സഭയില്‍നിന്ന് പുറത്തിറങ്ങാന്‍ നാലുപാടും വാതിലുകളുണ്ടെങ്കിലും പ്രതിപക്ഷത്തിന് പ്രതിഷേധിച്ചിറങ്ങിപ്പോകാന്‍ ദിവസവും വഴി വേറെ വെട്ടണമെന്നതാണ് കീഴ്വഴക്കം. ആരുഭരിച്ചാലും മറുഭാഗത്തുള്ളവര്‍ ശൂന്യവേള തുടങ്ങുമ്പോള്‍ തന്നെ ആ വഴിയൊരുക്കുകയും ചെയ്യും. പ്രതിപക്ഷത്തിന് വേണ്ടി ഇന്നലെ ആ പണി ഏറ്റെടുത്തത് സ്വാശ്രയ വിദഗ്ദന്‍ എം.എ ബേബി. ബേബിയുടെ കാര്യശേഷിപ്രകാരം നിസ്സാരമായ പണി. ബേബി പണിത വഴിയില്‍ പക്ഷെ ഉമ്മന്‍ചാണ്ടി വിലങ്ങനെ കയറിക്കിടന്നു. പലതവണ ആഞ്ഞുവെട്ടിയെങ്കിലും അഞ്ചുകൊല്ലം കൊണ്ടുനടന്ന് സ്വയം വക്കുപൊട്ടിച്ച വാളായിരുന്നു കൈയ്യിലെന്ന് ബേബി അറിഞ്ഞില്ല. അക്കാര്യം മനസ്സിലാകുമ്പോഴേക്കും പാര്‍ട്ടിയില്‍ രണ്ട് വഴിക്ക് നടന്നുപോകുന്നവര്‍ ഒരേവഴിയില്‍ വന്നുനിന്ന് ഉന്തും തള്ളും തുടങ്ങിയിരുന്നു. അതോടെ സ്വാശ്രയവഴി അടഞ്ഞു. അപ്പോള്‍ പോലിസ് മര്‍ദനത്തിന്റെ വഴി തുറന്ന് പ്രതിപക്ഷ നേതാവിറങ്ങി.
ബേബിയുടെ വാക്വൈഭവത്തെ പൊളിച്ചത് ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസമാണ്. പലതവണ ബഹളം ആവര്‍ത്തിച്ച സ്വാശ്രയ തര്‍ക്കത്തില്‍ പരിയാരം സഹകരണ കോളജ് വന്നതോടെ പ്രതിപക്ഷം വെട്ടിലായി. 'പരിയാരത്ത് ആരെങ്കിലും തുട്ട് വാങ്ങിയാല്‍ അവരീ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെ'ന്ന വി.എസ് അച്യുതാനന്ദന്റെ പ്രഖ്യാപനത്തിന് കൈയ്യടി വന്നത് ഭരണ പക്ഷത്തുനിന്ന്. അതുവരെ ദുര്‍ബലയായിരുന്ന പ്രതിപക്ഷം അതോടെ പൊടുന്നനെ ഗര്‍ഭിണിയുമായി. ഒടുവില്‍ മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി മാനം രക്ഷിച്ചു.
പാര്‍ട്ടിയിലെ രണ്ടുവഴിയിലും ഉറച്ചുനില്‍ക്കാത്തതിനാലാകണം ജി. സുധാകരനെ ഈ തിരിച്ചടി ഒട്ടും ബാധിച്ചിരുന്നില്ല. മക്ബത്തില്‍നിന്ന് തുടങ്ങിയ ജി. സുധാകരന്‍ തകര്‍ത്തടിച്ചാണ് പിന്‍വാങ്ങിയത്. മുന്നില്‍ വന്നവരെയെല്ലാം വെട്ടിനിരത്തി. പാര്‍ട്ടിപോലും പരിഗണിക്കാത്ത വെട്ട്. പി.സി വിഷ്ണുനാഥും സി.പി മുഹമ്മദും മാത്രമ്മല്ല, എം.എ ബേബി വരെ അതില്‍ കഴുത്തറ്റ് വീണു. ചരമക്രിയ ചെയ്യുന്ന വൈദികന്‍, പപ്പുപിള്ള തുടങ്ങി ഗവര്‍ണര്‍ക്ക് ഒരുപിടി ഉപമകള്‍. അതിവേഗം ബഹുദൂരം മുദ്രാവാക്യത്തിന് പാസ് മാര്‍ക്ക്. 'പൃഷ്ടാപൃഷ്ടനെപ്പോലെ നടക്കുന്ന സന്യാസി'മാര്‍ക്ക് ചൂരലിനടി. അകമ്പടിയായി ആ നടത്തത്തിന്റെ മാതൃകയും. ഒടുവില്‍ യു.ഡി.എഫിന്റേത് 'എന്തൊരു മഹത്തായ പതന'മെന്ന് ഉപസംഹാരം. സുധാകരന് പറ്റിയ പകരക്കാരനെ മുസ്ലിം ലീഗും കളത്തിലിറക്കിയിട്ടുണ്ട്. സീതിഹാജിയുടെ മകന്‍ പി.കെ ബഷീര്‍. വെട്ട് സുധാകരന്‍ മോഡല്‍ തന്നെ. കന്നിപ്രസംഗത്തില്‍ തന്നെ അത് കിട്ടിയവരില്‍ ടി.എന്‍ പ്രതാപന്‍ മുതല്‍ ഇ.പി ജയരാജന്‍ വരെ. കാട്ടില്‍ വീണുകിടക്കുന്ന മരം വെട്ടി പണമുണ്ടാക്കാമെന്ന് കണ്ടെത്തിയ തോമസ് ഐസകിന് സര്‍ട്ടിഫിക്കറ്റ്. ഉപമയും ഉല്‍പ്രേക്ഷയും വേണ്ടത്ര. സുധാകരന്റെ പോലെ കവിതയെഴുതുന്ന അസുഖമുണ്ടോ എന്നേ ഇനിയറിയാനുള്ളൂ. ബാക്കിയെല്ലാമുണ്ട്. ബഷീറിനെ പക്ഷെ ഒരുകാര്യം വേട്ടയാടുന്നു: 'കടലില്‍ മഴ പെയ്യുന്നതെങ്ങനെയെന്ന വാപ്പയുടെ പഴയ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.' ഒഴിവുനേരത്ത് സുധാകരനോട് ചോദിച്ചാല്‍ കിട്ടുമായിരിക്കും.
ഇമ്മാതിരി കാര്യങ്ങളിലൊന്നും താല്‍പര്യമില്ലാത്ത രണ്ട് പേരുണ്ട് സഭയില്‍ ടി.എ അഹമ്മദ് കബീറും എസ്. ശര്‍മയും. നന്ദിപ്രമേയത്തിന്റെ അതേ ഗൌരവത്തിലായിരുന്നു ഇരുവരുടെയും പ്രസംഗം. ഒരാള്‍ പിന്തുണച്ചു. രണ്ടാമന്‍ എതിര്‍ത്തു. എന്നാലും രണ്ടിലും കാര്യം മാത്രമേയുണ്ടായിരുന്നുള്ളൂ. ഗൌരവത്തിന്റെ കാര്യത്തില്‍ ഇവരുടെ ശബ്ദ വിന്യാസത്തിനും അംഗ വിക്ഷേപങ്ങള്‍ക്കും വരെയുണ്ട് സമാനതകള്‍. മൂലമ്പിള്ളി പാക്കേജ് രണ്ട് പേര്‍ക്ക് മാത്രമാണെന്ന് ശര്‍മ സ്ഥാപിച്ചു. അതൊരു മഹത്തായ സംഭവമാണെന്ന് ബന്നി ബഹനാന്‍ വാദിച്ചെങ്കിലും ആര്‍ക്കും ബോധ്യമായില്ല. ശൂന്യവേളയിലെ സ്വാശ്രയ തര്‍ക്കം സഭതീരും വരെ തീര്‍ന്നില്ല. രാവിലത്തെ ആവേശത്തില്‍ ചര്‍ച്ച തുടങ്ങിയ സണ്ണിജോസഫ് തന്നെ അതില്‍ പിടിച്ചു. സ്വാശ്രയ കോളജില്‍ മക്കളെ പഠിപ്പിക്കില്ലെന്ന് തീരുമാനിക്കാന്‍ കെ.ടി ജലീല്‍ അംഗങ്ങളെ ആഹ്വാനം ചെയ്തു. എം.പി വിന്‍സെന്റ് 50:50യും ഹൈബി ഈഡന്‍ എസ്.എഫ്.ഐയും ഓര്‍മിപ്പിച്ചു. എന്നാല്‍ ജമീല പ്രകാശത്തിന്റെ ഉന്നം രമേശ് ചെന്നിത്തലയായിരുന്നു. സുരേഷ്കുറുപ്പും ഇ. ചന്ദ്രശേഖരനും തുടക്കം മോശമാക്കിയില്ല. വിരസമായ ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉച്ചയുറക്കത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിക്ക് മൈക്ക് കിട്ടിയത്. അതോടെ സഭയില്‍ കൊണ്ടോട്ടി നേര്‍ച്ചയുടെ ആവേശം. സേവി മനോമാത്യു, സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങി ജയരാജനെ ഇളക്കാന്‍ പറ്റിയതൊക്കെ രണ്ടത്താണി വിളിച്ചുപറഞ്ഞു. വി.എസ് ഫാക്ടര്‍ ഇല്ലെന്ന് കണ്ടെത്തി. തീര്‍ന്നില്ല, കുഞ്ഞാലിക്കുട്ടി ഫാക്ടര്‍ ഉണ്ടായിരുന്നെന്ന് സ്ഥാപിക്കുകയും ചെയ്തു! കണ്ടെത്തല്‍ നേരേത്തയായിരുന്നെങ്കില്‍ പഞ്ചായത്ത് വകുപ്പിലെ മലബാര്‍ മേഖല കൈയ്യിലിരുന്നേനെ.
(28...06...11)
funny and informative.. thanks.
ReplyDelete