Thursday, July 18, 2019

വിദ്യാര്‍ഥികള്‍ക്കുമേല്‍ നടപ്പാകുന്ന ദേശീയ നയം


മൂന്നു പതിറ്റാണ്ടിന് ശേഷം രാജ്യം സന്പൂര്‍ണമായ വിദ്യാഭ്യാസ നയം മാറ്റത്തിന് ഒരുങ്ങുകയാണ്. ഒന്നാം മോദി സര്‍ക്കാര്‍ നിയോഗിച്ച കസ്തൂരി രംഗംന്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാറിന് സമര്‍പിച്ച കരട് റിപ്പോര്‍ട്ട് പൊതുജനാഭിപ്രായം തേടി കേന്ദ്രം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഭരണ രംഗത്ത് അവസരം കിട്ടുന്പോഴെല്ലാം തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ പാഠപുസ്തകങ്ങളില്‍ തിരുകിക്കയറ്റാന്‍ ശ്രിമിച്ചുകൊണ്ടേയിരിക്കുന്ന ഹിന്ദുത്വ പാര്‍ട്ടി നടപ്പാക്കാനൊരുങ്ങുന്ന നയമെന്ന നിലയില്‍ വലിയ ആശങ്കകളോടെയാണ് രാജ്യമാകെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് രേഖയെ സമീപിച്ചത്.  ഈ ആശങ്കകളെ പൂര്‍ണമായി  ശരിവക്കുന്നതല്ല പ്രസിദ്ധീകരിക്കപ്പെട്ട നയം. എന്നാല്‍ ആശങ്കകള്‍ അസ്ഥാനത്താണെന്ന് തീര്‍ത്ത് പറയാവുന്ന തതരത്തിലുമല്ല. വിദ്യാഭ്യാസ മേഖലയെ ഏറെക്കുറെ സമഗ്രമായി സമീപിക്കുകയും എല്ലാ വിഭാഗത്തെയും പരിഗണിക്കുകയും ഒട്ടുമിക്ക പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ചെയ്യുന്നുണ്ട് പുതിയ നയരേഖ. ഏറെക്കുറെ സ്വതന്ത്രവും ശാസ്ത്രീയവുമായ സമീപനമാണ് അത് മുന്നോട്ടുവക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ വിഹിതം ബജറ്റിന്റെ 20 ശതമാനമാക്കി  ഉയര്‍ത്തണമെന്ന ശിപാര്‍ശ, സമിതിയുടെ വീക്ഷണം വ്യക്തമാക്കുന്നതാണ്. പാഠപുസ്തകങ്ങള്‍ തിരുത്തിയും സിലബസ് മാറ്റിമറിച്ചും മുരളീ മനോഹര്‍ ജോഷി തുടങ്ങിവച്ച പരസ്യമായ കാവിവത്കരണമെന്ന നിലപാട് പുതിയ നയരേഖയില്‍ പ്രത്യക്ഷത്തില്‍ ഇല്ല.  രാഷ്ട്രീയ താത്പര്യങ്ങളേക്കാള്‍ അക്കാദമിക് താത്പര്യങ്ങളിലൂന്നിയാണ് നയം രൂപപ്പെടുത്തിയിരിക്കുന്നത്. ഏറെ കൊട്ടിഗ്ഘോഷിച്ച് കഴിഞ്ഞ മോദി സര്‍ക്കാറിന് വേണ്ടി അവരുടെ ഇഷ്ടക്കാര്‍ മാത്രമടങ്ങിയ ഒരു കമ്മിറ്റി തയാറാക്കിയ 2016ലെ വിദ്യാഭ്യാസ നയം, രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിട്ടത്. ആ പിഴവുകളില്‍നിന്നെല്ലാം സര്‍ക്കാര്‍ പാഠംപഠിച്ചുവെന്ന് കരുതാവുന്നത്ര സൂക്ഷ്മതയും അക്കാദമിക് സ്വഭാവവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കാണാം.

ഒട്ടുമേ ആശങ്കളില്ലാത്ത, രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ പഴുതുകളില്ലാത്ത നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്ന് ഇതിനര്‍ഥമില്ല. അതേസമയം, ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന കാതലായ പ്രശ്നങ്ങളെ വിശകലന വിധേയമാക്കുകയും ഒരുപരിധിവരെ പ്രായോഗികവും ഫലപ്രദവുമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട് അത്.  എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുക (ഇക്വിറ്റി),  എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ വിദ്യാഭ്യാസ സന്പ്രദായം ഉറപ്പാക്കുക (ആക്സസ്), എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക (ക്വാളിറ്റി)  എന്നീ ആശയങ്ങള്‍ കര്‍ക്കശമായി പിന്തുടരാന്‍ പുതിയ നയം ശ്രമിക്കുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലെ പൊതു പ്രശ്നങ്ങളായ Access, Equity, Quality എന്നിവക്ക് താരതമ്യേന പ്രായോഗികമായ വഴികള്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ Affordability, Accountability എന്നിവ പരിഹരിക്കാന്‍ പറയുന്ന നിര്‍ദേശങ്ങള്‍ നിലവിലുള്ള പ്രശ്നങ്ങളെ  മറികടക്കാന്‍ എത്രത്തോളം ഫലപ്രദമാണ് എന്ന സംശയം ബാക്കിനില്‍ക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് സാന്പത്തികമായി താങ്ങാവുന്ന വിദ്യാഭ്യാസ സംവിധാനം വേണമെന്നും അത് വാണിജ്യവത്കരിക്കരുതെന്നും നയം പറയുന്പോള്‍ തന്നെ ഇതിന് ആക്കം കൂട്ടുന്ന ശിപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.

പ്രായവും ഘടനയും

നിലവിലെ സ്കൂള്‍ വിദ്യാഭ്യാസ രീതിയില്‍ അടിമുടി പരിഷ്കാരം നിര്‍ദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയരേഖ. കുട്ടികളുടെ പ്രായം മുതല്‍ വിവിധ ഘട്ടങ്ങളിലെ വിദ്യാഭ്യാസ സന്പ്രദായത്തില്‍ വരെ സമൂലമായ പിരഷ്കരണം ഇത് മുന്നോട്ടുവക്കുന്നു. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ആറുവയസ്സുമുതലാണ് നിര്‍ബന്ധിത വിദ്യാഭ്യാസം നടപ്പാക്കുന്നത്. പുതിയ നയം ഇത് തിരുത്തുന്നു. മുന്ന് വയസ്സ് മുതല്‍ നിര്‍ബന്ധിത വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കുട്ടികളെ എത്തിക്കുന്ന തരത്തിലാണ് നയം ആവിഷ്കരിക്കുന്നത്. പ്രീ പ്രൈമറി വിദ്യാഭ്യാസം വ്യവസ്ഥാപിതവും ശാസ്ത്രീയവുമാക്കണമെന്ന വാദം കേരളത്തില്‍ തന്നെ വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ അതിന് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന കേരളത്തില്‍ പോലും ഇതുവരെ ആസൂത്രിതമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പദ്ധതിയാണ് വ്യവസ്ഥാപിതമായ പ്രീ പ്രൈമറി വിദ്യാഭ്യാസം. ചെറുപ്രായത്തില്‍ തന്നെ പ‌ഠനം തുടങ്ങല്‍. കളിയും പ്രവര്‍ത്തനവുമടങ്ങിയ പാഠ്യപദ്ധതിയാണ് ഇതിനായി നിര്‍ദേശിക്കുന്നത്. ജീവിതത്തിലുടനീളം പുലര്‍ത്താവുന്ന ഉത്തമ മൂല്യങ്ങള്‍ സ‍ഷ്ടിക്കാനുതകുംവിധമുള്ള പഠനമാണ് ഈ പ്രായത്തില്‍ നല്‍കുക. രണ്ട് തരത്തിലുള്ള പാഠ്യപദ്ധതി ചട്ടക്കൂട് ഇതിനായുണ്ടാക്കണമെന്ന് നയരേഖ നിര്‍ദേശിക്കുന്നു. ആദ്യത്തേത് 0-3 പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ്. രക്ഷിതാക്കളെയും അങ്കണവാടി അധ്യാപകരെയും ലക്ഷ്യമിട്ടാണ് ഇത് രൂപകല്‍പന ചെയ്യുക. രണ്ടാമത്തേത് 3 മുതല്‍ 8 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയും. അങ്കണവാടികളടക്കമുള്ള നിലവിലെ സ്ഥാപനങ്ങളെ പരിഷ്കരിച്ചോ ശാക്തീകരിച്ചോ പുതിയവ സ്ഥാപിച്ചോ ഉന്നത നിലവാരമുള്ള പ്രീ സ്കൂളുകള്‍ കൊണ്ടുവരണം.

മൂന്ന് വയസ്സ് മുതല്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത് ആഗോളതലത്തില്‍ പൊതുസ്വീകാര്യമായ പ്രായഘടനക്ക് വിരുദ്ധമാണ്. 4 മുതല്‍ 7 വരെയാണ് പ്രാഥമിക വിദ്യാഭ്യാസ കാലമായി പൊതുവെ കണക്കാക്കുന്നത്. ഇത് മൂന്ന് വയസ്സിലേക്ക് മാറ്റുന്നത് കുട്ടിയില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്ന് പഠിക്കേണ്ടതുണ്ട്. ഗ്രേഡ് മൂന്നിലെത്തുന്പോള്‍ ഒന്നിലധികം ഭാഷയിലും ഗണിതത്തിലും പ്രാഥമിക ജ്ഞാനമാര്‍ജിക്കണമെന്നാണ് നയം നിര്‍ദേശിക്കുന്നത്. എന്നാല്‍ അതിന് മുന്പുള്ള അടിസ്ഥാന ഘട്ടത്തില്‍ കളിച്ചുപഠിക്കലാണ് കരിക്കുലം. എങ്ങിനെ, ഏതളവില്‍ കുട്ടികള്‍ ഭാഷയും ഗണിതവും പഠിച്ചെത്തുമെന്ന കാര്യത്തില്‍ നയരേഖ ആശയക്കുഴപ്പവും അവ്യക്തതയുമാണ് ബാക്കിവക്കുന്നത്.

അരനൂറ്റാണ്ടിലേറെയായി രാജ്യം പിന്തുടരുന്ന 10+2+3 എന്ന വിദ്യാഭ്യാസ ക്രമം പൊളിച്ചെഴുതണമെന്ന്നയരേഖ ശിപാര്‍ശ ചെയ്യുന്നു. മൂന്ന് വയസ്സ് മുതല്‍ ആരംഭിച്ച് 18 വയസ് വരെ നീണ്ടുനില്‍ക്കുന്ന തരത്തില്‍ 4 ഘട്ടമായാണ് അത് പുനക്രമീകരിക്കുന്നത്.  5+3+3+4 എന്ന രീതിയില്‍. Foundational stage, Preparatory/Latter Primary stage, Middle/Upper Primary stage, High/Secondary stage എന്നിങ്ങനെ അതിനെ തരംതിരിക്കുന്നു. 3 വയസ് മുതല്‍ 8 വയസുവരെയുള്ള 5 വര്‍ഷമാണ് അടിസ്ഥാന പഠന കാലമായി (foundational) കണക്കാക്കുന്നത്. ഇതില്‍ 3 കൊല്ലം പ്രീ പ്രൈമറി വിദ്യാഭ്യാസവും രണ്ട് കൊല്ലം 1, 2 ക്ലാസുകളുമാണ് ഉണ്ടാകുക. ക്ലാസുകളെ ഗ്രേഡ് എന്നാണ് നയരേഖ പരിചയപ്പെടുത്തുന്നത്. 8 മുതല്‍ 11 വരെ പ്രായത്തിലാണ് പ്രാരംഭ ഘട്ട വിദ്യാഭ്യാസം (preparatory stage) നടക്കുക. ഇതില്‍  പഠിക്കേണ്ടത് 3,4,5 ഗ്രേഡുകള്‍. 11-14 പ്രായമാണ് അടുത്ത ഘട്ടം. ഇതില്‍ 6,7,8 ഗ്രേഡ‌ുകള്‍. 14 മുതല്‍ 18 വരെ പ്രായത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളും.

അടിസ്ഥാന ഘട്ടത്തിലെ പോലെ, പ്രാരംഭ ഘട്ടത്തിലും കളി-പ്രവര്‍ത്തനാധിഷ്ടിത പഠന രീതി തന്നെയാണ് ഉണ്ടാകുക. എന്നാല്‍ ഈ ഘട്ടത്തില്‍ വച്ചുതന്നെ ക്രമേണ ക്ലാസ് മുറികളിലെ ഔപചാരിക പഠന രീതിയിലേക്ക് മാറണം. പൊതു വിഷയങ്ങള്‍ക്കൊപ്പം കലയും ഭാഷയും പഠിപ്പിക്കും. സെക്കന്ററി ലവലില്‍ വിഷയാധിഷ്ടിത പഠനത്തിനാണ് ഊന്നല്‍. ഇതില്‍ സെമസ്റ്റര്‍ സന്പ്രദായമാകും പിന്തുടരുക. ഒരു വര്‍ഷം രണ്ട് സെമസ്റ്റര്‍ വീതം. ഒരു സെമസ്റ്ററില്‍ 5-6 വിഷയങ്ങള്‍. പൊതു വിഷയങ്ങളും തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഇലക്ടീവ് വിഷയങ്ങളുമുണ്ടാകും. ഈ ഘട്ടത്തില്‍ മാത്രമാണ് പ്രധാന വിഷയങ്ങളില്‍ ബോര്‍ഡ് പരീക്ഷ നിര്‍ദേശിക്കുന്നത്. എല്ലാ തലത്തിലുമുള്ള പാഠ്യപദ്ധതിയും ഇന്ത്യന്‍ പാരന്പര്യങ്ങളെയും പ്രാദേശിക സാംസ്കാരങ്ങളെയും ഉള്‍കൊള്ളുന്നതും സാങ്കേതിക ജ്ഞാനം, ലോജിക്കല്‍ റീസണിങ്, എത്തിക്കല്‍ റീസണിങ്, ആശയവിനിമയ ശേഷി തുടങ്ങിയവയെയും അടിസ്ഥാനമാക്കിയാകണമെന്ന് നയരേഖ പറയുന്നു.

പ്രവര്‍ത്തനം/പദ്ധതി അടിസ്ഥാനമാക്കിയ കരിക്കുലമാണ് സ്കൂളുകളിലേക്ക് നയം ശിപാര്‍ശ ചെയ്യുന്നത്. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യുമാനിറ്റീസ്, ആട്സ്, വൊക്കേഷണല്‍ വിഷയങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തുടരുന്ന തരത്തിലുള്ള കണിശമായ വേര്‍തിരിവ് ഇല്ലാതാക്കും. എല്ലാവര്‍ക്കും എല്ലാ വിഷയവും പഠിക്കാവുന്ന തരത്തിലുള്ള പാഠ്യപദ്ധതി വേണം.  പാഠ്യ വിഷയങ്ങൾ വിദ്യാര്‍ഥികൾക്ക് തന്നെ തെരഞ്ഞെടുക്കാവുന്ന തരത്തില്‍ ഉദാരമായ പാഠ്യക്രമം രൂപകല്‍പന ചെയ്യും. അതേസമയം തന്നെ പാഠ്യപദ്ധതി  കുട്ടികള്‍ക്ക് അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന തരത്തില്‍ ലളിതവും വിമര്‍ശനാത്മക ചിന്തയെ  ഉദ്ദീപിപ്പിക്കുന്നതുമാകണം. പാഠ്യ -പാഠ്യേതര മേഖല,  അക്കാമദിക്-വൊക്കേഷണല്‍ മേഖല എന്നിങ്ങനെ നിലവിലുള്ള വ്യത്യസ്ത ധാരകളും ഇല്ലാതാക്കും. കായികം മുതല്‍ പൂന്തോട്ട നിര്‍മാണം വരെ എല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും. ഇതിനനുസരിച്ച സിലബസ് എന്‍ സി ഇ ആര്‍ ടി തയാറാക്കും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും പ്രത്യേകതകളും പരിഗണിച്ച് എസ് സി ഇ ആര്‍ ടികള്‍ക്ക് ദേശീയ ചട്ടക്കൂടിന് അനുസൃതമായി മാറ്റങ്ങള്‍ വരുത്താം.

സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങളും വിഭവ ശേഷിയും പങ്കിട്ട് ഉപയോഗിക്കുന്നതിനായി ഒരു പ്രദേശത്തെ സമീപ സ്കൂളുകള്‍ ചേര്‍ത്ത് സ്കൂള്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ട്. കേരളത്തില്‍ ക്ലസ്റ്റര്‍ കോളജുകളെന്ന പേരില്‍ സമാനമായൊരു പരീക്ഷണം നേരത്തെ നടത്തിയിരുന്നു. ഏറെക്കുറെ പരാജയമായി മാറിയ ഈ പരിപാടിയാണ് ഇപ്പോള്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. പ്രയോഗ സാധ്യത തീരെ കുറഞ്ഞ ഈ പദ്ധതി ഫലത്തില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് തിരിച്ചടിയായിത്തീരും. അടിസ്ഥാന സൌകര്യമില്ലാത്ത സ്വകാര്യ സ്കൂളുകളുടെ വ്യാപനത്തിനും ഇത് വഴിവക്കും. സ്വകാര്യ സ്കൂളുകളാകട്ടെ അവരുടെ വിഭവങ്ങള്‍ പങ്കുവക്കാന്‍ തയാറാകുകയുമില്ല. അധ്യാപകരില്ലാത്ത കാലത്തു ഉയര്‍ന്നുവന്ന സ്കൂള്‍ കോംപ്ലക്സ് എന്ന നിര്‍ദേശം ഇപ്പോള്‍ നടപ്പാക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വിപരീതഫലമാണ് സൃഷ്ടിക്കുക.

പേടിയില്ലാത്ത പരീക്ഷ

പാഠങ്ങള്‍ ചൊല്ലിപ്പഠിക്കുകയും അത് ഓര്‍ത്തെടുത്ത് പരീക്ഷയെഴുതുകയും ചെയ്യുന്ന രീതിയില്‍നിന്ന് മാറി, വിദ്യാര്‍ഥിയുടെ വിശകലന ശേഷി വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനാധിഷ്ടിത പഠനമാണ് പുതിയ നയരേഖ മുന്നോട്ടുവക്കുന്ന സുപ്രധാന ആശയം. കാണാതെ പഠിക്കുക എന്നതില്‍നിന്ന് ആലോചിക്കാനും വിശകലനം ചെയ്യാനും പഠിക്കുക എന്നിടത്തേക്കുള്ള മാറ്റം. അതിനനുസൃതമായ പരീക്ഷാ രീതിയാണ് കസ്തൂരി രംഗന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നത്. കുട്ടികളുടെ സര്‍ഗാത്മകമായ വളര്‍ച്ചയെ സഹായിക്കുന്നതാകണം അവരെ വലിയിരുത്തുന്ന രീതി.  നിരന്തര മൂല്യനിര്‍ണയത്തിലൂടെ വിമര്‍ശനാത്മക ചിന്താ ശേഷി, അപഗ്രഥന പാടവം തുടങ്ങിയവയാണ് വിലയിരുത്തേണ്ടത്. സ്കൂള്‍ പരീക്ഷ മുതല്‍ തൊഴില്‍ പരീക്ഷ വരെയുള്ള എല്ലായിടത്തും പരീക്ഷാര്‍ഥിയുടെ വിശകലന ശേഷി കണ്ടെത്താനാതുകുന്ന പരീക്ഷാ രീതി അവലംബിക്കണം.

നിലവിലെ പരീക്ഷാ രീതിയും അതിന്‍റെ ഉപോത്പന്നമെന്ന നിലയില്‍ രൂപപ്പെട്ട ട്യൂഷന്‍-കോച്ചിങ് സംസ്കാരവും സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ ആഘാതം സൃഷ്ടിച്ചിച്ചുണ്ട് എന്ന് നയരേഖ പറയുന്നു. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ വിദ്യാര്‍ഥികളെ അസാധാരണമായ സമ്മര്‍ദത്തിലകപ്പെടുത്തുന്നു. ചിന്താ-വിശകലന ശേഷിയെ അപ്രസക്തമാക്കുംവിധം മനപ്പാഠം പഠിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഏതാനും ചില വിഷയങ്ങളിലെ ഏതാനും ഭാഗം മാത്രം പഠിച്ച് 'ഉന്നത' വിജയം നേടാന്‍ അവര്‍ക്ക് കഴിയും. സ്കൂള്‍ കാലത്തുതന്നെ സ്പെഷലൈസേഷനിലേക്ക് പോകുന്നതിനാല്‍ അവരുടെ ഭാഷാ-ഗണിതാഭിരുചി-നൈപുണി തുടങ്ങിയവ അവഗണിക്കപ്പെടുകയാണ്. കുട്ടികളില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട ഇത്തരം അഭിരുചികള്‍ ബഹുവിഷയ കേന്ദ്രിത (multidisciplinary) രീതികളിലൂടെ ഉറപ്പാക്കുകയും അതെല്ലാം നിരന്തര മൂല്യ നിര്‍ണയത്തിന് വിധേയമകാക്കുകയും വേണം. ഒന്നോ രണ്ടോ തവണ മാത്രം അവസരം ലഭിക്കുന്ന നിലവിലെ ബോര്‍ഡ് പരീക്ഷകള്‍  നയരേഖ മുന്നോട്ടുവക്കുന്ന ആശയം ദുര്‍ബലപ്പെടുത്തുന്നവയാണ്. അതുകൊണ്ട് നിലവിലെ പരീക്ഷാ രീതി പൂര്‍ണമായി പൊളിച്ചെഴുതണമെന്നാണ് ശിപാര്‍ശ. വിദ്യാര്‍ഥിയുടെ അറിവിനെ പലതരത്തില്‍ പരിശോധിക്കുന്ന പരീക്ഷാ സന്പ്രദായം ആവിഷ്കരിക്കണം. അതിനായി നയരേഖ മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്: വിദ്യാര്‍ഥിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വ്യത്യസ്ത വിഷയങ്ങള്‍ പരീക്ഷക്ക് വേണ്ടി നിശ്ചയിക്കണം.  ഇതില്‍നിന്ന്, ഒരു വിദ്യാര്‍ഥിക്ക് അവന്‍റെ അഭിരുചിക്കിണങ്ങുന്ന വിഷയം തെരഞ്ഞെടുത്ത് അതില്‍ പരീക്ഷയെഴുതാന്‍ കഴിയണം. പരീക്ഷ, വിഷയത്തിന്‍റെ മര്‍മം മാത്രം പരിശോധിക്കുന്നതും വിദ്യാര്‍ഥിക്ക് അനായാസം നേരിടാന്‍ കഴിയുന്നതും ആകണം. ക്ലാസില്‍ കൊള്ളാവുന്ന തരത്തില്‍ പഠിക്കുന്നവര്‍ക്ക്  അധിക അധ്വാനമില്ലാതെ വിജയിക്കാനാകണം.  പരീക്ഷക്ക് സജ്ജനാണെന്ന് കുട്ടിക്ക് ബോധ്യമായാലാണ് പരീക്ഷ നടത്തേണ്ടത്.  കൂടുതല്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. സ്കൂള്‍ ഫൈനല്‍ പരീക്ഷ തന്നെ ബോര്‍ഡ് പരീക്ഷയായി കണക്കാക്കിയാല്‍ പരീക്ഷകളുടെ എണ്ണം കുറക്കാനാകുമെന്നും നയരേഖ ചൂണ്ടിക്കാട്ടുന്നു.

2022-ാടെ പരീക്ഷാ രീതികളില്‍ മാറ്റം വരുത്തണം. അതിനനുസൃതമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ എന്‍ സി ഇ ആര്‍ ടിയെ കമ്മിറ്റി ചുമതലപ്പെടുത്തി. കോര്‍ വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുന്ന രീതിയില്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റും. കന്പ്യൂട്ടറൈസ്ഡ് അഡാപ്റ്റിവ് ടെസ്റ്റിങ് വ്യാപകമാക്കണമെന്നും എത്രതവണ വേണമെങ്കിലും കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ കഴിയുമെന്നും നയരേഖ നിര്‍ദേശിക്കിന്നു. കോളജ്/സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ നടത്താനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) രൂപവത്കരിക്കണമെന്നതാണ് മറ്റൊരു ശിപാര്‍ശ. എന്‍ ടി എ രാജ്യത്തുടനീളം പരീക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. പരമാവധി എല്ലാ ഭാഷകളിലും പരീക്ഷ നടത്തണം.



മൂന്നുതരം സര്‍വകലാശാലകള്‍

ഉന്നത വിദ്യാഭ്യാസ മേഖലലയിലും സമഗ്രമായ അഴിച്ചുപണിയാണ് നയം ശിപാര്‍ശ ചെയ്യുന്നത്. ബഹുവിഷയ കേന്ദ്രിതമായ പാഠ്യപദ്ധതി നിര്‍ദേശിക്കുന്ന നയം, 15 വര്‍ഷം കൊണ്ട് രാജ്യത്തെ ഗ്രോസ് എന്‍‍റോള്‍മെന്‍റ് റേഷ്യോ (ജി ഇ ആര്‍) 50 ശതമാനമാക്കി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. രാഷ്ട്ര നിര്‍മാണ പ്രകൃയയില്‍ വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കുന്നതിനൊപ്പം സാമൂഹിക ബോധവും സംസ്കാരവുമുള്ള പൌരസമൂഹ രൂപീകരണവും സാധ്യമാകണം. വ്യക്തികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കലല്ല ഉന്നത വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. എന്നാല്‍ തൊഴില്‍ വിപണിയില്‍ അത്യാവശ്യമായ പലതരം ശേഷികള്‍ ആര്‍ജിക്കാവുന്ന വിധത്തില്‍ ആകുകയും വേണം. 800ല്‍ അധികം സര്‍വകലാശാലകളും 40,000-ാളം കോളജുകളുമാണ് ഇന്ന് രാജ്യത്തുള്ളത്. ഇതില്‍ പകുതിയോളം കോളജുകളും ഒരു വിഷയത്തില്‍ മാത്രം ഉന്നത പഠനം വാഗ്ദാനം ചെയ്യുന്നവയാണ്. ആകെ നാല് ശതമാനം കോളജുകളില്‍ മാത്രമാണ് 3000ല്‍ അധികം കുട്ടികള്‍ പഠിക്കാനെത്തുന്നത്. 20 ശതമാനം കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം 100ല്‍ താഴെയാണ്. അധ്യാപക ക്ഷാമമാകട്ടെ അതിഭീകരമാംവിധം രൂക്ഷവുമാണ്. ഇത്രയും വിഭവ ശേഷിയെ ആസൂത്രിതമായ പദ്ധതികളിലൂടെ പരമാവധി ഉപയോഗപ്പെടുത്തുന്ന പരിഷ്കാരമാണ് നയരേഖ മുന്നോട്ടുവക്കുന്നത്. ബഹുവിഷയ കേന്ദ്രിത കോളജുകളും സര്‍വകലാശാലകളും സ്ഥാപിക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസത്തെ പല തട്ടിലും മട്ടിലുമാക്കി മുറിച്ചുമാറ്റിയ നിലവിലെ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തുകയാണ് മുഖ്യ ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു സര്‍വകലാശാല/കോളജ് 5000 കുട്ടികള്‍ എങ്കിലുമുള്ള സ്ഥാപനമാക്കി മാറ്റണം.

ബിരുദ പഠനം കൂടുതല്‍ ഉദാരമാക്കണം. നിലവിലെ ത്രിവത്സര ബിരുദ പദ്ധതി ആവശ്യമുള്ളവര്‍ക്ക് തുടരാം. എന്നാല്‍ കൂടുതല്‍ സമഗ്രവും കാര്യക്ഷമവുമായ രീതിയില്‍ നാല് വര്‍ഷ ബിരദു കോഴ്സുകള്‍ ആരംഭിക്കണം. ഒന്നിലധികം വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താന്‍ കഴിയുന്ന തരത്തിലാകും അതിന്‍റെ ഘടന. പൊതു വിഷയങ്ങളും ഉപ വിഷയങ്ങളും എന്ന രീതിയിലാകും സിലബസ്. അഥവ ഒരേ വിഷയത്തില്‍ സ്പെഷലൈസേഷനോടുകൂടി പഠിക്കുന്ന നിലവിലെ രീതിക്ക് പകരം, കുറേ വിഷയങ്ങള്‍ (multi disciplinary) പഠിക്കുകയും അതില്‍ നിന്ന് കൂടുതല്‍ താത്പര്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ പഠനം നടത്തുകയും ചെയ്യുന്ന തരത്തില്‍ ക്രമീകരിക്കുക. ലിബറല്‍ ആട്സ് പ്രോഗ്രാം എന്നുതന്നെയായിരിക്കും ബിരുദം അറിയപ്പെടുക. ഗവേഷണത്തെയും ബിരുദ പഠനത്തെയും കൂടുതല്‍ ഫലപ്രദമായി കൂട്ടിയിണക്കാനാണ് ഉദാര വിദ്യാഭ്യാസ സമീപനം ആവിഷ്കരിക്കുന്നത് എന്നാണ് നയരേഖ അവകാശപ്പെടുന്നത്. ഇതനായി ഗവേഷണ രംഗത്ത് അന്തര്‍സര്‍വകലാശാല തലത്തിലെ സഹകരണവും സംയുക്ത പദ്ധതികളും, ഭാഷ-തത്വശാസ്ത്രം, സാഹിത്യം, കല എന്നിവയിലെ ഗവേഷണവും പഠനവും, ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുടെ സംസ്കാരം- ചരിത്രം എന്നിവയിലെ ഗവേഷണം, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലെ ഗവേഷണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കണമെന്ന് നയരേഖ ശിപാര്‍ശ ചെയ്യുന്നു. അക്കാദമികവും ഭരണപരവുമായ പൂര്‍ണ സ്വയംഭരണാധികാരമുള്ള സ്വതന്ത്ര ബോര്‍ഡുകള്‍ക്കായിരിക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെയും വൈസ് ചാന്‍സിലറെയുമെല്ലാം നിശ്ചയിക്കാന്‍ മെറിറ്റ് മാത്രമാണ് മാനദണ്ഡമാക്കേണ്ടത്. സര്‍ക്കാര്‍ ഇടപെടലുകളോ ബാഹ്യ സമ്മര്‍ദങ്ങളോ ഇതലുണ്ടാകാന്‍ പാടില്ല. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ഒരൊറ്റ നിയന്ത്രണ സംവിധാനമാണ് വേണ്ടത്. പൊതു-സ്വകാര്യ സ്ഥാപനങ്ങളെയെല്ലാം ഒരേ സംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവരണം. വിദ്യാഭ്യാസത്തിന്‍റെ വാണിജ്യവത്കരണം അവസാനിപ്പിക്കുന്നതോടൊപ്പം, മാനവികമായ വീക്ഷണത്തോടെ വരുന്ന സ്കാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വ്യക്തികളെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കണം.



തുല്യാവസരവും പരമാവധി പ്രാപ്യതയും ഉറപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മൂന്നുതരം സര്‍വകലാശാലകള്‍ സ്ഥാപിക്കാനാണ് നയരേഖ ലക്ഷ്യമിടുന്നത്. 2030-ാടെ ഇത് യാഥാര്‍ഥ്യമാക്കണം. ഗവേഷണ സര്‍വകലാശാലകള്‍ (research universities)‍, അധ്യാപന സര്‍വകലാശാലകള്‍ (teaching universities), കോളജുകള്‍ എന്നിങ്ങനെയാണ് വിഭജനം. ഗവേഷണത്തിലും അധ്യാപനത്തിലും ഒരുപോലെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളാണ് ഗവേഷണ സര്‍വകലാശാലകള്‍. പുതിയ അറിവുകള്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നല്‍കുന്ന കേന്ദ്രങ്ങള്‍ കൂടിയാകും ഇത്. ബിരുദാനന്തര കോഴ്സുകള്‍ മാത്രമല്ല, ബിരുദ പഠനം കൂടി ഇത്തരം സര്‍വകലാശാലകളിലുണ്ടാകും. 20 കൊല്ലംകൊണ്ട് ഇത്തരം 150-300 സര്‍വകലാശാലകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഗവേഷണത്തിലും പഠനത്തിലും രാജ്യത്തെ ഏറ്റവും മുന്തിയ സ്ഥാപനങ്ങളാക്കി ഇവയെ മാറ്റണം. 5000 മുതല്‍ 25,000 വരെ കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കും.

ഉന്നത നിലവാരത്തിലുള്ള പഠനം ഉറപ്പുനല്‍കുന്നവയാണ് ടൈപ്പ് 2 വിഭാഗത്തിലെ സര്‍വകലാശാലകള്‍. ഇവിടെ ഗേവഷണത്തേക്കാല്‍ പഠനത്തിനാണ് പ്രാമുഖ്യം. രണ്ട് പതിറ്റാണ്ടുകൊണ്ട് ഇത്തരം 2000 സര്‍കലാശാലകള്‍ സ്ഥാപിക്കും. ഒരു സര്‍വകലാശാലയില്‍ 5000-25,000 കുട്ടികള്‍. രുണനിലവാരത്തില്‍ ഒന്നാം വിഭാഗത്തില്‍പെട്ട സര്‍വകലാശാലകളുടെ ഒപ്പം നില്‍ക്കുന്നവയാകും ടൈപ് 2 ല്‍ ഉള്ളവയും. ചിലതെങ്കിലും ഒന്നാം വിഭാഗത്തില്‍ ഉള്‍പെടുത്താവുന്നവയുമായിരിക്കണം. ബിരുദം, ഡിപ്ലോമ കോഴ്സുകൾ, സര്‍‌ട്ടിഫിക്കറ്റ് കോഴ്സുകൾ, പ്രൊഫഷണല്‍ കോഴ്സുകൾ തുടങ്ങിയവ നടത്തുന്ന കോളജുകളാണ് മൂന്നാം വിഭാഗത്തില്‍ (ടൈപ്പ് 3) വിഭാവനം ചെയ്യുന്നത്. രണ്ടായിരം മുതല്‍ അയ്യായിരം വരെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാവുന്ന ഇത്തരം 10,000 -ാളം സ്ഥാപനങ്ങള്‍ വേണമെന്ന് നയം നിര്‍ദേശിക്കുന്നു. സമ്പൂര്‍ണ സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളായിരിക്കും ഇവ. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സ്ഥാപിക്കുന്ന ഇവയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ നിക്ഷേപവും ആകാം. ഓരോ തലത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അക്രഡിറ്റേഷന്‍ സന്പ്രദായം ഏര്‍പെടുത്തും. മൂന്ന് വിഭാഗം സ്ഥാപനങ്ങളും രാജ്യത്ത് എല്ലായിടത്തും തുല്യമായി സ്ഥാപിക്കപ്പെടണം. ഒരു ജില്ലയില്‍ മൂന്ന് വിഭാഗത്തിലും പെട്ട ഒരോ സ്ഥാപനങ്ങള്‍ അടുത്ത 5 വര്‍ഷത്തിനകം സ്ഥാപിക്കണം. ശ്രമകരമായ ഭൂ ഘടനയുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.

ബിരുദ ദാനത്തിനുള്ള അധികാരം നിലവില്‍ സര്‍വകലാശാലകള്‍ക്കാണ്. സ്വയംഭരണ കോളജുകള്‍ക്ക് കൂടി ഈ അധികാരം നല്‍കുന്ന തരത്തില്‍ ഇത് പുനക്രമീകരിക്കണം. കോളജുകള്‍ക്ക് അവരവരുടെ പേരുകളില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം. നിലവിലെ സര്‍വകലാശാലകള്‍ ടൈപ്പ് 1 അല്ലെങ്കില്‍ ടൈപ്പ് 2 വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളായി മാറണം. കോളജുകള്‍ അഫിലിയേറ്റ് ചെയ്യുന്ന രീതി ഇല്ലാതാക്കും. എല്ലാ കോളജുകളും സ്വയംഭരണ കോളജുകളുമാക്കി മാറ്റും. അവക്ക് നിലവിലെ സര്‍വകലാശാലയില്‍ ലയിക്കുകയോ അല്ലെങ്കില്‍ സ്വയം ഒരു സര്‍വകലാശാലയായി മാറുകയോ ചെയ്യാം. 12 കൊല്ലത്തിനകം ഈ മാറ്റം പൂര്‍ത്തിയാക്കണം. 2032 ന് ശേഷം രാജ്യത്ത് അഫിലിയേറ്റഡ് കോളജുകളോ അഫിലിയേറ്റിങ് സര്‍വകലാശാലകളോ ഉണ്ടാകില്ല. 12 കൊല്ലത്തിനകം ഇങ്ങിനെ മാറാത്ത കോളജുകളെ അഡല്‍റ്റ് എജുക്കേഷന്‍ കേന്ദ്രങ്ങളോ ലൈബ്രറികളോ തൊഴിലധിഷ്ടിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളോ ആക്കി മാറ്റും.

തുല്യതയും ലഭ്യതയും

അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഒരുപോലെ ലഭ്യമാക്കുക എന്ന ലക്ഷ്യം നടപ്പാക്കാനുതകുന്ന നിര്‍ദേശങ്ങള്‍ കരട് നയരേഖയിലെങ്ങും കാണാം. 2030-ാടെ ഇത് യാഥാര്‍ഥ്യമാക്കണമെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുന്നവരുടെ പ്രശ്നങ്ങളും അത് നേരിടേണ്ടി വരുന്ന സമൂഹങ്ങളുടെ സവിശേഷതകളും അക്കമിട്ട് നിരത്തുന്നു. സാന്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്തള്ളപ്പെടുന്നവരെ സവിശേഷമായി ഉള്‍കൊള്ളുന്ന തരത്തില്‍ സ്പെഷല്‍ എജുക്കേഷന്‍ സോണുകള്‍ സ്ഥാപിക്കണമെന്ന് നയരേഖ ശിപാര്‍ശ ചെയ്യുന്നു. ഇത്തരം മേഖലയില്‍പ്രകടമാകുന്ന  അധ്യാപക ക്ഷാമം പരിഹരിക്കാന്‍ ബദല്‍ വഴികള്‍ തേടാം. സവിശേഷ ശ്രദ്ധ വേണ്ട പ്രദേശങ്ങളില്‍ അധ്യാപക - വിദ്യാര്‍ഥി അനുപാതം കുറക്കണം. വിദ്യാര്‍ഥികള്‍ക്ക് സാന്പത്തിക സഹായം നല്‍കണം. സ്കോളര്‍ഷിപ്പുകള്‍ ഉറപ്പാക്കണം. ഇതിനായി ദേശീയ തലത്തില്‍ പ്രത്യേക ഫണ്ട് സമാഹരിക്കും. പെണ്‍കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ ജെന്‍ഡര്‍ ഇന്‍ക്ലൂഷന്‍ ഫണ്ട് സ്ഥാപിക്കും. കൊഴിഞ്ഞുപോകുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതി തയാറാക്കണം.

കുട്ടികളോട് എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ പറ്റുന്നവരെ അധ്യാപകരായി നിയോഗിക്കണം. ഒരേവിഭാഗത്തില്‍പെട്ട കുട്ടികളാണെങ്കില്‍  അവരില്‍നിന്ന് തന്നെയുള്ള അധ്യാപകരെ നിയോഗിക്കാം. എല്ലാ തരത്തിലുമുള്ള വിവേചനം തടയുന്ന സംവിധാനം സ്കൂളുകളില്‍ നടപ്പാക്കും. സ്കൂളുകളില്‍നിന്ന് തന്നെ ലിംഗസമത്വത്തെക്കുറിച്ച അവബോധം സൃഷ്ടിക്കും. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സവിശേഷ സംരക്ഷണം നല്‍കുന്ന നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം. പാഠശാലകള്‍, ഗുരുകുലം, മദ്രസകള്‍ തുടങ്ങിയ മതപഠന കേന്ദ്രങ്ങളെ സ്കൂള്‍ വിദ്യാഭ്യാസം നല്‍കുന്ന തരത്തില്‍ ദേശീയ വിദ്യാഭ്യാസ ചട്ടക്കൂടുമായി ബന്ധിപ്പിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ബോര്‍ഡ് പരീക്ഷ എഴുതാന്‍ അവസരം നല്‍കും. ഇങ്ങിനെ സമൂഹത്തിന്‍റെ നാനാതുറകളില്‍ പലകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോയ വിഭാഗങ്ങളുടെ പഠനത്തിന് സവിശേഷമായ പരിഗണനയാണ് നയരേഖ നല്‍കുന്നത്.

ഇംഗ്ലീഷിനോട് അരിശം

മറ്റ് വിഭാഗങ്ങളില്‍ നയരേഖ പ്രകടിപ്പിച്ച അക്കാദമികമായ ഔന്നത്യവും വിശാലതയും സൂക്ഷ്മതയുമെല്ലാം മാറ്റിവച്ചാണ് ഭാഷാ പഠനവുമായി ബന്ധപ്പെട്ട നിലപാടുകള്‍ കസ്തൂരിരംഗന്‍ കമ്മിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയ രേഖ പുറത്തിറക്കിയതിന് പിന്നാലെ രാജ്യമാകെ ഉയര്‍ന്ന ആരോപണം, അത് ഭാഷാ വൈവിധ്യത്തെ നിരാകരിച്ച് ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. ഹിന്ദിയേതര സംസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തില്‍ നയ രേഖ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കെതിരെ രംഗത്തെത്തി. വലിയ പ്രതിഷേധമവും അരങ്ങേറി. ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു എന്നും ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നു എന്നും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ഈ വിവാദത്തിന് നിമിത്തമായത്.  ഹിന്ദി മൌലികവാദം ഇല്ലെന്നും നിലവില്‍ പിന്തുടരുന്ന ത്രിഭാഷാ പഠന പദ്ധതി തന്നെ പുതിയ നയത്തിലും തുടരുമെന്നും സര്‍ക്കാറിന് വിശദീകരിക്കേണ്ടിവന്നു. എന്നാല്‍ പുതിയ നയത്തിലൂടനീളം ഭാഷ, ഒരു പ്രശ്നമേഖലയായി ഒളിഞ്ഞുകിടക്കുന്നുവെന്ന് ന്യായമായും സംശയിക്കാവുന്ന തരത്തിലാണ് കരട് രേഖ തയാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷിനെ അവഗണിക്കുകയും പ്രാദേശിക ഭാഷയിലേക്ക് വ്യവഹാരം ചുരുക്കുകയും ചെയ്യുക എന്നതാണ് നയത്തിന്‍റെ കാതല്‍. വികസിത
രാജ്യങ്ങളെല്ലാം അവരവരുടെ സ്വന്തം ഭാഷയിലാണ് അന്താരാഷ്ട്ര വിഷയങ്ങളടക്കം കൈകാര്യം ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കരട് നയം ഈ നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യയല്ലാത്ത രാജ്യങ്ങള്‍ക്കെല്ലാം സ്വന്തമായി ഒരൊറ്റ പൊതുഭാഷയുണ്ട് എന്നും ഇന്ത്യക്ക് അങ്ങിനെയൊന്നില്ല എന്നുമുള്ള വസ്തുത നയരേഖ മറച്ചുവക്കുന്നു‍. മാത്രമല്ല, വികസിത രാജ്യങ്ങളിലെ പൌരന്‍മാര്‍ക്ക് അതിജീവനത്തിന് അവരുടെ ഭാഷയും രാജ്യവും തന്നെ ധാരാളമാണ്. ഇവിടെ അതല്ല സ്ഥിതി. അതുകൊണ്ടുകൂടിയാണ് ഇന്ത്യക്കാരന് അന്താരാഷ്ട്ര ഭാഷ അനിവാര്യമാകുന്നത്. ഭാഷാ പഠനം എന്നാല്‍ സംസ്കാരവും സാഹിത്യവും പഠിക്കല്‍ കൂടിയാണ്. ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകളോട് കഠിനമായ വിയോജിപ്പും ഇന്ത്യന്‍ ഭാഷകളില്‍ അമതിമായ ഊന്നലും നല്‍കുന്നത് ഈ പ്രാധാന്യം മുന്നില്‍ കണ്ടുതന്നെയാകണം.

ആഗോള നിലവാരവും സാധ്യതയുമുള്ള വിദ്യാഭ്യാസം സ്വപ്നംകാണുന്നുണ്ട് എങ്കിലും  ഭാഷയുടെ കാര്യത്തില്‍ നയരേഖക്ക് ഈ വിശാല വീക്ഷണമില്ല. വിശേഷിച്ചും ഇംഗ്ലീഷിനോടുള്ള സമീപനത്തില്‍. 'ദൌര്‍ഭാഗ്യവശാല്‍ ഇംഗ്ലീഷ്, പഠന മാധ്യമം ആക്കുന്ന പ്രവണത രാജ്യത്തുടനീളമുണ്ട്' എന്ന് ആശങ്കയാണ് വിദ്യാഭ്യാസ നയരേഖ പങ്കുവക്കുന്നത്.  നൂറ്റാണ്ടുകളിലൂടെ വികസിച്ച ഇന്ത്യന്‍ ഭാഷകള്‍, എല്ലാ തരത്തിലുള്ള ആശയവിനിമയവും സാധ്യമാക്കുന്നുണ്ട്. അവ ശാസ്ത്രീയ ഘടനയുള്ളതാണ്. സമൃദ്ധമായ സാഹിത്യശാഖകള്‍ ഉള്‍കൊള്ളുന്നതാണ്. ഇന്ത്യന്‍  സാഹചര്യങ്ങളോട് ആത്മബന്ധമുള്ളതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏതുവിഷയത്തിലും ഒരു പോലെ സംസാരിക്കാനും പഠിക്കാനും ആശയപ്രകാശനം നടത്താനും കഴിയുന്നവയാണ്. അത് ഒട്ടും സങ്കീര്‍ണതകളില്ലാത്ത, നിരന്തരം ഉപയോഗിക്കപ്പെടുന്ന വ്യാകരണപരമായ കാര്‍ക്കശ്യങ്ങളില്ലാത്തവയാണ് എന്നും നയരേഖ പരിചയപ്പെടുത്തുന്നു. ഇംഗ്ലീഷിന്‍റെ പ്രാമുഖ്യം മറികടക്കണമെന്ന് നിര്‍ദേശിക്കുന്നിടത്താണ് ഇന്ത്യന്‍ ഭാഷകളെക്കുറിച്ച ഈ ആത്മവിശ്വാസ പ്രകടനം എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ഇന്ത്യയിലെ ഉപരിവര്‍ഗത്തിന്‍റെ ഭാഷയാണ്, മറ്റുള്ളവരെ അത് അരികുവത്കരിക്കുന്നു, ഒരാളുടെ വിദ്യാഭ്യാസ നിലവാരം നിര്‍ണയിക്കാനുള്ള മാനദണ്ഡമായി ഇംഗ്ലീഷ് മാറുന്നു, ഇംഗ്ലീഷറിയാത്തവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ കിട്ടാതാകുന്നു, പല പ്രതിഭാശാലികള്‍ക്കും ഇംഗ്ലീഷ് തടസ്സമാകുന്നു,  രക്ഷിതാക്കളില്‍ ഇംഗ്ലീഷ് ഭ്രമം സൃഷ്ടിക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഇംഗ്ലീഷിനെതിരെ കരട് രേഖ വലിയൊരു കുറ്റപത്രം തന്നെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇംഗ്ലീഷിന്‍റെ ഈ ആധിപത്യം അവസാനിപ്പിക്കണം, ഇന്ത്യന്‍ ഭാഷകള്‍ക്ക് നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കണം, ഇന്ത്യന്‍ ജനതയെ അവരുടെ വൈജാത്യങ്ങള്‍ക്കതീതമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ഭാഷാപഠനം വ്യാപകമാക്കണം, ഇംഗ്ലീഷും പഠിപ്പിക്കാം പക്ഷെ ഭാഷാ-സാഹിത്യ പഠനം ഇന്ത്യന്‍ ഭാഷകളില്‍ മാത്രമാകണം തുടങ്ങിയ നിര്‍ദേശങ്ങളും കരട് രേഖയിലുണ്ട്. ഇന്ത്യക്കാര്‍ തമ്മിലെ ആശയ വിനിമയം ഇന്ത്യന്‍ ഭാഷയിലായിരിക്കണം എന്നതാണ് നയരേഖ മുന്നോട്ടുവക്കുന്ന മറ്റൊരു സുപ്രധാന നിര്‍ദേശം. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയും വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണ് എന്ന യാഥര്‍ഥ്യം വിസ്മരിച്ചാണ് കസ്തൂരി രംഗന്‍ കമ്മിറ്റി ഈ നിര്‍ദേശം മുന്നോട്ടുവക്കുന്നത്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ ജനതയുടെ ഭാഷാതിരുകള്‍ക്കതീതമായ ആശയവിനിമയം ഏറെക്കുറെ സാധ്യമാക്കുന്നത് ഇംഗ്ലീഷാണ്. മലയാളിയോ തമിഴനോ മറാഠിയോ ഗുജറാത്തിയോ അസമിയോ അവരവരുടെ സംസ്ഥാനത്തിന് പുറത്തുപോയാല്‍ പിന്നെ പൊതുവായ ആശയവിനിമയത്തിന് ആശ്രയിക്കുന്നത് ഇംഗ്ലീഷിനെയാണ്. ഹിന്ദി അവരുടെയൊന്നും മുന്‍ഗണനാ ഭാഷയാകുന്നുമില്ല. ഇത്തരം യാഥാര്‍ഥ്യങ്ങളെപ്പോലും പരിഗണിക്കാതെയാണ് ഇംഗ്ലീഷ് വിരുദ്ധ ഇന്ത്യന്‍ ഭാഷാ പ്രേമം നയരേഖ പ്രകടിപ്പിക്കുന്നത്. ഫലത്തില്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദിയുടെ ആധിപത്യവും അപ്രമാധിത്തവും സ്ഥാപിക്കലായിരിക്കും ഇതിലൂടെ സംഭവിക്കുക.  ഒരൊറ്റ രാജ്യം ഒരൊറ്റ ഭാഷ എന്ന ആശയം പരോക്ഷമായി പറയുന്നുവെന്നാണ് ഭാഷയുമായി ബന്ധപ്പെട്ട കരട് രേഖയിലെ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സയന്‍സും സാങ്കേതിക വിദ്യയും പഠിക്കാനും അതില്‍ ഗവേഷണങ്ങള്‍ നടത്താനും ഇംഗ്ലീഷ് തന്നെ ആകാമെന്ന് നയരേഖ പറയുന്നുമുണ്ട്!

അധ്യയന മാധ്യമം പ്രാദേശിക ഭാഷയാകണമെന്ന കര്‍ക്കശമായ നിര്‍ദേശം നയം മുന്നോട്ടുവക്കുന്നു. സ്വതന്ത്രമായ ചിന്തക്കും അതിരുകളില്ലാത്ത ആലോചനകള്‍ക്കും മാതൃഭാഷയില്‍ പഠിക്കുക എന്നത് പ്രധാനമാണ്. ചെറു പ്രായത്തില്‍ തന്നെ ബഹുഭാഷാ പഠനത്തിന് കുട്ടികളെ സജ്ജമാക്കണം. ഭാഷാപഠനം ഏറ്റവും അനായാസം നടക്കുന്നുത് 2 മുതല്‍ 8 വയസ്സുവരെയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഗ്രേഡ് 8 വരെ പഠനം മാതൃഭാഷയിലായിരിക്കണം. ഇതില്‍ ഗ്രേഡ് 5 വരെ മാതൃഭാഷ/പ്രാദേശിക ഭാഷയല്ലാതെ മറ്റൊന്നും അധ്യയന മാധ്യമമാകാന്‍ പാടില്ല.  സയന്‍സ് അടക്കമുള്ള എല്ലാ ടെക്സ്റ്റ് പുസ്തകങ്ങളും അതത് ഭാഷയില്‍ ലഭ്യമാക്കണം. അധ്യയന മാധ്യമത്തില്‍നിന്ന് വ്യത്യസ്തമായ പ്രാദേശിക ഭാഷയുള്ള കുട്ടികള്‍ ക്ലാസിലുണ്ടെങ്കില്‍ അധ്യാപകര്‍ ദ്വിഭാഷ രീതിയില്‍‍ പഠിപ്പിക്കണം. അതിനുവേണ്ട പഠന സാമഗ്രികളും ഉണ്ടാകണം. ഭാഷാധ്യാപകരെ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം. സംസ്കൃതം അടക്കം ക്ലാസിക്കല്‍ ഭാഷകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അതിലെ സാഹിത്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ശാസ്ത്രവും ഗണിത ശാസ്ത്രവും വൈദ്യ ശാസ്ത്രവും ഒക്കെയുള്ള സംസ്കൃതം പഠിപ്പിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കണം. മറ്റ് സ്കൂള്‍ വിഷയങ്ങളുമായി സംസ്കൃതത്തെ ബന്ധിപ്പിക്കണം. എല്ലാ അറിവുകളുടെയും സ്രോതസ്സാണ് സംസ്കൃതം എന്ന ധ്വനി നയരേഖയുടെ വരികള്‍ക്കിടയില്‍ കാണാം. പാലി, പേര്‍ഷ്യന്‍, പ്രാകൃത് എന്നീ ഭാഷകളുടെ പരിപോഷണത്തിനായി പ്രത്യേക കമ്മീഷന്‍ രൂപവത്കരിക്കണമെന്നും ശിപാര്‍ശയുണ്ട്.

നിയന്ത്രണം പ്രധാനമന്ത്രിയില്‍

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ പരിവര്‍ത്തനം സാധ്യമാക്കുന്ന നയരൂപീകരണമാണ് കസ്തൂരി രംഗന്‍ കമ്മിറ്റി ശിപാര്‍ശകളുടെ ആകത്തുക. അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം പുതുതലമുറക്ക് ഉറപ്പാക്കാനുതകുംവിധമുള്ള ഒരുപാട് ശിപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ കാണാം. കരട് രേഖ സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ഇത് രാജ്യത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയമായി മാറും. അക്കാദമികമായി നയ രേഖ പൊതുവെ സ്വീകാര്യവും പ്രതീക്ഷാ നിര്‍ഭരവുമാണ്. നയം പൊതുവായ ചില സമീപനങ്ങളും നിലപാടുകളും സങ്കല്‍പങ്ങളുമാണ്. എന്നാല്‍ അത് പ്രയോഗത്തില്‍ വരുത്താന്‍ സുവ്യക്തവും സുചിന്തിതവുമായ നടപടികളും സര്‍ക്കാര്‍ ഉത്തരുവകളും വേണം. ഇപ്പോള്‍ പ്രഖ്യാപിച്ച നയം തന്നെയും ഏത് തരത്തിലും വ്യാഖ്യാനിക്കാനാകുംവിധം വിശാലവും വിപുലവുമാണ്. അത് നടപ്പാക്കാന്‍
വേണ്ട നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്പോഴാണ് രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രത്യക്ഷമാകുക. വിദ്യാഭ്യാസ രംഗത്ത് പ്രഖ്യാപിത അജണ്ടകളുള്ള രാഷ്ട്രീയ ഹിന്ദുത്വം അധികാരം വാഴുന്ന രാജ്യത്ത് ഒരു നയം ഏത് രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുകയെന്ന് അധികം ആലോചിക്കേണ്ടതില്ല. 

എല്ലാ ശുഭ പ്രതീക്ഷകള്‍ക്കുമപ്പുറം ഉയര്‍ന്നുവരുന്ന ഈ ആശങ്ക അസ്ഥാനത്തല്ല എന്ന് അടിവരയിടുന്നതാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ഭരണസംവിധാനത്തിന്റെ ഘടനയും രൂപകല്‍പനയും. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ (എന്‍ ഇ സി) എന്ന പേരില്‍ പ്രധാന മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കായിരിക്കും രാജ്യത്ത് ഈ നയം നടപ്പാക്കുന്നതിന്‍റെ പൂര്‍ണ ചുമതല. സംസ്ഥാനങ്ങളില്‍ ഇതേ മാതൃകയില്‍ സംസ്ഥാനതല കമ്മീഷനുകളുണ്ടാകും. 
പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാവുന്ന തരത്തിലാണ് എന്‍ ഇ സിയുടെ ഘടന. പ്രധാനമന്ത്രി ചെയര്‍മാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (മാനവവിഭവ ശേഷി വകുപ്പിന്‍റെ പുനര്‍നാമകരണം നയം നിര്‍ദേശിക്കുന്നുണ്ട്) വൈസ് ചെയര്‍മാനുമായിരിക്കും. ആകെ 20-30 അംഗങ്ങള്‍. അതില്‍ കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിതി ആയോഗ് വൈസ് ചെയര്‍‌മാന്‍, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ഊഴമിട്ട് കമ്മീഷനില്‍ അംഗത്വം വഹിക്കും. ഇവരെല്ലാമായിരിക്കും കമ്മീഷനിലെ പകുതി അംഗങ്ങള്‍. ബാക്കി 50 ശതമാനം പേര്‍ വിദ്യാഭ്യാസ വിചക്ഷണരും വിവിധ മേഖലകളിലെ വിദഗ്ധരും മറ്റും. ഈ കമ്മീഷനെ നിയോഗിക്കുക പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി എന്നിവരടങ്ങിയ സമിതിയാകും.

വിദ്യാഭ്യാസ മേഖലയിലെ ഏത് പദ്ധതിയും പരിപാടിയും ഏത് സമയത്തും പുനരാലോചിക്കാനും ഏതുതരം പരിഷ്കാരവും നടപ്പാക്കാനുമുള്ള അധികാരം കമ്മീഷനുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏത് സ്ഥാനപത്തിന്റെയും ബഡ്ജറ്റും ധനവിനിയോഗവും അടക്കം എല്ലാ സാന്പത്തിക ഇടപാടുകളും നിയന്ത്രിക്കാന്‍ കമ്മീഷന് അധികാരമുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ചുമതല നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷനായിരിക്കും. ഫൌണ്ടേഷന് കീഴില്‍ രൂപവത്കരിക്കുന്ന നാല് ഡിവിഷനുകളാണ് ഗവേഷണത്തിന് അപേക്ഷ സ്വീകരിച്ച് വിഷയം അംഗീകരിക്കുക. ഇതിന് പണം നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ സബ്ജക്ട് കമ്മിറ്റിയുമുണ്ടാകും. എന്നാല്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ഗവേണിങ് ബോഡിയെ നിയമിക്കുന്നത് എജുക്കേഷന്‍ കമ്മീഷനാണ്. ഫലത്തില്‍ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് പൂര്‍ണ അധികാരം കൈവരുന്ന, രാഷ്ട്രീയ താത്പര്യങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന അധികാര ഘടനയിലാണ് ദേശീയ കമ്മീഷന്‍ രൂപകല്‍പന ചെയ്യുന്നത്. അയഞ്ഞ ചട്ടക്കൂടിനുള്ളില്‍ രൂപപ്പെടുത്തിയ എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന ഉദാര വിദ്യാഭ്യാസ നയവും അതിനെ നിയന്ത്രിക്കാനായി രാഷ്ട്രീയാധിപത്യത്തോടെയുള്ള സമിതിയുമാണ് പുതിയ നയരേഖയിലൂടെ സ്ഥാപിക്കപ്പെടുന്നത്.



നയം കേന്ദ്രീകൃതം

എജുക്കേഷന്‍ കമ്മീഷന്‍ അടക്കമുള്ള സംവിധാനങ്ങളിലൂടെ കടുത്ത കേന്ദ്രീകൃത നിയന്ത്രണമാണ് ഫലത്തില്‍ പുതിയ നയം മുന്നോട്ടുവക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരുപോലെ അധികാമുള്ള കണ്‍കറന്‍റ് പട്ടികയില്‍ പെട്ടതാണ് വിദ്യാഭ്യാസം എന്ന വസ്തുത പോലും നയരൂപീകരണ സമിതി പരിഗണിച്ചില്ല എന്ന് സംശയിക്കണം. കണ്‍കറന്‍റ് ലിസ്റ്റില്‍പെട്ടതിനാല്‍ ശ്രദ്ധാപൂര്‍വമായ ആസൂത്രണവും സംയുക്തമായ നടത്തിപ്പ് മേല്‍നോട്ടവും വേണമെന്ന് മാത്രമാണ് നയം പറയുന്നത്. നയരൂപീകരണത്തില്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം നയം അനുവദിക്കുന്നില്ല. പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തെക്കുറിച്ചും അവര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങളെക്കുറിച്ചും നയം വിശദമായി ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ അവരെ ഒഴിവാക്കി എന്ന് പറയാന്‍ പറ്റാത്ത തരത്തിലുള്ള പ്രാതിനിധ്യം നല്‍കിയിട്ടുമുണ്ട്. വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും സംവരണാവകാശം സംരക്ഷിക്കുന്നതിനെപ്പറ്റിയും നയം മൌനംപാലിക്കുന്നു. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രവേശനം ഉറപ്പാക്കാനാവശ്യമായ  നിര്‍ദേശങ്ങള്‍ പലയിടത്തായി നയത്തില്‍ പറയുന്നുമുണ്ട്. 

കരട് രേഖ പ്രസിദ്ധീകരിക്കപ്പെട്ട് മൂന്നാഴ്ചക്ക് ശേഷം ദി ഹിന്ദു പത്രം നടത്തിയ അഭിമുഖത്തില്‍ നയരൂപീകരണ സമിതി അധ്യക്ഷനായിരുന്ന കെ കസ്തൂരി രംഗനോട് ഇക്കാര്യം ചോദിക്കുന്നുണ്ട്. ദലിത്- പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി എന്തുകൊണ്ട് അരപേജ് മാത്രം എന്ന ചോദ്യത്തിന് അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പരാമര്‍ശിക്കുന്നിടത്തെല്ലാം ദലിത്-പിന്നാക്ക വിഭാഗങ്ങളും ഉള്‍പെടുമെന്നാണ് നല്‍കിയ വിശദീകരണം! സംവരണത്തില്‍ തൊടാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല, നയം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും അപാകമുണ്ടായാല്‍ അത് തിരുത്തണമെന്നും അതിലപ്പുറം തനിക്കൊന്നും പറയാനില്ലെന്നുമാണ് സംവരണത്തെക്കുറിച്ചുള്ള മറുപടി !! കേന്ദ്രവുമായി
എപ്പോഴും ആശയവിനിമയം നടത്തേണ്ടി വരുമെങ്കിലും അത് നേരിട്ടുള്ള നിയന്ത്രണത്തിന് കാരണമാകില്ല എന്നാണ് കേന്ദ്രീകൃത നിയന്ത്രണത്തിന് പറയുന്ന ന്യായം !!! എങ്ങും തൊടാതെ അവ്യക്തമായി നല്‍കുന്ന ഈ അഴകൊഴമ്പന്‍ മറുപടികള്‍  കരട് നയത്തെയാകെ സംശയനിഴലില്‍ നിര്‍ത്തുന്നുണ്ട്.

സ്വയംഭരണവും സ്വകാര്യവത്കരണവും

വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു സ്ഥാപനങ്ങള്‍ക്ക് തന്നെയാണ് നരയരേഖ മുന്തിയ പ്രാധാന്യം നല്‍കുന്നത്. എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാകുന്ന തരത്തില്‍ പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് കരട് രേഖ നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ പൊതുപണം ചിലവിടുന്നതിന്‍റെ തോത് വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശം മുന്നോട്ടുവക്കുന്ന നയം, വിദ്യാഭ്യാസ മേ ഖലയെ വാണിജ്യാടിസ്ഥാനത്തിലുള്ള നിക്ഷേപ സാധ്യതാ പ്രദേശമായി മാറ്റുന്നതിനെതിരെ പലയിടത്തും മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു കാരണവശാലും അനുമതി നല്‍കരുതെന്ന കര്‍ക്കശ നിലപാട് നയത്തിലുടനീളം പ്രകടമാണ്. സര്‍ക്കാര്‍ പണം മുടക്കാത്ത സ്ഥാപനങ്ങളൊന്നും പേരിനൊപ്പം പബ്ലിക് എന്ന വാക്ക് ഉപയോഗിക്കരുത് എന്നുവരെ നിര്‍ദേശമുണ്ട്. അതേസമയം തന്നെ സ്വകാര്യ സ്ഥാപനങ്ങളെ ആവോളം പ്രോത്സാഹിപ്പിക്കണമെന്ന ഉദാര സമീപനവും കരട്  നയത്തില്‍ കാണാം. ഉന്നതമായ മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന സ്വകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കണമെന്ന് നയം എടുത്തുപറയുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭകരമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തടയിട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനും നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നതിനും തടസ്സമായതെന്നാണ് കരട് രേഖയുടെ കണ്ടെത്തല്‍. ഈ തടസ്സം മറികടക്കണമെങ്കില്‍ ഉദാര സമീപനം സ്വീകരിച്ചേ പറ്റൂ. സ്വകാര്യ നിക്ഷേപത്തെക്കുറിച്ച് അതി സൂക്ഷ്മമായി മാത്രമാണ് നയം പറയുന്നത് എങ്കിലും ഫലത്തില്‍ അത് അതീവ ഉദാര നയമായി പരിണമിക്കുമെന്നുറപ്പ്. ശക്തമെങ്കിലും ചെറു നിയന്ത്രണങ്ങള്‍ ആകാമെന്നാണ് ഇതേപറ്റി നയം പറയുന്നത്. അഥവ നിലവിലുള്ള സ്വകാര്യ വിദ്യാഭ്യാസ മേഖല അതേപടി തുടരുകയും ഒരുപടികൂടി മുന്നോട്ട് കുതിക്കുകയും ചെയ്യുമെന്ന് വ്യക്തം. സ്കോളര്‍ഷിപ്പുകള്‍, അടിസ്ഥാന സൌകര്യ വികസനം, അധ്യാപക നിയമനം, അധ്യാപക പരിശീലനം എന്നിവയാണ് സ്വകാര്യ മേഖലയിലെ സാധ്യതകളായി കരട് നയം പരിചയപ്പെടുത്തുന്നത്.

സ്കൂളുകള്‍ക്ക് അവരുടെ ഫീസും പാഠ്യപദ്ധതിയും സ്വയം തെരഞ്ഞെടുക്കാനുള്ള സന്പൂര്‍ണമായ സ്വയംഭരണാധികാരം കരട് നയരേഖ അനുവദിക്കുന്നു. ഫീസ് മൂന്ന് കൊല്ലത്തിലൊരിക്കല്‍ പുനര്‍നിര്‍ണയിക്കാം. എന്നാല്‍ അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സഹായം നല്‍കണം. അധ്യാപക പരിശീലനത്തിലും സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകരെ പങ്കെടുപ്പിക്കണം. എന്നാല്‍ ഇതൊന്നും പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് വിഭവവും അവസരവും നിഷേധിച്ചുകൊണ്ടാകരുതെന്നും നയം പറയുന്നു.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വയം ഭരണ  സ്ഥാപനങ്ങളായി മാറുന്ന ഭാവികാലമാണ് നയരേഖ സ്വപ്നം കാണുന്നത്. വിശേഷിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്ത്. സ്വയം ഭരണമെന്നാല്‍ അക്കാദമികമായ സ്വയം ഭരണം മാത്രമല്ല. ഫീസ് നിര്‍ണയിക്കാനും ശന്പളം നിശ്ചയിക്കാനും സ്ഥാപനം നടത്തിക്കൊണ്ടുപോകാനുമുള്ള പൂര്‍ണ അധികാരമാണ്. അക്കാദമികമായ അധികാരം കൂടി കൈവരുന്നതോടെ ഇഷ്ടപ്രകാരമുള്ള ഫീസ് ഘടനയില്‍ അവര്‍ക്ക് നല്ലതെന്ന് തോന്നുന്ന ഏത് കോഴ്സും പഠിപ്പിക്കാനാകും. ഫലത്തില്‍ ഇത് സന്പൂര്‍ണ സ്വാശ്രയവത്കരണത്തിലേക്കാണ് നയിക്കുക.  എല്ലാവര്‍ക്കും പ്രാപ്യമായ വിദ്യാഭ്യാസം എന്ന നയരേഖ മുന്നോട്ടുവക്കുന്ന സങ്കല്‍പത്തെ പാടേ തകിടം മറിക്കുന്നതാകും ഈ സ്വാശ്രയവത്കരണം. കേരളത്തില്‍ ഇതിനകം നിലവില്‍വന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും അപ്രാപ്യമായിത്തുടങ്ങിയിരിക്കുന്നു എന്ന  അനുഭവം നമ്മുടെ മുന്നില്‍ നിലനില്‍ക്കുന്നുമുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയപ്പോള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു വകുപ്പ് 12 (I) (c). ഓരോ സ്കൂളും അതിന്‍റെ ചുറ്റുവട്ടത്തുനിന്നുള്ള ദരിദ്ര-പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും പ്രവേശനം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്. ആകെ കുട്ടികളുടെ എണ്ണത്തിന്‍റെ 25 ശതമാനം ഇങ്ങിനെ പ്രവേശനം നല്‍കിയവരായിരിക്കണമെന്നും അവരുടെ ഫീസ് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ വിദ്യാലയം സാന്പത്തിക ശേഷിയുള്ളവര്‍ മാത്രം പഠിക്കുന്ന സ്ഥലമായി മാറാതിരിക്കാനും അവിടെ എല്ലാതരം വിദ്യാര്‍ഥികളുടെയും സാന്നിധ്യം ഉറപ്പാക്കാനുമായിരുന്നു ഈ നിര്‍ദേശം വച്ചത്. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാനായില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ കഴിഞ്ഞ ലോക്സഭയെ അറിയിച്ചിരുന്നു. വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങള്‍ മാത്രമാണ് അത് നടപ്പാക്കിയത്. ഈ വ്യവസ്ഥ കര്‍ക്കശമായി നടപ്പാക്കണമെന്ന് കരട് നയം ശിപാര്‍ശ ചെയ്യുന്നുണ്ട്. പക്ഷെ അതിനും നയരേഖ മുന്നോട്ടുവക്കുന്ന ഉപായം, സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുക എന്നതാണ്.

നിയമപരമായി നിര്‍ബന്ധമാക്കിയിട്ടും യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത സങ്കല്‍പം, സ്ഥാപനങ്ങളെ കൂടുതല്‍ സ്വതന്ത്രമാക്കുന്നതിലൂടെ നടപ്പാക്കാന്‍ കഴിയുമെന്ന് കരുതാന്‍ ഒരുന്യായവുമില്ല. സ്വാകാര്യ സ്ഥാപനങ്ങളും സ്വയംഭരണ സങ്കല്‍പങ്ങളും ഇതനികം സൃഷ്ടിച്ച പ്രശ്നങ്ങള്‍ നേരിടാന്‍ ഫലപ്രദമായ നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവക്കാനില്ലാത്ത കരട് നയരേഖ, പരിഹാരമായി ആവര്‍ത്തിക്കുന്നത് കൂടുതല്‍ സ്വതന്ത്രമായ സ്വയം ഭരണമാണ്. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഏറ്റവും വലിയ പോരായ്മയും ഇതുതന്നെയാണ്.  സ്വകാര്യ മേഖലയെ ചൂഷണമുക്തമായ സംവിധാനമാക്കി മാറ്റുന്ന തരത്തിലുള്ള സംവിധാനം അനിവാര്യമാണ്. ഒപ്പം അവയെ  വിദ്യാര്‍ഥി സൌഹൃദ സ്ഥാപനങ്ങളാക്കി മാറ്റാനുതകുന്ന മെക്കാനിസം കണ്ടെത്തിയേ തീരൂ. പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം ഒരേനിയമം നടപ്പാക്കണമെന്ന നിര്‍ദേശം കരടിലുണ്ട്. എന്നാല്‍ ഇതെത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന ആശങ്ക അസ്ഥാനത്തല്ലെന്ന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടനിടയിലെ കേരളത്തിലെ മാത്രം സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. സര്‍ക്കാര്‍ പണം മുടക്കുന്ന പബ്ലിക് സ്ഥാപനങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും എയ്ഡഡ് മേഖല പോലെ കേരളത്തിലും മറ്റും നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളെക്കുറിച്ച് നയത്തില്‍ വ്യക്തതയില്ല.

സ്വാശ്രയവത്കരണം ശക്തമാകുന്നതോടെ വിദ്യാഭ്യാസം ക്രമേണ സാധാരണക്കാര്‍ക്ക് താങ്ങാന്‍ (affordable) കഴിയാത്തതായി മാറും. അത് വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ദുഷ്പ്രാപ്യമാക്കി (inaccessible)ത്തീര്‍ക്കുകയും അതോടെ നിരവധി പേര്‍ പുറന്തള്ളപ്പെടുകയും (exclusion)  ചെയ്യും. തുല്യഅവസരം (equity) എന്ന വിദ്യാഭ്യാസത്തിലെ പ്രാഥമിക തത്വം തന്നെ ഏറ്റവുമേറെ അട്ടിമറിക്കപ്പെടുന്നത് ഇങ്ങിനെയാണ്. അതുകൊണ്ട് തന്നെ സ്വയംഭരണവും സ്വാകാര്യവത്കരണവും അന്തിമമായ പരിഹാരമല്ല. എന്നാല്‍ അവയെ പൂര്‍ണമായി ഒഴിവാക്കുന്നത് യുക്തിസഹവുമല്ല. ഈ രണ്ടറ്റങ്ങള്‍ക്കിടയില്‍നിന്നുകൊണ്ട് അവയെ എങ്ങിനെ എല്ലാവര്‍ക്കും സ്വീകാര്യവും ആശ്രയിക്കാവുന്ന മേഖലയാക്കി മാറ്റാമെന്ന ആലോചനകളുണ്ടാകണം.  ഈ ദിശയില്‍ ഫലപ്രദമായൊരു ചുവടുവക്കാന്‍ കരട് നയത്തിലൂടെ കഴിഞ്ഞിട്ടില്ല.

മാറ്റത്തിന്റെ തുടക്കം

കരട് നയ രേഖയില്‍ പലയിടത്തും അവ്യക്തതകളും വൈരുദ്ധ്യങ്ങളും പ്രകടമാണ്. വിദ്യാഭ്യാസം ഇന്ത്യാ കേന്ദ്രിതമാകണമെന്ന് ഒന്നിലധികം സ്ഥലങ്ങളില്‍ നയം പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ എന്നതിന് കൃത്യതയുള്ള നിര്‍വചനം നയത്തിലില്ല. പുതിയ നയം നടപ്പാക്കുന്നവര്‍ അതിന് നല്‍കുന്ന നിര്‍വചനം എന്തായിരിക്കും എന്ന ആശങ്ക കരട് രേഖയുടെ വായനയിലുടനീളം അനുഭവപ്പെടും. 1986 മുതല്‍ പിന്തുടരുന്ന നിലവിലെ ദേശീയ നയത്തില്‍, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ ശാക്തീകരിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമായി എടുത്ത് പറയുന്നുണ്ട്. 'രാജ്യം ദീര്‍ഘകാലമായി പിന്തുടരുന്ന ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്....വിദ്യാഭ്യാസം പല ഘടകങ്ങളെയും ഇണക്കിച്ചേര്‍ക്കുന്ന ഒന്നാണ്. അത് ദേശീയോദ്ഗ്രഥനമെന്ന വീക്ഷണത്തെയും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെയും നവീകരിക്കുകയും അതുവഴി  ഭരണഘടനയിലെ വിശുദ്ധ തത്വങ്ങളായ സോഷ്യലിസം, ജനാധിപത്യം, മതേതരത്വം എന്നിവയെ പരിപോഷിപ്പിക്കുകയും ചെയ്യും' എന്ന് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ പുതിയ നയത്തില്‍ മതേതരത്വം എന്ന വാക്ക് ഒരിടത്തുപോലും ഉപയോഗിച്ചിട്ടില്ല.

ഭരണഘടനാധിഷടിതമായ ദേശീയബോധവും ഉത്തമ പൌരന്റെ രൂപീകരണവും 1986ലെ നയത്തിന്റെ സുപ്രധാന ലക്ഷ്യമായിരുന്നുവെന്ന് വരികളില്‍ വ്യക്തമാണ്. പുതിയ നയം പക്ഷെ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല, അത്തരം മൂല്യ സങ്കല്‍പങ്ങളോട് ബോധപൂര്‍വം അകലംപാലിക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നുമുണ്ട്. പുരാതന ഇന്ത്യയിലാണ് അതിന് കൂടുതല്‍ താത്പര്യം‍. മത്സരാധിഷ്ടിത കന്പോള ലോകത്തിന് ഇണങ്ങുന്ന 'ഉത്പന്നങ്ങളെ' സൃഷ്ടിച്ചെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ താത്പര്യമെന്ന് പറയാതെ പറയുന്നുണ്ട് കരട് രേഖ. വിവര-തൊഴിലധിഷ്ഠിത സന്പദ്‍വ്യവസ്ഥയിലേക്കുള്ള മാറ്റവും അതിനിണങ്ങുന്ന തരത്തിലുള്ള പൌര സമൂഹ രൂപീകരണവുമാണ് ഇത് ലക്ഷ്യംവക്കുന്നത്. പോരായ്മകളുണ്ടെങ്കിലും താരതമ്യേന സ്വതന്ത്രമായിരുന്ന യുജിസി പോലുള്ള  അക്കാദമിക് സ്ഥാപനങ്ങളെ ഇല്ലാതാക്കി പകരം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ക്ക് കീഴിലേക്ക് ഗവേഷണവും ഉന്നത വിദ്യാഭ്യാസവും കൊണ്ടുവരുന്നു എന്നതടക്കമുള്ള സുപ്രധാന നയം മാറ്റവും കരട് രേഖയില്‍ പ്രകടമാണ്. രാജ്യം പിന്തുടരുന്ന ഭരണഘടനാ മൂല്യങ്ങള്‍ക്കുസൃതമായ നയത്തില്‍നിന്നാണ് മാറ്റം തുടങ്ങുന്നത് എന്നാണ് കരട് രേഖ പരോക്ഷമായി പറയുന്നത്. അത് നടപ്പാക്കാനുള്ള സമയക്രമത്തിനാകട്ടെ അസാധാരണമായ വേഗവുമുണ്ട്.

കേരള പാഠാവലി

കരട് നയത്തില്‍ പറയുന്ന പല പദ്ധതികളും
പല തരത്തിലും തലത്തിലുമായി കേരളത്തില്‍ പലപ്പോഴായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നയരേഖ മുന്നോട്ടുവക്കുന്ന പല നിര്‍ദേശങ്ങളും 2007ല്‍ കേരളം രൂപകല്‍പന ചെയ്ത കേരള കരിക്കുലം ഫ്രെയിംവര്‍ക്കില്‍ (പാഠ്യപദ്ധതി ചട്ടക്കൂട്) പ്രഖ്യാപിച്ചതാണ്. പ്രവര്‍ത്തനാധിഷ്ടിത പഠനവും  വിമര്‍ശനാത്മക ബോധനശാസ്ത്രവും നിരന്തര മൂല്യനിര്‍ണയവും കേരളത്തില്‍ നടപ്പാക്കി. സ്വയംഭരണം എന്ന പരീക്ഷണം പലതരത്തില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. എന്നിട്ടും നയമുണ്ടാക്കിയ സമിതി കേരള അനുഭവങ്ങള്‍ പഠിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ല.

പ്രവര്‍ത്തനാധിഷ്ടിത പഠനം എന്ന സങ്കല്‍പം അതിന്റെ സത്തയുള്‍കൊണ്ട് നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണമായി വിജയിച്ചില്ല എന്നാണ് പിന്നീടുണ്ടായ വിലയിരുത്തല്‍. മൂല്യനിര്‍ണയത്തില്‍ കുട്ടിയുടെ ചിന്താശേഷി കൂടി പരിഗണിക്കണമെന്ന നിര്‍ദേശം ഏറ്റവും പരിഹാസ്യമായ രീതിയില്‍ വരെ നടപ്പാക്കപ്പെട്ടു. ചോദ്യ നന്പര്‍ ഉത്തരക്കടലാസിലെഴുതിയാല്‍ പാസ് മാര്‍ക്ക് നല്‍കുന്നതിനെയാണ് കുട്ടിയുടെ വിശകലന ശേഷി പരിശോധനയായി കേരളത്തിലെ അധ്യാപക ലോകം പരാവര്‍ത്തനം ചെയ്തത്. രാഷ്ട്രീയ താത്പര്യങ്ങള്‍ സിലബസില്‍ തിരുകിക്കയറ്റുന്നതിനും കേരള മാതൃകകളുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ ഒരു തലമുറ പിന്നിട്ടപ്പോള്‍ അക്ഷരാഭ്യാസമില്ലാത്ത, എഴുത്തും വായനയും അറിയാത്ത വിദ്യാര്‍ഥി സമൂഹമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന വിമര്‍ശനത്തിന് ഇനിയും വസ്തുനിഷ്ടമായ മറുപടി ഉണ്ടായിട്ടുമില്ല. എത്ര മഹത്തായ സങ്കല്‍പമാണെങ്കിലും കാര്യശേഷിയുള്ളവരിലൂടെ ഫലപ്രദവും ആസൂത്രിതവും സുതാര്യവുമായി നടപ്പാക്കിയില്ലെങ്കില്‍ അത് തിരിച്ചടിക്കുമെന്ന് തെളിയിച്ച പാഠാവലിയാണ് കേരളം. 'ഭരണഘടന എത്രനല്ലതാണെങ്കിലും നടപ്പാക്കുന്നത് മോശം ആളുകളാണെങ്കില്‍ അത് മോശമാകുമെ'ന്ന് അംബേദ്കറെ ഉദ്ദരിച്ച് കരട് നയരേഖ തന്നെ അതിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം യാഥാര്‍ഥ്യമാകുന്പോള്‍ അത് നടപ്പാക്കുന്നവരുടെ സത്യസന്ധതയും സുതാര്യതയും അത് കുട്ടികളില്‍ പ്രയോഗിക്കുന്നവരുടെ ഗുണവും നിലവാരവും  സംശയരഹിതമായി ഉറപ്പാക്കേണ്ടതുണ്ട്.

(മാധ്യമം ആഴ്ചപ്പതിപ്പ്- ജൂലൈ 2019)

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...