കേരളം മറന്നിട്ടില്ല ആ കാലം. 1994 നവംബര്‍. കേരളത്തിന്റെ ഇടത് സമര
ചരിത്രത്തിലെ രക്തരൂഷിതമായ അധ്യായമായി മാറിയ 'കൂത്തുപറന്പ്' സംഭവിച്ച കാലം. മരിച്ചും ജീവിച്ചും പില്‍ക്കാലത്ത് രക്തസാക്ഷികളായി അറിയപ്പെട്ട ഒരു സംഘം ചെറുപ്പക്കാരുടെ ആത്മത്യാഗത്തിന്റെ ചരിത്രമാണത്. എന്തിനായിരുന്നു അവരുടെ ഐതിഹാസികമായ ആ പോരാട്ടം? സമരം നയിച്ച ഡി വൈ എഫ് ഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി എം വി ജയരാജന്‍ അതിന് നല്‍കുന്ന ഉത്തരമിതാണ്: 'കേരളത്തിന്റെ രാഷ്ട്രീയ പോരാട്ട ചരിത്രത്തിലെ ചോരകിനിയുന്ന ഒരേടാണ് കൂത്തുപറന്പ്....വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തിനും സഹകരണ സ്ഥാപനങ്ങളിലെ അഴിമതിക്കുമെതിരെ രണപൌരുഷങ്ങള്‍ നെഞ്ചുവിരിച്ച് നടത്തിയ പോരാട്ടമാണത്.....പാവപ്പെട്ടവന്റെ മക്കളുടെ പാഠശാലാ സ്വപ്നങ്ങളെ തല്ലിക്കെടുത്താനും പൊതുഖജനാവിനെ കൊള്ളചെയ്യാനുമുള്ള ഭരണവര്‍ഗ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്റെ കനല്‍ക്കാറ്റുയര്‍ത്തിയ യുവജനപ്പോരാളികള്‍ക്ക് അന്ന് നേരിടേണ്ടി വന്നത് തീയുണ്ടകള്‍, കൊടിയ മര്‍ദനങ്ങള്‍.....' (കൂത്തുപറന്പ് രക്തസാക്ഷി സ്മരണിക, പ്രസിദ്ധീകരണം ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റി, കണ്ണൂര്‍, 2002).
ആ സമരം ഒരു തുടക്കമായിരുന്നു. പണം മുടക്കേണ്ടി വന്ന പാവപ്പെട്ടവര്‍, പഠനം ഉപേക്ഷിക്കുന്നത് തടയാന്‍ പിന്നെയും ഒരുപാട് സമരങ്ങള്‍ കേരളത്തില്‍ അരങ്ങേറി. സ്വാശ്രയ വിരുദ്ധ സമരമെന്ന് കേരളത്തില്‍ പിന്നീട് അറിയപ്പെട്ട ഒട്ടേറെ പ്രക്ഷോഭങ്ങള്‍. സമരത്തിന് മുന്‍പന്തിയില്‍നിന്നത് എം വി ജയരാജന്റെ പിന്‍മുറക്കാര്‍ തന്നെ. മറുപക്ഷവും സമരത്തില്‍ പിന്നിലായിരുന്നില്ല. സര്‍ക്കാര്‍ മാറുന്‌പോള്‍ സമരക്കാരുടെ കൊടിനിറം മാറുമെന്നതൊഴിച്ചാല്‍, വിദ്യാഭ്യാസ സമരങ്ങള്‍ ഒഴിഞ്ഞ കാലം പിന്നീടുണ്ടായില്ല. അക്കാലം മുതല്‍ എല്ലാ കൊല്ലവും പ്രതിപപക്ഷ സംഘടനകള്‍ ആചാരംപോലെ, സ്വാശ്രയ വിരുദ്ധ സമരം അനുഷ്ടിച്ചുവന്നു.
സ്വാശ്രയ മേഖലയില്‍ പരിമിതമായെങ്കിലും സാമൂഹിക നീതിയും അവസര സമത്വവും ഉറപ്പാക്കാന്‍ കഴിഞ്ഞത് ഇത്തരം ചെറുത്തുനില്‍പുകളിലൂടെയായിരുന്നു. എന്നാല്‍ ഇക്കൊല്ലം കാര്യമായ സമരങ്ങളൊന്നുമുണ്ടായില്ല. സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടതുകൊണ്ടായിരുന്നില്ല ആ നിശ്ശബ്ദത. മറിച്ച്, ഇനിയൊരിക്കലും ഒരു സമരം പോലും ചെയ്യാന്‍ കഴിയാത്ത വിധം ആ മേഖലയെ മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ കേരളം സ്തംഭിച്ചുപോയതിനാലാണ്. പാവപ്പെട്ടവര്‍ക്ക് പഠിക്കാന്‍ ഇനി ഉപായങ്ങളൊന്നുമില്ല എന്ന് കേരളീയര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ പരിമിതമായ പഠനാവസരം പോലും ഇനിയില്ലെന്ന് വിദ്യാര്‍ഥികളും മനസ്സിലാക്കിക്കഴിഞ്ഞു. പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയവര്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍നിന്ന് പുറത്താക്കപ്പെടുകയും പണം മുടക്കാന്‍ ശേഷിയുള്ളവര്‍ അനായാസം കോളജുകളില്‍ ഇടം നേടുകയും ചെയ്യുന്ന കാഴ്ച കേരളം ഇന്ന് നിസ്സഹായരായി നോക്കിനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം വരെ 350ാളം വിദ്യാര്‍ഥികള്‍ 25,000 രൂപക്കും 500ല്‍ അധികം പേര്‍ 2.5 ലക്ഷത്തിനും പഠിച്ചിരുന്ന എം ബി ബി എസ് കോഴ്‌സിനാണ് ഇക്കൊല്ലം ഇപ്പോള്‍ 11 ലക്ഷം രൂപ ഫീസ് ആയി മാറിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയവരടക്കം 600ാളം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഏറ്റവും ഉയര്‍ന്ന ഫീസായ 5-6 ലക്ഷം രൂപ നല്‍കേണ്ടിവന്നത്. പണമില്ലാത്തവര്‍ ഇനി പഠിക്കേണ്ടതില്ലെന്ന, വിദ്യാഭ്യാസത്തിലെ വാണിജ്യ നിയമം കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ പൂര്‍ണമായി നടപ്പായിക്കഴിഞ്ഞുവെന്നര്‍ഥം.
കൂത്തുപറന്പില്‍ തുടക്കമിട്ട്, കേരളീയര്‍ പൊതുവിലും ഇടതുപക്ഷം വിശേഷിച്ചും കാല്‍നൂറ്റാണ്ടോളമായി ശക്തമായി തുടരുന്ന വിദ്യാഭ്യാസ വാണിജ്യവത്കരണത്തിനെതിരായ ചെറുത്തുനില്‍പുകള്‍ ഇക്കൊല്ലത്തോടെ സെക്രട്ടേറിയറ്റ് നടയില്‍ കുഴിവെട്ടിമൂടിയിരിക്കുന്നു. ഈ ശേഷക്രിയക്ക് കാര്‍മികത്വം വഹിക്കാനുള്ള നിയോഗം കൈവന്നത് പിണറായി വിജയനാണ്. സര്‍ക്കാറിന്റെ നിഷ്ക്രിയത്വവും മാനേജ്‌മെന്റ് അനുകൂല നിലപാടുകളുമാണ് മെഡിക്കലിലെ അവസാന പ്രതീക്ഷയും ഇല്ലാതാക്കിയത്. അത് സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടനയെ അങ്ങേയറ്റം വിദ്യാര്‍ഥി വിരുദ്ധവും സാധാരണക്കാരന് അപ്രാപ്യവുമാക്കി മാറ്റുകയും ചെയ്തു. സ്വാശ്രയ പ്രൊപഷണല്‍ മേഖലയിലെ മറ്റൊരു സുപ്രധാന വിഭാഗമായ എഞ്ചിനീയറിങ് ശാഖയാകട്ടെ കേരളത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലകപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഫലത്തില്‍ സ്വാശ്രയ കേരളം കാല്‍നൂറ്റാണ്ട് പിന്നിടുന്പോള്‍ അതിലെ രണ്ട് ഗ്ലാമാര്‍ വിഭാഗങ്ങളും സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് അന്യമാകുകയാണ്.
ഇ എം എസ് മുതല്‍ എ കെ ആന്റണി വരെ
തിരുവനന്തപുരത്ത് ലോ അക്കാദമി ലോ കോളജ് എന്ന പേരില്‍ 1967ലെ ഇ എം എസ് സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് കേരളത്തിലെ ആദ്യത്തെ സ്വാശ്രയ കോളജ്. ഈ കോളജിന് അന്നത്തെ സര്‍ക്കാര്‍ സൌജന്യമായി നല്‍കിയത് 11.43 ഏക്കര്‍ സ്ഥലം. പിന്നീട് പല തരം നിയമങ്ങളും എയിഡഡ് സംവിധാനവുമൊക്കെ നിലവില്‍ വന്നിട്ടും ലോ അക്കാദമി സ്വാശ്രയമായി തന്നെ നിലനിന്നു. ഒരു സ്വാശ്രയ കോളജ് ഏതൊക്കെ തരത്തില്‍ പ്രതിലോമകരമാകുമെന്നാണോ കേരളം ആശങ്കപ്പെടുന്നത്, അവയെല്ലാം വേണ്ടത്രയളവില്‍നിലിനല്‍ക്കുന്ന സ്ഥലമായി ലോ അക്കാദമി മാറി. എല്ലാ സര്‍ക്കാറുകളുടെയും നിര്‍ലോഭമായ പിന്തുണ അക്കാദമിക്ക് രഹസ്യമായും പരസ്യമായും ലഭിക്കുകയും ചെയ്തു. ലോ അക്കാദമി സ്ഥാപിതമയി പിന്നെയും 25 വര്‍ഷം കഴിഞ്ഞാണ് കേരളത്തില്‍ സ്വാശ്രയ വിരുദ്ധ സമരം തുടങ്ങുന്നത്. അത് രൂക്ഷമാകുന്നതാകട്ടെ എ കെ ആന്റണിയുടെ ഭരണകാലത്താണ്. അന്നുമുതലാണ് സ്വാശ്രയ വിവാദം കേരളീയരുടെ നിത്യജീവിതത്തിലേക്ക് കടന്നുവന്നത്. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നതായിരുന്നു ആന്റണിയുടെ സിദ്ധാന്തം. എന്നാല്‍ സ്വാശ്രയം യാഥാര്‍ഥ്യമായപ്പോള്‍ ഈ തത്വം പാലിക്കപ്പെട്ടില്ല. കത്തോലിക്ക സഭ അവരുടെ വഴിക്കും മറ്റുള്ളവര്‍ മറ്റൊരു വഴിക്കുമായി. കോടതിവിധികളുടെ ബലത്തില്‍ കത്തോലിക്ക സഭ സ്വന്തം തീരുമാനങ്ങളായി മുന്നോട്ടുപോയെങ്കിലും ഭൂരിഭാഗം മാനേജ്‌മെന്റുകളും സര്‍ക്കാറുമായി സീറ്റ് പങ്കുവച്ചും ഫീസ് കുറച്ചുകൊടുത്തും പരിമിതമായ തോതിലെങ്കിലും അതിന്റെ ജനപക്ഷ സ്വഭാവം നിലനിര്‍ത്തി.
എ കെ ആന്റണിയുടെ 50:50 തത്വമാണ് സ്വാശ്രയ മേഖലയില്‍ കുറഞ്ഞ അളവിലെങ്കിലും സാമൂഹിക നീതി നിലനിര്‍ത്തിയത്. പകുതി സീറ്റില്‍ കുറഞ്ഞ ഫീസും പകുതി സീറ്റില്‍ ഉയര്‍ന്ന ഫീസും വാങ്ങുക, കുറഞ്ഞ ഫീസിലുള്ള സീറ്റിലേക്ക് സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നല്‍കുക, കൂടിയ ഫീസുള്ള സീറ്റിലെ പ്രവേശനാധികാരം മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കുക തുടങ്ങിയവയായിരുന്നു 50:50യിലെ വ്യവസ്ഥകള്‍. ഈ രീതിയില്‍ മുന്നോട്ടുപോയ സ്വാശ്രയത്തെ സങ്കീര്‍ണമാക്കിയത് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത കോടതി വിധികളാണ്. ഈ കോടതി വിധികള്‍ മാനേജ്‌മെന്റുകള്‍ക്ക് പല തരം അധികാരങ്ങള്‍ നല്‍കി. സ്വന്തം നിലയില്‍ ഫീസ് നിശ്ചയിക്കാനും പ്രവേശനം നടത്താനും ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്ക് അധികാരം ലഭിച്ചു. ഈ പഴുതുപയോഗിച്ചാണ് കത്തോലിക്ക സഭാ കോളജുകള്‍ സ്വന്തം വഴിക്കുപോയത്. ക്രോസ് സബ്‌സിഡിയെ എതിര്‍ത്തും അനുകൂലിച്ചും കോടതി വിധികളുണ്ടായി. സ്വതന്ത്രമായി ലഭിച്ച പകുതി സീറ്റിലെ പ്രവേശനാധികാരം ചില മാനേജ്‌മെന്റുകള്‍ ദുരുപയോഗം ചെയ്തതും തിരിച്ചടികള്‍ക്ക് കാരണമായി. സര്‍ക്കാറിന് ക്രോസ് സബ്‌സിഡി നിശ്ചയിക്കാന്‍ അധികാരമില്ലാതായി. എന്നാല്‍ കോളജുകള്‍ക്ക് വേണമെങ്കില്‍ അങ്ങിനെ ചെയ്യാമായിരുന്നു. ഈ വകുപ്പുപയോഗിച്ച്, കോളജുകളുമായി കരാര്‍ ഉണ്ടാക്കി പകുതി കുട്ടികള്‍ക്കെങ്കിലും കുറഞ്ഞ ഫീസ് ഉറപ്പാക്കുക എന്നതായി പിന്നീട് കേരളത്തിലെ രീതി. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളും ഈ രീതിയാണ് പിന്തുടരുന്നത്. കഴിഞ്ഞ വര്‍ഷം വരെ കേരളത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഇവിടെ നിന്നാണ് എല്ലാവരും 11 ലക്ഷം മുടക്കേണ്ട അവസ്ഥയിലേക്ക് ഇക്കൊല്ലം കേരളം എത്തിപ്പെട്ടത്.
കേരളത്തിലെ സ്വാശ്രയ പ്രവേശനത്തില്‍ എല്ലാ കൊല്ലവും വിവാദങ്ങള്‍ക്ക് കാരണമാകുന്നത് ഫീസ് നിര്‍ണയവും പ്രവേശന രീതികളുമാണ്. ഏകീകൃത ഫീസ് എന്ന വാദവുമായി ഉയര്‍ന്ന തുക വാങ്ങി സ്വന്തം നിലയില്‍ പ്രവേശനം നടത്തുകയാണ് കത്തോലിക്ക സഭാ കോളജുകള്‍ പിന്തുടരുന്ന രീതി. പ്രവേശവന പരീക്ഷാ ഫലത്തിനൊപ്പം മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ഇവര്‍ സ്വന്തമായി റാങ്ക് ലിസ്റ്റുണ്ടാക്കിയിരുന്നത്. ചില അതിരൂപതകള്‍ക്കും ചില ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കുമെല്ലാം സീറ്റ് സംവരണവുമുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെടുംപോലെ ഫീസ് കുറച്ചുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീര്‍പിനും ഇവര്‍ സന്നദ്ധരായിരുന്നില്ല. ഡീംഡ് സര്‍വകലാശാലാ പദവിയുടെ പേരില്‍ മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന അമൃത മെഡിക്കല്‍ കോളജാകട്ടെ, ഇതുവരെ കേരളത്തിലെ ഒരുതരത്തിലുള്ള പ്രവേശന പ്രകൃയയിലും പങ്കാളിയായിട്ടില്ല. പല കോളജുകള്‍ക്ക് എതിരെയും കേരളത്തില്‍ അതിരൂക്ഷമായ സമരങ്ങള്‍ നടന്നിട്ടും ഒരു വിദ്യാര്‍ഥി സംഘടനയും അമൃതയുടെ വാതിലില്‍ കൊടിയുയര്‍ത്തിയിരുന്നുമില്ല.
ഈ രണ്ട് വിഭാഗത്തിലും പെടാത്ത സ്വാശ്രയ കോളജുകള്‍ സര്‍ക്കാറുമായി ഫീസ്, സീറ്റ് എന്നിവയില്‍ കരാറുണ്ടാക്കുകയും പകുതി സീറ്റില്‍ കുറഞ്ഞ ഫീസില്‍ പ്രവേശനം നല്‍കുകയും ചെയ്യും. മെഡിക്കലിലും എഞ്ചിനീയറിങ്ങിലും ഇതുതന്നെയായിരുന്നു കേരളം പൊതുവെ പരിന്തുടര്‍ന്ന രീതി. 10-15 വര്‍ഷത്തിനിടെ പുതുതായി വന്ന എല്ലാ കോളജുകളും ഈ രീതിയിലുള്ള പ്രവേശന രീതിയാണ് അവലംബിച്ചിരുന്നത്. കുട്ടികളെ കിട്ടാതായതോടെ എഞ്ചിനീയറിങ് കോളജുകള്‍ വലിയ വിലപേശലുകള്‍ക്ക് ശേഷിയില്ലാതെ കിട്ടുന്ന ഫീസിന് കോഴ്സ് നടത്താന്‍ നിര്‍ബന്ധിതമായി. എന്നാല്‍ മെഡിക്കലില്‍ അങ്ങിനെയായിരുന്നില്ല കാര്യങ്ങള്‍. ഇത്തരം 17 ഡെഡിക്കല്‍ കോളജുകളാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടത്. ഇവരുമായുണ്ടാക്കുന്ന കരാറുകളും അതില്‍ സര്‍ക്കാറും മാനേജമെന്റെുകളും പരസ്പര ധാരണയില്‍ നിശ്ചയിക്കുന്ന ഫീസുമാണ്, കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ പഠന മേഖല സാധാരണക്കാര്‍ക്കും ഉപയോഗപ്പെടുംവിധം നിലനിര്‍ത്തിക്കൊണ്ടിരുന്നത്. കുറഞ്ഞ ഫീസിലെ സീറ്റിലേക്ക് സര്‍ക്കാര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തും. ബാക്കി പകുതിസീറ്റില്‍ മാനേജ്‌മെന്റ് കണ്‍സോഷ്യമോ കോളജുകളോ നടത്തുന്ന പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നല്‍കുക. ഈ കരാറിനോട് വിയോജിപ്പുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരുന്ന നിയമയുദ്ധങ്ങളും അതുവഴി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന വിവാദങ്ങളുമായിരുന്നു പലപ്പോഴും സ്വാശ്രയ പ്രവേശനത്തെ സങ്കീര്‍ണമാക്കിക്കൊണ്ടിരുന്നത്. സര്‍ക്കാറുമായി ധാരണയിലെത്തുന്നതിന്റെ മറവില്‍ ചില മാനേജ്‌മെന്റുകള്‍ നടത്തിയ വഴിവിട്ട ഇടപാടുകള്‍ ഇതിന് ആക്കം കൂട്ടി. ഇത്തരം വിവാദങ്ങളുടെ മറവില്‍ ക്രിസ്ത്യന്‍ കോളജുകളും അമൃതയുമെല്ലാം അവരവരുടെ വഴിയില്‍ സുരക്ഷിതരായിരിക്കുകയും കുറഞ്ഞ ഫീസ് പ്രതീക്ഷിച്ച് വരുന്ന കുട്ടികളുടെ പ്രവേശനം ആശങ്കയിലും ആശയക്കുഴപ്പത്തിലും അവസാനിക്കുകയും ചെയ്യുകയായിരുന്നു പതിവ്. എങ്കില്‍പോലും സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ യാഥാര്‍ഥ്യമായ ശേഷം ഇതുവരെ വന്ന എല്ലാ സര്‍ക്കാറുകളും 50:50 അടിസ്ഥാനമാക്കിയ ഫീസ് ഉറപ്പാക്കാന്‍ ശ്രദ്ധിച്ചു. അതില്‍ അവര്‍ വലിയ അളവില്‍ വിജയിക്കുകയും ചെയ്തു.
മാറ്റത്തിന്റെ 'നീറ്റ്'
സീറ്റ് പങ്കുവപ്പും ഫീസുമാണ് സ്വാശ്രയ വിവാദത്തിലെ രണ്ട് പ്രധാന ഘടകങ്ങള്‍. എല്ലാവര്‍ഷവും വിവാദങ്ങളുണ്ടാകുന്നത് ഇവ രണ്ടിനെയും ചുറ്റിപ്പറ്റിയാണ്. എന്നാല്‍ ഇക്കൊല്ലം ഈ പതിവില്‍ വലിയ മാറ്റം സംഭവിച്ചു. രണ്ട് പ്രധാന തര്‍ക്ക വിഷയങ്ങളില്‍ ഒന്നായ പ്രവേശനത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതിയുടെ തീര്‍പുണ്ടായി. ദേശീയ തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമേ രാജ്യത്തെ മുഴുവന്‍ കോളജുകളിലും പ്രവേശനം നടത്താവൂ എന്നായിരുന്നു വിധി. ഇത് നടപ്പാക്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലുണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തില്‍, ഇക്കൊല്ലം മുതല്‍ ഇത് നടപ്പാക്കണമെന്ന് നേരത്തെ തന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
കുറഞ്ഞ ഫീസില്‍ പ്രവേശനം അനുവദിക്കുന്നതിന്‌റെ മറവില്‍ സ്വാശ്രയ കോളജുകള്‍ ബാക്കി സീറ്റുകളില്‍ വന്‍തോതില്‍ പണം വാങ്ങി കച്ചവടം നടത്തുന്നുവെന്ന ആരോപണം എല്ലാ കൊല്ലവും പതിവായിരുന്നു. സര്‍ക്കാറുണ്ടാക്കുന്ന കരാറിനെതിരെ പൊതുവികാരം ഉയര്‍ത്തുന്നതില്‍ ഈ ആരോപണം ചെറുതല്ലാത്ത പങ്കുവഹിച്ചു. വിദ്യാര്‍ഥി സംഘടനകള്‍, വിശേഷിച്ചും ഇടത് സംഘടനകള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാന ആക്ഷേപവും പ്രവേശനത്തിലെ ക്രമക്കേടുകളും സാന്പത്തിക തട്ടിപ്പുകളുമായിരുന്നു. ഇത്തരം പരാതികള്‍ക്കെല്ലാം ആധാരമായ പ്രവേശനത്തിലെ പഴുതുകള്‍ ഇല്ലാതാക്കുകയും ഒരൊറ്റ പരീക്ഷ മാത്രം മാനദണ്ഡമാക്കി മാറ്റുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. പലതരം പ്രവേശന രീതികള്‍ക്ക് ഇതോടെ കടിഞ്ഞാണ്‍ വീണു. ഇതേതുടര്‍ന്ന്‌നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) എന്ന പേരില്‍ പൊതു പ്രവേശന പരീക്ഷ നിലവില്‍ വന്നു. ഇക്കൊല്ലം എല്ലാ സീറ്റിലേക്കും പ്രവേശനം നല്‍കിയത് നീറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രവേശനത്തിന് മറ്റൊരു മാനദണ്ഡവും പാടില്ല. മാനേജ്‌മെന്റ് സീറ്റായാലും എന്‍ ആര്‍ ഐ സീറ്റായാലും പ്രവേശനം ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് മാത്രം. ഇതോടെ പ്രവേശനം സുതാര്യവും ഏകീകൃത മാനദണ്ഡപ്രകാരവുമായി മാറി. ഫീസ്, പ്രവേശനം എന്നീ പ്രധാന വിവാദ വിഷയങ്ങളിലെ പ്രവേശന പ്രശ്‌നം ഇതോടെ ഏറെക്കുറെ പൂര്‍ണമായി പരിഹരിക്കപ്പെട്ടു. സ്വാശ്രയ കോളജ് പ്രവേശനത്തില്‍ വിദ്യാര്‍ഥി സംഘടനകളും മറ്റും ഉന്നയിച്ചിരുന്ന തട്ടിപ്പിന്റെയും കച്ചവടത്തിന്റെയും പരാതികള്‍ക്കും ആശങ്കള്‍ക്കും ഇതോടെ ഇടമില്ലാതായി. അങ്ങിനെ കേരളത്തിന്റെ സ്വാശ്രയ ചരിത്രത്തിലാദ്യമായി മുഴുവന്‍ സീറ്റുകളിലേക്കും സുതാര്യമായ പ്രവേശനം നടക്കുകയും ചെയ്തു.
വഴിയറിയാതെ സര്‍ക്കാര്‍
നീറ്റ് നടപ്പാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് അവര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ സുവര്‍ണാവസരം കൈവന്നു. പ്രവേശനത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് ഒരു അധികാരവും ഇല്ലാതായതോടെ അവശേഷിക്കുന്ന പ്രശ്‌നം ഫീസ് മാത്രമായി മാറി. ഈ അവസരം ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരവും സ്വീകാര്യവുമായ ഫീസ് നിര്‍ണയത്തിന് മുന്‍കൈയെടുക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ കരാറിന് സന്നദ്ധമായ 17 കോളജുകളില്‍ ഭൂരിഭാഗം കോളജുകളും അതിന് തയാറുമായിരുന്നു. മാനേജ്‌മെന്റുകള്‍ കരാറിന് സന്നദ്ധത അറിയിച്ച് സര്‍ക്കാറിനെ സമീപിച്ചിട്ടും അതിലെ സാമൂഹിക പ്രാധാന്യം തിരിച്ചറിയാന്‍ ഇടത് സര്‍ക്കാറിനായില്ല. അവര്‍ കച്ചവടക്കാരെന്ന് ആക്ഷേപിക്കുന്ന സ്വാശ്രയ മാനേജ്‌മെന്റുകള്‍ പ്രകടിപ്പിച്ച സാമൂഹിക ബോധം പോലും സര്‍ക്കാറിനെ നയിക്കുന്നവരില്‍നിന്നുണ്ടായില്ല. കുറഞ്ഞ ഫീസ് ഉറപ്പാക്കുന്ന കരാറിന് വേണ്ടി ചെറുവിരല്‍ അനക്കാതിരുന്ന സര്‍ക്കാര്‍ നിഷ്‌കൃയത്വത്തിന്റെ ബലിയാടുകളാണ്, അര്‍ഹതയുണ്ടായിട്ടും കോളജുകളില്‍നിന്ന് പുറത്താക്കപ്പെട്ട കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍. കേസും വിവാദങ്ങളും ശക്തമാകകയും ഫീസ് 11 ലക്ഷത്തിലേക്ക് എത്തുമെന്ന് ബോധ്യപ്പെടുകും ചെയ്ത സന്ദര്‍ഭത്തിലാണ് കരാറിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. അത് ഫലവത്തായുമില്ല.
നീറ്റ് നടപ്പാക്കിയതിനാല്‍ കുറഞ്ഞ ഫീസും കൂടിയ ഫീസും ഏര്‍പെടുത്താനാകില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനാല്‍ ഇക്കൊല്ലം ഏകീകൃത ഫീസ് ആയിരിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഉപദേശം ആരുനല്‍കിയതായാലും അത് വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതല്ലെന്ന് വ്യക്തം. എന്നല്ല, കൊള്ള ലാഭം ലക്ഷ്യമിട്ട ഏതാനും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി തട്ടിക്കൂട്ടിയ നിലപാടാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാകുകയും ചെയ്യുന്നുണ്ട്. അത്രമേല്‍ സാന്പത്തിക ലാഭമാണ് പുതിയ തീരുമാനം വഴി മാനേജ്‌മെന്റുകള്‍ക്ക് ലഭിച്ചത്. നിലവിലെ ഫീസ് ഘടന വച്ച് 100 സീറ്റുള്ള ഒരു കോളജിന് മുന്‍വര്‍ഷത്തേക്കാള്‍ ലഭിക്കുന്നത് 5 കോടിയിലധികം രൂപ! ഇതില്‍പരമൊരു സഹായം ഇനി അവര്‍ക്ക് സര്‍ക്കാറില്‍നിന്ന് കിട്ടാനില്ല. പ്രവേശന നിയന്ത്രണം കൈവിട്ടുപോയതോടെ സമ്മര്‍ദ ശേഷി നഷ്ടപ്പെട്ട് ദുര്‍ബലരായി മാറി, സര്‍ക്കാറിന് കീഴടങ്ങേണ്ടി വരുമെന്ന് കരുതിയ മാനേജ്‌മെന്റുകളെത്തന്നെ ഈ തീരുമാനം ഞെട്ടിച്ചുകളഞ്ഞു. ഫീസിന്റെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടുമില്ല. 5 ലക്ഷം പണമായും 6 ലക്ഷം ബാങ്ക് ഗ്യാരണ്ടിയായും നല്‍കണമെന്ന ധാരണയിലാണ് പ്രവേശനം നടത്തിയിരിക്കുന്നത്. ഇത് കൂടാം, കുറയാം. ആര്‍ക്കുമൊരു നിശ്ചയവുമില്ല, ഇപ്പോഴും.
ഏകീകൃത ഫീസായിരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, അത് ഫലപ്രദമായി നടപ്പാക്കാന്‍ വേണ്ട നടപടികളും എടുത്തില്ല. എന്ന് മാത്രമല്ല, ഇക്കാര്യത്തില്‍ അടിക്കടി അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. സ്വാശ്രയ മേഖലയെ നിയന്ത്രിക്കാനെന്ന പേരില്‍ പുതിയ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് പത്തംഗ ഫീ-അഡ്മിഷന്‍ കമ്മിറ്റിയാണ് ഫീസ് നിര്‍ണയിക്കേണ്ടത്. എന്നാല്‍ സര്‍്കകാര്‍ തന്നെ കൊണ്ടുവന്ന നിയമത്തെ പരിഹസിക്കുംവിധം ആറംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. നിലനില്‍ക്കുന്ന നിയമത്തിന് വിരുദ്ധമായി ഉത്തരവിറക്കിയാല്‍ അത് കോടതിയുടെ ഗേറ്റ് പോലും കടക്കില്ലെന്ന് അറിയാത്തവരല്ല ഭരണത്തിലുള്ളവരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരും.
അതുകൊണ്ട് തന്നെ അവര്‍ക്ക് അബദ്ധം പറ്റിയെന്ന് വിശ്വസിക്കുക പ്രയാസകരമാണ്. ഓഡിനന്‍സ് മാറ്റിയിറക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും അതേതുടര്‍ന്നുണ്ടായ വിവാദങ്ങളുമടക്കം പിന്നീടുണ്ടായ സംഭവങ്ങളാകട്ടെ സര്‍ക്കാര്‍ നടപടികളെ കൂടുതല്‍ ദുരൂഹമാക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ വീഴ്ച സമ്മതിക്കേണ്ടിവന്ന ആരോഗ്യ മന്ത്രിക്ക്, പക്ഷെ മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ സഹായിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുണ്ടായില്ല. സര്‍ക്കാറിന്റെ ഈ പിടിപ്പുകേടും നിഷ്ട്കൃയത്വവും സര്‍ക്കാറിന്റെയും ഫീസ് നിര്‍ണയ കമ്മിറ്റിയുടെ തീരുമാനങ്ങളെയും കോടതിയില്‍ ചോദ്യം ചെയ്യാനും അവര്‍ക്ക് അനുകൂലമായ വിധികള്‍ നേടിയെടുക്കാനും മാനേജ്‌മെന്റുകള്‍ക്ക് സഹായകരമായി.
എല്ലായിടത്തും പരാജയപ്പെട്ട് ഫീസ് പരിധി കൈവിട്ടുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കാരാറുണ്ടാക്കുന്നതിനെക്കുറിച്ച് സര്‍ക്കാറിന് വെളിപാടുണ്ടായത്. സ്വാശ്രയ പ്രവേശനത്തെക്കുറിച്ച് നടക്കുന്ന ഒന്നാമത്തെ ആലോചനയില്‍ വരേണ്ടതായിരുന്നു കോളജുകളുമായുള്ള കരാര്‍. അതുണ്ടായില്ല. എന്നിട്ടും, ഏറ്റവുമൊടുവില്‍ കരാറിന് ശ്രമം നടത്തിയപ്പോള്‍ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാറുമായി സഹകരിക്കാന്‍ തയാറായി. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് ഫീസില്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കാതെ അവര്‍ കരാര്‍ ഉണ്ടാക്കുകയും ചെയ്തു. ഇതിനെതിരെ കോടതിയില്‍ കേസ് വന്നെങ്കിലും ഫീസ് ഘടന റദ്ദാക്കാന്‍ കോടതി തയാറായില്ല. (കരാറിലെ മറ്റു ചില വകുപ്പുകള്‍ കോടതി തിരുത്തിയതിനാല്‍ കോളജുകള്‍ കരാറില്‍നിന്ന് പിന്‍മാറി). കരാര്‍ പ്രകാരമുള്ള ഫീസ് നിലനില്‍ക്കുമെന്ന് ഈ വിധിയോടെ സര്‍ക്കാറിന് ബോധ്യപ്പെട്ടെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. കോടതി പിരിഞ്ഞപ്പോള്‍ ഓര്‍മവന്ന ലോ പോയിന്റുകൊണ്ട് രാഷ്ട്രീയ പരാജയത്തിന്റെ ഓട്ടയടക്കാന്‍പോലും സര്‍ക്കാറിന് കഴിഞ്ഞില്ല. വലിയ രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിബദ്ധതയും ഇടത് നിലപാടുകളും അവകാശപ്പെടുന്ന പിണറായി വിജയനു സംഘവും, അത്രയൊന്നും അവകാശവാദങ്ങളില്ലാത്ത തൊട്ടയല്‍പക്കത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസുകാരും തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെക്കാരും ഇക്കാര്യത്തില്‍ എന്തുചെയ്യുന്നുവെന്നെങ്കിലും നിരീക്ഷിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ അബദ്ധം സംഭവിക്കില്ലായിരുന്നു. നീറ്റ് വന്നിട്ടും അവരെല്ലാം ക്രോസ് സബ്‌സിഡി നടപ്പാക്കി. നീറ്റ് കാരണം പുറന്തള്ളപ്പെട്ട പാവപ്പെട്ട തദ്ദേശീയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം അവര്‍ തുടരുന്നുമുണ്ട്.
50:50ക്ക് അന്ത്യം
സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസം കേരളത്തില്‍ സ്വീകാര്യമാക്കിയത് രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന തത്വമാണ്. പകുതി സീറ്റില്‍ കുറഞ്ഞ ഫീസില്‍ പഠിക്കാവുന്ന രണ്ട് സ്വകാര്യം കോളജുകള്‍ ചേര്‍ന്നാല്‍ ഒരു സര്‍ക്കാര്‍ കോളജിന്റെ ഫലം ചെയ്യുമെന്നാണ് സങ്കല്‍പം. തുടക്കത്തില്‍ അക്ഷരാര്‍ഥത്തില്‍ അത് നടപ്പാകുകയും ചെയ്തു. മെഡിക്കല്‍ കോഴ്‌സുകളില്‍ പിന്നീട് അത് കുറഞ്ഞ ഫീസെന്ന നിലയിലായി. അടുത്ത ഘട്ടത്തില്‍, സര്‍ക്കാര്‍ കോളജിലെ ഫീസ് നിരക്കില്‍ 20 ശതമാനം സീറ്റ്, അതിനേക്കാള്‍ ഉയര്‍ന്നതെങ്കിലും സാധാരണക്കാര്‍ക്കും പ്രാപ്യമായ ഫീസ് നിരക്കില്‍ 30 ശതമാനം സീറ്റ് എന്ന നിലയിലേക്ക് മാറി. കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ സീറ്റിലെ സ്വാശ്രയ മെഡിക്കല്‍ ഫീസ്, 25,000 രൂപ (20 ശതമാനം സര്‍ക്കാര്‍ ക്വാട്ട സീറ്റ്), 2.5 ലക്ഷം (30 ശതമാനം സര്‍ക്കാര്‍ ക്വാട്ട സീറ്റ്) എന്നിങ്ങനെയായിരുന്നു. സ്വാശ്രയ മെഡിക്കല്‍ പഠനത്തിന് സാധാരണക്കാരായ കുട്ടികള്‍ക്ക് പഠനാവസരം ഒരുക്കാന്‍ ഈ സംവിധാനത്തിന് കഴിഞ്ഞു. സര്‍ക്കാര്‍ കോളജുകളിലെ നന്നേ കുറഞ്ഞ മെഡിക്കല്‍ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷയില്‍ മത്സരിച്ചെത്താന്‍ ശേഷിയില്ലാത്ത അരികുവത്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പ്രൊഫഷണല്‍ പഠന മോഹങ്ങള്‍ക്ക് 50:50 തുറന്നുവച്ച സാധ്യതകള്‍ ചെറുതായിരുന്നില്ല. അത്തരം വിഭാഗങ്ങളിലെ ഒന്നിലധികം തലമുറകളെ കേരളത്തിലെ സാമൂഹിക വളര്‍ച്ചയുടെ മിന്‍നിരയിലേക്ക് നടന്നുചെല്ലാനും അത് പ്രാപ്തരാക്കി. സാന്പത്തിക ഘടനയില്‍ ഇടത്തരമോ അതില്‍ കുറഞ്ഞതോ ആയ തട്ടുകളിലുള്ളവര്‍ക്ക് പോലും വായ്പകളുടെയും സ്‌കോളര്‍ഷിപ്പുകളുടെയുമെല്ലാം ബലത്തില്‍ മെഡിക്കല്‍ പഠനം നടത്താന്‍ ഇതിലൂടെ കഴിഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസ സങ്കല്‍പത്തിന്റെ ഉപോല്‍പന്നമായി വാണിജ്യവത്കരണവും ദരിദ്രരുടെ പുറന്തള്ളലുമെല്ലാം നടക്കുന്‌പോഴും പരിമിതമായ തോതിലെങ്കിലും അതില്‍ സാമൂഹിക നീതി സംരക്ഷിക്കാന്‍ കഴിഞ്ഞത് 50:50 ഫോര്‍മുലയിലൂടെ ആയിരുന്നു. ഈ തത്വത്തിനാണ് ഇക്കൊല്ലത്തോടെ അന്ത്യമായിരിക്കുന്നത്. സാധാരണക്കാരായ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന മെഡിക്കല്‍ പഠനാവസരം അവസാനിച്ചിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതം ഇക്കൊല്ലത്തെ പ്രവേശനത്തില്‍ തന്ന് പ്രകടമായി. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചിട്ടും നിരവധി വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠന മോഹം ഉപേക്ഷിക്കേണ്ടിവന്നു. ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് 2500ല്‍ താഴെ റാങ്ക് ലഭിച്ചവരില്‍ 600ാളം പേരെങ്കിലും മെഡിക്കല്‍ അഡ്മിഷന്‍ എടുക്കാതിരുന്നിട്ടുണ്ട് എന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രവേശനം ലഭിച്ച അവസാന റാങ്കിനേക്കാള്‍ ആയിരത്തിലധികം റാങ്ക് പിറകിലുള്ളവര്‍ ഇക്കൊല്ലം പ്രവേശനം നേടിയിട്ടുണ്ട്. മാനേജ്‌മെന്റ്, എന്‍ ആര്‍ ഐ സീറ്റുകളിലുംകോളജുകള്‍ക്കുള്ള വിവിധ ക്വാട്ടകളിലും പ്രവേശനം നേടിയവരുടെ വിവരങ്ങള്‍കൂടി പുറത്തുവന്നാലെ ഇതിന്റെ പൂര്‍ണ ചിത്രം വ്യക്തമാകൂ.
50:50 സങ്കല്‍പം സ്വാഭാവികമായി ഇല്ലാതായതല്ല. ഇത്തവണ അതില്ലാതാക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ 5050 ഇല്ലാതാക്കാന്‍ എല്ലാ കാലത്തും നിഗൂഡമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നതിനോട് പ്രഖ്യാപിത വിയോജിപ്പുള്ളവരാണ് കത്തോലിക്ക സഭാ മാനേജ്‌മെന്റുകള്‍. ഫീസ് കുറച്ചുകൊടുത്ത് കുട്ടികളെ പഠിപ്പിക്കേണ്ടതില്ലെന്നും ആവശ്യമുള്ളവര്‍ പണം മുടക്കി പഠിക്കട്ടേയെന്നും പരസ്യമായി പ്രഖ്യാപിച്ചാണ് അവര്‍ ഏകീകൃത ഫീസെന്ന പേരില്‍ ഉയര്‍ന്ന തുക ഈടാക്കിയിരുന്നത്. കേരളത്തിലെ ഭൂരിപക്ഷം മെഡിക്കല്‍ കോളജുകളും പകുതി സീറ്റില്‍ ഫീസ് കുറക്കാന്‍ തയാറായിട്ടും കത്തോലിക്ക സഭാ കോളജുകള്‍ അതിന് തയാറായില്ല. ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ ഇവര്‍ സ്വീകരിച്ച നിലപാടിനോട് വിയോജിച്ച സര്‍ക്കാറുകള്‍ അവരെ ഒഴിവാക്കി മറ്റ് കോളജുകളുമായി കരാര്‍ ഒപ്പുവക്കുകയായിരുന്നു പതിവ്. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറുകളെല്ലാം ഈ നിലപാടിലായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി നയിച്ച കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ അവസാന വര്‍ഷം ഉയര്‍ന്ന ഫീസ് അംഗീകരിച്ച് സീറ്റ് പങ്കുവക്കാന്‍ ക്രിസ്ത്യന്‍ കോളജുകളുമായി കരാറുണ്ടാക്കി. വിദ്യാര്‍ഥി വിരുദ്ധമായ ഫീസ് ഘടനക്ക് ഇതോടെ ആദ്യമായി സര്‍ക്കാര്‍ തലത്തില്‍നിന്ന് അംഗീകാരം ലഭിച്ചു. ഈ രീതിയില്‍ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിടുകയും ചെയ്തു. പിന്നീട് വന്ന പിണറായി സര്‍ക്കാറും ഈ കരാര്‍ തുടര്‍ന്നു.
ഈ വര്‍ഷത്തെ സ്വാശ്രയ ചര്‍ച്ച തുടങ്ങുന്‌പോള്‍ തന്നെ ഇടത് സര്‍ക്കാറെടുത്ത 5050 വിരുദ്ധ നിലപാടിനെ ഈ പശ്ചാത്തലത്തില്‍ വേണം സമീപിക്കാന്‍. ക്രിസ്ത്യന്‍ കോളജുകളുമായി കരാര്‍ ഉണ്ടാക്കിയ ഉമ്മന്‍ചാണ്ടിപോലും മറ്റ് കോളജുകളില്‍ ഈ രീതി നടപ്പാക്കാന്‍ അനുവദിച്ചിരുന്നില്ല. പലതരം സമ്മര്‍ദങ്ങളും അധികാര പ്രയോഗങ്ങളും നടത്തിയാണെങ്കിലും ഭൂരിഭാഗം കോളജുകളെയും 50:50യില്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. എം എ ബേബിയുടെ കാലത്തും ക്രിസ്ത്യന്‍ കോളജുകളെ മാറ്റിനിര്‍ത്തുകയും 5050ക്ക് ഊന്നല്‍ നല്‍കുകയുമാണ് ചെയ്തത്. ഈ ചരിത്രമെല്ലാം അട്ടിമറിച്ചാണ് വിദ്യാര്‍ഥി വിരുദ്ധ ഫീസ് ഘടനയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തുന്നത്. ഇതിന് ബദലായി സര്‍ക്കാര്‍ പറയുന്ന സ്‌കോളര്‍ഷിപ് പദ്ധതികള്‍പോലും ഫലപ്രദമാകുന്നില്ല എന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍. ദുര്‍ബല പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമൂഹികമായും സാന്പത്തികമായും മുന്നേറാന്‍ കഴിയുന്ന ഉന്നത സാമൂഹിക പദവിയുള്ള തൊഴില്‍ മേഖലയില്‍നിന്ന് വലിയൊരു വിഭാഗം ആട്ടിയകറ്റപ്പെടുന്നുവെന്നതാണ് ഇതിന്റെ പ്രത്യാഘാതം. വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച മുന്നറിയിപ്പുകള്‍ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പഠന മേഖലയില്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ഇതിന്റെ മികച്ച ഉദാഹരണമാണ് സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍.
പൂട്ടിപ്പോകുന്ന കോളജുകള്‍
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഈ വര്‍ഷത്തോടെയാണ് സാധാരണക്കാര്‍ക്ക് മുന്നില്‍ അതിന്റെ വാതിലുകള്‍ കൊട്ടിയടച്ചതെങ്കില്‍, സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളെ വിദ്യാര്‍ഥികള്‍ തന്നെ ഉപേക്ഷിച്ച് തുടങ്ങിയിട്ട് ഏതാനും വര്‍ഷമായി. കഴിഞ്ഞ കുറെ കൊല്ലങ്ങളായി സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളില്‍ സീറ്റുകള്‍ വന്‍തോതില്‍ ഒഴിഞ്ഞുകിടക്കുകയാണ്. കുട്ടികളെ കിട്ടാതെ കോളജുകള്‍ അടച്ചുപൂട്ടേണ്ട അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ് കേരളത്തിലെ പല കോളജുകളും നേരിടുന്നത്. സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലായി ഏതാണ്ട് 55,000 സീറ്റാണ് കേരളത്തിലുള്ളത്. 50:50 പ്രകാരം ഇതിന്റെ പകുതി സര്‍ക്കാര്‍ സീറ്റാണ്. ഇക്കൊല്ലം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ സീറ്റിന്റെ 61 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. ആകെയുള്ള 24,000-ാളം സര്‍ക്കാര്‍ സീറ്റില്‍ ആകെ പ്രവേശനം നേടിയത് 8000ല്‍ താഴെ കുട്ടികള്‍ മാത്രം. 15,000ല്‍ അധികം സര്‍ക്കാര്‍ സീറ്റുതന്നെ ഒഴിഞ്ഞു കിടക്കുന്നുവെന്നര്‍ഥം. മാനേജ്മെന്റ് സീറ്റിലും ഇതുതന്നെയാണ് അവസ്ഥ. രണ്ട് വിഭാഗങ്ങളിലുമായി ആകെ 25,000-ാളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിന്റെ അന്തിമ കണക്ക് ലഭ്യമായിട്ടില്ല.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം ഓരോവര്‍ഷവും വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നത് 19,834 സീറ്റ്. അഥവ ആകെയുള്ള സീറ്റിന്‌റെ 35 ശതമാനം. തൊട്ടുമുന്‍ വര്‍ഷം ഇത് 32 ശതമാനമായിരുന്നു. ഇക്കൊല്ലം ഇതുവരെയുള്ള കണക്കനുസരിച്ച് ഒഴിവ് 40 ശതമാനം കടക്കാനാണ് സാധ്യത. ഓരോവര്‍ഷവും കുട്ടികളെ കിട്ടാതെ ഒഴിച്ചിടേണ്ടി വരുന്ന സീറ്റുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം നാല് കോളജുകള്‍ പുതിയ ബാച്ചിലേക്ക് കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത് തന്നെ ഒഴിവാക്കിയിരുന്നു. ഈ പ്രവണതയും വരും വര്‍ഷങ്ങളില്‍ കൂടും. കഴിഞ്ഞ അധ്യയന വര്‍ഷം 23 കോളജുകളില്‍ 30 ശതമാനത്തിന് താഴെയാണ് വിദ്യാര്‍ഥി പ്രവേശം. 300 സീറ്റുണ്ടായിട്ടും വെറും 16 പേര്‍ മാത്രം പ്രവേശം നേടിയ സ്ഥലങ്ങളുണ്ട്. ഇതില്‍ തന്നെ പല കോളജുകളിലും ചില ബ്രാഞ്ചുകളില്‍ ഒരൊറ്റ കുട്ടി പോലും എത്തിയില്ല. ഇലക്ട്രിക്കല്‍ ആന്‌റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ 10 കോളജുകളിലായി 510 സീറ്റിലേക്ക് ആകെ വന്നത് 14 കുട്ടികള്‍ മാത്രം. ഇലക്ട്രോണിക്‌സ് ആന്‌റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ 10 കോളജുകളിലായി ആകെ എത്തിയത് 35 പേര്‍. ഇങ്ങിനെ നിരവധി ബ്രാഞ്ചുകളുണ്ട്. മുഴുവന്‍ സീറ്റിലും കുട്ടികളെത്തിയത് ആകെ 19 സ്വാശ്രയ കോളജുകളില്‍ മാത്രം. ഈ വര്‍ഷവും സിഥിതി വ്യത്യസ്തമല്ല. സര്‍ക്കാര്‍ സീറ്റുകളിലെ കണക്കാണ് ഇതുവരെ ലഭിച്ചത്. ഇതനുസരിച്ച് ഒരു കുട്ടി പോലും ചേരാത്ത 61 ബ്രാഞ്ചുകള്‍ ഉണ്ട്. 61 ബ്രാഞ്ചിലുള്ളത് ഒരു കുട്ടി മാത്രം. 236 ബ്രാഞ്ചില്‍ ചേര്‍ന്നവര്‍ 10 ല്‍ താഴെ കുട്ടികള്‍. 84 കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ 30 ശതമാനത്തില്‍ താഴെയാണ് വിദ്യാര്‍ഥി പ്രവേശനം നടന്നിരിക്കുന്നത്.
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം മെഡിക്കല്‍ കോഴ്സുകളെ താങ്ങാനാകാത്ത ഫീസിലേക്ക് എത്തിച്ചെങ്കില്‍ എഞ്ചിനീയറിങ്ങില്‍ അത് ആവശ്യത്തിലധികം കോളജുകളും കോഴ്സുകളും സൃഷ്ടിക്കുകയാണ് ചെയ്തത്. രണ്ടിന്റെയും ഫലം ഒന്നുതന്നെ. വിദ്യാര്‍ഥികള്‍ക്ക് കോളജിന്റെ പടികടക്കാനാകാത്ത അവസ്ഥ. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പാടെ തകര്‍ത്ത സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളില്‍ പഠിച്ചിറങ്ങിയാല്‍ പെരുവഴിയിലാകുമെന്ന തിരിച്ചറിവ് വിദ്യാര്‍ഥികള്‍ക്ക് വന്നുകഴിഞ്ഞു. എന്നിട്ടും ഇതിനെ ഫലപ്രദമായി നേരിടാനോ പരിഹാരം കാണാനോ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നില്ല. അടച്ചുപൂട്ടിപ്പോകുന്ന കോളജുകള്‍ സൃഷ്ടിക്കുന്ന സാന്പത്തിക നഷ്ടം ഉയര്‍ത്തിക്കാട്ടി കോളജുടമകള്‍ നടത്തുന്ന സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 30 ശതമാനം കുട്ടികള്‍ പ്രവേശനം നേടാത്ത കോളജുകള്‍ അടച്ചുപൂട്ടണമെന്ന ചര്‍ച്ച എ ഐ സി ടി ഇയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെ കുറുക്കുവഴികളിലൂടെ മറികടക്കാനുള്ള ഉപായമാണ് കേരള സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നതാണ് വിചിത്രം. കോളജ് നടത്തിപ്പുകാരെ വിളിച്ചുവരുത്തിയാണ് ഈ തന്ത്രങ്ങള്‍ മെനയുന്നത് എന്നത് അതിലേറെ വിചിത്രം.
ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കേരള സാങ്കേതിക സര്‍വകലാശാല കേരളത്തിലെ 29 സ്വാശ്രയ എഞ്ചിനീറിങ് കോളജുകളുടെ യോഗം വിളിച്ചത്. 30 ശതമനത്തില്‍ താഴെ മാത്രം കുട്ടികള്‍ പ്രവേശനം നേടിയ കോളജുകളുടെ ഉടമകളായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. എ ഐ സി ടി ഇയിലുണ്ടായ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇത്. കോളജുകള്‍ അടച്ചുപൂട്ടിയാലുണ്ടാകുന്ന തൊഴില്‍ നഷ്ടവും സാന്പത്തിക ബാധ്യതകളുമൊക്കെയായിരുന്നു കോളജ് ഉടമകള്‍ ഉന്നയിച്ച ആശങ്കകള്‍. പഠന നിലവാരം കൂപ്പുകുത്തുന്നതോ പല കോളജുകളിലും വിജയശതമാനം വട്ടപ്പൂജ്യത്തേലക്ക് കുതിക്കുന്നതോ കുട്ടികള്‍ എഞ്ചിനീയറിങ് പഠിക്കാന്‍ വിമുഖരാകുന്നതോ ഒന്നും അവരെ അലട്ടുന്നതേയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചര്‍ച്ചകള്‍. ചര്‍ച്ചയെ ഗുണപരമായി നയിക്കുകയും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെ നവീകരിക്കുന്ന തരത്തില്‍ മാറ്റിയെടുക്കുകയും ചെയ്യേണ്ട സര്‍വകലാശാല മേധാവികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളും കോളജ് ഉടമകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്നവ മാത്രമായിരുന്നു. കുറഞ്ഞ കുട്ടികള്‍ മാത്രമുള്ള ബ്രാഞ്ചുകളിലെ കുട്ടികളെ പരസ്പരം വച്ചുമാറി ഏതെങ്കിലും ചില ബ്രാഞ്ചുകള്‍ നിലനിര്‍ത്തുകയും അതുവഴി കോളജിന്റെ അടച്ചുപൂട്ടല്‍ ഒഴിവാക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഈ നിര്‍ദേശത്തിന്റെ കാതല്‍. കുട്ടികളെ വച്ചുമാറിയും ബ്രാഞ്ചുകള്‍ മാറ്റിയും എങ്ങിനെയെങ്കിലും പിടിച്ചുനില്‍ക്കുക എന്നത് തന്നെ. കോളജ് ഉടമകള്‍ക്ക് ഇത് അനിവാര്യമാകാം. പക്ഷെ ഇടത് സര്‍ക്കാര്‍ എന്തിനീ കുറുക്കവഴിക്ക് കൂട്ടുനില്‍ക്കണമെന്ന ചോദ്യം പ്രസക്തമാണ്. സ്വാശ്രയ-സ്വകാര്യ കോളജുകളിലെ തന്നെ മികച്ച പഠന നിലവാരവും അടിസ്ഥാന സൌകര്യങ്ങളും ഉന്നത വിജയനിരക്കുമുള്ള സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കുട്ടികള്‍ സീറ്റിനായി കാത്തുകെട്ടിക്കിടക്കുന്ന അനുഭവം കേരളത്തില്‍തന്നെയുണ്ടായിരിക്കെ, വിശേഷിച്ചും.
എഞ്ചിനീയറിങ്ങിന് പിന്നാലെ ദന്തല്‍ കോളജുകളും ഇതേ അവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്നതാണ് പുതിയ പ്രവണത. നാട്ടിലാകെ ദന്തല്‍ ക്ലിനിക്കുകള്‍ വ്യാപകമാകുകയാണ്. മുപ്പതോളം കോളജുകളിലായി 2000ല്‍ അധികം സീറ്റുകളാണ് കേരളത്തിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ സീറ്റ് വെറും 240 മാത്രം. ഓരോവര്‍ഷവും നൂറുകണക്കിന് കുട്ടികള്‍ പഠിച്ചിറങ്ങുന്നതിന്റെ പ്രതിഫലനം നാട്ടില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. മുട്ടിന് മുട്ടിന് ദന്തല്‍ ക്ലിനിക്കുകള്‍ ദിനംപ്രതിയെന്നോണം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ജനവിശ്വാസം നേടിയ ക്ലിനിക്കുകളില്‍ പരിശീലനം നേടാന്‍ സൌജന്യസേവനം വാഗ്ദാനം ചെയ്ത് ബി ഡി എസ് ബിരുദധാരികള്‍ വരി നില്‍ക്കുകയാണ്. ഇത്രയും എഞ്ചിനീയര്‍മാരെക്കൊണ്ട് എന്തുചെയ്യുമെന്ന ചോദ്യം ഒരുകാലത്ത് കേരളത്തില്‍ ഉച്ഛത്തിലുയര്‍ന്നിരുന്നതാണ്. എന്നാല്‍ സര്‍ക്കാറുകളും അത് കേട്ടില്ലെന്ന് നടിച്ചു. നിക്ഷേപകരുടെ കച്ചവട താത്പര്യങ്ങളും ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യങ്ങളുമെല്ലാം ചേര്‍ന്ന് നിഗൂഢമായ ഒരു വ്യവസായ മേഖലയായി എഞ്ചിനീയറിങ് മേഖല മാറി. ഇങ്ങിനെ ഡിമാന്‌റ്- സപ്ലൈ അനുപാതം പോലും പരിഗണിക്കാതെ നടത്തിയ പരിഷ്‌കാരങ്ങളുടെ അനിവാര്യമായ ദുരന്തമാണ് ഇന്ന് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖല നേരിടുന്നത്. ഇതേ അനുഭവം തന്നെയാണ് ദന്തല്‍ കോളജുകളുടെ കാര്യത്തില്‍ സമീപഭാവിയില്‍ കേരളത്തെ കാത്തിരിക്കുന്നത്.
പിണറായിയിലേക്കുള്ള ദൂരം
വന്‍തുക മുടക്കാനില്ലാത്തവരും വലിയ സാമൂഹിക നിക്ഷേപമുള്ളര്‍ക്ക് മാത്രം എത്തിപ്പിടിക്കാവുന്ന വളരെ ഉയര്‍ന്ന റാങ്കുകള്‍ നേടാന്‍ കഴിയാത്തവരും ഗുണവും മികവും അതിജീവന ശേഷിയുമുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നുവെന്നതാണ് കൂത്തുപറന്പില്‍നിന്ന് പിണറായി വിജയന്റെ മുഖ്യമന്ത്രി കാലത്തേക്കുള്ള കേരളത്തിന്റെ യാത്രക്കിടെ സ്വാശ്രയ മേഖലയില്‍ സംഭവിച്ച മാറ്റം. ക്രമേണയുണ്ടായ ഈ മാറ്റത്തെ പ്രതിരോധിക്കാന്‍ എല്ലാകാലത്തും തീവ്രശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇത്രമേല്‍ വിദ്യാര്‍ഥി വിരുദ്ധവും ജനവിരുദ്ധവും ആയി മാറാതെ സ്വാശ്രയ മേഖലയെ ഇത്രയുംകാലം- എല്ലാ പരിമിതികളോടെയും- സംരക്ഷിച്ച് നിര്‍ത്തിയത് കേരളത്തില്‍ അരങ്ങേറിയ സമരങ്ങള്‍ തന്നെയാണ്. ആ സമരങ്ങളില്‍ മുഖ്യങ്കുവഹിച്ചത് ഇടതുപക്ഷവുമാണ്. അതിലേറ്റവും രക്തരൂഷിതമായ സമരമായിരുന്നു കൂത്തുപറന്പിലേത്. സമാനതകളില്ലാത്ത സമരമായി അത് കേരളീയ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടി. ആ സമരം നടക്കുന്‌പോള്‍ പിണറായി വിജയന്‍ കൂത്തുപറന്പ് എം എല്‍ എ ആയിരുന്നു. അഞ്ചുപേര്‍ നെഞ്ചില്‍ വെിയേറ്റുവീണ പോരാട്ടത്തിന്റെ അണിറയിലെ നായകന്‍. അന്ന് സമരമുഖത്ത് ആ യുവജന സംഘത്തെ നയിച്ചത് ഡി വൈ എഫ് ഐ സെക്രട്ടറിയായിരുന്ന എം വി ജയരാജന്‍. കണ്ണൂര്‍ സി പി എമ്മിന്റെ അന്നത്തെ അമരക്കാരന്‍ കോടിയേരി ബാലകൃഷ്ണനും. ഇവരൊക്കെയും ചേര്‍ന്ന് നയിച്ച ജനകീയ പോരാട്ടങ്ങളെ നിഷ്ഫലമാക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്, വിശേഷിച്ചും മെഡിക്കല് മേഖലയില്‍. അതിന് കാര്‍മികത്വം വഹിക്കാനുള്ള നിയോഗം വന്നുചേര്‍ന്നതും ഈ മൂവര്‍ സംഘത്തിന് തന്നെയാണെന്നത് ചരിത്രത്തിന്റെ കാവ്യനീതിയാണ്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍! പ്രൈവറ്റ് സെക്രട്ടറിയായി അണിയറയില്‍ എം വി ജയരാജന്‍!! സി പി എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനും!!! സ്വാശ്രയ വിഷയത്തില്‍ ഇടതുപക്ഷം ഇതുവരെ തുടര്‍ന്ന ഇരട്ടത്താപ്പുകളുടെ സ്വാഭാവികമായ പരിണിതിയാണ് കൂത്തുപറന്പ് സമരനായകരുടെ ഈ നിയോഗം.
ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാകമ്മിറ്റി 2002ല്‍ പ്രസിദ്ധീകരിച്ച കൂത്തുപറന്പ് രക്തസാക്ഷി സ്മരണികയില്‍ പിണറായി വിജയന്‍ ഇങ്ങിനെ എഴുതി: 'യു ഡി എഫ് ഭരണത്തിന്‍ കീഴില്‍ അരക്ഷിതാവസ്ഥയും ആശങ്കയും സമൂഹത്തെ ഗ്രസിച്ച ഘട്ടത്തില്‍ വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണത്തിനെതിരായ സമരവേദിയിലാണ് കൂത്തുപറന്പില്‍ അഞ്ച് യുവാക്കള്‍ രക്തസാക്ഷിത്വം വരിച്ചത്. പിടിപ്പുകേടും ധൂര്‍ത്തും ജനവിരുദ്ധതയും കൈമുതലാക്കിയ ഭരണാധികാരികള്‍ അന്ന് കേരളത്തെ അസ്വസ്ഥ ഭൂമിയാക്കുകയായിരുന്നു. കൂത്തുപറന്പിലുള്‍പെടെ കേരളത്തിലാകെ ഉയര്‍ന്ന പ്രതിഷേധവും രോഷവും ആ ഗവണ്‍മെന്റിന്റെ ഒറ്റപ്പെടലിലേക്കും പിന്നീട് തോല്‍വിയിലേക്കും നയിച്ചു.' അതുതന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ പിടിപ്പുകേട്. വിദ്യാര്‍ഥി വിരുദ്ധത. നിഷ്‌കൃയത്വം. നിലപാടില്ലായ്മ. മാനേജ്മെന്റുകളുടെ താത്പര്യ സംരക്ഷണം. അടച്ചുപൂട്ടേണ്ട കോളജുകളെ പിടിച്ചുനിര്‍ത്താന്‍ കാട്ടുന്ന വ്യഗ്രത. ഇതെല്ലാം ചേര്‍ന്നപ്പോള്‍, പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന വരേണ്യ-വാണിജ്യ സങ്കല്‍പത്തിലേക്കുള്ള കേരളത്തിലെ സ്വാശ്രയ മേഖലയുടെ മാറ്റമാണ് പൂര്‍ണമാകുന്നത്. കൂത്തുപറന്പ് എം എല്‍ എയില്‍നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന്‍ നടന്നെത്തിയത് സ്വാശ്രയ കേരളം കവര്‍ന്നെടുത്ത ഒരുതലമുറയുടെ സ്വപ്നങ്ങള്‍ കുഴിച്ചുമൂടിയ ശവപ്പറന്പിലൂടെയാണെന്നാകും ചരിത്രം രേഖപ്പെടുത്തുക.
(മാധ്യമം ആഴ്ചപ്പതിപ്പ് 2017 സെപ്തംബര്‍)

No comments:
Post a Comment