Friday, September 4, 2026

നേപ്പാൾ: അവരുടേതല്ലാത്ത കാരണത്താൽ ഒഴുകിമായുന്ന മനുഷ്യർ


 ലോകത്ത് ധ്രുവപ്രദേശം കഴിഞ്ഞാൽ ഏറ്റവും വലിയ ഹിമശേഖരം സ്ഥിതിചെയ്യുന്നത് ഇന്ത്യയും ചൈനയും നേപ്പാളുമടക്കം എട്ടുരാജ്യങ്ങളുൾക്കൊള്ളുന്ന ഹിന്ദുകുഷ് ഹിമാലയ മേഖലയിലാണ്. 55,782 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 63,700ൽ അധികം ഹിമാനികൾ. അഥവ ലോകത്തേറ്റവും അപകടരകവും വിശാലവുമായ ഹിമാനികളുടെ താഴ്‍വരയിൽ ശ്വാസമടക്കിപ്പിടിച്ചു ജീവിക്കുന്ന മനുഷ്യരാണ് നേപ്പാളുകാർ. ഏഷ്യയിലെ പല നദികൾക്കും ജലം നൽകുന്ന ടിബറ്റൻ പീഠഭൂമിയുടെ താഴെ. മുകളിലുണ്ടാകുന്ന ഏത് അപകടവും മഹാദുരന്തമായി വന്നുപതിക്കുന്നത് നേപ്പാളിലാണ്. നേപ്പാളിനെ ഏതുനിമിഷവും കവർന്നെടുക്കാവുന്ന ജല പ്രവാഹം പുറപ്പെടുന്നതാകട്ടെ മറ്റൊരു രാജ്യത്തുനിന്നും.

ഇപ്പോൾ ദുരന്തമുണ്ടായ ഭോട്ടെ കോസി നദിയുടെ ഉത്ഭവം ടിബറ്റിലാണ്. അത് റസുവയിലൂടെ നേപ്പാളിൽ പ്രവേശിക്കും. ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് കൊദാരിയിലൂടെ മറ്റൊരു ഭോട്ടെ കോസി നദിയും നേപ്പാളിലേക്കൊഴുകിയെത്തുന്നുണ്ട്. രണ്ടും കുത്തനെയുള്ള നദികളാണ്. ആഴമേറിയ മലയിടുക്കുകളിലൂടെയും അടിവാരങ്ങളിലൂടെയും സഞ്ചരിക്കുന്നവ. ഇരുനിദകളുടെയും ഇരു തീരങ്ങളും വലിയ ജനവാസ കേന്ദ്രങ്ങളാണ്. ചെറുതും വലുതുമായ നിരവധി ജല വൈദ്യുത പദ്ധതികൾ മുതൽ നേപ്പാളി-ചൈനീസ് വ്യാപരങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പാതകൾ വരെ ഇരുകരകളിലുമുണ്ട്. കഴിഞ്ഞ വർഷവും ഏതാണ്ട് ഇതേ സമയത്ത് ഭോട്ടേ കോസിയിൽ അപ്രതീക്ഷിത പ്രളയമുണ്ടായി. പാലവും ജല പദ്ധതികളും തകർന്നു. 2025-ലെ പ്രളയത്തിന് കാരണം നേപ്പാൾ–ചൈന അതിർത്തിക്കടുത്തുള്ള ലെൻഡെ നദിയുടെ ഉത്ഭവഭാഗത്തുണ്ടായ ഹിമാനി വിസ്ഫോടനമാണ്. ഒരു ഹിമാനിയുടെ ഉപരിതലത്തിലുള്ള തടാകം പൊട്ടിപ്പോയി. കൃത്യം ഒരു വർഷം പിന്നിടുന്പോൾ അതേ ദുരന്തം അതേ പ്രദേശത്ത് ആവർത്തിക്കുന്നു, അതിനേക്കാൾ ഭയാനകമായി. 2015 ഏപ്രിലിൽ മധ്യ നേപ്പാളിനെ പിടിച്ചുകുലുക്കിയ വൻ ഭൂകന്പത്തിനൊപ്പവും വലിയ ഹിമപാതമുണ്ടായി. ലാങ്ടാങ് ഗ്രാമത്തെ അത് വിഴുങ്ങി. ഇവിടെ കുറഞ്ഞത് 300 പേർ മരിച്ചതായാണ് കണക്ക്.  

ഏഷ്യാ വൻകരയിലെ 10 സുപ്രധാന നദികൾക്കെങ്കിലും വെള്ളംകൊടുക്കുന്ന ഹിന്ദുകുഷ് ഹിമ മേഖലയെ ഏഷ്യയുടെ ജല ഗോപുരങ്ങൾ എന്നാണ്  വിശേഷിപ്പിക്കുന്നത്. ഇവിടെ സംഭവിക്കുന്ന ഏതുമാറ്റവും അത്യഗാധമായ പ്രത്യാഘാതങ്ങളുണ്ടാക്കും. 200 കോടി മനുഷ്യരെ ഇത് ബാധിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. 2025ൽ പുറത്തുവന്ന ഒരു പഠന പ്രകാരം 28 ഹിമാനി തടാകങ്ങൾ ജി.എൽ.ഒ.എഫ് (ഹിമാനി തടാക വിസ്ഫോടന പ്രളയം) സാധ്യതയുള്ളവയാണ്. ലോക ഹിമാനി ദിനത്തോടനുബന്ധിച്ച് 2026 മാർച്ചിൽ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) ഈ മേഖലയെക്കുറിച്ച് രണ്ട് പഠന റിപ്പോർട്ടുകൾ പുറത്തിറക്കി. അത്യന്തം അപടകരമായ മുന്നറിയിപ്പുകൾ നൽകുന്നതാണ് ഈ പഠനങ്ങൾ. 1990 നും 2020നും ഇടയിൽ എച്ച് കെ എച്ച് മേഖലയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചാണ് ഒരു റിപ്പോർട്ട്. മറ്റൊന്ന് കഴിഞ്ഞ 50 വർഷത്തെ ഹിമാലയൻ ഹിമാനി നിരീക്ഷണത്തിന്റെ കണ്ടെത്തലുകളും. ഹിമാനികൾ അതിവേഗം ഉരുകുന്നുവെന്നും 2000 മുതൽ ഉരുകലിന്റെ തോത് മുൻ കാലത്തേക്കാൾ ഇരട്ടിയായിയെന്നും ഈ പഠനങ്ങൾ പറയുന്നു. 1975 ആയി താരതമ്യം ചെയ്താൽ ഐസിന്റെ കനം 27 മീറ്റർ കുറഞ്ഞു. 1990 മുതൽ 2020 വരെയുള്ള കാലയളവിൽ ഹിമ പ്രദേശത്തിന്റെ വ്യാപ്തി ഏകദേശം 12 ശതമാനം നഷ്ടമായി. ഹിമശേഖരത്തിന്റെ പ്രതീക്ഷിച്ചിരുന്ന അളവിൽ 9 ശതമാനത്തിന്റെ കുറവും സംഭവിച്ചു.  പ്രളയം മാത്രമല്ല, ജലലഭ്യതയിൽ അതി കഠിനമായ പ്രതിസന്ധികൂടി പ്രതീക്ഷിക്കേണ്ടതുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

ഉയരം കൂടുന്നതിനനുസരിച്ച് വർധിക്കുന്ന താപനിലയുടെ ആഘാതമേൽക്കുന്ന ഘടനയിലാണ് ഹിമാനി പ്രദേശത്തിന്റെ ഏകദേശം 78 ശതമാനവും സ്ഥിതിചെയ്യുന്നത്. ഇതാണ് ഓരോ സീസണിലും വലിയ ദുരന്തത്തിന് വഴിയൊരുക്കുന്നത്. ഈ ദുരന്തങ്ങൾക്കെല്ലാം ഏറ്റവുമധികം ഇരയാകുന്നതാകട്ടെ നേപ്പാളും അവിടത്തെ മനുഷ്യരുമാണ്. നേപ്പാളിൽ വലിയ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചിട്ടില്ലാത്ത മൺസൂൺ സീസൺ സമീപകാലത്തൊന്നും കഴിഞ്ഞുപോയിട്ടില്ല. എല്ലാം സാമാന്യം വലിയ ദുരന്തങ്ങൾതന്നെ. ടിബറ്റൻ പീഠഭൂമിയിലെ ഇത്തരം ദുരന്തങ്ങളൊന്നും ഭൂചലനവുമായി ബന്ധപ്പെട്ട് സംഭവിച്ചതുമല്ല. 2021ലെ ചമോലി, മെലംചി, 2023ലെ സിക്കിം, 

2024ലെ താം, 2025ലെ ഭോട്ടെ കോസി തുടങ്ങിയവക്കെല്ലാം സമാന സ്വഭാവമാണ്. ഏതാണ്ടെല്ലാം സംഭവിച്ചത് മൺസൂൺ കാലത്തുതന്നെ. ഹിമാലയൻ മലനിരകളെ ബാധിച്ച കാലാവസ്ഥാ മാറ്റത്തിന്റെ നേരിട്ടുള്ള ഇരകളായി മാറുകയാണ് ഈ മനുഷ്യർ. ഒരേസ്വഭാവത്തിൽ, ഒരേ പ്രദേശങ്ങളിൽ അടിക്കടി ആവർത്തിക്കുന്ന ദുരന്തങ്ങൾ പുനർനിർമാണംപോലും പ്രയാസകരമാക്കുംവിധത്തിൽ കടുത്ത പ്രതിസന്ധിയിലേക്കാണ് ആ രാജ്യത്തെ തള്ളിവിടുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നാശനഷ്ടമുണ്ടായ പല റോഡുകളും പാലങ്ങളും ഇന്നലെയും തകർന്നു, പലതും ഒഴുകിപ്പോയി. കാലാവസ്ഥാ പ്രതിസന്ധിയുടെ സാന്പത്തിക ആഘാതവുമായി ബന്ധപ്പെട്ട് നേപ്പാൾ ഉന്നയിക്കുന്ന ആശങ്കകളെ ഇത് ബലപ്പെടുത്തുന്നു. കാലാവസ്ഥാ മാറ്റത്തിന് മുഖ്യ കാരണക്കാരാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ നേപ്പാൾ തീരെ താഴെയാണ്. ഒന്നാമത് നിൽക്കുന്നതാകട്ടെ തൊട്ടയൽക്കാരനായ ചൈനയും. കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണങ്ങളിലന്നായി പരിഗണിക്കുന്ന കാർബൺ എമിഷനിൽ 2025ലെ ഗ്ലോബൽ കാർബൺ ബഡ്ജറ്റിന്റെ കണക്കുപ്രകാരം ആദ്യ മൂന്നു സ്ഥാനക്കാർ ചൈനയും (32%) അമേരിക്കയും (13%) ഇന്ത്യ (8%)യുമാണ്. ഇക്കാര്യത്തിൽ നേപ്പാളിന്റെ സംഭാവന വെറും 0.05 ശതമാനം മാത്രം. നേപ്പാളിനേക്കാൾ 200 ഇരട്ടിയാണ് ഇന്ത്യയുടെ സംഭാവന. ഇത് ചൈനയുമായി താരതമ്യം ചെയ്താൽ 770 ഇരട്ടിവരും. കാലവസ്ഥാ മാറ്റത്തിന് കാരണമാകുന്ന മറ്റെല്ലാ ഘടകങ്ങളെയും താരതമ്യം ചെയ്താലും ഇതേ പ്രവണത തന്നെയാണ് കാണാനാകുക. മാത്രമല്ല നേപ്പാളിന്റെ ഈ കുറഞ്ഞയളവിലുള്ള സംഭവാനപോലും കൃഷി, കാലിവളർത്തൽ, ബയോഗ്യാസ് തുടങ്ങി അവിടത്തെ സാധാരണ മനുഷ്യരുടെ നിത്യജീവിത വ്യവഹാരങ്ങളിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്നവ മാത്രമാണ്. ഇന്ത്യയും ചൈനയുമാകട്ടെ വ്യവസായവത്കരണത്തിന്റെ ഭാഗമായാണ് കൂടുതലും പുറന്തള്ളുന്നത്. നിത്യജീവിതാവശ്യങ്ങൾക്കുവേണ്ട് പെടാപാടുപെടുന്ന ഒരു രാജ്യത്തെയും അവിടത്തെ മനുഷ്യരെയും മഹാദുരന്തങ്ങളിലേക്ക് തള്ളിവിടുന്നത് വൻകിട രാഷ്ട്രങ്ങൾചേർന്നാണ്. അതിൽ നേപ്പാളിന്റെ തൊട്ടയൽക്കാരായ ഇന്ത്യയും ചൈനയും നൽകുന്ന സംഭാവന സവിശേഷ ശ്രദ്ധയർഹിക്കുന്നതുമാണ്. 

കാലാവസ്ഥാ മാറ്റത്തിന് കാരണക്കാരാകുന്നതിൽ ഏറ്റവും കുറവ് പങ്കുവഹിക്കുന്ന നേപ്പാൾ പോലുള്ള പർവത രാജ്യങ്ങളാണ് അതിന്റെ പ്രത്യാഘാതാങ്ങൾക്ക് ഏറ്റവുമേറെ ഇരയാകുന്നത്. അവരുടേതല്ലാത്ത കാരണങ്ങളാൽ, അവരുടെ രാജ്യത്തിന് പുറത്തുസംഭവിക്കുന്ന അപകടങ്ങളാൽ മഹാദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നുവെന്നതാണ് നേപ്പാളിന്റെ ദുർവിധി. അതിനെ അവർക്കൊറ്റക്ക് നേരിടാനോ തടയാനോ കഴിയുകയുമില്ല. കാലാവസ്ഥാ മാറ്റങ്ങളാലുണ്ടാകുന്ന മഹാദുരന്തങ്ങളെ നേരിടാൻ അന്താരാഷ്ട്ര സഹകരണവും ആഗോള പദ്ധതികളും അനിവാര്യമാണ്. മാത്രമല്ല, ഇക്കാര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്തപൂർണമായ സമീപനങ്ങൾ സ്വീകരിക്കേണ്ടതുമുണ്ട്. 

(മീഡിയവൺ ഷെൽഫ്, ആഗസ്റ്റ് 28, 2026)

Friday, August 28, 2026

തുറമുഖം കേരളത്തിന്റെ വികസന മുഖം മാറ്റുമോ?

 



പുതിയ നിയമസഭയുടെ ആദ്യ ദിവസങ്ങളിൽ തന്നെ ഭരണപക്ഷ എം എൽ എയായ വി ടി ബൽറാം നിയമസഭയിൽ ഒരാവശ്യം ഉന്നയിച്ചു. പുതിയ യു ഡി എഫ് സർക്കാറിന്റെ ഏറ്റവും പ്രധാന വാഗ്ദാനമായ കെ എസ് ആർ ടിസിയിലെ സ്ത്രീ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്പോൾ അത് എല്ലാ ജില്ലയിലെ സ്ത്രീകൾക്കും ഒരുപോലെ ലഭ്യമാക്കണമെന്നതായിരുന്നു ആവശ്യം. നിലവിലെ സ്ഥിതിയിൽ ഈ പദ്ധതി കേരളത്തിന്റെ തെക്കൻ ജില്ലകളിലെ സ്ത്രീകൾക്ക് മാത്രമേ ഉപകാരപ്പെടൂവെന്ന് ബോധ്യപ്പെടുത്തുന്ന കണക്കുകളും അദ്ദേഹം സഭക്കുമുന്നിൽ വച്ചു. കേരളത്തിൽ ആകെ സർവീസ് നടത്തുന്ന 5,165 ബസുകളിൽ ഏഴ് വടക്കൻ ജില്ലകളിലുള്ളത് 1406 എണ്ണം മാത്രം. ഇതിന് ഇതിന് മറുപടി പറഞ്ഞ ഗതാഗത മന്ത്രി സി പി ജോൺ, മഞ്ചേശ്വരം താലൂക്കിൽ കെ എസ് ആർ ടി സി സർവീസേയില്ലെന്ന് സഭയിൽ കുറ്റസമ്മതം നടത്തുകയും ചെയ്തു. കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും 20-25 ശതമാനം മാത്രമേ മലബാർ ജില്ലകളിൽ എത്തുന്നുള്ളൂ. കേരളത്തിന്റെ പൊതുവിഭവ വിതരണത്തിലെ അസമത്വവും ഇതുവരെ നടന്ന കേരള വികസനത്തിന്റെ ആന്തരീക ദൗർബല്യവും വെളിപ്പെടുത്തുന്നതാണ് ബൽറാമിന്റെ ആവശ്യവും സി പി ജോണിന്റെ മറുപടിയും. സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽവച്ച ധവളപത്രത്തിലും, കിഫ്ബി പദ്ധതികൾക്ക് ചിലവിട്ട പണം ചില ജില്ലകളിൽ അന്യായമായി കേന്ദ്രീകരിച്ചത് എടുത്തുപറഞ്ഞിട്ടുണ്ട്. 

എല്ലാ വികസന പരിപാടികളുടെയും ആമുഖമായി ഈ അസമത്വം പരിഹരിക്കാനുള്ള പദ്ധതികൾകൂടി ഉണ്ടാകുമെന്ന പ്രതീക്ഷ നൽകുന്ന തുടക്കമാണ് സതീശൻ സർക്കാറിന്റെ ഈ സമീപനം. ഭീമാകാരമായ പദ്ധതികളല്ല വികസനം എന്ന കാഴ്ചപ്പാട് ശക്തിപ്രാപിക്കുന്ന കാലമാണ്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ജന ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നതായിരിക്കണം വികസനത്തിന്റെ അടിസ്ഥാന തത്വം. ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിന് ഏറെക്കുറെ എല്ലാ മേഖലയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലെത്താൻ കഴിഞ്ഞിട്ടുണ്ട്. യുനൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP) കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന മാനവ വികസന സൂചികയുള്ള സംസ്ഥാനമാണ് കേരളം (0.921). ഇന്ത്യയുടെ ശരാശരി HDI മൂല്യം ഏകദേശം 0.685 ആണ്. സാമൂഹിക വികസന സൂചികകളായി പരിഗണിക്കുന്ന മറ്റ് ഘടകങ്ങളായ സാക്ഷരത, വിദ്യാഭ്യാസം, ആയുർദൈർഘ്യം, ആരോഗ്യസേവന ലഭ്യത, ദാരിദ്ര്യനിരക്ക്, തൊഴിൽ, ലിംഗസമത്വം, ശുദ്ധജല-ശുചിത്വ സൗകര്യങ്ങൾ, ഭവന നിലവാരം എന്നിവയിലും കേരളം മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ ഈ താരതമ്യ മികവിനപ്പുറം വികസന സൂചികാ ഘടകങ്ങളെല്ലാം ഒരു നിശ്ചലാവസ്ഥയിലേക്കോ താഴേക്കോ പോകുന്ന സ്ഥിതവിശേഷമാണ് സമീപകാലത്ത് കാണുന്നത്. 1980 കളുടെ അവസാനം വരെ അനുഭവപ്പെട്ടിരുന്ന മന്ദഗതിയിലായിരുന്ന സാമ്പത്തിക വളര്‍ച്ച, ആഗോളവത്കരണ ശേഷം പലരീതിയിൽ കുതിച്ചു. അതുവഴി സാന്പത്തിക വളര്‍ച്ച ഉണ്ടായെങ്കിലും സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസന പ്രക്രിയയായി അത് വികസിച്ചില്ല. ഗവണ്‍മെന്റിന്റെ ധനസ്ഥിതിയും വളര്‍ന്നില്ല. സർക്കാർ എത്തിപ്പെട്ട കടക്കെണിയുടെയും സാന്പത്തിക ഞെരുക്കത്തിന്റെയും ആഴം വെളിപ്പെടുത്തുന്ന കണക്കുകൾ ധവളപത്രത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ വികസനച്ചിലവും കടക്കെണിയും പലിശയുമെല്ലാം ദേശീയ ശരാശരിയുമായി താരതമ്യം ചെയ്താൽ അപകടകരമായ സ്ഥിതിയിലാണ്. 

സാമൂഹിക വികസന മേഖലകളിൽ കാലാനുസൃതമായ മാറ്റം വരാത്തതാണ് ഈ നിശ്ചലാവസ്ഥക്ക് വഴിതുറക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലയിലെല്ലാം ഇത് പ്രകടമാണ്. ഉന്നത വിദ്യാഭ്യാസം തേടി കുട്ടികൾ സസ്ഥാനംവിടുന്നത് ഇന്ന് അതിസാധാരണമായ അനുഭവമായിക്കഴിഞ്ഞു. കേരളത്തിൽ  അപകടകരമായ തോതിൽ ബ്രെയിൻ ഡ്രെയിൻ സംഭവിക്കുകയാണെന്ന മുന്നറിയിപ്പ് ഈ രംഗത്തെ വിദഗ്ധർ നൽകിയിട്ടുണ്ട്. പഠനത്തിന് വേണ്ടിയുള്ള പലായനം മാത്രമല്ല സംഭവിക്കുന്നത്. ഇൻഡ്സ്ട്രിയൽ ബ്രെയിൻ ഡ്രെയിൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ കൂടുമാറ്റവും അതിശക്തമാണ്. കാലഹരണപ്പെട്ട കോഴ്സുകളുടെ പരിഷ്കാരവും ആഗോള തൊഴിൽവിപണിക്കിണങ്ങുംവിധമുള്ള പഠന സന്പ്രദായവും തിരിച്ചുകൊണ്ടുവരാതെ ഇത് തടയുക സാധ്യമല്ല. കാർഷിക-പരന്പരാഗത സമൂഹത്തിൽ നിന്ന് വികസിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും ലഭിക്കുന്ന വ്യവസായവൽകൃത, നഗരവൽകൃത സമൂഹമായി മാറുമ്പോൾ സംഭവിക്കുന്ന ജനസംഖ്യാ പരിവർത്തനത്തിന്റെ അഞ്ചാംഘട്ടത്തിലാണ് കേരളമെന്നാണ് വിലയിരുത്തപ്പെടുന്നത്. 60 വയസ്സിനും അതിന് മുകളിലുമുള്ളവരുടെ എണ്ണം വർധിക്കുന്ന ഘട്ടമാണിത്. ജനന നിരക്ക് കുറയുക, ആയുർദൈർഘ്യം വധിക്കുക എന്നിതനൊപ്പം യുവജനങ്ങളുടെ കുടിയേറ്റം അതിശക്തമാകുന്നതും ഇതിൽ പ്രധാനമാണ്. 


മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമുള്ള പ്രവാസികളുടെ എണ്ണം കേരള ജനസംഖ്യയുടെ പത്തുശതമാനത്തിന് മുകളിലാണ്. അവരയക്കുന്ന പണത്തിന്റെ തോത് ഓരോവർഷവും കൂടിവരികയുമാണ്. കേരളത്തിന്റെ മൊത്തം വാര്‍ഷിക വരുമാനത്തിന്റെ മുപ്പതു ശതമാനത്തിലധികം പ്രവാസിപ്പണമാണ്. കേരളത്തിന്റെ വളർച്ച ഒരു കുതിച്ചുചാട്ടമായി മാറിയത് പ്രവാസി പണത്തിന്റെ വരവോടെയാണ്. പ്രവാസികൾ സാന്പത്തികമായി ശാക്തീകരിക്കപ്പെട്ടതിലൂടെ ആഭ്യന്തര തൊഴിൽ വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ ആവശ്യവും വേതനവും കൂടി. എന്നാൽ ഇത് നേരിടാനുള്ള സമയോചിതമായ ശേഷി ഇതുവരെ കേരളം പ്രകടിപ്പിച്ചിട്ടില്ല. ഹയർസെക്കന്ററി സീറ്റുപോലും മതിയായ അളവിൽ ആവശ്യമായ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിൽ നമ്മുടെ സംവിധാനങ്ങൾ പരാജയപ്പെട്ടു. തൊഴില്‍ വിപണിയിലും വൻ മാറ്റങ്ങളാണ് അതിവേഗം സംഭവിച്ചത്. കാര്‍ഷികേതര സമ്പദ്ഘടനയിലെ വരുമാനക്കൂടുതൽ അവിടേക്ക് കൂടുതൽ പേരെ ആകർഷിച്ചു. പുതിയ തലമുറ  തൊഴില്‍ സങ്കല്‍പ്പവും ഇതിന് ആക്കം കൂട്ടിയെങ്കിലും ആവശ്യാനുസണം തൊഴിൽ നൽകുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു.

കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിവേഗ നഗരവത്കരണം കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലേക്ക് കൂടുതൽ ആളുകൾക്ക് എത്തിപ്പെടാൻ അവസരം നൽകുന്നുണ്ട്. എന്നാൽ അതിവേഗം സംഭവിക്കുന്ന നഗരവത്കരണത്തിലെ വെല്ലുവിളികൾ നേരിടാൻതക്ക ശേഷിയുള്ള ഭരണസ്ഥാപനങ്ങൾ രൂപപ്പെട്ടുവന്നില്ല. ഇക്കാരണത്താലാണ് 'നഗര പ്രശ്നങ്ങൾ' കേരളത്തിലെന്പാടും അപരിഹാര്യമായ പ്രതിസന്ധിയായി മാറുന്നത്. ഇത്തരം പ്രശ്നങ്ങൾ ക്രമേണ അനുബന്ധ മേഖലകളെയും പ്രതിസന്ധിയിലാക്കിത്തുടങ്ങി. മാലിന്യ സംസ്‌കരണ പ്രതിസന്ധിയും ഇത് ആരോഗ്യ മേഖലയിൽ സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളും ഇതിന്റെ മികച്ച ഉദാഹരണമാണ്. 

പൊതുമേഖലയിലെ അമിത കേന്ദ്രീകരണവും സ്വകാര്യമേഖലയോട് പ്രകടിപ്പിച്ച അനാവശ്യമായ അകൽച്ചയും കേരളത്തിന്റെ വളർച്ചക്ക് വിഘാതമായിട്ടുണ്ട്. പൊതുമേഖല പലകാരണങ്ങളാൽ തളരുകയും സ്വകാര്യമേഖല അതിന്റെ സാധ്യതകളിലേക്ക് വേണ്ടത്ര വളരാതിരിക്കുകയും ചെയ്തുവെന്നാണ് കേരളത്തിന്റെ സവിശേഷത. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുയും അതേസമയം അത് സാധാരണക്കാർക്ക് പ്രാപ്യമാകുന്ന സംവിധാനമാക്കി നിലനിർത്തുകയും ചെയ്യുകയെന്നത് കേരളത്തിൽ ഇതുവരെയും വ്യക്തതയുള്ള ഭരണപദ്ധതിയായിട്ടില്ല. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സർക്കാർ കോളജ് എന്ന തത്വം ഈ ദിശയിലേക്കുള്ള ചെറു ചുവടുവപ്പായിരുന്നെങ്കിലും അതെങ്കിലും നിലനിർത്തുന്നതിലോ സുചിന്തിത നയമായി വികസിപ്പിക്കുന്നതിലോ രാഷ്ട്രീയ നേതൃത്വം വിജയിച്ചില്ല. പൊതു സ്വകാര്യ പങ്കാളിത്തമെന്ന ആശയവും അർഥപൂർണമായും ഫലപ്രദമായും പൗര സൗഹൃദമായും നടപ്പാക്കപ്പെട്ടുമില്ല. സ്വകാര്യമേഖലയോടുള്ള അവിശ്വാസവും ശത്രുതയും നിറഞ്ഞ സമീപനം തിരുത്താതെ ഇക്കാര്യത്തിൽ വിജയംവരിക്കാനാകില്ല. എല്ലാ പദ്ധതികളും പരിപാടികളും പൊതു ഉടമസ്ഥതയിൽ മാത്രമാകണമെന്ന വികസന യാഥാസ്ഥിതിക മനോഭാവത്തിൽ കാതലായ മാറ്റമുണ്ടാകണം. 

ഇത്തരം വെല്ലുവിളികളെ സംസ്ഥാന താത്പര്യം മാത്രം മുൻനിർത്തി നേരിടുകയും ദീർഘവീക്ഷണത്തോടെ പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ കേരളത്തിലെ ഭരണ രീതി, അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുതകുന്ന പദ്ധതികളിൽ കേന്ദ്രീകരിക്കുകയെന്നതാണ്. പദ്ധതി നടപ്പാക്കപ്പെടണമെന്ന നിർബന്ധബുദ്ധി പോലും പല സർക്കാറുകളും പ്രകടിപ്പിക്കാറില്ല. പകരം അതിന്റെ പ്രചാരണപരമായ സാധ്യതകളെയാണ് അവർ പ്രധാനമായും ലക്ഷ്യംവക്കുക. ഇത്തരം രാഷ്ട്രീയ താത്പര്യങ്ങളാണ് പല ആലോചനകളെയും പാതി വഴിയിൽ അവസാനിപ്പിക്കുന്നത്. നടപ്പാകാത്ത പ്രഖ്യാപനങ്ങൾ മാത്രമല്ല നടത്തുന്നത്. നടപ്പാക്കാൻ വേണ്ട സാന്പത്തിക സ്രോതസ്സുകൾ വരെ സ്വപ്നമായി അവശേഷിച്ച എത്രയോ അനുഭവങ്ങൾ കേരളത്തിലുണ്ട്. ഡാമുകളിലെ മണൽ വാരിയാൽ കോടികൾ കിട്ടുമെന്നും അതുവച്ച് വൻകിട പദ്ധതികൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ച ഒരു ധനമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ട്. പലിശയോട് വിയോജിപ്പുള്ള മുസ്ലിം സമുദായത്തിലെ നിക്ഷേപകരിൽനിന്ന് ധനം സമാഹരിച്ച് ഇസ്ലാമിക് ബാങ്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച്  അതുവഴി കിട്ടാനിടയുള്ള ഫണ്ട് വരുമാനമായി കാണിച്ച് അവതരിപ്പിച്ച വേറൊരു ബജറ്റും കേരളം കണ്ടിട്ടുണ്ട്.  കിഫ്ബിയെ ബജറ്റിന് പുറത്തുള്ള ഏജൻസിയായി പ്രഖ്യാപിച്ച്  കടമെടുപ്പ് പരിധി മറികടക്കാൻ പിൻവാതിലിലൂടെ നടത്തിയ നീക്കത്തിന് പിടിവീണതോടെ കടമെടുത്തുപോലും പണമിറക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനമിപ്പോൾ. കഴിഞ്ഞ സാന്പത്തിക വർഷത്തേക്ക് മുൻ സർക്കാർ പ്രഖ്യാപിച്ച 35,000 കോടിയുടെ പദ്ധതിയിൽ 20,500 കോടിയും ഇല്ലാത്ത പണമാണെന്നാണ് ധവളപത്രത്തിലെ കണ്ടെത്തൽ. ഇത്തരം കുറുക്കുവഴികളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കാമെന്നല്ലാതെ സംസ്ഥാനത്തിന് അതൊട്ടും ഗുണം ചെയ്യില്ല. സുതാര്യതയും സത്യസന്ധതയുമില്ലാത്ത, കണക്കിലെ കളികൾകൊണ്ട് കടലാസ് വിപ്ലവം സംഘടിപ്പിക്കുന്ന മുൻകാല രീതികളിൽനിന്ന് മാറിനടന്നില്ലെങ്കിൽ കേരളത്തിന് ഇനിയും മുന്നോട്ടുപോകാനാവില്ല. കണക്കുകൾകൊണ്ട് ഓട്ടയടച്ചാൽ തുടർഭരണം കിട്ടില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് കേരളം ഇപ്പോൾ പിന്നിട്ടത്. പുതിയ സർക്കാറിന്റെയും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെയും വികസന കാഴ്ചപ്പാട് മുൻ മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമാണെന്ന് ഇതിനകം അദ്ദേഹം പങ്കുവച്ച അഭിപ്രായങ്ങളും ആശയങ്ങളും വ്യക്തമാക്കുന്നു. ഇത് പ്രതീക്ഷാനിർഭരമാണ്. 

സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സാമൂഹികമായി ശാക്തീകരിക്കുന്ന നടപടികൾ തീർച്ചയായും സർക്കാറിന്റെ വികസ പരിപാടികളിൾ ഉണ്ടായിരിക്കണം. സമരമായും വിവാദമായും നിയമനടപടികളായും പതിറ്റാണ്ടുകളായി കേരളത്തിൽ സജീവമായി നിലനിൽക്കുന്ന വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങൾക്ക് സർക്കാർ മുൻകൈയെടുക്കണം. ഭൂകഹിതരായ മനുഷ്യർക്ക് പാർപ്പിടവും കൃഷിയിടവും ഉറപ്പാക്കുന്നതിന് പല പദ്ധതികളും മുൻകാലങ്ങളിലുണ്ടായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ പൊതുഭൂമി വൻതോതിൽ കൈവശംവച്ചിരിക്കുന്ന വൻകിടക്കാരുടെ അന്യായമായ ആധിപത്യത്തെ ഫലപ്രദമായി നേരിടാൻ ഒരു സർക്കാറും ഇതുവരെ തയാറായിട്ടില്ല. കേരളത്തിലെ ഭൂ പ്രശ്നം പരിഹരിക്കാൻ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയുടെ നിയമപ്രകാരമുള്ള തുടർനടപടികൾ മാത്രമാതിയാകും. കേരളത്തില ഏറ്റവും വലിയ സർക്കാർ തൊഴിൽമേഖല വിദ്യാഭ്യാസ രംഗമാണ്. ഇവിടത്തെ തൊഴിൽ ഉടമസ്ഥത പക്ഷെ സർക്കാറിനും സ്വകാര്യ വ്യക്തികൾക്കുമിടയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്. സർക്കാർ പണംമുടക്കുന്ന സ്വകാര്യ സംരംഭങ്ങളിൽ പിന്നാക്ക സംവരണം പിലാക്കാനും എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനും സർക്കാറിന് കഴിയണം. എയിഡഡ് നിയമനം പിഎസ്സിക്ക് വിടണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും വൻകിടക്കാരുടെ ഭൂമിപോലെത്തന്നെ അതും 'അധികാരപരിധി'ക്ക് പുറത്ത് അവശേഷിക്കുകയാണ്. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടാറുണ്ടെങ്കിലും അവരെയും അവരെ സംരക്ഷിക്കുന്നവരെയും സന്പൂർണമായി ഉൾകൊള്ളുന്ന ഫലപ്രദമായ ഒരു പദ്ധതിയും കേരളത്തിലുണ്ടായിട്ടില്ല. ഇങ്ങിനെ കാലങ്ങളായി ബോധപൂർവം അവഗണിച്ചും  അവഗണിക്കപ്പെട്ടും കഴിയുന്ന മേഖലകൾ ക്രമേണ ഭരണാനുകൂല്യങ്ങളുടെ ഏറ്റവും ചെറിയ ഗുണഭോക്താവാകൻ പോലുംകഴിയാതെ പുറന്തള്ളപ്പെട്ടിട്ടുണ്ട്. അവയെ കണ്ടെത്താനും അവരെക്കൂടി ഉൾകൊള്ളുന്ന വികസന കാഴ്ചപ്പാട് രൂപപ്പെടുത്താനും ബോധപൂർവ ശ്രമങ്ങളുണ്ടാകണം.

സർക്കാർ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് വയോജന വകുപ്പ് രൂപീകരിക്കാനെടുത്ത തീരുമാനം ഈയർഥത്തിൽ സവിശേഷ വികസന വീക്ഷണം മുന്നോട്ടുവക്കുന്ന ഒന്നാണ്. ജനസംഖ്യാ പരിണാമത്തിൽ പുതിയൊരു ഘട്ടത്തിലേക്കാണ് കേരളം കടക്കുന്നത്. തുടർച്ചയായി ജനസംഖ്യ കുറയുക, കുറഞ്ഞ ജനന നിരക്ക് തുടരുക, വയോധികരുടെ എണ്ണം കൂടുക, തൊഴിലാളികളുടെ എണ്ണം കുറയുക തുടങ്ങിയ സൂചനകൾ ഇതിനകം പ്രകടമായിക്കഴിഞ്ഞു. സാന്പത്തിക വളർച്ചയിൽ കടുത്ത വെല്ലുവിളികളാണ് ഇത് സൃഷ്ടിക്കുക. സാമൂഹിക ക്ഷേമ പദ്ധതികളും പെൻഷൻ പോലുള്ളവയും വൻ തോതിൽ വർധിക്കും. ആരോഗ്യച്ചിലവ് സാധാരണക്കാരന് വെല്ലുവിളിയായി മാറും. ജപ്പാൻ പോലുള്ള രാജ്യങ്ങൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളിലേക്ക് അധികം വൈകാതെ കേരളം ചെന്നെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം പ്രതിസന്ധി മറികടക്കാൻ ജനസംഖ്യാ പുനക്രമീകരണമാണ് ജനസംഖ്യാ ശാസ്ത്രജ്ഞർ മുന്നോട്ടുവക്കുന്ന പരിഹാരം. കുടിയേറ്റംവഴി ജനസംഖ്യാ കുറവ് നികത്തുക, സാങ്കേതികവിദ്യയും ഓട്ടോമേഷനും വഴി തൊഴിലാളി ക്ഷാമം നേരിടുക, ജനസംഖ്യാ പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിക്കുക പോലുള്ളവ ഇതിന് സഹായകരമാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ് തൊഴിലാളി ക്ഷാമത്തിന് ഒരു പരിധിവരെ ബദലായേക്കും. എന്നാൽ അവരെ നിലനിർത്താനും അവരുടെ ധനവിനിയോഗം സംസ്ഥാനത്തിന് പ്രയോജനപ്പെടുന്ന തരത്തിൽ അവരെ പിടിച്ചുനിർത്താനും കഴിയണം. ചുരുക്കത്തിൽ വയസ്സൻ കേരളത്തെയാണ് പുതിയ സർക്കാറിന് വികസിപ്പിക്കുയും ചലിപ്പിക്കുകയും ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ കുട്ടികൾ കുറയുകയും വയോധികർ കൂടുകയും ചെയ്യുന്ന സമൂഹത്തെ സാന്പത്തികമായും സാമൂഹികമായും എങ്ങനെ നിലനിർത്താമെന്ന ആലോചന കേരള വികസനത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായി മാറേണ്ട സമയമാണിത്. അതുകൊണ്ടാണ് വയോജന വകുപ്പ് രൂപീകരണം ഈ ദിശയിലേക്കുള്ള ആശാവഹവും ഭാവനപൂർണവുമായ ചുവടുവപ്പായി മാറുന്നത്.

സംസ്ഥാനത്തിന്റെ സവിശേഷ ഘടനയെയോ പരിമിതികളെയോ പരിഗണിക്കാത്ത അന്ധമായ വികസന വായ്ത്താരികളാണ് പതിറ്റാണ്ടുകളായി ഇവിടെ ഉയർന്നുകേൾക്കുന്നത്. പുതിയ മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്ന അദ്ദേഹത്തിന്റെ മാസ്റ്റർ പദ്ധതിയായ തുറമുഖ നഗരമെന്ന ആശയം ഇതിൽനിന്ന് വ്യത്യസ്തമാണ്. ദീർഘമായ തീര പ്രദേശമുള്ള സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കാൻ കഴിയുന്ന ബൃഹദ് പദ്ധതിയായി ഇതിനെ മാറ്റാനാകും. 600 കീലോമീറ്റർ തീരമുള്ള കേരളത്തിൽ 2 അന്താരാഷ്ട്ര തുറമുഖങ്ങളുണ്ട്. ഒരു കണ്ടെയ്നർ തുറമുഖമുണ്ട്. 17 മിനി ഹാർബറുകളുണ്ട്. ഇത്രയും തീര സന്പന്നമായ സംസ്ഥാനത്ത് തുറമുഖ കേന്ദ്രീകൃത വികസന പരിപാടികൾക്ക് അനന്ത സാധ്യതയാണുള്ളത്. കേരളത്തിലെ ഏറെക്കുറെ എല്ലാ ബജറ്റിലും കടലും പുഴയും കടന്നുവരുമെങ്കിലും അതൊരാചാരത്തിനപ്പുറമുള്ള ബൃഹദ് പദ്ധതികളായി മാറിയിട്ടില്ല.  ചരക്കുനീക്കം കടലിലേക്ക് മാറ്റുക, പിന്നീട് കടൽ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുക, അതിന് ശേഷം നദികളെക്കൂടി ബന്ധിപ്പിച്ച് ടൂറിസം വികസിപ്പിക്കുക - ഈ ത്രിതല പദ്ധതിയാണ് സർക്കാർ ആലോചിക്കുന്നത് എന്നാണ് നിയമസഭയിലെ ആദ്യ നയപ്രഖ്യാപന ചർച്ചയിൽ വി ഡി സതീശൻ പങ്കുവച്ച ആശയം. തീരസന്പന്നമായ രാജ്യങ്ങളും പ്രദേശങ്ങളും അവരുടെ വളർച്ചയുടെയും വികാസത്തിന്റെയും അടിത്തറയയായി കടലിനെയും തീരങ്ങളെയും പ്രയോജനപ്പെടുത്തിയതിന് നിരവധി ആഗോളമാതൃകകളുണ്ട്. ദുബൈയുടെ ജി ഡി പിയിൽ 15 ശതമാനത്തോളം സംഭാവന ചെയ്യുന്നത് അവിടത്തെ തുറമുഖവും അനുബന്ധ മേഖലകളുമാണ്. ചെറിയൊരു ദ്വീപ് രാജ്യമായിരുന്ന സിംഗപ്പൂരിനെ ഇക്കാണുന്ന പ്രതാപത്തിലേക്ക് നയിച്ചത് സിംഗപ്പൂർ പോർട്ട് സിറ്റി പദ്ധതിയാണ്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് ഹബ്ബായ ഗിംഗപ്പൂരിന്റെ ജി ഡി പിയിൽ 7 ശതമാനം സംഭവാന ചെയ്യുന്നത് സമുദ്ര വ്യവസായ മേഖലയാണ്. 1970കളോടെയാണ് സിംഗപ്പൂർ സാന്പത്തിക വളർച്ചയിലേക്ക് വഴിതിരിഞ്ഞത്. അന്നുതൊട്ട് ഇതുവരെയുള്ള കാലയളവിനിടെ ടോട്ടൽ ജിഡിപിയിൽ 417 ഇരട്ടി വർധനയാണുണ്ടായത്! ഇതിൽ സമുദ്ര വ്യവസായത്തിന്റെ സംഭാവന മൂന്നര ഇരട്ടിയായി ഉയർന്നു. സമുദ്ര വ്യവസായ മേഖലയിൽ മാത്രം 12 ഇരട്ടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ലൈഫ് എക്സ്പെറ്റൻസി 58 വയസ്സിൽ നിന്ന് 84 ആയി മാറി. പോരായ്മകളില്ലാത്ത മാതൃകയല്ല സിംഗപ്പൂർ. എങ്കിലും ബഹുതല സ്പർശിയായ വികസനാവിഷ്കാരങ്ങൾ ഒരു രാജ്യത്തെ ഏതളവിൽ മാറ്റിമറിക്കുമെന്ന് മനസ്സിലാക്കാൻ ഇതുപകരിക്കും. പ്രത്യേകിച്ചും ജനസാന്ദ്രതയിലും ഭൂ ലഭ്യതയിലും കേരളത്തോട് ഏറെ സാമ്യമുള്ള പ്രദേശമെന്ന നിലയിൽ. കേരളത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 900 പേർ ആണെങ്കിൽ സിംഗപ്പൂരിൽ അത് 8,400 പേരാണ്. ഭൂവിസ്തൃതിയിൽ കേരളം സിംഗപ്പൂരിനേക്കാൾ 50 മടങ്ങ് വലുതാണ്. എന്നിട്ടും ലോകത്തെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായി മാറാൻ കുറഞ്ഞകാലംകൊണ്ട് അവർക്ക് കഴിഞ്ഞു. ജീവിത നിലവാരം വലിയ തോതിൽ ഉയർന്നപ്പോഴും അവിടത്തെ നിത്യജീവിതച്ചിലവ് സാധാരണ പൗരന് താങ്ങാനാവുംവിധം നിയന്ത്രിച്ചുനിർത്താൻ തക്ക ഇടപെടലുകൾ നടത്താൻ സർക്കാറിനെ പ്രാപ്തമാക്കിയതും തുറമുഖ മേഖലയിലൂടെ കൈവരിച്ച അഭൂതപൂർവമായ വളർച്ചയാണ്. 

ഇത്തരം മാതൃകകളെ അപ്പാടെ പകർത്തി കേരളത്തെ സിംഗപ്പൂരാക്കാൻ ശ്രമിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി ഓരോ പദ്ധതിയെയും രൂപപ്പെടുത്തിയെടുക്കണം. വർധിതമായ ജനസാന്ദ്രത, പാരിസ്ഥിതിക സവിശേഷതകൾ, ഭൂ ലഭ്യത, പ്രകൃതി വിഭവ സാധ്യതകൾ തുടങ്ങി നിരവധി ഘടകങ്ങൾ കേരളത്തിൽ അവഗണിക്കാനാകാത്തവിധം സുപ്രധാനമാണ്. ഇവയ്ക്കിണങ്ങുംവിധം പദ്ധതികളെ മാറ്റിയൊരുക്കണമെന്ന ജനാഭിപ്രായത്തോട് ഭരണകൂടങ്ങൾ പൊതുവെ നിഷേധാത്മക സമീപനമാണ് സ്വീകരിക്കാറുള്ളത്. ഒടുവിൽ പൊതുജനവും സർക്കാറും തമ്മിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സംഘർഷങ്ങളിലാണ് 'പല വികസന'വും ചെന്നെത്തുക. വി ഡി സതീശനിൽനിന്ന് കേരളം ഇതല്ല പ്രതീക്ഷിക്കുന്നത്. പദ്ധതികൾക്കുവേണ്ടി കുടിയിറക്കപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുനരധിവസിപ്പിക്കപ്പെടാത്ത അനുഭവങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയതിനാൽ വീട് വയ്ക്കാനോ വിൽക്കാനോ പൊളിക്കാനോ കഴിയാതെ കുരുക്കിലകപ്പെട്ടുപോയ സാധുക്കളുണ്ട്. പദ്ധതിക്ക് കല്ലിടുംമുന്പേ അതിനിരയാകുന്നവരെ പുനരധിവസിപ്പിച്ച അനുഭവവും കേരളത്തിലുണ്ട്. എങ്കിലും വികസനമെന്നാൽ മനുഷ്യനെയോ മണ്ണിനെയോ പരിഗണിക്കാൻ ഇടമില്ലാത്ത ഒന്നാണെന്ന അധികാര ഭാഷ്യമാണ് കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പൊതുവിശ്വാസം. അത് തിരുത്തപ്പെടണം. എല്ലാതരം മനുഷ്യർക്കും ഇടമുള്ള, എല്ലാ പ്രദേശങ്ങളും തുല്യമായി പരിഗണിക്കപ്പെടുന്ന, ജനസൗഹൃദവും സംഘർഷരഹിതവുമായ, വ്യക്തിക്കും സർക്കാറിനും നിക്ഷേപകനും ഒരുപോലെ ഉത്തരവാദിത്തവും അവകാശങ്ങളുമുള്ള വികസനാനുഭവങ്ങൾ കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. 

(പ്രബോധനം വാരിക, ജൂൺ 26, 2026)


Tuesday, June 16, 2026

വി ഡി വന്ന വഴി, പോകേണ്ട വഴി


 



തുടർഭരണത്തേരോട്ടത്തിൽ പകച്ചുപോയ പ്രതിപക്ഷം അസാധാരണമായ ആത്മവിശ്വാസത്തോടെയാണ് അധികാരത്തിലേക്ക് തിരിച്ചുവന്നത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ പ്രവർത്തനം പൊതുജന വിശ്വാസമാർജിക്കുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് ഇടതു സർക്കാറിന്റെ ഭരണത്തുടർച്ചക്ക് വഴിയൊരുക്കിയത്. സർക്കാറിന്റെ കെടുകാര്യസ്ഥതയും വീഴ്ചകളും പുറത്തെത്തിക്കുന്നതിൽ വലിയ സംഭാവന ഒന്നാം പിണറായിക്കാലത്തെ പ്രതിപക്ഷം നൽകിയിട്ടുണ്ട്. എന്നാൽ ഒരു വിസിൽ ബ്ലോവർ നിലവാരത്തിൽ അത് പരിമിതപ്പെട്ടു. ആരോപണങ്ങളെയും കണ്ടെത്തലുകളെയും രാഷ്ട്രീയ പ്രമേയമാക്കി വികസിപ്പിക്കാനോ അതിനെ ആന്തരികവത്കരിക്കാനുതകുംവിധം സാധാരണ മനുഷ്യരിലേക്ക് വിനിമയം ചെയ്യാനോ അക്കാലത്തെ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഇങ്ങിനെ പൊതുജനങ്ങളുടെ വിശ്വാസ്യതയാർജിക്കുന്നതിൽ പരാജയപ്പെട്ട പ്രതിപക്ഷത്തെയാണ് വി ഡി സതീശൻ ഏറ്റെടുക്കുന്നത്. 

പതനത്തിന്റെ ഈ പടുകുഴിയിൽ നിന്ന് കരകയറാൻ പ്രാഥമകിമായി വേണ്ടിയിരുന്നത് പ്രതിപക്ഷത്തെ മുഖവിലക്കെടുക്കുന്ന പൊതുസമൂഹത്തെ സജ്ജമാക്കലായിരുന്നു. അക്കാര്യത്തിൽ സതീശൻ വലിയ വിജയമായി. ഇടതുപക്ഷത്തിനെതിരെ എളുപ്പത്തിൽ വിലപ്പോകാത്ത ആരോപണമാണ് ആർ എസ് എസ് ബന്ധം. എന്നാൽ കഴിഞ്ഞ സർക്കാറിനെതിരെ കേരളീയ മതേതര സമൂഹം ഏറ്റവും ആശങ്കപ്പെട്ട വിഷയമാക്കി അതിനെ മാറ്റിയെടുക്കാൻ സതീശന് കഴിഞ്ഞു. യു ഡി എഫ് എന്നാൽ വികസനം പറയുന്നവരും എൽ ഡി എഫ് എന്നാൽ രാഷ്ട്രീയം പറയുന്നവരും ആണെന്നാണ് കേരളത്തിന്റെ പൊതു വിശ്വാസം. പിണറായി-സതീശൻ കാലത്ത് ആ ധാരണ അടിമുടി തകിടം മറിഞ്ഞു. വികസനത്തെക്കുറിച്ച് പറയുമെന്ന് പ്രതീക്ഷിച്ച സതീശന്റെ പ്രതിപക്ഷം, ഇടതുപക്ഷത്തിന്റെ വഴിതെറ്റുന്ന രാഷ്ട്രീയത്തിൽ ഊന്നിനിന്നു. രാഷ്ട്രീയം പറയുമെന്ന് പ്രതീക്ഷിച്ച പിണറായിയുടെ ഭരണ പക്ഷം വികസന കേരളത്തെക്കുറിച്ചും വികസന നായകനായ മുഖ്യമന്ത്രിയെക്കുറിച്ചും മാത്രം പറഞ്ഞു. വികസനമോഹികളാണ് മലയാളികളെങ്കിലും അത് തീർത്തും അരാഷ്ട്രീയമായ ഒന്നാണെന്ന വിശ്വാസത്തിലേക്ക് അവർ പൂർണമായി പരിവർത്തിക്കപ്പെട്ടിട്ടില്ല. അതിനാൽ മലയാളികളുടെ മുൻഗണനയിൽ പ്രതിപക്ഷം ഒന്നാമതായി. 

കേരളത്തിന്റെ പൊതുമണ്ഡലത്തെ അഗാധമായി സ്വാധീനിക്കുകയും ആലോചനാവഴികളെ നിർണയിക്കുകയും ചെയ്തിരുന്ന ഇടതുപക്ഷത്തിന്റെ ആഖ്യാനങ്ങളെ സതീശൻ അനായാസം മറികടന്നു. എതിരാളികൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുകയും സ്വന്തം ചരിത്രത്തെത്തന്നെ തള്ളിപ്പറയുംവിധം രാഷ്ട്രീയ ആശയങ്ങൾ രൂപപ്പെടുത്തുകയും ചെയ്തത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യത കളഞ്ഞു. അതവരെ അതീവ ദുർബലമാക്കി. രാഷ്ട്രീയ വിമർശനമുന്നയിക്കുന്ന മുസ്ലിം സംഘനകൾക്കെതിരെ തുടങ്ങിയ യുദ്ധം വംശീയ സ്വഭാവത്തിലേക്ക് പരിണമിച്ചു. പോസ്റ്റ് സെക്യുലർ കാലത്തെ സാമൂഹിക വികാസങ്ങളെ യാഥാർഥ്യബോധത്തോടെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷത്തെ പുതിയ ഭാഷകൊണ്ടും കാലികമായ ആശയങ്ങൾകൊണ്ടും സതീശൻ അനായാസം നേരിട്ടു. സമൂഹത്തിലെ നാനാവിധ വിഭാഗങ്ങളെ അവരവരുടെ ഭാഷയിൽ അഭിമുഖീകരിക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വാഹന രൂപമാറ്റത്തെക്കുറിച്ച സതീശന്റെ അഭിപ്രായപ്രകടനം പുതുതലമുറ വോട്ടർമാർക്കിടയിൽ കാട്ടുതീപോലെയാണ് പടർന്നത്. ഇങ്ങിനെ കേരളത്തെക്കുറിച്ച സ്വപ്നങ്ങളും ഭരണത്തെക്കുറിച്ച കാഴ്ചപ്പാടുകളും പങ്കുവച്ച പലവിധ ആശയവിനിമയങ്ങൾ പ്രതിപക്ഷത്തെ ബഹുദൂരം മുന്നിലാക്കി.  

സമീപകാല കോൺഗ്രസ് നേതൃത്വങ്ങളെല്ലാം - കേരളത്തിലും ദേശീയ തലത്തിലും - വ്യക്തതയില്ലാത്ത രാഷ്ട്രീയ നയങ്ങളാൽ പ്രവർത്തകരെയും പൊതുസമൂഹത്തെയും നിരന്തരം ആശയക്കുഴപ്പത്തിലോ അനിശ്ചിതത്വത്തിലോ നിർത്തുന്നവരായിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തിയിരുന്ന അനുപാത രഹിതമായ ബാലൻസിങ്, ഒരു പാർട്ടിയെ എങ്ങിനെ തകർക്കുമെന്ന് പഠിക്കാൻ ഉതകുന്ന പാഠപുസ്തകമാണ് കേരളത്തിലെ കോൺഗ്രസ്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം അതിൽ കാതലായ മാറ്റം വന്നു. ഉറച്ച നിലപാടുകളും വ്യക്തതയുള്ള നയങ്ങളും രാഷ്ട്ര നിർമാണം അടിസ്ഥാനമാക്കിയ സാമൂഹിക വീക്ഷണങ്ങളും തെളിമയോടെ പൊതുസമൂഹത്തിന് കൈമാറ്റം ചെയ്യുന്നതിൽ സതീശൻ വിജയംവരിച്ചു. സംഘടനാ ദൗർബല്യങ്ങളിലും നേതൃതർക്കങ്ങളിലും ആടിയുലയുന്ന ആൾകൂട്ടമായിരുന്നു എക്കാലത്തും കോൺഗ്രസ്. ഇതിൽ കൈവരിച്ച മാറ്റം സതീശന് വ്യക്തിപരമായ നഷ്ടമായി ഒടുവിൽ മാറിയെങ്കിലും പാർട്ടിക്ക് അത് പുതുജീവൻ നൽകി. പ്രവർത്തകർക്ക് വഴികാട്ടുന്ന, അനുഭാവികൾക്ക് വിശ്വസിക്കാവുന്ന, പൊതുജനത്തിന് ആശ്രയിക്കാവുന്ന നേതൃത്വത്തെയും കോൺഗ്രസിനെയുമായിരുന്നു കഴിഞ്ഞ അഞ്ചുവർഷം കണ്ടത്.  ബി ജെ പി പറയുന്ന തീവ്ര വർഗീയതയുടെ ലാഭം കൊയ്യാമെന്ന അതിമോഹത്താൽ ഇടതുന്ദുത്വം പ്രയോഗിച്ച സിപിഎമ്മിനെ തെളിമയാർന്ന മതേതര നിലപാടുപറഞ്ഞും അവർ വേട്ടയാടിയ ന്യൂനപക്ഷത്തെ നിർഭയം ചേർത്തുപിടിച്ചുമാണ് കോൺഗ്രസ് ഇത്തവണ പ്രതിരോധിച്ചത്.  അധികാര ദുഷിപ്പിന്റെ കെടുതികൾകൊണ്ട് നിത്യജീവിതം താറുമാറായ സാധാരണക്കാരെ അതിനെതിരെ വിധിയെഴുതാൻ പ്രാപ്തരാക്കുമാറ് ജനകീയ പ്രശ്നങ്ങളെ അഭിമുഖീരിക്കാനും ധൈര്യംകാട്ടി. ഇങ്ങിനെ ബഹുമുഖ പരിപാടികളിലൂടെ ആർജിച്ച ബഹുജന വിശ്വാസവും സാമൂഹിക മനോഭാവം രൂപപ്പെടുത്തുന്ന സൂക്ഷ്മവും വിശാലവുമായ ഘടകങ്ങളുടെ വിജയകരമായ സങ്കലനവുമാണ് യു ഡി എഫിനെ അധികാരത്തിലേക്ക് എത്തിച്ചത്. 

ഈ വിജയം അതിന്റെ പൊലിമയോടെ ഭരണകാലത്തുടനീളം നിലനിർത്തുക എന്നത് യു ഡി എഫിനെ സംബന്ധിച്ച് പരമപ്രധാനമാണ്. എന്ന് മാത്രമല്ല, ഭരണത്തുടർച്ച വേണമെന്ന അതിയായ ആഗ്രവുമായാണ് ഈ സർക്കാർ അധികാരത്തിലേറിയിരിക്കുന്നത്. അതിന് വോട്ടർമാർ നൽകിയ കൂറ്റൻ ഭൂരിപക്ഷം, ജനവിശ്വാസം അതിന്റെ പാരമത്യയിൽ നേടിയെടുക്കാനായതിന്റെ തെളിവാണ്. ഈ വിശ്വാസം ഭരണത്തിലുടനീളം നിലനിർത്തുകയെന്നത് സർക്കാറിനെ സംബന്ധിച്ച് അതിപ്രധാനമായിരിക്കും. മുന്പെന്നത്തേക്കാളുമുപരി, അതിശക്തമായ പൗരസമൂഹ വിചാരണക്ക് കേരള രാഷ്ട്രീയം വിധേയമാകുന്ന കാലമാണിത്. കക്ഷി രാഷ്ട്രീയ വ്യവാഹരങ്ങളിൽ അത്രമേൽ തത്പരരല്ലാത്ത പുതുതലമുറ വോട്ടർമാർപോലും മുഖ്യമന്ത്രി നിർണയം അനിശ്ചിതത്വത്തിലായ ദിവസങ്ങളിൽ രോഷാകുലരായി തെരുവിലും സോഷ്യൽ മീഡിയ ചുവരിലും പ്രത്യക്ഷപ്പെട്ടു. വി എസ് അച്യുതാനന്ദന് വേണ്ടി പാർട്ടി പ്രവർത്തകർ ഒരിക്കൽ തെരുവിലിറങ്ങിയതൊഴിച്ചാൽ കേരളത്തിൽ ഇത്തരം ജനകീയ പ്രക്ഷോഭം മുന്പുണ്ടായിട്ടില്ല. താരരാജാക്കൻമാരുടെ ആരാധക വൃന്ദം ചാടിയിറങ്ങുംപോലെയാണ് സാധാരണക്കാരൻ 'മുഖ്യമന്ത്രി അട്ടിമറി'ക്കെതിരെ മുഷ്ടിചുരുട്ടിയത്. അവരുടെ രോഷത്തിന് മുന്നിൽ കോൺഗ്രസ് നേതൃത്വത്തിന് വഴങ്ങേണ്ടിയും വന്നു. രാഷ്ട്രീയ വിവാദങ്ങളോടും പാർട്ടികളുടെ നടപടിക്രമങ്ങളോടും പൊതുസമൂഹം പ്രതികരിക്കുന്ന രീതികളിൽ വന്ന ഈ മാറ്റം, ഏതുനിമിഷവും സർക്കാർ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കപ്പെടാമെന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതവഗണിച്ച് ഇനി ഒരു പൊതു സംവിധാനത്തിനും മുന്നോട്ടുപോകുക സാധ്യമല്ല. 

ഒരുരാജ്യം ഒരു സർക്കാർ എന്ന അപടകരമായ ഏകാധിപത്യ സ്വപ്നം ജനാധിപത്യ വഴികളിലൂടെ നടപ്പാക്കാമെന്ന് ആലോചിച്ചുറപ്പിച്ചിരിക്കുന്ന ഫാസിസ്റ്റ് സംഘമാണ് കേന്ദ്രം ഭരിക്കുന്നത്. ജനാധിപത്യത്തെ വൈവിധ്യപൂർണവും ശക്തിമത്തുമാക്കുന്ന ഫെഡറലിസമെന്ന തത്വത്തെ തകർത്തെറിയുന്ന പദ്ധതികളാണ് ഓരോ ചുവടിലും നടപ്പാക്കപ്പെടുന്നത്. സാന്പത്തിക സ്വാതന്ത്ര്യവും അക്കാദമിക്  സ്വാതന്ത്ര്യവും തുടങ്ങി ആഭ്യന്തര ഭരണത്തിൽവരെ അത് കൈവച്ചുകഴിഞ്ഞു. ഈ പ്രവണതകളോട് സമരസപ്പെടാതെ ഭരിക്കുക എന്നത് കേരള രാഷ്ട്രീയത്തിൽ സുപ്രധാനമാണ്. ഇതിനെതിരായ പോരാട്ടമാണ് കടുത്ത വെല്ലുവിളികൾക്കിടയിലും ബംഗാളിലെ ബിജെപി വിരുദ്ധ സർക്കാറിനെ ദീർഘകാലം നിലനിർത്തിയത്. ശത്രുതാപരമായ സമീപനം സ്വീകരിച്ച കേന്ദ്രത്തോട് അണിയറയിൽ സന്ധിചെയ്തുവെന്ന തോന്നലുണ്ടാക്കിയ ഇടതുസമീപനങ്ങൾ  സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ വഹിച്ച പങ്ക് ചെറുതല്ല. ഇക്കാര്യത്തിൽ കണിശമായ അതിര് പാലിച്ചില്ലെങ്കിൽ തിരിച്ചടിക്ക് ഇതുമതിയാകും. 

ഇതിനിടെയാണ് സർക്കാർ നേരിടുന്ന സാന്പത്തിക പ്രതിസന്ധി. ഖജനാവ് കാലിയാണെന്ന വാദമുയർത്തി തെരഞ്ഞെടുപ്പ് നേരിട്ടവരാണ് പ്രതിപക്ഷം. ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാൻ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിക്കുകയും ചെയ്തു. മുന്പ് സമാന നടപടിയുണ്ടായത് മുൻ സർക്കാർ ഭരിച്ചുമുടിച്ച ട്രഷറിയെക്കുറിച്ച് എ കെ ആന്റണി സർക്കാർ ധവളപത്രം പ്രസിദ്ധീകരിച്ചപ്പോഴാണ്. അതിന് പിന്നാലെ ഏർപെടുത്തിയ കടുത്ത നിയന്ത്രണം ആന്റണി സർക്കാറിന്റെ നിലനിൽപിനെത്തന്നെ സാരമായി ബാധിച്ചു. ധവളപത്രത്തെ ഒരു നയ-തന്ത്ര രൂപീകരണ ആയുധമാക്കുന്നതിന് പകരം എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനമാക്കി മാറ്റിയെന്നതാണ് അന്നുസംഭവിച്ച അപകടം. സാന്പത്തിക കാര്യങ്ങളിൽ വൈദഗ്ധ്യമുള്ള മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പിൽ ഇത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം. 

മുൻ സർക്കാർ അടിസ്ഥാന വികസനത്തിന് ഉപയോഗിച്ച കിഫ്ബിയുടെ കടവും കടമെടുപ്പ് രീതികളും സംബന്ധിച്ച മൗലികമായ അഭിപ്രായ ഭിന്നത യുഡിഎഫിനുണ്ട്, പ്രത്യേകിച്ച് സതീശന്. കിഫ്ബി വഴി സൃഷ്ടിച്ച ഇൻഫ്ര വികസനത്തെയും അതിന്റെ ധൂർത്തലച്ച പ്രചാരണ പദ്ധതികളെയും വെറും സൈദ്ധാന്തികതകൾ കൊണ്ട് നേരിട്ടാൽ അത് ജനത്തിന് ബോധ്യമാകണമെന്നില്ല. ഇത്തരം സൗകര്യ വികസന പരിപാടികൾ തുടരുന്നത് യുദ്ധ പശ്ചാത്തലത്തിൽ നേരിടുന്ന ആഗോള സാന്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രാദേശിക പരിപാടിയായിക്കൂടി നിലനിർത്തേണ്ടതുമുണ്ട്. സതീശന്റെ നയത്തിനും ജനങ്ങളുടെ അനുഭവത്തിനുമിടയിൽ യാഥാർഥ്യബോധത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ അടിതെറ്റും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ യു ഡി എഫ് ഗ്യാരണ്ടികളെല്ലാം സംസ്ഥാനത്തിന് വലിയ സാന്പത്തിക ബാധ്യത വരുത്തിവക്കുന്നവയാണ് എന്നത് ഇതിനോട് ചേർത്തുവായിക്കണം. 

ആഭ്യന്തര വകുപ്പാണ് യു ഡി എഫ് വിജയത്തിലേക്ക് മുതൽകൂട്ടിയ മറ്റൊരു പ്രധാനഘടകം. പിണറായിയെ കണ്ണടച്ച് ന്യായീകരിച്ചിരുന്ന ഇടത് സൈബർ പോരാളികൾ വരെ സർക്കാറിന് എതിരായത് ആഭ്യന്തര ഭരണത്തിലെ വീഴ്ചകളുടെ പേരിലാണ്. വിദ്വേഷ പ്രചാരകരെ കയറൂരിവിട്ടും സർക്കാർ അവരോടൊപ്പമാണെന്ന സന്ദേശം ഇടക്കിടെ നൽകിയും കേരളത്തിൽ സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ സി പി എം നടത്തിയ ശ്രമങ്ങൾക്ക് വേദിയായത് ആഭ്യന്തര വകുപ്പാണ്. മുഖ്യമന്ത്രിക്കുള്ള നയ വ്യക്തതയും ആശയ ദൃഢതയും വകുപ്പ് ഭരിക്കുന്ന മന്ത്രിക്കുണ്ടായില്ലെങ്കിൽ ഒന്നാം പിണറായിക്കാലത്തെ പ്രതിപക്ഷത്തിന്റെ നിലവാരത്തിലേക്ക് ഭരണം കൂപ്പുകുത്തും. 

ഭരണ കേന്ദ്രത്തിലെ ഡീപ് സ്റ്റേറ്റും ഉദ്യോഗസ്ഥ നെക്സസും ബുദ്ധിപൂർവം മറികടക്കുക എന്നതും ഭരണ മികവിന് അതിപ്രധാനമാണ്. സെക്രട്ടേറിയറ്റ് മുതൽ ഏതാണ്ടെല്ലാ സർക്കാർ ആപ്പീസുകളും ജാതിപുതച്ച ആലയങ്ങളും തത്പര സംഘങ്ങളുടെ വ്യവഹാര ഭൂമിയുമാണ്. ഭരണ ചക്രം നിയന്ത്രിക്കുന്ന അധീശ ജാതികളുടെ താത്പര്യങ്ങളെ തിരിച്ചറിഞ്ഞ് സാധാരണക്കാർക്കൊപ്പം നിൽക്കുക എന്നത് ഏറെ ശ്രമകരമായിരിക്കും. ഇപ്പോൾ തന്നെ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ, ഒരു അയൽ സംസ്ഥാനത്തിന്റെ പേരിലറിയപ്പെടുന്ന സംഘം വലിയ സ്വാധീനത്തോടെ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ശൃംഘല മുഖ്യമന്ത്രി ഓഫീസ് മുതൽ മർമപ്രധാന പോയിന്റുകളിലെല്ലാം ചാരക്കാമറ കണക്കേ സജീവമാണ്. ഇത്തരമാളുകളെ മറികടക്കാതെ ഭരണത്തെ സുതാര്യവും ജനകീയവുമാക്കുക അസാധ്യമാണ്. ഭരണപരിചയമില്ലാത്ത, നിയമസഭാ പരിചയംപോലുമില്ലാത്ത മന്ത്രിമാർക്ക് ഇത് എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയണം. വർഗീയ ധ്രുവീകരണം അപകടകരമായ നിലയിൽ വളരുന്ന സംസ്ഥാനമാണിപ്പോൾ കേരളം. ഭരണ തലത്തിലുണ്ടാകുന്ന ഏതുചുവടുവപ്പും വർഗീയച്ചുവയോടെ വിലയിരുത്തപ്പെടും. സ്വതന്ത്രമായി ഭരിക്കാനാകാത്ത വിധം ഇത് സർക്കാറിനെയും മുഖ്യ ഘടകക്ഷിയായ മുസ്ലിം ലീഗിനെ വിശേിച്ചും പ്രതിരോധത്തിലാക്കുകയും ചെയ്യും. സിപിഎം നയിക്കുന്ന പ്രതിപക്ഷത്തിന്റെ പ്രധാന ആയുധവും ഇതേ വർഗീയത തന്നെയായിരിക്കുമെന്നാണ് അവരുടെ സമീപകാല പ്രവർത്തനങ്ങളിൽനിന്ന് മനസ്സിലാക്കാനാകുക. ഇത്തരം വർഗീയ സമ്മർദങ്ങൾക്ക് അണുവിട വഴങ്ങില്ലെന്ന ഉറച്ച തീരുമാനമില്ലെങ്കിൽ സർക്കാറിന് മുന്നോട്ടുപോകാനേ കഴിയില്ല. വർഗീയ സർമ്മർദങ്ങൾ സൃഷ്ടിക്കുന്നവരെ മൃദുസമീപനവും ഒത്തുതീർപുകളും കൊണ്ട് മറികടക്കാമെന്ന് കരുതരുത്. 

എന്നാൽ ഭരണ സംവിധാനങ്ങളിലെ ഇത്തരം ഊരാക്കുടുക്കളേക്കാൾ സർക്കാറിന് വെല്ലുവിളിയാകുക കോൺഗ്രസിനകത്തെ അധികാര വടംവലികളാണ്. ഗ്രൂപ്പ് തിരിഞ്ഞ് ബലാബലം തെളിയിക്കുക എന്നതായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിലെ കോൺഗ്രസിന്റെ പാരന്പര്യം. അതിനറുതി വരുത്തിയത് സതീശനാണ്. ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണ് അഞ്ചുകൊല്ലം കൊണ്ട് സതീശൻ രൂപപ്പെടുത്തിയത്. അതുപക്ഷെ തെരഞ്ഞെടുപ്പോടടുത്തപ്പോൾ തകിടം മറിഞ്ഞു. മുഖ്യമന്ത്രിക്കസേര സ്വപ്നംകണ്ട നേതാക്കൾ അവരവരുടെ സ്വന്തക്കാർക്ക് വേണ്ടി പോരടിച്ചു. അർഹതയേക്കാളുപരി അധികാരച്ചേരിയിൽ പരിഗണിക്കപ്പെട്ടവർ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സീറ്റുതന്നവരുടെ മാത്രം അനുയായികളായി മാറി. അവരെ ജനം തിരുത്തി. കണ്ണഞ്ചിപ്പിക്കുന്ന വിജയം സമ്മാനിച്ച പൊതുജനത്തെ വിഡ്ഢികളാക്കി ഒരു മുഖ്യമന്ത്രിയെ കൊണ്ടുവരാൻ ശ്രമിച്ചതിനെയാണ് നാട്ടുകാരിടപെട്ട് തടഞ്ഞത്. എന്നിട്ടും ഇതവസാനിച്ചിട്ടില്ലെന്ന് മന്ത്രിസഭാ രൂപീകരണത്തർക്കത്തിൽ നിന്ന് വ്യക്തമായി. ദേശീയ പ്രശസ്തരായ രണ്ട് പ്രമുഖ നേതാക്കളുടെ ചേരിതിരഞ്ഞ സമ്മർദത്തിന്റെയും പിടിവലിയുടെയും അനന്തരഫലം തീർത്തും അസന്തുലിതമായ ഒരു മന്ത്രിസഭയായി ഇഥ് മാറി എന്നതാണ്. യുഡിഎഫിനെ വൻ വിജയമ നൽകിയ  കോഴിക്കോടുപോലെ പ്രധാന ജില്ലകൾക്കുപോലും പ്രാതിനിധ്യമില്ലാത്ത, കോൺഗ്രസിനെ കണ്ണടച്ച് പിന്തുണച്ച ചില പിന്നാക്ക വിഭാഗങ്ങൾക്ക് ഒട്ടുമേ പങ്കാളിത്തമില്ലാത്ത ഒരു മന്ത്രിസഭയിലേക്ക് നയിച്ചത് അവരുടെ ഗ്രൂപ്പ് പോരാണ്. അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും വകുപ്പേതെന്നറിയാനാകാത്ത മന്ത്രിമാരെ സൃഷ്ടിച്ചതും ഇതേ പിടിവലിയാണ്. ഇതായിരുന്നില്ല ജനം പ്രതീക്ഷിച്ചത് എന്ന് ആദ്യ മണിക്കൂറിൽ തന്നെ തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കിൽ ജനം തന്നെ തിരുത്തും. 

ഇതേ തല്ലും തർക്കവും അഞ്ചുകൊല്ലം തുടരാനാണ് ഭാവമെങ്കിൽ സർക്കാറിന് അധിക കാലം ആയുസ്സുണ്ടാകില്ല. തെരഞ്ഞെടുപ്പ് ഫണ്ട് തന്നതിന്റെ കണക്കു പറഞ്ഞുപോലും എം എൽ എമാരുടെ പിന്തുണ വാങ്ങിയെടുത്തുവെന്നാണ് കോൺഗ്രസിലെ അണിയറചർച്ച. ഗ്രൂപ്പ് കളിയുടെ പാരമ്യത്തിൽ ഘടകകക്ഷികളെയും അതിന്റെ നേതാക്കളെയും അവഹേളിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഗ്രൂപ്പില്ലാ കോൺഗ്രസ് എന്ന സതീശന്റെ മുദ്രാവാക്യം നേതാക്കൾക്ക് അത്രത്തോളം ഇഷ്ടമായില്ലെങ്കിലും പ്രവർത്തകർ അത് ഏറ്റെടുത്തിരുന്നു. അത് മനസ്സിലാക്കുന്നതിൽ ഗ്രൂപ്പ് മാനേജർമാർ പരാജയപ്പെട്ടു. ഗ്രൂപ്പ് കളി പുനരാരംഭിച്ചുവെന്ന പ്രതീതി പ്രവർത്തകരെയും രോഷാകുലരാക്കി. കോൺഗ്രസിലെ ഏറെ ജനപ്രിയനായ നേതാവിന് വരെ അതിന്റെ ആഘാതമേറ്റു. 

എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഇതിനെല്ലാം അപ്പുറത്താണ് എന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ ഓരോ നേതാക്കൾക്കും ലഭിച്ച കൈയ്യടിയുടെ ആവേശമളന്നാൽ ബോധ്യപ്പെടും. ആദ്യ മന്ത്രിസഭാ യോഗ ശേഷം നടത്തിയ വാർത്താ സമ്മളനത്തിൽ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സതീശൻ നൽകിയ മറുപടി പരസ്പര പോരിന്റെ അന്തർധാര പ്രവർത്തനക്ഷമമായിരിക്കുമെന്ന സംശയം ജനിപ്പിക്കുന്നതാണെങ്കിലും അത് അത് പ്രവർത്തകരുടെ സൂക്ഷ്മ നിരീക്ഷണത്തിന് ഭരണത്തെ വിട്ടുകൊടുക്കുന്നുവെന്ന സന്ദേശം കൂടി ഉൾകൊള്ളുന്നതാണ്. മന്ത്രിമാർ ചേരിതിരിഞ്ഞാലും അതിനുമേലേ മുഖ്യമന്ത്രിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ സാധാരണ കോൺഗ്രസുകാർക്കുള്ളത്. 

പുതിയ പ്രതിപക്ഷമാകട്ടെ ഇത്തരം കാലികമായ മാറ്റങ്ങളിലേക്ക് വഴിമറുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു സൂചനയും ഇതുവരെ നൽകിയിട്ടില്ല. തെരഞ്ഞെടുപ്പാനന്തര ചർച്ചകളിലും ദിശാമാറ്റത്തിന്റെ മുന്നറിയിപ്പുകളില്ല. പുതിയ തലമുറയോട് സംവദിക്കാൻ ശേഷിയുള്ള നേതൃനിരയെ സഭയിൽ അണിനിരത്താൻ പോലും അവർ ശ്രമിക്കുന്നില്ല. അറുപതുകാരനായ മുഖ്യമന്ത്രിയെ നേരിടാൻ 80 പിന്നിട്ടയാളെയാണോ പ്രതിപക്ഷ നേതാവാക്കുന്നത് എന്ന ചോദ്യം പാർട്ടി അണികൾക്കിടയിൽ ശക്തമാണ്. എങ്കിലും അത് കോൺഗ്രസ് നേരിട്ടപോലെ, പരസ്യമായ പൊതുവായ ഒരു പൗരസമൂഹ ചോദ്യമായി സിപിഎമ്മിന് നേരെ ഉയരില്ല. കേരളത്തിൽ ഇപ്പോൾ പ്രകടമായ പൗരവിചാരണ കോൺഗ്രസിലും യുഡിഎഫിലും പരിമിതപ്പെടാനേ സാധ്യതയുള്ളൂ. കോൺഗ്രസിലെ ഉൾപാർട്ടി ജനാധിപത്യം അയഞ്ഞതും സോഷ്യൽ ഓഡിറ്റിന് പാകത്തിൽ തുറന്നുവച്ചതുമാണ് എന്നതാണ് അതിന്റെ കാരണം. സിപിഎമ്മിലെ കാര്യങ്ങൾ സ്റ്റാലിനിസത്തിന്റെ ഇരുന്പുമറക്കുള്ളിൽ തന്നെയായിരിക്കും ഇനിയും തീരുമാനിക്കപ്പെടുക. തെരഞ്ഞെടുപ്പിൽ തോറ്റന്പിയ ശേഷം പാർട്ടി നടത്തിയ ഏറ്റവും പ്രധാന പ്രഖ്യാപനം 'പ്രവർത്തകർക്ക് നിർഭയം അഭിപ്രായം പറയാൻ ഇനി അവസരം നൽകും' എന്നതാണ്. ഇതുവരെ അവിടെ അനുവദിക്കപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അളവ് എത്രയെന്ന് അത് ബോധ്യപ്പെടുത്തുന്നു. ഇത്തരമൊരു പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ വിമർശനത്തിന് പകരം ആക്രമണോത്സുകമായ എതിർപായിരിക്കും കൂടുതൽ നേരിടേണ്ടിവരിക. അത് മറികടക്കാൻ സതീശനെപ്പോലൊരാൾക്ക് എളുപ്പമായിരിക്കും. എന്നാൽ അതുവച്ച് കേരളത്തിലെ പൊതുസമൂഹത്തെ മറികടക്കാനാവില്ല എന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നതും സർക്കാറിന് പ്രധാനമായിരിക്കും. 

ചുരുക്കത്തിൽ വിജയം നിലനിർത്താനും ഭരണം തുടരാനും ലക്ഷ്യമിടുന്നുണ്ടെങ്കിൽ സൂക്ഷ്മ ശ്രദ്ധയും രാഷ്ട്രീയ ജാഗ്രതയും അതിപ്രധാനമാണ്. വിശ്വാസ്യതാ നഷ്ടത്താൽ തുടർഭരണത്തിന് വഴങ്ങേണ്ടിവന്ന പ്രതിപക്ഷത്തെ ആ പതനത്തിൽ നിന്ന് കൈപിടിച്ചുകയറ്റി, ജനവിശ്വാസം തിരിച്ചുപിടിച്ച് അധികാരത്തിലേക്ക് എത്തിച്ചതാണ് കഴിഞ്ഞ അഞ്ചുവർഷത്തെ വി ഡി സതീശന്റെ സംഭാവന. ആ വിശ്വാസം നിലനിർത്താനായാൽ ഭരണവും നിലനിൽക്കും. പ്രതിപക്ഷത്തിരിക്കുന്പോൾ അത് എളുപ്പത്തിൽ സാധ്യമാകും. എന്നാൽ അധികാരത്തിലിരിക്കുന്പോഴും ഈ വിശ്വാസ്യത നിലനിർത്തുക ശ്രമകരമായ ദൗത്യമാണ്. ഭരണ വിജയത്തിന് പക്ഷെ ഇതല്ലാതെ കുറുക്കുവഴികളില്ല. പ്രളയംപോലെ പെയ്തിറങ്ങിയ ഫ്ലക്സ് ബോർഡുകൾ കൊണ്ട് ജനമനം മാറ്റാനാകില്ലെന്നുകൂടി ബോധ്യപ്പെട്ട തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. 

കോവിഡ് കാലത്തെ രക്ഷക വേഷത്തിൽനിന്ന് മാറി, അമിതാധികാര ഭാവമണിഞ്ഞപ്പോൾ അകന്നുപോയ ജനമാണ് ഭരണമാറ്റത്തിന് തിരികൊളുത്തിയത്. അത് ഭരണത്തെയും ഭരണാധികാരികളെയും നിരന്തരം വിലയിരുത്തുന്ന പൗരസംവിധാനമായി കേരളത്തിൽ വികസിക്കുകയാണ്. അവരുടെ പരസ്യ ഓഡിറ്റിങ്ങിന് ഇപ്പോൾ വിധേയമാകുക കോൺഗ്രസും യുഡിഎഫും സർക്കാറുമായിരിക്കും. അത് ചെയ്യുന്നവരിൽ പുതുതലമുറ വിശേഷിച്ചുമുണ്ട്.  അവരുടെ മാർക്ക് കളയാതെ നോക്കിയാൽ ഈ ഭരണവും തുടരും. ഫെഡറലിസത്തിന് വേണ്ടിയും രാജ്യത്തിന്റെ അഖണ്ഡതക്കും വേണ്ടിയുമുള്ള പോരാട്ടം വർത്തമാന ഇന്ത്യയിലെ മൂർച്ചയേറിയ ആയുധമാണ്. അടുത്ത അഞ്ചുവർഷത്തിനിടെ അത് അപ്രതീക്ഷിതമായ വഴികളിലൂടെയായിരിക്കും സഞ്ചരിക്കുക. ഈ പോരാട്ടത്തിൽ ആർക്കൊപ്പം നിൽക്കുന്നുവെന്നത് ഭാവി വിജയത്തിന്റെ അടിസ്ഥാനമായിരിക്കും. ഭരണത്തേക്കാൾ വലുതാണ് രാജ്യമെന്ന സമീപനം ഒരു വിജയോപാധിയായിത്തീരുന്ന കാലമാണ് മുന്നിലുള്ളത്.

സർക്കാറിന്റെ സാന്പത്തിക മാനേജ്മെന്റും ആഭ്യന്തര ഭരണവുമായിരിക്കും 2031ലെ സർക്കാറിനെ നിശ്ചയിക്കുക. 
അത് കേവലമായ ഭരണ നടപടികളിൽ ഒതുങ്ങേണ്ടതല്ല. 
റോഡുപണിയാനും പാലം കെട്ടാനും കെട്ടിടമുണ്ടാക്കാനും ആര് ഭരിച്ചാലും സാധിക്കും. അതിന് വേണ്ട സ്വാഭാവിക ഘടന കേരള ഭരണ സംവിധാനത്തിനുണ്ട്. എന്നാൽ ദിശാബോധത്തോടെ സംസ്ഥാനത്തെ നയിക്കാനും ഭാവി കേരളത്തെ രൂപപ്പെടുത്താനുമുള്ള ശ്രമങ്ങളായിരിക്കും ഈ സർക്കാറിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുക. രാഷ്ട്രീയ വീക്ഷണങ്ങളുള്ള പ്രവർത്തകരിൽനിന്ന് ഫാൻസ് സംഘങ്ങളെന്ന നിലയിലേക്ക് പാർട്ടി പ്രവർത്തകർ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതുപയോഗപ്പെടുത്തി, രാഷ്ട്രീയ ഉള്ളടക്കമുള്ള പ്രവർത്തകരെ പിണറായി ഫാൻസ് അസോസിയേഷനാക്കി മാറ്റിയതിന്റെ ദുരന്തമാണ് സിപിഎം ഇപ്പോൾ നേരിടുന്നത്. ഇതിന് പകരം, പ്രവർത്തകർക്കും സാധാരണ മനുഷ്യർക്കും രാഷ്ട്രീയ ഉള്ളടക്കമുള്ള വഴികൾ തുറന്നുകൊടുക്കാനായാൽ അത് യുഡിഎഫിന്റെ തലവര മാറ്റും; സതീശന്റെയും. 

മുഖ്യമന്ത്രിക്കസേര സ്വപ്നംകണ്ട്  സ്വയം മത്സരം സൃഷ്ടിച്ച്, ആ മത്സരത്തിൽ സ്വയം തോറ്റുപോയ സ്വന്തം നേതാവായിരിക്കും വി ഡി സതീശന്റെ പ്രധാന പ്രതിപക്ഷം. ആ തോൽവിയിലേക്ക് ആ ദേശീയ നേതാവിനെയും സംഘത്തെയും എത്തിച്ചത് കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനുള്ള ശേഷി ആർജിക്കാനാകാതെ പോയതാണ്. അധികാരമോഹികളായ മധ്യനിര നേതാക്കളെല്ലാം കൂടുതൽ ശക്തിയുള്ള ഭാഗത്ത് നിലയുറപ്പിച്ചപ്പോൾ സാധാരണക്കാരായ പ്രവർത്തകരും പൊതുജനവുമാണ് പാർട്ടിക്കുള്ളിലെ മത്സരത്തിൽ വി ഡി സതീശനെ ജേതാവാക്കിയത്. കോൺഗ്രസിനകത്തെ ബാലബലത്തിലും ഭരണ നിയന്ത്രണത്തിന്റെ പിൻസീറ്റുകളിലും ഇത് കാതലായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ സതീശനൊപ്പം കൂടുതൽ പ്രവർത്തകരും കുറച്ച് നേതാക്കളുമാണുള്ളത്. മറുഭാഗത്ത് കൂടുതൽ നേതാക്കളും കുറച്ച് പ്രവർത്തകരും. അതിനാൽ പാർട്ടിക്കുള്ളിലെ പ്രതിപക്ഷത്തോട് എതിരിട്ട് സമയവും അധ്വാനവും കളയാതിരുന്നാൽ ഇപ്പോൾ കൂടെപ്പോന്ന പ്രവർത്തകർക്കൊപ്പം ഇനി പാർട്ടിയും കൂടെപ്പോരും. അടുത്ത ഭരണത്തിന് അതുമതിയാകും. 

(മാധ്യമം ആഴ്ചപ്പതിപ്പ്, 2026 മെയ്, 25)

നേപ്പാൾ: അവരുടേതല്ലാത്ത കാരണത്താൽ ഒഴുകിമായുന്ന മനുഷ്യർ

 ലോകത്ത് ധ്രുവപ്രദേശം കഴിഞ്ഞാൽ ഏറ്റവും വലിയ ഹിമശേഖരം സ്ഥിതിചെയ്യുന്നത് ഇന്ത്യയും ചൈനയും നേപ്പാളുമടക്കം എട്ടുരാജ്യങ്ങളുൾക്കൊള്ളുന്ന ഹിന്ദുകുഷ...