(From left) CPI-ML (Liberation) general secretary Dipankar Bhattacharya, CPM general secretary Sitaram Yechuri and CPI's AB Bardhan in Patna |
ലോകം തന്നെ അതി സൂക്ഷ്മം നിരീക്ഷിച്ച ഈ സുപ്രധാന രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം നിര്‍വഹിച്ച സാമൂഹിക ദൗത്യമെന്തായിരുന്നു? ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് നടത്തുന്ന പ്രത്യയശാസ്ത്ര വിശകലനങ്ങള്‍ക്കപ്പുറം ഒരു ജനാധിപത്യ കൂട്ടായ്മക്കൊപ്പം നിന്ന് പ്രായോഗികവും ജനകീയവുമായ വഴികളിലൂടെ അതിനെ നേരിടുന്നതിന്‍ തടസ്സമാകുന്ന ആന്തരിക വൈരുധ്യങ്ങളെ മറികടക്കാനുള്ള ശേഷി ഇടതുപക്ഷത്തിനില്ലെന്ന വിമര്‍ശം ശരിവക്കുന്നതായിരുന്നു അവരുടെ ബിഹാര്‍ നയം. ലാലുവും നിതീഷും നയിച്ച മതേതര സഖ്യത്തിനൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. പകരം, സി പി ഐ, സി പി എം, സി പി ഐ എം എല്‍, ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക്, എസ് യു സി ഐ എന്നീ ആറുപാര്‍ട്ടികള്‍ ചേര്‍ന്ന ഇടതുമുന്നണിയുണ്ടാക്കി ഒറ്റക്ക് മത്സരിച്ചു. ആകെ 243 സീറ്റുള്ള ബിഹാറില്‍ 221 എണ്ണത്തിലും ഇടത് സ്ഥാനാര്‍ഥികളുണ്ടായി. ഒറ്റക്ക് മത്സരിക്കുന്നതിന് രണ്ട് കാരണങ്ങളാണ് ഇടതുപക്ഷം പറഞ്ഞത്. മതേതര മുന്നണിക്ക് 'ഫ്യൂഡല്‍ - ജാതി' സ്വഭാവമുണ്ടെന്നും ബിജെപിയില്‍ നിന്ന് വ്യത്യസ്തമായ സാന്പത്തിക നയം ഈ മുന്നണിക്കില്ല എന്നും. ഫാസിസ്റ്റ് തേരോട്ടത്തിന് മുന്നില്‍ ഭയവിഹ്വലമായ ഒരു രാജ്യം രാഷ്ട്രീയ പരിഹാരം അന്വേഷിക്കുന്പോള്‍ അവിടെ ഏറ്റവുമാദ്യം ഉന്നയിക്കേണ്ട രണ്ട് അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇവയാണ് എന്ന് മനസ്സിലാക്കാനേ ബിഹാറില്‍ ഇടതുപക്ഷത്തിന് കഴിഞ്ഞുള്ളു.
മതേതര ചേരിയിലെത്തേണ്ട വോട്ടുകള്‍ ഭിന്നിപ്പിച്ച് പ്രത്യക്ഷത്തില്‍ തന്നെ ഫാഷിസ്റ്റ് മുന്നണിയുടെ സഹായിയായി സ്വയം മാറേണ്ട അവസ്ഥയിലേക്കാണ് ഈ പരിമിതി ഇടതുപക്ഷത്തെ എത്തിച്ചത്. ഫാസിസം ഏറ്റവും അക്രമാസക്തമായ കാലത്ത് ഇടതുപക്ഷം കാണിച്ച ഈ ചരിത്രപരമായ വിഢ്ഢിത്തം എത്രമേല്‍ അപകടകരം കൂടി ആയിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. 221 മണ്ഡലങ്ങളില്‍ മത്സരിച്ച മുന്നണിക്ക് ആകെ കിട്ടിയത് 3 സീറ്റ് മാത്രം. മൂന്നും സി പി ഐ എം എല്ലിന്. തെരഞ്ഞെടുപ്പ് വിജയമല്ല രാഷ്ട്രീയ പ്രസക്തി നിശ്ചയിക്കുന്നത് എന്നത് ശരിയാണ്. എന്നാല്‍ വലിയ ആശയങ്ങളുടെ പേരില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഫാസിസ്റ്റ് ചേരിക്ക് നിയമസഭയില്‍ കരുത്തുപകര്‍ന്നു. ആകെ 53 സീറ്റാണ് ബിജെപിക്ക് ബിഹാറില്‍ കിട്ടിയത്. ഇതില്‍ 10 സീറ്റെങ്കിലും സംഭാവന ചെയതത് അവിടെ ഒറ്റക്ക് മത്സരിച്ച ഇടതുമുന്നണിയാണ്. ചേന്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി ജയിച്ചത് വെറും 671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഇടതുമുന്നണിക്ക് വേണ്ടി ഇവിടെ മത്സരിച്ചത് സി പി എം. ആറാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാര്‍ഥി രംഗ്‌ലാല്‍ പസ്വാന്‍ പിടിച്ചത് 2573 വോട്ട്. മതേതര പക്ഷത്തുനിന്ന് ഇടതുമുന്നണി ഒറ്റ തിരിച്ചെടുത്ത വോട്ടുകള്‍ ബിജെപിയെ വിജയിപ്പിക്കുന്നത് എങ്ങനെയെന്ന് ഇതിലേറെ പറയേണ്ടതില്ല.
ഇത് ഒരിടത്തെ മാത്രം അനുഭവമല്ല. പിപ്ര മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ സിപിഎം പിടിച്ചത് 8,366 വോട്ട്. അവിടെ ബിജെപി ജയിച്ചത് 3,930 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ചന്‍പാട്ടിയയില്‍ ഇടതുമുന്നണി സീറ്റ് സി പി ഐക്കായിരുന്നു. മൂന്നാമതെത്തിയ സി പി ഐ സ്ഥാനാര്‍ഥി പിടിച്ചത് 10,136 വോട്ട്. ഇവിടെ ബിജെപി ജയിച്ചത് വെറും 404 വോട്ടിന്. ഗോഹില്‍ സിപിഐക്ക് കിട്ടിയത് 18,951 വോട്ട്. ബിജെപി ജയിച്ചത് 7,672 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇതുപോലെ നിരവധി മണ്ഡലങ്ങള്‍. ബിജെപിയും മതേതര ചേരിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിലെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കണമെന്ന രാഷ്ട്രീയ ബോധവും ഇടതുപാര്‍ട്ടികള്‍ പ്രകടിപ്പിച്ചില്ല. മണ്ഡലങ്ങളുടെ സ്വഭാവവും ബിജെപിയുടെ സാധ്യതകളും തിരിച്ചറിഞ്ഞ് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ സഹായിക്കാനുള്ള രാഷ്ട്രീയ ഔചിത്യവും ഇടതുപക്ഷം പ്രകടിപ്പിച്ചില്ല. ബിഹാര്‍ ഷരീഫ്, ലാഖിസറൈ പോലുള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷത്തോടടുത്ത് നില്‍ക്കുന്ന വോട്ട് ഇടതുപാര്‍ട്ടികള്‍ നേടിയിട്ടുണ്ട്. ഇത്തരം മണ്ഡലങ്ങളിലെങ്കിലും വോട്ട് ചിതറിപ്പോകാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രജ്ഞതയും ഇടതുപക്ഷത്ത് നിന്നുണ്ടായില്ല.
ജാതി-സാന്പത്തിക നയങ്ങളുടെ പേരില്‍ മതേതര ചേരിക്കെതിരെ രംഗത്തിറങ്ങിയ ഇടതുപക്ഷം പലയിടത്തും പരസ്പരം മത്സരിക്കുക കൂടി ചെയ്തു. സ്വന്തം നിലപാടുകള്‍ക്ക് പരമാവധി സ്വീകാര്യതയുണ്ടാക്കാന്‍ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ പോലും ഒന്നിച്ച് നിന്നില്ലെന്നര്‍ഥം. ബിഹാറിന്റെ പശ്ചാത്തലത്തില്‍ ഈ ഭിന്നത അവരുടെ രാഷ്ട്രീയത്തെ കൂടുതല്‍ ദുരൂഹവും സംശയാസ്പദമാക്കുന്നുണ്ട്. ഒന്നിലധികം ഇടതുപാര്‍ട്ടികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ പോലും ബിജെപി വിരുദ്ധ രാഷ്ട്രീയ സാധ്യതയെ സഹായിക്കാന്‍ ഒരൊറ്റ ഇടതുപാര്‍ട്ടിയും തയാറായില്ല. പട്‌ന സാഹിബ് മണ്ഡലം ഇതിന് മികച്ച ഉദാഹരണമാണ്. ഇവിടെ മൂന്ന് ഇടത് പാര്‍ട്ടികളാണ് പരസ്പരം മത്സരിച്ചത്. ആര്‍ എസ് പി, സി പി ഐ എം എല്‍, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ. യഥാക്രമം നാല്, അഞ്ച്, ഒന്പത് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് 4,305 വോട്ട് നേടി. ഇവിടെ ആര്‍ജെഡിയെ തോല്‍പിച്ച് ബിജെപി സ്ഥാനാര്‍ഥി വിജയിച്ചത് 2,792 വോട്ടിന്റെ ഭൂരിപക്ഷത്തിന്. സുഗൗലിയില്‍ പരസ്പരം മത്സരിച്ചത് സി പി എമ്മും സി പി ഐയും. അഞ്ചും ആറും സ്ഥാനത്തെത്തിയ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് 7000ല്‍ അധികം വോട്ട് പിടിച്ചു. ഇവിടെ ബിജെപിയുടെ ഭൂരിപക്ഷം 7,756. ഇത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമുണ്ടായ സ്ഥിതി വിശേഷമല്ല. ബിജെപി ജയിച്ച മറ്റ് പല മണ്ഡലങ്ങളിലും ഇടതുപാര്‍ട്ടികള്‍ ഇങ്ങിനെ പരസ്പരം മത്സരിച്ചിട്ടുണ്ട്. കുംഹറാറിലും മോട്ടിഹറിലും സിപിഎമ്മും സിപിഐയും തമ്മില്‍. ബങ്കിപ്പൂരില്‍ സി പി ഐയും ആര്‍ എസ് പിയും തമ്മില്‍. കുര്‍ഹാനി, ജാലെ, തറൈയ തുടങ്ങി വിവിധ മണ്ഡലങ്ങളിലും ഇതുകാണാം. മണ്ഡലത്തിലെ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും മുന്നണി സംവിധാനത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ശൈഥില്യങ്ങളും പരസ്പരം മത്സരിക്കുന്നതിന് കാരണമായിട്ടുണ്ടാകാം. എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മുഖ്യ പ്രമേയമായ ഒരു തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഇങ്ങനെ മൂപ്പിളമത്തര്‍ക്കത്തില്‍ അഭിരമിച്ച് ബിജെപിയെ സഹായിച്ചത് എന്നോര്‍ക്കണം. ബിഹാറില്‍ വോട്ട് പിളര്‍ത്തിയതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഇടതുപക്ഷം മാത്രമല്ല. ബി എസ് പിയും എസ് പിയും മുതല്‍ മുസ്‌ലിം ലീഗും എം ഐ എമ്മും എസ് ഡി പി ഐയും വരെ ഇക്കൂട്ടത്തിലുണ്ട്. എസ് പിയും ബി എസ് പിയും വ്യാപകമായി തന്നെ ബിജെപി വിരുദ്ധ വോട്ടുകള്‍ പിളര്‍ത്തി. മറ്റുള്ളവര്‍ അവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലും. ഇവരെല്ലാം അപകടകരമായ സ്വത്വ രാഷ്ട്രീയം മുന്നോട്ടുവക്കുന്നവരാണെന്നും ഇത് ഇന്ത്യയില്‍ വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ചക്കാണ് സഹായകരമാകുകയെന്നും വാദിക്കുന്നവരാണ് ഇടതുപക്ഷം. എന്നാല്‍ ബിഹാറില്‍ ഈ പാര്‍ട്ടികള്‍ അവരവരുടെ സ്വാധീന മേഖലകളില്‍ സ്വീകരിച്ച സമീപനത്തിലപ്പുറമൊന്നും വിശാലമായ വര്‍ഗ രാഷ്ട്രീയം പറയുന്ന ഇടതുപക്ഷത്തുനിന്ന് ഉണ്ടായില്ല.
ഇടതുപക്ഷം മതേതര സഖ്യത്തില്‍ ചേര്‍ന്നിരുന്നെങ്കില്‍ മഹാ സഖ്യത്തിന് സ്വാഭാവികമായി ലഭിക്കുന്ന ചില വോട്ടുകള്‍ നഷ്ടപ്പെടുമായിരുന്നെന്ന് ബിഹാറില്‍ ഏറെ പ്രവര്‍ത്തന പരിചയമുള്ള മാധ്യമ പ്രവര്‍ത്തകനായ ഷാജി ജോസഫ് നിരീക്ഷിച്ചിട്ടുണ്ട്. നേരത്തെ ഇടതുപക്ഷത്തിനൊപ്പമുണ്ടായിരുന്ന ദലിത് പിന്നാക്ക വിഭാഗങ്ങള്‍ അവിടെ നിന്ന് മാറി പൂര്‍ണമായി നിതീഷിനും ലാലുവിനൊപ്പമായി എന്നത് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു പാര്‍ട്ടികളോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്ന ചില ജാതികളും വന്‍ തോതില്‍ പിന്നാക്ക-ദലിത് പിന്തുണ ആര്‍ജിച്ച മതേതര സഖ്യത്തെ പിന്തുണക്കുന്ന വിവിധ വിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെട്ടു. തങ്ങള്‍ മത്സരിച്ചതിനാല്‍, ഭരണ വിരുദ്ധ വികാരത്തിന്റെ പേരില്‍ ബിജെപിക്ക് ലഭിക്കുമായിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കഴിഞ്ഞെന്നും അത് മതേതര സഖ്യത്തിന് സഹായകരമായെന്നുമുള്ള (വിചിത്രമായ) ന്യായം ഇടത് നേതാക്കളും മുന്നോട്ടുവക്കുന്നുണ്ടത്രെ (ബിസിനസ് ലൈന്‍, നവംബര്‍ എട്ട്). ഇവ രണ്ടും പരിഗണിച്ചാല്‍ ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ കൂട്ടായ്മക്ക് ഒപ്പം നില്‍ക്കുന്നതിന് ഇടതുപക്ഷത്തെ തടഞ്ഞ ഘടകങ്ങള്‍ അത്ര ലളിതമോ നിസ്സാരമോ അല്ലെന്ന് വ്യക്തമാകും. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സ്വീകരിക്കേണ്ട സൂക്ഷ്മമായ രാഷ്ട്രീയ നിലപാടുകള്‍ പ്രത്യയശാസ്ത്ര ദുശ്ശാഠ്യങ്ങളാല്‍ അട്ടിമറിക്കപ്പെടുന്നത് ബിഹാറിലായാലും കേരളത്തിലായാലും ബിജെപിയെ മാത്രമാണ് സഹായിക്കുകയെന്ന് ഇടതുപക്ഷം തിരിച്ചറിയണം. അതിന് പറ്റിയ പാഠമാണ് ബിഹാര്‍.
(Madhyamam November -16-2015)
No comments:
Post a Comment