Wednesday, October 28, 2015

പൊതുവിഭവങ്ങളുടെ വിതരണവും സാമൂഹിക വളര്‍ച്ചയും


സംവരണ വിരുദ്ധ പ്രചാരണം രാജ്യമെങ്ങും അതി ശക്തമായ പ്രക്ഷോഭമായി മാറിക്കൊണ്ടിരിക്കുകയാണ്. മെറിറ്റ് വാദമാണ് ഇതിനായി ഉന്നയിക്കപ്പെടുന്ന പ്രധാന ന്യായം. എന്നാല്‍ കേരളത്തിലെ സംവരണ വിരുദ്ധ വാദക്കാരുടെ മുഖ്യ ആയുധം മെറിറ്റല്ല. പകരം 'വളര്‍ച്ചാവാദ'മാണ് ഉന്നയിക്കുന്നത്. അഥവ, കേരളത്തില്‍ ഇപ്പോള്‍ സംവരണം ലഭിക്കുന്ന സമുദായങ്ങളില്‍ ബഹുഭൂരിപക്ഷവും, സംവരണത്താല്‍ പരിഗണിക്കപ്പെടേണ്ട സാമൂഹിക പിന്നാക്കാവസ്ഥ തരണം ചെയ്തുകഴിഞ്ഞിരിക്കുന്നു എന്ന വാദം. സംവരണം സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ഉപാധിയാണ് എന്ന ഭരണഘടനാപരമായ ന്യായത്തെ പ്രതിരോധിക്കാന്‍ വളര്‍ച്ചാവാദമാണ് ശക്തമായ ഉപാധിയെന്നത് ഇതിന് ഒരു കാരണമാകുന്നുണ്ടാകാം. അതിലുപരി ഈ വളര്‍ച്ചാ വാദത്തിലൂടെ ചില സമുദായങ്ങളെ ഒറ്റ തിരിച്ച് ആക്രമിക്കാമെന്ന സൗകര്യമുണ്ട്. കേരളത്തില്‍ മുസ്ലിംകളാണ് 'വളര്‍ച്ച പ്രാപിച്ചതിന്റെ പഴി' ഏറ്റവുമേറെ കേള്‍ക്കേണ്ടിവരുന്നത്. സാമ്പത്തികം, വിദ്യാഭ്യാസം, ഭൂവുടമസ്ഥത, രാഷ്ട്രീയം, സര്‍ക്കാര്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ സമീപകാലത്ത് കേരള മുസ്ലിംകള്‍ കൈവരിച്ച വളര്‍ച്ചയെ ആസ്പദമാക്കിയാണ് ഇത്തരമൊരു ആക്രമണത്തിന് ഈ വിഭാഗം ഇരയാക്കപ്പെടുന്നത്.

പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നുന്നതാണ് ഈ വളര്‍ച്ചാ വാദം. ഭൗതികമായ കണക്കെടുപ്പുകള്‍ ഇത് ശരിവക്കുകയും ചെയ്യും. കേരളത്തില്‍ സമീപകാലത്ത് ഏറ്റവും വേഗത്തില്‍ സാമ്പത്തികോന്നമനം നേടിയ വിഭാഗങ്ങളില്‍ മുസ്ലിംകള്‍ മുന്‍ നിരയില്‍തന്നെയാണ്. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥകളാല്‍ സ്വന്തം നാട്ടിലെ തൊഴില്‍വിപണിയില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍, വിദേശ തൊഴില്‍ മേഖലകളിലൂടെയാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. ഇങ്ങനെ വന്‍തോതില്‍ സംഭവിച്ച ഗള്‍ഫ് പ്രവാസത്തിലൂടെ കൈവന്ന സാന്പത്തിക ഭദ്രത, വലിയ ആസ്തികളുടെ ഉടമകളാക്കി അവരെ മാറ്റി. ചില പ്രത്യേക സമുദായങ്ങളുടെ കുത്തകയായിരുന്ന ഭൂവുടമസ്ഥതയിലെ ആധിപത്യം ക്രയശേഷി വര്‍ധിച്ച പ്രവാസികളിലേക്ക് മാറിയതോടെ ഈ മേഖലയില്‍ നിലനിന്നിരുന്ന മേധാവിത്തത്തിലെ സാമൂദായിക ഘടകങ്ങളില്‍ തന്നെ പ്രകടമായ മാറ്റങ്ങളുണ്ടായി. ഇങ്ങനെ ആര്‍ജിച്ച സാന്പത്തി വളര്‍ച്ചയിലൂടെ സന്പന്നരോ ഇടത്തരക്കാരോ ആയി മാറിയവരുടെ രണ്ടാം തലമുറക്ക് വലിയതോതിലുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിച്ചു.  ഉന്നത വിദ്യാഭ്യാസം നേടിവരുടെയും ആ മേഖലയില്‍ പഠനം നടത്തുന്നവരുടെയും എണ്ണത്തില്‍ ഇന്ന് മുസ്ലിം സമുദായം ഒട്ടും പിന്നിലല്ല. സമുദായത്തിന്റെ പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും മറ്റാരേക്കാളും കൂടുതലാണ്. വ്യക്തികളും ഏജന്‍സികളും മാത്രമല്ല, ചെറുതും വലുതുമായ എല്ലാ മുസ്ലിം സംഘടനകളും സവിശേഷ ശ്രദ്ധയോടെ തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. മാധ്യമ മേഖലയിലും സര്‍ക്കാര്‍ തൊഴില്‍ രംഗത്തും ഇതിന്റെ സ്വാഭാവികമായ ചലനങ്ങളുണ്ടായി. കേരളത്തിലെ രാഷ്ട്രീയാധികാര ഘടനയിലാകട്ടെ, സമുദായത്തിന്റെ പേരില്‍ ഒരുപാര്‍ട്ടി തന്നെ സജീവമാണ്. മുസ്ലിംകള്‍ ആവശ്യത്തിനും അതിലധികവും വളര്‍ന്നുകഴിഞ്ഞുവെന്ന വാദത്തിന് എളുപ്പത്തില്‍ സ്വീകാര്യത കിട്ടാവുന്ന എല്ലാ ഘടകങ്ങളും കേരളീയ പൊതുസമൂഹത്തില്‍ പ്രകടമാണ്. ഇവയെ ഉദാഹരിച്ച് മുസ്ലിം വളര്‍ച്ചാവാദത്തെക്കുറിച്ച ഭീതിജനകമായ പൊതുധാരണകള്‍ മുസ്ലിംവിരുദ്ധ കേന്ദ്രങ്ങള്‍ ഉത്പാദിപ്പിക്കുന്നുമുണ്ട്.



ഗുജറാത്തിലെ പട്ടേല്‍ സമുദായം നടത്തിയ സംവരണ (വിരുദ്ധ) സമരത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം വളര്‍ച്ചാ വാദം മുന്പത്തേക്കാള്‍ രൂക്ഷമായി ആവര്‍ത്തിക്കപ്പെടുന്നതിനിടയലാണ് കേരളത്തില്‍ ഇത്തവണ സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിവാദമുണ്ടായത്. വിവാദത്തിന്റെ ഒരറ്റത്ത് ന്യൂനപക്ഷ പദവിയുള്ള കത്താലിക്ക സഭാ കോളജുകളും മറുഭാഗത്ത് ന്യൂനപക്ഷ പദവിയുള്ള വിവിധ മുസ്ലിം ഏജന്‍സികളും/വ്യക്തികളും നടത്തുന്ന കോളജുകളുമായിരുന്നു. എല്ലാ ജനാധിപത്യ മര്യാദകളും അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്തോലിക്ക സഭാ കോളജുകളുമായി, അവരുടെ ഇഷ്ടപ്രകാരമുള്ള വ്യവസ്ഥകളോടെ പ്രവേശന കരാറിലെത്തി. ഇതേ വ്യവസ്ഥകളോടെ കരാറിന് സന്നദ്ധമായ മുസ്ലിം കോളജുകള്‍ക്ക് ആ അവസരം നിഷേധിച്ച സര്‍ക്കാര്‍, പകരം കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളുള്ള കരാറിന് തയാറായില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന ഭീഷണ ഉയര്‍ത്തുകയും ചെയ്തു. പ്രത്യക്ഷത്തില്‍ തന്നെ വിവേചനം എന്ന് പറയാവുന്ന നടപടി. ഇങ്ങിനെ രണ്ടുതരം മാനദണ്ഡം പാടില്ലെന്ന് കേരള ഹൈക്കോടതി വരെ വിലക്കിയിട്ടും ഒരവകാശവും സര്‍ക്കാറില്‍നിന്ന് മുസ്ലിം മാനേജ്‌മെന്റുകള്‍ക്ക് ലഭിച്ചില്ല. അതിസന്പന്നരായ കേരളത്തിലെ ഒരുപറ്റം മുസ്ലിം മുതലാളിമാരാണ് മഹാ ഭൂരിപക്ഷം കോളജുകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പലരും ഉന്നത ബിരുദമുള്ളവര്‍. ഏതുതരം നിയമ വ്യവഹാരങ്ങളെയും നേരിടാന്‍ പ്രാപ്തിയുള്ളവര്‍. രാഷ്ട്രീയമായും സാന്പത്തികമായും സമ്മര്‍ദ ശേഷിയുള്ളവര്‍. എന്നിട്ടും കത്തോലിക്ക സഭാ കോളജുകളോട് താരതമ്യം ചെയ്താല്‍, മുസ്‌ലിം മാനേജ്‌മെന്റ് കോളജുകള്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ ഏജന്‍കളിലൊന്നായ എംഇഎസിന് പരസ്യമായി പറയേണ്ടിവന്നു. വളര്‍ച്ചാ വാദികളുടെ ഏത് മാനദണ്ഡത്തെയും തൃപ്തിപ്പെടുത്താന്‍ ശേഷിയുള്ള 'ലക്ഷണമൊത്ത' മുസ്ലിം കോളജുകള്‍ക്കാണ് തങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് പാരാതിപ്പെടേണ്ടി വന്നത്. ഒരു സമൂദായം എന്ന നിലയില്‍ മുസ്ലിംകള്‍ നേടിയ വളര്‍ച്ചയിലെ ദൗര്‍ബല്യങ്ങള്‍ ഇത് തുറന്നുകാണിക്കുന്നുണ്ട്.

കേരളീയ പൊതുമണ്ഡലത്തില്‍ നിന്ന് നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള സാമൂഹിക ശേഷി ആര്‍ജിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടാണ് പറയപ്പെടുന്ന 'വളര്‍ച്ചയുണ്ടായിട്ടും' കടുത്ത വിവേചനവും അവഗണനയും ഇവര്‍ക്ക് നേരിടേണ്ടിവന്നത്. ഇത് വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല അനുഭവപ്പെടുന്നത്. മുസ്ലിംകള്‍ സ്വാഭാവിക വളര്‍ച്ച പൂര്‍ത്തിയാക്കി എന്ന് പ്രചരിപ്പിക്കപ്പെടുന്ന ഏത് മേഖലയെടുത്താലും സാമൂഹികാതിജീവന ശേഷിയുടെ അഭാവം പ്രകടമാണ്. പല മേഖലകളിലും വിജയകരമായ സാമൂഹിക സംരഭങ്ങള്‍ ഉണ്ടായിട്ടും മൂസ്ലിം വിരുദ്ധതയിലൂന്നിയ  വിമര്‍ശങ്ങളെ നേരിടുന്നതില്‍ പരാജയപ്പെട്ടത് ഈ ശേഷിയില്ലായ്മകൊണ്ടാണ്. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ പഠന നിലവാരം കോപ്പിയടി മൂലമാണ് എന്ന ആക്ഷേപം കേള്‍ക്കേണ്ടിവന്ന നാടാണ് കേരളം. മുസ്ലിംകളിലെ സാന്പത്തിക വളര്‍ച്ചക്ക് പിന്നില്‍ അജ്ഞാതമായ ഒരു മഹാ സ്രോതസ്സുണ്ടെന്ന പൊതുധാരണ കേരളത്തിലെ ഏത് സാധാരണക്കാരനുമുണ്ട്. കേരളത്തിലെവിടെ ഹവാല കേസുകളുണ്ടാകുന്പോഴും, ഒരു സമുദായമെന്ന നിലയില്‍ തന്നെ മുസ്ലിംകള്‍ പരോക്ഷമായി പ്രതിക്കൂട്ടിലാക്കപ്പെടുന്നത് കാണാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭൂമിയുടെയും മറ്റ് ആസ്തികളുടെയും ഉടമസ്ഥതകളിലെല്ലാം ഒരുതരം ദുരൂഹതയുടെ കരിനിഴല്‍ സദാവീണുകിടക്കുന്നുണ്ട്. സാന്പത്തികമായ ഉടമാവകാശത്തില്‍ മാത്രമല്ല, സാമൂഹികമായ വ്യവഹാരങ്ങളിലും ഈ അതിജീവനശേഷിയില്ലായ്മ പ്രകടമാണ്. ലൗ ജിഹാദ് മുതല്‍ ഭീകര ബന്ധം വരെ മുസ്ലിം വളര്‍ച്ചക്കെതിരെ ആസൂത്രിതമായി സൃഷ്ടിക്കപ്പെടുന്ന വിഘാതങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും നിസ്സഹായരാവുകയാണ് കേരളത്തിലെ മുസ്ലിംകള്‍. രാഷ്ട്രീയത്തിലാകട്ടെ മുസ്ലിംലീഗ് അല്ലാത്ത ഒരു മുസ്ലിം രാഷ്ട്രീയ പരീക്ഷണത്തെയും അംഗീകരിക്കാനുള്ള മാനസികാവസ്ഥ കേരളത്തിലെ പൊതുസമൂഹത്തിനില്ല. ഇടതുപക്ഷം പോലും ഇക്കാര്യത്തില്‍ ഈ പൊതുധാരയില്‍നിന്ന് വ്യത്യസ്തമല്ല. ഇനി മുസ്ലിം ലീഗ് തന്നെ, മുസ്ലിം ഇതര വിഭാഗങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടക്ക് പുറത്തുകടക്കാന്‍ ശ്രമിച്ചാല്‍ ഒറ്റതിരിച്ച് ആക്രമിക്കപ്പെടുമെന്നതിന് അഞ്ചാം മന്ത്രി വിവാദമടക്കം തെളിവുകളുമുണ്ട്. (തീര്‍ച്ചയായും ഈ മേഖലകളിലെല്ലാം പിഴവുകളും കുറ്റകൃത്യങ്ങളും കുറ്റവാളികളും ഉണ്ടാകും. എന്നാല്‍ അത് കേരളത്തിലെ സ്വാഭാവിക ശരാശരിക്ക് മുകളില്‍പോലുമാകില്ല.) ചുരുക്കത്തില്‍, കേരളത്തില്‍ മുസ്ലിംകളുടെ വളര്‍ച്ചയുടെ അടയാളമായി ഉദാഹരിക്കുന്ന മേഖലകളെല്ലാം തന്നെ, മുസ്ലിംകളെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ഉപാധിയായി മാറുകയാണ് ചെയ്യുന്നത്. അഥവ ഈ വളര്‍ച്ചയെ  ആ സമുദായത്തിന്റെ സാമൂഹിക വികാസത്തിന് തടയിടുന്ന ഘടകങ്ങളാക്കി മാറ്റുന്നു.



ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരു ജനവിഭാഗം (പ്രത്യേകിച്ച് ന്യൂനപക്ഷം പോലുള്ളവ) കൈവരിക്കേണ്ട സന്തുലിതമായ വളര്‍ച്ച കേരളത്തിലെ മുസ്ലിംകള്‍ക്കുണ്ടായില്ല എന്നതാണ് ഉണ്ടായ വളര്‍ച്ച അവര്‍ക്കുതന്നെ ബാധ്യതയായി മാറുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടതിലെ പ്രധാന കാരണങ്ങളിലൊന്ന്. ഭൗതിക വളര്‍ച്ച കൈവരിച്ചതിനൊപ്പം സാമൂഹിക വികാസം സംഭവിച്ചില്ല. ജനാധിപത്യ സര്‍ക്കാറിന്റെ പിന്തുണയും വിഭവങ്ങളും ഈ വളര്‍ച്ചയില്‍ നിര്‍ണായക ഘടകമായില്ല എന്നതാണ് ഈ അസന്തുലിതത്വത്തിന് കാരണമായത്. ജനാധിപത്യ സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സമതുലിതമായ വളര്‍ച്ചക്ക് സ്റ്റേറ്റ് മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. മറ്റ് വഴികളിലൂടെ ആര്‍ജിക്കാവുന്ന വിഭവങ്ങളെല്ലാം ഒരു ദുര്‍ബല സമൂഹം സമാഹരിച്ചാലും സാമൂഹികമായ സ്വീകാര്യത അവക്ക് ലഭിക്കുന്നത്, സ്റ്റേറ്റ് അതിനെ പിന്തുണക്കുകയും ആ സമാഹരണത്തില്‍ പങ്കാളിയാവുകയും ചെയ്യുന്പോഴാണ്. ജനാധിപത്യത്തിന്റെ കാവല്‍ തൂണുകളായി സങ്കല്‍പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ നിന്നെല്ലാം തന്നെ ഇത്തരത്തില്‍ സമതുലിതമായ പിന്തുണ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാത്രമല്ല, ലജിസ്ലേച്ചറും ജുഡീഷ്യറിയും മാധ്യമങ്ങളുമെല്ലാം ഇതില്‍ പങ്കുവഹിക്കണം. നിര്‍ഭാഗ്യവശാല്‍, ഈ സംവിധാനങ്ങളെല്ലാം, പിന്നാക്ക വിഭാഗങ്ങളുടെ വളര്‍ച്ചയെയും പരിണാമ ഘട്ടങ്ങളെയും വികാസ മേഖലകളെയുമൊക്കെ സംശയ ദൃഷ്ടിയോടെയാണ് സമീപിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമായതാണ്. പിന്നാക്കാവസ്ഥകള്‍ കാരണം നേരിടേണ്ടിവരുന്ന വിവേചനങ്ങളെയും ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ ഇത്തരം സമൂഹങ്ങള്‍ക്ക് ആത്മവിശ്വാസവും ആത്മ ധൈര്യവും കൈവരുന്നതും സ്റ്റേറ്റില്‍ നിന്ന് പൂര്‍ണാര്‍ഥത്തിലുള്ള പിന്തുണ ലഭിക്കുന്പോഴാണ്. അത്തരം ആത്മവിശ്വാസം പകരുന്നതിന് ഭരണഘടന ഉറപ്പുനല്‍കുന്ന ഉപാധികളിലൊന്നാണ് സംവരണം. കേരളത്തില്‍ സംവരണ വിരുദ്ധ വാദം ന്യായീകരിക്കുന്നത്, സ്റ്റേറ്റിന്റെ കാര്യമായ പിന്തുണയില്ലാതെ കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എന്നതാണ് ഏറെ അപകടകരം.

കേരള മുസ്ലിംകളുടെ വളര്‍ച്ച, പലകാരണങ്ങളാല്‍ സംഭവിച്ച പിന്നാക്കാവസ്ഥകളെ മറികടക്കാനുള്ള ഒരു പ്രതിരോധം കൂടിയായിരുന്നു. പുറന്തള്ളപ്പെട്ടുപോയ മേഖലകളിലേക്കെല്ലാം സ്വയാര്‍ജിത ശേഷികളാല്‍ കടന്നുചെല്ലാനുള്ള വ്യഗ്രത ഈ വളര്‍ച്ചയില്‍ കാണാം. അതുകൊണ്ടുതന്നെ സ്‌റ്റേറ്റിന്റ സഹായങ്ങളും പിന്തുണയും വിഭവങ്ങളും വന്നുചേരുന്നത് വരെ കാത്തുനില്‍ക്കാന്‍ അവര്‍ തയാറായിരുന്നില്ല. വ്യത്യസ്ത സമുദായങ്ങളും അവയുടെ സങ്കീര്‍ണമായ ശാക്തിക സമ്മര്‍ദങ്ങളും വലിയ തോതില്‍ അധീശത്വം സ്ഥാപിച്ച കേരളീയ പൊതുമണ്ഡലത്തില്‍ സാമൂഹിക സ്വീകാര്യതയും പ്രതിരോധ-അതിജീവന ശേഷിയും കൈവരിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും മറ്റ് മേഖലകളില്‍ വിജയം വരിക്കാന്‍ കഴിഞ്ഞത് സ്റ്റേറ്റിനെ കാത്തുനില്‍ക്കാതെ നടത്തിയ ഈ മുന്നേറ്റം തന്നെയാണ്. എന്നാല്‍ അത് അസന്തുലിതമായിരുന്നു എന്ന വസ്തുത അംഗീകരിക്കാതെ വയ്യ. ഭൗതിക മേഖലകളിലുണ്ടായ വളര്‍ച്ച യഥാര്‍ഥ സാമൂഹിക വികാസമായിരുന്നില്ല. വിവേചനങ്ങളും വംശീയാക്രമണങ്ങളും നേരിടേണ്ടിവരുന്നതും ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായ വിധത്തിലുള്ള സാമൂഹിക വികാസം ആര്‍ജിക്കാത്തതുകൊണ്ടുകൂടിയാണ്. (ആക്രമിക്കുന്നവരുടെ രാഷ്ട്രീയം മറന്നുകൊണ്ടല്ല ഇതുപറയുന്നത്.)



അതിനാല്‍ വളര്‍ച്ചയില്‍ സംഭവിച്ച ഈ അസന്തുലിതത്വം പരിഹരിക്കാനുള്ള നടപടികള്‍ മുസ്ലിം സമൂഹം അടിയന്തിരമായി ഏറ്റെടുക്കേണ്ടതുണ്ട്. മുസ്ലിംകളുടെ വളര്‍ച്ചയുടെ രീതി ശാസ്ത്രവും വളര്‍ച്ചയുടെ തോതും അതില്‍ സ്റ്റേറ്റിന്റെ പങ്ക് എത്രയെന്നതും പരിശോധിക്കപ്പെടണം. ഈ ഘടകങ്ങള്‍ പഠനവിധേയമാക്കുന്ന തരത്തിലുള്ള സമഗ്രമായ സോഷ്യല്‍ ഓഡിറ്റിംഗിന് കേരളത്തിലെ മുസ്ലിം സമുദായത്തെ വിധേയമാക്കണം. കേരളത്തിന്റെ പൊതുസ്വത്ത്, ഇവിടെയുള്ള വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഏതേത് അനുപാതത്തിലാണ് വിതരണം ചെയ്യപ്പെട്ടത് എന്നത് സുപ്രധാനമാണ്. ഒരു വിഭാഗത്തിന് സാമൂഹ്യ സ്വീകാര്യത ഉറപ്പാക്കുന്നതില്‍ പൊതുസ്വത്തിന്റെ ലഭ്യത നിര്‍ണായകമാണ്. ഒരു പ്രദേശത്തെ അണ്‍എയിഡഡ് സ്‌കൂള്‍ ഉടമക്കും എയിഡഡ് സ്‌കൂള്‍ ഉടമക്കും പൊതു സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും തോതിലെ വ്യത്യാസം തന്നെ പൊതുസ്വത്തിന്റെ ലഭ്യത സാമൂഹിക വളര്‍ച്ചയില്‍ എങ്ങനെ നിര്‍ണായകമാകുന്നു എന്നത് ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താവുന്ന ഉദാഹരണമാണ്. പൊതുസ്വത്ത് അസന്തുലിതമായാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍ സാമൂഹിക വികസനം ഉറപ്പാക്കാന്‍ അവയുടെ നീതിപൂര്‍വമായ പുനര്‍വിതരണവും നടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആ കണക്കെടുപ്പ് പൊതുവിഭവങ്ങളുടെ വിന്യാസത്തെ കേന്ദ്രീകരിച്ച് തന്നെ നടക്കുകയും വേണം.

(SOLIDARITY PATHRIKA -Oct-2015)

No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...