Friday, August 28, 2026

തുറമുഖം കേരളത്തിന്റെ വികസന മുഖം മാറ്റുമോ?

 



പുതിയ നിയമസഭയുടെ ആദ്യ ദിവസങ്ങളിൽ തന്നെ ഭരണപക്ഷ എം എൽ എയായ വി ടി ബൽറാം നിയമസഭയിൽ ഒരാവശ്യം ഉന്നയിച്ചു. പുതിയ യു ഡി എഫ് സർക്കാറിന്റെ ഏറ്റവും പ്രധാന വാഗ്ദാനമായ കെ എസ് ആർ ടിസിയിലെ സ്ത്രീ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്പോൾ അത് എല്ലാ ജില്ലയിലെ സ്ത്രീകൾക്കും ഒരുപോലെ ലഭ്യമാക്കണമെന്നതായിരുന്നു ആവശ്യം. നിലവിലെ സ്ഥിതിയിൽ ഈ പദ്ധതി കേരളത്തിന്റെ തെക്കൻ ജില്ലകളിലെ സ്ത്രീകൾക്ക് മാത്രമേ ഉപകാരപ്പെടൂവെന്ന് ബോധ്യപ്പെടുത്തുന്ന കണക്കുകളും അദ്ദേഹം സഭക്കുമുന്നിൽ വച്ചു. കേരളത്തിൽ ആകെ സർവീസ് നടത്തുന്ന 5,165 ബസുകളിൽ ഏഴ് വടക്കൻ ജില്ലകളിലുള്ളത് 1406 എണ്ണം മാത്രം. ഇതിന് ഇതിന് മറുപടി പറഞ്ഞ ഗതാഗത മന്ത്രി സി പി ജോൺ, മഞ്ചേശ്വരം താലൂക്കിൽ കെ എസ് ആർ ടി സി സർവീസേയില്ലെന്ന് സഭയിൽ കുറ്റസമ്മതം നടത്തുകയും ചെയ്തു. കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും 20-25 ശതമാനം മാത്രമേ മലബാർ ജില്ലകളിൽ എത്തുന്നുള്ളൂ. കേരളത്തിന്റെ പൊതുവിഭവ വിതരണത്തിലെ അസമത്വവും ഇതുവരെ നടന്ന കേരള വികസനത്തിന്റെ ആന്തരീക ദൗർബല്യവും വെളിപ്പെടുത്തുന്നതാണ് ബൽറാമിന്റെ ആവശ്യവും സി പി ജോണിന്റെ മറുപടിയും. സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽവച്ച ധവളപത്രത്തിലും, കിഫ്ബി പദ്ധതികൾക്ക് ചിലവിട്ട പണം ചില ജില്ലകളിൽ അന്യായമായി കേന്ദ്രീകരിച്ചത് എടുത്തുപറഞ്ഞിട്ടുണ്ട്. 

എല്ലാ വികസന പരിപാടികളുടെയും ആമുഖമായി ഈ അസമത്വം പരിഹരിക്കാനുള്ള പദ്ധതികൾകൂടി ഉണ്ടാകുമെന്ന പ്രതീക്ഷ നൽകുന്ന തുടക്കമാണ് സതീശൻ സർക്കാറിന്റെ ഈ സമീപനം. ഭീമാകാരമായ പദ്ധതികളല്ല വികസനം എന്ന കാഴ്ചപ്പാട് ശക്തിപ്രാപിക്കുന്ന കാലമാണ്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ജന ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നതായിരിക്കണം വികസനത്തിന്റെ അടിസ്ഥാന തത്വം. ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിന് ഏറെക്കുറെ എല്ലാ മേഖലയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലെത്താൻ കഴിഞ്ഞിട്ടുണ്ട്. യുനൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP) കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന മാനവ വികസന സൂചികയുള്ള സംസ്ഥാനമാണ് കേരളം (0.921). ഇന്ത്യയുടെ ശരാശരി HDI മൂല്യം ഏകദേശം 0.685 ആണ്. സാമൂഹിക വികസന സൂചികകളായി പരിഗണിക്കുന്ന മറ്റ് ഘടകങ്ങളായ സാക്ഷരത, വിദ്യാഭ്യാസം, ആയുർദൈർഘ്യം, ആരോഗ്യസേവന ലഭ്യത, ദാരിദ്ര്യനിരക്ക്, തൊഴിൽ, ലിംഗസമത്വം, ശുദ്ധജല-ശുചിത്വ സൗകര്യങ്ങൾ, ഭവന നിലവാരം എന്നിവയിലും കേരളം മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ ഈ താരതമ്യ മികവിനപ്പുറം വികസന സൂചികാ ഘടകങ്ങളെല്ലാം ഒരു നിശ്ചലാവസ്ഥയിലേക്കോ താഴേക്കോ പോകുന്ന സ്ഥിതവിശേഷമാണ് സമീപകാലത്ത് കാണുന്നത്. 1980 കളുടെ അവസാനം വരെ അനുഭവപ്പെട്ടിരുന്ന മന്ദഗതിയിലായിരുന്ന സാമ്പത്തിക വളര്‍ച്ച, ആഗോളവത്കരണ ശേഷം പലരീതിയിൽ കുതിച്ചു. അതുവഴി സാന്പത്തിക വളര്‍ച്ച ഉണ്ടായെങ്കിലും സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസന പ്രക്രിയയായി അത് വികസിച്ചില്ല. ഗവണ്‍മെന്റിന്റെ ധനസ്ഥിതിയും വളര്‍ന്നില്ല. സർക്കാർ എത്തിപ്പെട്ട കടക്കെണിയുടെയും സാന്പത്തിക ഞെരുക്കത്തിന്റെയും ആഴം വെളിപ്പെടുത്തുന്ന കണക്കുകൾ ധവളപത്രത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ വികസനച്ചിലവും കടക്കെണിയും പലിശയുമെല്ലാം ദേശീയ ശരാശരിയുമായി താരതമ്യം ചെയ്താൽ അപകടകരമായ സ്ഥിതിയിലാണ്. 

സാമൂഹിക വികസന മേഖലകളിൽ കാലാനുസൃതമായ മാറ്റം വരാത്തതാണ് ഈ നിശ്ചലാവസ്ഥക്ക് വഴിതുറക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലയിലെല്ലാം ഇത് പ്രകടമാണ്. ഉന്നത വിദ്യാഭ്യാസം തേടി കുട്ടികൾ സസ്ഥാനംവിടുന്നത് ഇന്ന് അതിസാധാരണമായ അനുഭവമായിക്കഴിഞ്ഞു. കേരളത്തിൽ  അപകടകരമായ തോതിൽ ബ്രെയിൻ ഡ്രെയിൻ സംഭവിക്കുകയാണെന്ന മുന്നറിയിപ്പ് ഈ രംഗത്തെ വിദഗ്ധർ നൽകിയിട്ടുണ്ട്. പഠനത്തിന് വേണ്ടിയുള്ള പലായനം മാത്രമല്ല സംഭവിക്കുന്നത്. ഇൻഡ്സ്ട്രിയൽ ബ്രെയിൻ ഡ്രെയിൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ കൂടുമാറ്റവും അതിശക്തമാണ്. കാലഹരണപ്പെട്ട കോഴ്സുകളുടെ പരിഷ്കാരവും ആഗോള തൊഴിൽവിപണിക്കിണങ്ങുംവിധമുള്ള പഠന സന്പ്രദായവും തിരിച്ചുകൊണ്ടുവരാതെ ഇത് തടയുക സാധ്യമല്ല. കാർഷിക-പരന്പരാഗത സമൂഹത്തിൽ നിന്ന് വികസിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും ലഭിക്കുന്ന വ്യവസായവൽകൃത, നഗരവൽകൃത സമൂഹമായി മാറുമ്പോൾ സംഭവിക്കുന്ന ജനസംഖ്യാ പരിവർത്തനത്തിന്റെ അഞ്ചാംഘട്ടത്തിലാണ് കേരളമെന്നാണ് വിലയിരുത്തപ്പെടുന്നത്. 60 വയസ്സിനും അതിന് മുകളിലുമുള്ളവരുടെ എണ്ണം വർധിക്കുന്ന ഘട്ടമാണിത്. ജനന നിരക്ക് കുറയുക, ആയുർദൈർഘ്യം വധിക്കുക എന്നിതനൊപ്പം യുവജനങ്ങളുടെ കുടിയേറ്റം അതിശക്തമാകുന്നതും ഇതിൽ പ്രധാനമാണ്. 


മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമുള്ള പ്രവാസികളുടെ എണ്ണം കേരള ജനസംഖ്യയുടെ പത്തുശതമാനത്തിന് മുകളിലാണ്. അവരയക്കുന്ന പണത്തിന്റെ തോത് ഓരോവർഷവും കൂടിവരികയുമാണ്. കേരളത്തിന്റെ മൊത്തം വാര്‍ഷിക വരുമാനത്തിന്റെ മുപ്പതു ശതമാനത്തിലധികം പ്രവാസിപ്പണമാണ്. കേരളത്തിന്റെ വളർച്ച ഒരു കുതിച്ചുചാട്ടമായി മാറിയത് പ്രവാസി പണത്തിന്റെ വരവോടെയാണ്. പ്രവാസികൾ സാന്പത്തികമായി ശാക്തീകരിക്കപ്പെട്ടതിലൂടെ ആഭ്യന്തര തൊഴിൽ വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ ആവശ്യവും വേതനവും കൂടി. എന്നാൽ ഇത് നേരിടാനുള്ള സമയോചിതമായ ശേഷി ഇതുവരെ കേരളം പ്രകടിപ്പിച്ചിട്ടില്ല. ഹയർസെക്കന്ററി സീറ്റുപോലും മതിയായ അളവിൽ ആവശ്യമായ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിൽ നമ്മുടെ സംവിധാനങ്ങൾ പരാജയപ്പെട്ടു. തൊഴില്‍ വിപണിയിലും വൻ മാറ്റങ്ങളാണ് അതിവേഗം സംഭവിച്ചത്. കാര്‍ഷികേതര സമ്പദ്ഘടനയിലെ വരുമാനക്കൂടുതൽ അവിടേക്ക് കൂടുതൽ പേരെ ആകർഷിച്ചു. പുതിയ തലമുറ  തൊഴില്‍ സങ്കല്‍പ്പവും ഇതിന് ആക്കം കൂട്ടിയെങ്കിലും ആവശ്യാനുസണം തൊഴിൽ നൽകുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു.

കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിവേഗ നഗരവത്കരണം കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലേക്ക് കൂടുതൽ ആളുകൾക്ക് എത്തിപ്പെടാൻ അവസരം നൽകുന്നുണ്ട്. എന്നാൽ അതിവേഗം സംഭവിക്കുന്ന നഗരവത്കരണത്തിലെ വെല്ലുവിളികൾ നേരിടാൻതക്ക ശേഷിയുള്ള ഭരണസ്ഥാപനങ്ങൾ രൂപപ്പെട്ടുവന്നില്ല. ഇക്കാരണത്താലാണ് 'നഗര പ്രശ്നങ്ങൾ' കേരളത്തിലെന്പാടും അപരിഹാര്യമായ പ്രതിസന്ധിയായി മാറുന്നത്. ഇത്തരം പ്രശ്നങ്ങൾ ക്രമേണ അനുബന്ധ മേഖലകളെയും പ്രതിസന്ധിയിലാക്കിത്തുടങ്ങി. മാലിന്യ സംസ്‌കരണ പ്രതിസന്ധിയും ഇത് ആരോഗ്യ മേഖലയിൽ സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളും ഇതിന്റെ മികച്ച ഉദാഹരണമാണ്. 

പൊതുമേഖലയിലെ അമിത കേന്ദ്രീകരണവും സ്വകാര്യമേഖലയോട് പ്രകടിപ്പിച്ച അനാവശ്യമായ അകൽച്ചയും കേരളത്തിന്റെ വളർച്ചക്ക് വിഘാതമായിട്ടുണ്ട്. പൊതുമേഖല പലകാരണങ്ങളാൽ തളരുകയും സ്വകാര്യമേഖല അതിന്റെ സാധ്യതകളിലേക്ക് വേണ്ടത്ര വളരാതിരിക്കുകയും ചെയ്തുവെന്നാണ് കേരളത്തിന്റെ സവിശേഷത. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുയും അതേസമയം അത് സാധാരണക്കാർക്ക് പ്രാപ്യമാകുന്ന സംവിധാനമാക്കി നിലനിർത്തുകയും ചെയ്യുകയെന്നത് കേരളത്തിൽ ഇതുവരെയും വ്യക്തതയുള്ള ഭരണപദ്ധതിയായിട്ടില്ല. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സർക്കാർ കോളജ് എന്ന തത്വം ഈ ദിശയിലേക്കുള്ള ചെറു ചുവടുവപ്പായിരുന്നെങ്കിലും അതെങ്കിലും നിലനിർത്തുന്നതിലോ സുചിന്തിത നയമായി വികസിപ്പിക്കുന്നതിലോ രാഷ്ട്രീയ നേതൃത്വം വിജയിച്ചില്ല. പൊതു സ്വകാര്യ പങ്കാളിത്തമെന്ന ആശയവും അർഥപൂർണമായും ഫലപ്രദമായും പൗര സൗഹൃദമായും നടപ്പാക്കപ്പെട്ടുമില്ല. സ്വകാര്യമേഖലയോടുള്ള അവിശ്വാസവും ശത്രുതയും നിറഞ്ഞ സമീപനം തിരുത്താതെ ഇക്കാര്യത്തിൽ വിജയംവരിക്കാനാകില്ല. എല്ലാ പദ്ധതികളും പരിപാടികളും പൊതു ഉടമസ്ഥതയിൽ മാത്രമാകണമെന്ന വികസന യാഥാസ്ഥിതിക മനോഭാവത്തിൽ കാതലായ മാറ്റമുണ്ടാകണം. 

ഇത്തരം വെല്ലുവിളികളെ സംസ്ഥാന താത്പര്യം മാത്രം മുൻനിർത്തി നേരിടുകയും ദീർഘവീക്ഷണത്തോടെ പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ കേരളത്തിലെ ഭരണ രീതി, അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുതകുന്ന പദ്ധതികളിൽ കേന്ദ്രീകരിക്കുകയെന്നതാണ്. പദ്ധതി നടപ്പാക്കപ്പെടണമെന്ന നിർബന്ധബുദ്ധി പോലും പല സർക്കാറുകളും പ്രകടിപ്പിക്കാറില്ല. പകരം അതിന്റെ പ്രചാരണപരമായ സാധ്യതകളെയാണ് അവർ പ്രധാനമായും ലക്ഷ്യംവക്കുക. ഇത്തരം രാഷ്ട്രീയ താത്പര്യങ്ങളാണ് പല ആലോചനകളെയും പാതി വഴിയിൽ അവസാനിപ്പിക്കുന്നത്. നടപ്പാകാത്ത പ്രഖ്യാപനങ്ങൾ മാത്രമല്ല നടത്തുന്നത്. നടപ്പാക്കാൻ വേണ്ട സാന്പത്തിക സ്രോതസ്സുകൾ വരെ സ്വപ്നമായി അവശേഷിച്ച എത്രയോ അനുഭവങ്ങൾ കേരളത്തിലുണ്ട്. ഡാമുകളിലെ മണൽ വാരിയാൽ കോടികൾ കിട്ടുമെന്നും അതുവച്ച് വൻകിട പദ്ധതികൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ച ഒരു ധനമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ട്. പലിശയോട് വിയോജിപ്പുള്ള മുസ്ലിം സമുദായത്തിലെ നിക്ഷേപകരിൽനിന്ന് ധനം സമാഹരിച്ച് ഇസ്ലാമിക് ബാങ്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച്  അതുവഴി കിട്ടാനിടയുള്ള ഫണ്ട് വരുമാനമായി കാണിച്ച് അവതരിപ്പിച്ച വേറൊരു ബജറ്റും കേരളം കണ്ടിട്ടുണ്ട്.  കിഫ്ബിയെ ബജറ്റിന് പുറത്തുള്ള ഏജൻസിയായി പ്രഖ്യാപിച്ച്  കടമെടുപ്പ് പരിധി മറികടക്കാൻ പിൻവാതിലിലൂടെ നടത്തിയ നീക്കത്തിന് പിടിവീണതോടെ കടമെടുത്തുപോലും പണമിറക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനമിപ്പോൾ. കഴിഞ്ഞ സാന്പത്തിക വർഷത്തേക്ക് മുൻ സർക്കാർ പ്രഖ്യാപിച്ച 35,000 കോടിയുടെ പദ്ധതിയിൽ 20,500 കോടിയും ഇല്ലാത്ത പണമാണെന്നാണ് ധവളപത്രത്തിലെ കണ്ടെത്തൽ. ഇത്തരം കുറുക്കുവഴികളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കാമെന്നല്ലാതെ സംസ്ഥാനത്തിന് അതൊട്ടും ഗുണം ചെയ്യില്ല. സുതാര്യതയും സത്യസന്ധതയുമില്ലാത്ത, കണക്കിലെ കളികൾകൊണ്ട് കടലാസ് വിപ്ലവം സംഘടിപ്പിക്കുന്ന മുൻകാല രീതികളിൽനിന്ന് മാറിനടന്നില്ലെങ്കിൽ കേരളത്തിന് ഇനിയും മുന്നോട്ടുപോകാനാവില്ല. കണക്കുകൾകൊണ്ട് ഓട്ടയടച്ചാൽ തുടർഭരണം കിട്ടില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് കേരളം ഇപ്പോൾ പിന്നിട്ടത്. പുതിയ സർക്കാറിന്റെയും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെയും വികസന കാഴ്ചപ്പാട് മുൻ മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമാണെന്ന് ഇതിനകം അദ്ദേഹം പങ്കുവച്ച അഭിപ്രായങ്ങളും ആശയങ്ങളും വ്യക്തമാക്കുന്നു. ഇത് പ്രതീക്ഷാനിർഭരമാണ്. 

സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സാമൂഹികമായി ശാക്തീകരിക്കുന്ന നടപടികൾ തീർച്ചയായും സർക്കാറിന്റെ വികസ പരിപാടികളിൾ ഉണ്ടായിരിക്കണം. സമരമായും വിവാദമായും നിയമനടപടികളായും പതിറ്റാണ്ടുകളായി കേരളത്തിൽ സജീവമായി നിലനിൽക്കുന്ന വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങൾക്ക് സർക്കാർ മുൻകൈയെടുക്കണം. ഭൂകഹിതരായ മനുഷ്യർക്ക് പാർപ്പിടവും കൃഷിയിടവും ഉറപ്പാക്കുന്നതിന് പല പദ്ധതികളും മുൻകാലങ്ങളിലുണ്ടായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ പൊതുഭൂമി വൻതോതിൽ കൈവശംവച്ചിരിക്കുന്ന വൻകിടക്കാരുടെ അന്യായമായ ആധിപത്യത്തെ ഫലപ്രദമായി നേരിടാൻ ഒരു സർക്കാറും ഇതുവരെ തയാറായിട്ടില്ല. കേരളത്തിലെ ഭൂ പ്രശ്നം പരിഹരിക്കാൻ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയുടെ നിയമപ്രകാരമുള്ള തുടർനടപടികൾ മാത്രമാതിയാകും. കേരളത്തില ഏറ്റവും വലിയ സർക്കാർ തൊഴിൽമേഖല വിദ്യാഭ്യാസ രംഗമാണ്. ഇവിടത്തെ തൊഴിൽ ഉടമസ്ഥത പക്ഷെ സർക്കാറിനും സ്വകാര്യ വ്യക്തികൾക്കുമിടയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്. സർക്കാർ പണംമുടക്കുന്ന സ്വകാര്യ സംരംഭങ്ങളിൽ പിന്നാക്ക സംവരണം പിലാക്കാനും എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനും സർക്കാറിന് കഴിയണം. എയിഡഡ് നിയമനം പിഎസ്സിക്ക് വിടണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും വൻകിടക്കാരുടെ ഭൂമിപോലെത്തന്നെ അതും 'അധികാരപരിധി'ക്ക് പുറത്ത് അവശേഷിക്കുകയാണ്. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടാറുണ്ടെങ്കിലും അവരെയും അവരെ സംരക്ഷിക്കുന്നവരെയും സന്പൂർണമായി ഉൾകൊള്ളുന്ന ഫലപ്രദമായ ഒരു പദ്ധതിയും കേരളത്തിലുണ്ടായിട്ടില്ല. ഇങ്ങിനെ കാലങ്ങളായി ബോധപൂർവം അവഗണിച്ചും  അവഗണിക്കപ്പെട്ടും കഴിയുന്ന മേഖലകൾ ക്രമേണ ഭരണാനുകൂല്യങ്ങളുടെ ഏറ്റവും ചെറിയ ഗുണഭോക്താവാകൻ പോലുംകഴിയാതെ പുറന്തള്ളപ്പെട്ടിട്ടുണ്ട്. അവയെ കണ്ടെത്താനും അവരെക്കൂടി ഉൾകൊള്ളുന്ന വികസന കാഴ്ചപ്പാട് രൂപപ്പെടുത്താനും ബോധപൂർവ ശ്രമങ്ങളുണ്ടാകണം.

സർക്കാർ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് വയോജന വകുപ്പ് രൂപീകരിക്കാനെടുത്ത തീരുമാനം ഈയർഥത്തിൽ സവിശേഷ വികസന വീക്ഷണം മുന്നോട്ടുവക്കുന്ന ഒന്നാണ്. ജനസംഖ്യാ പരിണാമത്തിൽ പുതിയൊരു ഘട്ടത്തിലേക്കാണ് കേരളം കടക്കുന്നത്. തുടർച്ചയായി ജനസംഖ്യ കുറയുക, കുറഞ്ഞ ജനന നിരക്ക് തുടരുക, വയോധികരുടെ എണ്ണം കൂടുക, തൊഴിലാളികളുടെ എണ്ണം കുറയുക തുടങ്ങിയ സൂചനകൾ ഇതിനകം പ്രകടമായിക്കഴിഞ്ഞു. സാന്പത്തിക വളർച്ചയിൽ കടുത്ത വെല്ലുവിളികളാണ് ഇത് സൃഷ്ടിക്കുക. സാമൂഹിക ക്ഷേമ പദ്ധതികളും പെൻഷൻ പോലുള്ളവയും വൻ തോതിൽ വർധിക്കും. ആരോഗ്യച്ചിലവ് സാധാരണക്കാരന് വെല്ലുവിളിയായി മാറും. ജപ്പാൻ പോലുള്ള രാജ്യങ്ങൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളിലേക്ക് അധികം വൈകാതെ കേരളം ചെന്നെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം പ്രതിസന്ധി മറികടക്കാൻ ജനസംഖ്യാ പുനക്രമീകരണമാണ് ജനസംഖ്യാ ശാസ്ത്രജ്ഞർ മുന്നോട്ടുവക്കുന്ന പരിഹാരം. കുടിയേറ്റംവഴി ജനസംഖ്യാ കുറവ് നികത്തുക, സാങ്കേതികവിദ്യയും ഓട്ടോമേഷനും വഴി തൊഴിലാളി ക്ഷാമം നേരിടുക, ജനസംഖ്യാ പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിക്കുക പോലുള്ളവ ഇതിന് സഹായകരമാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ് തൊഴിലാളി ക്ഷാമത്തിന് ഒരു പരിധിവരെ ബദലായേക്കും. എന്നാൽ അവരെ നിലനിർത്താനും അവരുടെ ധനവിനിയോഗം സംസ്ഥാനത്തിന് പ്രയോജനപ്പെടുന്ന തരത്തിൽ അവരെ പിടിച്ചുനിർത്താനും കഴിയണം. ചുരുക്കത്തിൽ വയസ്സൻ കേരളത്തെയാണ് പുതിയ സർക്കാറിന് വികസിപ്പിക്കുയും ചലിപ്പിക്കുകയും ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ കുട്ടികൾ കുറയുകയും വയോധികർ കൂടുകയും ചെയ്യുന്ന സമൂഹത്തെ സാന്പത്തികമായും സാമൂഹികമായും എങ്ങനെ നിലനിർത്താമെന്ന ആലോചന കേരള വികസനത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായി മാറേണ്ട സമയമാണിത്. അതുകൊണ്ടാണ് വയോജന വകുപ്പ് രൂപീകരണം ഈ ദിശയിലേക്കുള്ള ആശാവഹവും ഭാവനപൂർണവുമായ ചുവടുവപ്പായി മാറുന്നത്.

സംസ്ഥാനത്തിന്റെ സവിശേഷ ഘടനയെയോ പരിമിതികളെയോ പരിഗണിക്കാത്ത അന്ധമായ വികസന വായ്ത്താരികളാണ് പതിറ്റാണ്ടുകളായി ഇവിടെ ഉയർന്നുകേൾക്കുന്നത്. പുതിയ മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്ന അദ്ദേഹത്തിന്റെ മാസ്റ്റർ പദ്ധതിയായ തുറമുഖ നഗരമെന്ന ആശയം ഇതിൽനിന്ന് വ്യത്യസ്തമാണ്. ദീർഘമായ തീര പ്രദേശമുള്ള സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കാൻ കഴിയുന്ന ബൃഹദ് പദ്ധതിയായി ഇതിനെ മാറ്റാനാകും. 600 കീലോമീറ്റർ തീരമുള്ള കേരളത്തിൽ 2 അന്താരാഷ്ട്ര തുറമുഖങ്ങളുണ്ട്. ഒരു കണ്ടെയ്നർ തുറമുഖമുണ്ട്. 17 മിനി ഹാർബറുകളുണ്ട്. ഇത്രയും തീര സന്പന്നമായ സംസ്ഥാനത്ത് തുറമുഖ കേന്ദ്രീകൃത വികസന പരിപാടികൾക്ക് അനന്ത സാധ്യതയാണുള്ളത്. കേരളത്തിലെ ഏറെക്കുറെ എല്ലാ ബജറ്റിലും കടലും പുഴയും കടന്നുവരുമെങ്കിലും അതൊരാചാരത്തിനപ്പുറമുള്ള ബൃഹദ് പദ്ധതികളായി മാറിയിട്ടില്ല.  ചരക്കുനീക്കം കടലിലേക്ക് മാറ്റുക, പിന്നീട് കടൽ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുക, അതിന് ശേഷം നദികളെക്കൂടി ബന്ധിപ്പിച്ച് ടൂറിസം വികസിപ്പിക്കുക - ഈ ത്രിതല പദ്ധതിയാണ് സർക്കാർ ആലോചിക്കുന്നത് എന്നാണ് നിയമസഭയിലെ ആദ്യ നയപ്രഖ്യാപന ചർച്ചയിൽ വി ഡി സതീശൻ പങ്കുവച്ച ആശയം. തീരസന്പന്നമായ രാജ്യങ്ങളും പ്രദേശങ്ങളും അവരുടെ വളർച്ചയുടെയും വികാസത്തിന്റെയും അടിത്തറയയായി കടലിനെയും തീരങ്ങളെയും പ്രയോജനപ്പെടുത്തിയതിന് നിരവധി ആഗോളമാതൃകകളുണ്ട്. ദുബൈയുടെ ജി ഡി പിയിൽ 15 ശതമാനത്തോളം സംഭാവന ചെയ്യുന്നത് അവിടത്തെ തുറമുഖവും അനുബന്ധ മേഖലകളുമാണ്. ചെറിയൊരു ദ്വീപ് രാജ്യമായിരുന്ന സിംഗപ്പൂരിനെ ഇക്കാണുന്ന പ്രതാപത്തിലേക്ക് നയിച്ചത് സിംഗപ്പൂർ പോർട്ട് സിറ്റി പദ്ധതിയാണ്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് ഹബ്ബായ ഗിംഗപ്പൂരിന്റെ ജി ഡി പിയിൽ 7 ശതമാനം സംഭവാന ചെയ്യുന്നത് സമുദ്ര വ്യവസായ മേഖലയാണ്. 1970കളോടെയാണ് സിംഗപ്പൂർ സാന്പത്തിക വളർച്ചയിലേക്ക് വഴിതിരിഞ്ഞത്. അന്നുതൊട്ട് ഇതുവരെയുള്ള കാലയളവിനിടെ ടോട്ടൽ ജിഡിപിയിൽ 417 ഇരട്ടി വർധനയാണുണ്ടായത്! ഇതിൽ സമുദ്ര വ്യവസായത്തിന്റെ സംഭാവന മൂന്നര ഇരട്ടിയായി ഉയർന്നു. സമുദ്ര വ്യവസായ മേഖലയിൽ മാത്രം 12 ഇരട്ടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ലൈഫ് എക്സ്പെറ്റൻസി 58 വയസ്സിൽ നിന്ന് 84 ആയി മാറി. പോരായ്മകളില്ലാത്ത മാതൃകയല്ല സിംഗപ്പൂർ. എങ്കിലും ബഹുതല സ്പർശിയായ വികസനാവിഷ്കാരങ്ങൾ ഒരു രാജ്യത്തെ ഏതളവിൽ മാറ്റിമറിക്കുമെന്ന് മനസ്സിലാക്കാൻ ഇതുപകരിക്കും. പ്രത്യേകിച്ചും ജനസാന്ദ്രതയിലും ഭൂ ലഭ്യതയിലും കേരളത്തോട് ഏറെ സാമ്യമുള്ള പ്രദേശമെന്ന നിലയിൽ. കേരളത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 900 പേർ ആണെങ്കിൽ സിംഗപ്പൂരിൽ അത് 8,400 പേരാണ്. ഭൂവിസ്തൃതിയിൽ കേരളം സിംഗപ്പൂരിനേക്കാൾ 50 മടങ്ങ് വലുതാണ്. എന്നിട്ടും ലോകത്തെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായി മാറാൻ കുറഞ്ഞകാലംകൊണ്ട് അവർക്ക് കഴിഞ്ഞു. ജീവിത നിലവാരം വലിയ തോതിൽ ഉയർന്നപ്പോഴും അവിടത്തെ നിത്യജീവിതച്ചിലവ് സാധാരണ പൗരന് താങ്ങാനാവുംവിധം നിയന്ത്രിച്ചുനിർത്താൻ തക്ക ഇടപെടലുകൾ നടത്താൻ സർക്കാറിനെ പ്രാപ്തമാക്കിയതും തുറമുഖ മേഖലയിലൂടെ കൈവരിച്ച അഭൂതപൂർവമായ വളർച്ചയാണ്. 

ഇത്തരം മാതൃകകളെ അപ്പാടെ പകർത്തി കേരളത്തെ സിംഗപ്പൂരാക്കാൻ ശ്രമിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി ഓരോ പദ്ധതിയെയും രൂപപ്പെടുത്തിയെടുക്കണം. വർധിതമായ ജനസാന്ദ്രത, പാരിസ്ഥിതിക സവിശേഷതകൾ, ഭൂ ലഭ്യത, പ്രകൃതി വിഭവ സാധ്യതകൾ തുടങ്ങി നിരവധി ഘടകങ്ങൾ കേരളത്തിൽ അവഗണിക്കാനാകാത്തവിധം സുപ്രധാനമാണ്. ഇവയ്ക്കിണങ്ങുംവിധം പദ്ധതികളെ മാറ്റിയൊരുക്കണമെന്ന ജനാഭിപ്രായത്തോട് ഭരണകൂടങ്ങൾ പൊതുവെ നിഷേധാത്മക സമീപനമാണ് സ്വീകരിക്കാറുള്ളത്. ഒടുവിൽ പൊതുജനവും സർക്കാറും തമ്മിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സംഘർഷങ്ങളിലാണ് 'പല വികസന'വും ചെന്നെത്തുക. വി ഡി സതീശനിൽനിന്ന് കേരളം ഇതല്ല പ്രതീക്ഷിക്കുന്നത്. പദ്ധതികൾക്കുവേണ്ടി കുടിയിറക്കപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുനരധിവസിപ്പിക്കപ്പെടാത്ത അനുഭവങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയതിനാൽ വീട് വയ്ക്കാനോ വിൽക്കാനോ പൊളിക്കാനോ കഴിയാതെ കുരുക്കിലകപ്പെട്ടുപോയ സാധുക്കളുണ്ട്. പദ്ധതിക്ക് കല്ലിടുംമുന്പേ അതിനിരയാകുന്നവരെ പുനരധിവസിപ്പിച്ച അനുഭവവും കേരളത്തിലുണ്ട്. എങ്കിലും വികസനമെന്നാൽ മനുഷ്യനെയോ മണ്ണിനെയോ പരിഗണിക്കാൻ ഇടമില്ലാത്ത ഒന്നാണെന്ന അധികാര ഭാഷ്യമാണ് കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പൊതുവിശ്വാസം. അത് തിരുത്തപ്പെടണം. എല്ലാതരം മനുഷ്യർക്കും ഇടമുള്ള, എല്ലാ പ്രദേശങ്ങളും തുല്യമായി പരിഗണിക്കപ്പെടുന്ന, ജനസൗഹൃദവും സംഘർഷരഹിതവുമായ, വ്യക്തിക്കും സർക്കാറിനും നിക്ഷേപകനും ഒരുപോലെ ഉത്തരവാദിത്തവും അവകാശങ്ങളുമുള്ള വികസനാനുഭവങ്ങൾ കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. 

(പ്രബോധനം വാരിക, ജൂൺ 26, 2026)


Tuesday, June 16, 2026

വി ഡി വന്ന വഴി, പോകേണ്ട വഴി


 



തുടർഭരണത്തേരോട്ടത്തിൽ പകച്ചുപോയ പ്രതിപക്ഷം അസാധാരണമായ ആത്മവിശ്വാസത്തോടെയാണ് അധികാരത്തിലേക്ക് തിരിച്ചുവന്നത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ പ്രവർത്തനം പൊതുജന വിശ്വാസമാർജിക്കുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് ഇടതു സർക്കാറിന്റെ ഭരണത്തുടർച്ചക്ക് വഴിയൊരുക്കിയത്. സർക്കാറിന്റെ കെടുകാര്യസ്ഥതയും വീഴ്ചകളും പുറത്തെത്തിക്കുന്നതിൽ വലിയ സംഭാവന ഒന്നാം പിണറായിക്കാലത്തെ പ്രതിപക്ഷം നൽകിയിട്ടുണ്ട്. എന്നാൽ ഒരു വിസിൽ ബ്ലോവർ നിലവാരത്തിൽ അത് പരിമിതപ്പെട്ടു. ആരോപണങ്ങളെയും കണ്ടെത്തലുകളെയും രാഷ്ട്രീയ പ്രമേയമാക്കി വികസിപ്പിക്കാനോ അതിനെ ആന്തരികവത്കരിക്കാനുതകുംവിധം സാധാരണ മനുഷ്യരിലേക്ക് വിനിമയം ചെയ്യാനോ അക്കാലത്തെ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഇങ്ങിനെ പൊതുജനങ്ങളുടെ വിശ്വാസ്യതയാർജിക്കുന്നതിൽ പരാജയപ്പെട്ട പ്രതിപക്ഷത്തെയാണ് വി ഡി സതീശൻ ഏറ്റെടുക്കുന്നത്. 

പതനത്തിന്റെ ഈ പടുകുഴിയിൽ നിന്ന് കരകയറാൻ പ്രാഥമകിമായി വേണ്ടിയിരുന്നത് പ്രതിപക്ഷത്തെ മുഖവിലക്കെടുക്കുന്ന പൊതുസമൂഹത്തെ സജ്ജമാക്കലായിരുന്നു. അക്കാര്യത്തിൽ സതീശൻ വലിയ വിജയമായി. ഇടതുപക്ഷത്തിനെതിരെ എളുപ്പത്തിൽ വിലപ്പോകാത്ത ആരോപണമാണ് ആർ എസ് എസ് ബന്ധം. എന്നാൽ കഴിഞ്ഞ സർക്കാറിനെതിരെ കേരളീയ മതേതര സമൂഹം ഏറ്റവും ആശങ്കപ്പെട്ട വിഷയമാക്കി അതിനെ മാറ്റിയെടുക്കാൻ സതീശന് കഴിഞ്ഞു. യു ഡി എഫ് എന്നാൽ വികസനം പറയുന്നവരും എൽ ഡി എഫ് എന്നാൽ രാഷ്ട്രീയം പറയുന്നവരും ആണെന്നാണ് കേരളത്തിന്റെ പൊതു വിശ്വാസം. പിണറായി-സതീശൻ കാലത്ത് ആ ധാരണ അടിമുടി തകിടം മറിഞ്ഞു. വികസനത്തെക്കുറിച്ച് പറയുമെന്ന് പ്രതീക്ഷിച്ച സതീശന്റെ പ്രതിപക്ഷം, ഇടതുപക്ഷത്തിന്റെ വഴിതെറ്റുന്ന രാഷ്ട്രീയത്തിൽ ഊന്നിനിന്നു. രാഷ്ട്രീയം പറയുമെന്ന് പ്രതീക്ഷിച്ച പിണറായിയുടെ ഭരണ പക്ഷം വികസന കേരളത്തെക്കുറിച്ചും വികസന നായകനായ മുഖ്യമന്ത്രിയെക്കുറിച്ചും മാത്രം പറഞ്ഞു. വികസനമോഹികളാണ് മലയാളികളെങ്കിലും അത് തീർത്തും അരാഷ്ട്രീയമായ ഒന്നാണെന്ന വിശ്വാസത്തിലേക്ക് അവർ പൂർണമായി പരിവർത്തിക്കപ്പെട്ടിട്ടില്ല. അതിനാൽ മലയാളികളുടെ മുൻഗണനയിൽ പ്രതിപക്ഷം ഒന്നാമതായി. 

കേരളത്തിന്റെ പൊതുമണ്ഡലത്തെ അഗാധമായി സ്വാധീനിക്കുകയും ആലോചനാവഴികളെ നിർണയിക്കുകയും ചെയ്തിരുന്ന ഇടതുപക്ഷത്തിന്റെ ആഖ്യാനങ്ങളെ സതീശൻ അനായാസം മറികടന്നു. എതിരാളികൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുകയും സ്വന്തം ചരിത്രത്തെത്തന്നെ തള്ളിപ്പറയുംവിധം രാഷ്ട്രീയ ആശയങ്ങൾ രൂപപ്പെടുത്തുകയും ചെയ്തത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യത കളഞ്ഞു. അതവരെ അതീവ ദുർബലമാക്കി. രാഷ്ട്രീയ വിമർശനമുന്നയിക്കുന്ന മുസ്ലിം സംഘനകൾക്കെതിരെ തുടങ്ങിയ യുദ്ധം വംശീയ സ്വഭാവത്തിലേക്ക് പരിണമിച്ചു. പോസ്റ്റ് സെക്യുലർ കാലത്തെ സാമൂഹിക വികാസങ്ങളെ യാഥാർഥ്യബോധത്തോടെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷത്തെ പുതിയ ഭാഷകൊണ്ടും കാലികമായ ആശയങ്ങൾകൊണ്ടും സതീശൻ അനായാസം നേരിട്ടു. സമൂഹത്തിലെ നാനാവിധ വിഭാഗങ്ങളെ അവരവരുടെ ഭാഷയിൽ അഭിമുഖീകരിക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വാഹന രൂപമാറ്റത്തെക്കുറിച്ച സതീശന്റെ അഭിപ്രായപ്രകടനം പുതുതലമുറ വോട്ടർമാർക്കിടയിൽ കാട്ടുതീപോലെയാണ് പടർന്നത്. ഇങ്ങിനെ കേരളത്തെക്കുറിച്ച സ്വപ്നങ്ങളും ഭരണത്തെക്കുറിച്ച കാഴ്ചപ്പാടുകളും പങ്കുവച്ച പലവിധ ആശയവിനിമയങ്ങൾ പ്രതിപക്ഷത്തെ ബഹുദൂരം മുന്നിലാക്കി.  

സമീപകാല കോൺഗ്രസ് നേതൃത്വങ്ങളെല്ലാം - കേരളത്തിലും ദേശീയ തലത്തിലും - വ്യക്തതയില്ലാത്ത രാഷ്ട്രീയ നയങ്ങളാൽ പ്രവർത്തകരെയും പൊതുസമൂഹത്തെയും നിരന്തരം ആശയക്കുഴപ്പത്തിലോ അനിശ്ചിതത്വത്തിലോ നിർത്തുന്നവരായിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തിയിരുന്ന അനുപാത രഹിതമായ ബാലൻസിങ്, ഒരു പാർട്ടിയെ എങ്ങിനെ തകർക്കുമെന്ന് പഠിക്കാൻ ഉതകുന്ന പാഠപുസ്തകമാണ് കേരളത്തിലെ കോൺഗ്രസ്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം അതിൽ കാതലായ മാറ്റം വന്നു. ഉറച്ച നിലപാടുകളും വ്യക്തതയുള്ള നയങ്ങളും രാഷ്ട്ര നിർമാണം അടിസ്ഥാനമാക്കിയ സാമൂഹിക വീക്ഷണങ്ങളും തെളിമയോടെ പൊതുസമൂഹത്തിന് കൈമാറ്റം ചെയ്യുന്നതിൽ സതീശൻ വിജയംവരിച്ചു. സംഘടനാ ദൗർബല്യങ്ങളിലും നേതൃതർക്കങ്ങളിലും ആടിയുലയുന്ന ആൾകൂട്ടമായിരുന്നു എക്കാലത്തും കോൺഗ്രസ്. ഇതിൽ കൈവരിച്ച മാറ്റം സതീശന് വ്യക്തിപരമായ നഷ്ടമായി ഒടുവിൽ മാറിയെങ്കിലും പാർട്ടിക്ക് അത് പുതുജീവൻ നൽകി. പ്രവർത്തകർക്ക് വഴികാട്ടുന്ന, അനുഭാവികൾക്ക് വിശ്വസിക്കാവുന്ന, പൊതുജനത്തിന് ആശ്രയിക്കാവുന്ന നേതൃത്വത്തെയും കോൺഗ്രസിനെയുമായിരുന്നു കഴിഞ്ഞ അഞ്ചുവർഷം കണ്ടത്.  ബി ജെ പി പറയുന്ന തീവ്ര വർഗീയതയുടെ ലാഭം കൊയ്യാമെന്ന അതിമോഹത്താൽ ഇടതുന്ദുത്വം പ്രയോഗിച്ച സിപിഎമ്മിനെ തെളിമയാർന്ന മതേതര നിലപാടുപറഞ്ഞും അവർ വേട്ടയാടിയ ന്യൂനപക്ഷത്തെ നിർഭയം ചേർത്തുപിടിച്ചുമാണ് കോൺഗ്രസ് ഇത്തവണ പ്രതിരോധിച്ചത്.  അധികാര ദുഷിപ്പിന്റെ കെടുതികൾകൊണ്ട് നിത്യജീവിതം താറുമാറായ സാധാരണക്കാരെ അതിനെതിരെ വിധിയെഴുതാൻ പ്രാപ്തരാക്കുമാറ് ജനകീയ പ്രശ്നങ്ങളെ അഭിമുഖീരിക്കാനും ധൈര്യംകാട്ടി. ഇങ്ങിനെ ബഹുമുഖ പരിപാടികളിലൂടെ ആർജിച്ച ബഹുജന വിശ്വാസവും സാമൂഹിക മനോഭാവം രൂപപ്പെടുത്തുന്ന സൂക്ഷ്മവും വിശാലവുമായ ഘടകങ്ങളുടെ വിജയകരമായ സങ്കലനവുമാണ് യു ഡി എഫിനെ അധികാരത്തിലേക്ക് എത്തിച്ചത്. 

ഈ വിജയം അതിന്റെ പൊലിമയോടെ ഭരണകാലത്തുടനീളം നിലനിർത്തുക എന്നത് യു ഡി എഫിനെ സംബന്ധിച്ച് പരമപ്രധാനമാണ്. എന്ന് മാത്രമല്ല, ഭരണത്തുടർച്ച വേണമെന്ന അതിയായ ആഗ്രവുമായാണ് ഈ സർക്കാർ അധികാരത്തിലേറിയിരിക്കുന്നത്. അതിന് വോട്ടർമാർ നൽകിയ കൂറ്റൻ ഭൂരിപക്ഷം, ജനവിശ്വാസം അതിന്റെ പാരമത്യയിൽ നേടിയെടുക്കാനായതിന്റെ തെളിവാണ്. ഈ വിശ്വാസം ഭരണത്തിലുടനീളം നിലനിർത്തുകയെന്നത് സർക്കാറിനെ സംബന്ധിച്ച് അതിപ്രധാനമായിരിക്കും. മുന്പെന്നത്തേക്കാളുമുപരി, അതിശക്തമായ പൗരസമൂഹ വിചാരണക്ക് കേരള രാഷ്ട്രീയം വിധേയമാകുന്ന കാലമാണിത്. കക്ഷി രാഷ്ട്രീയ വ്യവാഹരങ്ങളിൽ അത്രമേൽ തത്പരരല്ലാത്ത പുതുതലമുറ വോട്ടർമാർപോലും മുഖ്യമന്ത്രി നിർണയം അനിശ്ചിതത്വത്തിലായ ദിവസങ്ങളിൽ രോഷാകുലരായി തെരുവിലും സോഷ്യൽ മീഡിയ ചുവരിലും പ്രത്യക്ഷപ്പെട്ടു. വി എസ് അച്യുതാനന്ദന് വേണ്ടി പാർട്ടി പ്രവർത്തകർ ഒരിക്കൽ തെരുവിലിറങ്ങിയതൊഴിച്ചാൽ കേരളത്തിൽ ഇത്തരം ജനകീയ പ്രക്ഷോഭം മുന്പുണ്ടായിട്ടില്ല. താരരാജാക്കൻമാരുടെ ആരാധക വൃന്ദം ചാടിയിറങ്ങുംപോലെയാണ് സാധാരണക്കാരൻ 'മുഖ്യമന്ത്രി അട്ടിമറി'ക്കെതിരെ മുഷ്ടിചുരുട്ടിയത്. അവരുടെ രോഷത്തിന് മുന്നിൽ കോൺഗ്രസ് നേതൃത്വത്തിന് വഴങ്ങേണ്ടിയും വന്നു. രാഷ്ട്രീയ വിവാദങ്ങളോടും പാർട്ടികളുടെ നടപടിക്രമങ്ങളോടും പൊതുസമൂഹം പ്രതികരിക്കുന്ന രീതികളിൽ വന്ന ഈ മാറ്റം, ഏതുനിമിഷവും സർക്കാർ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കപ്പെടാമെന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതവഗണിച്ച് ഇനി ഒരു പൊതു സംവിധാനത്തിനും മുന്നോട്ടുപോകുക സാധ്യമല്ല. 

ഒരുരാജ്യം ഒരു സർക്കാർ എന്ന അപടകരമായ ഏകാധിപത്യ സ്വപ്നം ജനാധിപത്യ വഴികളിലൂടെ നടപ്പാക്കാമെന്ന് ആലോചിച്ചുറപ്പിച്ചിരിക്കുന്ന ഫാസിസ്റ്റ് സംഘമാണ് കേന്ദ്രം ഭരിക്കുന്നത്. ജനാധിപത്യത്തെ വൈവിധ്യപൂർണവും ശക്തിമത്തുമാക്കുന്ന ഫെഡറലിസമെന്ന തത്വത്തെ തകർത്തെറിയുന്ന പദ്ധതികളാണ് ഓരോ ചുവടിലും നടപ്പാക്കപ്പെടുന്നത്. സാന്പത്തിക സ്വാതന്ത്ര്യവും അക്കാദമിക്  സ്വാതന്ത്ര്യവും തുടങ്ങി ആഭ്യന്തര ഭരണത്തിൽവരെ അത് കൈവച്ചുകഴിഞ്ഞു. ഈ പ്രവണതകളോട് സമരസപ്പെടാതെ ഭരിക്കുക എന്നത് കേരള രാഷ്ട്രീയത്തിൽ സുപ്രധാനമാണ്. ഇതിനെതിരായ പോരാട്ടമാണ് കടുത്ത വെല്ലുവിളികൾക്കിടയിലും ബംഗാളിലെ ബിജെപി വിരുദ്ധ സർക്കാറിനെ ദീർഘകാലം നിലനിർത്തിയത്. ശത്രുതാപരമായ സമീപനം സ്വീകരിച്ച കേന്ദ്രത്തോട് അണിയറയിൽ സന്ധിചെയ്തുവെന്ന തോന്നലുണ്ടാക്കിയ ഇടതുസമീപനങ്ങൾ  സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ വഹിച്ച പങ്ക് ചെറുതല്ല. ഇക്കാര്യത്തിൽ കണിശമായ അതിര് പാലിച്ചില്ലെങ്കിൽ തിരിച്ചടിക്ക് ഇതുമതിയാകും. 

ഇതിനിടെയാണ് സർക്കാർ നേരിടുന്ന സാന്പത്തിക പ്രതിസന്ധി. ഖജനാവ് കാലിയാണെന്ന വാദമുയർത്തി തെരഞ്ഞെടുപ്പ് നേരിട്ടവരാണ് പ്രതിപക്ഷം. ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാൻ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിക്കുകയും ചെയ്തു. മുന്പ് സമാന നടപടിയുണ്ടായത് മുൻ സർക്കാർ ഭരിച്ചുമുടിച്ച ട്രഷറിയെക്കുറിച്ച് എ കെ ആന്റണി സർക്കാർ ധവളപത്രം പ്രസിദ്ധീകരിച്ചപ്പോഴാണ്. അതിന് പിന്നാലെ ഏർപെടുത്തിയ കടുത്ത നിയന്ത്രണം ആന്റണി സർക്കാറിന്റെ നിലനിൽപിനെത്തന്നെ സാരമായി ബാധിച്ചു. ധവളപത്രത്തെ ഒരു നയ-തന്ത്ര രൂപീകരണ ആയുധമാക്കുന്നതിന് പകരം എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനമാക്കി മാറ്റിയെന്നതാണ് അന്നുസംഭവിച്ച അപകടം. സാന്പത്തിക കാര്യങ്ങളിൽ വൈദഗ്ധ്യമുള്ള മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പിൽ ഇത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം. 

മുൻ സർക്കാർ അടിസ്ഥാന വികസനത്തിന് ഉപയോഗിച്ച കിഫ്ബിയുടെ കടവും കടമെടുപ്പ് രീതികളും സംബന്ധിച്ച മൗലികമായ അഭിപ്രായ ഭിന്നത യുഡിഎഫിനുണ്ട്, പ്രത്യേകിച്ച് സതീശന്. കിഫ്ബി വഴി സൃഷ്ടിച്ച ഇൻഫ്ര വികസനത്തെയും അതിന്റെ ധൂർത്തലച്ച പ്രചാരണ പദ്ധതികളെയും വെറും സൈദ്ധാന്തികതകൾ കൊണ്ട് നേരിട്ടാൽ അത് ജനത്തിന് ബോധ്യമാകണമെന്നില്ല. ഇത്തരം സൗകര്യ വികസന പരിപാടികൾ തുടരുന്നത് യുദ്ധ പശ്ചാത്തലത്തിൽ നേരിടുന്ന ആഗോള സാന്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രാദേശിക പരിപാടിയായിക്കൂടി നിലനിർത്തേണ്ടതുമുണ്ട്. സതീശന്റെ നയത്തിനും ജനങ്ങളുടെ അനുഭവത്തിനുമിടയിൽ യാഥാർഥ്യബോധത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ അടിതെറ്റും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ യു ഡി എഫ് ഗ്യാരണ്ടികളെല്ലാം സംസ്ഥാനത്തിന് വലിയ സാന്പത്തിക ബാധ്യത വരുത്തിവക്കുന്നവയാണ് എന്നത് ഇതിനോട് ചേർത്തുവായിക്കണം. 

ആഭ്യന്തര വകുപ്പാണ് യു ഡി എഫ് വിജയത്തിലേക്ക് മുതൽകൂട്ടിയ മറ്റൊരു പ്രധാനഘടകം. പിണറായിയെ കണ്ണടച്ച് ന്യായീകരിച്ചിരുന്ന ഇടത് സൈബർ പോരാളികൾ വരെ സർക്കാറിന് എതിരായത് ആഭ്യന്തര ഭരണത്തിലെ വീഴ്ചകളുടെ പേരിലാണ്. വിദ്വേഷ പ്രചാരകരെ കയറൂരിവിട്ടും സർക്കാർ അവരോടൊപ്പമാണെന്ന സന്ദേശം ഇടക്കിടെ നൽകിയും കേരളത്തിൽ സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ സി പി എം നടത്തിയ ശ്രമങ്ങൾക്ക് വേദിയായത് ആഭ്യന്തര വകുപ്പാണ്. മുഖ്യമന്ത്രിക്കുള്ള നയ വ്യക്തതയും ആശയ ദൃഢതയും വകുപ്പ് ഭരിക്കുന്ന മന്ത്രിക്കുണ്ടായില്ലെങ്കിൽ ഒന്നാം പിണറായിക്കാലത്തെ പ്രതിപക്ഷത്തിന്റെ നിലവാരത്തിലേക്ക് ഭരണം കൂപ്പുകുത്തും. 

ഭരണ കേന്ദ്രത്തിലെ ഡീപ് സ്റ്റേറ്റും ഉദ്യോഗസ്ഥ നെക്സസും ബുദ്ധിപൂർവം മറികടക്കുക എന്നതും ഭരണ മികവിന് അതിപ്രധാനമാണ്. സെക്രട്ടേറിയറ്റ് മുതൽ ഏതാണ്ടെല്ലാ സർക്കാർ ആപ്പീസുകളും ജാതിപുതച്ച ആലയങ്ങളും തത്പര സംഘങ്ങളുടെ വ്യവഹാര ഭൂമിയുമാണ്. ഭരണ ചക്രം നിയന്ത്രിക്കുന്ന അധീശ ജാതികളുടെ താത്പര്യങ്ങളെ തിരിച്ചറിഞ്ഞ് സാധാരണക്കാർക്കൊപ്പം നിൽക്കുക എന്നത് ഏറെ ശ്രമകരമായിരിക്കും. ഇപ്പോൾ തന്നെ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ, ഒരു അയൽ സംസ്ഥാനത്തിന്റെ പേരിലറിയപ്പെടുന്ന സംഘം വലിയ സ്വാധീനത്തോടെ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ശൃംഘല മുഖ്യമന്ത്രി ഓഫീസ് മുതൽ മർമപ്രധാന പോയിന്റുകളിലെല്ലാം ചാരക്കാമറ കണക്കേ സജീവമാണ്. ഇത്തരമാളുകളെ മറികടക്കാതെ ഭരണത്തെ സുതാര്യവും ജനകീയവുമാക്കുക അസാധ്യമാണ്. ഭരണപരിചയമില്ലാത്ത, നിയമസഭാ പരിചയംപോലുമില്ലാത്ത മന്ത്രിമാർക്ക് ഇത് എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയണം. വർഗീയ ധ്രുവീകരണം അപകടകരമായ നിലയിൽ വളരുന്ന സംസ്ഥാനമാണിപ്പോൾ കേരളം. ഭരണ തലത്തിലുണ്ടാകുന്ന ഏതുചുവടുവപ്പും വർഗീയച്ചുവയോടെ വിലയിരുത്തപ്പെടും. സ്വതന്ത്രമായി ഭരിക്കാനാകാത്ത വിധം ഇത് സർക്കാറിനെയും മുഖ്യ ഘടകക്ഷിയായ മുസ്ലിം ലീഗിനെ വിശേിച്ചും പ്രതിരോധത്തിലാക്കുകയും ചെയ്യും. സിപിഎം നയിക്കുന്ന പ്രതിപക്ഷത്തിന്റെ പ്രധാന ആയുധവും ഇതേ വർഗീയത തന്നെയായിരിക്കുമെന്നാണ് അവരുടെ സമീപകാല പ്രവർത്തനങ്ങളിൽനിന്ന് മനസ്സിലാക്കാനാകുക. ഇത്തരം വർഗീയ സമ്മർദങ്ങൾക്ക് അണുവിട വഴങ്ങില്ലെന്ന ഉറച്ച തീരുമാനമില്ലെങ്കിൽ സർക്കാറിന് മുന്നോട്ടുപോകാനേ കഴിയില്ല. വർഗീയ സർമ്മർദങ്ങൾ സൃഷ്ടിക്കുന്നവരെ മൃദുസമീപനവും ഒത്തുതീർപുകളും കൊണ്ട് മറികടക്കാമെന്ന് കരുതരുത്. 

എന്നാൽ ഭരണ സംവിധാനങ്ങളിലെ ഇത്തരം ഊരാക്കുടുക്കളേക്കാൾ സർക്കാറിന് വെല്ലുവിളിയാകുക കോൺഗ്രസിനകത്തെ അധികാര വടംവലികളാണ്. ഗ്രൂപ്പ് തിരിഞ്ഞ് ബലാബലം തെളിയിക്കുക എന്നതായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിലെ കോൺഗ്രസിന്റെ പാരന്പര്യം. അതിനറുതി വരുത്തിയത് സതീശനാണ്. ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണ് അഞ്ചുകൊല്ലം കൊണ്ട് സതീശൻ രൂപപ്പെടുത്തിയത്. അതുപക്ഷെ തെരഞ്ഞെടുപ്പോടടുത്തപ്പോൾ തകിടം മറിഞ്ഞു. മുഖ്യമന്ത്രിക്കസേര സ്വപ്നംകണ്ട നേതാക്കൾ അവരവരുടെ സ്വന്തക്കാർക്ക് വേണ്ടി പോരടിച്ചു. അർഹതയേക്കാളുപരി അധികാരച്ചേരിയിൽ പരിഗണിക്കപ്പെട്ടവർ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സീറ്റുതന്നവരുടെ മാത്രം അനുയായികളായി മാറി. അവരെ ജനം തിരുത്തി. കണ്ണഞ്ചിപ്പിക്കുന്ന വിജയം സമ്മാനിച്ച പൊതുജനത്തെ വിഡ്ഢികളാക്കി ഒരു മുഖ്യമന്ത്രിയെ കൊണ്ടുവരാൻ ശ്രമിച്ചതിനെയാണ് നാട്ടുകാരിടപെട്ട് തടഞ്ഞത്. എന്നിട്ടും ഇതവസാനിച്ചിട്ടില്ലെന്ന് മന്ത്രിസഭാ രൂപീകരണത്തർക്കത്തിൽ നിന്ന് വ്യക്തമായി. ദേശീയ പ്രശസ്തരായ രണ്ട് പ്രമുഖ നേതാക്കളുടെ ചേരിതിരഞ്ഞ സമ്മർദത്തിന്റെയും പിടിവലിയുടെയും അനന്തരഫലം തീർത്തും അസന്തുലിതമായ ഒരു മന്ത്രിസഭയായി ഇഥ് മാറി എന്നതാണ്. യുഡിഎഫിനെ വൻ വിജയമ നൽകിയ  കോഴിക്കോടുപോലെ പ്രധാന ജില്ലകൾക്കുപോലും പ്രാതിനിധ്യമില്ലാത്ത, കോൺഗ്രസിനെ കണ്ണടച്ച് പിന്തുണച്ച ചില പിന്നാക്ക വിഭാഗങ്ങൾക്ക് ഒട്ടുമേ പങ്കാളിത്തമില്ലാത്ത ഒരു മന്ത്രിസഭയിലേക്ക് നയിച്ചത് അവരുടെ ഗ്രൂപ്പ് പോരാണ്. അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും വകുപ്പേതെന്നറിയാനാകാത്ത മന്ത്രിമാരെ സൃഷ്ടിച്ചതും ഇതേ പിടിവലിയാണ്. ഇതായിരുന്നില്ല ജനം പ്രതീക്ഷിച്ചത് എന്ന് ആദ്യ മണിക്കൂറിൽ തന്നെ തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കിൽ ജനം തന്നെ തിരുത്തും. 

ഇതേ തല്ലും തർക്കവും അഞ്ചുകൊല്ലം തുടരാനാണ് ഭാവമെങ്കിൽ സർക്കാറിന് അധിക കാലം ആയുസ്സുണ്ടാകില്ല. തെരഞ്ഞെടുപ്പ് ഫണ്ട് തന്നതിന്റെ കണക്കു പറഞ്ഞുപോലും എം എൽ എമാരുടെ പിന്തുണ വാങ്ങിയെടുത്തുവെന്നാണ് കോൺഗ്രസിലെ അണിയറചർച്ച. ഗ്രൂപ്പ് കളിയുടെ പാരമ്യത്തിൽ ഘടകകക്ഷികളെയും അതിന്റെ നേതാക്കളെയും അവഹേളിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഗ്രൂപ്പില്ലാ കോൺഗ്രസ് എന്ന സതീശന്റെ മുദ്രാവാക്യം നേതാക്കൾക്ക് അത്രത്തോളം ഇഷ്ടമായില്ലെങ്കിലും പ്രവർത്തകർ അത് ഏറ്റെടുത്തിരുന്നു. അത് മനസ്സിലാക്കുന്നതിൽ ഗ്രൂപ്പ് മാനേജർമാർ പരാജയപ്പെട്ടു. ഗ്രൂപ്പ് കളി പുനരാരംഭിച്ചുവെന്ന പ്രതീതി പ്രവർത്തകരെയും രോഷാകുലരാക്കി. കോൺഗ്രസിലെ ഏറെ ജനപ്രിയനായ നേതാവിന് വരെ അതിന്റെ ആഘാതമേറ്റു. 

എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഇതിനെല്ലാം അപ്പുറത്താണ് എന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ ഓരോ നേതാക്കൾക്കും ലഭിച്ച കൈയ്യടിയുടെ ആവേശമളന്നാൽ ബോധ്യപ്പെടും. ആദ്യ മന്ത്രിസഭാ യോഗ ശേഷം നടത്തിയ വാർത്താ സമ്മളനത്തിൽ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സതീശൻ നൽകിയ മറുപടി പരസ്പര പോരിന്റെ അന്തർധാര പ്രവർത്തനക്ഷമമായിരിക്കുമെന്ന സംശയം ജനിപ്പിക്കുന്നതാണെങ്കിലും അത് അത് പ്രവർത്തകരുടെ സൂക്ഷ്മ നിരീക്ഷണത്തിന് ഭരണത്തെ വിട്ടുകൊടുക്കുന്നുവെന്ന സന്ദേശം കൂടി ഉൾകൊള്ളുന്നതാണ്. മന്ത്രിമാർ ചേരിതിരിഞ്ഞാലും അതിനുമേലേ മുഖ്യമന്ത്രിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ സാധാരണ കോൺഗ്രസുകാർക്കുള്ളത്. 

പുതിയ പ്രതിപക്ഷമാകട്ടെ ഇത്തരം കാലികമായ മാറ്റങ്ങളിലേക്ക് വഴിമറുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു സൂചനയും ഇതുവരെ നൽകിയിട്ടില്ല. തെരഞ്ഞെടുപ്പാനന്തര ചർച്ചകളിലും ദിശാമാറ്റത്തിന്റെ മുന്നറിയിപ്പുകളില്ല. പുതിയ തലമുറയോട് സംവദിക്കാൻ ശേഷിയുള്ള നേതൃനിരയെ സഭയിൽ അണിനിരത്താൻ പോലും അവർ ശ്രമിക്കുന്നില്ല. അറുപതുകാരനായ മുഖ്യമന്ത്രിയെ നേരിടാൻ 80 പിന്നിട്ടയാളെയാണോ പ്രതിപക്ഷ നേതാവാക്കുന്നത് എന്ന ചോദ്യം പാർട്ടി അണികൾക്കിടയിൽ ശക്തമാണ്. എങ്കിലും അത് കോൺഗ്രസ് നേരിട്ടപോലെ, പരസ്യമായ പൊതുവായ ഒരു പൗരസമൂഹ ചോദ്യമായി സിപിഎമ്മിന് നേരെ ഉയരില്ല. കേരളത്തിൽ ഇപ്പോൾ പ്രകടമായ പൗരവിചാരണ കോൺഗ്രസിലും യുഡിഎഫിലും പരിമിതപ്പെടാനേ സാധ്യതയുള്ളൂ. കോൺഗ്രസിലെ ഉൾപാർട്ടി ജനാധിപത്യം അയഞ്ഞതും സോഷ്യൽ ഓഡിറ്റിന് പാകത്തിൽ തുറന്നുവച്ചതുമാണ് എന്നതാണ് അതിന്റെ കാരണം. സിപിഎമ്മിലെ കാര്യങ്ങൾ സ്റ്റാലിനിസത്തിന്റെ ഇരുന്പുമറക്കുള്ളിൽ തന്നെയായിരിക്കും ഇനിയും തീരുമാനിക്കപ്പെടുക. തെരഞ്ഞെടുപ്പിൽ തോറ്റന്പിയ ശേഷം പാർട്ടി നടത്തിയ ഏറ്റവും പ്രധാന പ്രഖ്യാപനം 'പ്രവർത്തകർക്ക് നിർഭയം അഭിപ്രായം പറയാൻ ഇനി അവസരം നൽകും' എന്നതാണ്. ഇതുവരെ അവിടെ അനുവദിക്കപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അളവ് എത്രയെന്ന് അത് ബോധ്യപ്പെടുത്തുന്നു. ഇത്തരമൊരു പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ വിമർശനത്തിന് പകരം ആക്രമണോത്സുകമായ എതിർപായിരിക്കും കൂടുതൽ നേരിടേണ്ടിവരിക. അത് മറികടക്കാൻ സതീശനെപ്പോലൊരാൾക്ക് എളുപ്പമായിരിക്കും. എന്നാൽ അതുവച്ച് കേരളത്തിലെ പൊതുസമൂഹത്തെ മറികടക്കാനാവില്ല എന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നതും സർക്കാറിന് പ്രധാനമായിരിക്കും. 

ചുരുക്കത്തിൽ വിജയം നിലനിർത്താനും ഭരണം തുടരാനും ലക്ഷ്യമിടുന്നുണ്ടെങ്കിൽ സൂക്ഷ്മ ശ്രദ്ധയും രാഷ്ട്രീയ ജാഗ്രതയും അതിപ്രധാനമാണ്. വിശ്വാസ്യതാ നഷ്ടത്താൽ തുടർഭരണത്തിന് വഴങ്ങേണ്ടിവന്ന പ്രതിപക്ഷത്തെ ആ പതനത്തിൽ നിന്ന് കൈപിടിച്ചുകയറ്റി, ജനവിശ്വാസം തിരിച്ചുപിടിച്ച് അധികാരത്തിലേക്ക് എത്തിച്ചതാണ് കഴിഞ്ഞ അഞ്ചുവർഷത്തെ വി ഡി സതീശന്റെ സംഭാവന. ആ വിശ്വാസം നിലനിർത്താനായാൽ ഭരണവും നിലനിൽക്കും. പ്രതിപക്ഷത്തിരിക്കുന്പോൾ അത് എളുപ്പത്തിൽ സാധ്യമാകും. എന്നാൽ അധികാരത്തിലിരിക്കുന്പോഴും ഈ വിശ്വാസ്യത നിലനിർത്തുക ശ്രമകരമായ ദൗത്യമാണ്. ഭരണ വിജയത്തിന് പക്ഷെ ഇതല്ലാതെ കുറുക്കുവഴികളില്ല. പ്രളയംപോലെ പെയ്തിറങ്ങിയ ഫ്ലക്സ് ബോർഡുകൾ കൊണ്ട് ജനമനം മാറ്റാനാകില്ലെന്നുകൂടി ബോധ്യപ്പെട്ട തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. 

കോവിഡ് കാലത്തെ രക്ഷക വേഷത്തിൽനിന്ന് മാറി, അമിതാധികാര ഭാവമണിഞ്ഞപ്പോൾ അകന്നുപോയ ജനമാണ് ഭരണമാറ്റത്തിന് തിരികൊളുത്തിയത്. അത് ഭരണത്തെയും ഭരണാധികാരികളെയും നിരന്തരം വിലയിരുത്തുന്ന പൗരസംവിധാനമായി കേരളത്തിൽ വികസിക്കുകയാണ്. അവരുടെ പരസ്യ ഓഡിറ്റിങ്ങിന് ഇപ്പോൾ വിധേയമാകുക കോൺഗ്രസും യുഡിഎഫും സർക്കാറുമായിരിക്കും. അത് ചെയ്യുന്നവരിൽ പുതുതലമുറ വിശേഷിച്ചുമുണ്ട്.  അവരുടെ മാർക്ക് കളയാതെ നോക്കിയാൽ ഈ ഭരണവും തുടരും. ഫെഡറലിസത്തിന് വേണ്ടിയും രാജ്യത്തിന്റെ അഖണ്ഡതക്കും വേണ്ടിയുമുള്ള പോരാട്ടം വർത്തമാന ഇന്ത്യയിലെ മൂർച്ചയേറിയ ആയുധമാണ്. അടുത്ത അഞ്ചുവർഷത്തിനിടെ അത് അപ്രതീക്ഷിതമായ വഴികളിലൂടെയായിരിക്കും സഞ്ചരിക്കുക. ഈ പോരാട്ടത്തിൽ ആർക്കൊപ്പം നിൽക്കുന്നുവെന്നത് ഭാവി വിജയത്തിന്റെ അടിസ്ഥാനമായിരിക്കും. ഭരണത്തേക്കാൾ വലുതാണ് രാജ്യമെന്ന സമീപനം ഒരു വിജയോപാധിയായിത്തീരുന്ന കാലമാണ് മുന്നിലുള്ളത്.

സർക്കാറിന്റെ സാന്പത്തിക മാനേജ്മെന്റും ആഭ്യന്തര ഭരണവുമായിരിക്കും 2031ലെ സർക്കാറിനെ നിശ്ചയിക്കുക. 
അത് കേവലമായ ഭരണ നടപടികളിൽ ഒതുങ്ങേണ്ടതല്ല. 
റോഡുപണിയാനും പാലം കെട്ടാനും കെട്ടിടമുണ്ടാക്കാനും ആര് ഭരിച്ചാലും സാധിക്കും. അതിന് വേണ്ട സ്വാഭാവിക ഘടന കേരള ഭരണ സംവിധാനത്തിനുണ്ട്. എന്നാൽ ദിശാബോധത്തോടെ സംസ്ഥാനത്തെ നയിക്കാനും ഭാവി കേരളത്തെ രൂപപ്പെടുത്താനുമുള്ള ശ്രമങ്ങളായിരിക്കും ഈ സർക്കാറിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുക. രാഷ്ട്രീയ വീക്ഷണങ്ങളുള്ള പ്രവർത്തകരിൽനിന്ന് ഫാൻസ് സംഘങ്ങളെന്ന നിലയിലേക്ക് പാർട്ടി പ്രവർത്തകർ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതുപയോഗപ്പെടുത്തി, രാഷ്ട്രീയ ഉള്ളടക്കമുള്ള പ്രവർത്തകരെ പിണറായി ഫാൻസ് അസോസിയേഷനാക്കി മാറ്റിയതിന്റെ ദുരന്തമാണ് സിപിഎം ഇപ്പോൾ നേരിടുന്നത്. ഇതിന് പകരം, പ്രവർത്തകർക്കും സാധാരണ മനുഷ്യർക്കും രാഷ്ട്രീയ ഉള്ളടക്കമുള്ള വഴികൾ തുറന്നുകൊടുക്കാനായാൽ അത് യുഡിഎഫിന്റെ തലവര മാറ്റും; സതീശന്റെയും. 

മുഖ്യമന്ത്രിക്കസേര സ്വപ്നംകണ്ട്  സ്വയം മത്സരം സൃഷ്ടിച്ച്, ആ മത്സരത്തിൽ സ്വയം തോറ്റുപോയ സ്വന്തം നേതാവായിരിക്കും വി ഡി സതീശന്റെ പ്രധാന പ്രതിപക്ഷം. ആ തോൽവിയിലേക്ക് ആ ദേശീയ നേതാവിനെയും സംഘത്തെയും എത്തിച്ചത് കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനുള്ള ശേഷി ആർജിക്കാനാകാതെ പോയതാണ്. അധികാരമോഹികളായ മധ്യനിര നേതാക്കളെല്ലാം കൂടുതൽ ശക്തിയുള്ള ഭാഗത്ത് നിലയുറപ്പിച്ചപ്പോൾ സാധാരണക്കാരായ പ്രവർത്തകരും പൊതുജനവുമാണ് പാർട്ടിക്കുള്ളിലെ മത്സരത്തിൽ വി ഡി സതീശനെ ജേതാവാക്കിയത്. കോൺഗ്രസിനകത്തെ ബാലബലത്തിലും ഭരണ നിയന്ത്രണത്തിന്റെ പിൻസീറ്റുകളിലും ഇത് കാതലായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ സതീശനൊപ്പം കൂടുതൽ പ്രവർത്തകരും കുറച്ച് നേതാക്കളുമാണുള്ളത്. മറുഭാഗത്ത് കൂടുതൽ നേതാക്കളും കുറച്ച് പ്രവർത്തകരും. അതിനാൽ പാർട്ടിക്കുള്ളിലെ പ്രതിപക്ഷത്തോട് എതിരിട്ട് സമയവും അധ്വാനവും കളയാതിരുന്നാൽ ഇപ്പോൾ കൂടെപ്പോന്ന പ്രവർത്തകർക്കൊപ്പം ഇനി പാർട്ടിയും കൂടെപ്പോരും. അടുത്ത ഭരണത്തിന് അതുമതിയാകും. 

(മാധ്യമം ആഴ്ചപ്പതിപ്പ്, 2026 മെയ്, 25)

Thursday, December 25, 2025

കേരള വോട്ട് ചോരിയിലേക്ക് വിരൽ ചൂണ്ടുന്ന എസ് ഐ ആർ - ഭാഗം 1




ഇങ്ങിനെ പുറത്താക്കപ്പെടുന്നവർ വ്യാജ വോട്ടർമാരാണെന്ന് തെളിയിക്കുന്ന രേഖകൾ എസ് ഐ ആറിൽ ലഭ്യമല്ല. എന്നാൽ പുറത്താക്കപ്പെടാനിടയായ കാരണങ്ങൾ പരിശോധിക്കുന്പോൾ ചില മണ്ഡലങ്ങളിൽ, ബി എൽ ഓമാർക്ക് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയാത്തവരുടെ എണ്ണവും എസ് ഐ ആറിൽ പങ്കെടുക്കാതെ നിരാകരിച്ചവരുടെ എണ്ണവും ശ്രദ്ധേയമായ രീതിയിൽ ഉയർന്നു നിൽക്കുന്നുണ്ട്. ഇതിൽ അജ്ഞാത വോട്ടർമാരുടെ എണ്ണം അസ്വാഭാവികമായി ഉയർന്നു നിൽക്കുന്ന സ്ഥലങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്പോൾ അതിൽ മുൻപന്തിയിൽ നിൽക്കുന്നത് ബിജെപി സ്വാധീന മേഖലകളാണെന്ന് കാണാം.

വെട്ടിനിരത്തിയും തിരുകിക്കയറ്റിയും 'സ്വന്തം' വോട്ടർമാരെ നിർമിച്ചെടുക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ ഗൂഢപദ്ധതിയാണ്  എസ് ഐ ആർ എന്ന ആരോപണം നാൾക്കുനാൾ ശക്തിപ്പെട്ടുവരുന്നതിനിടെയാണ് കേരളത്തിൽ  ഈ തീവ്ര പട്ടിക പരിഷ്കരണം ആരംഭിക്കുന്നത്. ഇപ്പോൾ അത് ആദ്യഘട്ടം പിന്നിട്ടു. 2025 വോട്ടർ പട്ടികയിൽ പേരുള്ളവരെല്ലാം ഒറിജിനൽ വോട്ടർമാരാണെന്ന്, ബൂത്ത് ലവൽ ഓഫീസർ നേരിട്ട് പോയി കണ്ടോ ബന്ധുക്കളെ കണ്ടോ ഉറപ്പുവരുത്തുന്ന പ്രകൃയയാണ് പൂർത്തിയായത്. ഇങ്ങിനെ നേരിൽ പരിശോധിച്ച് ഉറപ്പാക്കാൻ കഴിയാത്തതിനാൽ അയോഗ്യരെന്ന് കണ്ടെത്തിയവരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അതിന്റെ മുന്നോടിയായി ഒഴിവാക്കിയവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം ആകെ 24,08,503 വോട്ടർമാർ സംസ്ഥാനത്ത വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടു. എന്നാൽ ഈ പട്ടിക പ്രസിദ്ധീകരിച്ചതോടെ കേരളത്തിൽ നേരത്തെ വോട്ടുകൊള്ള നടന്നിരുന്നുവോ എന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും വൻതോതിൽ ആസൂത്രിത വോട്ടുകൊള്ള നടന്നുവെന്ന് ആധികാരികമായി വെളിപ്പെടുത്തിയത് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്. ആ സംസ്ഥാനങ്ങളിൽ വോട്ടുചോരിക്ക് പ്രയോഗിച്ച തന്ത്രങ്ങൾ, കേരളത്തിലും ചില മണ്ഡലങ്ങളിൽ നടപ്പാക്കിയിരുന്നുവെന്ന സൂചനകളിലേക്കാണ് എസ് ഐ ആറിന്റെ ആദ്യ പട്ടിക വിരൽ ചൂണ്ടുന്നത്. 

എസ് ഐ ആർ 2026 എ എസ് ഡി പട്ടിക എന്ന പേരിൽ ഒഴിവാക്കപ്പെട്ടവരുടെ പേരുവിരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഓരോരുത്തരും ഒഴിവാക്കപ്പെട്ടതിന്റെ കാരണവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബി എൽ ഒ യുടെ പരിശോധനയിൽ കണ്ടെത്താനാകാത്ത അജ്ഞാത വോട്ടർ, മറ്റേതെങ്കിലും ബൂത്തിലേക്ക് വോട്ട് സ്ഥിരമായി മാറ്റിയവർ, മരണം, ഇതേ എപിക് നന്പറിൽ നിലവിൽ എസ് ഐ ആറിൽ എൻറോൾ ചെയ്തവർ, എസ് ഐ ആറിൽ പങ്കെടുക്കാൻ താത്പര്യമില്ലാത്തതിനാൽ അത് നിരാകരിച്ചവർ - ഇങ്ങിനെ 5 വിഭാഗത്തിൽപെട്ടവരെയാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇവരുടെ വിവരങ്ങൾ ബൂത്ത് തലത്തിൽ സൂക്ഷ്മ പരിശോധന നടത്തുന്പോൾ ലഭിക്കുന്ന സൂചനകൾ അവിശ്വസിനീയവും അപ്രതീക്ഷിതവുമായ നിഗമനങ്ങളിലേക്ക് നയിക്കുന്നതുമാണ്.  കോൺഗ്രസിന് വലിയ നേട്ടം പ്രവചിച്ചിരുന്ന ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് ഫലം, വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളിൽ അവിശ്വസിനീയമാംവിധം ബി ജെ പിക്ക് അനുകൂലമായി മാറുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. ഈ മാറ്റം അസ്വാഭാവികവും ആസൂത്രിതവുമായിരുന്നു എന്നാണ് രാഹുൽ ഗാന്ധി നിഷേധിക്കാനാവാത്ത ഡിജിറ്റൽ തെളിവുകൾ സഹിതം സമർഥിച്ചത്. ആകെയുള്ള 2 കോടി വോട്ടർമാരിൽ 25 ലക്ഷം വ്യാജ വോട്ടർമാരായിരുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ കണ്ടെത്തൽ. പലതരത്തിലാണ് ഈ വ്യാജൻമാരെ പട്ടികയിൽ എത്തിച്ചത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ ബി ജെ പി നേതാക്കളടക്കം പതിനായിരങ്ങൾ ബിഹാറിലെ വോട്ടർമാരായി വേഷം മാറി വോട്ടർ പട്ടികയിലിടം നേടുകയായിരുന്നു ഒരുവഴി. ഒരേ വീട്ടുനന്പറിൽ തന്നെ 100-200 വോട്ടർമാർ ഉണ്ടായി. വീട്ടുനന്പർ ഇല്ലാത്ത കെട്ടിടങ്ങളുടെ പേരിലും വീട്ടുനന്പർ 0 എന്ന് രേഖപ്പെടുത്തിയും വോട്ടർമാരായി മാറി. ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് പല വിലാസത്തിൽ 100-150 വോട്ടുവരെ രേഖപ്പെടുത്തി. ഈ വോട്ടർമാരുടെയെല്ലാം പൊതു പ്രത്യേകത ഇവരെല്ലാം അജ്ഞാത വോട്ടർമാരായിരുന്നുവെന്നതാണ്. ഇനി തിരിച്ചറിയാൻ കഴിഞ്ഞവർ തന്നെ ഹരിയാനക്കാരായിരുന്നില്ല. മറിച്ച് ബിഹാർ മുതൽ ബ്രസീൽ വരെ ഏതോ ലോകത്തും രാജ്യത്തുമൊക്കെയുള്ളവരായിരുന്നു. കേരളത്തിലെ എസ് ഐ ആറിന്റെ ആദ്യ ഘട്ടത്തിലിറങ്ങിയ എ എസ് ഡി പട്ടികയിൽ അസാധാരണമായ തോതിൽ 'അജ്ഞാത' വോട്ടർമാർ  ഇടം പിടിച്ചിരിക്കുന്നുവെന്ന് കാണാം. ഇതാകട്ടെ, സാമാന്യ യുക്തിക്ക് വഴങ്ങാത്ത തരത്തിൽ അങ്ങേയറ്റം അസ്വാഭാവിക സാന്നിധ്യമായാണ് പട്ടികയിൽ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകിച്ചും ബി ജെ പി ശക്തി കേന്ദ്രങ്ങളായ ബൂത്തുകളിലും മണ്ഡലങ്ങളിലും. ഒഴിവാക്കപ്പെടുന്ന ആകെ വോട്ടർമാരുടെ എണ്ണത്തിലും ബി ജെ പിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങൾ ഞെട്ടിക്കുന്ന സാന്നിധ്യവും തട്ടിപ്പെന്ന് തോന്നിപ്പിക്കുംവിധത്തിലുള്ള 'മുന്നേറ്റവും' ഉറപ്പാക്കുന്നുണ്ട്. 



കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ബി ജെ പി 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്. ഒന്പത് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തി. എസ് ഐ ആർ കണക്കെടുപ്പ് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാർ ആദ്യ ഘട്ടത്തിൽ ഒഴിവാക്കപ്പെട്ട മണ്ഡലങ്ങളെല്ലാം ബി ജെ പി മുന്നേറ്റമുണ്ടായ സ്ഥലങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. എ എസ് ഡി പട്ടിക പ്രകാരം ആകെ 24,08,503 പേരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇതിൽ 5,56,786 വോട്ടർമാരും ബി ജെ പി ഒന്നോ രണ്ടോ സ്ഥാനത്തെത്തിയ 20 മണ്ഡലങ്ങളിൽ ഉൾപെട്ടവരാണ്. അഥവ ആകെ പുറത്താക്കപ്പെട്ടവരുടെ 23.116 ശതമാനം പേർ. ഏതാണ്ട് നാലിലൊന്ന് വോട്ടർമാർ.

ഏറ്റവും കൂടുതൽ പേർ പുറത്താക്കപ്പെട്ട ആദ്യത്തെ 20 മണ്ഡലം എടുത്താൽ അതിൽ 14 നിയമ സഭാ മണ്ഡലങ്ങളും ബി ജെ പിയുടെ ഒന്നാം ക്ലാസ് പട്ടികയിൽ വരുന്നവയാണ്. ഇതിൽ 9 മണ്ഡലങ്ങൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ഒന്നോ രണ്ടോ സ്ഥാനത്ത് എത്തിയവയും! കണ്ണൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറവ് പേർ പുറത്താക്കപ്പെട്ടത് - 6,239 പേർ. കൂടുതൽ തിരുവനന്തപുരത്തും - 58,828. ഇതനുസരിച്ച് പുറത്താക്കപ്പെട്ടവരുടെ കേരള ശരാശരി ഒരു മണ്ഡലത്തിൽ 17,864 പേർ എന്നതാണ്. എന്നാൽ ബി ജെ പി മുന്നേറ്റമുണ്ടായ 20 മണ്ഡലങ്ങളുടെ ശരാശരി 27,839 പേരാണ്. 25,000ൽ അധികം വോട്ടർമാർ പുറന്തള്ളപ്പെട്ട മണ്ഡലങ്ങളുട കണക്കെടുത്താൽ അതിലും മുൻനിരയിൽ ബിജെപി സ്വാധീന മണ്ഡലങ്ങളാണ്. 


ഇങ്ങിനെ പുറത്താക്കപ്പെടുന്നവർ വ്യാജ വോട്ടർമാരാണെന്ന് തെളിയിക്കുന്ന രേഖകൾ എസ് ഐ ആറിൽ ലഭ്യമല്ല. എന്നാൽ പുറത്താക്കപ്പെടാനിടയായ കാരണങ്ങൾ പരിശോധിക്കുന്പോൾ ചില മണ്ഡലങ്ങളിൽ, ബി എൽ ഓമാർക്ക് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയാത്തവരുടെ എണ്ണവും എസ് ഐ ആറിൽ പങ്കെടുക്കാതെ നിരാകരിച്ചവരുടെ എണ്ണവും ശ്രദ്ധേയമായ രീതിയിൽ ഉയർന്നു നിൽക്കുന്നുണ്ട്. ഇതിൽ അജ്ഞാത വോട്ടർമാരുടെ എണ്ണം അസ്വാഭാവികമായി ഉയർന്നു നിൽക്കുന്ന സ്ഥലങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്പോൾ അതിൽ മുൻപന്തിയിൽ നിൽക്കുന്നത് ബിജെപി സ്വാധീന മേഖലകളാണെന്ന് കാണാം. ബി ജെ പി  കേരളത്തിൽ അമിത പ്രതീക്ഷവച്ച് അത്യധ്വാനം ചെയ്യുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തിലെ ആർ എസ് എസിന്റെ പാർട്ടി ഗ്രാമങ്ങളായി അറിയപ്പെടുന്ന പ്രദേശത്തെ ബൂത്തകൾ പരിശോധിച്ചാൽ ഈ പ്രവണത എളുപ്പം ബോധ്യമാകും. ഇവിടത്തെ 4 ബൂത്ത് മാത്രം പരിശോധിച്ചപ്പോൾ കണ്ടെത്തിയ അജ്ഞാത വോട്ടർമാരുടെ (untraceable/absent) എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഈ ബൂത്തുകളിൽ പുറത്താക്കപ്പെട്ട വോട്ടർമാരുടെ ആകെ എണ്ണത്തിൽ 54 ശതമാനം മുതൽ 75 ശതമാനം വരെ അജ്ഞാത വോട്ടർമാരാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 



കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത, ബി.ജെ.പിയുടെ പാർട്ടി ഗ്രാമമായ, മറ്റ് പാർട്ടി പ്രവർത്തകർക്കോ മാധ്യമങ്ങൾക്കോപോലും പ്രവേശനമോ സ്വതന്ത്ര പ്രവർത്തനാവസരമോ ഇല്ലാത്ത കോട്ടയിലാണ് ഇത്രയുമാളുകളെ കണ്ടെത്താൻ കഴിയാത്തത് എന്നത് കൗതുകകരമാണ്. മാനായും മാരീചനായും വന്ന് വോട്ടുചെയ്തുപോയ ഹരിയാനയിലെ അജ്ഞാത വോട്ടർമാരെ കണ്ടെത്തിയത് രാഹുൽ ഗാന്ധിയാണെങ്കിൽ പാലക്കാട്ടെ ബിജെപി കോട്ടയിലെ മായാവികളെ കമ്മീഷൻ തന്നെയാണ് പുറംലോകത്തിന് മുന്നിൽ പങ്കുവക്കുന്നത്. 2024ന് വോട്ട് ചെയ്തവർ, 2025ൽ എസ് ഐ ആർ വന്നപ്പോൾ അജ്ഞാതരായി മാറിയെങ്കിലും ഇതിനിടെ നടന്ന പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ഇതിൽ പലരും വോട്ട് ചെയ്തിട്ടുണ്ട് എന്നും രേഖകൾ തെളിയിക്കുന്നു.

(പട്ടികയിലെ കണക്കുകൾ ഡിസംബർ 15 വരെയുള്ളത്)
മാധ്യമം, 2025 ഡിസംബർ 23

SIR ഭാഗം 2: തൃശൂർ ചോരിയുടെ ഞെട്ടിക്കുന്ന കണക്ക്

കേരള വോട്ട് ചോരിയിലേക്ക് 

വിരൽ ചൂണ്ടുന്ന എസ് ഐ ആർ - 2


വോട്ട് ചോരിയിലേക്ക് വെളിച്ചം വീശുന്ന തെളിവുകൾ കേരളത്തിൽ നേരത്തെ പുറത്തുവന്നത് തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നാണ്. തൃശൂർ നഗരത്തിലെ കൂട്ട വോട്ടുകളും അയൽ ജില്ലകളിൽ നിന്ന് വന്ന് തെരഞ്ഞുപ്പിന് തൊട്ടുമുന്പ് വോട്ടർമാരായി ചേർന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ തൃശൂർ എം പി സുരേഷ് ഗോപിയുടെ ബന്ധുക്കൾ മുതൽ മലപ്പുറം ജില്ലയിലെ ബിജെ പി നേതാക്കൾ വരെയുണ്ടായിരുന്നു. ഹരിയാനയിൽ നടന്ന വോട്ടുകൊള്ളയിൽ ഏറ്റവും അധികം കള്ളവോട്ട് രേഖപ്പെടുത്തിയത് ബൾക് വോട്ടർമാർ അഥവ ഒരു വീട്ടു നന്പറിലെ കൂട്ടവോട്ടർമാർ- വഴിയായിരുന്നു: 19.26 ലക്ഷം വോട്ട്. ഇതേ മാതൃകയാണ് തൃശൂരിലും പരീക്ഷിക്കപ്പെട്ടത്. അവരെല്ലാം എസ് ഐ ആർ വന്നപ്പോൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുകയോ അജ്ഞാതരായി പരിണമിക്കുകയോ ചെയ്തുവെന്നാണ് എ എസ് ഡി പട്ടികയിൽ നിന്ന് വ്യക്തമാകുന്നത്. 

തൃശൂർ അസംബ്ലി മണ്ഡലത്തിൽ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷം നൽകിയ ബൂത്ത് നന്പർ 29ൽ 337 വോട്ടാണ് എസ് ഐ ആറിൽ നീക്കിയത്. ഇതിൽ 329 വോട്ടർമാരും അജ്ഞാതരാണ് (untraceable). 97.62 ശതമാനം. ബൂത്ത് നന്പർ 53 ൽ ഒഴിവാക്കിയത് 302 വോട്ട്. ഇതിൽ 102 പേർ അജ്ഞാതർ. 157 പേർ എസ് ഐ ആറിൽ പങ്കെടുക്കാൻ വിസമ്മതിച്ചവരും (refused)! ഈ രണ്ട് വിഭാഗവും ചേർന്നാൽ 85.76 ശതമാനമായി. ഒരൊറ്റ വാർഡിൽ നിന്ന് 157 പേർ എസ് ഐ ആറിനെ നിരാകരിന്നുവെങ്കിൽ അതും സവിശേഷമായി പരിശോധിക്കേണ്ട വിഷയമാണ്. പക്ഷെ ശക്തി കേന്ദ്രമായിട്ടും ഇത്രയും പേരെ പുറത്താക്കിയതിനെതിരെ ബിജെപി നേതൃത്വം - പാലക്കാട്ടെയും തൃശൂരിലെയും - ഒരക്ഷരം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായി വോട്ട് ലഭിച്ച മിക്ക ബൂത്തുകളിലും വലിയ തോതിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 150 മുതൽ 350 വോട്ടർമാർ വരെ നീക്കം ചെയ്യപ്പെട്ട ബിജെപി ശക്തി കേന്ദ്രങ്ങളുണ്ട്. എന്നാൽ തൃശൂർ അസംബ്ലി മണ്ഡലത്തിൽ തന്നെയുള്ള എൽ ഡി എഫോ യു.ഡി.എഫോ ലീഡ് ചെയ്ത ബൂത്തുകളിൽ പലതിലും നൂറിൽ താഴെ വോട്ടർമാർ മാത്രമാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. റാൻഡം പരിശോധന നടത്തിയ 20, 21, 22 വാർഡുകൾ ഇതിനുദാഹരണമാണ്. ഇവിടെ 40 മുതൽ 95 വരെ വോട്ടുകളാണ് ഒഴിവാക്കപ്പെട്ടത്. ഇതിൽ തന്നെ അജ്ഞാതർ 3- 7 പേർ മാത്രം. മറ്റു സ്ഥലങ്ങളിലേക്ക് വോട്ട് മാറ്റിയവരാണ് ഇതിൽ ഭൂരിഭാഗവും. 

ബി ജെ പിയിതര പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളിൽ ഒഴിവാക്കപ്പെട്ടവരിൽ അജ്ഞാത വോട്ടർമാർ കുറയുന്നുവെന്നതാണ് കണക്കുകളിൽ കാണുന്ന മറ്റൊരു പ്രവണത. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച തൃശൂർ മണ്ഡലത്തിൽ ബി.ജെ.പിക്ക് ലീഡ് ലഭിക്കാതിരുന്ന ഏക നിയമസഭാ മണ്ഡലം ഗുരുവായൂരാണ്. ഗുരുവായൂർ മണ്ഡലത്തിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം നൽകിയ ബൂത്തുകളിൽ അജ്ഞാത വോട്ടർമാർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. 172 വോട്ടർമാരെ നീക്കം ചെയ്ത 157-ാം നന്പർ ബൂത്തിൽ തിരിച്ചറിയാനാകാത്ത വോട്ടർമാർ വെറും രണ്ടുപേർ മാത്രം. മറ്റൊരു ബൂത്തിൽ നാലുപേർ. എന്നാൽ ഗുരുവായൂരിലെത്തന്നെ ബിജെപി ലീഡ് ചെയ്ത വാർഡുകൾ പരിശോധിച്ചാൽ ഈ പ്രവണതക്ക് മാറ്റം കാണാം. അവിടെ അജ്ഞാതർക്ക് വേണ്ടത്ര വോട്ടുണ്ട്. ഒരേ മണ്ഡലത്തിലെ രണ്ട് മുന്നണികൾ ലീഡ് ചെയ്യുന്ന ബൂത്തുകളിൽ തിരിച്ചറിയാനാവാത്ത വോട്ടർമാരുട സാന്നിധ്യം രണ്ടു തരത്തിലായിത്തീരുന്നത് വിചിത്രമാണ്.

നരഗങ്ങളിൽ പൊതുവെ ഓഴിവാക്കപ്പെടുന്ന വോട്ടർമാരുടെ എണ്ണത്തിൽ വർധന കാണുന്നുണ്ട്. കൊച്ചി പോലുള്ള മെട്രോകളിലും മറ്റും ഇത് ഒരു പരിധിവരെ സ്വാഭാവികവുമാണ്. എന്നാൽ ഗ്രാമ പ്രദേശങ്ങളിലും ബിജെപിക്ക് വോട്ട് കൂടുതലുള്ള ബൂത്തുകളിൽ ഒഴിവാക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർധന പ്രകടമാകുന്നുണ്ട്. ഗുരുവായൂരിലെത്തന്നെ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ 187, 188 തുടങ്ങിയ ബൂത്തുകൾ ഉദാഹരണം. 187ൽ 84 ശതമാനം തിരിച്ചറിയാനാകാത്ത വോട്ടർമാരുണ്ട്. 

നഗരങ്ങളിൽ ഒഴിവാക്കപ്പെടുന്നവർ കൂടുന്നുവെന്ന വാദം മുഖവിലക്കെടുത്താൽപോലും എല്ലാ നഗരങ്ങളിലും ഒരുപോലെ ഈ പ്രവണത പ്രകടവുമല്ല. കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും തിരിച്ചറിയാനാകാത്തവരുടെ എണ്ണത്തിൽ അസ്വാഭാവികമായ വ്യത്യാസമുണ്ട്. മൂന്ന് നഗരങ്ങളിലെയും ഏറെക്കുറെ സമാന നഗര സ്വഭാവമുള്ള പ്രദേശങ്ങൾ താരതമ്യം ചെയ്യുന്പോൾ ഇത് വ്യക്തമാകും. തിരുവനന്തപുരത്തെ ബൂത്ത് നന്പർ 62 (അജ്ഞാതർ 75.34%), ബൂത്ത് 82 (64.83%), ബൂത്ത് 99 (61.32%) എന്നിവിടങ്ങളിൽ തിരിച്ചറിയാനാകാത്തതിനാൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം വൻതോതിലാണ്. എറണാകുളം മണ്ഡലത്തിലെ നഗര ഹൃദയത്തിലുള്ള ബൂത്ത് 81 (അജ്ഞാതർ പൂജ്യം), ബൂത്ത് 99 (21.16%) ബൂത്ത് 110 (21.12%), ബൂത്ത് 132 (14 %) എന്നിവിടങ്ങളിൽ തിരിച്ചറിയാനാകാത്തവർ താരതമ്യേനെ കുറവാണ്. കോഴിക്കോട് എത്തുന്പോൾ അജ്ഞാതരുടെ എണ്ണം വീണ്ടും കുത്തനെ താഴേക്ക് പോകുന്നു. ബൂത്ത് 7 (6.25%), ബൂത്ത് 16 (3.27 %), ബൂത്ത് 43 (44.49%) എന്നിവ ഉദാഹരണം. മരിച്ചതിനെത്തുടർന്ന് ഈ ബൂത്തുകളിൽ നിന്ന് പേര് നീക്കപ്പെട്ടവരുടെ എണ്ണത്തിലും വലിയ വ്യത്യാസം പ്രകടമാണ്. തിരുവനന്തപുരത്ത് മരിച്ചതിനാൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 6 ശതമാനം മുതൽ 10 ശതമാനം വരെയാണ്. കൊച്ചിയിൽ ഇത് 14-18 ശതമാനമാണ്. കോഴിക്കോട് 15 മുതൽ 30 ശതമാനം വരെയുണ്ട്. തിരിച്ചറായാനാകാത്തവരുടെ എണ്ണം തിരുവനന്തപുരത്ത് അനുപാത രഹിതമായി വർധിക്കുന്നുവെന്ന സംശയത്തിലേക്കാണ് ഇതും വിരൽചൂണ്ടുന്നത്. തിരുവനന്തപുരം നഗരത്തിലെത്തന്നെ, ബി ജെ പിക്ക് ലീഡ് ലഭിക്കാത്ത ചില ബൂത്തുകളിലെ മരണ നിരക്ക് കൊച്ചി-കോഴിക്കോട് നഗരങ്ങളിലേതിന് ഏറെക്കുറെ സമാനവുമാണ്. മരിച്ചവർ 20 ശതമാനമുള്ള പൂന്തുറ ബൂത്ത് ഉദാഹരണം. 


ബിജെപി സവിശേഷ ശ്രദ്ധ നൽകുന്ന  മണ്ഡലങ്ങളിലോ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലങ്ങളിലോ ആണ് തിരിച്ചരിയാനാകാത്ത വോട്ടർമാരുടെ എണ്ണം അസ്വാഭാവികമായി ഉയർന്നുനിൽക്കുന്നത് എന്നത് അപായ സൂചനയാണ്. അവ പുറത്തുപോയി എന്നും ആശ്വസിക്കാനായിട്ടില്ല. വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ അട്ടിമറിയാണ് ഹരിയാനയിൽ നടന്നത്. വോട്ട് വെട്ടാനുള്ള ഉപകരണമാണ് എസ് ഐ ആർ എന്നതാണ് അതിനെതിരായ പ്രധാന വിമർശനം. ആ വെട്ടലിന്റെ വ്യാപ്തി തിരിച്ചറിയണമെങ്കിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം. അവസാന മിനിറ്റിൽ പുറത്തുവരുന്ന വോട്ടർ പട്ടികയിലെ പിഴവ് കണ്ടെത്തിയാലും അത് പരിഹരിക്കപ്പെടില്ലെന്ന അനുഭവം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂരിൽ തന്നെയുണ്ടായി. ജനാധിപത്യത്തിൽ പ്രതീക്ഷയർപിക്കുന്നവർ ഇനിയാണ് കൂടുതൽ ജാഗരൂഗരാകേണ്ടത് എന്നാണ് എസ് ഐ ആറിന്റെ ആദ്യ പട്ടിക നൽകുന്ന മുന്നറിയിപ്പ്. 

(പട്ടികയിലുള്ള കണക്കുകൾ ഡിസംബർ 15 വരെയുള്ളത്.)

മാധ്യമം, 2025 ഡിസംബർ 24 

Tuesday, November 4, 2025

നയം സംസ്കൃത മയം; അറബി, ഉറുദു പഠനം ഇല്ലാതാകും



കേരളം പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സംഘപരിവാർ അജണ്ടകൾ ഒളിച്ച് കടത്തുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല പൂർണമായി തുറന്നുകൊടുക്കുകയാണ് ഇടതുസർക്കാർ ചെയ്തത്. പുതിയ വിദ്യാഭ്യാസ നയത്തെ ആസ്പദമാക്കി മീഡിയവൺ ഷെൽഫിൽ എഴുതിയ പരന്പര: 

നയം വന്നാൽ നിറം മാറുമോ ? 
ഭാഗം 1 


ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് ഭാഷാ പഠന മേഖലയിൽ വലിയ മാറ്റത്തിനാണ് വഴിതുറക്കുക. ഇതുവരെ പിന്തുടരുന്ന ഉദാര ഭാഷാനയം ഇല്ലാതാകുകയും ഭാഷാ പഠനം പിരമിതപ്പെടുകയും ചെയ്യും. കുട്ടികളുടെ ഭാഷാ നൈപുണ്യം വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അവകാശപ്പെടുന്ന പുതിയ നയം പക്ഷെ ഫലത്തിൽ സങ്കുചിത ഭാഷാ പഠന സങ്കൽപമാണ് മുന്നോട്ടുവക്കുന്നത്. പി എം ശ്രീ ഒപ്പുവച്ചതിലൂടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാമെന്ന് കേരളം സമ്മതിച്ചത് സംസ്ഥാനത്തെ ഭാഷാ പഠന മേഖലയിലും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. 

കേരളത്തിലെ വിദ്യാഭ്യാസ തൊഴിൽ മേഖലക്കും ഭാഷാ പഠനത്തിലെ വൈവിധ്യപൂർണമായ സമീപനങ്ങൾക്കും പുതിയ നയം കനത്ത തിരിച്ചടിയാണ്. കേരളത്തിൽ ആയിരക്കണക്കിന് അധ്യാപകരും വിദ്യാർഥികളും പങ്കാളികളായ അറബി, ഉറുദു ഭാഷാ പഠനം പുതിയ നയം നടപ്പാക്കുന്നതോടെ ഇല്ലാതായേക്കും. അതുകൊണ്ടുതന്നെ സംസ്കൃത ഭാഷാ പഠനത്തിന് വലിയ പ്രാധാന്യം നൽകുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ സൃഷ്ടിക്കുന്ന ആഘാതം കേരളത്തിന് താങ്ങാവുന്നതിലുമപ്പുറമായിരിക്കും. എല്ലാ ഭാഷകളുടെയും ഉത്ഭവം സംസ്കൃതത്തിൽ നിന്നാണെന്ന വാദമാകും ഇനി രാജ്യത്തെ ഭാഷാനയത്തിന്റെ അടിത്തറയെന്ന സന്ദേശം നൽകുന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പൊതു ഉള്ളടക്കം. 

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഭാഷാ പഠനത്തിന് ത്രി ഭാഷാ പദ്ധതിയാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവക്കുന്നത്. അതായത് പ്രാഥമിക ക്ലാസുകൾ തൊട്ടുതന്നെ മൂന്ന് ഭാഷകൾ പഠിക്കുക. എന്നാൽ ഈ മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണമെന്ന് നയം വ്യവസ്ഥ ചെയ്യുന്നു. രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായാൽ മൂന്നാമത്തേത് അറബിയോ ഉറുദുവോ ആക്കാനും കഴിയില്ല. കാരണം ഇന്ത്യൻ ഭാഷകൾക്കൊപ്പം ഇംഗ്ലീഷും പഠിക്കേണ്ടതാണെന്ന് സൂചുപ്പിക്കുന്ന പരാമർശങ്ങൾ വിദ്യാഭ്യാസ നയത്തിൽതന്നെയുണ്ട് (വകുപ്പ് 4.20). മാതൃഭാഷക്ക് പുറമേ ഇംഗ്ലീഷിലാണ് പാഠ പുസ്തകങ്ങള്‍ തയാറാക്കുക. അതിനാല്‍ രണ്ട് ഇന്ത്യന്‍ ഭാഷക്കൊപ്പം ഇംഗ്ലീഷും ഏറെക്കുറെ അപ്രഖ്യാപിത നിര്‍ബന്ധിത ഭാഷയായി പ്രയോഗത്തിലുണ്ടാകും. ത്രിഭാഷാ പദ്ധതിയിൽ മൂന്നിലൊരു ഭാഷാ ഓപ്ഷനായി സംസ്കൃതമുണ്ടാകുമെന്ന് ദേശീയ നയത്തിന്റെ 4.17 വകുപ്പിൽ പറയുന്നു. ഫലത്തിൽ രണ്ട് ഇന്ത്യൻ ഭാഷകളും ഇംഗ്ലീഷും എന്ന കോന്പിനേഷനോ അല്ലെങ്കിൽ രണ്ട് ഇന്ത്യൻ ഭാഷകളും സംസ്കൃതവുമെന്ന കോന്പിനേഷനോ അല്ലെങ്കിൽ ഒരു ഇന്ത്യൻ ഭാഷ, സംസ്കൃതം, ഇംഗ്ലീഷ് എന്ന കോന്പിനേഷനോ ആയിരിക്കാം സ്കൂളുകളിൽ പഠിപ്പിക്കപ്പെടുക. ഈ പഠന രീതി ആറാം ക്ലാസ് വരെ തുടരണം. മൂന്ന് ഭാഷകളിൽ ഒന്ന് മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആറാം ക്ലാസിലോ എഴാം ക്ലാസിലോ ആണ് അതിന് അവസരം ലഭിക്കുക. സെക്കൻഡറി സ്കൂൾ അവസാനിക്കുന്നതിന് മുമ്പ് മൂന്ന് ഭാഷകളിൽ പ്രാവീണ്യം നേടിയിരിക്കണമെന്നും ദേശീയ നയത്തിലുണ്ട്.  





ഭാഷാ പഠനത്തിന് ദേശീയ നയം ശിപാർശ ചെയ്യുന്ന ഭാഷകളിൽ ഉറുദുവോ അറബിയോ ഇല്ല. ദേശീയ നയത്തിൽ പറയുന്നു: 'സംസ്കൃതത്തിന് പുറമെ ഇന്ത്യയിലെ മറ്റ് ക്ലാസിക്കൽ ഭാഷകളായ തമിഴ്, തെലുഗു, കന്നഡ, മലയാളം, ഒഡിയ, പാലി, പേർഷ്യൻ, പ്രകൃത് എന്നിവയും സ്കൂളുകളിൽ കുട്ടികൾക്ക് തെരഞ്ഞെടുക്കാവുന്ന വിധത്തിൽ ലഭ്യാക്കും. സാഹിത്യ പാരന്പര്യമുള്ള എല്ലാ ഇന്ത്യൻ ഭാഷകളെയും ഇതുപോലെ പരിഗണിക്കും.' വിദേശ ഭാഷകളുടെ കാര്യത്തിൽ ദേശീയ നയം പറയുന്നത് ഇപ്രകാരമാണ്: 'ഉയർന്ന നിലവാരത്തിൽ ഇന്ത്യൻ ഭാഷകളും ഇംഗ്ലീഷും പഠിക്കുന്നതിന് പുറമെ, വിദേശ ഭാഷകളായ കൊറിയൻ, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ എന്നിവയും സെക്കന്‍ററി തലത്തിൽ പഠിക്കാം.' (ദേശീയവിദ്യാഭ്യാസ നയം പേജ് 14, 15). ഇന്ത്യക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന ഗൾഫ് തൊഴിൽ വിപണിയിൽ അനിവാര്യമായ അറബി ഭാഷയെ വിദേശ ഭാഷകളുടെ കൂട്ടത്തിലും ദേശീയ വിദ്യാഭ്യാസ നയം ഉൾപെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷ വിഭാഗം പ്രാധാന്യപൂര്‍വം ഉപയോഗിക്കുന്ന ഭാഷയെന്ന പരിഗണനയും അറബിക്കിന് നല്‍കിയിട്ടില്ല.

അറബി, ഉറുദു ഭാഷകളെ അവഗണിച്ച ദേശീയ നയം സംസ്കൃതത്തിന് അമിത പ്രാധാന്യവും പ്രത്യേക പരിഗണനയും നൽകുന്നു. സംസ്കൃതത്തെ നിർബന്ധിത പഠന വിഷയമാക്കാൻ ഉദ്ദേശിക്കുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയം 'സംസ്കൃത'ത്തെ അവതരിപ്പിക്കുന്നത്. പേജ് 14ൽ പറയുന്നു: 'ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പരാമർശിച്ചിരിക്കുന്ന പ്രധാന ആധുനിക ഭാഷയായ സംസ്കൃതം, ലാറ്റിൻ- ഗ്രീക്ക് ഭാഷകളിൽ ആകെയുള്ളതിനേക്കാൾ വളരെക്കൂടുതൽ ക്ലാസിക്കൽ സാഹിത്യം കൈവശമുള്ള ഭാഷയാണ്. ഗണിതം, ദർശനം, വ്യാകരണം, സംഗീതം, രാഷ്ട്രീയം, വൈദ്യശാസ്ത്രം, വാസ്തുവിദ്യ, ലോഹനിർമാണം, നാടകം, കവിത, കഥ തുടങ്ങിയവയുടെ വിപുലമായ നിധികൾ അതിൽ അടങ്ങിയിരിക്കുന്നു (ഇത് സംസ്കൃത ജ്ഞാന വ്യവസ്ഥ എന്നറിയപ്പെടുന്നു). അതിനാൽ, സ്കൂൾ, ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സംസ്കൃതം പഠിക്കാൻ അവസരമുണ്ടാകും; ത്രി ഭാഷാ പദ്ധതിയിലെ ഒരു ഓപ്ഷനെന്ന നിലയിൽ ഉൾപ്പെടെ'. കാലക്രമത്തിൽ നിബന്ധിത വിഷയെന്ന രീതിയിൽ പ്രാബല്യത്തിൽ വരുത്തിയേക്കാവുന്ന ഒരു നിർദേശമാണ് ഇതെന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

ഇന്ത്യയുടെ ക്ലാസിക്കൽ ഭാഷകളുടെയും സാഹിത്യത്തിന്റെയും പ്രാധാന്യം, പ്രസക്തി, സൗന്ദര്യം തുടങ്ങിയവ അവഗണിക്കാനാവില്ലെന്ന ആമുഖത്തോടെയാണ് സംസ്കൃതത്തെക്കുറിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതിപാദിക്കുന്നത്. 'വിവിധ മതങ്ങളിലുള്ളവരും മത രഹിതരും, ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ളവരുമായ ആളുകൾ ആയിരക്കണക്കിന് വർഷങ്ങളായി രചിച്ച സാഹിത്യമാണ് സംസ്കൃത ഭാഷയിലുള്ളത്.' 

ഉച്ചാരണ ശാസ്ത്രം ഉൾപ്പെടെയുള്ളവയിലൂടെ, സംസ്കൃത ജ്ഞാന വ്യവസ്ഥയുടെ ഉപയോഗത്തിലൂടെ, രസകരമായ അനുഭവ പഠന രീതികളിലൂടെ  കാലിക പ്രസക്തമായ രീതിയിൽ സംസ്കൃതം പഠിപ്പിക്കണമെന്ന് നയം നിർദേശിക്കുന്നു.  പ്രാഥമിക, മിഡിൽ സ്കൂൾ തലങ്ങളിലെ സംസ്കൃത പാഠപുസ്തകങ്ങൾ സംസ്കൃതത്തിലൂടെ സംസ്കൃതം പഠിപ്പിക്കുന്നതിന് (STS) ഉതകുന്ന ലളിതമായ സംസ്കൃതത്തിൽ (SSS) രചിക്കണമെന്നും നിർദേശമുണ്ട്. ഗ്രേഡ് 6-8 കാലയളവിൽ എല്ലാ വിദ്യാർഥികളും ഇന്ത്യയുടെ ഭാഷകൾ’ എന്ന വിഷയത്തിൽ പഠന പ്രൊജക്ടിൽ പങ്കാളിയാകണം. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ സംരംഭത്തിന് കീഴിലായിരിക്കും ഇത്. 'ഇന്ത്യയിലെ പ്രധാന ഭാഷകളുടെ അതിശയകരമായ സാമ്യത, പൊതുവായ ഉച്ചാരണം, അക്ഷരമാലകൾ, ലിപികൾ, പൊതു വ്യാകരണ ഘടനകൾ തുടങ്ങിയവയുടെ സംസ്കൃതത്തിൽനിന്നും മറ്റ് ക്ലാസിക്കൽ ഭാഷകളിലും നിന്നുമുള്ള ഉത്ഭവത്തെക്കുറിച്ച് പഠിപ്പിക്കും.'

കേരളത്തിൽ ഭൂരിഭാഗം സ്കൂളുകളിലും അറബി ഭാഷ പഠിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരും ഈ രംഗത്തുണ്ട്. പുതിയ ദേശീയ നയത്തിലൂടെ ഇത് ഇല്ലാതായാൽ അധ്യാപന തൊഴിൽ മേഖലയിലും അത് കനത്ത ആഘാതം സൃഷ്ടിക്കും. കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ നിലിൽപിനെപ്പോലും ഇത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

(മീഡിയവൺ ഷെൽഫ്, ഒക്ടോബർ 29, 2025)

ലിങ്ക്:
https://www.mediaoneonline.com/mediaone-shelf/analysis/nep-and-pm-shri-mediaone-investigation-304585

കേന്ദ്രീകൃത നിയന്ത്രണം, നയത്തിൽ രാഷ്ട്രീയം

നയം വന്നാൽ നിറം മാറുമോ ?
ഭാഗം 2




ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്റെ ഭരണ സമീപനങ്ങളിലെ പൊതുനയം ഫെഡറലിസത്തെ നിരുത്സാഹപ്പെടുകയെന്നതാണ്. സാധ്യമായ അവസരങ്ങളിലെല്ലാം അത് അട്ടിമറിക്കുന്ന തരത്തിൽ ഭരണ നടപടികളുമുണ്ടായിട്ടുണ്ട്. ആഭ്യന്തര ഭരണം മുതൽ ധനകാര്യ ഇടപാടുകളിൽ വരെ സംസ്ഥാനങ്ങളുടെ അധികാരം കവരുകയും ഫെഡറൽ സംവിധാനത്തെ ദുർബലമാക്കുകയും ചെയ്യുന്നത് കാണാനാകും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വരികൾക്കിടയിലും ഈ അധികാര കേന്ദ്രീകരണം കടന്നുവരുന്നുണ്ട്. 

 വിദ്യാഭ്യാസം കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് തുല്യ അധികാരമുള്ള ഭരണ വിഷയമായതിനാൽ അത് പരിഗണിച്ചുകൊണ്ടുള്ള നയങ്ങളാണ് ഇതുവരെ നിലനിന്നിരുന്നത്. കേന്ദ്രം ഒരു പാഠ്യപദ്ധതി ചട്ടക്കൂടുണ്ടാക്കുകയും സംസ്ഥാനങ്ങൾ അതിനകത്തുനിന്നുകൊണ്ട് സ്വതന്ത്രവും പ്രാദേശികാഭിരുചികൾക്ക് ഇണങ്ങുന്നതുമായ വ്യത്യസ്ത പാഠ്യപദ്ധതികൾ രൂപൽപന ചെയ്യുകയും ചെയ്യുക എന്ന രീതിയാണ് നിലനിന്നിരുന്നത്. സംസ്ഥാനങ്ങളുമായി സഹകരിച്ച് നയം നടപ്പാക്കേണ്ടതിനെക്കുറിച്ച് ഇതുവരെ പിന്തുടർന്നിരുന്ന 198ലെ ദേശീയ വിദ്യാഭ്യാസ നയം പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു. എന്നാൽ ബിജെപി സർക്കാറിന്റെ നയം ഈ സമീപനത്തിൽ കാതലായ മാറ്റം വരുത്തി.  

വ്യത്യസ്ത വിദ്യാഭ്യാസ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ അക്കാദമിക സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തന രീതികളാണ് നിലവിലെ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ഒരു സവിശേഷത. പുതിയ നയം ഇത് പിൻവാതിലിലൂടെ നിയന്ത്രിക്കുന്നു. പല തരം എജന്‍സികളിലൂടെ പഠന മേഖലയെ വികേന്ദ്രീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും എന്നാൽ പ്രയോഗത്തിൽ കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ അത് ഒതുക്കി നിര്‍ത്തുകയുമാണ് നയത്തിലൂടെ ചെയ്യുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പൂര്‍ണാവകാശമുള്ള സംസ്ഥാനങ്ങളുടെ അധികാരം പോലും പിൻവാതിലിലൂടെ കവര്‍ന്നെടുക്കപ്പെടുന്നു. 12 വരെയുള്ള സ്കൂൾവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം എന്നീ മൂന്ന് മേഖലകളിലും വ്യത്യസ്ത സ്വഭാവത്തിലുള്ള സംവിധാനങ്ങളാണ് കേന്ദ്രീകൃത നിയന്ത്രണങ്ങൾക്ക് വേണ്ടി കൊണ്ടുവരുന്നത്.  

ഒരു സംസ്ഥാനത്ത് രണ്ടുതരം ഉന്നത തല സമിതികളാണ് സ്കൂള്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാന്‍ ഉണ്ടാകുക. മോല്‍നോട്ടവും നയരൂപീകരണവും നിര്‍വഹിക്കുന്ന ഡിപാര്‍ട്ട്മെന്റ് ഓഫ് സ്കൂള്‍ എജുക്കേഷനും ഭരണപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ എജുക്കേഷനും. രണ്ട് വ്യത്യസ്ത അധികാര കേന്ദ്രങ്ങളായി നിലനില്‍ക്കുന്ന ഇവയെ നിയന്ത്രിക്കുന്ന ഏക സംവിധാനം സംസ്ഥാനതലത്തില്‍ ഉണ്ടാകില്ല. 

എന്നാൽ ഇവ രണ്ടിനുകീഴിലും അല്ലാതെ സ്റ്റേറ്റ് സ്കൂള്‍ സ്റ്റാന്റേര്‍ഡ് അതോറിറ്റി എന്ന വിലയിരുത്തല്‍ ഏജന്‍സിയെ കേന്ദ്രം കൊണ്ടുവരുന്നു. പഠന നിലവാരം വിലയിരുത്തുന്നത് മുതല്‍ സ്കൂളുകളുടെ ഭാവി പദ്ധതികൾ നിര്‍ണയിക്കുന്നതില്‍ വരെ ഈ ഏജൻസിക്ക് പങ്കുണ്ടാകും. എന്‍ സി ഇ ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് (കരിക്കുലം ഫ്രെയിംവര്‍ക്) അനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി സ്വതന്ത്ര കരിക്കുലം വികസിപ്പിക്കാമെന്നതാണ് നിലവിലെ രീതി. ഇതുവരെ പ്രയോഗത്തിലുണ്ടായിരുന്ന 1986ലെ ദേശീയ വിദ്യാഭ്യാസ നയം ഈ പ്രവർത്തന രീതി അടിവരയിട്ട് ഉറപ്പിച്ചിരുന്നു. 

എന്നാല്‍ ഇനി എന്‍ സി ഇ ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് അനുസൃതമായി, അവര്‍ തരുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച് ടെക്സ്റ്റുകള്‍ തയാറാക്കണം. അതില്‍ പ്രാദേശിക ചേരുവകള്‍ ആകാം. എന്നാല്‍ പുസ്തകം ദേശീയ നയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായിരിക്കണം എന്ന് നയം എടുത്തുപറയുന്നു. പൊതു ചട്ടക്കൂടിന് പുറമെ എൻ സി ഇ ആ ടി പാഠപുസ്തക നിർമാണത്തിന് വേണ്ട മെറ്റീരിലുകൾ കൂടി നൽകുമെന്നത് സുപ്രധാനമാണ്.  ദേശീയ-പ്രാദേശിക ഉള്ളടക്കത്തോടെ നേരത്തെ തയാറാക്കിയ കുറേ ടെക്സ്റ്റ് ബുകുകളിൽനിന്ന് സ്കൂളുകൾ ഇഷ്ടമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയാകാമെന്ന ആശയവും നയം പങ്കുവക്കുന്നു. പഠന നിലവാരം വിലയിരുത്താൻ നാഷണല്‍ അസസ്മെന്റ് സെന്റര്‍ സ്ഥാപിക്കും. എന്നാൽ ഇവർക്കുവേണ്ട വിലയിരുത്തല്‍ മാനദണ്ഡങ്ങൾ തയാറാക്കേണ്ടത് എന്‍ സി ഇ ആര്‍ ടി പറയും പ്രകാരമായിരിക്കണം. 

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അധികാര നിയന്ത്രണം കുറച്ചുകൂടി പ്രത്യക്ഷാണ്. എല്ലാം നിയന്ത്രിക്കുന്ന ഏക ജാലക സംവിധാനമാണ് നയം മുന്നോട്ടുവക്കുന്നത്. എല്ലാ കാര്യങ്ങളുടെയും പൂര്‍ണ നിയന്ത്രണം ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന ഏജന്‍സിക്കാണ്. കോളജുകളുടെ നിയന്ത്രണം, അക്രഡിറ്റേഷന്‍, ധനവിനിയോഗം, അക്കാദമിക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കല്‍ എന്നിവയാണ് പ്രധാന ചുമതല. ഇവ നിര്‍വഹിക്കാന്‍ നാഷണല്‍ ഹയര്‍ എജുക്കേഷന്‍ റഗുലേറ്ററി കൌണ്‍സില്‍ (NHERC), നാഷണല്‍ അക്രഡിറ്റേഷന്‍ കൌണ്‍സില്‍ (NAC), ഹയര്‍ എജുക്കേഷന്‍ ഗ്രാന്റ്സ് കൌണ്‍സില്‍ (HEGC), ജനറല്‍ എജുക്കേഷന്‍ കൌണ്‍സില്‍ (GEC) എന്നീ ഏജൻസികൾ ഹയർ എജുക്കേഷൻ കമ്മീഷന് കീഴിൽ രൂപീകരിക്കും.

ഉന്നത വിദ്യാഭ്യാസാനന്തര ഘട്ടമായ ഗവേഷണ മേഖലയെ നിയന്ത്രിക്കുന്നതും ഏകാധികാര കേന്ദ്രമായിരിക്കും - നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷൻ അഥവ NRF. എല്ലാ പഠന മേഖലകളിലെയും  ഗവേഷണത്തിന്റെ പൂര്‍ണ ചുമതല ഫൌണ്ടേഷനായിരിക്കും. ഗവേഷണത്തിന് പണം നല്‍കുന്നത് മുതല്‍ ഗവേഷണ വിഷയം തീരുമാനിക്കുന്നതില്‍ വരെ ഫൌണ്ടേഷന് നിര്‍ണായക പങ്കുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളുടെ സമിതിയായിരിക്കും ഫൌണ്ടേഷന്റെ ഭരണ സമിതി. 

രാഷ്ട്രീയ ഇടപെടലിനുള്ള സർകകാർ സംവിധാനങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയുടെ സന്പൂർണ നിയന്ത്രണ ഏജൻസിസായി സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജുക്കേഷനെ (CABE) വിദ്യാഭ്യാസ നയം പ്രതിഷ്ഠിക്കുന്നു. നാമമാത്ര അധികാരങ്ങളോടെ നയരൂപീകരണ സമിതിയായാണ് ഇതുവരെ CABE പ്രവർത്തിച്ചിരുന്നത്. അതിൽ മാറ്റം വരുത്തി CABEന് വിപുല അധികാരങ്ങൾ നൽകി. ഇനി CABE ഒരു കണ്‍സള്‍ട്ടേഷന്‍ സമിതിയായി മാത്രമായിരിക്കില്ല എന്ന് നയം പ്രത്യേകം എടുത്തുപറയുന്നു. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് കീഴിലായിരിക്കണം CABE പ്രവർത്തിക്കേണ്ടത്.

ദേശീയ നയത്തിന്റെ കരട് രേഖയിൽ സർവാധികാര സമിതിയായി നാഷണല്‍ എജുക്കേഷന്‍ കമ്മീഷന്‍ എന്നൊരു സ്ഥാപനത്തെയാണ് ശിപാർശ ചെയ്തിരുന്നത്. അതില്‍ ചെയര്‍മാന്‍ പ്രധാനമന്ത്രിയും വൈസ് ചെയര്‍മാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. പ്രധാന വകുപ്പ് സെക്രട്ടറിമാരടക്കം 30 അംഗങ്ങൾ. ഇത് സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള ആസൂത്രിത നീക്കമാണെന്ന വിമർശനം ഉയർന്നു. എന്നാൽ അന്തിമ നയം പ്രഖ്യാപിച്ചപ്പോൾ നാഷണല്‍ എജുക്കേഷന്‍ കമ്മീഷനെ ഒഴിവാക്കി. പകരം CABEന് ഏറെക്കുറെ അതേ അധികാരങ്ങൾ നൽകി പുനരവതരിപ്പിച്ചു. CABEന്റെ ലക്ഷ്യം കേന്ദ്രീകൃത രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരലായിരിക്കുമെന്ന ആശങ്കയെ CABEന്റെ രൂപമാറ്റം ശക്തിപ്പെടുത്തുന്നു. 


അക്കാദമിക ഉള്ളടക്കത്തിലും ഭരണ സംവിധാനങ്ങളിലും പല വിധത്തിൽ കേന്ദ്രീകൃത നിയന്ത്രണം കൊണ്ടുവരുന്നതാണ് വിദ്യാഭ്യാസ നയമെന്നാണ് ഈ നിർദേശങ്ങൽ നൽകുന്ന സൂചന.  വിദ്യാഭ്യാസ നയ രേഖ അവസാനിപ്പിക്കുന്നതും ഈ കേന്ദ്ര ഇടപെടൽ ആവർത്തിച്ച് ഉറപ്പാക്കിക്കൊണ്ടാണ്. 'കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സംയുക്ത പരിശോധനകളും സംയോജിത നടപ്പാക്കലുകളും ശ്രദ്ധാപൂർവമായ ആസൂത്രണവും ആവശ്യമാണ്..... എല്ലാവർഷവും കേന്ദ്ര സർക്കാർ നിയോഗിക്കുന്ന സംഘങ്ങളും സംസ്ഥാനം നിയോഗിക്കുന്ന സംഘങ്ങളും ചേർന്ന് പരിശോധിക്കും. ഈ വിവരങ്ങൾ CABEഉമായും പങ്കുവക്കണം' എന്നാണ് നയത്തിന്റെ അവസാന ഭാഗം. നേരത്തെയുണ്ടായിരുന്ന നയവും പുതിയ നയവും തമ്മിൽ സുതാര്യതയിലും സ്വതന്ത്ര സ്വഭാവത്തിലും എത്രത്തോളം വ്യത്യസ്തമാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാകും.   

(മീഡിയവൺ ഷെൽഫ്, ഒക്ടോബർ 30, 2025)

ലിങ്ക്:

https://www.mediaoneonline.com/kerala/nep-and-pm-shri-mediaone-investigation-part-2-304681

'സംവരണ'ത്തോട് അയിത്തം, പിന്നാക്ക പരിഹാരത്തിന് മെറിറ്റും സ്കോളർഷിപ്പും



നയം വന്നാൽ നിറം മാറുമോ ?
ഭാഗം 3




സോഷ്യോ-ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ് അഥവ SDGE - പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന് സംഭാവന ചെയ്യുന്ന പ്രയോഗമാണിത്. സ്ത്രീ, ട്രാൻസ്ജെന്റർ, എസ് സി, എസ് ടി, ഒ ബി സി, ന്യൂനപക്ഷം, ഗ്രാമങ്ങൾ, ചെറുപട്ടണങ്ങൾ, ഭിന്നശേഷിക്കാർ, അഭയാർഥികൾ, കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങൾ, അനാഥർ, നഗരങ്ങളിലെ കുട്ടി യാചകർ, കുട്ടിക്കടത്തിനിരയായവർ, അനാഥർ, നഗരത്തിലെ ദരിദ്രർ എന്നിവരാണ് SDGE എന്ന വിഭാഗത്തിൽ ഉൾപെടുകയെന്നും വിദ്യാഭ്യാസ നയരേഖ വ്യക്തമാക്കുന്നു. എല്ലാവർക്കും പഠനം, തുല്യത, ഉൾചേർക്കൽ എന്ന തലക്കെട്ടിലാണ് ഈ പ്രയോഗവും നിർവചനവും കാണാനാവുക. പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ സവിശേഷമായിക്കണ്ട് അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ സംവരണമടക്കം സവിശേഷ പദ്ധതികൾ പ്രത്യക്ഷമായിത്തന്നെ ശിപാർശ ചെയ്യുന്നതായിരുന്നു ഇതുവരെ പിന്തുടർന്നിരുന്ന 1986ലെ വിദ്യാഭ്യാസ നയം. അത് പരിഷ്കരിച്ച കേന്ദ്ര സർക്കാർ, പകരം ഇവരടക്കം എല്ലാതരം ദുർബല-പീഡിത വിഭാഗങ്ങളെയും SDGE എന്ന പേരിൽ ഒരേതട്ടിലേക്ക് കൊണ്ടുവരികയാണ് ഈ പ്രയോഗത്തിലൂടെ ചെയ്യുന്നത്. ചരിത്രപരമായി സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്നവരെ പ്രത്യേകമായി പരിഗണിക്കുക എന്ന ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന ഈ കാഴ്ചപ്പാടിൽ നിന്ന് വഴിമാറി നടക്കാനുള്ള പോംവഴിയായി മാറുകയാണ്  SDGE എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പുതിയ വിഭാഗം. 

എസ് സി, എസ് ടി, ഒ ബി സി, മൈനോരിറ്റി എന്നിവരുടെ വിദ്യാഭ്യാസം പ്രത്യേക തലക്കെട്ടായാണ് ഇതുവരെ പിന്തുടർന്നിരുന്ന വിദ്യാഭ്യാസ നയം കൈകാര്യം ചെയ്തിരുന്നത്. ജാതീയ സ്വഭാവമുള്ള പാമർശങ്ങൾ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കണം, അർഹമായ സംവരണം നൽകണം, സാമൂഹികമായി പിന്നാക്കമായവരുടെ സാന്നിധ്യം സ്കൂളുകളിൽ ഉറപ്പാക്കാൻ പദ്ധതികൾ ആവിഷ്കരിക്കണം, 
എസ് സി, എസ് ടി വിഭാഗങ്ങളിൽ നിന്ന് അധ്യാപകരെ നിയമിക്കണം തുടങ്ങിയവ പഴയ നയത്തിൽ പ്രാധാന്യപൂർവം ഉൾകൊള്ളിച്ചിരുന്നു. എന്നാൽ പുതിയ നയമാകട്ടെ, സാമൂഹികമായ പിന്നാക്കാവസ്ഥ നേരിടുന്ന ദുർബലവിഭാഗങ്ങളെ സാന്പത്തികവും ഭരണപരവുമായതടക്കം പലതരം കാരണങ്ങളാൽ പിന്തള്ളപ്പെട്ടുപോയവരുടെ കൂട്ടത്തിൽ ചേർക്കുകയാണ് ചെയ്യുന്നത്. ജാതീയവും മതപരവുമായ കാരണങ്ങളാൽ ചരിത്രപരമായി പിന്തള്ളപ്പെട്ടുപോയ സാമൂഹിക വിഭാഗങ്ങളെ സവിശേഷമായി പരിഗണിക്കാത്ത രാജ്യത്തെ ആദ്യത്തെ വിദ്യാഭ്യാസ നയമായിരിക്കും ഇപ്പോൾ നടപ്പാക്കപ്പെടുന്നത്. ഇത്തരം വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച പൊതുപ്രസ്താവനയിൽ നയം പരിമിതപ്പെടുന്നു. സോഷ്യോ-ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ് എന്ന പ്രയോഗത്തിന്റെ പരിധിയിലേക്ക് അവരെ ചുരുക്കിക്കെട്ടുകയും ചെയ്യുന്നു. 

ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിന് സംവരണത്തോളം പ്രായോഗികവും രാഷ്ട്രീയവുമായ മറ്റൊരു വഴിയും ഇന്ത്യയിലില്ല. എന്നാൽ സംവരണം എന്ന വാക്ക് ഈ നയത്തലെവിടെയും കാണാനാകില്ല. നിയമനത്തിലും പ്രവേശനത്തിലും പ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന സ്ഥലത്തുപോലും സംവരണത്തെക്കുറിച്ച് ദുരൂഹമായ മൗനമാണ്. സംവരണ വിരുദ്ധത പരസ്യമായി പ്രഖ്യാപിക്കുന്ന ഒന്നല്ല പുതിയ വിദ്യാഭ്യാസ നയം. എന്നല്ല, ദുർബലർക്കൊപ്പം നിൽക്കുന്നവെന്ന പ്രതീതി സൃഷ്ടിക്കാൻ പലയിടത്തായി അത് ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ നയത്തിന്റെ  ഉള്ളടക്കവും സമീപനങ്ങളും സംവരണ സങ്കൽപത്തോട് അകലം പാലിക്കുന്നതും പ്രയോഗത്തിൽ നയംമാറ്റം മുന്നോട്ടുവക്കുന്നതുമാണ്. അതേസമയം സാന്പത്തിക പിന്നാക്കാവസ്ഥ നയത്തിലുടനീളം പലതരം ഊന്നലുകളോടെ കടന്നുവരുന്നുമുണ്ട്. സാമൂഹിക പിന്നാക്കാവസ്ഥയേക്കാള്‍ സാന്പത്തിക പിന്നാക്കാവസ്ഥക്ക് പരിഗണന ലഭിക്കുന്നത് ഭരണകൂട സമീപനങ്ങളിലെ മാറ്റത്തിന്റെ പ്രതിഫലനമാണ്. മെറിറ്റ് അധിഷ്ടിത തൊഴില്‍ നിയന്ത്രണ സംവിധാനം ഇല്ലായെന്നതാണ് നിലവിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഒരു പ്രധാന പ്രശ്നമായി നയരേഖ ചൂണ്ടിക്കാട്ടുന്നത്. മറ്റൊന്ന് സോഷ്യോ ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് പ്രദേശങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതക്കുറവും. ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ നയം ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തന പദ്ധതിയില്‍ 'നിയമനത്തില്‍ മെറിറ്റ് ഉറപ്പാക്കുന്നതിലൂടെ മികച്ച അധ്യാപകരെ കണ്ടെത്തും' എന്ന് പ്രഖ്യാപിക്കുന്നു. നിയമനത്തിൽ മെറിറ്റ് മാത്രം നയമായിത്തീരുന്നതിന്റെ രാഷ്ട്രീയ താത്പര്യം വിശദീകരണം ആവശ്യമില്ലാത്തവിധം സുവ്യക്തമാണ്. പിന്നാക്ക പ്രദേശങ്ങളിലെ ലഭ്യതക്കുറവിനോ അത്തരം സമൂഹങ്ങളുടെ പങ്കാളിത്തത്തിനോ സവിശേഷമായ പദ്ധതികൾ നയത്തിൽ എവിടെയും പരാമർശിക്കുന്നുമില്ല. 

SDGE വിഭാഗത്തിലെ കുട്ടികളുടെ ഉന്നമനത്തിന് 
സ്കോളര്‍ഷിപ്, ഓണ്‍ലൈന്‍ പഠനം, വിദൂര പഠനം തുടങ്ങിയവയാണ് നടപ്പാക്കേണ്ടതെന്നാണ് നയത്തിന്റെ കാഴ്ചപ്പാട്. പട്ടിക ജാതി, പട്ടിക വര്‍ഗം, ഒ ബി സി അടക്കം എസ് ഇ ഡി ജി വിഭാഗത്തില്‍പെട്ട മെറിറ്റുള്ള കുട്ടികള്‍ക്ക് പഠനത്തിനായി  പ്രോത്സാഹനം നല്‍കുമെന്ന് പ്രത്യേകം പറയുന്നു. 'മെറിറ്റുള്ള' പിന്നാക്കക്കാർ എന്ന പ്രയോഗം തന്നെ ദുരൂഹവും ദുരുദ്ദേശപരവുമാണ്. പ്രശ്ന പരിഹാരത്തിന് നയം മുന്നോട്ടുവക്കുന്ന ഒറ്റമൂലി സാന്പത്തിക സഹായങ്ങളാണ്. സ്കോളര്‍ഷിപ് പോര്‍ട്ടല്‍ വിപുലീകരിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങൾ വഴി കൂടുതല്‍ സ്കോളര്‍ഷിപുകള്‍ ഏർപെടുത്തുമെന്നും നയത്തിൽ പറയുന്നു. ഭിന്ന ശേഷിയുള്ളവരെയും പെണ്‍കുട്ടികളെയും ആംഗ്യ ഭാഷയെയുമൊക്കെ പ്രത്യേകം  എടുത്തുപറയുന്പോഴും  സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ച് നയരേഖ മൗനം പാലിക്കുന്നു. വിദ്യാഭ്യാസത്തില്‍ തുല്യത ചർച്ച ചെയ്യുന്ന ഭാഗത്തും പ്രശ്നകാരണങ്ങളായി നയം പരിഗണിക്കുന്നത് സാന്പത്തികം, ഉന്നത വിദ്യാഭ്യാസച്ചിലവ്, പ്രവേശന നടപടിക്രമങ്ങൾ,  ഉപരിപഠനത്തെക്കുറിച്ച കുട്ടികളുടെ അജ്ഞത തുടങ്ങിയവയാണ്. ഗവേഷണ മേഖലയിലെ പ്രവര്‍ത്തനത്തിലും നയം ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയും സൂക്ഷ്മ നിരീക്ഷണം നടത്തിയും പണം ചിലവിടുക എന്നാണ്. 

മൊത്തത്തില്‍ പരിശോധിക്കുന്പോള്‍, സാമൂഹിക അസമത്വവും അതുവഴിയുണ്ടാകുന്ന പിന്നാക്കാവസ്ഥയും അതിലൂടെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്നതും പരിഹരിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ഉദ്ദേശിക്കുന്നില്ല എന്നാണ് മനസ്സിലാക്കാനാകുക. എന്നാൽ അത്തരം പ്രശ്നങ്ങളെ പൂർണമായി അവഗണിച്ചുവെന്ന് പറയാനാകാത്തവിധം ചില സാന്ദർഭിക പരാമർശങ്ങൾ 'നയത്തിൽ' നടത്തുന്നുണ്ട്. ഒപ്പം സാന്പത്തിക പ്രശ്നങ്ങള്‍ കാരണമുണ്ടാകുന്ന പിന്നാക്കാവസ്ഥയിലും അതിന്റെ പരിഹാരത്തിലും ഊന്നുകയും ചെയ്യുന്നു.  എല്ലാവരെയും ഉള്‍കൊള്ളുക എന്നതാണ് പുതിയ നയം അടിസ്ഥാന സമീപനമായി മുന്നോട്ടുവക്കുന്നത് എങ്കിലും പ്രയോഗത്തില്‍ ദുര്‍ബലരും പിന്നാക്കക്കാരും ദരിദ്രരും വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്ക അവശേഷിക്കുന്നു. 

പുതിയ നയത്തിന്റെ കരട് രേഖ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇത് തയാറാക്കിയ സമിതി അധ്യക്ഷൻ ഡോ. കസ്തൂരിരംഗനോട് സംവരണം എന്ന വാക്ക് ഒഴിവാക്കിയതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യമുണ്ടായി. അതിനദ്ദേഹം പറഞ്ഞൊഴിഞ്ഞ മറുപടി ഇതാണ്: 'അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പരാമര്‍ശിക്കുന്നിടത്തെല്ലാം ദലിത്-പിന്നാക്ക വിഭാഗങ്ങളും ഉള്‍പെടും. സംവരണത്തില്‍ തൊടാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല, നയം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും അപാകമുണ്ടായാല്‍ അത് തിരുത്തണം. അതിലപ്പുറം (സംവരണത്തെക്കുറിച്ച്) എനിക്കൊന്നും പറയാനില്ല.'  പബ്ലിക് ഫണ്ടിങ്ങിനെക്കുറിച്ചും സ്വാശ്രയ സംവിധാനങ്ങളെക്കുറിച്ചും സാന്പത്തിക സഹായങ്ങളെക്കുറിച്ചുമെല്ലാം പലവട്ടം പരാമർശിക്കുന്ന നയ രേഖയാണ് സംവരണം എന്ന വാക്കിന് അപ്രഖ്യാപിത വിലക്കേർപെടുത്തിയത്.  സംവരണത്തിൽ തൊടാൻ തനിക്കധികാരമില്ലെന്ന വ്യാഖ്യാനം കസ്തൂരിരംഗന്റെ വെറും മുട്ടുന്യായം മാത്രമല്ല, പുതിയ വിദ്യാഭ്യാസ നയരേഖ ഉൾവഹിക്കുന്ന തൊട്ടുകൂടായ്മയെ തുറന്നുകാട്ടുന്ന നയപ്രഖ്യാപംകൂടിയാണ്. 

(മീഡിയവൺ ഷെൽഫ്, ഒക്ടോബർ 31, 2025)

ലിങ്ക്:
https://www.mediaoneonline.com/kerala/nep-and-pm-shri-mediaone-investigation-part-3-304825

തുറമുഖം കേരളത്തിന്റെ വികസന മുഖം മാറ്റുമോ?

  പുതിയ നിയമസഭയുടെ ആദ്യ ദിവസങ്ങളിൽ തന്നെ ഭരണപക്ഷ എം എൽ എയായ വി ടി ബൽറാം നിയമസഭയിൽ ഒരാവശ്യം ഉന്നയിച്ചു. പുതിയ യു ഡി എഫ് സർക്കാറിന്റെ ഏറ്റവും ...