Saturday, April 25, 2020

വിദ്യാഭ്യാസ നയം: ആശയം, അനുഭവം, ആശങ്ക




  • ആശയം



രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ അടിമുടി അഴിച്ചുപണിയുന്ന തരത്തിലുള്ള സമഗ്രമായ വിദ്യാഭ്യാസ നയം മാറ്റത്തിന് രണ്ടാം മോദി സര്‍ക്കാര്‍ തറക്കല്ലിട്ട് കഴിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെ എല്ലാ തലത്തിലും പൂര്‍ണാര്‍ഥത്തിലുള്ള തരംമാറ്റമാണ് വരുന്നത്. അധ്യയന ഘടന, പഠന മാധ്യമം, പാഠ്യപദ്ധതി, മൂല്യനിര്‍ണയം, പരീക്ഷ തുടങ്ങി പുതിയനയം തിരുത്തല്‍ നിര്‍ദേശിക്കാത്ത മേഖലകളൊന്നുമില്ല. വിദ്യാഭ്യാസത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുകയും എല്ലാവര്‍ക്കും ലഭ്യമാകും വിധം അത് സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കുകയും ചെയ്യുകയാണ് കരട് നയരേഖ മുന്നോട്ടുവക്കുന്ന അടിസ്ഥാന ആശയം. വിദ്യാഭ്യാസ മേഖലയെ ഏറെക്കുറെ സമഗ്രമായി സമീപിക്കുകയും എല്ലാ വിഭാഗത്തെയും പരിഗണിക്കുകയും ഒട്ടുമിക്ക പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ചെയ്യുന്ന കരട് നയരേഖ  ഏറെക്കുറെ സ്വതന്ത്രമായ സമീപനമാണ് പിന്തുടരുന്നത്. ബജറ്റ് വിഹിതം 20 ശതമാനമാക്കി ഉയര്‍ത്തണമെന്നത് മുതല്‍ ഗ്രോസ് എന്‍‍റോള്‍മെന്‍റ് റേഷ്യോ 50 ശതമാനത്തില്‍ എത്തിക്കണമെന്നതുവരെയുള്ള ശിപാര്‍ശകള്‍ ഈ സമീപനത്തിന് അടവരയിടുന്നു.

എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുക (ഇക്വിറ്റി),  എല്ലാവര്‍ക്കും പ്രാപ്യമായിരിക്കുക (ആക്സസ്), എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക (ക്വാളിറ്റി)  എന്നീ ആശയങ്ങളാണ് കരട് രേഖയിലൂടെ മുന്നോട്ടുവക്കുകുന്നത്. ഇവക്ക് താരതമ്യേന പ്രായോഗികമായ വഴികള്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുമുണ്ട്. അത് കുട്ടികളുടെ പ്രായംതൊട്ടേ തുടങ്ങുന്നു. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ആറുവയസ്സുമുതലാണ് നിര്‍ബന്ധിത വിദ്യാഭ്യാസം. പുതിയ നയം ഇത് മൂന്ന് വയസ്സ് മുതല്‍ എന്നാക്കി തിരുത്തുന്നു. രണ്ട് തരത്തിലുള്ള പാഠ്യപദ്ധതി ചട്ടക്കൂട് ഇതിനായുണ്ടാക്കണമെന്ന് നയരേഖ നിര്‍ദേശിക്കുന്നു. ഒന്ന് 0-3 പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കളെയും അങ്കണവാടി അധ്യാപകരെയും ലക്ഷ്യമിട്ടും രണ്ടാമത്തേത് 3 മുതല്‍ 8 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയും.
അരനൂറ്റാണ്ടിലേറെയായി രാജ്യം പിന്തുടരുന്ന 10+2+3 എന്ന വിദ്യാഭ്യാസ ക്രമം പൊളിച്ചെഴുതണം. മൂന്ന് വയസ്സ് മുതല്‍ ആരംഭിച്ച് 18 വയസ് വരെ നീണ്ടുനില്‍ക്കുന്ന തരത്തില്‍ 4 ഘട്ടമായാണ് അത് പുനക്രമീകരിക്കുന്നത്. ഇതിനെ Foundational stage, Preparatory/Latter Primary stage, Middle/Upper Primary stage, High/Secondary stage എന്നിങ്ങനെ തരംതിരിക്കുന്നു. പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതിയാണ് സ്കൂള്‍ മേഖലയിലാകെ നടപ്പാക്കുക.

ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യുമാനിറ്റീസ്, ആട്സ്, വൊക്കേഷണല്‍ വിഷയങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തുടരുന്ന തരത്തിലുള്ള 'ശത്രുതാപരമായ' വേര്‍തിരിവ് ഇല്ലാതാക്കണം. എല്ലാവര്‍ക്കും എല്ലാ വിഷയവും പഠിക്കാവുന്ന തരത്തിലുള്ള ഉദാര പാഠ്യപദ്ധതി വേണം. പാഠ്യ-പാഠ്യേതര മേഖല,  അക്കാമദിക്-വൊക്കേഷണല്‍ മേഖല എന്നിങ്ങനെ നിലവിലുള്ള വ്യത്യസ്ത ധാരകളും ഇല്ലാതാക്കും. കായികം മുതല്‍ പൂന്തോട്ട നിര്‍മാണം വരെ എല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും. പരീക്ഷാ രീതിയിലും ഘടനയിലും സമൂലമായ അഴിച്ചുപണിയാണ് കരട് നയരേഖ ശിപാര്‍ശ ചെയ്യുന്നത്. അതിന് മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്: വ്യത്യസ്ത വിഷയങ്ങള്‍ പരീക്ഷക്ക് വേണ്ടി നിശ്ചയിക്കണം.  ഇതില്‍നിന്ന്, ഒരു വിദ്യാര്‍ഥിക്ക് അവന്‍റെ അഭിരുചിക്കിണങ്ങുന്ന  പരീക്ഷക്കായി തെരഞ്ഞെടുക്കാം. പരീക്ഷ, വിഷയത്തിന്‍റെ മര്‍മം മാത്രം പരിശോധിക്കുന്നതും വിദ്യാര്‍ഥിക്ക് അനായാസം നേരിടാന്‍ കഴിയുന്നതും ആകണം. തരക്കേടില്ലാതെ പഠിക്കുന്നവര്‍ക്ക്  അനായാസം വിജയിക്കാന്‍ കഴിയണം. പരീക്ഷക്ക് സജ്ജനാണെന്ന് കുട്ടിക്ക് ബോധ്യമായാലാണ് പരീക്ഷ നടത്തേണ്ടത്.  കൂടുതല്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. സ്കൂള്‍ ഫൈനല്‍ പരീക്ഷ തന്നെ ബോര്‍ഡ് പരീക്ഷയായി കണക്കാക്കാം. ബോര്‍ഡ് പരീക്ഷ കോര്‍ വിഷയങ്ങളില്‍ മാത്രം. കന്പ്യൂട്ടറൈസ്ഡ് അഡാപ്റ്റിവ് ടെസ്റ്റ് വ്യാപകമാക്കണം.

നിലവിലെ സര്‍വകലാശാല-അഫിലിയേറ്റഡ് കോളജ് സങ്കല്‍പം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്ന് എടുത്തുകളയുന്നതാണ് നയരേഖ. ഗവേഷണ സര്‍വകലാശാലകള്‍ (research universities)‍, അധ്യാപന സര്‍വകലാശാലകള്‍ (teaching universities), കോളജുകള്‍ എന്നിങ്ങനെ മൂന്നുതരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പകരം വരുന്നത്. എല്ലാം സ്വയം ഭരണാധികാരമുള്ളവ. ഭരണപരമായും അക്കാദമുകമായും സ്വയം ഭരണം ഉണ്ടാകും. കരിക്കുലം മുതല്‍ ഫീസ് വരെ എല്ലാം അരവര്‍ക്ക് നിശ്ചയിക്കാം. 2032 ന് ശേഷം രാജ്യത്ത് അഫിലിയേറ്റഡ് കോളജുകളോ അഫിലിയേറ്റിങ് സര്‍വകലാശാലകളോ ഉണ്ടാകില്ല. 12 കൊല്ലത്തിനകം ഇങ്ങിനെ മാറാത്ത കോളജുകളെ അഡല്‍റ്റ് എജുക്കേഷന്‍ കേന്ദ്രങ്ങളോ ലൈബ്രറികളോ തൊഴിലധിഷ്ടിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളോ ആക്കി മാറ്റും. ബിരുദ പഠനം കൂടുതല്‍ ഉദാരമാക്കണം. നാല് വര്‍ഷ ബിരദു കോഴ്സുകള്‍ ആരംഭിക്കണം. അതില്‍ ഒന്നിലധികം വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താന്‍ കഴിയണം. അഥവ ഒരേ വിഷയത്തില്‍ സ്പെഷലൈസേഷനോടുകൂടി പഠിക്കുന്ന നിലവിലെ രീതിക്ക് പകരം, കുറേ വിഷയങ്ങള്‍ (multi disciplinary) പഠിക്കുകയും അതില്‍ നിന്ന് കൂടുതല്‍ താത്പര്യമുള്ള വിഷയം ആഴത്തില്‍  പഠിക്കുകയും ചെയ്യുക. ഗവേഷണ രംഗത്ത് യു ജി സി ഇല്ലാതാക്കുകയും പകരം നാ,ണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ സ്ഥാപിക്കുകയും ചെയ്യും.  ഇത്രയുമാണ് കരട് നയരേഖ മൊത്തത്തില്‍ നിര്‍ദേശിക്കുന്ന സുപ്രധാന മാറ്റങ്ങള്‍.


  • അനുഭവം



ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്ത് താരതമ്യേന മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ കരട് നയ രേഖ മുന്നോട്ടുവക്കുന്ന പല നിര്‍ദേശങ്ങളും കേരളത്തില്‍ നടപ്പാക്കിയതോ നടപ്പാക്കിക്കൊണ്ടിരിക്കുന്നതോ ആണ്. 2007ലെ  കേരള കരിക്കുലം ഫ്രെയിംവര്‍ക്ക് (പാഠ്യപദ്ധതി ചട്ടക്കൂട്) തന്നെ അതില്‍ പ്രധാനം. പ്രവര്‍ത്തനാധിഷ്ഠിത പഠനവും  വിമര്‍ശനാത്മക ബോധനശാസ്ത്രവും നിരന്തര മൂല്യനിര്‍ണയവുമെല്ലാം കേരളം പരീക്ഷിച്ചു. കളിച്ച് പഠിക്കുക എന്ന സങ്കല്‍പമായിരുന്നു ഡിപിഇപി. എന്നാല്‍ പ്രവര്‍ത്തനാധിഷ്ഠിത പഠനം എന്ന തത്വം അങ്ങേയറ്റം വികലവും അശാസ്ത്രീയവുമായാണ് കേരളത്തില്‍ നടപ്പാക്കിയത്. അക്ഷരാഭ്യാസമില്ലാത്ത തലമുറയാണ് ഈ പാഠ്യക്രമത്തിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്ന വിമര്‍ശം ഇപ്പോള്‍ ശക്തമാണ്. പ്രവര്‍ത്തനാധിഷ്ഠിത പഠനം എന്ന സങ്കല്‍പവും നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണമായി വിജയിച്ചില്ല.

സ്വയം ഭരണത്തിലും കേരളം മികച്ച പരീക്ഷണശാലയാണ്. പ്രധാന സര്‍ക്കാര്‍ കോളജുകള്‍ പോലും സ്വയംഭരണത്തിലേക്ക് നീങ്ങുകയും ഫീസിലടക്കം അതിന്റെ പ്രത്യാഘാതം പ്രതിഫലിക്കുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. സ്വയംഭരണമില്ലാത്ത സ്വാശ്രയ കോളജുകളെപ്പോലും നിയന്ത്രിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ നട്ടം തിരിയുകയും താങ്ങാനാകാത്ത ഫീസ് കാരണം പഠനമികവുള്ള കുട്ടികള്‍ക്ക് വരെ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് നിലവിലെ സ്ഥിതി വിശേഷം. കേരളത്തില്‍ ഇതിനകം നിലവില്‍വന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും അപ്രാപ്യമായിത്തുടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു  അനുഭവം. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഒരേനിയമം ബാധകമാക്കണമെന്ന നിര്‍ദേശം കരടിലുണ്ട്. എന്നാല്‍ ഇതെത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന ആശങ്ക തള്ളിക്കളയാനാകില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടനിടയിലെ കേരളത്തിലെ മാത്രം സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിക്കുന്നവര്‍ക്ക് അത് എളുപ്പം ബോധ്യപ്പെടും. സര്‍ക്കാര്‍ പണം മുടക്കുന്ന പബ്ലിക് സ്ഥാപനങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും എയ്ഡഡ് മേഖല പോലെ കേരളത്തിലും മറ്റും നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളെക്കുറിച്ച് നയത്തില്‍ വ്യക്തതയില്ല. ഇവയുടെ ഭാവിയും സര്‍ക്കാര്‍ ധനസഹായ സാധ്യതകളും എത്രവരെയെന്ന ആശയക്കുഴപ്പവും നയം ബാക്കിവക്കുന്നു.

സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങളും വിഭവ ശേഷിയും പങ്കിട്ട് ഉപയോഗിക്കുന്നതിനായി ഒരു പ്രദേശത്തെ സമീപ സ്കൂളുകള്‍ ചേര്‍ത്ത് സ്കൂള്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം കരട് രേഖയിലുണ്ട്. കേരളത്തില്‍ ക്ലസ്റ്റര്‍ കോളജുകളെന്ന പേരില്‍ സമാനമായൊരു പരീക്ഷണം നേരത്തെ നടത്തിയിരുന്നു. ഇത് ഏറെക്കുറെ പരാജയമായി മാറിയ പരീക്ഷണമാണ്. ഈ പരിപാടിയാണ് ഇപ്പോള്‍ മറ്റൊരു പേരില്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. നിരവധി പ്രായോഗിക കടന്പകള്‍ അവശേഷിക്കുന്ന ഈ പദ്ധതി ഫലത്തില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് തിരിച്ചടിയായിത്തീരും.  ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതെ ഏതുതരം നയം രൂപീകരിച്ചിട്ടും ഫലമുണ്ടാകില്ല.

വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഒട്ടുമിക്ക പരീക്ഷണങ്ങളും അതിന്റെ നടത്തിപ്പിലെ വീഴ്ചകള്‍കൊണ്ട് മാത്രം പരാജയമായപ്പെട്ടവയാണ്. കാര്യക്ഷമതയില്ലാത്ത ഭരണ സംവിധാനങ്ങളാണ് അതില്‍ പ്രധാനം. അവിടെയാണ് പരീക്ഷയും പഠനവുമെല്ലാം അത്യന്തം ഉദാരവും വിദ്യാര്‍ഥി സൌഹൃദവുമാക്കുന്നത്. ഇതുവരെയുള്ള അനുഭവങ്ഹല്‍ മുന്നില്‍വച്ച് ആലോചിച്ചാല്‍ പുതിയ മാറ്റങ്ങല്‍ വിപരീതഫലം ചെയ്യുമെന്നേ കരുതാനാകൂ. മറിച്ച് സംഭവിക്കാന്‍ അത്രമേല്‍ സൂക്ഷ്മമവും ജാഗ്രത്തുമായ നിര്‍വഹണ സംവിധാനം കൂടി ഇതോടൊപ്പം ആവിഷ്കരിക്കണം.


  • ആശങ്ക



1986ല്‍ നിലവില്‍ വന്ന നയപ്രകാരമാണ് ഇപ്പോള്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖല നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും. രാഷ്ട്രഘടനയെ ശാക്തീകരിക്കുകയും വഴിനടത്തുകയും ചെയ്യുന്ന ഭരണാഘടനാ ‌മൂല്യങ്ങളിലധിഷ്ഠിതമായ നയരേഖയാണ് അന്നത്തെ സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ഏറെക്കുറെ ആ ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുതകുന്ന തരത്തിലുള്ള പാഠ്യപദ്ധതി തന്നെയാണ് പിന്നീട് നിലവില്‍വന്നതും. എന്നാല്‍ പുതിയ കരട് നയം അത്തരമൊരു വീക്ഷണമല്ല മുന്നോട്ടുവക്കുന്നത്. എന്ന് മാത്രമല്ല, ആധുനികവും ഭരണഘടനാധിഷ്ഠിതവുമായ മൂല്യ സങ്കല്‍പങ്ങളോട് നിശ്ചിത ദൂരം പാലിക്കാന്‍ നയരേഖ അതിന്റെ വരികളിലുടനീളം ശ്രദ്ധിക്കുന്നുമുണ്ട്. പുരാതന ഇന്ത്യയിലാണ് അതിന് കൂടുതല്‍ താത്പര്യം‍. മത്സരാധിഷ്ഠിത ലോക കന്പോളത്തിനും തൊഴില്‍ വിപണിക്കും ഇണങ്ങുന്ന മനുഷ്യ ഫാക്ടറികള്‍ സ്ഥാപിക്കലാണ്  വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന സന്ദേശമാണ് നയരേഖ പുറത്തേക്ക് നല്‍കുന്നത്. അതിനിണങ്ങുന്ന പൌര സമൂഹത്തെയും മാനവവിഭവ ശേഷിയെയും സൃഷ്ടിക്കുന്ന തരത്തിലാണ് പലപദ്ധതികളും ആവിഷ്കരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലേക്ക് അപകടകരാംവിധം വികസിക്കാന്‍ വേണ്ട എല്ലാ വഴികളും ഉള്ളടങ്ങിയതാണ് അതിന്റെ ആശയാടിത്തറ. കരട് നയ രേഖയിലെ ഭാഷാ പഠനവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷമാകുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജ്യമാകെ ഹിന്ദി വിരുദ്ധ പ്രക്ഷോഭമുയര്‍ന്നു. ഭാഷാ വൈവിധ്യത്തെ നിരാകരിച്ച് നയം ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. ഹിന്ദിയേതര സംസ്ഥാനങ്ങളിലെല്ലാം എതിര്‍ ശബ്ദങ്ങളുയര്‍ന്നു. വലിയ പ്രതിഷേധമവും അരങ്ങേറി.  ഹിന്ദി നിര്‍ബന്ധമാക്കില്ലെന്നും നിലവില്‍ പിന്തുടരുന്ന ത്രിഭാഷാ പഠന പദ്ധതി തന്നെയാണ് പുതിയ നയവും പിന്തുടരുക എന്നും സര്‍ക്കാറിന് തിരുത്തേണ്ടിവന്നു. അത് മുഖവിലക്കെടുത്താല്‍ പോലും പുതിയ നയത്തിലൂടനീളം ഭാഷ, ഒരു പ്രശ്നമേഖലയായി നിറഞ്ഞുനില്‍ക്കുന്നവെന്ന ആശങ്ക അവഗണിക്കാനാകില്ല. ഇംഗ്ലീഷിനെ ഒഴിവാക്കുകയും പ്രാദേശിക ഭാഷയിലേക്ക് വ്യവഹാരം ചുരുക്കുകയും ചെയ്യുക എന്നതിനാണ് കരട് നയം ഊന്നല്‍ നല്‍കുന്നത്.  വികസിത രാജ്യങ്ങളെ മാതൃകയാക്കി ഇംഗ്ലീഷ് വിരുദ്ധ, ഇന്ത്യന്‍ ഭാഷാ വാദമാണ് കരട് നയം ശിപാര്‍ശ ചെയ്യുന്നത്. അത്തരംരാജ്യങ്ങളിലെല്ലാം ഒരു പൊതുഭാഷയുണ്ട് എന്നും ഇന്ത്യക്ക് അങ്ങിനെയൊന്നില്ല എന്നും ഭാഷാ വൈവിധ്യമാണ് രാജ്യത്തിന്റെ സവിശേഷതയെന്നുമുള്ള വസ്തുത നയം കണ്ടില്ലെന്ന് നടിക്കുന്നു. ഇന്ത്യക്കാരന് അതിജീവനത്തിന് അന്താരാഷ്ട്ര ഭാഷ അനിവാര്യമാണെന്ന വസ്തുതയും കരട് രേഖയുണ്ടാക്കിയവര്‍ മറച്ചുവക്കുന്നു.

ഭാഷാ പഠനം എന്നാല്‍ സംസ്കാരവും സാഹിത്യവും പഠിക്കല്‍ കൂടിയാണ്. ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകളോട് കഠിനമായ വിയോജിപ്പും ഇന്ത്യന്‍ ഭാഷകളില്‍ അമതിമായ ഊന്നലുമാണ് നയത്തില്‍. ഭാഷാ പഠനത്തിലൂടെ തുറക്കപ്പെടുന്ന സാംസ്കാരിക വിനിമയ സാധ്യതകളെക്കൂടി ഇത് ഇല്ലാതാക്കും. ആഗോള നിലവാരവും സാധ്യതയുമുള്ള വിദ്യാഭ്യാസം സ്വപ്നംകാണുന്ന നയത്തിന് പക്ഷെ, ഭാഷയുടെ കാര്യത്തില്‍  ഈ വിശാല വീക്ഷണമില്ല. ഇംഗ്ലീഷിനോട് ശത്രുതാപരമായ നിലപാടാണ് കരട് നയം സ്വീകരിക്കുന്നത്. ഇംഗ്ലീഷിന്‍റെ പ്രാമുഖ്യം മറികടക്കണം, ഇംഗ്ലീഷ് ഇന്ത്യന്‍ ഉപരിവര്‍ഗത്തിന്‍റെ ഭാഷയാണ്, മറ്റുള്ളവരെ അത് അരികുവത്കരിക്കുന്നു, വിദ്യാഭ്യാസ നിലവാരത്തിന്റെ മാനദണ്ഡമായി മാറുന്നു, ഇംഗ്ലീഷറിയാത്തവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ നഷ്ടമാകുന്നു, പ്രതിഭകള്‍ക്ക് വളരാന്‍ ഇംഗ്ലീഷ് തടസ്സമാകുന്നു,  രക്ഷിതാക്കളില്‍ ഇംഗ്ലീഷ് ഭ്രമം സൃഷ്ടിക്കുന്നു തുടങ്ങി അതിരൂക്ഷമായ ഭാഷയില്  ഇംഗ്ലീഷിനെതിരെ ദീര്‍ഘമായ ഒരു കുറ്റപത്രം തന്നെ കരട് നയത്തിലുള്‍പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ആധിപത്യം അവസാനിപ്പിക്കണം, ഇന്ത്യന്‍ ഭാഷകളുടെ പ്രതാപം തിരിച്ചുപിടിക്കണം, ഭാഷാ-സാഹിത്യ പഠനം ഇന്ത്യന്‍ ഭാഷകളില്‍ മാത്രമാകണം എന്നിങ്ങനെ ഒരു കര്‍മ പദ്ധതിയും കരട് മുന്നോട്ടുവക്കുന്നു. ഇന്ത്യക്കാര്‍ തമ്മിലെ ആശയ വിനിമയം ഇന്ത്യന്‍ ഭാഷയിലായിരിക്കണം എന്നതാണ് നയരേഖ മുന്നോട്ടുവക്കുന്ന മറ്റൊരു സുപ്രധാന നിര്‍ദേശം. ഇതെല്ലാം പരോക്ഷമായ ഹിന്ദിവത്കരണത്തിനുള്ള നീക്കമാണെന്ന ആരോപണം വസ്തുതാപരമായി നിഷേധിക്കാനോ ഹിന്ദേയതര സംസ്ഥാനങ്ങളുന്നയിച്ച ആശങ്കകള്‍ ദൂരീകരിക്കാനോ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

മലയാളിയോ തമിഴനോ മറാഠിയോ ഗുജറാത്തിയോ മണിപ്പൂരിയോ അവരവരുടെ സംസ്ഥാനത്തിന് പുറത്തുപോയാല്‍ പിന്നെ പൊതുവായ ആശയവിനിമയത്തിന് ആശ്രയിക്കുന്നത് ഇംഗ്ലീഷിനെയാണ് എന്ന വസ്തുത ഹിന്ദി ഭ്രമത്തിനിടെ കസ്തൂരിരംഗന്‍ കമ്മിറ്റി വിസ്മരിച്ചു. ഒരു രാജ്യം ഒരൊറ്റ ഭാഷ എന്ന തത്വമാണ് കരട് നയത്തിലെ പരോക്ഷമായ സമീപനം. അധ്യയന മാധ്യമം പ്രാദേശിക ഭാഷയാകണമെന്ന നിബന്ധനക്കൊപ്പം, സംസ്കൃത്തതിന് മുന്‍ഗണന നല്‍കണമെന്നും പറയുന്നു. എല്ലാ അറിവുകളുടെയും സ്രോതസ്സാണ് സംസ്കൃതം എന്ന ധ്വനി നയരേഖയുടെ വരികള്‍ക്കിടയില്‍ കാണാം. സംസ്കൃതം അടക്കം ക്ലാസിക്കല്‍ ഭാഷകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അതിലെ സാഹിത്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ശാസ്ത്രവും ഗണിത ശാസ്ത്രവും വൈദ്യ ശാസ്ത്രവും ഒക്കെയുള്ള സംസ്കൃതം പഠിപ്പിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കണം. മറ്റ് സ്കൂള്‍ വിഷയങ്ങളുമായി സംസ്കൃതത്തെ ബന്ധിപ്പിക്കണം. ഹിന്ദി വിട്ടാല്‍ പിന്നെ സംസ്കൃതത്തിലാണ് കരട് നയത്തിന്റെ ശ്രദ്ധ.

എന്നാല്‍ ഏറ്റവും കനത്ത ആശങ്ക നിലനില്‍ക്കുന്നത് പുതിയ നയം നടപ്പാക്കുന്നതിന് കമ്മിറ്റി മുന്നോട്ടുവക്കുന്ന അതികേന്ദ്രിത സംവിധാനത്തിലാണ്. ഗവേഷണമടക്കം വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ മാറ്റങ്ങളുടെയും നിയന്ത്രണം പ്രധാനമന്ത്രിയിലായിരിക്കണമെന്നാണ് കരടിലെ ശിപാര്‍ശ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരുപോലെ അധികാരമുള്ള കണ്‍കറന്‍റ് പട്ടികയില്‍ പെട്ട വിദ്യാഭ്യാസം, പുതിയ നയം നടപ്പാക്കുന്നതോടെ ഏറെക്കുറെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് മാറും. നയരൂപീകരണത്തില്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് നയം വിഘാതം സൃഷ്ടിക്കും. അത് നടപ്പാക്കാനുള്ള ഭരണസംവിധാനത്തിന്റെ ഘടനയും രൂപകല്‍പനയും വീകേന്ദ്രീകരണം എന്ന തത്വത്തെ നിരാകരിക്കുന്നതും സംസ്ഥാന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതുമാണ്. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ (എന്‍ ഇ സി) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കായിരിക്കും ഇതിന്റെ ചുമതല. സമിതിയുടെ തലവനാകട്ടെ പ്രധാനമന്ത്രിയും. വിദ്യാഭ്യാസ മേഖലയിലെ ഏത് പദ്ധതിയും ഏത് സമയത്തും പുനരാലോചിക്കാനും പരിഷ്കരിക്കാനും കമ്മീഷന് അധികാരമുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏത് സ്ഥാനപത്തിന്റെയും ബഡ്ജറ്റും ധനവിനിയോഗം അടക്കം എല്ലാ സാന്പത്തിക ഇടപാടുകളും കമ്മീഷന് നിയന്ത്രിക്കാം.  ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കാനുള്ള നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ഗവേണിങ് ബോഡിയെ നിയമിക്കുന്നതും എജുക്കേഷന്‍ കമ്മീഷനായിരിക്കും. ഫലത്തില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് പൂര്‍ണാധികാരവും അവസരവും നല്‍കുന്ന, രാഷ്ട്രീയ അജണ്ടകള്‍ അനായാസം നടപ്പാക്കാന്‍ കഴിയുന്ന തരത്തിലാണ് ദേശീയ കമ്മീഷന്റെ  രൂപകല്‍പന.

അനിയന്ത്രിതമായ സ്വകാര്യവത്കരണത്തിന് വഴിവക്കുന്ന തരത്തിലുള്ള സന്പൂര്‍ണ സ്വയംഭരണം ശിപാര്‍ശ ചെയ്യുന്നുവെന്നതാണ് കരട് നയ രേഖയിലെ ആശങ്കയുയര്‍ത്തുന്ന മറ്റൊരു മേഖല. എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാകുന്ന തരത്തില്‍ പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ പൊതുപണം ചിലവിടുന്നതിന്‍റെ തോത് വര്‍ധിപ്പിക്കണമെന്നും കരട് രേഖ നിര്‍ദേശിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും സ്വയംഭരണം വേണമെന്നതിലാണ് നയത്തിന്റെ ഊന്നല്‍. സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭകരമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തടയിട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങളാണ് സ്വയംഭരണമെന്ന ആശയത്തിന് തടസ്സമായതെന്ന വിമര്‍ശം നയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നവീനമായ ആശയങ്ങള്‍ കൊണ്ടുവരുന്നതിന് വിഘാതമായി. ഈ പ്രതിബന്ധം മറികടക്കാന്‍ സ്വയംഭരണത്തോട് ഉദാര സമീപനം സ്വീകരിക്കണമെന്നാണ് ശിപാര്‍ശ. സ്വകാര്യ നിക്ഷേപത്തില്‍ ചെറു നിയന്ത്രണങ്ങള്‍ മതി.

സന്പൂര്‍ണ സ്വയംഭരണമാണ് നയം വിഭാവനം ചെയ്യുന്നത്. അത് അക്കാദമികമായ സ്വയം ഭരണം മാത്രമല്ല. ഫീസ് നിര്‍ണയിക്കാനും ശന്പളം നിശ്ചയിക്കാനും സ്ഥാപനം നടത്തിക്കൊണ്ടുപോകാനുമുള്ള പൂര്‍ണ അധികാരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ പാഠ്യപദ്ധതി സ്വയം നിശ്ചയിക്കാം. അവര്‍ക്കുവേണ്ട ഫീസും ഈടാക്കാം. അധ്യാപക പരിശീലനത്തിലടക്കം സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സഹായം നല്‍കണം. എല്ലാവര്‍ക്കും എത്തിപ്പിടിക്കാവുന്ന വിദ്യാഭ്യാസ സംവിധാനമെന്ന എന്ന നയരേഖ തന്നെ മുന്നോട്ടുവക്കുന്ന സങ്കല്‍പത്തെ അപ്പാടെ അട്ടിമറിക്കുന്നതാണ് ഈ സ്വാശ്രയവത്കരണം. ക്രമേണ എല്ലാ സ്ഥാപനങ്ങളും സ്വയംഭരണത്തിലെത്തണമെന്ന് നയം സ്വപ്നം കാണുന്നു.  സ്വകാര്യ മേഖലയെ ചൂഷണരഹിതമാക്കി മാറ്റാനുതകുന്ന ഒന്നും നയത്തിലില്ല. വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും സംവരണം നിലനിര്‍ത്തുന്നിനെപ്പറ്റി നയത്തില്‍ വ്യക്തതയില്ല. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കാര്യത്തില്‍ പലയിടത്തും പരാമര്‍ശമുണ്ട്. സ്വകാര്യവത്കരണം ശക്തമാകുന്നതോടെ സാമൂഹികമായി ദുര്‍ബലരായവര്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് അതിവേഗം പുറന്തള്ളപ്പെടുമെന്ന ആശങ്ക അസ്ഥാനത്തല്ല. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തതും അപ്രാപ്യമായതും അതുവഴി തുല്യാവസരം നിഷേധിക്കപ്പെടുന്നതുമായി വിദ്യാഭ്യാസം മാറും.

ഇതുവരെയുള്ള അനുഭവങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാല്‍ ആശങ്കകള്‍ക്കൊപ്പം ഒരുതരം അവിശ്വാസംകൂടി നയരേഖയെക്കുറിച്ചുണ്ടാകുന്നുണ്ട്. കരട് പങ്കുവക്കുന്ന നയങ്ങള്‍ രൂപീകരിക്കപ്പെട്ട ആശയാടിത്തറ വരികള്‍ക്കിടയിലൂടെ വ്യക്തമാണ്. ഈ സൈദ്ധാന്തിക ചട്ടക്കൂടും ആശയാടിത്തറയും ജനാധിപത്യത്തെയും മേതതരത്വത്തെയും പിന്തുടരുന്നവരെ ഭയപ്പെടുത്തുന്നുമുണ്ട്.
നയം നടപ്പാക്കാനുള്ള സംവിധാനവും അതിനുണ്ടാക്കേണ്ട കമ്മീഷനുകളും വഴി ഫലത്തില്‍ അധികാരം കേന്ദ്ര സര്‍ക്കാറില്‍ കേന്ദ്രീകരിക്കുകയാണ്. അതാകട്ടെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും. ഹിന്ദുത്വ അജണ്ടക്ക് അനുസൃതമായ തരത്തില്‍ നയ നിലപാടുകളെ വ്യാഖ്യാനിച്ച് നടപ്പാക്കാന്‍ ശേഷിയുള്ളവരാണ് ഇന്ന് ഇന്ത്യന്‍ ഭരണരംഗത്തും അതിന്റെ അനുബന്ധവേദികളിലും എത്തുന്നത് എന്നത് ഈ ആശങ്കയെ ഇരട്ടിയാക്കുന്നു. കരട് നയരേഖ തുടങ്ങുന്നത് ഡോ. അംബേദ്കറെ ഉദ്ദരിച്ച് കൊണ്ടാണ്: 'ഭരണഘടന എത്രനല്ലതാണെങ്കിലും നടപ്പാക്കുന്നത് മോശം ആളുകളാണെങ്കില്‍ അത് മോശമാകും' എന്നാണ് ആമുഖത്തിലെ ഉദ്ദരണി. നയം നടപ്പാക്കുന്നവരെക്കുറിച്ചും ഇതുതന്നെയാണ് പറഞ്ഞുവക്കേണ്ടത്.

(രിസാല വാരിക, 2019 ജൂലൈ)

No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...