Monday, December 2, 2024

ഉപതെരഞ്ഞെടുപ്പിൽ പൊളിഞ്ഞുവീണ മിഥ്യകൾ



കേരള സർക്കാറിനെതിരായ കടുത്ത ഭരണ വിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ ശക്തമായ ജനരോഷവുമായിരുന്നു പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോൾ  മണ്ഡലത്തിലെയും സംസ്ഥാനത്തെയും പൊതു രാഷ്ട്രീയ കാലാവസ്ഥ. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തുടർച്ചയായി രണ്ടാം സ്ഥാനത്ത് എത്തുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട്. ദേശീയ തലത്തിൽ തന്നെ ബി ജെ പിയുടെ നേരെതിരാളിയായ കോൺഗ്രസാണ് പാലക്കാട് അവരെ നിരന്തരം പരാജയപ്പെടുത്തുന്നത്. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം മൂന്നാം സ്ഥാനത്തെത്തുന്നത് സി പി എമ്മും. ബി.ജെ.പിയോട് പ്രഖ്യാപിത എതിർപ് വച്ചുപുലർത്തുന്ന പാർട്ടിയാണ് സി പി എം. വയനാട് സഹായ നിഷേധം, കേരളത്തിലെ ഭരണ കക്ഷിയെന്ന നിലയിൽ സി പി എമ്മിന്, ബി.ജെ.പിയോട് അധിക എതിർപ്പും ശത്രുതയും സവിശേഷമായും ഉണ്ടാകേണ്ടതാണ്. അതുകൊണ്ടുതന്നെ കോൺഗ്രസും സി പി എമ്മും നയിക്കുന്ന രണ്ട് പ്രബല മുന്നണികളും ബി ജെപിക്കെതിരെ വിട്ടവീഴ്ചയില്ലാത്ത പോരാട്ടമുഖം തുറന്ന്, പാലക്കാട്ടെ അവരുടെ അവസാന സാധ്യതയും ഇല്ലാതാക്കുമെന്നാണ് സാമാന്യ 'കേരള ബോധ'മുള്ള മലയാളികളെല്ലാം പ്രതീക്ഷിച്ചത്. 

പക്ഷെ സംഭവിച്ചത് മറിച്ചാണ്. സംസ്ഥാന സർക്കാറിനെതിരായ ഭരണ വിരുദ്ധ വികാരം ചർച്ചയാക്കപ്പെടാതിരിക്കാനെങ്കിലും സി പി എം, കേന്ദ്ര സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളിൽ കേന്ദ്രീകരിക്കുമെന്ന പ്രതീക്ഷ പോലും അസ്ഥാനത്തായി. കേന്ദ്ര സർക്കാറിന്റെ കേരള വിരോധം മുഖ്യ ചർച്ചയാകുമെന്ന് പ്രതീക്ഷിച്ച പാലക്കാട്ട്, അതൊരു വിഷയമേയല്ലാതായി മാറി. ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പ്രചാരണം കേന്ദ്രീകരിക്കപ്പെട്ടില്ല. കേരള സർക്കാറിനെയും കേന്ദ്ര സർക്കാറിനെയും പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണ തന്ത്രമാണ് കോൺഗ്രസ് ആദ്യഘട്ടത്തിൽ ആവിഷ്കരിച്ചതെങ്കിലും അതിലുറച്ചുനിൽക്കാൻ അവർക്കും കഴിഞ്ഞില്ല. കാരണം ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയം നിശ്ചയിക്കുന്ന തരത്തിൽ തന്ത്രങ്ങൾ ആവിഷ്കരിച്ചത് സി പി എമ്മായിരുന്നുവെന്നതുതന്നെ. എന്നാൽ സി പി എം നീക്കങ്ങൾ, ബി ജെ പിയേക്കാൾ കോൺഗ്രസിനെ ലക്ഷ്യമിട്ടതായി മാറുകയും ചെയ്തു. തൊട്ടെതിരാളിയായ, വിജയസാധ്യതയുള്ള ബി ജെ പിയെ പ്രതിരോധത്തിൽ നിർത്തുന്നതിന് പകരം സി പി എമ്മിനെ പ്രതിരോധിക്കേണ്ട സ്ഥിതിയിലേക്ക് കോൺഗ്രസിന്റെ പ്രവർത്തനം മാറിമറിഞ്ഞു. 

അഞ്ച് പ്രധാന വിവാദങ്ങളാണ് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടത്. അഞ്ചും സി പി എം സഷ്ടിച്ചെടുത്ത വിഷയങ്ങളായിരുന്നു. അഞ്ചും കോൺഗ്രസിനെതിരെയുമായിരുന്നു. ആദ്യത്തേത് സ്ഥാനാർഥിത്വം പരിഗണിക്കാത്തതിൽ ഇടഞ്ഞ കോൺഗ്രസ് നേതാവിനെ സ്വന്തം സ്ഥാനാർഥിയാക്കിയ തീരുമാനമാണ്. കേൺഗ്രസിലെ ആഭ്യന്തര തർക്കം തെരുവുചർച്ചക്ക് സിപിഎം വിധേയമാക്കിയപ്പോൾ ബിജെപി കാഴ്ചക്കാരായിനിന്ന് കൈയ്യടിച്ചു. അതിന്റെ അലയൊലി കെട്ടടങ്ങിയപ്പോൾ കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ ഒരു കത്ത് പുറത്തുവിട്ട് നിലവിലെ സ്ഥാനാർഥിയെ ഡി സി സിക്ക് താത്പര്യമില്ലെന്ന ആഖ്യാനം കൊണ്ടുവന്നു. അതിന് പിന്നാലെയാണ് കോൺഗ്രസ് കള്ളപ്പണം കൊണ്ടുവരുന്നുവെന്നാരോപിച്ച് അവർ താമസിച്ചിരുന്ന ഹോട്ടലിൽ അർധരാത്രി പൊലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തിയത്. റെയ്ഡ് തിരിച്ചടിച്ചപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോയ സ്ഥാനാർഥി കൊണ്ടുപോയ നീലപ്പെട്ടി കള്ളപ്പണക്കടത്താണെന്ന പുതിയ കഥവന്നു. ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് കൂടുമാറിയതോടെ സന്ദീപിന്റെ മുൻകാല വർഗീയ പ്രസ്താവനകൾ വച്ച് മുസ്ലിം വീടുകൾ മാത്രം ലക്ഷ്യമിട്ട് പത്രപരസ്യമിറക്കി; അതും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ  അവസാന മണിക്കൂറുകളിൽ. സന്ദീപ് വാര്യരെ സ്വന്തം പാർട്ടിയിലേക്ക് എത്തിക്കാൻ അവസാന നിമിഷം വരെ പ്രവർത്തിച്ച ശേഷമാണ് സി പി എം ഈ വർഗീയ സ്വഭാവമുള്ള പത്രപരസ്യം പ്രസിദ്ധീകരിച്ചത്. ഇങ്ങിനെ പ്രചാരണത്തിന്റെ തുടക്കം മുതൽ അവസാന മണിക്കൂറുകൾ വരെ ഈ വിഷയങ്ങളിൽ കോൺഗ്രസ് കുരുങ്ങിക്കിടന്നപ്പോൾ, ബി ജെ പിക്ക് അനായാസം അവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ കഴിഞ്ഞു. എതിരാളികളെ പ്രതിരോധിക്കേണ്ടതില്ലാത്തവിധം ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിൽ സി പി എം സൃഷ്ടിച്ച വിവാദങ്ങൾ വലിയ പങ്കുവഹിച്ചു. ബി.ജെ.പിക്കുള്ളിലെ ചേരിപ്പോരും തമ്മിലടിയും അവർക്കുള്ളിൽ രഹസ്യമായാണെങ്കിലും അസാധാരണമാംവിധം കത്തിപ്പടരുന്നതിനിടെയാണ് ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ച രണ്ടുപാർട്ടികളുടെ പോര് അവർക്ക് രക്ഷാ വഴികളൊരുക്കിയത്. 

 കോൺഗ്രസിനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച് അവരെ നേരിടൽ പ്രധാന അജണ്ടയാക്കി സി പി എം പ്രചാരണ പദ്ധതി ആവിഷികരിച്ചപ്പോൾ ഫലത്തിൽ അത് ബി ജെ പിയോടുള്ള മൃദുസമീപനമായി മാറി.  സിപിഎമ്മിന്റെ അതിശക്തമായ കോൺഗ്രസ് വിരുദ്ധ കാമ്പയിൻ, ഒരു ഘട്ടത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയേക്കുമെന്ന പ്രതീതി പോലും സൃഷ്ടിച്ചു. ഫലം വന്നപ്പൾ പക്ഷെ സി പിഎം മൂന്നാം സ്ഥാനത്തുതന്നെയായി. പ്രചാരണ കാലത്തെ ആക്രമണത്തിൽനിന്ന് ബി.ജെ.പിയെ ഒഴിവാക്കുകയും കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുകയും ചെയ്തത്  സി പി എമ്മിന് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം നഷ്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പാലക്കാട്ട് ഒന്നാമത്തെ പാർട്ടി കൺഗ്രസും രണ്ടാമത്തേത് ബി ജെ പിയുമാണെന്ന യാഥാർഥ്യം മറച്ചുവച്ചാണ് സി പി എം അവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പ്രയോഗിച്ചത്. ബി ജെ പി വിരുദ്ധ പ്രചാരണം ശക്തമാക്കി അവരുടെ വോട്ടിൽ കടന്നുകയറി അതിൽ വിള്ളലുണ്ടാക്കി അവരെ മറികടന്ന് രണ്ടാം സ്ഥാനത്തോ പറ്റിയാൽ ഒന്നാം സ്ഥാനത്തോ എത്തുക എന്നതായിരുന്നു സി പി എം സ്വീകരിക്കേണ്ടിയിരുന്ന തന്ത്രം. ഇത് ബി ജെ പിക്ക് കുറച്ചുകൂടി കനത്ത പരാജയം ഉറപ്പാക്കുകയും ചെയ്യുമായിരുന്നു.  അതിനുപകരം, കോൺഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് അവരുടെ വോട്ടിൽ വിള്ളലുണ്ടാക്കിയും കോൺഗ്രസ് വോട്ടുബാങ്കിൽ ആശയക്കുഴപ്പമുണ്ടാക്കിയും യു ഡി എഫ് വോട്ട് സമാഹരിച്ച് രണ്ടാമതെത്തുക എന്ന തന്ത്രമാണ് സി പി എം നടപ്പാക്കിയത്.  കോൺഗ്രസ് ദുർബലമായാൽ അതിന്റെ പാലക്കാട്ടെ ഗുണഭോക്താവ് ബി ജെ പി ആയിരിക്കുമെന്ന് തിരിച്ചറിഞ്ഞ വോട്ടർമാർ ഇക്കാര്യത്തിൽ കാണിച്ച ജാഗ്രത കോൺഗ്രസിന് രക്ഷയായി. സി പി എം സൃഷ്ടിച്ച ആശയക്കുഴപ്പം ഫലംകണ്ടിരുന്നെങ്കിൽ ബിജെപി അവിടെ വിജയക്കൊടി പാറിക്കുമായിരുന്നു. ബി ജെ പി വോട്ടിൽ വിള്ളലുണ്ടാക്കാൻ സി.പി.എമ്മിന് കഴിഞ്ഞിരുന്നെങ്കിൽ വർഷങ്ങൾക്കുശേഷം രണ്ടാം സ്ഥാനത്തെങ്കിലും സി.പി.എമ്മിന് എത്താൻ കഴിയുമായിരുന്നു. ഫലത്തിൽ ബി.ജെ.പിയെ നോവിക്കാതിരിക്കാൻ കാട്ടിയ സൂക്ഷ്മത അവരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തന്നെ തിരിച്ചടിയായി. 

തങ്ങളുടെ എക്കാലത്തെയും മുഖ്യശത്രു ബി ജെ പിയാണെന്ന സി പി എമ്മിന്റെ അവകാശവാദത്തിലെ സത്യസന്ധത ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിവിശേഷംകൂടിയാണ് പാലക്കാട്ട് സിപിഎം സ്വയം സൃഷ്ടിച്ചത്.  ബി ജെ പിയെ പരാജയപ്പെടുത്തൽ തങ്ങളുടെ മാത്രം ബാധ്യതയല്ല എന്നവാദംപോലും പ്രചാരണകാലത്ത് സി പി എം കേന്ദ്രങ്ങളിൽനിന്നുണ്ടായി. വാളയാർ ചുരം കടന്നാൽ  ഒരേ മുന്നണിയായി ബി ജെ പിക്കെതിരെ പ്രവർത്തിക്കുന്നവരാണ് കോൺഗ്രസും സി പി എമ്മും.  ആ രാഷ്ട്രീയംപോലും മാറ്റിവച്ചാണ് കോൺഗ്രസിനെ തോൽപിക്കൽ പാലക്കാട്ട് സി പി എം മുഖ്യ അജണ്ടയാക്കി മാറ്റിയത്. 

പാലക്കാട്ടെ ഫലം കാലങ്ങളായി സി പി എം പറഞ്ഞുപരത്തുന്ന മറ്റൊരു അവകാശവാദംകൂടി മിഥ്യയാണെന്ന് തെളിയിക്കുന്നു.  ബി ജെ പിക്ക് വിജയ സാധ്യതയുള്ള പാലക്കാട് അവരുടെ  തോൽവി ഉറപ്പാക്കുന്നത് സി പി എം വോട്ട്, കോൺഗ്രസിന് മറിച്ചുനൽകിയിട്ടാണെന്ന വാദമാണത്.  ത്രികോണമത്സരം നടക്കുന്ന എല്ലായിടത്തും സമാനമായ 'ക്രോസ് വോട്ടിങ്' പ്രചാരണം നടക്കാറുണ്ട്. പാലക്കാട് ഇത്തവണ അത് അൽപം കടുത്തഭാഷയിലാണ് സിപിഎം നടത്തിയത്. 

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയത്തിന് കാരണമായത് സി പി എം മറിച്ചുനൽകിയ വോട്ടകളാണെന്നും എന്നാൽ ഇത്തവണ രാഹുൽ മാങ്കൂട്ടം സ്ഥാനാർഥിയായതിനാൽ ഇങ്ങിനെ ക്രോസ് വോട്ട് ചെയ്യില്ല എന്നുമായിരുന്നു അവരുടെ പ്രചാരണം. ബി ജെ പിയെ തോൽപിക്കാൻ വേണ്ടി സ്വയം മൂന്നാം  സ്ഥാനം വരിക്കുക എന്ന ത്യാഗം ഇയുണ്ടാകില്ലെന്ന പ്രഖ്യാപനമായിരുന്നു അത്. ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ ആത്മാർഥതയെ സ്വയം തകർക്കുന്ന പ്രസ്താവനയാണ് അത് എന്നതിരിക്കട്ടെ. ഫലം വന്നപ്പോൾ ഈ ഈ അവകാശവാദം മുൻകാല പ്രാബല്യത്തോടെ റദ്ദാക്കപ്പെട്ടു. കാരണം 'വോട്ടുമറിച്ച'കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് സ്ഥിരമായി കിട്ടിയ വോട്ടും 'കോൺഗ്രസിന് മറിക്കാതിരുന്ന' ഈ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടും തമ്മിൽ കാര്യമായ വ്യത്യാസമില്ലായിരുന്നു എന്നതുതന്നെ. സി പി എമ്മിന്റെ വോട്ടിലുണ്ടായത് നാമമാത്ര വർധന.  മൂന്നാം സ്ഥാനത്തിനും ഇളക്കം തട്ടിയില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സി പി എം രണ്ടാം സ്ഥാനത്ത് എത്തിയത്. അന്ന് ലഭിച്ചതിനേക്കാൾ ഏഴായിരത്തോളം വോട്ട് കുറവാണ് ഇത്തവണ. ആകെ വോട്ടർമാരുടെ വൻ വർധനയുണ്ടായിട്ടും സ്വന്തം വോട്ടിൽ സിപിമ്മിന് ഉണ്ടായത് ചെറിയ വർധന മാത്രം.  

ഇത്തവണത്തെ വോട്ട് കണക്ക് പരിശോധിച്ചാൽ ഈ അവകാശവാദം എങ്ങിനെയാണ് ദുർബലമാകുന്നത് എന്ന് എളുപ്പത്തിൽ മനസ്സിലാകും. അവസാനത്തെ നാല് തെരഞ്ഞെടുപ്പുകളിലെ വോട്ടുകണക്ക് ഇങ്ങിനെയാണ്:

2016 നിയമസഭ

UDF - 57k (41.7%) 

BJP - 40k (29.08%)

LDF - 38k (28.07)


2021 നിയമസഭ

UDF - 54k (38.06.7%) 

BJP - 50k (35.34%)

LDF - 36k (25.64%)


2024 ലോക്സഭ 

UDF - 52k  

BJP - 43k  

LDF - 34k  


2024 നിയമസഭ ഉപതെരഞ്ഞെടുപ്പ്

UDF - 58k (42.27%) 

BJP - 39k (28.63)

LDF - 37k (27%)

25 മുതൽ 28 ശതമാനം വരെയാണ് വർഷങ്ങളായി എൽഡിഎഫിന്റെ വോട്ടുവിഹിതമെന്ന് മുകളിലെ കണക്കുകളിൽനിന്ന് വ്യക്തമാണ്. ബി ജെപിയുടെ വിഹിതം 28 മുതൽ 35 ശതമാനം വരെ എത്തിയിട്ടുണ്ട്. യു ഡി എഫിനാകട്ടെ 38 മുതൽ 42 ശതമാനംവരെ വോട്ടാണ് 2016 മുതൽ ലഭിക്കുന്നത്. അതായത്, ക്രോസ് വോട്ട് ചെയ്തു എന്ന് അവകാശപ്പെട്ട തെരഞ്ഞെടുപ്പുകളിലും ക്രോസ് വോട്ട് ചെയ്തില്ല എന്ന് അവകാശപ്പെട്ട ഇത്തവണത്തെ തെരഞ്ഞെടുപ്പിലും എൽ ഡി എഫ് വോട്ടിൽ ശരാശരി വോട്ടുവിഹിതത്തേക്കാൾ കൂടുതലോ കുറവോ സംഭവിക്കുന്നില്ല. വോട്ടെണ്ണം പരിശോധിച്ചാലും ഇതേ പ്രവണത കാണാനാകും. 34,000+ മുതൽ 38,000+ വരെയാണ് എൽ ഡിഎഫിന് ഇക്കാലയളവിൽ ലഭിച്ച വോട്ട്. കോൺഗ്രസിന് വോട്ടുമറിക്കൽ അനിവാര്യമല്ലാത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ കണക്കിന് മുകളിൽ എൽ ഡി എഫ് പോയിട്ടില്ല. പോളിറ്റ് ബ്യൂറോ അംഗം മത്സരിച്ച 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 34,000+ വോട്ടാണ് ലഭിച്ചത്. പാലക്കാട് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ കക്ഷി നില പരിശോധിച്ചാലും വോട്ട് വിഹിതത്തിൽ ഇതിന് ആനുപാതികമായ പ്രവണത കാണാനാകും.  


ബി ജെ പി പ്രതിസന്ധിയിലാകുമ്പോൾ മാന്ത്രികനെപ്പോലെ വരുന്ന ഒരു ആഖ്യാനമുണ്ട്. ഇതാ ആർ എസ് എസ് രംഗത്തിറങ്ങുന്നു, ഇനിയെല്ലാം ഭദ്രം, വിജയം സുനിശ്ചിതം എന്ന മട്ടിലൊരു പ്രചാരണം മാധ്യമങ്ങളിലൂടെയും മറ്റും അവതരിക്കും. കേരളത്തിൽ ബി ജെ പി സാന്നിധ്യം ശക്തമായ എല്ലാ മണ്ഡലങ്ങളിലും സമാനമായ പ്രചാരണം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ, നേമം, മഞ്ചേശ്വരം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതേ പ്രചാരണം ആവർത്തിക്കപ്പെട്ടിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ ഇത്തവണ ആഭ്യന്തര കലഹം പരസ്യ പ്രതികരണത്തോളം വളർന്നപ്പോഴും വന്നു അതേ കഥകൾ. സന്ദീപ് വാര്യർ സി പി എമ്മിലേക്ക് പോകുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയും ഇതാവർത്തിച്ചു. ഈ കഥക്ക് പിന്നാലെ സന്ദീപിന്റെ നീക്കങ്ങൾ നിലച്ചുവെന്ന മട്ടിലായപ്പോൾ ആർ എസ് എസ് ഇംപാക്ടായി അത് വിലയിരുത്തപ്പെട്ടു. പക്ഷെ എല്ലാ ഇടപെടലുകളെയും അസ്ഥാനത്താക്കി സന്ദീപ് കോൺഗ്രസിലെത്തി. തെരഞ്ഞെടുപ്പിൽ ബി ജെ പി പ്രവർത്തകർ തന്നെ തിരിഞ്ഞുകുത്തി.  നേതൃത്വത്തോട് വിയോജിപ്പുള്ളവർ ഒരു ഒത്തുതീപർപിനും വഴങ്ങിയില്ല എന്ന് ഫലം വന്നപ്പോൾ വ്യക്തമായി. ആർ എസ് എസിന്റെ വരവിന് പാലക്കാട്ടെ സ്ഥിതിഗതികളിൽ ഒരു മാറ്റവും ഉണ്ടാക്കാനായില്ല എന്ന് വ്യക്തം. അങ്ങിനെ പാലക്കാട്ടെ ഫലം സി പി എം ക്രോസ് വോട്ട് അവകാശവാദം പോലെ, ആർ എസ് എസ് മാജിക്കെന്ന മിഥ്യകൂടി പൊളിച്ചുകളഞ്ഞു.

(ജനപക്ഷം ഓൺലൈൻ, ഡിസംബർ 2, 2024) 

No comments:

Post a Comment

ഉപതെരഞ്ഞെടുപ്പിൽ പൊളിഞ്ഞുവീണ മിഥ്യകൾ

കേരള സർക്കാറിനെതിരായ കടുത്ത ഭരണ വിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ ശക്തമായ...