ടലുകൾ വേണ്ടിവരുന്ന വിഷയങ്ങളിൽ അക്കാദമിക് താത്പര്യം മുൻനിർത്തിയെങ്കിലും സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. 'കേന്ദ്രത്തിനൊപ്പം, കേരളത്തിനുമൊപ്പം' എന്ന നയതന്ത്രത്താൽ ഈ രാഷ്ട്രീയ സന്ദർഭത്തെ മറികടക്കാനാകില്ല. 

കേന്ദ്ര ഏറ്റുമുട്ടൽ സൃഷ്ടിക്കുന്ന പ്രതിസന്ധി പോലെത്തന്നെ അതീവ ഗുരുതരമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ. ഒഴിഞ്ഞ ഖജാനയുമായാണ് പുതിയ അധ്യയന വർഷത്തിലേക്ക് കേരളം പ്രവേശിക്കുന്നത്.  കാശില്ലായ്മ കലശലായാൽ ആദ്യം പിടിവീഴുന്ന മേഖലകളിലൊന്ന് വിദ്യാഭ്യാസമാണ്. അപ്രഖ്യാപിത നിയമന നിരോധം മുതൽ അത് പരോക്ഷമായി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല ഇപ്പോൾ തന്നെ അനുഭവിക്കുന്നുമുണ്ട്. പാഠ പുസ്തക പരിഷ്കരണത്തിന് കേന്ദ്ര നയവുമായി ഏറ്റുമുട്ടൽ വേണ്ടെന്ന ധാരണയിലേക്ക് ഭരണ നേതൃത്വം എത്തിച്ചേർന്നതിന് പിന്നിലും സാമ്പത്തിക ആനുകൂല്യങ്ങൾ ഒരു ഘടകമാണ്. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ കേന്ദ്ര ഫണ്ട് ചിലവഴിക്കപ്പെടുന്നുണ്ട്. അതിന്റെ അർഹമായ വിഹിതം ഉറപ്പാക്കാൻ കേന്ദ്ര നിബന്ധനകൾക്ക് വഴങ്ങേണ്ടി വരുമെന്ന ധാരണ ഭരണതലത്തിലുണ്ട്. ബി ജെ പി സർക്കാർ അക്കാദമിക് മേഖലയിൽ നടപ്പാക്കുന്ന ഹിന്ദുത്വവത്കരണത്തെക്കുറിച്ച് കേരള സർക്കാറിനെ നയിക്കുന്നവർ ഒട്ടുമേ അജ്ഞരല്ല. എന്നിട്ടും, സുഗമമായ ഭരണത്തിന് ലഭ്യമാകുന്ന വഴികളിലൂടെയെല്ലാം ധനസമാഹരണം നടത്താമെന്ന തീർപ്പിലെത്തുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച കൃത്യമായ സൂചകമാണ്. 

സാമ്പത്തിക പ്രതിസന്ധി പ്രത്യക്ഷത്തിൽ തന്നെ ബാധിക്കുന്നവെന്നതിന്റെ സൂചനയാണ് അധ്യാപക നിയമനങ്ങളിലെ അനാസ്ഥ. അപ്രഖ്യാപിത നിയമന വിലക്കാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നുണ്ട്. ഒഴിവുകൾ നികത്തുന്ന കാര്യത്തിലെ മെല്ലേപ്പോക്കും അലംഭാവവും ഈ ആരോപണത്തിന് ബലം പകരുന്നു. സംസ്ഥാനത്ത് ഹൈ സ്കൂൾ വരെ ക്സാസുകളിലായി ഇപ്പോൾ ഏതാണ്ട്  എണ്ണായിരത്തോളം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. മലപ്പുറം ജില്ലയിൽ മാത്രം പ്രാഥിക വിദ്യാഭ്യാസ മേഖലയിൽ ആിരത്തിലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റുകൾക്ക് പകരം പുതിയ ലിസ്റ്റിന് നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അതിനും വേണ്ടത്ര വേഗമില്ല. നിയമനം പരമാവധി നീട്ടിക്കിട്ടിയാൽ അത്രയും സാമ്പത്തിക ലാഭമെന്ന മട്ടിലാണ് സെക്രട്ടേറിയറ്റിൽ കാര്യങ്ങൾ നീങ്ങുന്നത്.  

ഹൈ സ്കൂളിൽ പ്രധാന അധ്യാപകരെ നിയമിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കവും കേസും കാരണം കാലങ്ങളായി നിയമനം മുടങ്ങിക്കിടക്കുകയാരുന്നു. ഈ കേസിൽ ഏറെക്കുറെ തീർപ്പായിട്ടും നിയമനത്തിന് സർക്കാർ താത്പര്യമെടുക്കുന്നില്ല. 300 പേർക്കാണ് സ്ഥാനക്കയറ്റം നൽകി പ്രധാനാധ്യാപകരായി നിയമനം നൽകേണ്ടത്. സംസ്ഥാനത്തെ ഏതാണ്ട് 15 ശതമാനത്തോളം ഹൈ സ്കൂളുകൾ നാഥനില്ലാകളരിയാണെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. കോവിഡിന് ശേഷം കഴിഞ്ഞ നവംബറിൽ പ്രധാന അധ്യാപകരായി നിയമിക്കപ്പെട്ട ആയിരത്തി അറുനൂറിലധികം പേർക്ക് അതിന്റെ ശമ്പളമോ ആനുകൂല്യങ്ങളോ ഇതുവരെ നൽകിത്തുടങ്ങിയിട്ടില്ല. എയിഡഡ് സ്കൂളിലാകട്ടെ 10,000ൽ അധികം തസ്കികകളാണ് സർ ക്കാറിന്റെ അംഗീകാരം കാത്തുകിടക്കുന്നത്. ഭിന്ന ശേഷി സംവരണ തസ്തികയിലെ തർക്കമാണ് ഇതിന് കാരണമായി പറയുന്നത്. ഇക്കാര്യത്തിലും കർക്കശമായ നിലപാടെടുത്ത് പ്രശ്ന പരിഹാരത്തിന് ശ്രമങ്ങളുണ്ടാകുന്നില്ല. കോവിഡ് കാലത്ത്  രണ്ട് വർഷം അടച്ചിട്ട സമയത്ത് പി എസ് സി അഡ്വൈസ് ചെയ്തവർക്ക് നിയമനം നൽകിയില്ല. സാമ്പത്തിക ലാഭം മുന്നിൽകണ്ടായിരുന്നു ഈ നടപടിയും. നിയമനം പുനരാരംഭിക്കാൻ ഉദ്യോഗാർഥികൾക്ക് കോടതിയെ സമീപിക്കേണ്ടവന്നു. കോവിഡ് കാലത്ത് പൊതു വിദ്യാലയങ്ങളിൽ വൻ തോതിൽ കുട്ടികൾ കൂടിയെന്നും പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടുവെന്നുമാണ് സർക്കാർ അവകാശവാദം. എന്നാൽ ഇതിന് ആനുപാതികമായി അധ്യാപകരുടെ എണ്ണത്തിൽ വർധനയുണ്ടായില്ല എന്ന് മാത്രമല്ല, ക്രമാനുഗതമായി കുറയുന്നുമുണ്ട്. എയിഡഡ് സ്കൂളുകളാണ് ഇതിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. കുട്ടികൾ കൂടിയാലും എയഡഡ് സ്കൂളുകളിൽ തസ്തിക അനുവദിക്കാൻ ത്രിതല പരിശോധന സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. സെപ്തംബർ 30ന് മുമ്പ് ഈ നടപടികൾ പൂർത്തീകരിച്ചാൽ മതിയെന്നാണ് വ്യവസ്ഥ. ജൂണിൽ തുറക്കുന്ന വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ നാല് മാസം ആളുണ്ടാകില്ല എന്ന് സർക്കാർ തന്നെ ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് മന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ അധ്യാപക ഒഴിവുകളുടെ കണക്കില്ലെന്ന് കൈമലയർത്തുകയാണ് സർക്കാർ ചെയ്തത്. പണച്ചിലവുള്ള ഭരണ നടപടികളോട് സർക്കാർ സ്വീകരിക്കുന്ന സമീപനം ഈ മറുപടിയിൽ വ്യക്തമാണ്. സ്ഥിര നിയമനം പരമാവധി ഒഴിവാക്കണമെന്ന ധനവകുപ്പ് സമ്മർദം പിൻവാതിലിലൂടെ നടപ്പാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. നടപടികളിലെ മെല്ലെപ്പോക്ക്, നിയമനം ഒഴിവാക്കാവുന്ന പലതരം സാങ്കേതികതകൾ, നിയമനത്തിലെ ചവിട്ടിപ്പിടിത്തം... അപ്രഖ്യാപിത നിയമന വിലക്ക്  നടപ്പാക്കാൻ ഇതെല്ലാമാണ് സർക്കാർ പ്രയോഗിക്കുന്നത്. 

രണ്ട് പതിറ്റാണ്ടിനിടെ നേരുടേണ്ടിവരുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് കേരളം. ട്രഷറി പൂട്ടാതെ നോക്കാനുള്ള പോംവഴികൾ ആവിഷ്കരിക്കുക എന്നത് മാത്രമാണ് കേരള സർക്കാർ ഇപ്പോൾ ചെയ്യുന്ന ധനമാനേജ്മെന്റ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം തന്നെ ട്രഷറി നിയന്ത്രണം ഏർപെടുത്തേണ്ടി വന്ന കാലമാണിത്. ദൈനംദിന ചിലവുകൾക്ക് മാറാവുന്ന ബിൽ പരിധി 25 ലക്ഷമാക്കി ചുരുക്കി. നേരത്തെയിത് ഒരു കോടിവരെയായിരുന്നു. ഇത്ര കടുത്ത പ്രതിസന്ധിക്കിടെവേണം ഈ അധ്യയനവർഷത്തെ പദ്ധതികളെല്ലാം പൂർത്തിയാക്കാൻ. ധനസഥിതിയെക്കുറിച്ച് ധാരണയുള്ളവരിലെല്ലാം അതെത്രത്തോളം സഫലമാകുമെന്ന ആശങ്ക ശക്തമാണ്. പൊതുവിദ്യാഭ്യാസം കേരളത്തിന്റെ അഭിമാന പദ്ധതിയാണ്.  

പക്ഷെ സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രയാസത്തിനിടെ എങ്ങിനെ അതിജീവിക്കുമെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങുകയാണ്. ഇതിനൊപ്പമാണ് കേന്ദ്ര-സംസ്ഥാന ഏറ്റമുട്ടൽ എന്ന സംഘർഷ സാധ്യത നിറഞ്ഞ  സ്ഥിതിവിശേഷം കൂടി സൃഷ്ടിക്കപ്പെടുന്നത്. ഇവ രണ്ടും ചേർന്ന് കേരളത്തിലെ അക്കാദമിക് അന്തരീക്ഷത്തെ കലുഷിതമാക്കുന്നുവെന്ന ആശങ്കയോടെയാണ് സംസ്ഥാനം പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നത്. ഒരേ സമയം സംസ്ഥാന ഭരണ പ്രതിസന്ധിയുടെയും  കേന്ദ്ര ഭരണ കൂടത്തിന്റെ അമിതാധികാര പ്രയോഗത്തിന്റെയുമിടയിൽ കുരുങ്ങി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വഴികൾ അടഞ്ഞുപോകാതിരിക്കാൻ  പൊതുസമൂഹത്തിന്റെ അതിജാഗ്രത കൂടി ആവശ്യമായി വരും. 


(മാധ്യമം ആഴ്ചപ്പതിപ്പ്, ജൂൺ, 2022)

Monday, August 16, 2021

ഇടത് ഫാക്ടറിയിലെ കാപ്സ്യൂളുകളും കേരളീയ പൊതുബോധവും

 

കേരളത്തിലെ ഒരു കോളജ് അധ്യാപകൻ കോളജിന് പുറത്തുനടന്ന ഒരു സ്വകാര്യ പരിപാടിയിൽ പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു പരമാർശം നടത്തി. പിന്നീട് ഏതോ സമയത്ത് ഈ പ്രസംഗ ശകലം സോഷ്യൽ മീഡിയയിലെത്തുകയും വലിയ കോലാഹലങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു. കോഴിക്കോട്ടെ കോളജിനും  അധ്യാപകനും  എതിരെ അതിശക്തമായ പ്രതിഷേധങ്ങളുയർന്നു. കേരളത്തിലെ സിപിഎം അനുകൂല വിദ്യാർഥി-യുവജന-വനിതാ സംഘടനകളാണ്  ഈ സമരത്തിന് തുടക്കമിട്ടതും മുന്നോട്ടുനയിച്ചതും. ഇടതുസംഘടനകളുടെ സുസംഘടിത പ്രതിഷേധം മറ്റ് വിദ്യാർഥി-യുവജന സംഘടനകൾക്ക് മാറിനിൽക്കാൻ കഴിയാത്ത തരത്തിലുള്ള സമരസമ്മർദം സൃഷ്ടിച്ചു. കഴിഞ്ഞയാഴ്ച ഇതേ കോളജുൾകൊള്ളുന്ന കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ ഒരു അധ്യാപകൻ അദ്ദേഹത്തിന്റെ വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നുവെന്ന പരാതി ഉയർന്നു. ആഭ്യന്തര സംവിധാനങ്ങളിൽ പരാതികളുന്നയിച്ചിട്ടും കാര്യമായ അനക്കമുണ്ടായില്ല. ഒടുവിൽ പരാതി,  പോലീസിലെത്തിയ വിവരം മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.  പക്ഷെ ഈ അധ്യാപകനെതിരെ കാര്യമായ ഒരു പ്രതിഷേധവും ഇടതുസംഘടനകളിൽനിന്നുണ്ടായില്ല. കോഴിക്കോട്ടെ കോളജിലെ അധ്യാപകനെതിരായ പരാതിയുമായി താരതമ്യം ചെയ്യുമ്പോൾ സർവകലാശാലയിലെ അധ്യാപകന്റെ പരാതിയുടെ വ്യാപ്തിയും ഗൗരവവും പലമടങ്ങ് ഇരട്ടിയാണ്. ഈ അധ്യാപകൻ ഇടത് അനുകൂല അധ്യാപക സംഘടനാ പ്രവർത്തകനായിരുന്നുവെന്നതാണ് സമരകോലാഹലങ്ങളില്ലാത്ത പീഡന പരാതിയായി അത് അവസാനിക്കാൻ കാരണമായത്. 

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ ഭരണ പക്ഷം തന്നെ നിയമസഭാ പ്രവർത്തനം തടസ്സപ്പെടുത്തിയ അത്യപൂർവ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഇടതുപക്ഷത്തെ മഹിളാ നേതാക്കളായിരുന്നു അന്ന് ആ ചരിത്രം രചിച്ചത്. അതിന് കാരണമായി അവർ ആരോപിച്ചത് കോൺഗ്രസ് നേതാവ് കെ ശിവദാസൻ നായർ നടത്തിയ പ്രസംഗം സ്ത്രീ വിരുദ്ധമാണെന്നതാണ്. ലോകോത്തര കഥാകൃത്തായ സാദത്ത് ഹസൻ മൺറോയുടെ അതി പ്രശസ്തമായ 'ദി റിട്ടേൺ' എന്ന കഥയാണ് ശിവദാസൻനായർ അന്നുദ്ദരിച്ചത്. സഭക്കകത്തെ ഇടത് വനിതാ അംഗങ്ങൾ സഭ സ്തംഭിപ്പിച്ചപ്പോൾ പുറത്ത് മഹിളാ സംഘടനാ പ്രവർത്തകർ കോലം കത്തിച്ചും വഴിതടഞ്ഞും രംഗം കൊഴുപ്പിച്ചു. കഥയുടെ സാംരാശമോ പറയാനുദ്ദേശിച്ച ആശയമോ പോലും പരിഗണിക്കാതെ പ്രതിഷേധമായി ആളിക്കത്തിയവർ കഴിഞ്ഞ ദിവസം അതേ സഭയിൽ  മൗനമാചരിച്ച് ചിരിച്ചുല്ലസിച്ച് ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടു, എ കെ ശശീന്ദ്രൻ വിഷയത്തിൽ. കെ കെ ശൈലജയടക്കം!

കേരളത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ വിവാദമാണ് രണ്ട് ദിവസം മുമ്പ് പുറത്തുവന്ന മന്ത്രി എ കെ ശശീന്ദ്രന്റെ ഒരു ടെലഫോൺ സംഭാഷണം. അദ്ദേഹത്തിന്റെ പാർട്ടി നേതാവ് പ്രതിയായ സ്ത്രീയെ പീഡന പരാതി ഒതുക്കിത്തീർക്കാൻ പരാതിക്കാരിയുടെ അച്ഛനെ വിളിച്ച് സമ്മർദം ചെലുത്തുന്നതാണ് ശബ്ദരേഖ. ഇതിനെതിരായ പ്രതികരണത്തിന് വേണ്ടി കേരളത്തിലെ ഇടതുപക്ഷ വിദ്യാർഥി-യുവജന-വനിതാ സംഘടനാ നേതാക്കളെയെല്ലാം മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ ആർക്കും ഒരുശിരുമുണ്ടായിരുന്നില്ല. പലരും ഒഴിഞ്ഞുമാറി. സ്ത്രീ സുരക്ഷക്ക് പ്രത്യേക കാമ്പയിൻ  നടത്തുന്ന സമയമായിട്ടുപോലും സി പി എം സംസ്ഥാന സെക്രട്ടറി അഴകൊഴമ്പൻ പ്രതികരണം നടത്തി തലയൂരി. അസാധാരണമായ സംയമനവും ക്ഷമയും 'വിശദമായി പഠിക്കാനുള്ള' തീവ്രാഭിലാഷവുമക്കെയാണ് അവരുടെ വാക്കുകളിൽ പ്രടകമായത്. ഇടത് രാഷ്ട്രീയാഭിമുഖ്യമുള്ളവർക്ക് മേധാവിത്തമുള്ള കേരളത്തിലെ സാസ്കാരിക ലോകത്തും മന്ത്രിയുടെ ഈ സ്ത്രീ വിരുദ്ധ നിയമ ലംഘനത്തിനെതിരെ കാര്യമായ ശബ്ദമുയർന്നിട്ടില്ല. പ്രതികരണ ശേഷിയില്ലാഞ്ഞിട്ടോ പ്രതികരിക്കേണ്ട വിഷയത്തിന്റെ ഗൗരവം മനസ്സിലാകാഞ്ഞിട്ടോ ആയിരിക്കില്ല ഈ മൗനമെന്നത് പകൽപോലെ വ്യക്തമാണ്. സമരം ചെയ്യാനോ അതിന് വേണ്ട ആശയാടിത്തറയും സൈദ്ധാന്തി വിശദീകരണവുമൊരുക്കാനോ കേരളത്തിലെ ഇടതുസംഘനടകളെ  ആരും പഠിപ്പിക്കേണ്ടതില്ല. എന്നിട്ടും ശശീന്ദ്രനെതിരെ ഒരനക്കവുമില്ല. ഹസൻ മൺറോയുടെ കഥയേക്കാൾ എത്രയോആഘാതശേഷിയുളള ജീവിക്കുന്ന തെളിവാണ് ശശീന്ദ്രന്റെ ശബ്ദരേഖ. പക്ഷെ ഇടതുവനിതകളോ 'സാസ്കാരിക പ്രമുഖരോ' അത് കണ്ട മട്ടില്ല. 

സംഘടിത ശക്തിയുപോഗയോഗിച്ച് സമരമോ പുതിയ ആശയധാരയോ സൃഷ്ടിക്കാനും അധീശത്വത്തിന്റെ ആനുകൂല്യമുപയോഗിച്ച് ന്യായമായ ശബ്ദങ്ങളെ അട്ടിമറിക്കാനും പുതിയ നരേറ്റിവുകൾ പ്രചരിപ്പിക്കാനും കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് അനായാസം കഴിയുന്നുവെന്നതാണ് ഈ പ്രശ്നങ്ങളിലെല്ലാമുള്ള പൊതുഘടകം. സോഷ്യൽ മീഡിയ കാലത്ത് 'രാഷ്ട്രീയ കാപ്സ്യൂൾ' എന്നൊരു പുതിയ പദ്ധതിതന്നെ ഇടതുപക്ഷം വിജയകരമായി നടപ്പാക്കി. തങ്ങളുടെ രാഷ്ട്രീയാശയത്തെ ശാക്തീകരിക്കാനാവശ്യമായ ചരിത്ര നിർമിതികൾ നടത്താൻ ഏതുകാലത്തും ഇടതുപക്ഷം ശ്രമിക്കുകയും ഒട്ടൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളും പദവികളും മുതൽ സംഘടിത ശേഷി വരെ അതിനായി അവരുപയോഗപ്പെടുത്തും. മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം കേരള വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച വിവാദ കോലാഹലങ്ങളുടെ അലയൊലി ഇനിയും കെട്ടടങ്ങിയിട്ടില്ല. മത വിശ്വാസം പ്രോത്സാഹിപ്പിക്കുന്ന പാഠഭാഗം ഒഴിവാക്കുന്നതുപോലെ മതനിരാസം പഠിപ്പുക്കുന്ന പാഠഭാഗവും ഒഴിവാക്കപ്പെടണം എന്ന വാദത്തിന് ഇനിയും കേരളത്തിൽ സ്വീകാര്യത ലഭച്ചിട്ടില്ല. അടിമുടി തകിടം മറിഞ്ഞിട്ടും ശബരിമല നിലപാടിലെ അവസരവാദത്തിന് സിപിഎമ്മോ ഇടതുപക്ഷമോ കേരളീയ പൊതുസമൂഹത്തോട് മറുപടി പറയേണ്ടി വന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ഏതാനും പ്രതിപക്ഷ പ്രതികരണങ്ങൾ ഒഴിച്ചുനിർത്തിയാൽ കേരളത്തിലെ 'പുരോഗമന സംസ്കാരിക' ലോകവും ഇതിനോട് മൗനംപാലിച്ചു. 

ഇത്തരത്തിൽ നടത്തുന്ന പലതരം സാംസ്കാരിക അട്ടിമറികൾ ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാകുന്ന ഒരു ഇടം സിനിമയാണന്ന് ഇടതു രാഷ്ട്രീയം നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് അമാനുഷിക പരിവേഷം നൽകുന്ന സിനിമ പുറത്തുവന്നിരുന്നു. ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തേതാണ് മാലിക് എന്ന സിനിമ. 12 കൊല്ലം മുമ്പ് നടന്ന ബീമാപള്ളി വെടിവപ്പും അനുബന്ധ സംഭവങ്ങളും ആധാരമാക്കിയാണ് സിനിമാക്കഥ വികസിക്കുന്നത്.  താനൊരു ഇടതുപക്ഷ അനുഭാവിയാണെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് സംവിധായകൻ സിനിമാ ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നിട്ടും ആ വെടിവപ്പിന് ഉത്തരവാദികളായ അക്കാലത്തെ ഇടതുസർക്കാറിനെ ചിത്രത്തിൽ അപ്രത്യക്ഷമാക്കാൻ പറയുന്ന ന്യായം സംശയലേശമന്യേ മുഖ്യധാരാ കേരളം മുഖവിലക്കെടുക്കുന്നു. ഈ സിനിമക്ക് ബീമാപള്ളിയുമായി ബന്ധമില്ലെന്ന വാദവും സംവിധായകൻ പലപ്പോഴും ഉയർത്തുന്നുണ്ട്. ഇത്ര അനായാസം ഒരു വ്യാജ പ്രചാരണം നടത്താമെന്ന ആത്മവിശ്വാസം ആ സംവിധായകന് ലഭിക്കുന്നത് തന്നെ കേരളത്തിൽ നിലനിൽക്കുന്ന ഇടത് അധീശത്വവും അതുനൽകുന്ന സാംസ്കാരിക പിൻബലവുമാണ്. 

കേരള രാഷ്ട്രീയ-ജനാധിപത്യ പ്രയോഗത്തിൽ പൊലീസ് ഒരിക്കലും ഒരു സ്വതന്ത്ര സംവിധാനമായിട്ടില്ല എന്നത് ഇതുവരെയുള്ള അനുഭവമാണ്. ഏതെങ്കിലും കാലത്ത് അങ്ങിനെയാകാൻ കഴിയുമായിരുന്നെങ്കിൽ അത് അടിയന്തരാവസ്ഥാ കാലമാണ്. എന്നാൽ അക്കാലത്തെ പൊലീസിനെ 'കരുണാകരപ്പൊലീസ്' എന്നാണ് ഇടതുപക്ഷം തന്നെ വിളിച്ചിരുന്നത്. അന്ന് സംസ്ഥാനത്തുണ്ടായിരുന്ന ആഭ്യന്തര മന്ത്രിക്കാണ് പൊലീസ് ചെയ്തികളുടെ ഉത്തരവാദിത്തമെന്ന രാഷ്ട്രീയ മുദ്രാവാക്യമാണ് ആ പ്രയോഗത്തിന്റെ അന്തസ്സത്ത. എന്നാൽ മാലിക് എന്ന സിനിമയിൽ അത്തരമൊരു രാഷ്ട്രീയത്തെ 'ഇടതുപക്ഷക്കാരൻ' എന്ന് സ്വയം വിളിക്കുന്ന സംവിധായകൻ  അപ്രത്യക്ഷമാക്കുകയാണ് ചെയ്തത്. ബീമാപള്ളി വെടിവപ്പിന് ഉത്തരവാദികളായ അന്നത്തെ ആഭ്യന്തര മന്ത്രിയെയും അദ്ദേഹം അംഗമായ ഇടത് മന്ത്രിസഭയെയും സിനിമ അദൃശ്യമാക്കി. പകരം ആ സ്ഥാനത്ത് പൊലീസ് മാത്രമായി മാറുന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്  ഏറ്റവുമധികം വിമർശനങ്ങളേറ്റുവങ്ങായി വകുപ്പാണ്  ആഭ്യന്തരം. പൊലീസിന്റെ മൃതുഹിന്ദുത്വ സമീപനങ്ങളും മുസ്ലിം വിരുദ്ധ തയും പലവട്ടം വിവാദങ്ങളുയർത്തി. സമീപകാല കേരള ചരിത്രത്തിലൊന്നുമില്ലാത്ത വിധത്തിൽ പൊലീസിന്റെ ഏറ്റുമുട്ടൽ-കസ്റ്റഡി കൊലപാതകങ്ങൾ കേരളത്തിലുണ്ടായി. ഈ സമയത്തെല്ലാം ഇടതുപക്ഷവും അതിന്റെ സഹയാത്രികരും സ്വീകരിച്ച സമീപനം പൊലീസ് വേറെ-പിണറായി വേറെ  എന്നതാണ്. പൊലീസ് നടപടികളുടെ പേരിൽ സർക്കാറിനെ വിമർശിക്കാനേ പറ്റില്ലെന്ന സൈദ്ധാന്തിക ന്യായങ്ങളും നേതാക്കളുന്നയിച്ചു. ഇതേ ന്യായവാദങ്ങളുടെ സ്വഭാവമാണ് മാലിക് സിനമയിലും പ്രകടമാകുന്നത്. ഒരു തരം കാപ്സ്യൂൾ നിലവാരം. സിനിമ വിവാദമായപ്പോൾ, സോഷ്യൽ മീഡിയയിലെ ഇടത് പ്രൊഫൈലുകൾ വ്യാപകമായി പങ്കുവച്ച ഒരു ടെക്സ്റ്റിൽ സംഭവ ദിവസം അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ ഇല്ലായിരുന്നുവെന്നും വിവരം അറിഞ്ഞയുടൻ ഡൽഹി യാത്ര റദ്ദാക്കി അദ്ദേഹം കേരളത്തിലെത്തി എന്നും പ്രത്യേകം എടുത്തു പറയുന്നുണ്ട്. ആഭ്യന്തര മന്ത്രി സ്ഥലത്തില്ലാത്ത തക്കം നോക്കി പൊലീസുകാരെന്തോ ചെയ്തു എന്ന മട്ടിലൊരു വാദം. വെടിവപ്പിന് കാർമികത്വം വഹിച്ച ഇടത് ഭരണകൂടത്തെ അപ്രത്യക്ഷമാക്കുകയും പകരം മുസ്ലിം രാഷ്ട്രീയ പ്രതിനിധാനത്തെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് സിനിമ. യഥാർഥ സംഭവംനടന്ന് ഒന്നരപതിറ്റാണ്ട് തികയും മുമ്പ് അതിന്റെ പിന്നിലെ ചരിത്ര വസ്തുതകളെ സിനിമ അട്ടിമറിക്കുന്നു. 

സാങ്കൽപിക കഥയാണെന്ന് അവകാശപ്പെടുമ്പോഴും സിനിമയിലെ ഓരോ ദൃശ്യത്തിലും ബീമാപള്ളി വെടിവപ്പിലേക്ക് നയിച്ച സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. ബീമാപള്ളിയിലെ ഹോട്ടലിൽ ഭക്ഷണ ശേഷം സംഘർഷമുണ്ടാക്കുന്നത്, പിറ്റേന്ന് നടന്ന ബസ് തടയൽ, കലക്ടറുടെയോ സബ്കലക്ടറുടെയോ ഉത്തരവില്ലാതെ വെടിവച്ചത്, വെടിയേറ്റയാളെ വലിച്ചുകൊണ്ടുപോയത്, മരിച്ചവരിൽ കൊച്ചുകുഞ്ഞും ഉൾപെട്ടത്, ഉദ്യോഗസ്ഥൻ പിന്നീട് ശരീരം തളർന്ന് കിടപ്പായത്.. ഇങ്ങിനെ ഒട്ടേറെ രംഗങ്ങൾ യഥാർഥ ബീമാപള്ളി സംഭവത്തിൽ നിന്ന് അതേപടി പകർത്തിയതാണ്. എന്നിട്ടും ഇത് താൻ മെനഞ്ഞെടുത്ത സങ്കൽപ കഥയാണ് എന്ന് പരസ്യമായി അവകാശപ്പെടുന്നതിൽ ഒരു വിമുഖതയും സംവിധായകനില്ല. അങ്ങനെ പറയാമെന്നത് വ്യക്തിപരമായ അവകാശമാണ് എന്ന് സാങ്കേതികമായി വിദിക്കാം. ആ വാദത്തെ നിരാകരിക്കാൻ മറ്റൊരാൾക്ക് അവകാശവുമില്ല. പക്ഷെ ചരിത്രബോധമുള്ളവർക്ക് അതിന്റെ യാഥാർഥ്യം ഒറ്റനോട്ടത്തിൽ മനസ്സിലാകും. എന്നിട്ടും ഇങ്ങിനെ ചരിത്രത്തെ നിഷേധിക്കാൻ കഴിയുന്നത് 'ഞാനൊരു ഇടതുപക്ഷ പ്രവർത്തകനാണ്' എന്ന് പറയാമെന്ന അയാളുടെ ആത്മവിശ്വാസം കാരണമാണ്. കേരളത്തിലെ ഇടത് സാംസ്കാരിക ലോകത്തിനാകട്ടെ ഇസ്ലാമോഫോബിയ എന്നത് എളുപ്പം വിറ്റഴിക്കാവുന്നതും അനായാസം ജനപ്രീതി ആർജിക്കാവുന്നതുമായ സാംസ്കാരിക ഇന്ധനണമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുരോഗമന കലാ സാഹിത്യ സംഘം പുറത്തിറക്കിയ വീഡിയോകളിൽ മുസ്ലിംകളുടെ രാജ്യദ്രോഹവും സർവണമലയാളികളുടെ ദാരിദ്ര്യവുമായിരുന്നു മുഖ്യ വിഷയങ്ങൾ. വീഡിയോ വിവാദമായത് തെരഞ്ഞെടുപ്പ് കാലത്തായതിനാൽ അത് പിൻവലിക്കേണ്ടിവന്നു. അല്ലായിരുന്നെങ്കിൽ ചലച്ചിത്ര അക്കാദമി അവാർഡ് നൽകി ആദരിച്ചേനേ!

ബീമാപള്ളിയിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ വെടിവപ്പായിട്ടും അതിനെതിരായ പ്രതിഷേധങ്ങളെ അനായാസം മറികടക്കാൻ അന്ന് സംസ്ഥാന ഭരണകൂടത്തിന്  കഴിഞ്ഞിരുന്നു. ബീമാപള്ളിക്കാരെ കുറിച്ച മുൻവിധികളും അവരെ പൈശാചികവത്കരിച്ച് കാലങ്ങളായി നടക്കുന്ന മുഖ്യധാരാ പ്രചാരണങ്ങളുമാണ് വെടിവപ്പിനെ ന്യായീകരിക്കാൻ സർക്കാറിന് സഹായകരമായത്.  സിനിമയിലെ റമദാപള്ളിക്കാർക്കും അതേ സ്വഭാവ സവിശേഷതകളാണ്. അവർ തീരവാസികളാണ്. മല്‍സ്യത്തൊഴിലാളകിളാണ്. വിദ്യാഹീനരാണ്. നിയമ സംവിധാനത്തിന് വിധേയരാകാത്തവരാണ്. വ്യാജ സീഡി കച്ചവടക്കാരാണ്. ക്രിമിനലുകളാണ്. കള്ളക്കടത്തുകാരാണ്. കഞ്ചാവ് വിൽപനക്കാരാണ്. വർഗീയവാദികളാണ്. എല്ലാത്തിനുമുപരി മുസ്‌ലിംകളുമാണ്. അത്യന്തം അപകടകാരികളായ റമദാപള്ളിക്കാരെ മെരുക്കാനും നിയമത്തിന്റെ വരുതിയിലാക്കാനും നടത്തുന്ന സ്വാഭാവികവും സദുദ്ദേശപരവുമായ പരിശ്രമങ്ങളാണ് പൊലീസ് ഗൂഡാലോചന എന്ന ന്യായവാദമാണ് സിനിമ മുന്നോട്ടുവക്കുന്നത്. തീരദേശവാസികളെക്കുറിച്ച, മുസ്ലിംകളെക്കുറിച്ച, മത്സ്യത്തൊഴിലാളികളെക്കുറിച്ച, മുൻവിധികളെ അത് അടിവരയിട്ടുറപ്പിക്കുന്നു. പുറംലോകത്ത് ബീമാപള്ളിക്കാരെ കുറിച്ച് നിലനിൽക്കുന്നതും ഇതേ മുൻവിധികൾ തന്നെയാണ്.  ഒരു സമൂഹത്തെ അപരവത്കരിക്കുന്നതിന് ഇതിൽപരം അപകടകരമായ പ്രതിച്ഛായാ നിർമിതി ആവശ്യമില്ല. ഇങ്ങനെ അപരവത്കരിക്കപ്പെട്ട, മുഖ്യധാരാ കേരളം സംശയക്കണ്ണോടെയും ഭയാശങ്കകളോടെയും കാണുന്ന ഒരു ജനതയാണ് യഥാർഥ ജീവിതത്തിൽ വെടിയേറ്റുവീണത്. അതിനാല്‍ 'മുഖ്യധാരാ മലയാളി'കളുടെ വേവലാതികളില്‍ കൊല്ലപ്പെട്ടവര്‍ക്ക് കാര്യമായ ഇടമുണ്ടായില്ല. ആ വെടിയുണ്ട അവരര്‍ഹിച്ചിരുന്നുവെന്ന മനോഭാവമാണ് കേരളീയ  പൊതുസമൂഹത്തിൽ പൊതുവെ പ്രകടമായിരുന്നത്. 12 വർഷത്തിന് ശേഷം ഇന്നും ആ വെടിവപ്പ്, ഭരണകൂടം അവരുടെ അധികാരപരിധിയിലെ ഏറ്റവും ദുർബലമായ ഒരു പ്രദേശത്ത് അധിവസിക്കുന്ന സ്വന്തം പൗരന്മാർക്കെതിരെ നടത്തിയ കൂട്ടക്കൊലയായി പരിഗണിക്കപ്പെട്ടിട്ടില്ല. പൊതു സമൂഹത്തിന്റെ ഈ മുൻവിധികൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ്, ചരിത്രത്തെ വിലമാക്കി ഒരു വ്യാജ കഥ നിർമിക്കാൻ മുഖ്യധാരാ സിനിമക്കാർക്കും ധൈര്യം പകരുന്നത്. 

സമീപകാല രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തിയ ന്യൂനപക്ഷ സ്കോളർഷിപ് വിവാദത്തിൽ ഇടത് സർക്കാരും അതിന്റെ പ്രചാകരും സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. മുസ്ലിംകൾക്ക് വേണ്ടി ആരംഭിച്ച പദ്ധതിയെ ആദ്യം ന്യൂനപക്ഷ പദ്ധതിയാക്കി. പിന്നീട് അതിലെ ആനുകൂല്യങ്ങൾ മുസ്ലിംകൾക്ക് അധികവും മറ്റ് പിന്നാക്ക ന്യൂനക്ഷങ്ങൾക്ക് അതിന്റെ ആനുപാതികവുമെന്ന നിലയിലേക്ക് മാറ്റി. അടുത്ത ഘട്ടത്തിൽ അത് ജനസംഖ്യാനുപാതികമാക്കി മാറ്റി. ഈ മാറ്റം നടപ്പാക്കുന്നതിന് അനുയോജ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാൻ കേരളത്തിൽ നടന്ന അപകടകരമായ വർഗീയ ധ്രുവീകരണത്തിന് പിണറായി സർക്കാർ തന്നെ കാർമികത്വം വഹിച്ചു. മുസ്ലിംകൾ ആനുകൂല്യങ്ങൾ കവരുന്നു എന്ന ക്രിസ്ത്യൻ പക്ഷ ആരോപണത്തിന് അന്നത്തെ സർക്കാർ മറുപടിയേ പറഞ്ഞില്ല. ആ മറുപടി പറയേണ്ടിയിരുന്ന അന്നത്തെ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ ടി ജലീൽ, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ ആരോപണത്തെ ഫലപ്രദമായി പ്രതിരോധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.  ഒടുവിൽ  മുസ്ലിം ക്ഷേമം മുന്നിൽ കണ്ട് ആരംഭിച്ച പദ്ധതി തന്നെ ഫലത്തിൽ ഇല്ലാതായി. ഇതിലെല്ലാം ആധിപത്യം ലഭിച്ചത് ഇടത് നരേറ്റിവുകൾക്കാണ്. ഇതിനിടെ അധികാരം കൈയ്യാളിയ ജനാധിപത്യ മുന്നണിക്കോ അതിൽ അംഗമായ മുസ്ലിം രാഷ്ട്രീയ കക്ഷിക്കോ ഈ വ്യാഖ്യാനങ്ങളെ മറികടക്കാനുള്ള ശേഷിയോ ഇച്ഛാശക്തിയോ ഉണ്ടായുമില്ല. അഥവാ അവരതിന് ശ്രമിച്ചിരുന്നെങ്കിൽ തന്നെ കടുത്ത വർഗീയ ആരോപണവുമായി ഇടതുപക്ഷം തന്നെ രംഗത്തുവരുമായിരുന്നു. എ ഐ പി പദ്ധതിയിൽപെട്ട സ്കൂളുകൾക്ക്  എയിഡഡ് പദവി നൽകാനുള്ള ഉമ്മൻചാണ്ടി സർക്കാർ നീക്കത്തെ ഈ രീതിയിൽ വർഗീയ കാമ്പയിൻ നടത്തി അട്ടിമറിച്ചത് ഉദാഹരണം.  വി എസ് സർക്കാറിന്റെ കാലത്ത് എയിഡഡ് പദവിക്ക് വേണ്ടി ശ്രമം തുടങ്ങിയതും സർക്കാർ മാറിയപ്പോൾ അത് മുസ്ലിം പ്രീണനമാണെന്ന വർഗീയ പ്രചാരണം നടത്തി അട്ടിമറിക്കാൻ തുടക്കമിട്ടതും ഇടതുപക്ഷം തന്നെ.  

ഇങ്ങിനെ എതിരാളികളെപ്പോലും നിരായുധരാക്കുന്ന തരത്തിൽ സ്വന്തം വ്യാഖ്യാനങ്ങൾക്ക് ആധിപത്യം സ്ഥാപിച്ചെടുക്കാൻ കഴിയുന്ന അസാധാരണമായ സാമൂഹിക ശേഷി കേരളത്തിലെ ഇടതുപക്ഷ മെഷിനറിക്കുണ്ട്. ഇതുവഴി സൃഷ്ടിക്കപ്പെടുന്ന സാമൂഹികാക്രമണത്തിന് ഏറ്റവുമധികം ഇരയാകുന്നത് മുസ്ലിം സമുദായമാണ്.  രാഷ്ട്രീയമെന്നോ ചരിത്രമെന്നോ ഭരണമെന്നോ വ്യത്യാസമില്ലാതെ ഈ ആക്രണമണം നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് 'മാലിക്' വെറുമൊരു സാങ്കൽപിക കഥമാത്രമല്ല, കേരളത്തിലെ ഇടത് സാംസ്കാരിക ഫാക്ടറിയിൽനിന്ന് പുറത്തുവരേണ്ട അനിവാര്യ ഉത്പന്നമാണ് എന്നും പറയേണ്ടിവരുന്നത്. ചരിത്ര സംഭവങ്ങൾ സിനിമയിലേക്ക് കടമെടുക്കുമ്പോൾ അതിൽ മിനിമം സത്യസന്ധത പുലർത്തണമെന്നത് സാമാന്യമര്യാദയാണ്. അല്ലെങ്കിൽ അത് പലതലമുറകളെ വഴിതെറ്റിക്കുന്ന ഗുരുതര കുറ്റകൃത്യമായി മാറും. എന്നാൽ ഒരു സിനിമാക്കഥ യഥാർഥ സംഭവമാണോ അല്ലയോ എന്നത് അത്ര പ്രസക്തമായ കാര്യമല്ല. കഥയാണെങ്കിലും അതിലൂടെ മുന്നോട്ടുവക്കുന്ന ആശയം സവിധായകന്റെ നിലപാടാണ്. ചരിത്രത്തെ വികലമാക്കി എന്നതിനപ്പുറം 'ഇടത് സംവിധായകന്റെ' മാലിക് പ്രസക്തമാകുന്നത് ഇവിടെയാണ്. അത് ഇസ്ലാമോഫോബിയയും അപരവത്കരണവുമാണ്  അരക്കിട്ടുറപ്പിക്കുന്നത്. ഇതാകട്ടെ ഏതെങ്കിലും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളല്ല. കേരളത്തിന്റെ ഇടത് മൂല്യബോധം കാലങ്ങളായി പിന്തുടരുകയും ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക ആശയമാണ്. അതിനെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ശേഷി മുസ്ലിം സമുദായം ആർജിച്ചിരിക്കുന്നുവെന്നതാണ് മാലിക് വിവാദം കേരളത്തിന് നൽകിയ തിരിച്ചറിവ്. 


(സത്യധാര ദ്വൈവാരിക - 2021 ആഗസ്റ്റ് 1- 15)

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...