Monday, August 16, 2021

ഇടത് ഫാക്ടറിയിലെ കാപ്സ്യൂളുകളും കേരളീയ പൊതുബോധവും

 

കേരളത്തിലെ ഒരു കോളജ് അധ്യാപകൻ കോളജിന് പുറത്തുനടന്ന ഒരു സ്വകാര്യ പരിപാടിയിൽ പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു പരമാർശം നടത്തി. പിന്നീട് ഏതോ സമയത്ത് ഈ പ്രസംഗ ശകലം സോഷ്യൽ മീഡിയയിലെത്തുകയും വലിയ കോലാഹലങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു. കോഴിക്കോട്ടെ കോളജിനും  അധ്യാപകനും  എതിരെ അതിശക്തമായ പ്രതിഷേധങ്ങളുയർന്നു. കേരളത്തിലെ സിപിഎം അനുകൂല വിദ്യാർഥി-യുവജന-വനിതാ സംഘടനകളാണ്  ഈ സമരത്തിന് തുടക്കമിട്ടതും മുന്നോട്ടുനയിച്ചതും. ഇടതുസംഘടനകളുടെ സുസംഘടിത പ്രതിഷേധം മറ്റ് വിദ്യാർഥി-യുവജന സംഘടനകൾക്ക് മാറിനിൽക്കാൻ കഴിയാത്ത തരത്തിലുള്ള സമരസമ്മർദം സൃഷ്ടിച്ചു. കഴിഞ്ഞയാഴ്ച ഇതേ കോളജുൾകൊള്ളുന്ന കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ ഒരു അധ്യാപകൻ അദ്ദേഹത്തിന്റെ വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നുവെന്ന പരാതി ഉയർന്നു. ആഭ്യന്തര സംവിധാനങ്ങളിൽ പരാതികളുന്നയിച്ചിട്ടും കാര്യമായ അനക്കമുണ്ടായില്ല. ഒടുവിൽ പരാതി,  പോലീസിലെത്തിയ വിവരം മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.  പക്ഷെ ഈ അധ്യാപകനെതിരെ കാര്യമായ ഒരു പ്രതിഷേധവും ഇടതുസംഘടനകളിൽനിന്നുണ്ടായില്ല. കോഴിക്കോട്ടെ കോളജിലെ അധ്യാപകനെതിരായ പരാതിയുമായി താരതമ്യം ചെയ്യുമ്പോൾ സർവകലാശാലയിലെ അധ്യാപകന്റെ പരാതിയുടെ വ്യാപ്തിയും ഗൗരവവും പലമടങ്ങ് ഇരട്ടിയാണ്. ഈ അധ്യാപകൻ ഇടത് അനുകൂല അധ്യാപക സംഘടനാ പ്രവർത്തകനായിരുന്നുവെന്നതാണ് സമരകോലാഹലങ്ങളില്ലാത്ത പീഡന പരാതിയായി അത് അവസാനിക്കാൻ കാരണമായത്. 

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ ഭരണ പക്ഷം തന്നെ നിയമസഭാ പ്രവർത്തനം തടസ്സപ്പെടുത്തിയ അത്യപൂർവ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഇടതുപക്ഷത്തെ മഹിളാ നേതാക്കളായിരുന്നു അന്ന് ആ ചരിത്രം രചിച്ചത്. അതിന് കാരണമായി അവർ ആരോപിച്ചത് കോൺഗ്രസ് നേതാവ് കെ ശിവദാസൻ നായർ നടത്തിയ പ്രസംഗം സ്ത്രീ വിരുദ്ധമാണെന്നതാണ്. ലോകോത്തര കഥാകൃത്തായ സാദത്ത് ഹസൻ മൺറോയുടെ അതി പ്രശസ്തമായ 'ദി റിട്ടേൺ' എന്ന കഥയാണ് ശിവദാസൻനായർ അന്നുദ്ദരിച്ചത്. സഭക്കകത്തെ ഇടത് വനിതാ അംഗങ്ങൾ സഭ സ്തംഭിപ്പിച്ചപ്പോൾ പുറത്ത് മഹിളാ സംഘടനാ പ്രവർത്തകർ കോലം കത്തിച്ചും വഴിതടഞ്ഞും രംഗം കൊഴുപ്പിച്ചു. കഥയുടെ സാംരാശമോ പറയാനുദ്ദേശിച്ച ആശയമോ പോലും പരിഗണിക്കാതെ പ്രതിഷേധമായി ആളിക്കത്തിയവർ കഴിഞ്ഞ ദിവസം അതേ സഭയിൽ  മൗനമാചരിച്ച് ചിരിച്ചുല്ലസിച്ച് ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടു, എ കെ ശശീന്ദ്രൻ വിഷയത്തിൽ. കെ കെ ശൈലജയടക്കം!

കേരളത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ വിവാദമാണ് രണ്ട് ദിവസം മുമ്പ് പുറത്തുവന്ന മന്ത്രി എ കെ ശശീന്ദ്രന്റെ ഒരു ടെലഫോൺ സംഭാഷണം. അദ്ദേഹത്തിന്റെ പാർട്ടി നേതാവ് പ്രതിയായ സ്ത്രീയെ പീഡന പരാതി ഒതുക്കിത്തീർക്കാൻ പരാതിക്കാരിയുടെ അച്ഛനെ വിളിച്ച് സമ്മർദം ചെലുത്തുന്നതാണ് ശബ്ദരേഖ. ഇതിനെതിരായ പ്രതികരണത്തിന് വേണ്ടി കേരളത്തിലെ ഇടതുപക്ഷ വിദ്യാർഥി-യുവജന-വനിതാ സംഘടനാ നേതാക്കളെയെല്ലാം മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ ആർക്കും ഒരുശിരുമുണ്ടായിരുന്നില്ല. പലരും ഒഴിഞ്ഞുമാറി. സ്ത്രീ സുരക്ഷക്ക് പ്രത്യേക കാമ്പയിൻ  നടത്തുന്ന സമയമായിട്ടുപോലും സി പി എം സംസ്ഥാന സെക്രട്ടറി അഴകൊഴമ്പൻ പ്രതികരണം നടത്തി തലയൂരി. അസാധാരണമായ സംയമനവും ക്ഷമയും 'വിശദമായി പഠിക്കാനുള്ള' തീവ്രാഭിലാഷവുമക്കെയാണ് അവരുടെ വാക്കുകളിൽ പ്രടകമായത്. ഇടത് രാഷ്ട്രീയാഭിമുഖ്യമുള്ളവർക്ക് മേധാവിത്തമുള്ള കേരളത്തിലെ സാസ്കാരിക ലോകത്തും മന്ത്രിയുടെ ഈ സ്ത്രീ വിരുദ്ധ നിയമ ലംഘനത്തിനെതിരെ കാര്യമായ ശബ്ദമുയർന്നിട്ടില്ല. പ്രതികരണ ശേഷിയില്ലാഞ്ഞിട്ടോ പ്രതികരിക്കേണ്ട വിഷയത്തിന്റെ ഗൗരവം മനസ്സിലാകാഞ്ഞിട്ടോ ആയിരിക്കില്ല ഈ മൗനമെന്നത് പകൽപോലെ വ്യക്തമാണ്. സമരം ചെയ്യാനോ അതിന് വേണ്ട ആശയാടിത്തറയും സൈദ്ധാന്തി വിശദീകരണവുമൊരുക്കാനോ കേരളത്തിലെ ഇടതുസംഘനടകളെ  ആരും പഠിപ്പിക്കേണ്ടതില്ല. എന്നിട്ടും ശശീന്ദ്രനെതിരെ ഒരനക്കവുമില്ല. ഹസൻ മൺറോയുടെ കഥയേക്കാൾ എത്രയോആഘാതശേഷിയുളള ജീവിക്കുന്ന തെളിവാണ് ശശീന്ദ്രന്റെ ശബ്ദരേഖ. പക്ഷെ ഇടതുവനിതകളോ 'സാസ്കാരിക പ്രമുഖരോ' അത് കണ്ട മട്ടില്ല. 

സംഘടിത ശക്തിയുപോഗയോഗിച്ച് സമരമോ പുതിയ ആശയധാരയോ സൃഷ്ടിക്കാനും അധീശത്വത്തിന്റെ ആനുകൂല്യമുപയോഗിച്ച് ന്യായമായ ശബ്ദങ്ങളെ അട്ടിമറിക്കാനും പുതിയ നരേറ്റിവുകൾ പ്രചരിപ്പിക്കാനും കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് അനായാസം കഴിയുന്നുവെന്നതാണ് ഈ പ്രശ്നങ്ങളിലെല്ലാമുള്ള പൊതുഘടകം. സോഷ്യൽ മീഡിയ കാലത്ത് 'രാഷ്ട്രീയ കാപ്സ്യൂൾ' എന്നൊരു പുതിയ പദ്ധതിതന്നെ ഇടതുപക്ഷം വിജയകരമായി നടപ്പാക്കി. തങ്ങളുടെ രാഷ്ട്രീയാശയത്തെ ശാക്തീകരിക്കാനാവശ്യമായ ചരിത്ര നിർമിതികൾ നടത്താൻ ഏതുകാലത്തും ഇടതുപക്ഷം ശ്രമിക്കുകയും ഒട്ടൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളും പദവികളും മുതൽ സംഘടിത ശേഷി വരെ അതിനായി അവരുപയോഗപ്പെടുത്തും. മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം കേരള വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച വിവാദ കോലാഹലങ്ങളുടെ അലയൊലി ഇനിയും കെട്ടടങ്ങിയിട്ടില്ല. മത വിശ്വാസം പ്രോത്സാഹിപ്പിക്കുന്ന പാഠഭാഗം ഒഴിവാക്കുന്നതുപോലെ മതനിരാസം പഠിപ്പുക്കുന്ന പാഠഭാഗവും ഒഴിവാക്കപ്പെടണം എന്ന വാദത്തിന് ഇനിയും കേരളത്തിൽ സ്വീകാര്യത ലഭച്ചിട്ടില്ല. അടിമുടി തകിടം മറിഞ്ഞിട്ടും ശബരിമല നിലപാടിലെ അവസരവാദത്തിന് സിപിഎമ്മോ ഇടതുപക്ഷമോ കേരളീയ പൊതുസമൂഹത്തോട് മറുപടി പറയേണ്ടി വന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ഏതാനും പ്രതിപക്ഷ പ്രതികരണങ്ങൾ ഒഴിച്ചുനിർത്തിയാൽ കേരളത്തിലെ 'പുരോഗമന സംസ്കാരിക' ലോകവും ഇതിനോട് മൗനംപാലിച്ചു. 

ഇത്തരത്തിൽ നടത്തുന്ന പലതരം സാംസ്കാരിക അട്ടിമറികൾ ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാകുന്ന ഒരു ഇടം സിനിമയാണന്ന് ഇടതു രാഷ്ട്രീയം നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് അമാനുഷിക പരിവേഷം നൽകുന്ന സിനിമ പുറത്തുവന്നിരുന്നു. ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തേതാണ് മാലിക് എന്ന സിനിമ. 12 കൊല്ലം മുമ്പ് നടന്ന ബീമാപള്ളി വെടിവപ്പും അനുബന്ധ സംഭവങ്ങളും ആധാരമാക്കിയാണ് സിനിമാക്കഥ വികസിക്കുന്നത്.  താനൊരു ഇടതുപക്ഷ അനുഭാവിയാണെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് സംവിധായകൻ സിനിമാ ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നിട്ടും ആ വെടിവപ്പിന് ഉത്തരവാദികളായ അക്കാലത്തെ ഇടതുസർക്കാറിനെ ചിത്രത്തിൽ അപ്രത്യക്ഷമാക്കാൻ പറയുന്ന ന്യായം സംശയലേശമന്യേ മുഖ്യധാരാ കേരളം മുഖവിലക്കെടുക്കുന്നു. ഈ സിനിമക്ക് ബീമാപള്ളിയുമായി ബന്ധമില്ലെന്ന വാദവും സംവിധായകൻ പലപ്പോഴും ഉയർത്തുന്നുണ്ട്. ഇത്ര അനായാസം ഒരു വ്യാജ പ്രചാരണം നടത്താമെന്ന ആത്മവിശ്വാസം ആ സംവിധായകന് ലഭിക്കുന്നത് തന്നെ കേരളത്തിൽ നിലനിൽക്കുന്ന ഇടത് അധീശത്വവും അതുനൽകുന്ന സാംസ്കാരിക പിൻബലവുമാണ്. 

കേരള രാഷ്ട്രീയ-ജനാധിപത്യ പ്രയോഗത്തിൽ പൊലീസ് ഒരിക്കലും ഒരു സ്വതന്ത്ര സംവിധാനമായിട്ടില്ല എന്നത് ഇതുവരെയുള്ള അനുഭവമാണ്. ഏതെങ്കിലും കാലത്ത് അങ്ങിനെയാകാൻ കഴിയുമായിരുന്നെങ്കിൽ അത് അടിയന്തരാവസ്ഥാ കാലമാണ്. എന്നാൽ അക്കാലത്തെ പൊലീസിനെ 'കരുണാകരപ്പൊലീസ്' എന്നാണ് ഇടതുപക്ഷം തന്നെ വിളിച്ചിരുന്നത്. അന്ന് സംസ്ഥാനത്തുണ്ടായിരുന്ന ആഭ്യന്തര മന്ത്രിക്കാണ് പൊലീസ് ചെയ്തികളുടെ ഉത്തരവാദിത്തമെന്ന രാഷ്ട്രീയ മുദ്രാവാക്യമാണ് ആ പ്രയോഗത്തിന്റെ അന്തസ്സത്ത. എന്നാൽ മാലിക് എന്ന സിനിമയിൽ അത്തരമൊരു രാഷ്ട്രീയത്തെ 'ഇടതുപക്ഷക്കാരൻ' എന്ന് സ്വയം വിളിക്കുന്ന സംവിധായകൻ  അപ്രത്യക്ഷമാക്കുകയാണ് ചെയ്തത്. ബീമാപള്ളി വെടിവപ്പിന് ഉത്തരവാദികളായ അന്നത്തെ ആഭ്യന്തര മന്ത്രിയെയും അദ്ദേഹം അംഗമായ ഇടത് മന്ത്രിസഭയെയും സിനിമ അദൃശ്യമാക്കി. പകരം ആ സ്ഥാനത്ത് പൊലീസ് മാത്രമായി മാറുന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്  ഏറ്റവുമധികം വിമർശനങ്ങളേറ്റുവങ്ങായി വകുപ്പാണ്  ആഭ്യന്തരം. പൊലീസിന്റെ മൃതുഹിന്ദുത്വ സമീപനങ്ങളും മുസ്ലിം വിരുദ്ധ തയും പലവട്ടം വിവാദങ്ങളുയർത്തി. സമീപകാല കേരള ചരിത്രത്തിലൊന്നുമില്ലാത്ത വിധത്തിൽ പൊലീസിന്റെ ഏറ്റുമുട്ടൽ-കസ്റ്റഡി കൊലപാതകങ്ങൾ കേരളത്തിലുണ്ടായി. ഈ സമയത്തെല്ലാം ഇടതുപക്ഷവും അതിന്റെ സഹയാത്രികരും സ്വീകരിച്ച സമീപനം പൊലീസ് വേറെ-പിണറായി വേറെ  എന്നതാണ്. പൊലീസ് നടപടികളുടെ പേരിൽ സർക്കാറിനെ വിമർശിക്കാനേ പറ്റില്ലെന്ന സൈദ്ധാന്തിക ന്യായങ്ങളും നേതാക്കളുന്നയിച്ചു. ഇതേ ന്യായവാദങ്ങളുടെ സ്വഭാവമാണ് മാലിക് സിനമയിലും പ്രകടമാകുന്നത്. ഒരു തരം കാപ്സ്യൂൾ നിലവാരം. സിനിമ വിവാദമായപ്പോൾ, സോഷ്യൽ മീഡിയയിലെ ഇടത് പ്രൊഫൈലുകൾ വ്യാപകമായി പങ്കുവച്ച ഒരു ടെക്സ്റ്റിൽ സംഭവ ദിവസം അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ ഇല്ലായിരുന്നുവെന്നും വിവരം അറിഞ്ഞയുടൻ ഡൽഹി യാത്ര റദ്ദാക്കി അദ്ദേഹം കേരളത്തിലെത്തി എന്നും പ്രത്യേകം എടുത്തു പറയുന്നുണ്ട്. ആഭ്യന്തര മന്ത്രി സ്ഥലത്തില്ലാത്ത തക്കം നോക്കി പൊലീസുകാരെന്തോ ചെയ്തു എന്ന മട്ടിലൊരു വാദം. വെടിവപ്പിന് കാർമികത്വം വഹിച്ച ഇടത് ഭരണകൂടത്തെ അപ്രത്യക്ഷമാക്കുകയും പകരം മുസ്ലിം രാഷ്ട്രീയ പ്രതിനിധാനത്തെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് സിനിമ. യഥാർഥ സംഭവംനടന്ന് ഒന്നരപതിറ്റാണ്ട് തികയും മുമ്പ് അതിന്റെ പിന്നിലെ ചരിത്ര വസ്തുതകളെ സിനിമ അട്ടിമറിക്കുന്നു. 

സാങ്കൽപിക കഥയാണെന്ന് അവകാശപ്പെടുമ്പോഴും സിനിമയിലെ ഓരോ ദൃശ്യത്തിലും ബീമാപള്ളി വെടിവപ്പിലേക്ക് നയിച്ച സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. ബീമാപള്ളിയിലെ ഹോട്ടലിൽ ഭക്ഷണ ശേഷം സംഘർഷമുണ്ടാക്കുന്നത്, പിറ്റേന്ന് നടന്ന ബസ് തടയൽ, കലക്ടറുടെയോ സബ്കലക്ടറുടെയോ ഉത്തരവില്ലാതെ വെടിവച്ചത്, വെടിയേറ്റയാളെ വലിച്ചുകൊണ്ടുപോയത്, മരിച്ചവരിൽ കൊച്ചുകുഞ്ഞും ഉൾപെട്ടത്, ഉദ്യോഗസ്ഥൻ പിന്നീട് ശരീരം തളർന്ന് കിടപ്പായത്.. ഇങ്ങിനെ ഒട്ടേറെ രംഗങ്ങൾ യഥാർഥ ബീമാപള്ളി സംഭവത്തിൽ നിന്ന് അതേപടി പകർത്തിയതാണ്. എന്നിട്ടും ഇത് താൻ മെനഞ്ഞെടുത്ത സങ്കൽപ കഥയാണ് എന്ന് പരസ്യമായി അവകാശപ്പെടുന്നതിൽ ഒരു വിമുഖതയും സംവിധായകനില്ല. അങ്ങനെ പറയാമെന്നത് വ്യക്തിപരമായ അവകാശമാണ് എന്ന് സാങ്കേതികമായി വിദിക്കാം. ആ വാദത്തെ നിരാകരിക്കാൻ മറ്റൊരാൾക്ക് അവകാശവുമില്ല. പക്ഷെ ചരിത്രബോധമുള്ളവർക്ക് അതിന്റെ യാഥാർഥ്യം ഒറ്റനോട്ടത്തിൽ മനസ്സിലാകും. എന്നിട്ടും ഇങ്ങിനെ ചരിത്രത്തെ നിഷേധിക്കാൻ കഴിയുന്നത് 'ഞാനൊരു ഇടതുപക്ഷ പ്രവർത്തകനാണ്' എന്ന് പറയാമെന്ന അയാളുടെ ആത്മവിശ്വാസം കാരണമാണ്. കേരളത്തിലെ ഇടത് സാംസ്കാരിക ലോകത്തിനാകട്ടെ ഇസ്ലാമോഫോബിയ എന്നത് എളുപ്പം വിറ്റഴിക്കാവുന്നതും അനായാസം ജനപ്രീതി ആർജിക്കാവുന്നതുമായ സാംസ്കാരിക ഇന്ധനണമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുരോഗമന കലാ സാഹിത്യ സംഘം പുറത്തിറക്കിയ വീഡിയോകളിൽ മുസ്ലിംകളുടെ രാജ്യദ്രോഹവും സർവണമലയാളികളുടെ ദാരിദ്ര്യവുമായിരുന്നു മുഖ്യ വിഷയങ്ങൾ. വീഡിയോ വിവാദമായത് തെരഞ്ഞെടുപ്പ് കാലത്തായതിനാൽ അത് പിൻവലിക്കേണ്ടിവന്നു. അല്ലായിരുന്നെങ്കിൽ ചലച്ചിത്ര അക്കാദമി അവാർഡ് നൽകി ആദരിച്ചേനേ!

ബീമാപള്ളിയിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ വെടിവപ്പായിട്ടും അതിനെതിരായ പ്രതിഷേധങ്ങളെ അനായാസം മറികടക്കാൻ അന്ന് സംസ്ഥാന ഭരണകൂടത്തിന്  കഴിഞ്ഞിരുന്നു. ബീമാപള്ളിക്കാരെ കുറിച്ച മുൻവിധികളും അവരെ പൈശാചികവത്കരിച്ച് കാലങ്ങളായി നടക്കുന്ന മുഖ്യധാരാ പ്രചാരണങ്ങളുമാണ് വെടിവപ്പിനെ ന്യായീകരിക്കാൻ സർക്കാറിന് സഹായകരമായത്.  സിനിമയിലെ റമദാപള്ളിക്കാർക്കും അതേ സ്വഭാവ സവിശേഷതകളാണ്. അവർ തീരവാസികളാണ്. മല്‍സ്യത്തൊഴിലാളകിളാണ്. വിദ്യാഹീനരാണ്. നിയമ സംവിധാനത്തിന് വിധേയരാകാത്തവരാണ്. വ്യാജ സീഡി കച്ചവടക്കാരാണ്. ക്രിമിനലുകളാണ്. കള്ളക്കടത്തുകാരാണ്. കഞ്ചാവ് വിൽപനക്കാരാണ്. വർഗീയവാദികളാണ്. എല്ലാത്തിനുമുപരി മുസ്‌ലിംകളുമാണ്. അത്യന്തം അപകടകാരികളായ റമദാപള്ളിക്കാരെ മെരുക്കാനും നിയമത്തിന്റെ വരുതിയിലാക്കാനും നടത്തുന്ന സ്വാഭാവികവും സദുദ്ദേശപരവുമായ പരിശ്രമങ്ങളാണ് പൊലീസ് ഗൂഡാലോചന എന്ന ന്യായവാദമാണ് സിനിമ മുന്നോട്ടുവക്കുന്നത്. തീരദേശവാസികളെക്കുറിച്ച, മുസ്ലിംകളെക്കുറിച്ച, മത്സ്യത്തൊഴിലാളികളെക്കുറിച്ച, മുൻവിധികളെ അത് അടിവരയിട്ടുറപ്പിക്കുന്നു. പുറംലോകത്ത് ബീമാപള്ളിക്കാരെ കുറിച്ച് നിലനിൽക്കുന്നതും ഇതേ മുൻവിധികൾ തന്നെയാണ്.  ഒരു സമൂഹത്തെ അപരവത്കരിക്കുന്നതിന് ഇതിൽപരം അപകടകരമായ പ്രതിച്ഛായാ നിർമിതി ആവശ്യമില്ല. ഇങ്ങനെ അപരവത്കരിക്കപ്പെട്ട, മുഖ്യധാരാ കേരളം സംശയക്കണ്ണോടെയും ഭയാശങ്കകളോടെയും കാണുന്ന ഒരു ജനതയാണ് യഥാർഥ ജീവിതത്തിൽ വെടിയേറ്റുവീണത്. അതിനാല്‍ 'മുഖ്യധാരാ മലയാളി'കളുടെ വേവലാതികളില്‍ കൊല്ലപ്പെട്ടവര്‍ക്ക് കാര്യമായ ഇടമുണ്ടായില്ല. ആ വെടിയുണ്ട അവരര്‍ഹിച്ചിരുന്നുവെന്ന മനോഭാവമാണ് കേരളീയ  പൊതുസമൂഹത്തിൽ പൊതുവെ പ്രകടമായിരുന്നത്. 12 വർഷത്തിന് ശേഷം ഇന്നും ആ വെടിവപ്പ്, ഭരണകൂടം അവരുടെ അധികാരപരിധിയിലെ ഏറ്റവും ദുർബലമായ ഒരു പ്രദേശത്ത് അധിവസിക്കുന്ന സ്വന്തം പൗരന്മാർക്കെതിരെ നടത്തിയ കൂട്ടക്കൊലയായി പരിഗണിക്കപ്പെട്ടിട്ടില്ല. പൊതു സമൂഹത്തിന്റെ ഈ മുൻവിധികൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ്, ചരിത്രത്തെ വിലമാക്കി ഒരു വ്യാജ കഥ നിർമിക്കാൻ മുഖ്യധാരാ സിനിമക്കാർക്കും ധൈര്യം പകരുന്നത്. 

സമീപകാല രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തിയ ന്യൂനപക്ഷ സ്കോളർഷിപ് വിവാദത്തിൽ ഇടത് സർക്കാരും അതിന്റെ പ്രചാകരും സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. മുസ്ലിംകൾക്ക് വേണ്ടി ആരംഭിച്ച പദ്ധതിയെ ആദ്യം ന്യൂനപക്ഷ പദ്ധതിയാക്കി. പിന്നീട് അതിലെ ആനുകൂല്യങ്ങൾ മുസ്ലിംകൾക്ക് അധികവും മറ്റ് പിന്നാക്ക ന്യൂനക്ഷങ്ങൾക്ക് അതിന്റെ ആനുപാതികവുമെന്ന നിലയിലേക്ക് മാറ്റി. അടുത്ത ഘട്ടത്തിൽ അത് ജനസംഖ്യാനുപാതികമാക്കി മാറ്റി. ഈ മാറ്റം നടപ്പാക്കുന്നതിന് അനുയോജ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാൻ കേരളത്തിൽ നടന്ന അപകടകരമായ വർഗീയ ധ്രുവീകരണത്തിന് പിണറായി സർക്കാർ തന്നെ കാർമികത്വം വഹിച്ചു. മുസ്ലിംകൾ ആനുകൂല്യങ്ങൾ കവരുന്നു എന്ന ക്രിസ്ത്യൻ പക്ഷ ആരോപണത്തിന് അന്നത്തെ സർക്കാർ മറുപടിയേ പറഞ്ഞില്ല. ആ മറുപടി പറയേണ്ടിയിരുന്ന അന്നത്തെ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ ടി ജലീൽ, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ ആരോപണത്തെ ഫലപ്രദമായി പ്രതിരോധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.  ഒടുവിൽ  മുസ്ലിം ക്ഷേമം മുന്നിൽ കണ്ട് ആരംഭിച്ച പദ്ധതി തന്നെ ഫലത്തിൽ ഇല്ലാതായി. ഇതിലെല്ലാം ആധിപത്യം ലഭിച്ചത് ഇടത് നരേറ്റിവുകൾക്കാണ്. ഇതിനിടെ അധികാരം കൈയ്യാളിയ ജനാധിപത്യ മുന്നണിക്കോ അതിൽ അംഗമായ മുസ്ലിം രാഷ്ട്രീയ കക്ഷിക്കോ ഈ വ്യാഖ്യാനങ്ങളെ മറികടക്കാനുള്ള ശേഷിയോ ഇച്ഛാശക്തിയോ ഉണ്ടായുമില്ല. അഥവാ അവരതിന് ശ്രമിച്ചിരുന്നെങ്കിൽ തന്നെ കടുത്ത വർഗീയ ആരോപണവുമായി ഇടതുപക്ഷം തന്നെ രംഗത്തുവരുമായിരുന്നു. എ ഐ പി പദ്ധതിയിൽപെട്ട സ്കൂളുകൾക്ക്  എയിഡഡ് പദവി നൽകാനുള്ള ഉമ്മൻചാണ്ടി സർക്കാർ നീക്കത്തെ ഈ രീതിയിൽ വർഗീയ കാമ്പയിൻ നടത്തി അട്ടിമറിച്ചത് ഉദാഹരണം.  വി എസ് സർക്കാറിന്റെ കാലത്ത് എയിഡഡ് പദവിക്ക് വേണ്ടി ശ്രമം തുടങ്ങിയതും സർക്കാർ മാറിയപ്പോൾ അത് മുസ്ലിം പ്രീണനമാണെന്ന വർഗീയ പ്രചാരണം നടത്തി അട്ടിമറിക്കാൻ തുടക്കമിട്ടതും ഇടതുപക്ഷം തന്നെ.  

ഇങ്ങിനെ എതിരാളികളെപ്പോലും നിരായുധരാക്കുന്ന തരത്തിൽ സ്വന്തം വ്യാഖ്യാനങ്ങൾക്ക് ആധിപത്യം സ്ഥാപിച്ചെടുക്കാൻ കഴിയുന്ന അസാധാരണമായ സാമൂഹിക ശേഷി കേരളത്തിലെ ഇടതുപക്ഷ മെഷിനറിക്കുണ്ട്. ഇതുവഴി സൃഷ്ടിക്കപ്പെടുന്ന സാമൂഹികാക്രമണത്തിന് ഏറ്റവുമധികം ഇരയാകുന്നത് മുസ്ലിം സമുദായമാണ്.  രാഷ്ട്രീയമെന്നോ ചരിത്രമെന്നോ ഭരണമെന്നോ വ്യത്യാസമില്ലാതെ ഈ ആക്രണമണം നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് 'മാലിക്' വെറുമൊരു സാങ്കൽപിക കഥമാത്രമല്ല, കേരളത്തിലെ ഇടത് സാംസ്കാരിക ഫാക്ടറിയിൽനിന്ന് പുറത്തുവരേണ്ട അനിവാര്യ ഉത്പന്നമാണ് എന്നും പറയേണ്ടിവരുന്നത്. ചരിത്ര സംഭവങ്ങൾ സിനിമയിലേക്ക് കടമെടുക്കുമ്പോൾ അതിൽ മിനിമം സത്യസന്ധത പുലർത്തണമെന്നത് സാമാന്യമര്യാദയാണ്. അല്ലെങ്കിൽ അത് പലതലമുറകളെ വഴിതെറ്റിക്കുന്ന ഗുരുതര കുറ്റകൃത്യമായി മാറും. എന്നാൽ ഒരു സിനിമാക്കഥ യഥാർഥ സംഭവമാണോ അല്ലയോ എന്നത് അത്ര പ്രസക്തമായ കാര്യമല്ല. കഥയാണെങ്കിലും അതിലൂടെ മുന്നോട്ടുവക്കുന്ന ആശയം സവിധായകന്റെ നിലപാടാണ്. ചരിത്രത്തെ വികലമാക്കി എന്നതിനപ്പുറം 'ഇടത് സംവിധായകന്റെ' മാലിക് പ്രസക്തമാകുന്നത് ഇവിടെയാണ്. അത് ഇസ്ലാമോഫോബിയയും അപരവത്കരണവുമാണ്  അരക്കിട്ടുറപ്പിക്കുന്നത്. ഇതാകട്ടെ ഏതെങ്കിലും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളല്ല. കേരളത്തിന്റെ ഇടത് മൂല്യബോധം കാലങ്ങളായി പിന്തുടരുകയും ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക ആശയമാണ്. അതിനെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ശേഷി മുസ്ലിം സമുദായം ആർജിച്ചിരിക്കുന്നുവെന്നതാണ് മാലിക് വിവാദം കേരളത്തിന് നൽകിയ തിരിച്ചറിവ്. 


(സത്യധാര ദ്വൈവാരിക - 2021 ആഗസ്റ്റ് 1- 15)

Thursday, July 1, 2021

സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും ഇടയിലെ വൻമതിൽ


 കേരളത്തിലെ പ്രസിദ്ധ അധ്യാപകനും പ്രഭാഷകനുമായിരുന്ന ഡോ സുകുമാർ അഴീക്കോട് വിദ്യാഭ്യാസ രീതിയെക്കുറിച്ച് മുന്നോട്ടുവക്കുന്ന നിരീക്ഷണമുണ്ട്:  'അധ്യാപകനും വിദ്യാർഥിയും ഹൃദയംകൊണ്ട് അടുത്തുവരുമ്പോള്‍ അവിടെ വിദ്യാഭ്യാസം എന്ന പ്രകാശം ഉണ്ടാകുന്നു.  എത്രയടുക്കാമോ അത്രയും ആകണം. വിദ്യാര്‍ത്ഥി അദ്ധ്യാപകന്റെയടുത്ത് ഇരിക്കുന്നു. അകല്‍ച്ചയില്ല. അപ്പോള്‍ അവര്‍ ഒരു കുടുംബമാണ്. ഈ അടുപ്പം കുടുംബത്തില്‍പ്പോലുമില്ലാത്ത അടുപ്പമാണ്. ഗുരുനാഥന്‍ അല്‍പ്പം ഉയര്‍ന്നിരിക്കും. നമ്മുടെ വിദ്യാഭ്യാസത്തിന്റെ മൗലികമായ ആദര്‍ശം അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ഈ ആത്യന്തിക സാമീപ്യമാണ്. താദാദ്മ്യം എന്ന് പറയാം. വിദ്യാഭ്യാസം അവിടെയേ നടക്കൂ. അതുകൊണ്ട് പതുക്കെയേ പറയേണ്ടതുള്ളൂ. ഇന്ന് ഇവിടെ മുന്നൂറുപേരെയിരുത്തി ഒരാള്‍ ഒരറ്റത്തുനിന്ന് അട്ടഹസിക്കുകയാണ്, അട്ടഹാസം തലയ്ക്കുമേലെ പോകുന്നു. അപ്പോള്‍ തല കാലിയായി, കുട്ടി മയങ്ങുന്നു. നമ്മുടെ വിദ്യാഭ്യാസത്തെ അസംബന്ധമാക്കുന്നതും ഈ അന്യസാല്‍ക്കരണം( alienation)  ആണ്. കുട്ടി അടുത്താണിരിക്കുന്നതെങ്കില്‍ പതുക്കെ പറഞ്ഞാല്‍ മതി. പതുക്കെ പറയുന്നതിന്റെ പേരാണ് മന്ത്രം. പതുക്കെപ്പറയുക എന്നതും വിദ്യാഭ്യാസത്തിന്റെ ഒരു വലിയ തത്വമാണ്. അധ്യാപകന്‍ ഒരിക്കലും വന്‍ശബ്ദം ഉണ്ടാക്കരുത്. മാനസികമായ ശൂന്യതയുടെ പടഹം അടിക്കരുത്. അവസാനമിരിക്കുന്ന കുട്ടി ബുദ്ധിമുട്ടിയാല്‍ മാത്രം കേള്‍ക്കാവുന്ന ശബ്ദത്തിലേ സംസാരിക്കാവൂ. ഋഷികളുടെ ശബ്ദം മന്ത്രത്തിന്റെ ശബ്ദമാണ്. മന്ത്രം എന്നുള്ളതിന്റെ മറ്റൊരര്‍ത്ഥം, അത് മനനം ചെയ്തുണ്ടാകുന്നതാണ് എന്നതാണ്. മനനത്തിന് ശബ്ദമില്ല. വചനത്തിനേ ശബ്ദമുള്ളൂ. മനനത്തിനോടേറ്റവും അടുത്ത വചനത്തിലേ അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് സംസാരിക്കാന്‍ പാടുള്ളൂ' (ഭാരതീയത - പേജ് 109-110). ഈ സാമീപ്യ സങ്കൽപത്തിനെല്ലാം വിരുദ്ധമായ ഓൺലൈൻ വിദ്യാഭ്യാസ പ്രകൃയയിലൂടെയാണ് ഇന്നത്തെ തലമുറ കടന്നുപോകുന്നത്. 

അടുത്തിരുന്ന് പഠിപ്പിച്ച അധ്യാപകർ മാത്രമല്ല, വിദ്യാർഥികളും അഴീക്കോട് പറഞ്ഞതുപോലുള്ള അനുഭവ ലോകത്തിലൂടെ കടന്നുപോയവരാണ്. 'എസ് എൻ കോളജിൽ വിദ്യാർഥിയായിരിക്കെ അന്നത്തെ മലയാളം അധ്യാപകനായിരുന്ന കെ പി അപ്പൻ മാഷ് ടോൾസ്റ്റോയിയുടെ മരണവും ജീവിതവും തമ്മിലെ ബന്ധം വിശദീകരിച്ചത് ഇന്നും എനിക്കോർമയുണ്ട്. മാഷുടെ ശരീര ഭാവങ്ങളും കൈകൾകൊണ്ട് സൃഷ്ടിച്ച മാന്ത്രിക ചലനങ്ങളും കഥയുടെ ആശയത്തേക്കാൾ ആകർഷകമായിരുന്നു. ആ അവതരണം കണ്ട് വീട്ടിൽ പോയി അഭിനയിച്ച് പഠിക്കുകയും അതിലൂടെ അഭിനയം തന്നെ പരിചയിക്കുകയും ചെയ്തു.' ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് കൊല്ലം എസ് എൻ കോളജ് ഡിബേറ്റ് ക്ലബ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറിൽ സംസാരിച്ച തിരുവനന്തപുരം മന്നാനിയ്യ കോളജ് മലയാളം വിഭാഗം മേധാവി ഡോ. എം എസ് നൗഫൽ പങ്കുവച്ചതാണ് ഈ അനുഭവം.  എന്നാൽ ഇതേ പരിപാടിയിൽ പങ്കെടുത്ത് അവസാനം സംസാരിച്ച വിദ്യാർഥി  പറഞ്ഞുതുടങ്ങിയതുതന്നെ 'ഇന്നത്തെ ഡാറ്റ ഏറെക്കുറെ തീർന്നു. മൊബൈൽ ചാർജും തീരാറായി. വീട്ടിൽ കറന്റുമില്ല. എത്രനേരം ഇനി തുടരാനാകുമെന്ന് അറിയില്ല' എന്ന സങ്കടം പങ്കുവച്ചാണ്.  

നേരിട്ട് പഠിപ്പിക്കുന്ന അധ്യാപകർ പകർന്നുകൊടുക്കുന്ന  പാഠ്യേതരമായ അനുഭവങ്ങളും അവർ പ്രസരിപ്പിക്കുന്ന ഊർജവും വിദ്യാർഥികൾ സ്വാംശീകരിച്ചത് എങ്ങിനെയെന്നാണ് കെ പി അപ്പന്റെ ഓർമകളിലൂടെ അധ്യാപകൻ പറഞ്ഞുവക്കുന്നത്. ആ തലമുറയിൽ നിന്ന് ഓൺലൈൻ പഠന കാലമായപ്പോൾ, ഏതുനിമിഷവും അറ്റുപോയേക്കാവുന്ന സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച ആകുലതകൾക്കും അതുറപ്പാക്കുന്നതിനെക്കുറിച്ച  ആശങ്കകൾക്കും മുന്നിൽ നിസ്സഹരായിപ്പോകുന്ന കുഞ്ഞുങ്ങളുടെ വൈകാരിക സംഘർഷങ്ങൾ നിറഞ്ഞ സൈബർ ലോകത്താണ് വിദ്യാർഥികൾ എത്തിച്ചേർന്നിരിക്കുന്നത്. ഒരാണ്ടുപിന്നിട്ട് പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന ഓൺലൈൻ വിദ്യാഭ്യാസം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിലും സാംസ്കാരിക വളർച്ചയിലും സൃഷ്ടിക്കുന്ന ആഘാതമെത്രയായിരിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് ഈ അനുഭവം. ഓൺലൈൻ പഠനത്തിലെ അടിസ്ഥാന സൗകര്യക്കുറവുകൾ ഏറെ ചർച്ച ചെയ്ത കേരളത്തിന് പക്ഷെ അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് അത്രമേൽ ആശങ്കയുണ്ടായിട്ടില്ല. 

വിവര കൈമാറ്റ പദ്ധതി

സാമീപ്യം എന്നത് ക്ലാസ് റും പഠനത്തിലെ കേവല സാങ്കേതിക സങ്കൽപമല്ല. അധ്യാപകനെയും വിദ്യാർഥിയെയും പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യ ചരടാണത്. ഈ കാണാച്ചരടാണ് കൈമാറ്റം ചെയ്യുന്ന വിവരത്തെ  ജൈവികമാക്കി വിവർത്തനം ചെയ്യുന്നത്. വെറും വിവരം ആർജിക്കുന്നതിന് പകരം സംസ്കാരവും സാമൂഹ്യ ബോധവും വിദ്യാർഥിയിൽ സന്നിവേശിപ്പിക്കുന്നതും ഈ ബന്ധമാണ്. ക്ലാസ് മുറിയിൽ നിന്ന് സൈബർ മതിലിലെ പഠനത്തിലേക്ക് കുട്ടികളെത്തിയപ്പോൾ ഈ ചരടറ്റുപോയിയെന്നാണ് പോയകൊല്ലത്തെ അനുഭവം. വ്യക്തിയുടെ വൈകാരികതകൾ, സ്വാതന്ത്ര്യ ബോധം, സമത്വ ചിന്ത തുടങ്ങി സ്നേഹവും സന്തോഷവും വരെയുള്ള പലതരംമനുഷ്യാവസ്ഥകളെ തൊട്ടുണർത്തുകയും വികസിപ്പിക്കുകയും യുക്തിപൂർവം ക്രമീകരിക്കുകയും ചെയ്യുന്ന ബൃഹദ് ജ്ഞാനമണ്ഡലമാണ് അധ്യാപകനും വിദ്യാർഥിയും അടങ്ങുന്ന ക്ലാസ് മുറി. അവിടെ വിനിമയം ചെയ്യപ്പെടേണ്ടത് വെറും വിവരങ്ങളല്ല, ഒരു കുട്ടിയെ രാഷ്ട്രനിർമാണത്തിന് പ്രാപ്തനാക്കുന്ന സാമൂഹിക വൈജ്ഞാനിക ലോകം കൂടിയാണ്. എന്നാൽ ഈ അനുഭവം ഓൺലൈൻ പഠനത്തിൽ വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടുകയാണ്. 


പുസ്തകത്തിലെ വിവരങ്ങൾക്കും അത് നിഷ്കർഷിക്കുന്ന സിലബസിനുമപ്പുറം മറ്റൊന്നും കൈമാറ്റം ചെയ്യാൻ അധ്യാപകർക്ക് കഴിയാതായി. യാന്ത്രികമായ അധ്യാപനമാണ് ഓൺലൈൻ സ്പേസിൽ പൊതുവെ നടക്കുന്നത് എന്ന് അത് പ

 രിശോധിച്ചാൽ വ്യക്തമാകും. വിദ്യാർഥി-അധ്യാപക സംവാദങ്ങളിലൂടെ വികസിക്കുന്ന ക്ലാസ് മുറിക്ക് പകരം ഏകപക്ഷീയമായ മൻകീ ബാത്തായി പലപ്പോഴും അത് പരിമിതപ്പെടുന്നു. കുട്ടികളുടെ പ്രതികരണങ്ങളെടുത്തും അവരെക്കൂടി പങ്കാളികളാക്കിയും അധ്യാപനം നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്കുപോലും അതിന് കഴിയാത്ത വിധത്തിൽ സൈബർ മറയും മതിലും കുട്ടികൾക്കും അധ്യാപകർക്കുമിടയിൽ ഉയർന്നുനിൽക്കുകയാണ്. മുൻകൂട്ടി തയാറാക്കി വരുന്ന പഠന പദ്ധതികൾ, ക്ലാസിലെ കുട്ടികളുടെ  പ്രതികരണ രീതിയും അവരുടെ ആസ്വാദനശേഷിയും പരിഗണിച്ച് തത്ക്ഷണം പരിഷ്കരിച്ചും നവീകരിച്ചുമാണ് ഒട്ടുമിക്ക അധ്യാപകരും പഠിപ്പിക്കുക. എന്നാൽ ഇത്തരം പ്രതികരണങ്ങളോ നവീകരണങ്ങളോ ഇപ്പോൾ നടക്കുന്നില്ല. അത് അധ്യാപനത്തെ യാന്ത്രികമാക്കുകയും അതിന്റെ നൈസർഗീകതയും സർഗാത്മകതയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അധ്യാപകന്റെ ശരീര ഭാഷ, പഠന പ്രകൃയയിലെ സുപ്രധാന ഘടകമാണ്. വാക്കുകൾക്കപ്പുറം നോക്കുകൊണ്ടും ശരീരം കൊണ്ടും മുഖഭാവം കൊണ്ടും അവർ വിനിമയം ചെയ്യുന്ന വിവരങ്ങൾ കുട്ടിക്ക് മുന്നിൽ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ മറ്റൊരു വിജ്ഞാനലോകമാണ് തുറന്നുവക്കുക. ഇവയുടെയെല്ലാം അഭാവമാണ് ഓണലൈൻ പഠനത്തിന്റെ പ്രധാന സവിശേഷത. അധ്യാപക സാമീപ്യമില്ലാത്ത ഓൺലൈൻ പഠനങ്ങൾ ഈയർഥത്തിൽ ഭാവി തലമുറയുടെ സാംസ്കാരിക വികാസത്തെയും സാമൂഹികാവബോധത്തെയും പുതിയ രൂപഭാവങ്ങളിലേക്ക് മാറ്റി പ്രതിഷ്ടിക്കുന്നുണ്ട്.  അഴീക്കോട് പറഞ്ഞതുപോലെ പതുക്കെപ്പറയേണ്ടിടത്ത് അട്ടഹസിക്കേണ്ടി വരുന്നുണ്ട്. അതിൽ വിവരം മാത്രം കൈമാറ്റം ചെയ്യപ്പെടുകയും സാമൂഹിക വിജ്ഞാനം ഇല്ലാതാകുകയും ചെയ്യുന്നുണ്ട്. അത് കുട്ടിയുടെ തല കാലിയാക്കുന്നുണ്ട്. കുട്ടിയെ അന്യവത്കരിക്കുന്നുണ്ട്. 

മുന്നിലിരിക്കുന്ന അജ്ഞാതർ

അധ്യാപികർ അവരുടെ വിദ്യാർഥിയെ വെറും പാഠങ്ങൾ മാത്രമല്ല പഠിപ്പിക്കുന്നത്. പുസ്തകത്തിനപ്പുറം അവരെ ജീവിതം പഠിപ്പിക്കുന്നത് ആ കുട്ടികളെ സസൂക്ഷ്മം പഠിക്കുന്നതിലൂടെയാണ്. അവരുടെ മേന്മകൾ, വൈകല്യങ്ങൾ, ജീവിത പശ്ചാത്തലം, സാമൂഹിക സ്ഥാനം തുടങ്ങിയ സൂക്ഷ്മ വിവരങ്ങൾ അധ്യാപകൻ തിരിച്ചറിയും. അധ്യയന വർഷം ആരംഭിച്ച് ഒന്നോ രണ്ടോ മാസത്തിനകം തന്നെ ഇത്തരം തിരിച്ചറിവുകൾ അധ്യാപകർ അവരുടെ കുട്ടികളെക്കുറിച്ച് ആർജിച്ചിരിക്കും. ഇത്തരം വിവരങ്ങൾ മനസ്സിലാക്കുന്നതിലൂടെ വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും വേണ്ടിടത്ത് നൽകാനും അവരെ കൈപിടിച്ചുനടത്താനും അധ്യാപകർക്ക് കഴിയും. കുട്ടികളെ നേരിട്ട് കാണുന്നതിലൂടെ മാത്രമാണ് ഇത്തരം പ്രകൃയകൾ സ്കൂളിനകത്ത് സംഭവിക്കുന്നത്. പഠനത്തിൽ മികവ് കാട്ടുന്ന ഒരാൾ ചിലപ്പോൾ വലിയ സ്വഭാവ വൈകല്യമുള്ളയാളായിരിക്കും. പഠനത്തിൽ മോശമായൊരാൾ പാഠ്യേതര മേഖലയിൽ പ്രതിഭാശാലിയായിരിക്കാം. ഇങ്ങനെ ഓരോ കുട്ടിയുടെയും സവിശേഷതകൾ തിരിച്ചറിഞ്ഞാണ് അധ്യാപകർ ക്ലാസിൽ അവരുടെ അധ്യാപന പദ്ധതി തന്നെ രൂപപ്പെടുത്തുന്നത്.  ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞതോടെ മുന്നിലിരിക്കുന്ന കുട്ടികളക്കുറിച്ച ഇത്തരം ഉൾക്കാഴ്ചകൾ അധ്യാപകർക്ക് ഇല്ലാതായി.  ഒരു കുട്ടിയെ അവന്റെ വർത്തമാനത്തിൽ നിന്ന് കൂടുതൽ മികവാർന്ന ഭാവിയിലേക്ക് ഉയർത്തിയെടുക്കുന്ന പ്രകൃയ ഓൺലൈൻ പഠനകാലത്ത് സംഭവിക്കുന്നില്ല. അധ്യാപകർക്ക് അവരുടെ മുന്നിലുള്ള കുട്ടിയെക്കുറിച്ച് കാര്യമായ ധാരണകളില്ല. 

ഓൺലൈൻ ക്ലാസിൽ 'ശല്യക്കാരനായ' തന്റെയൊരു വിദ്യാർഥിയുടെ ജീവിത പശ്ചാത്തലംപോലും തിരിച്ചറിയാൻതന്നെ മാസങ്ങളെടുത്തുവെന്നും അവനോട് നേരിൽ സംസാരിക്കാൻ തീരുമാനിച്ചെങ്കിലും ലോക്ഡൗൺ കാരണം ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നുമുള്ള വേദന കഥാകൃത്തും അധ്യാപകനുമായ വി ദിലീപ് പങ്കുവച്ചിരുന്നു. നേരിൽ കണ്ടാൽ നേരാകുന്നൊരു കുട്ടിയെ കൈ പിടിച്ച് നടത്താൻ കഴിയാത്ത ഒരധ്യാപകന്റെ നിസ്സാഹയതകൂടിയാണത്. ഓൺലൈൻ പഠനം വിദ്യാർഥിക്കും അധ്യാപകനുമിടയിൽ ഡിജിറ്റൽ മറ സൃഷ്ടിച്ചുകഴിഞ്ഞുവെന്നതിന്റെ അടയാളമായാണ് വി ദലീപ് സ്വാനുഭവം പങ്കുവക്കുന്നത്. 

സോഷ്യൽ മീഡിയയിൽ വന്നുകണ്ടുപോകുന്ന  വെർച്വൽ കൂട്ടായ്മകളിലെ സുഹൃത്തുക്കൾക്കിടയിൽ നിലനിൽക്കുന്നതുപോലുള്ള  അടുപ്പവും അകൽച്ചയും ഇഴചേർന്ന ഒരുവിചിത്ര സംഘത്തെയാണ് അധ്യാപകർക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. ഒരർഥത്തിൽ ഒരുതരം അജ്ഞാതസംഘം! കൺമുന്നിലുണ്ടെങ്കിലും ആ കുട്ടികളുടെ ജീവിതം അധ്യാപകനെ സംബന്ധിച്ച് കാണാമറയത്താണ്. അവരവിടെയെങ്ങിനെ പെരുമാറുന്നുവെന്ന വിവരംപോലും അധ്യാപകനില്ല. കഴിഞ്ഞവർഷം പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളുടെ കാര്യത്തിൽ ഇത് അതിഗുരുതരമായ സ്ഥിതിയാണ്. പഠിക്കുന്ന സ്കൂൾ  ഇതുവരെ കാണാത്ത, അധ്യാപകരുടെ ശബ്ദം മാത്രം കേട്ടുപരിചയമുള്ള ഒരുബാച്ചാണത്. പലസ്ഥലങ്ങളിൽനിന്ന് സിംഗിൾവിൻഡോ വഴി പ്രവേശനം നേടിയവർ. മഹാ ഭൂരിഭാഗവും  മുന്പ് പരസ്പരം കണ്ടിട്ടില്ലാത്തവർ. അവരാകട്ടെ ഒരുപക്ഷെ ഒരിക്കലും കാണുകപോലും ചെയ്യാതെ രണ്ടാംകൊല്ലവും പൂർത്തിയാക്കി പിരിയേണ്ടി വന്നേക്കാം. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ആ കുട്ടികൾ അവർക്കാവശ്യമായ മാർഗദർശനം ലഭിക്കാതെ വഴിനടന്നുപോകുകയാണ്. 

ഏകാകികളുടെ തുരുത്ത്

വിദ്യാലയമെന്നത് കുട്ടികളുടെ കൂട്ടുജീവിതത്തിന്റെ പരിശീലനക്കളരിയാണ്. സഹവർത്തിത്വം, പരസ്പര ആശ്രയം, കൂട്ടുജീവിതം, സമപ്രായക്കാരോടുള്ള വിനിമയം, സംഘ പ്രവർത്തനം, പരസ്പര സഹായം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കുട്ടികൾ ആർജിക്കുന്നതും അത് പ്രായോഗികമായി പരിശീലിക്കുന്നതും വിദ്യാലയങ്ങളിൽ വച്ചാണ്. ഇത്തരം എല്ലാ അവബോധ നിർമിതകളും ഇപ്പോൾ കുട്ടികൾക്ക് വിലക്കപ്പെട്ടിരിക്കുന്നു. അവരുടെ ജീവിതം അവരവരുടെ വീടിനുള്ളിലേക്ക് ചുരുങ്ങുകയും ഒറ്റതിരിഞ്ഞവരുടെ സ്വഭാവ രീതികളിലേക്ക് വഴി മാറുകയും ചെയ്യുന്നു. പഠന രീതി മുതൽ പരസ്പര സഹകരണം വരെയുള്ള ഇത്തരം ശീലങ്ങളിൽ നിന്ന് കുട്ടികൾ അകന്നുപോകുന്നുണ്ടെന്ന് അധ്യാപക സംഘടനാ നേതാവായ എൻ ശ്രീകുമാർ പറയുന്നു. ചെറുപ്രായമായതിനാൽ ഒരുകൊല്ലംകൊണ്ട് വഴിമാറിയ ശീലങ്ങളെപ്പോലും ഇനി മറ്റൊരു രീതിയിലേക്ക് തിരിച്ചുകൊണ്ടുവരിക പ്രയാസകരമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. 

പരസ്പരം അറിയുകയും പെരുമാറുകയും ചെയ്യുമ്പോഴാണ്  കുട്ടികളുടെ പെരുമാറ്റ രീതികൾ പരിഷ്കരിക്കപ്പെടുന്നത്. ഓൺലൈൻ ക്ലാസുകൾ ഇതിനുള്ള വഴികളടച്ചുകളയുന്നു. സ്വയം വളർച്ചയാർജിക്കാനുള്ള അവസരങ്ങളാണ് ഇതിലൂടെ നഷ്ടമാകുന്നത്. സമപ്രായക്കാരുമായുള്ള സഹവർതിത്വം കുട്ടികളുടെ ജീവിതത്തിലെ സുപ്രധാന ഘട്ടമാണ്. കുട്ടിയെ തിരിച്ചറിഞ്ഞ് പഠിപ്പിക്കുക എന്നതുപോലെത്തന്നെ പ്രധാനമാണ് അവരുടെ കൂട്ടായ്മകളെ പരിപോഷിപ്പിക്കുക എന്നതും. അച്ചടക്കം ശീലിക്കുന്നതും അത് പരിശീലിക്കുന്നതും ക്ലാസ് മുറികളിൽനിന്നാണ്. പരീക്ഷക്ക് പരസഹായമില്ലാതെ അധ്യാപകർക്ക് മുന്നിലിരുന്ന് ഉത്തരമെഴുതണമെന്ന കാർക്കശ്യം ഒരു കുട്ടിക്ക് പരിചയപ്പെടുത്തുന്ന സ്വഭാവ ഗുണങ്ങൾ പലതാണ്. അധ്യാപകരുടെ കൺവെട്ടത്തിരുന്ന് പരീക്ഷണം നേരിടുന്നതിലൂടെ അവർ നേടിയെടുക്കുന്ന ആത്മവിശ്വാസവും ചെറുതല്ല. ഇതിനെല്ലാം മാറ്റം വന്നു. രക്ഷിതാക്കൾ മുതൽ ഗൂഗിളിന്റെ വരെ സഹായത്തോടെ ഉത്തരമെഴുതാമെന്ന പ്രായോഗികതയിലേക്ക് കുട്ടികൾ മാറുകയാണ്. പരീക്ഷാമാർക്കെന്ന പ്രശ്നത്തെ ഇതിലൂടെ മറികടക്കാമെങ്കിലും കുട്ടിയുടെ ആത്മധൈര്യം, മത്സരക്ഷമത തുടങ്ങി സത്യസന്ധതയടക്കമുള്ള  മൂല്യബോധത്തിൽ അത് വിള്ളൽ വീഴ്ത്തുന്നു. ഒന്നിച്ചിരുന്ന് മത്സരിച്ച് വിജയിക്കുന്നതിന് പകരം, ഒറ്റക്കിരുന്ന് കുറുക്കുവഴികളിലൂടെ വിജയത്തിലെത്താമെന്ന് കുട്ടികൾ പഠിക്കുന്നു. 

സവിശേഷ ശ്രദ്ധ വേണ്ട സ്പെഷൽ സ്കൂളുകളിലെ കുട്ടികൾ ഈയർഥത്തിൽ നേരിടുന്നത് അതികഠിനമായ ദുരിതങ്ങളാണ്. അവരുടെ ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന ഒരു സമൂഹത്തിനുള്ളിൽ ജീവിക്കാൻ കഴിയുക എന്നത് ഇത്തരം വിദ്യാർഥികൾക്ക് വലിയ ആശ്വാസമായിരുന്നു. രക്ഷിതാക്കളോട് പോലും ആശയവിനമയം നടത്താൻ കഴിയാത്ത ചില കുട്ടികൾക്ക് അവരുടെ അധ്യാപകരോടും സഹപാഠികളോടും അനായാസം അതിന് കഴിയും. പരസ്പരം കാണാനാകാത്ത, വൈകാരികതകൾ പങ്കുവക്കാനാകാത്ത ഇത്തരം കുട്ടികൾക്ക് ഓൺലൈൻ പഠനം അമിതഭാരമായി മാറുകയാണ് ചെയ്യുന്നത്. അവർക്ക് പഠനത്തേക്കാൾ വേണ്ടത് സാമൂഹിക ജീവിതമാണ്. ഓൺലൈൻ പഠനം മുഖ്യമായും കേന്ദ്രീകരിക്കുന്നത് ശബ്ദത്തിലാണ്. ആംഗ്യഭാഷയിൽ പഠനം നടത്തുന്ന കുട്ടികൾക്കാണെങ്കിൽ  ഇതുതന്നെ പീഢനമായിരിക്കും. അവരുടെ ആശയവിനിമയത്തിന് സംസാരിക്കുന്നവരുടെ മുഖഭാവവും ചുണ്ടനക്കങ്ങളും അംഗവിക്ഷേപങ്ങളുമെല്ലാം പരമപ്രധാനമാണ്. നമ്മുടെ ഓൺലൈൻ പഠന സംവിധാനത്തിന് ഇതെത്രത്തോളം ഉറപ്പുവരുത്താനാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവർക്കാകട്ടെ കഴിഞ്ഞവർഷം ഓൺലൈൻ ക്സാസുപോലും ഉണ്ടായിരുന്നില്ല. അധ്യാപകരുടെ മുഖഭാവവും ശരീര ഭാഷയുമെല്ലാം കാണുക എന്നത് തീരെ ചെറിയ ക്ലാസിലെ കുട്ടികളുടെ ആശയവിനമയത്തിൽ സുപ്രധാനമാണ്.  പലപ്പോഴും ശബ്ദം വഴി മാത്രമായി മാറുന്ന ഓൺലൈൻ പഠനം കുട്ടികളുടെ ആശയവിനിമയ ശേഷിയെയും ബാധിക്കും.  


ക്ഷയിക്കുന്ന ആരോഗ്യം

സ്വഭാവ രൂപീകരണത്തിലും പഠന രീതികളിലും മാത്രമല്ല കുട്ടികളുടെ ആരോഗ്യത്തിലും ഓൺലൈൻ പഠന സംവിധാനം കാര്യമായ പരിക്കേൽപിക്കുന്നുണ്ട്. കഴിഞ്ഞ ഒരുവർഷം കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയെത്തിയവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടായിട്ടുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. സാമൂഹിക ജീവിതം തീരെ കുറയുന്നതോടെ ഇവരിൽ ക്രിയേറ്റിവ് എനർജി കുറയുകയും അലസത വർധിക്കുകയും ചെയ്യുന്നു. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലെ വിമുഖത, ഏകാഗ്രതയും ഓർമ ശക്തിയും കുറയൽ, തീരുമാനങ്ങളെടുക്കാൻ കഴിയാതാകൽ തുടങ്ങി ഗാർഹിക പീഢനത്തിനിരയാകുന്നതിൽ വരെ വർധനയുണ്ടായിട്ടുണ്ട്.  ആത്മവിശ്വാസം നഷ്ടപ്പെട്ട്, കടുത്ത മാനസിക സമ്മർദവും പിരിമുറുക്കവും അനുഭവിക്കുന്നവരായി കുട്ടികൾ മാറുകയാണ്. ക്ലാസുകൾ ഉറപ്പാക്കുന്നതിലെ സാങ്കേതിക പ്രശ്നം മുതൽ സദാ പഠനത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന രക്ഷിതാക്കളുടെ മുഴുവൻ സമയ സാന്നിധ്യം വരെ കുട്ടികളിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വീട്ടിനകത്ത് ലിംഗസമത്വവും പരിഗണനയും ഇല്ലാതാകുന്നത് പലതരത്തിൽ വർധിക്കുന്നു. ആൺകുട്ടിയും പെൺകുട്ടിയും പഠിക്കാൻ പോകുന്ന വീട്ടിൽ ഒരു ഇലക്ട്രോണിക് ഡിവൈസ് മാത്രമായാൽ അതിൽ ആൺകുട്ടിക്ക് മുൻഗണന നൽകുന്ന പ്രവണത പലയിടത്തുമുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇത് പെൺകുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ ചെറുതല്ല. 

കളിയും പുറംകാഴ്ചകളും നിഷേധിക്കപ്പെട്ട ലോക്ക്ഡൗൺ ജീവിതത്തിനിടെയാണ് ഈ രീതിയിൽ മാനസിക സംഘർഷങ്ങളും അവരനുഭവിക്കേണ്ടി വരുന്നത്. കുട്ടികൾക്ക് ആഹ്ലാദം പകരുന്ന പാഠ്യേതര പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും സമ്മർദം സൃഷ്ടിക്കുന്ന പഠനത്തിനും പരീക്ഷക്കും മാത്രമായി ബദൽ സംവിധാനങ്ങളുണ്ടാകുകയുമാണ് ചെയ്തത്.   പഠനത്തിൽനിന്ന് തന്നെ കുട്ടികളുടെ ശ്രദ്ധ തിരിഞ്ഞുപോകാൻ ഇത് കാരണമാകുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ ചില സ്കൂളുകൾ ഓൺലൈനിൽ തന്നെ പാഠ്യേതര പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരുന്നു. ഇടുക്കി പണിക്കൻകുടി ഗവ.എച്ച് എസ് എസ് സ്കൂൾ വിദ്യാർഥികൾ സംവിധാനം ചെയ്ത് യൂ ട്യൂബിൽ പ്രകാശനം ചെയ്ത സംഗീത ആൽബം അത്തരത്തിലൊന്നാണ്. വിദ്യാർഥികളെ ഏതെങ്കിലും വിധത്തിൽ എൻഗേജ് ചെയ്യിച്ച് പഠനത്തിലേക്ക് ആകർഷിക്കാനാണ് ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചതെന്ന് പ്രിൻസിപ്പൽ ജോർജ് ഇഗ്നേഷ്യസ് പറയുന്നു. 

വിദ്യാലയമാകാത്ത വീട്ടകം

പലതരം സാമൂഹിക പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരേ പ്രായക്കാരാണ് സ്കൂളിൽ ഒരേ സമയം ഒന്നിച്ച് പഠിക്കുന്നത്. അവരുടെ ജീവിത ചുറ്റുപാട് സാമൂഹ്യ ശ്രേണിയിൽ പലതട്ടിൽ നിൽക്കുന്നതായിരിക്കും. അവരുടെ കുടുംബ പരിസരം പലമട്ടിൽ സവിശേഷമായിരിക്കും. ഇതെല്ലാം സ്കൂൾ അല്ലെങ്കിൽ ക്ലാസ് മുറി എന്ന പൊതു പ്രതലത്തിലാണ് വന്നുചേരുന്നത്. അവരവിടെ അനുഭവിക്കുന്ന തുല്യതാബോധവും സമഭാവനയും അവരുടെ ജീവിത വീക്ഷണത്തെ നിർണയിക്കുന്നതിൽ പ്രധാനമാണ്. അതിനേക്കാൾ പ്രധാനമാണ് സമാധാനപൂർണമായ പഠനവും മറ്റൊന്നിനെക്കുറിച്ചും ആലോചിച്ച് വേവലാതിപ്പെടേണ്ടതില്ലാത്ത പകൽ സമയവും ഉറപ്പാക്കുന്ന സ്കൂൾ അന്തരീക്ഷം. എന്നാൽ ഓണലൈൻ പഠനകാലത്ത് അവരവരുടെ വീട് തന്നെ സ്കൂളായി മാറുകയാണ്. ഓരോരുത്തരും അവരവരുടെ ജീവിത  പരിസരം തന്നെ ക്ലാസ് മുറിയായി പരിവർത്തിപ്പിക്കേണ്ടിവരുന്നു. എന്നാൽ ഓരോ വീടും എത്രത്തോളം ക്ലാസ് മുറിയായി മാറുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വീട്ടകത്തെ ആർഭാടങ്ങൾ മുതൽ അസ്വാരസ്യങ്ങൾ വരെ അവരുടെ പഠനത്തെയും പഠന സമയത്തെയും ബാധിക്കുന്നുണ്ട്. ക്ലാസ് മുറിയായി മാറാൻ വീട്ടകം പാകപ്പെടുന്നില്ല. സ്വന്തം ജീവിത പശ്ചാത്തലത്തിൽ നിന്ന് മാറി, പുതിയ ചുറ്റുപാടുകളെയും പുതിയ മനുഷ്യരെയും പരിചയപ്പെടുന്നതിലൂടെ കുട്ടികൾ അവരവരുടെ ജീവിതത്തെ അറിഞ്ഞും അറിയാതെയും നവീകരിക്കുന്നുണ്ട്. സ്കൂളിലേക്കുള്ള യാത്രപോലും അവർക്ക് പുതിയ പാഠങ്ങൾ പകർന്നുനൽകും. ഇതെല്ലാം നിഷേധിക്കപ്പെട്ട്, അവരവരുടെ ജീവിത പരിസരം മാത്രം കണ്ടും അതിന്റെ മാത്രം ഗുണദോഷങ്ങൾ അനുഭവിച്ചും ആ അസമത്വങ്ങളിലൂടെ മാത്രം സഞ്ചരിച്ചും അവർക്ക് മുതിർന്നവരാകേണ്ടി വരുന്നു. 

വഴിതെറ്റുന്ന പാഠ്യപദ്ധതി 

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം  ജനകീയ പങ്കാളിത്തത്തോടെ നിർവഹിക്കപ്പെടുന്നതാണ്. എന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാറിനുമാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ - വിശേഷിച്ച് സ്കൂൾ വിദ്യാഭ്യാസത്തെ - വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത് ഈ പൊതുജന പങ്കാളിത്തംകൂടിയാണ്. എന്നാൽ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം ഈ പൊതുസമീപനത്തിൽ മാറ്റം വരുത്തി. വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുക എന്നത് സർക്കാർ ബാധ്യതയാണ്. സ്കൂളും കെട്ടിടങ്ങളും അധ്യാപകരും സിലബസുമെല്ലാം ഇതിനായി സർക്കാർ തയാറാക്കുന്നുണ്ട്. എന്നാൽ ഓൺലൈൻ പഠന രീതി വന്നതോടെ സ്കൂൾ അപ്രസക്തമായി. പകരം ഇലക്ട്രോണിക് ഡിവൈസ്, ഡാറ്റ, കണക്ടിവിറ്റി എന്നിവ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സംവിധാനമായി മാറി. അതോടെ ഈ അടിസ്ഥാന സൗകര്യമരുക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും രക്ഷിതാക്കളിലോ വിദ്യാർഥികളിലോ വന്നുചേർന്നു. ഓരോകുട്ടിക്കും അവരവരുടെ വീട്ടിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക എന്നത് സർക്കാറിനെ സംബന്ധിച്ച് എളുപ്പം നടപ്പാക്കാവുന്ന പദ്ധതിയല്ല. ഫലത്തിൽ അത് വ്യക്തികളുടെ ഉത്തരവാദിത്തമായി മാറി. അടിസ്ഥാന സൗകര്യം മാത്രമല്ല, ഭൂരിപക്ഷം കുട്ടികളെ  മുന്നിൽ കണ്ട് പരിപാടികൾ ആവിഷ്കരിക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നത്.  ചില വിഷയങ്ങൾക്ക് ഡിജിറ്റൽ ക്ലാസുകൾ ഇല്ലാതായതും സ്പെഷൽ സ്കൂളുകൾ പോലുള്ളവക്ക് ബദൽ സംവിധാനം ഏർപെടുത്താതിരുന്നതും ഉദാഹരണം. സ്പെഷൽ സ്കൂളുകൾക്ക് അധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിൽ ചില ക്ലാസുകൾ തട്ടിക്കൂട്ടിയെങ്കിലും അതുപോലും മുഴുവൻ വിഷയങ്ങളിലും ഉണ്ടായുമില്ല. എല്ലാവിഭാഗം വിദ്യാർഥികളെയും ഉൾകൊള്ളുന്ന ഒരു സമഗ്ര സമീപനം ഓൺലൈൻ സന്പ്രദായത്തിൽ കഴിഞ്ഞകൊല്ലം ഉണ്ടായില്ല. പാഠ്യമേഖലയിൽ തന്നെ അസമത്വം സൃഷ്ടിക്കുന്നതായി ഇത് മാറുകയാണ്. 

കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതിയാകട്ടെ മനപ്പാഠം പഠിക്കുക എന്നതിനപ്പുറം പ്രവർത്തനാധിഷ്ടിതമായി വികസിപ്പിച്ച സമ്പ്രദായമാണ്. പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ ചിന്താപ്രകൃയയെ ഉണർത്തുന്ന പാഠ്യപദ്ധതിയും അതിനനുസരിച്ച സംവിധാനങ്ങളുമാണ് കേരളത്തിലെ നിലവിലെ കരിക്കുലം. സ്കൂളുകളുടെ അഭാവത്തിൽ സ്വന്തം വീട്ടിലിരുന്ന് പഠിക്കുന്ന കുട്ടികളെ ഈ വ്യവസ്ഥാപിത പാഠ്യക്രമത്തിലേക്ക്  ഉൾകൊള്ളിക്കുന്നതിലെ പിരമിതികൾ ഇതിനകം വ്യക്തമായിട്ടുണ്ട്. സ്കൂൾ പാഠ്യപദ്ധതിയുടെ സ്വഭാവ സവിശേഷതകൾ മുന്നിൽവച്ച് പരിശോധിച്ചാൽ ഓൺലൈൻ/ഡിജിറ്റൽ വിദ്യാഭ്യാസം അങ്ങേയറ്റം പരിമിതമായാണ് പ്രവർത്തിച്ചത് എന്ന് കാണാം. നിലവിലെ പാഠ്യപദ്ധതി മുന്നോട്ടുവക്കുന്ന ആശയദൃഢതയും ജൈവികതയും ഡിജിറ്റൽ ക്ലാസ് മുറികൾ ഇല്ലാതാക്കുകയാണ്. 

പുതുക്കേണ്ട പാഠങ്ങൾ

മഹാമാരി പടർന്നുപിടിച്ച ഒരു അനിവാര്യ സന്ദർഭത്തിലാണ് ക്ലാസ് മുറികളിലെ പഠനം ഉപേക്ഷിക്കാനും സാധ്യമായ ബദൽ എന്ന രീതിയിൽ ഓൺലൈൻ പഠനത്തിലേക്ക് മാറാനും തീരുമാനിക്കുന്നത്. ഈ സമ്പ്രദായം സൃഷ്ടിക്കുന്ന പോരായ്മകൾ മറികടക്കാനുതകുന്ന പാഠ്യപദ്ധതിയെക്കുറിച്ച് ഗൗരവപൂർവം ആലോചിക്കണം. നിലവിലെ പാഠ്യപദ്ധതിയുടെ അടിസ്ഥാന തത്വങ്ങൾ ചോർന്നുപോകാത്ത വിധം അത് പുനക്രമീകരിക്കണം. അല്ലെങ്കിൽ ഓൺലൈൻ പഠനത്തിനനുസൃതമായ തരത്തിൽ കരിക്കുലം താത്കാലികമായെങ്കിലും നവീകരിക്കണം.  ഒരു അധ്യയനവർഷം കൂടി ഇതേ രീതിയിൽ മുന്നോട്ടുപോകേണ്ടിവന്നേക്കാമെന്നാണ് ഇപ്പോഴും ആരോഗ്യ വിദഗ്ധർ നൽകുന്ന സൂചന. അതിനാൽ ഒരുവർഷം മുന്നിൽകണ്ട് പ്രത്യേക കരിക്കുലം തയാറാക്കണം. ടീച്ചിങ് മാന്വൽ തന്നെ താത്കാലികമായി മാറ്റിയെഴുതേണ്ടിവരും. പഴയ പാഠങ്ങൾ പുതിയ വഴികളിലൂടെ പ്രയോഗിക്കുക എന്നതിലൊതുങ്ങിയാൽ അത് ഒരുതലമുറയുടെ തലവരതന്നെ മാറ്റിയെഴുതിയേക്കും.

ഓൺലൈൻ പഠനം ആകർഷകമാക്കാനുള്ള നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രസ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സർക്കാറിന് സമർപിച്ചിരുന്നു. ക്ലാസ് അവതരണത്തിൽ ദൃശ്യപ്രധാനമായ ഉള്ളടക്കം വർധിപ്പിക്കുക പോലുള്ള ശിപാർശകളാണ് അവർ നൽകുന്നത്. എന്നാൽ കുട്ടികളുടെ സാമൂഹിക വളർച്ച ഉറപ്പാക്കുന്ന നടപടികൾ കൂടി ഇതിനൊപ്പം ഉണ്ടാകേണ്ടതുണ്ട്. ലോക്ഡൗൺ കാലത്തും നടപ്പാക്കാൻ കഴിയുന്ന അയൽപക്ക സ്കൂളുകൾ പോലുള്ളവ ഇതിന് പരീക്ഷിക്കാം. കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠനം വിയിരുത്താൻ പല സ്കൂളുകളും കഴിഞ്ഞ വർഷം ശ്രമിച്ചിരുന്നു. എന്നാൽ ഇതിന്റെ ഭാരിച്ച സാന്പത്തിക ബാധ്യത ഒട്ടുമിക്ക സ്കൂളുകൾക്കും താങ്ങാവുന്നതല്ല. ഇത്തരം ചില പരീക്ഷണങ്ങൾക്ക് പണം നീക്കിവക്കുന്നത് സർക്കാർ ആലോചിക്കണം. 

ഓൺലൈൻ പഠനം അവസാനിപ്പിച്ച് സാധാരണ നിലയിലേക്ക് തിരിച്ചുവരുമ്പോൾ കുട്ടികൾക്ക് ആ മാറ്റം അനായാസകരവും ആഹ്ലാദകരവുമാക്കി മാറ്റാൻ കഴിയുന്ന പദ്ധതികളും ആവിഷ്കരിക്കണം. ഓൺലൈൻ ക്ലാസുകളായതിനാൽ രണ്ട് വർഷം അവർക്ക് നഷ്ടമായ സാമൂഹികവളർച്ചയും സാംസ്കാരികോന്നതിയും വ്യക്തിത്വ  വികാസവും  അവർക്ക് ഉറപ്പാക്കണം. സാധാരണനിലയിലേക്കുള്ള തിരിച്ചുവരവ് വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതുപോലെ  ആയാസരഹിതമായിരിക്കില്ല. രണ്ടു വർഷത്തെ ശീലങ്ങളിൽനിന്ന് അവരെ തിരിച്ചുകൊണ്ടുവരാനുള്ള ബോധപൂർവമായ ഇടപെടലുകൾ ഉണ്ടാകണം. 'ഗുരുവിനും ശിഷ്യനുമിടയിൽ പുസ്തകം ഗുരുതരമായ ഒരു തടസ്സമല്ലോ' എന്ന് കുഞ്ഞുണ്ണി മാഷ് എഴുതിയിട്ടുണ്ട്. ഇപ്പോൾ ഗുരുവിനും ശിഷ്യനുമിടയിൽ തടസ്സമില്ലാതെ പ്രവർത്തിക്കുന്നത് പുസ്തകങ്ങൾ മാത്രമാണ്. ക്ലാസ് റൂം കാലത്തേക്ക് തിരിച്ചുപോയാലും ഇല്ലെങ്കിലും , അധ്യാപകനും വിദ്യാർഥിക്കുമിടയിൽ പുസ്കതമല്ലാത്തതെല്ലാം തടസ്സമില്ലാതെ പ്രവർത്തിക്കുന്ന പാഠ്യപദ്ധതി തയാറാക്കുക എന്നതാണ് ഇനി ഏറ്റവുമാദ്യം കേരളത്തിൽ നടക്കേണ്ടത്. 

(മാധ്യമം ആഴ്ചപ്പതിപ്പ് - 14 ജൂൺ 2021)



സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...