തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന സമ്പൂര്‍ണ ജാതി സെന്‍സസില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ പുറത്താകും. പ്രവാസികളെ കണക്കില്‍ ഉള്‍പെടുത്തില്ല. ജാതി/മത വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംവരണമടക്കം മുഴുവന്‍ ഭാവി പദ്ധതികള്‍ക്കും അടിസ്ഥാനമായേക്കാവുന്ന കണക്കെടുപ്പില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സെന്‍സസ് മാനദണ്ഡപ്രകാരം രാജ്യത്തിന് പുറത്തുള്ളവരെ മാത്രമാണ് കണക്കെടുപ്പില്‍ പരിഗണിക്കുക. അത്യപൂര്‍വമായി നടക്കുന്ന ജാതി സെന്‍സസിലും ഇതേ മാനദണ്ഡം തന്നെ സ്വീകരിക്കുകയായിരുന്നു.
കേരളത്തില്‍ നിന്ന് 22.8 ലക്ഷം പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുവെന്നാണ് കേരള സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്. ഇതുതന്നെ കേരളത്തിലെ 63 താലൂക്കുകളില്‍ നിന്ന് റാന്‍ഡം തെരഞ്ഞെടുപ്പ് രീതി പ്രകാരം കണ്ടെത്തിയ 15,000 വീടുകളില്‍ നടത്തിയ സര്‍വേയില്‍ നിന്ന് സെന്റര്‍ ഫോര്‍ ഡിവലപ്‌മെന്റ് സ്റ്റഡീസ് രൂപപ്പെടുത്തിയ കണക്കാണ്. വിവിധ മത വിഭാഗം തിരിച്ച കണക്കുകളും സി.ഡി.എസ് തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രവാസികളില്‍ പകുതിയോളം മുസ്‌ലിംകളാണ് -45 ശതമാനം. ഹിന്ദു മത വിശ്വാസികള്‍ 37.5 ശതമാനമുണ്ട്. കൈസ്ര്തവര്‍ 17.9 ശതമാനവും. ഇതില്‍ ഉപജാതി തിരിച്ച കണക്കുകള്‍ ലഭ്യമല്ല. ഈ ഏകദേശ കണക്കനുസരിച്ച് തന്നെ ഇത്രയും പേര്‍ സെന്‍സസില്‍ നിന്ന് പുറത്താക്കപ്പെടുന്നതോടെ കേരളത്തിലെ ജാതി/മത കണക്കുകള്‍ അപ്പാടെ തകിടം മറിയും.
കേരളത്തിലെ 3.18 കോടി ജനസംഖ്യയില്‍ നിന്നാണ് 22.8 ലക്ഷം ഒഴിവാക്കപ്പെടുന്നത്. സി.ഡി.എസ് കണക്കുപ്രകാരം ഇത് ഏറ്റവുമേറെ ബാധിക്കുക മുസ്‌ലിംകളെയായിരിക്കും. മുസ്‌ലിം ജനസംഖ്യയില്‍ ഗണ്യമായ കുറവായിരിക്കും രേഖപ്പെടുത്തപ്പെടുക. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ സംവരണമില്ലാത്ത വിഭാഗങ്ങള്‍കൂടി ഉള്‍പെട്ടതാണ് സി.ഡി.എസിന്റെ കണക്ക്. എന്നാല്‍ മുസ്‌ലിംകളില്‍ എല്ലാവര്‍ക്കും സംവരണമുണ്ട്. പുതിയ സെന്‍സസ് പ്രകാരം ജനസംഖ്യാനുപാതികമായി സംവരണ തോത് പുനര്‍നിര്‍ണയിച്ചാല്‍ മുസ്‌ലിംകള്‍ക്ക് ഭീമമായ നഷ്ടം സംഭവിക്കും. പിന്നാക്ക മത/ജാതി വിഭാഗങ്ങളുടെ കടുത്ത സമ്മര്‍ദം കാരണമാണ് ഇന്ത്യയിലെ അവശ വിഭാഗങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ജാതി സെന്‍സസിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയത്. എന്നാല്‍ അതിലെ മാനദണ്ഡങ്ങള്‍ കേരളത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുന്ന അവസ്ഥയാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ജനസംഖ്യാ കണക്കെടുപ്പില്‍ നിന്ന് പ്രവാസികള്‍ ഒഴിവാക്കപ്പെട്ടത് നേരത്തേ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ നിലവിലെ മാനദണ്ഡപ്രകാരം അവരെ ഉള്‍പെടുത്താനാകില്ലെന്ന നിലാപടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടക്കുന്നതിനാല്‍ അത് മാറ്റേണ്ടതില്ലെന്ന വാദവും അന്ന് ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതേ മാനദണ്ഡങ്ങള്‍ തന്നെ ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ജാതി സെന്‍സസിനും ബാധമകമാക്കിയതാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് വലിയ തിരിച്ചടിയായത്. 1931ല്‍ ആണ് ഇതിനുമുമ്പ് സമ്പൂര്‍ണ ജാതി സെന്‍സസ് നടന്നത്. ഇനിയൊരു ജാതി സെന്‍സസ് സമീപകാലത്ത് നടക്കാനുമടിയില്ല. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, സെന്‍സസ് ഡയറക്ടറേറ്റ്, എന്‍.ഐ.സി എന്നിവ സംയുക്തമായാണ് ജാതി സെന്‍സസ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. ഇതിന്റെ നടത്തിപ്പ് പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ ചുമതലയിലാണ്. കേരളത്തിലെ പ്രവാസികളെ ഉള്‍പെടുത്താനായി സംസ്ഥാനവും കാര്യമായ ശ്രമങ്ങള്‍ നടത്തിയില്ല. ജാതി സെന്‍സസ് സംസ്ഥാന വിഷയമാണെങ്കിലും ഇത്തവണ ദേശീയാടിസ്ഥാനത്തില്‍ സെന്‍സസ് ഡയറക്ടറേറ്റ് തന്നെയാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.
(1...4...12)
No comments:
Post a Comment