Sunday, February 28, 2016

സ്വാശ്രയ തൊഴില്‍ മേഖലയിലെ അയിത്തം


തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് പിന്നാക്ക ഹിന്ദു വിഭാഗത്തില്‍പെട്ട ഒരുസംഘമാളുകള്‍ നടത്തുന്ന ഒരുസ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ഫെബ്രുവരി ഒന്നുമുതല്‍ തൊഴില്‍ സമരം നടക്കുകയാണ്. ജീവനക്കാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെ സംഘടനാ നേതാവുകൂടിയായ ദലിത് ജീവനക്കാരനെ പിരിച്ചുവിട്ടു. ഇതാണ് സമര കാരണം. അറ്റന്ററായി നിയമിക്കപ്പെട്ട്,  തോട്ടത്തിലെ ജോലി മുതല്‍ ഗേറ്റിലെ കാവല്‍പണി വരെ ചെയ്യേണ്ടി വന്നയാളാണ് മുന്നറിയിപ്പില്ലാതെ നടപടിക്ക് വിധേയനായത്. മറ്റുള്ളവരെ പിരിച്ചുവിടാന്‍ ചില 'സാമ്പത്തിക തടസ്സങ്ങള്‍' ഉള്ളതിനാലാണ് ഇദ്ദേഹത്തെ തന്നെ പിടികൂടിയതത്രെ. കാരണം ഒട്ടുമിക്കവരും ലക്ഷങ്ങള്‍ കോളജിന് 'നിക്ഷേപം' കൊടുത്തിട്ടാണ് ജോലി വാങ്ങിയത് എന്നതുതന്നെ. 112 ജീവനക്കാരുള്ള കോളജില്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ആകെയുള്ളത് ഒരു അധ്യാപിക മാത്രം. വേതനം കുറവാണെങ്കിലും കേരളത്തിലെ ഉയര്‍ന്ന സോഷ്യല്‍ സ്റ്റാറ്റസുള്ള പ്രബല തൊഴില്‍ മേഖലയായി വികസിച്ചുകഴിഞ്ഞ സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ അനിശ്ചിതത്വങ്ങളുടെയും അതില്‍ തന്നെ ദുര്‍ബല ജന വിഭാഗങ്ങള്‍ അനുഭവിക്കുന്ന സവിശേഷ പ്രതിസന്ധികളുടെയും കൃത്യമായ സൂചകമാണ് തിരുവല്ലം കോളജ് സംഭവം.

സാമൂഹിക വിവേചനവും അസന്തുലിതത്വവും അങ്ങേയറ്റം രൂക്ഷമാണെങ്കിലും സ്വാശ്രയ മേഖലയിലെ ദലിത് പ്രാതിനിധ്യക്കുറവ് ഇനിയും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സ്വകാര്യ നിക്ഷേപകരുടെ സ്വയം തൊഴില്‍ പദ്ധതി എന്ന നിലയിലാണ് കേരളീയ പൊതുസമൂഹം സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ കാണുന്നത്. അതുകൊണ്ട് തന്നെ അവിടെ നിലനില്‍ക്കുന്ന വിവേചനങ്ങളും സാമൂഹികമായ പുറന്തള്ളലുകളും (എക്‌സ്‌ക്ലൂഷന്‍) വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഗൗരവ വിഷയമായിട്ടില്ല. സ്വാശ്രയ മേഖലയിലെ പരോക്ഷമായ തൊഴില്‍ നിഷേധം രാഷ്ട്രീയ-ജാതി വിഷയമായി ഉന്നയിക്കേണ്ടതില്ലെന്ന നിലപാടുള്ള ദലിത് ആക്ടിവിസ്റ്റുകള്‍ പോലും കേരളത്തിലുണ്ട്. സമ്പന്നരുടെ വ്യാപാര പദ്ധതിയാണിതെന്ന ആഗോളീകരണാനന്തര കാലത്തെ  'വികസന യുക്തി'കളാണ് ഇത് രൂപപ്പെടുത്തിയത്. ഈ യുക്തിക്കിണങ്ങുംവിധം ഭരണ ഘടന വ്യാഖ്യാനിച്ച് നിയമ പിന്‍ബലം നല്‍കിയ ചില കോടതി വിധികള്‍, സ്വാശ്രയം പൊതുജനത്തിന് ഒരു അവകാശവുമില്ലാത്ത, ഒരു തരം സാമൂഹിക നിയന്ത്രണത്തിനും വിധേയമാകേണ്ടതില്ലാത്ത സ്വതന്ത്ര സ്വയംഭരണ മേഖലയാണെന്ന പൊതുബോധം ശക്തിപ്പെടുത്തുകയും ചെയ്തു. സ്വാശ്രയത്തെ പൊതുസമൂഹത്തില്‍ സ്വീകാര്യമാക്കിയ 50:50 തത്വം അംഗീകരിച്ച കോടതി വിധി സുപ്രിംകോടതി തന്നെ റദ്ദാക്കുക കൂടി ചെയ്തതോടെ ഈ വിശ്വാസത്തിന് നിയമ പ്രാബല്യവും ലഭിച്ചു. നേരത്തെ തന്നെ അതിശക്തമായി  സമൂഹത്തില്‍ വേരോടിയ ബ്രാഹമണിക് മൂല്യബോധത്താല്‍ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തീര്‍ത്തും അപ്രാപ്യമായ തൊഴില്‍ മേഖലയായാണ് ഇപ്പോള്‍ ഇത് വളര്‍ന്നുകൊണ്ടിരിക്കുന്നത്.



സ്വാശ്രയ സ്ഥാപനങ്ങള്‍ നിലവില്‍ വന്ന രാഷ്ട്രീയവും ഭരണപരവുമായ സാഹചര്യങ്ങള്‍, ഉടമാ സ്വഭാവം, സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മേഖല, നിയമന രീതി, പൊതുസംവിധാനത്തില്‍ നിന്ന് പറ്റുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച പൊതു ധാരണയും പൊതുസമൂഹത്തിന്റെ അഞ്ജതയും സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഏറെ സൗകര്യമാകുന്നുണ്ട്. കേരളത്തിലെ സമ്പന്നരായ വ്യക്തികളോ സമുദായങ്ങളോ മാത്രമല്ല സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്. സ്വകാര്യ മുതലാളിമാര്‍/സമുദായം/ട്രസ്റ്റ് എന്നത് ഏഴുതരം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപന ഉടമകളില്‍ ഒരു വിഭാഗം മാത്രമാണ്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/സ്വയംഭരണ സ്ഥാപനങ്ങളാണ് ബാക്കി ആറു വിഭാഗവും. ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നത് സര്‍വകലാശാലകളാണ്. കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നവരാണ്. 1990കളില്‍ തന്നെ സര്‍കലാശാലകള്‍ ഈ രംഗത്തെത്തിയിട്ടുണ്ട്. കാലിക്കറ്റ്, എം ജി, കേരള സര്‍വകലാശാലകള്‍ക്ക് കീഴില്‍ മാത്രം നൂറിലധികം സ്വാശ്രയ സ്ഥാപനങ്ങളുണ്ട്. ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, കുസാറ്റ് തുടങ്ങിയവക്ക് വേറെയും. സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള കൊ-ഓപറേറ്റിവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എജുക്കേഷന്‍, കെ എസ് ആര്‍ ടി സി, ഐ എച്ച് ആര്‍ ഡി, എല്‍ ബി എസ്, പരിയാരം മെഡിക്കള്‍ കോളജ് പോലുള്ളവ നടത്തുന്ന വിവിധ സഹകരണ സംഘങ്ങള്‍ എന്നിവയെല്ലാം സ്വാശ്രയ സ്ഥാപന ഉടമകളാണ്. എന്നാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളും സ്വകാര്യ ഉടമകളുടെ കീഴിലാണ്.

ഇവക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം നിയമനം നടത്തുന്നത് അതത് ഉടമകളാണ്. കരാര്‍, രണ്ട് തരം ഗസ്റ്റ് (ഫുള്‍ ടൈമും പാര്‍ട്ട് ടൈമും അല്ലെങ്കില്‍ ഇന്റേണല്‍/എക്‌സ്റ്റേണല്‍ ഗസ്റ്റ് എന്ന പേര്), താല്‍ക്കാലികം തുടങ്ങിയ വിഭാഗങ്ങളിലായാണ് എല്ലായിടത്തും നിയമനം. ഫലത്തില്‍ എല്ലാവരും ഒരുതരം തൊഴില്‍ സുരക്ഷിതത്വവും ഇല്ലാത്ത താല്‍ക്കാലിക ജീവനക്കാര്‍ തന്നെ. ഒരു കോഴ്‌സ് നടത്തിക്കൊണ്ടുപോകാന്‍ ഏറ്റവും മിനിമം ആവശ്യമുള്ളത്രയാളുകളെ മാത്രമാണ് സ്ഥിരമായി നിയമിക്കുന്നത്. ഇത് ഒരു സ്ഥാപനത്തില്‍ ഒന്നൊ രണ്ടോ പേര്‍ മാത്രമായിരിക്കും. ബാക്കിയെല്ലാം താല്‍ക്കാലിക നിയമനങ്ങള്‍ തന്നെ. സംവരണ നിയമവും പിഎസ്‌സിയുടെ റൊട്ടേഷന്‍ വ്യവസ്ഥയും പാലിക്കുന്നുണ്ടെന്നാണ് സ്വകാര്യേതര ഉടമകളുടെ അവകാശ വാദം. അതുപക്ഷെ പ്രയോഗത്തില്‍ മിക്കയിടത്തും സ്ഥിര നിയമനങ്ങളില്‍ മാത്രമായി പരിമിതപ്പെടുന്നു. സര്‍കലാശാലകള്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുതന്നെ  സമീപകാലത്തെ സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ്. എന്നിട്ടും പ്രിന്‍സിപ്പല്‍ പോലുള്ള ഉയര്‍ന്ന തസ്തികകളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ കാര്യമായി നിയമിക്കപ്പെടുന്നില്ല. ഫലത്തില്‍ അധികാരവും സ്വാധീനവുമുള്ളവര്‍ക്ക് മാത്രം തൊഴില്‍ ലഭിക്കുന്ന സ്ഥലങ്ങളായി ഇവ മാറിക്കഴിഞ്ഞു.

സ്വാശ്രയ മേഖലയില്‍ 40,000ാളം അധ്യാപകരും 5,000ാളം അനധ്യാപകരും ഇപ്പോള്‍ ജോലി ചെയ്യന്നുണ്ട്. ഇതില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിന്‌റെ പ്രാതിനിധ്യം ഒരു ശതമാനത്തില്‍ താഴെയാണെന്ന് സ്വാശ്രയ ജീവനക്കാരുടെ സംഘടനയായ സെല്‍ഫ് ഫിനാന്‍സിങ് കോളജ് ആന്റ് സറ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ വഹബ് പറയുന്നു. അതില്‍ തന്നെ ഉയര്‍ന്ന പദവികളിലിരിക്കുന്നവരും പ്രൊമോഷന്‍ നേടുന്നവരും ഇല്ലെന്ന് തന്നെ പറയാവുന്ന വിധം അപൂര്‍വമാണ്. പരീക്ഷ, അഭിമുഖം, പബ്ലിക്കേഷന്‍ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് നിയമനം നടത്തുന്നതെന്ന് സ്വാശ്രയ ഉടമകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതും എക്‌സ്‌ക്ലൂഷന് കാരണമാക്കുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. തിരുവല്ലം കോളജിലെ പോലെ, നിയമനം ലഭിക്കാന്‍ നിക്ഷേപം കൊടുക്കേണ്ടി വരുന്നതുപോലുള്ള വ്യവസ്ഥകളിലൂടെ ആദ്യം പുറന്തള്ളപ്പെടുന്നതും ദരിദ്രരും ദര്‍ബലരുമായ ഉദ്യോഗാര്‍ഥികളാണ്. ഈ രംഗത്ത് ജോലി ചെയ്യുന്ന പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗങ്ങളുടെ കണക്ക് എവിടെയും ലഭ്യമല്ലെന്നതാണ് വിചിത്രം. വിവരാവകാശം വഴി നടത്തിയ അന്വേഷണം പോലും ഇക്കാര്യത്തില്‍ ഫലം കണ്ടില്ല. അത്തരമൊരു കണക്കെടുപ്പിന് ഭരണ വര്‍ഗത്തിനും താല്പര്യമില്ല.

സ്വകാര്യ ഉടമകളുടെ കീഴിലള്ള സ്വാശ്രയ സ്ഥാപനങ്ങളും പൊതു വിഭവങ്ങള്‍ വേണ്ടത്ര ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പല കോളജുകള്‍ക്കും സര്‍ക്കാര്‍ തന്നെ സൗജന്യമായി സ്ഥലം നല്‍കിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും മുതല്‍ നിരവധി പൊതു വിഭവങ്ങളില്‍ അനുഭവിക്കുന്നുണ്ട്. അതില്‍ തന്നെ പല തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇക്കാരണത്താല്‍ മ്ാത്രം ഇവയില്‍ ദുര്‍ബലരുടെ തൊഴില്‍ പ്രാതിനിധ്യം നിയമപരമായ നിര്‍ബന്ധ ബാധ്യതയാക്കാന്‍ കഴിയേണ്ടതായിരുന്നു. അതുണ്ടായില്ലൈന്ന് മാത്രമല്ല, ഇങ്ങനെ ആനുകൂല്യം പറ്റുന്നവര്‍ നിയമനങ്ങളും തസ്തികകളും തങ്ങളുടെ സ്വന്തക്കാര്‍ക്ക് മാത്രമായി മാറ്റിവക്കുകയും ദുര്‍ബല വിഭാഗങ്ങളെ പരോക്ഷമായി പുറന്തള്ളുകയുമാണ് ചെയ്യുന്നത്. വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ തുല്ല്യമായി വീതിക്കപ്പെടേണ്ട പൊതുവിഭവങ്ങളുടെ വിതരണം ഇതോടെ ഭൂവുടമസ്ഥതയടക്കം പലതരം വിഭവ ശേഷിയും ഉയര്‍ന്ന ജാതിയടക്കമുള്ള സാമൂഹികമായ സവിശേഷാധികാരവുമുള്ള വിഭാഗങ്ങള്‍ക്കിടയില്‍ മാത്രമായി മാറുന്നു. തൊഴില്‍ നല്‍കല്‍ പോലും സര്‍ക്കാറിന്‌റെ ബാധ്യതയല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ആഗോളീകരണാനന്തര കാലത്ത്, ഈ വിഭവ കേന്ദ്രീകരണം ജാതീയതകളെ പുതിയ തരത്തില്‍ പുനസൃഷ്ടിക്കുന്നുണ്ട്. ഇവിടെയും പ്രവര്‍ത്തിക്കുന്നത് ബ്രാഹമണിക്കല്‍ മൂല്യ ബോധം തന്നെയാണെന്നതിനാല്‍ സാമൂഹ്യ പദവികള്‍ നിശ്ചയിക്കുന്ന ജോലികളില്‍ നിന്ന് തഴയപ്പെടുക ദുര്‍ബല വിഭാഗങ്ങള്‍ മാത്രമായിരിക്കും.

1990കളില്‍ ശ്ക്തിപ്രാപിച്ച ആഗോളവത്കരണമാണ് സ്വാശ്രയ വിദ്യാഭ്യാസത്തിന് ആക്കം കൂട്ടിയത്. അതിന് മുമ്പ് തന്നെ സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസമെന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നതിന്‌റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഈ ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തിയ വിദ്യാഭ്യാസ പദ്ധതിയുടെ സ്വാഭാവിക പരിഹാരമയാരുന്നു സ്വാശ്രയ സ്ഥാപനങ്ങള്‍. ചിലവേറിയ പഠന കോഴ്‌സുകളുടെ ബാധ്യത ഒഴിയാന്‍ ശ്രമിച്ച സര്‍ക്കാറിന്, സ്വാശ്രയ സ്ഥാപനങ്ങളുമായി മുതലാളിമാര്‍ രംഗത്തെത്തിയത് സൗകര്യമാകുകയും ചെയ്തു. വിദ്യാഭ്യാമെന്ന പൗരന്‌റെ അടിസ്ഥാനാവശ്യം യാഥാര്‍ഥ്യമാക്കേണ്ട സര്‍ക്കാറിന്‌റെ പിന്മാറ്റമാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചത് എന്നര്‍ഥം. നേരത്തെ മെഡിക്കല്‍, എന്‍ജിനീയറിങ്ങ് പോലെ തൊഴില്‍ വിപണിയില്‍ വന്‍ ഡിമാന്‌റുള്ള കോഴ്‌സുകളായിരുന്നു സ്വാശ്രയ മേഖലയില്‍ വന്നിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. എല്‍കെജി മുതല്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ സര്‍വത്രികമായിക്കഴിഞ്ഞു. അതിനനുസരിച്ച് പ്രാഥമിക വ്ിദ്യാഭ്യാസ മേഖലയില്‍ നിന്ന് വരെ സര്‍ക്കാര്‍ പിന്‍മാറുകയും ചെയ്തു. പ്രാദേശികമായ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും അസന്തുലിതത്വവും പരിഹരിക്കാനാരംഭിച്ച സ്വാശ്രയ സ്ഥാപനങ്ങള്‍പോലും അതേരീതിയില്‍ തന്നെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങിനെ സര്‍ക്കാറിന്‌റെ നയപരമായ തീരുമാനങ്ങളാണ് സ്വാശ്രയ സ്ഥാപനങ്ങളെ വ്യാപകമാക്കിയത്. ഇതോടെ വിദ്യാഭ്യാസ മേഖല എന്ന കേരളത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ തൊഴില്‍ രംഗത്തെ അവസരങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. സമരം മുതല്‍ സംവരണം വരെയുള്ള അവകാശപ്പോരാട്ടങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസം നേടി പുറത്തെത്തുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലഭിക്കുമായിരുന്ന തൊഴിലവസരങ്ങളാണ് ഈ സര്‍ക്കാര്‍ നയം ഇല്ലാതാക്കിയത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ (സൃഷ്ടിച്ച) സ്ഥാപനങ്ങള്‍ എന്ന നിലയില്‍ നിന്ന് ഇവയെ മാറ്റി നിര്‍ത്താനാവില്ല. ഇവയെ സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമായി പരിഗണിക്കാനും കഴിയില്ല. അതിനാല് തന്നെ ഈ മേഖലയില്‍ അരികുവത്കരിക്കപ്പെട്ടവരുടെ തൊഴില്‍ പ്രാതിനിധ്യം ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ ഈ രംഗത്ത് അര്‍ഹമായ തൊഴില്‍ പ്രാതിനിധ്യം ആവശ്യപ്പെടേണ്ടതുമുണ്ട്.



ഏത് രീതിയിലാണ് ഈ പ്രാതിനിധ്യമില്ലായ്മ പരിഹരിക്കുക എന്നത് സുപ്രധാനമാണ്. സ്വകാര്യ മേഖലയിലെ തൊഴില്‍ പ്രാതിനിധ്യത്തെക്കുറിച്ച എല്ലാ ചര്‍ച്ചകളും സംവരണത്തിലാണ് എത്തുക. സ്വകാര്യ മേഖലയില്‍കൂടി സംവരണം നടപ്പാക്കിയാല്‍ ഇതെല്ലാം പരിഹരിക്കപ്പെടുമെന്ന എളുപ്പവഴിയാണ് എല്ലാവരുടെയും പരിഹാരമാര്‍ഗം. (ഈ ചര്‍ച്ച തന്നെ എയിഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിലേ എത്തിയിട്ടുള്ളൂ, സ്വാശ്രയം അതിനും അപ്പുറത്താണ്.) എന്നാല്‍ കേവലമായ സംവരണത്തിലൂടെ ഈ പുറന്തള്ളലുകളെ മറികടക്കാന്‍ കഴിയില്ലെന്നാണ് സൂക്ഷ്മ പഠനങ്ങള്‍ വ്യ്ക്തമാക്കുന്നത്. എയിഡഡ് മേഖല ഇതിന്‌റെ തെളിവാണ്. 1,56,000 പേരാണ് എയിഡഡ് മേഖലയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇതില്‍ വെറും 558 പേര്‍ മാത്രമാണ് പട്ടിക ജാതിപട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഒ പി രവീന്ദ്രന്‍ സമാഹരിച്ച കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. പ്രത്യക്ഷത്തില്‍ സംവരണം ഏര്‍പെടുത്തിയാലും എയിഡഡ് നിയമങ്ങളുടെ സങ്കീര്‍ണത കാരണം ഇതില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കില്ല. കേരളത്തില്‍ ആകെയുള്ള എയിഡഡ് സ്ഥാപനങ്ങളില്‍ 47 ശതമാനം ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ ഉടമസ്ഥതയിലാണ്. 19 ശതമാനം മുസ്ലിംകളുടേതും. ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങളായതിനാല്‍ നിലവിലെ നിയമ പ്രകാരം രണ്ടിടത്തും സംവരണം നടപ്പാക്കാനാകില്ല. അവശേഷിക്കുന്നത് 34 ശതമാനം. എന്നാല്‍ ഇതില്‍ പകുതി തസ്തികകള്‍ മാനേജ്‌മെന്‌റിന്‌റെ സമുദായത്തില്‍പെട്ടവര്‍ക്ക് നല്‍കണം. അതും കഴിച്ചുള്ള തസ്തികകളില്‍ മാത്രമാണ് സംവരണം ബാധകമാകുക. അതുകൊണ്ടുതന്നെ ഇവിടെ സംവരണം കൊണ്ട് ഈ കുറവ് നികത്താനാവില്ല. 10,000 കോടി രൂപയാണ് പ്രതിവര്‍ഷം സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ ചിലവിടുന്നത്. അതിന് ആനുപാതികമായ വിഭവ വിഹിതം നല്കുക വഴി സാമൂഹിക നീതി ഉറപ്പാക്കുകയാണ് ഫലപ്രദമായ മാര്‍ഗം. ഇവിടെ ലഭിക്കേണ്ട തൊഴിലിന് ആനുപാതികമായി മറ്റ് മേഖലകളില്‍ അധിക സംവരണമോ സ്‌പെഷല്‍ റിക്രൂട്ട്മന്‌റോ വഴി നിയമനം നല്‍കണം. അങ്ങിനെ ബദല്‍ തൊഴില്‍ മേഖല കണ്ടെത്തുന്നുവെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായത് സ്വാശ്രയ വിദ്യാഭ്യാസ മേഖലയാണ്. എന്നാല്‍ അവിടെയും ന്യൂനപക്ഷ പദവി, സംവരണം എന്നിവയുമായി ബന്ധപ്പെട്ട് സമാനമായ നിയമങ്ങളുണ്ട്. എങ്കില് തന്നെയും പരമാവധി പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തിലുള്ള നിയമ നിര്‍മാണം ഈ രംഗത്ത് നടക്കേണ്ടതുണ്ട്. ഈ മേഖലയില്‍ സാമൂഹിക നീതി ഉറപ്പാക്കുന്ന ഒരു നിയമവും ഇപ്പോള്‍ നിലവിലിലില്ല.

എയിഡഡ് മേഖലയില്‍ ദലിത് വിഭാഗങ്ങളുടെ തൊഴില്‍ വിവേചനത്തിനും പുറന്തള്ളലിനും വഴിവച്ചത് 1972ല്‍ സി അച്യുതമേനോന്‍ നടപ്പാക്കിയ ഡയറക്ട് പേമെന്റ് നിയമമാണ്. എയിഡഡ് സ്ഥാപനങ്ങളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പെടുത്തിയ നിയമം പക്ഷെ അതിലെ തൊഴില്‍ മേഖലയിലെ സംവരണത്തെക്കുറിച്ച് മൗനംപാലിച്ചു. പഠിക്കാന്‍ സംവരണം ഉറപ്പാക്കുകയും എന്നാല്‍ തൊഴിലില്‍ സാമൂഹിക നീതി നിഷേധിക്കുകയും ചെയ്തതാണ് എയിഡഡ് മേഖലയില്‍ ഇന്ന് കാണുന്ന ദലിത് എക്‌സ്‌ക്ലൂഷന്‌റെ പ്രധാന കാരണം. ഇതേ സ്ഥിതി വിശേഷം തന്നെയാണ് ഇപ്പോള്‍ സ്വാശ്രയ മേഖലയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏറെക്കുറെ പൂര്‍ണമായ പുറന്തള്ളല്‍. സര്‍ക്കാറിന് പൂര്‍ണ നിയന്ത്രണമുള്ള എയിഡഡിലും നിയന്ത്രണം ഏര്‍പെടുത്താന്‍ കഴിയുന്ന സ്വാശ്രയത്തിലുമാണ് ഇത് സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇതിനിടയലാണ് സ്ഥാപന ഉടമകള്‍ക്ക് ഇവയേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യവും ഇതിനേക്കാള്‍ കൂടുതല്‍ നിയമപരമായ ഉദാരതയും അനുവദിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളും സ്വാകാര്യ സര്‍വകലാശാലകളും സ്‌പെഷല്‍ എഡ്യൂക്കേഷണല്‍ സോണുകളും അക്കാദമിക് സി്റ്റികളും വിഭാവന ചെയ്യപ്പെടുന്നത്. ഇവകൂടി യാഥാര്‍ഥ്യമാകുകയും സര്‍ക്കാറിന്റെ ഈ രംഗത്തെ പങ്കാളിത്തം തീര്‍ത്തും ഇല്ലാതാകുകയും ചെയ്യുന്നതോടെ വലിയൊരു വിഭാഗം ജനത വിദ്യാഭ്യാസ മേഖലയിലെ തൊഴിലിടത്തില്‍ നിന്ന് പൂര്‍ണമായി പുറന്തള്ളപ്പെടും. വിദ്യാഭ്യാസം വിപണി മൂല്യമുള്ള ഉത്പന്നമായി മാറുന്ന ലോകത്ത്, അത് നിര്‍മിക്കുന്നവരുടെ ജാതി ഒട്ടും അപ്രധാനമാകില്ല. തിരുവനന്തപുരം എഞ്ചിനീയറ്ങ് കോളജിന്‌റെ നിലവാരം കുറക്കുന്നത് താഴ്ന്ന റാങ്കുകാരായി സംവരണത്തിലൂടെ വരുന്നവരാണെന്ന് അവിടത്തെ ഒരു അധ്യാപകന്‍ തന്നെ എഴുതിയത് അക്കാദമിക് നിഷ്ടകളങ്കതയോടെ സ്വീകരിക്കപ്പെട്ട നാടാണ് കേരളം. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ മനസ്സിലാക്കാന്‍ പോലും ശേഷിയില്ലാത്ത അധ്യാപകരാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വരെ എത്തിപ്പെടുന്നത്. തങ്ങളുടെ ജീവിതാവസ്ഥകള്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത അധ്യാപകര്‍ ഇല്ലാത്തയിടത്തുനിന്ന് സ്വയം ഒഴിഞ്ഞുപോകാന്‍ അത്തരം വിദ്യാര്‍ഥികളും നിര്‍ബന്ധിതരാകും. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ മാത്രം അവശേഷിക്കുന്ന രീതിയിലേക്കാണ് കേരളം 'വളര്‍ന്ന്' കൊണ്ടിരിക്കുന്നത്. ഇത് ജാതീയമായ ഉള്ളടക്കമുള്ള വിവേചനത്തിന്റെ, അയിത്തത്തിന്റെ, പുറന്തള്ളലിന്റെ സാമൂഹിക ദുരന്തമാകും സൃഷ്ടിക്കുക. ഈ പശ്ചാത്തലത്തില്‍ വേണം സ്വാശ്രയ മേഖലയിലെ ദലിത് പ്രാതിനിധ്യത്തെ കാണേണ്ടതും പ്രതിരോധിക്കേണ്ടതും.

(മാധ്യമം ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 29, ലക്കം 939)

No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...