പൊതു വിദ്യാഭ്യാസ സംവിധാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വലിയ മുന്നേറ്റം നടന്ന സ്ഥലമാണ് കേരളം. പൊതുവിദ്യാഭ്യാസം താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ ഏറെക്കുറെ എല്ലായിടത്തും എത്തിക്കാനും അത് വിജയകരമായി നിലനിര്‍ത്താനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച സര്‍ക്കാര്‍ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നില്ല. അതില്‍ സംഭവിച്ച ക്രമാനുഗതമായ മാറ്റങ്ങള്‍ ഏറെക്കുറെ സ്വകാര്യവത്കരണത്തിലേക്ക് എത്തുകയും ചെയ്തു. സ്ഥാപനങ്ങളുടെ ഉടമാവകാശം, നിയമനാധികാരം എന്നിവ സ്വകാര്യ വ്യക്തികള്‍ക്കും ശമ്പള ബാധ്യത സര്‍ക്കാറിനുമെന്ന രീതിയില്‍ രൂപപ്പെട്ട എയിഡഡ് വിദ്യാലയങ്ങളാണ് സമ്പൂര്‍ണ പൊതു ഉടമസ്ഥതാ സങ്കല്‍പത്തിന് പുറത്ത് സ്ഥാപിതമായ ആദ്യതലമുറ സ്ഥാപനങ്ങള്‍. പിന്നീട് സര്‍ക്കാര്‍ അംഗീകാരത്തോടെ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അണ്‍ എയിഡഡ് അഥവ സ്വാശ്രയ സ്ഥാപനങ്ങളുണ്ടായി. അടുത്ത ഘട്ടത്തില്‍ അംഗീകാരം എന്നത് സര്‍ക്കാറിന്‌റെ എന്‍ ഒ സി മാത്രമായി പരിമിതപ്പെട്ടു. സര്‍ക്കാറിന്റെ ഒരു അനുമതിയും ആവശ്യമില്ലാതെ തന്നെ ആരംഭിക്കാവുന്ന വിധത്തില്‍ പിന്നീട് ഇത് സര്‍ക്കാര്‍ ഉദാരമാക്കി. ഈ മാറ്റങ്ങളുണ്ടാകുമ്പോഴും ഫീസ്, പ്രവേശം, സിലബസ് തുടങ്ങി വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം തീരുമാനാധികാരം സര്‍ക്കാറില്‍ തന്നെ നിക്ഷിപ്തമായിരുന്നു. സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ വരവും അവക്ക് ഭരണഘടനാ പരമായി തന്നെ ലഭിച്ച ചില അവകാശങ്ങെളുമെല്ലാം ഈ നിയന്ത്രണങ്ങളെയും ദുര്‍ബലമാക്കി. ഇതെല്ലാം സ്വകാര്യ മേഖലയിലാണ് സംഭവിച്ചതെങ്കില്‍, ഇതിന് സമാന്തരമായി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അപ്പോഴും ഇത്തരം സ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം സര്‍ക്കാറില്‍ അവശേഷിച്ചിരുന്നു. സമ്പൂര്‍ണ സ്വതന്ത്രരെന്ന് വാദിക്കുന്ന സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍പോലും സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാക്കുന്ന സംവിധാനങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നുണ്ട്. ഇച്ഛാശക്തിയുള്ള സര്‍ക്കാറുകളാണെങ്കില്‍ പുതിയ നിയമ നിര്‍മാണത്തിന് പോലും അവസരമുണ്ട്. ചുരുക്കത്തില്‍, സമ്പൂര്‍ണമായ പൊതു വിദ്യാഭ്യാസം എന്നതില്‍ നിന്ന് സമ്പൂര്‍ണ സ്വകാര്യവത്കരണത്തിലേക്ക് പടിപടിയായി മാറുമ്പോഴും ജനാധിപത്യ സംവിധാനങ്ങളിലൂടെ അവയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സ്ഥിതി വിശേഷം കേരളത്തില്‍ അവശേഷിച്ചിരുന്നുവെന്ന് വ്യക്തം.
അങ്ങേയറ്റം പരിമിതമായ ഈ നിയന്ത്രണം പോലും ഇല്ലാതാക്കുന്നതാണ് പുതുതായി സര്‍ക്കാര്‍ മുന്നോട്ടുവക്കുന്ന സ്വകാര്യ സര്‍വകലാശാല സങ്കല്‍പം. വിദ്യാഭ്യാസ മന്ത്രിയുടെ വിയോജിപ്പ് മറികടന്ന്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി മുഖ്യമന്ത്രി നേരിട്ട് നിയമിച്ച വിദഗ്ധ സമിതിയാണ് സ്വകാര്യ സര്‍വകലാശാല എന്ന നിര്‍ദേശം സര്‍ക്കാറിന് സമര്‍പിച്ചിരിക്കുന്നത്. ഒരു സര്‍വകലാശാല സ്ഥാപിക്കാന്‍ വേണ്ട മാനദണ്ഡങ്ങളായി വിദഗ്ധ സമിതി മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ തന്നെ അതിന്റെ സ്വഭാവം നിര്‍ണയിക്കുന്നതാണ്. നഗരത്തില്‍ 20 ഏക്കര്‍ ഭൂമി, ഗ്രാമത്തിലാണെങ്കില്‍ 30 ഏക്കര്‍, 5000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു കെട്ടിടം, 50 കോടി രൂപ, ഇതില്‍ 20 കോടി സര്‍ക്കാറുമായി സംയുക്ത അക്കൗണ്ടുണ്ടാക്കി ബാങ്കില്‍ സ്ഥിര നിക്ഷേപമാക്കണം, ആണ്‍പെണ്‍ ഹോസ്റ്റല്‍, ചുരുങ്ങിയത് അഞ്ച് പ്രധാന ഫാക്കല്‍റ്റികള്‍, വാഹനം മുതല്‍ ടീ ഷോപ് വരെയുള്ള അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍. കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം സമര്‍പിച്ച നിയമ നിര്‍മാണത്തിനുള്ള ബില്ലിന്റെ കരടില്‍, വിദ്യാഭ്യാസ മേഖലയില്‍ 10 വര്‍ഷം പരിചയമുള്ള ഏജന്‍സിയാകണം സര്‍വകലാശാലയുടെ സ്‌പോണ്‍സര്‍ എന്ന വ്യവസ്ഥയുണ്ട്. ഏത് കോര്‍പറേറ്റ് സ്ഥാപനത്തിനും അനുയോജ്യനായ ഒരു സ്്‌പോണ്‍സറോട് സഹകരിച്ച് സര്‍വകലാശാല സ്ഥാപിക്കാം. ഇവയെല്ലാം സര്‍ക്കാറിന് സമര്‍പിച്ച ശിപാര്‍ശകള്‍ മാത്രമാണ്. തീരുമാനം നടപ്പില്‍ വരുമ്പോള്‍ ഇതില്‍ ഏതൊക്കെ വ്യവസ്ഥകളാണ് ഉണ്ടാകുക എന്നത് കണ്ടറിയണം. ഇതേ രീതിയില്‍ നടപ്പായാല്‍ പോലും വന്‍ സാമ്പത്തിക പിന്‍ബലമുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത്തരമൊരു സര്‍വകലാശാല സ്ഥാപിക്കാന്‍ കഴിയൂ എന്ന് വ്യക്തം. ഒരു കാരണവശാലും സര്‍ക്കാറില്‍ നിന്ന് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും ലഭിക്കില്ല എന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം റിപ്പോര്‍ട്ട് പറയുന്നുമുണ്ട്.
പണം മുടക്കുന്നയാള്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്നതാണ് ഇതിന്റെ ഘടന. ആ ഏജന്‌സി തന്നെയായിരിക്കും ചാന്‍സിലറെ നിയമിക്കുക. അവിടന്ന് താഴോട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള അധികാരം ചാന്‍സിലര്‍ക്ക് തന്നെ. വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സെര്‍ച് കമ്മിറ്റി പോലുള്ള സംവിധാനങ്ങള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. എല്ലാം പക്ഷെ ആത്യന്തികമായി ഉടമസ്ഥന്റെ നിയന്ത്രണത്തില്‍ തന്നെ നില്‍ക്കുംവിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മറിച്ചൊരു രീതി പ്രതീക്ഷിക്കേണ്ടതുമില്ല.
ഫീസ്്്, സിലബസ്, ബിരുദം തുടങ്ങി മുഴുവന്‍ പാഠ്യ-പാഠ്യേതര മേഖലകളും രൂപകല്‍പന ചെയ്യാനും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുമുള്ള പൂര്‍ണ അധികാരവും സര്‍വകലാശാലാ ഉടമക്കാണ്. സ്വകാര്യ സര്‍വകലാശാല കേരളത്തില്‍ അനിവാര്യമാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നുണ്ട്. അതില്‍ ആവര്‍ത്തിച്ച് പറയുന്നത് സര്‍ക്കാര്‍ പണം നല്‍കുന്നതിനാല്‍ നിലവിലെ സര്‍വകലാശാലകള്‍ നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ്. എന്നല്ല, നിലവിലെ സര്‍വകലാശാലകള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിമിതികള്‍ക്കും കാരണം സര്‍ക്കാര്‍ നിയന്ത്രണവും അതുമൂലമുണ്ടാകുന്ന അസ്വാതന്ത്ര്യങ്ങളുമാണെന്നാണ് കണ്ടെത്തല്‍. അക്കാദമികമായ പോരായ്മകളുടെയും പരീക്ഷാ നടത്തിപ്പ് മുതല്‍ കോളജ് പ്രവേശം വരെയുള്ള സര്‍വ കാര്യങ്ങളിലുമുള്ള പരാധീനതകളുടെയും അടിസ്ഥാനവും സര്‍ക്കാര്‍ നിയന്ത്രണം തന്നെയാണത്രെ. ഇത് പരിഹരിക്കാനാണ് സ്വകാര്യ സര്‍ലകലാശാലകളെ മുന്നോട്ടുവക്കുന്നത് എന്നാണ് വിദഗ്ധമതം. നിയമ നിര്‍മാണം വഴിയാണ് സ്വകാര്യ സര്വകലാശാല സ്ഥാപിക്കുക. അഥവ, സര്‍വ അധികാരങ്ങളും നിയമസഭ പാസാക്കുന്ന ഒരു നിയമം വഴി കോളജ് ഉടമക്ക് വകവച്ചുകൊടുക്കുന്നതിലൂടെ അയാളുടെ അവകാശങ്ങളെ കോടതിപോലുള്ള എല്ലാതരം നിയമ സംവിധാനങ്ങളുടെയും പുറത്ത് പ്രതിഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്വാകര്യ വിദ്യാഭ്യാസം വലിയ പാപമല്ല. എന്നാല്‍ കേരളത്തിന്റെ സാമൂഹ്യഘടനയില്‍ അതെത്രമാത്രം അനുയോജ്യവും ഫലപ്രദവും ആകുമെന്നതും എത്രമാത്രം ജനവിരുദ്ധമായിത്തീരുമെന്നതുമാണ് അതിന്റെ സ്വീകാര്യതയെ നിര്‍ണയിക്കേണ്ടത്. കേരളത്തിലെ ഏറ്റവും കുത്തഴിഞ്ഞ അടിസ്ഥാന സൗകര്യ മേഖലയാണ് ഉന്നത വിദ്യാഭ്യാസം. അതിന് പല ഘടകങ്ങള്‍ കാരണമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സ്വാശ്രയ മേഖല സജീവമായതോടെ സംഭവിച്ച ഏറ്റവും പ്രതികൂലമായ മാറ്റം, വിദ്യാഭ്യാസ മേഖലയെ ലാഭ നഷ്ടക്കണക്കുകള്‍ നിയന്ത്രിക്കാന്‍ തുടങ്ങി എന്നതാണ്. ഫീസ്, പ്രവേശനം, സീറ്റുകളുടെ വിതരണം തുടങ്ങി കോഴ്‌സും സിലബസും നിശ്ചയിക്കുന്നതില്‍ വരെ സ്ഥാപന ഉടമയുടെ സാമ്പത്തിക ലാഭം നിര്‍ണായക ഘടകമായി മാറി. വ്ിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണത്തിലേക്ക് നയിച്ച ഈ മാറ്റം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ആക്‌സസിബിലിറ്റിയാണ് അതില്‍ പ്രധാനം. ഒരു കോഴ്‌സിലേക്ക് അല്ലെങ്കില്‍ ഒരു കോളജിലേക്ക് ഒരു വിദ്യാര്‍ഥിക്ക് കടന്നുചെല്ലാവുന്ന വഴികളിലെല്ലാം സാമ്പത്തിക ബാധ്യത വന്‍ മതിലായി മാറി. ഒരു കോഴ്‌സിന് പ്രവേശനം കിട്ടാനുള്ള പ്രധാന മാനദണ്ഡം പണം മുടക്കാനുള്ള ശേഷിയായിത്തീര്‍ന്നു. മത്സര പരീക്ഷകളില്‍ മുന്‍ നിരയിലെത്തുന്നവര്‍പോലും വന്‍ തുകകള്‍ മുടക്കാനില്ലാത്തതിനാല്‍ മികച്ച കോഴ്‌സുകളില്‍ നിന്നും കോളജുകളില്‍ നിന്നും പുറന്തള്ളപ്പെട്ടു. സ്ഥാപനം നടത്താനുള്ള ചിലവ് കണ്ടെത്താന്‍ കുട്ടികളല്ലാതെ മറ്റൊരു സ്രോതസ്സുമില്ലാത്ത മുതലാളിമാര്‍, അവരുടെ ബിസിനസിന്റെ ലാഭകരമായ നടത്തിപ്പിന് വേണ്ട ഫീസാണ് നിശ്ചയിച്ചത്. അതോടെ മെറിറ്റുള്ള എല്ലാ കുട്ടികള്‍ക്കും അവസരം ലഭിക്കുക എന്ന സാമൂഹിക നീതി അട്ടിമറിക്കപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും സാമൂഹികമായി ദുര്‍ബലരായവരും ഇവിടെ ഒരുപോലെ പുറന്തള്ളപ്പെട്ടു.
ഈ അപ്രഖ്യാപിത പ്രവേശ വിലക്ക് വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ ഉള്ളടക്കത്തെ തന്നെ അതീവ ദുര്‍ബലമാക്കി മാറ്റി. പ്രവേശന മാനദണ്ഡം പണമായതോടെ, പഠിക്കാനുള്ള ശേഷി കുട്ടികളുടെ തെരഞ്ഞെടുപ്പില്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയാതായി. എന്നല്ല, അത്തരത്തിലൊരു സ്ൂക്ഷ്മ പരിശോധന വേണമെന്ന് സ്ഥാപന ഉടമകളും ആഗ്രഹിക്കാതായി. കഴിഞ്ഞ 10 വര്‍ഷത്തെ സ്വാശ്രയ മേഖലയില്‍ നിന്നുള്ള പരീക്ഷാഫലം പരിശോധിച്ചാല്‍ നിലവാരത്തകര്‍ച്ച പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടും. ഇതിന്റെ മറ്റൊരു പ്രത്യാഘാതമായിരുന്നു സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന. കോഴ്‌സുകളുടെ ആവശ്യകതയോ അനിവാര്യതയോ ആയിരുന്നില്ല ഒരു സ്ഥാപനം തെരഞ്ഞെടുക്കുന്ന പഠന മേഖലയുടെ മാനദണ്ഡം. കേരളത്തില്‍ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ ഒഴികെ ഒരു സ്്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലും ഇന്ന് ലഭ്യമായ മുഴുവന്‍ സീറ്റിലും പഠിക്കാന്‍ കുട്ടികളെ കിട്ടുന്നില്ല. മുടക്കുന്ന പണം തിരി്ച്ചുകിട്ടുമെന്ന് ഉറപ്പുള്ള കോഴ്‌സുകളില്‍ മാത്രമെ 'ഉപഭോക്താക്കളും' പണം ഇറക്കുന്നുള്ളൂവെന്നായിരിക്കുന്നു കേരളത്തില്‍. കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. 'വ്യാവസായികമായി പരാജയപ്പെ്ട്ട്്്' കൂട്ടത്തോടെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് സ്വാശ്രയ എഞ്ചിനീറിങ്ങ് കോളജുകള്‍. സാമൂഹികമായ അസന്തുലിതത്വവും അരക്ഷിതാവസ്ഥയും ഇതിന്റെ ഉപോല്#പന്നമായി കേരളത്തില്‍ രൂക്ഷമായിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് മലയാളികള്‍ക്ക്്്് വന്‍ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കുമുള്ള എളുപ്പവഴികളിലൊന്നായി മാറിയിരിക്കുന്നു.
സ്വാകാര്യ സര്‍വകാലശാലകള്‍ അനിവാര്യമാണെന്ന്്്് സമര്‍ഥിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന അതേ ന്യായങ്ങള്‍ തന്നെയാണ് സ്വാശ്രയ കോളജുകള്‍ കൊണ്ടുവരുന്ന സമയത്തും സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇന്നും സ്വാശ്രയ സ്ഥാപനങ്ങള്‍ അവരുടെ സ്വീകാര്യത ഉറപ്പാക്കാന്‍ പറയുന്നതും ഇതേ ന്യായങ്ങള്‍ തന്നെ. സ്വാശ്രയ കോളജുകള്‍ ഒന്നര പതിറ്റാണ്ടുകൊണ്ട് തന്നെ അപ്രതിരോധ്യമായ ദുന്തങ്ങളാണ് സൃഷ്ടിച്ചത്. ഈ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ ഇതുവരെ കഴിഞ്ഞില്ലെന്ന്്് മാത്രമല്ല, അവയെ അതിജീവിക്കുമെന്ന നേരിയ സൂചനപോലും നമ്മുടെ വിദ്യാഭ്യാസ രംഗത്തുനിന്ന് ലഭിക്കുന്നുമില്ല. എന്നിരിക്കെയാണ് ഏറെക്കുറെ അതേ ന്യായവാദങ്ങളുന്നയിച്ച്, അവയേക്കാള്‍ വലിയ സ്വാതന്ത്ര്യവും അധികാരവും ഉറപ്പുനല്‍കി സ്വകാര്യ സര്‍വകലാശാലകളെ ഇറക്കുമതി ചെയ്യുന്നത്. എല്ലാതരം വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രാപ്യമായ, ഗുണനിലവാരവും സാമൂഹ്യ പുരോഗതിയും ലക്ഷ്യമിടുന്ന സര്‍വകലാശാലകളായിരിക്കും ഇവയെന്ന് സര്‍ക്കാര്‍ പോലും കരുതുന്നില്ല. വിദ്യാര്‍ഥികളുടെ ആക്‌സസിബിലിറ്റി, കോഴ്‌സുകളുടെ ക്വാളിറ്റി എന്നീ രണ്ട്്് അടിസ്ഥാന ഘടകങ്ങളെങ്കിലും ഈ സര്‍വകലാശാലകളില്‍ ഉറപ്പുവരുത്തുമെന്ന് പറയാനും സര്‍ക്കാറിന് കഴിയുന്നില്ല. എന്നിട്ടും ഭാവി കേരളത്തെ രക്ഷിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ വേണമെന്ന് വാദിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തം. നിലവിലെ സര്‍വകലാശാലകള്‍ നേരിടുന്ന എല്ലാതരം പ്രതിസന്ധികളെയും വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരാമര്‍ശിച്ചിച്ചുണ്ട്. എന്നാല്‍, എല്ലാ പരിമിതികള്‍ക്കും അകത്തുനിന്ന് കൊണ്ട് ആ സര്‍വകലാശാലകള്‍ നിര്‍വഹിക്കുന്ന ഗുണപരമായ പങ്കാളിത്തത്തെ റിപ്പോര്‍ട്ട് വിദഗ്ധമായി മറച്ചുവക്കുന്നു. വെറും ബിരുദങ്ങള്‍ക്കപ്പുറം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ അവ നല്‍കിയ സംഭാവനകളെ അത് അവഗണിക്കുന്നു. ഇവ സ്വകാര്യ സര്‍വകലാശാലകള്‍ എങ്ങിനെ ഉറപ്പാക്കുമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട്്് മൗനം പാലിക്കുകയും ചെയ്യുന്നു. അത്തരം സാമൂഹിക നേട്ടങ്ങള്‍ സ്വകാര്യ സര്‍വകാശാലകളില്‍ നിന്ന്പ്ര തീക്ഷിക്കുന്നില്ല എന്ന് തന്നെയാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരികള്‍ക്കിടയിലൂടെ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇത് കണ്ണടച്ച് അംഗീകരിക്കാവുന്ന ഭരണ പരിഷ്‌കാരമല്ല എന്ന് പറയേണ്ടിവരുന്നതും.
(WELFARE VOICE -OCT-2015)
No comments:
Post a Comment