Friday, August 28, 2026

തുറമുഖം കേരളത്തിന്റെ വികസന മുഖം മാറ്റുമോ?

 



പുതിയ നിയമസഭയുടെ ആദ്യ ദിവസങ്ങളിൽ തന്നെ ഭരണപക്ഷ എം എൽ എയായ വി ടി ബൽറാം നിയമസഭയിൽ ഒരാവശ്യം ഉന്നയിച്ചു. പുതിയ യു ഡി എഫ് സർക്കാറിന്റെ ഏറ്റവും പ്രധാന വാഗ്ദാനമായ കെ എസ് ആർ ടിസിയിലെ സ്ത്രീ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്പോൾ അത് എല്ലാ ജില്ലയിലെ സ്ത്രീകൾക്കും ഒരുപോലെ ലഭ്യമാക്കണമെന്നതായിരുന്നു ആവശ്യം. നിലവിലെ സ്ഥിതിയിൽ ഈ പദ്ധതി കേരളത്തിന്റെ തെക്കൻ ജില്ലകളിലെ സ്ത്രീകൾക്ക് മാത്രമേ ഉപകാരപ്പെടൂവെന്ന് ബോധ്യപ്പെടുത്തുന്ന കണക്കുകളും അദ്ദേഹം സഭക്കുമുന്നിൽ വച്ചു. കേരളത്തിൽ ആകെ സർവീസ് നടത്തുന്ന 5,165 ബസുകളിൽ ഏഴ് വടക്കൻ ജില്ലകളിലുള്ളത് 1406 എണ്ണം മാത്രം. ഇതിന് ഇതിന് മറുപടി പറഞ്ഞ ഗതാഗത മന്ത്രി സി പി ജോൺ, മഞ്ചേശ്വരം താലൂക്കിൽ കെ എസ് ആർ ടി സി സർവീസേയില്ലെന്ന് സഭയിൽ കുറ്റസമ്മതം നടത്തുകയും ചെയ്തു. കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും 20-25 ശതമാനം മാത്രമേ മലബാർ ജില്ലകളിൽ എത്തുന്നുള്ളൂ. കേരളത്തിന്റെ പൊതുവിഭവ വിതരണത്തിലെ അസമത്വവും ഇതുവരെ നടന്ന കേരള വികസനത്തിന്റെ ആന്തരീക ദൗർബല്യവും വെളിപ്പെടുത്തുന്നതാണ് ബൽറാമിന്റെ ആവശ്യവും സി പി ജോണിന്റെ മറുപടിയും. സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽവച്ച ധവളപത്രത്തിലും, കിഫ്ബി പദ്ധതികൾക്ക് ചിലവിട്ട പണം ചില ജില്ലകളിൽ അന്യായമായി കേന്ദ്രീകരിച്ചത് എടുത്തുപറഞ്ഞിട്ടുണ്ട്. 

എല്ലാ വികസന പരിപാടികളുടെയും ആമുഖമായി ഈ അസമത്വം പരിഹരിക്കാനുള്ള പദ്ധതികൾകൂടി ഉണ്ടാകുമെന്ന പ്രതീക്ഷ നൽകുന്ന തുടക്കമാണ് സതീശൻ സർക്കാറിന്റെ ഈ സമീപനം. ഭീമാകാരമായ പദ്ധതികളല്ല വികസനം എന്ന കാഴ്ചപ്പാട് ശക്തിപ്രാപിക്കുന്ന കാലമാണ്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ജന ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നതായിരിക്കണം വികസനത്തിന്റെ അടിസ്ഥാന തത്വം. ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിന് ഏറെക്കുറെ എല്ലാ മേഖലയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലെത്താൻ കഴിഞ്ഞിട്ടുണ്ട്. യുനൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP) കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന മാനവ വികസന സൂചികയുള്ള സംസ്ഥാനമാണ് കേരളം (0.921). ഇന്ത്യയുടെ ശരാശരി HDI മൂല്യം ഏകദേശം 0.685 ആണ്. സാമൂഹിക വികസന സൂചികകളായി പരിഗണിക്കുന്ന മറ്റ് ഘടകങ്ങളായ സാക്ഷരത, വിദ്യാഭ്യാസം, ആയുർദൈർഘ്യം, ആരോഗ്യസേവന ലഭ്യത, ദാരിദ്ര്യനിരക്ക്, തൊഴിൽ, ലിംഗസമത്വം, ശുദ്ധജല-ശുചിത്വ സൗകര്യങ്ങൾ, ഭവന നിലവാരം എന്നിവയിലും കേരളം മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ ഈ താരതമ്യ മികവിനപ്പുറം വികസന സൂചികാ ഘടകങ്ങളെല്ലാം ഒരു നിശ്ചലാവസ്ഥയിലേക്കോ താഴേക്കോ പോകുന്ന സ്ഥിതവിശേഷമാണ് സമീപകാലത്ത് കാണുന്നത്. 1980 കളുടെ അവസാനം വരെ അനുഭവപ്പെട്ടിരുന്ന മന്ദഗതിയിലായിരുന്ന സാമ്പത്തിക വളര്‍ച്ച, ആഗോളവത്കരണ ശേഷം പലരീതിയിൽ കുതിച്ചു. അതുവഴി സാന്പത്തിക വളര്‍ച്ച ഉണ്ടായെങ്കിലും സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസന പ്രക്രിയയായി അത് വികസിച്ചില്ല. ഗവണ്‍മെന്റിന്റെ ധനസ്ഥിതിയും വളര്‍ന്നില്ല. സർക്കാർ എത്തിപ്പെട്ട കടക്കെണിയുടെയും സാന്പത്തിക ഞെരുക്കത്തിന്റെയും ആഴം വെളിപ്പെടുത്തുന്ന കണക്കുകൾ ധവളപത്രത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ വികസനച്ചിലവും കടക്കെണിയും പലിശയുമെല്ലാം ദേശീയ ശരാശരിയുമായി താരതമ്യം ചെയ്താൽ അപകടകരമായ സ്ഥിതിയിലാണ്. 

സാമൂഹിക വികസന മേഖലകളിൽ കാലാനുസൃതമായ മാറ്റം വരാത്തതാണ് ഈ നിശ്ചലാവസ്ഥക്ക് വഴിതുറക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലയിലെല്ലാം ഇത് പ്രകടമാണ്. ഉന്നത വിദ്യാഭ്യാസം തേടി കുട്ടികൾ സസ്ഥാനംവിടുന്നത് ഇന്ന് അതിസാധാരണമായ അനുഭവമായിക്കഴിഞ്ഞു. കേരളത്തിൽ  അപകടകരമായ തോതിൽ ബ്രെയിൻ ഡ്രെയിൻ സംഭവിക്കുകയാണെന്ന മുന്നറിയിപ്പ് ഈ രംഗത്തെ വിദഗ്ധർ നൽകിയിട്ടുണ്ട്. പഠനത്തിന് വേണ്ടിയുള്ള പലായനം മാത്രമല്ല സംഭവിക്കുന്നത്. ഇൻഡ്സ്ട്രിയൽ ബ്രെയിൻ ഡ്രെയിൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ കൂടുമാറ്റവും അതിശക്തമാണ്. കാലഹരണപ്പെട്ട കോഴ്സുകളുടെ പരിഷ്കാരവും ആഗോള തൊഴിൽവിപണിക്കിണങ്ങുംവിധമുള്ള പഠന സന്പ്രദായവും തിരിച്ചുകൊണ്ടുവരാതെ ഇത് തടയുക സാധ്യമല്ല. കാർഷിക-പരന്പരാഗത സമൂഹത്തിൽ നിന്ന് വികസിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും ലഭിക്കുന്ന വ്യവസായവൽകൃത, നഗരവൽകൃത സമൂഹമായി മാറുമ്പോൾ സംഭവിക്കുന്ന ജനസംഖ്യാ പരിവർത്തനത്തിന്റെ അഞ്ചാംഘട്ടത്തിലാണ് കേരളമെന്നാണ് വിലയിരുത്തപ്പെടുന്നത്. 60 വയസ്സിനും അതിന് മുകളിലുമുള്ളവരുടെ എണ്ണം വർധിക്കുന്ന ഘട്ടമാണിത്. ജനന നിരക്ക് കുറയുക, ആയുർദൈർഘ്യം വധിക്കുക എന്നിതനൊപ്പം യുവജനങ്ങളുടെ കുടിയേറ്റം അതിശക്തമാകുന്നതും ഇതിൽ പ്രധാനമാണ്. 


മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമുള്ള പ്രവാസികളുടെ എണ്ണം കേരള ജനസംഖ്യയുടെ പത്തുശതമാനത്തിന് മുകളിലാണ്. അവരയക്കുന്ന പണത്തിന്റെ തോത് ഓരോവർഷവും കൂടിവരികയുമാണ്. കേരളത്തിന്റെ മൊത്തം വാര്‍ഷിക വരുമാനത്തിന്റെ മുപ്പതു ശതമാനത്തിലധികം പ്രവാസിപ്പണമാണ്. കേരളത്തിന്റെ വളർച്ച ഒരു കുതിച്ചുചാട്ടമായി മാറിയത് പ്രവാസി പണത്തിന്റെ വരവോടെയാണ്. പ്രവാസികൾ സാന്പത്തികമായി ശാക്തീകരിക്കപ്പെട്ടതിലൂടെ ആഭ്യന്തര തൊഴിൽ വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ ആവശ്യവും വേതനവും കൂടി. എന്നാൽ ഇത് നേരിടാനുള്ള സമയോചിതമായ ശേഷി ഇതുവരെ കേരളം പ്രകടിപ്പിച്ചിട്ടില്ല. ഹയർസെക്കന്ററി സീറ്റുപോലും മതിയായ അളവിൽ ആവശ്യമായ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിൽ നമ്മുടെ സംവിധാനങ്ങൾ പരാജയപ്പെട്ടു. തൊഴില്‍ വിപണിയിലും വൻ മാറ്റങ്ങളാണ് അതിവേഗം സംഭവിച്ചത്. കാര്‍ഷികേതര സമ്പദ്ഘടനയിലെ വരുമാനക്കൂടുതൽ അവിടേക്ക് കൂടുതൽ പേരെ ആകർഷിച്ചു. പുതിയ തലമുറ  തൊഴില്‍ സങ്കല്‍പ്പവും ഇതിന് ആക്കം കൂട്ടിയെങ്കിലും ആവശ്യാനുസണം തൊഴിൽ നൽകുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു.

കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിവേഗ നഗരവത്കരണം കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലേക്ക് കൂടുതൽ ആളുകൾക്ക് എത്തിപ്പെടാൻ അവസരം നൽകുന്നുണ്ട്. എന്നാൽ അതിവേഗം സംഭവിക്കുന്ന നഗരവത്കരണത്തിലെ വെല്ലുവിളികൾ നേരിടാൻതക്ക ശേഷിയുള്ള ഭരണസ്ഥാപനങ്ങൾ രൂപപ്പെട്ടുവന്നില്ല. ഇക്കാരണത്താലാണ് 'നഗര പ്രശ്നങ്ങൾ' കേരളത്തിലെന്പാടും അപരിഹാര്യമായ പ്രതിസന്ധിയായി മാറുന്നത്. ഇത്തരം പ്രശ്നങ്ങൾ ക്രമേണ അനുബന്ധ മേഖലകളെയും പ്രതിസന്ധിയിലാക്കിത്തുടങ്ങി. മാലിന്യ സംസ്‌കരണ പ്രതിസന്ധിയും ഇത് ആരോഗ്യ മേഖലയിൽ സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളും ഇതിന്റെ മികച്ച ഉദാഹരണമാണ്. 

പൊതുമേഖലയിലെ അമിത കേന്ദ്രീകരണവും സ്വകാര്യമേഖലയോട് പ്രകടിപ്പിച്ച അനാവശ്യമായ അകൽച്ചയും കേരളത്തിന്റെ വളർച്ചക്ക് വിഘാതമായിട്ടുണ്ട്. പൊതുമേഖല പലകാരണങ്ങളാൽ തളരുകയും സ്വകാര്യമേഖല അതിന്റെ സാധ്യതകളിലേക്ക് വേണ്ടത്ര വളരാതിരിക്കുകയും ചെയ്തുവെന്നാണ് കേരളത്തിന്റെ സവിശേഷത. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുയും അതേസമയം അത് സാധാരണക്കാർക്ക് പ്രാപ്യമാകുന്ന സംവിധാനമാക്കി നിലനിർത്തുകയും ചെയ്യുകയെന്നത് കേരളത്തിൽ ഇതുവരെയും വ്യക്തതയുള്ള ഭരണപദ്ധതിയായിട്ടില്ല. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സർക്കാർ കോളജ് എന്ന തത്വം ഈ ദിശയിലേക്കുള്ള ചെറു ചുവടുവപ്പായിരുന്നെങ്കിലും അതെങ്കിലും നിലനിർത്തുന്നതിലോ സുചിന്തിത നയമായി വികസിപ്പിക്കുന്നതിലോ രാഷ്ട്രീയ നേതൃത്വം വിജയിച്ചില്ല. പൊതു സ്വകാര്യ പങ്കാളിത്തമെന്ന ആശയവും അർഥപൂർണമായും ഫലപ്രദമായും പൗര സൗഹൃദമായും നടപ്പാക്കപ്പെട്ടുമില്ല. സ്വകാര്യമേഖലയോടുള്ള അവിശ്വാസവും ശത്രുതയും നിറഞ്ഞ സമീപനം തിരുത്താതെ ഇക്കാര്യത്തിൽ വിജയംവരിക്കാനാകില്ല. എല്ലാ പദ്ധതികളും പരിപാടികളും പൊതു ഉടമസ്ഥതയിൽ മാത്രമാകണമെന്ന വികസന യാഥാസ്ഥിതിക മനോഭാവത്തിൽ കാതലായ മാറ്റമുണ്ടാകണം. 

ഇത്തരം വെല്ലുവിളികളെ സംസ്ഥാന താത്പര്യം മാത്രം മുൻനിർത്തി നേരിടുകയും ദീർഘവീക്ഷണത്തോടെ പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ കേരളത്തിലെ ഭരണ രീതി, അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുതകുന്ന പദ്ധതികളിൽ കേന്ദ്രീകരിക്കുകയെന്നതാണ്. പദ്ധതി നടപ്പാക്കപ്പെടണമെന്ന നിർബന്ധബുദ്ധി പോലും പല സർക്കാറുകളും പ്രകടിപ്പിക്കാറില്ല. പകരം അതിന്റെ പ്രചാരണപരമായ സാധ്യതകളെയാണ് അവർ പ്രധാനമായും ലക്ഷ്യംവക്കുക. ഇത്തരം രാഷ്ട്രീയ താത്പര്യങ്ങളാണ് പല ആലോചനകളെയും പാതി വഴിയിൽ അവസാനിപ്പിക്കുന്നത്. നടപ്പാകാത്ത പ്രഖ്യാപനങ്ങൾ മാത്രമല്ല നടത്തുന്നത്. നടപ്പാക്കാൻ വേണ്ട സാന്പത്തിക സ്രോതസ്സുകൾ വരെ സ്വപ്നമായി അവശേഷിച്ച എത്രയോ അനുഭവങ്ങൾ കേരളത്തിലുണ്ട്. ഡാമുകളിലെ മണൽ വാരിയാൽ കോടികൾ കിട്ടുമെന്നും അതുവച്ച് വൻകിട പദ്ധതികൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ച ഒരു ധനമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ട്. പലിശയോട് വിയോജിപ്പുള്ള മുസ്ലിം സമുദായത്തിലെ നിക്ഷേപകരിൽനിന്ന് ധനം സമാഹരിച്ച് ഇസ്ലാമിക് ബാങ്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച്  അതുവഴി കിട്ടാനിടയുള്ള ഫണ്ട് വരുമാനമായി കാണിച്ച് അവതരിപ്പിച്ച വേറൊരു ബജറ്റും കേരളം കണ്ടിട്ടുണ്ട്.  കിഫ്ബിയെ ബജറ്റിന് പുറത്തുള്ള ഏജൻസിയായി പ്രഖ്യാപിച്ച്  കടമെടുപ്പ് പരിധി മറികടക്കാൻ പിൻവാതിലിലൂടെ നടത്തിയ നീക്കത്തിന് പിടിവീണതോടെ കടമെടുത്തുപോലും പണമിറക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനമിപ്പോൾ. കഴിഞ്ഞ സാന്പത്തിക വർഷത്തേക്ക് മുൻ സർക്കാർ പ്രഖ്യാപിച്ച 35,000 കോടിയുടെ പദ്ധതിയിൽ 20,500 കോടിയും ഇല്ലാത്ത പണമാണെന്നാണ് ധവളപത്രത്തിലെ കണ്ടെത്തൽ. ഇത്തരം കുറുക്കുവഴികളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കാമെന്നല്ലാതെ സംസ്ഥാനത്തിന് അതൊട്ടും ഗുണം ചെയ്യില്ല. സുതാര്യതയും സത്യസന്ധതയുമില്ലാത്ത, കണക്കിലെ കളികൾകൊണ്ട് കടലാസ് വിപ്ലവം സംഘടിപ്പിക്കുന്ന മുൻകാല രീതികളിൽനിന്ന് മാറിനടന്നില്ലെങ്കിൽ കേരളത്തിന് ഇനിയും മുന്നോട്ടുപോകാനാവില്ല. കണക്കുകൾകൊണ്ട് ഓട്ടയടച്ചാൽ തുടർഭരണം കിട്ടില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് കേരളം ഇപ്പോൾ പിന്നിട്ടത്. പുതിയ സർക്കാറിന്റെയും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെയും വികസന കാഴ്ചപ്പാട് മുൻ മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമാണെന്ന് ഇതിനകം അദ്ദേഹം പങ്കുവച്ച അഭിപ്രായങ്ങളും ആശയങ്ങളും വ്യക്തമാക്കുന്നു. ഇത് പ്രതീക്ഷാനിർഭരമാണ്. 

സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സാമൂഹികമായി ശാക്തീകരിക്കുന്ന നടപടികൾ തീർച്ചയായും സർക്കാറിന്റെ വികസ പരിപാടികളിൾ ഉണ്ടായിരിക്കണം. സമരമായും വിവാദമായും നിയമനടപടികളായും പതിറ്റാണ്ടുകളായി കേരളത്തിൽ സജീവമായി നിലനിൽക്കുന്ന വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങൾക്ക് സർക്കാർ മുൻകൈയെടുക്കണം. ഭൂകഹിതരായ മനുഷ്യർക്ക് പാർപ്പിടവും കൃഷിയിടവും ഉറപ്പാക്കുന്നതിന് പല പദ്ധതികളും മുൻകാലങ്ങളിലുണ്ടായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ പൊതുഭൂമി വൻതോതിൽ കൈവശംവച്ചിരിക്കുന്ന വൻകിടക്കാരുടെ അന്യായമായ ആധിപത്യത്തെ ഫലപ്രദമായി നേരിടാൻ ഒരു സർക്കാറും ഇതുവരെ തയാറായിട്ടില്ല. കേരളത്തിലെ ഭൂ പ്രശ്നം പരിഹരിക്കാൻ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയുടെ നിയമപ്രകാരമുള്ള തുടർനടപടികൾ മാത്രമാതിയാകും. കേരളത്തില ഏറ്റവും വലിയ സർക്കാർ തൊഴിൽമേഖല വിദ്യാഭ്യാസ രംഗമാണ്. ഇവിടത്തെ തൊഴിൽ ഉടമസ്ഥത പക്ഷെ സർക്കാറിനും സ്വകാര്യ വ്യക്തികൾക്കുമിടയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്. സർക്കാർ പണംമുടക്കുന്ന സ്വകാര്യ സംരംഭങ്ങളിൽ പിന്നാക്ക സംവരണം പിലാക്കാനും എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനും സർക്കാറിന് കഴിയണം. എയിഡഡ് നിയമനം പിഎസ്സിക്ക് വിടണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും വൻകിടക്കാരുടെ ഭൂമിപോലെത്തന്നെ അതും 'അധികാരപരിധി'ക്ക് പുറത്ത് അവശേഷിക്കുകയാണ്. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടാറുണ്ടെങ്കിലും അവരെയും അവരെ സംരക്ഷിക്കുന്നവരെയും സന്പൂർണമായി ഉൾകൊള്ളുന്ന ഫലപ്രദമായ ഒരു പദ്ധതിയും കേരളത്തിലുണ്ടായിട്ടില്ല. ഇങ്ങിനെ കാലങ്ങളായി ബോധപൂർവം അവഗണിച്ചും  അവഗണിക്കപ്പെട്ടും കഴിയുന്ന മേഖലകൾ ക്രമേണ ഭരണാനുകൂല്യങ്ങളുടെ ഏറ്റവും ചെറിയ ഗുണഭോക്താവാകൻ പോലുംകഴിയാതെ പുറന്തള്ളപ്പെട്ടിട്ടുണ്ട്. അവയെ കണ്ടെത്താനും അവരെക്കൂടി ഉൾകൊള്ളുന്ന വികസന കാഴ്ചപ്പാട് രൂപപ്പെടുത്താനും ബോധപൂർവ ശ്രമങ്ങളുണ്ടാകണം.

സർക്കാർ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് വയോജന വകുപ്പ് രൂപീകരിക്കാനെടുത്ത തീരുമാനം ഈയർഥത്തിൽ സവിശേഷ വികസന വീക്ഷണം മുന്നോട്ടുവക്കുന്ന ഒന്നാണ്. ജനസംഖ്യാ പരിണാമത്തിൽ പുതിയൊരു ഘട്ടത്തിലേക്കാണ് കേരളം കടക്കുന്നത്. തുടർച്ചയായി ജനസംഖ്യ കുറയുക, കുറഞ്ഞ ജനന നിരക്ക് തുടരുക, വയോധികരുടെ എണ്ണം കൂടുക, തൊഴിലാളികളുടെ എണ്ണം കുറയുക തുടങ്ങിയ സൂചനകൾ ഇതിനകം പ്രകടമായിക്കഴിഞ്ഞു. സാന്പത്തിക വളർച്ചയിൽ കടുത്ത വെല്ലുവിളികളാണ് ഇത് സൃഷ്ടിക്കുക. സാമൂഹിക ക്ഷേമ പദ്ധതികളും പെൻഷൻ പോലുള്ളവയും വൻ തോതിൽ വർധിക്കും. ആരോഗ്യച്ചിലവ് സാധാരണക്കാരന് വെല്ലുവിളിയായി മാറും. ജപ്പാൻ പോലുള്ള രാജ്യങ്ങൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളിലേക്ക് അധികം വൈകാതെ കേരളം ചെന്നെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം പ്രതിസന്ധി മറികടക്കാൻ ജനസംഖ്യാ പുനക്രമീകരണമാണ് ജനസംഖ്യാ ശാസ്ത്രജ്ഞർ മുന്നോട്ടുവക്കുന്ന പരിഹാരം. കുടിയേറ്റംവഴി ജനസംഖ്യാ കുറവ് നികത്തുക, സാങ്കേതികവിദ്യയും ഓട്ടോമേഷനും വഴി തൊഴിലാളി ക്ഷാമം നേരിടുക, ജനസംഖ്യാ പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിക്കുക പോലുള്ളവ ഇതിന് സഹായകരമാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ് തൊഴിലാളി ക്ഷാമത്തിന് ഒരു പരിധിവരെ ബദലായേക്കും. എന്നാൽ അവരെ നിലനിർത്താനും അവരുടെ ധനവിനിയോഗം സംസ്ഥാനത്തിന് പ്രയോജനപ്പെടുന്ന തരത്തിൽ അവരെ പിടിച്ചുനിർത്താനും കഴിയണം. ചുരുക്കത്തിൽ വയസ്സൻ കേരളത്തെയാണ് പുതിയ സർക്കാറിന് വികസിപ്പിക്കുയും ചലിപ്പിക്കുകയും ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ കുട്ടികൾ കുറയുകയും വയോധികർ കൂടുകയും ചെയ്യുന്ന സമൂഹത്തെ സാന്പത്തികമായും സാമൂഹികമായും എങ്ങനെ നിലനിർത്താമെന്ന ആലോചന കേരള വികസനത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായി മാറേണ്ട സമയമാണിത്. അതുകൊണ്ടാണ് വയോജന വകുപ്പ് രൂപീകരണം ഈ ദിശയിലേക്കുള്ള ആശാവഹവും ഭാവനപൂർണവുമായ ചുവടുവപ്പായി മാറുന്നത്.

സംസ്ഥാനത്തിന്റെ സവിശേഷ ഘടനയെയോ പരിമിതികളെയോ പരിഗണിക്കാത്ത അന്ധമായ വികസന വായ്ത്താരികളാണ് പതിറ്റാണ്ടുകളായി ഇവിടെ ഉയർന്നുകേൾക്കുന്നത്. പുതിയ മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്ന അദ്ദേഹത്തിന്റെ മാസ്റ്റർ പദ്ധതിയായ തുറമുഖ നഗരമെന്ന ആശയം ഇതിൽനിന്ന് വ്യത്യസ്തമാണ്. ദീർഘമായ തീര പ്രദേശമുള്ള സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കാൻ കഴിയുന്ന ബൃഹദ് പദ്ധതിയായി ഇതിനെ മാറ്റാനാകും. 600 കീലോമീറ്റർ തീരമുള്ള കേരളത്തിൽ 2 അന്താരാഷ്ട്ര തുറമുഖങ്ങളുണ്ട്. ഒരു കണ്ടെയ്നർ തുറമുഖമുണ്ട്. 17 മിനി ഹാർബറുകളുണ്ട്. ഇത്രയും തീര സന്പന്നമായ സംസ്ഥാനത്ത് തുറമുഖ കേന്ദ്രീകൃത വികസന പരിപാടികൾക്ക് അനന്ത സാധ്യതയാണുള്ളത്. കേരളത്തിലെ ഏറെക്കുറെ എല്ലാ ബജറ്റിലും കടലും പുഴയും കടന്നുവരുമെങ്കിലും അതൊരാചാരത്തിനപ്പുറമുള്ള ബൃഹദ് പദ്ധതികളായി മാറിയിട്ടില്ല.  ചരക്കുനീക്കം കടലിലേക്ക് മാറ്റുക, പിന്നീട് കടൽ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുക, അതിന് ശേഷം നദികളെക്കൂടി ബന്ധിപ്പിച്ച് ടൂറിസം വികസിപ്പിക്കുക - ഈ ത്രിതല പദ്ധതിയാണ് സർക്കാർ ആലോചിക്കുന്നത് എന്നാണ് നിയമസഭയിലെ ആദ്യ നയപ്രഖ്യാപന ചർച്ചയിൽ വി ഡി സതീശൻ പങ്കുവച്ച ആശയം. തീരസന്പന്നമായ രാജ്യങ്ങളും പ്രദേശങ്ങളും അവരുടെ വളർച്ചയുടെയും വികാസത്തിന്റെയും അടിത്തറയയായി കടലിനെയും തീരങ്ങളെയും പ്രയോജനപ്പെടുത്തിയതിന് നിരവധി ആഗോളമാതൃകകളുണ്ട്. ദുബൈയുടെ ജി ഡി പിയിൽ 15 ശതമാനത്തോളം സംഭാവന ചെയ്യുന്നത് അവിടത്തെ തുറമുഖവും അനുബന്ധ മേഖലകളുമാണ്. ചെറിയൊരു ദ്വീപ് രാജ്യമായിരുന്ന സിംഗപ്പൂരിനെ ഇക്കാണുന്ന പ്രതാപത്തിലേക്ക് നയിച്ചത് സിംഗപ്പൂർ പോർട്ട് സിറ്റി പദ്ധതിയാണ്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് ഹബ്ബായ ഗിംഗപ്പൂരിന്റെ ജി ഡി പിയിൽ 7 ശതമാനം സംഭവാന ചെയ്യുന്നത് സമുദ്ര വ്യവസായ മേഖലയാണ്. 1970കളോടെയാണ് സിംഗപ്പൂർ സാന്പത്തിക വളർച്ചയിലേക്ക് വഴിതിരിഞ്ഞത്. അന്നുതൊട്ട് ഇതുവരെയുള്ള കാലയളവിനിടെ ടോട്ടൽ ജിഡിപിയിൽ 417 ഇരട്ടി വർധനയാണുണ്ടായത്! ഇതിൽ സമുദ്ര വ്യവസായത്തിന്റെ സംഭാവന മൂന്നര ഇരട്ടിയായി ഉയർന്നു. സമുദ്ര വ്യവസായ മേഖലയിൽ മാത്രം 12 ഇരട്ടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ലൈഫ് എക്സ്പെറ്റൻസി 58 വയസ്സിൽ നിന്ന് 84 ആയി മാറി. പോരായ്മകളില്ലാത്ത മാതൃകയല്ല സിംഗപ്പൂർ. എങ്കിലും ബഹുതല സ്പർശിയായ വികസനാവിഷ്കാരങ്ങൾ ഒരു രാജ്യത്തെ ഏതളവിൽ മാറ്റിമറിക്കുമെന്ന് മനസ്സിലാക്കാൻ ഇതുപകരിക്കും. പ്രത്യേകിച്ചും ജനസാന്ദ്രതയിലും ഭൂ ലഭ്യതയിലും കേരളത്തോട് ഏറെ സാമ്യമുള്ള പ്രദേശമെന്ന നിലയിൽ. കേരളത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 900 പേർ ആണെങ്കിൽ സിംഗപ്പൂരിൽ അത് 8,400 പേരാണ്. ഭൂവിസ്തൃതിയിൽ കേരളം സിംഗപ്പൂരിനേക്കാൾ 50 മടങ്ങ് വലുതാണ്. എന്നിട്ടും ലോകത്തെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായി മാറാൻ കുറഞ്ഞകാലംകൊണ്ട് അവർക്ക് കഴിഞ്ഞു. ജീവിത നിലവാരം വലിയ തോതിൽ ഉയർന്നപ്പോഴും അവിടത്തെ നിത്യജീവിതച്ചിലവ് സാധാരണ പൗരന് താങ്ങാനാവുംവിധം നിയന്ത്രിച്ചുനിർത്താൻ തക്ക ഇടപെടലുകൾ നടത്താൻ സർക്കാറിനെ പ്രാപ്തമാക്കിയതും തുറമുഖ മേഖലയിലൂടെ കൈവരിച്ച അഭൂതപൂർവമായ വളർച്ചയാണ്. 

ഇത്തരം മാതൃകകളെ അപ്പാടെ പകർത്തി കേരളത്തെ സിംഗപ്പൂരാക്കാൻ ശ്രമിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി ഓരോ പദ്ധതിയെയും രൂപപ്പെടുത്തിയെടുക്കണം. വർധിതമായ ജനസാന്ദ്രത, പാരിസ്ഥിതിക സവിശേഷതകൾ, ഭൂ ലഭ്യത, പ്രകൃതി വിഭവ സാധ്യതകൾ തുടങ്ങി നിരവധി ഘടകങ്ങൾ കേരളത്തിൽ അവഗണിക്കാനാകാത്തവിധം സുപ്രധാനമാണ്. ഇവയ്ക്കിണങ്ങുംവിധം പദ്ധതികളെ മാറ്റിയൊരുക്കണമെന്ന ജനാഭിപ്രായത്തോട് ഭരണകൂടങ്ങൾ പൊതുവെ നിഷേധാത്മക സമീപനമാണ് സ്വീകരിക്കാറുള്ളത്. ഒടുവിൽ പൊതുജനവും സർക്കാറും തമ്മിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സംഘർഷങ്ങളിലാണ് 'പല വികസന'വും ചെന്നെത്തുക. വി ഡി സതീശനിൽനിന്ന് കേരളം ഇതല്ല പ്രതീക്ഷിക്കുന്നത്. പദ്ധതികൾക്കുവേണ്ടി കുടിയിറക്കപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുനരധിവസിപ്പിക്കപ്പെടാത്ത അനുഭവങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയതിനാൽ വീട് വയ്ക്കാനോ വിൽക്കാനോ പൊളിക്കാനോ കഴിയാതെ കുരുക്കിലകപ്പെട്ടുപോയ സാധുക്കളുണ്ട്. പദ്ധതിക്ക് കല്ലിടുംമുന്പേ അതിനിരയാകുന്നവരെ പുനരധിവസിപ്പിച്ച അനുഭവവും കേരളത്തിലുണ്ട്. എങ്കിലും വികസനമെന്നാൽ മനുഷ്യനെയോ മണ്ണിനെയോ പരിഗണിക്കാൻ ഇടമില്ലാത്ത ഒന്നാണെന്ന അധികാര ഭാഷ്യമാണ് കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പൊതുവിശ്വാസം. അത് തിരുത്തപ്പെടണം. എല്ലാതരം മനുഷ്യർക്കും ഇടമുള്ള, എല്ലാ പ്രദേശങ്ങളും തുല്യമായി പരിഗണിക്കപ്പെടുന്ന, ജനസൗഹൃദവും സംഘർഷരഹിതവുമായ, വ്യക്തിക്കും സർക്കാറിനും നിക്ഷേപകനും ഒരുപോലെ ഉത്തരവാദിത്തവും അവകാശങ്ങളുമുള്ള വികസനാനുഭവങ്ങൾ കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. 

(പ്രബോധനം വാരിക, ജൂൺ 26, 2026)


തുറമുഖം കേരളത്തിന്റെ വികസന മുഖം മാറ്റുമോ?

  പുതിയ നിയമസഭയുടെ ആദ്യ ദിവസങ്ങളിൽ തന്നെ ഭരണപക്ഷ എം എൽ എയായ വി ടി ബൽറാം നിയമസഭയിൽ ഒരാവശ്യം ഉന്നയിച്ചു. പുതിയ യു ഡി എഫ് സർക്കാറിന്റെ ഏറ്റവും ...