കേരളത്തിലെ സുപ്രധാന ആണ്ടറുതി ഉല്‍സവങ്ങളിലൊന്നാണിപ്പോള്‍ സ്വാശ്രയം. മേയ് മാസം പൊതുപ്രവേശ പരീക്ഷാഫലം പ്രസിദ്ധീകരിച്ചാലുടന്‍ മാധ്യമങ്ങളില്‍ ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടും. സ്വാശ്രയം പ്രതിസന്ധിയില്‍, മെറിറ്റില്‍ ഫീസ് കൂടും തുടങ്ങിയ സ്ഥിരം തലക്കെട്ടുകള്‍ വരെ അവക്കുണ്ട്. 'കൊല്ലം തോറും നടത്തിവരാറുള്ള പൂരാഘോഷം ഇക്കൊല്ലവും...'എന്നുതുടങ്ങുന്ന ഉത്സവക്കമ്മിറ്റി നോട്ടീസ് ഓര്‍മിപ്പിക്കും മട്ടിലെ വാര്‍ത്തകള്‍. അതോടെ സര്‍ക്കാര്‍, മാനേജ്മെന്റുകള്‍, മാധ്യമങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയ ആവേശക്കമ്മിറ്റിക്കാര്‍ രംഗത്തെത്തും. പിന്നെയൊരു മൂന്നുമാസം കേരളമാകെ പുകിലാണ്. ചര്‍ച്ച, സമരം, ബഹളം, പ്രവേശം, കോടതി, അപ്പീല്‍ അങ്ങനെ പലതരം വെടിക്കെട്ടുകള്‍ അരങ്ങേറും. ഉത്സവം കൊടിയിറങ്ങുമ്പോള്‍ പൊരിക്കച്ചവടക്കാരന്റെ പണപ്പെട്ടി പോലെ മാനേജ്മെന്റുകളുടെ അക്കൌണ്ട് അനായാസം നിറഞ്ഞുകവിയും. വിദ്യാര്‍ഥി സംഘടനകളുടെ രജിസ്റ്ററില്‍ ആളെണ്ണം കൂടും. സര്‍ക്കാറിന്റെ ഭരണനേട്ട പട്ടികയില്‍ പൊന്‍തൂവല്‍ പാറും. പണം പോയാലും കുട്ടികള്‍ക്കും കുടുംബക്കാര്‍ക്കും ഡോക്ടറുടെ പത്രാസ് കിട്ടിയ സന്തോഷം. മാധ്യമങ്ങള്‍ക്ക് വിവാദ സദ്യയൊരുക്കിയ സംതൃപ്തിയും. അങ്ങനെ ആര്‍ക്കും നഷ്ടമില്ലാത്ത സമ്പദ്സമൃദ്ധമായ ഒരുല്‍സവമായി അതവസാനിക്കും.
ഒരിക്കലുമഴിക്കാന്‍ കഴിയാത്ത കുരുക്കാണ് സ്വാശ്രയമെന്ന് ഈ കളിയില്‍ വേഷം കെട്ടുന്നവരാരും കരുതുന്നില്ല. അതങ്ങനെയങ്ങ് അഴിക്കേണ്ടെന്ന് എല്ലാവരും ഒത്തുതീര്‍പ്പിലെത്തുകയാണ്. പ്രത്യയശാസ്ത്ര പ്രചോദിതരായ ഇടതുപക്ഷത്തിന്റെ ഭരണം പോലും സ്വാശ്രയത്തില്‍ ഒത്തുതീര്‍പ്പുകളുടെ പുഷ്കല കാലമായിരുന്നു. ഈ ഒത്തുകളികള്‍ തന്നെയാണ് സ്വാശ്രയത്തെ ഇത്രമേല്‍ സങ്കീര്‍ണമാക്കുന്നത്. ആര്‍ക്കും എവിടെവച്ചും ഏത് ദിവസവും സ്വാശ്രയ വിവാദമുണ്ടാക്കാം. വിവാദത്തിന്റെ എത് ഘട്ടത്തിലും ന്യായീകരണങ്ങളുണ്ടാക്കി പരിഹാരം പ്രഖ്യാപിക്കാം. ഭരണ പ്രതിപക്ഷത്തിന് പര്സപരം വിമര്‍ശിക്കാം. ഏത് ന്യായം പറയാനും കോടതി വിധി ഉദ്ധരിക്കാം. ഉച്ചത്തില്‍ വിരല്‍ചൂണ്ടി ആര്‍ക്കും നേട്ടം കൊയ്യാനാകുംവിധം കൈയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയാണ് കേരളത്തിലെ സ്വാശ്രയം.
ഒത്തുകളിയുടെ രാഷ്ട്രീയ പാഠങ്ങള്‍
കേരള സ്വാശ്രയത്തിലെ ഒത്തുകളികള്‍ക്ക്, അതിന്റെ സ്ഥാപകനും സാമൂഹ്യ നീതി സൈദ്ധാന്തികനുമായ എ.കെ ആന്റണിയുടെ ഭരണകാലത്തോളം തന്നെ പഴക്കമുണ്ട്. അലസിപ്പോയ ചര്‍ച്ചക്ക് ശേഷം ഏകപക്ഷീയമായി ഫീസ് പ്രഖ്യാപിച്ച മന്ത്രി പി. ശങ്കരനെയും ഒരെതിര്‍പ്പുമില്ലാതെ അതംഗീകരിച്ച മാനേജ്മെന്റുകളെയും കണ്ടാണ് ആദ്യം കേരളം ഞെട്ടിയത്. അക്കൊല്ലം പിന്നീട് ഫീസിന്റെ മറവില്‍ പകല്‍കൊള്ള നടന്നു. ഇത്തരം ഒത്തുതീര്‍പ്പുകള്‍ വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചു. സകല മേഖലകളിലും ഒത്തുകളികളുണ്ടായി. ന്യൂനപക്ഷാധികാരത്തിന്റെ മറവില്‍ ഇടതുസര്‍ക്കാറുമായി പരസ്യമായി ഏറ്റുമുട്ടിയ ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് വരെ കിട്ടി എം.എ ബേബി വക ഒത്തുതീര്‍പ്പാനുകൂല്യം. മാനേജ്മെന്റുകള്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുന്നവയായിരുന്നു എല്ലാ ഒത്തുതീര്‍പ്പുകളും. ഇക്കൊല്ലത്തെ സ്വാശ്രയ വിവാദം തുടങ്ങുന്നതും സമാനമായ ആരോപണങ്ങളില്‍ നിന്നാണ്. മെഡിക്കല്‍ ബിരുദാനന്തര ബിരുദ സീറ്റുകള്‍ വിട്ടുകൊടുത്തതിനെതിരെ ഇടതുപ്രതിപക്ഷം തെരുവിലിറങ്ങിയതോടെ സമരവഴികള്‍ പതിവുപോലെ ചോരച്ചാലുകളായി. അമൃതമെഡിക്കല്‍ കോളജിനെ സ്വാശ്രയ ചിത്രത്തില്‍നിന്ന് മായ്ച്ചുകളഞ്ഞതിന്റെയും ക്രിസ്ത്യന്‍ കോളജുകളെ സ്വന്തം ഏജന്‍സിയുടെ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്തിയതിന്റെയും പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ കോളജുകള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കിയതിന്റെയുമൊന്നും കുറ്റബോധമേശാത്ത ആവേശവുമായി ഇടതുപക്ഷത്തിന് തെരുവിലറിങ്ങാനായതും സ്വാശ്രയ ഒത്തുതീര്‍പ്പുകളുടെ ഈ സവിശേഷതകൊണ്ട് തന്നെയാണ്.
സാമൂഹ്യ നീതിയുടെ ഗതി
രണ്ട് സ്വാശ്രയം സമം ഒരു സര്‍ക്കാര്‍ കോളജ് എന്നായിരുന്നു അണ്‍എയിഡഡ് പ്രൊഫഷണല്‍ കോളജുകള്‍ അനുവദിക്കാന്‍ എ.കെ ആന്റണി മുന്നോട്ടുവച്ച ന്യായം. ഒരു സ്വാശ്രയ കോളജിലെ പകുതി സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുക എന്നതായിരുന്നു ഈ സമീകരണത്തിന്റെ അര്‍ഥം. എന്നാല്‍ ഈ സങ്കല്‍പം സര്‍ക്കാറും മാനേജ്മെന്റുകളും ചേര്‍ന്ന് തകര്‍ത്തു. ഓരോവര്‍ഷവും ഇതില്‍ മാറ്റങ്ങളുണ്ടായി. ഇടക്ക്, മെറിറ്റില്‍ കുറഞ്ഞ ഫീസ്, മാനേജ്മെന്റ് സീറ്റില്‍ കൂടുതല്‍ എന്നായി തത്വം. കുറവ് എന്നാല്‍ മാനേജ്മെന്റ് സീറ്റില്‍ നിശ്ചയിച്ച ഫീസിനേക്കാള്‍ എന്ന നിലയില്‍ പിന്നെ ഈ താരതമ്യം മാറ്റി. കഴിഞ്ഞവര്‍ഷം മെറിറ്റില്‍ മാത്രം മൂന്ന് തരം ഫീസ് വന്നു. സര്‍ക്കാര്‍ ഫീസില്‍ ഒരു കോളജില്‍ പഠിക്കാനായത് വെറും ഏഴുപേര്‍ക്ക് മാത്രം. ഭൂരിഭാഗവും പഠിച്ചത് ഒന്നേകാല്‍ ലക്ഷം കൊടുത്തും! നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച് മുഴുവന്‍ സീറ്റിലും ഉയര്‍ന്ന ഫീസുമായി മറ്റൊരു വഴിക്ക് പിടിച്ചു.
കേരളത്തിന്റെ കുട്ടികള്‍ അന്യസംസ്ഥാന ലോബിയുടെ ചൂഷണത്തിനിരയാകുന്നു എന്നതായിരുന്നു സ്വാശ്രയ ന്യായത്തിലെ മറ്റൊരു വാദം. കേരളത്തിന്റെ പണം കേരളത്തില്‍ തന്നെ കിടക്കട്ടെ എന്ന സാമ്പത്തിക ശാസ്ത്രവും അന്ന് പ്രചാരം നേടി. ഇപ്പോള്‍ ഇടത്തരം മലയാളിക്ക് മെഡിസിന് പഠിക്കാന്‍ അയല്‍ സംസ്ഥാന ചൂഷണമാണ് നല്ലത് എന്നായി കാര്യങ്ങള്‍. കര്‍ണാടകയില്‍ എം.ബി.ബി.എസ് മെറിറ്റ് സീറ്റില്‍ 35,000 രൂപയും മാനേജ്മെന്റ് സീറ്റില്‍ 3.25 ലക്ഷവുമാണ് ഫീസ്. കേരളത്തില്‍ ഇക്കൊല്ലത്തേക്ക് കോടതി അനുവദിച്ചത് എല്ലാ സീറ്റിലും 3.5 ലക്ഷം രൂപ! ബി.ഡി.എസ് മുതല്‍ മറ്റ് മെഡിക്കല്‍ കോഴ്സുകളിലും എഞ്ചിനീയറിംഗിലും സ്ഥിതി വ്യത്യസ്തമല്ല. ഇങ്ങനെ, സ്വാശ്രയത്തിന് പറഞ്ഞ ന്യായങ്ങളെല്ലാം അട്ടിമറിക്കുന്നതായിരുന്നു ഓരോവര്‍ഷത്തെയും ഒത്തുതീര്‍പ്പുകള്‍. പതിറ്റാണ്ട് കാലത്തെ പരീക്ഷണത്തിനൊടുവില്‍ കേരളം സ്വപ്നം കണ്ട സ്വാശ്രയത്തിലെ സാമൂഹ്യ നീതി ഒടുവില്‍ അതിവിചിത്രമായ സമവാക്യമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
സഭയുടെ നീതി
സ്വാശ്രയത്തില്‍ പ്രധാനമായ മെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന നാല് തരം മാനേജ്മെന്റുകളാണ് കേരളത്തിലുള്ളത്. 11 കോളജുകള്‍ക്ക് അംഗത്വമുള്ള പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍, നാല് കോളജുകളുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റ് ഫെഡറേഷന്‍, ഡീംഡ് പദവിയില്‍ ഒറ്റക്ക് പ്രവര്‍ത്തിക്കുന്ന അമൃത മെഡിക്കല്‍ കോളജ്, സഹകരണ കോളജുകള്‍ എന്നിവ. ഇതില്‍ ക്രിസ്ത്യന്‍ കോളജുകള്‍ സീറ്റ് പങ്കിടാനും ഫീസ് കുറക്കാനും തയാറല്ലെന്ന് പ്രഖ്യാപിച്ചവരാണ്. സ്വാശ്രയത്തില്‍ മെറിറ്റ് എന്നൊന്നില്ല എന്നതാണ് അവരുടെ നീതി. മറിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഫീസ് കുറച്ചുകൊടുക്കും. ക്രോസ് സബ്സിഡി നിരോധിച്ച സുപ്രീംകോടതി വിധിയാണ് ക്രിസ്ത്യന്‍ കോളജുകളുടെ ബലം. ഏകീകൃത ഫീസ് അനുവദിച്ചാല്‍ പകുതി സീറ്റ് വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അവര്‍ പറയുന്നുമുണ്ട്. സര്‍ക്കാറുമായി ചര്‍ച്ചയുമില്ല, സഹകരണവുമില്ല.
പകുതി സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കുകയും അതില്‍ കുറഞ്ഞ ഫീസിന് പകരം മാനേജ്മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസ് ഈടാക്കുകയുമാണ് അസോസിയേഷന്‍ കോളജുളകുടെ രീതി. ഇതിനാണ് സര്‍ക്കാറുമായി ഇവര്‍ കരാറുണ്ടാക്കുന്നത്. സമാന രീതിയിലുള്ള കര്‍ണാടക ഫീ പാക്കേജ് കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷനും സര്‍ക്കാറും ഇതിനെ ന്യായീകരിക്കുന്നു. കുറഞ്ഞ ഫീസില്‍ കുറച്ചുസീറ്റ് വിട്ടുകിട്ടുന്നതിനാല്‍ സര്‍ക്കാറിന് താല്‍പര്യവും ഇതുതന്നെ. ഉടമയുടെ ആള്‍ദൈവത്വത്തിനെറ കരുത്തില്‍ സ്വാശ്രയ ചര്‍ച്ചകളിലൊന്നും അമൃത ഇതുവരെ പരാമര്‍ശിക്കപ്പെട്ടിട്ടില്ല.
സാമൂഹ്യ നീതിയുടെ പേരില്‍ പകുതി സീറ്റ് വിട്ടുകൊടുത്ത് ബാക്കി സീറ്റില്‍ സമ്പൂര്‍ണ സ്വാതന്ത്യ്രമനുഭവിക്കുന്ന അസോസിയേഷനും അങ്ങനെയൊരു നീതിയേയില്ലെന്ന് പ്രഖ്യാപിച്ച ക്രൈസ്തവ സഭകളും നയിക്കുന്ന രണ്ട് ഉടമാ ചേരികളുടെ സാമ്പത്തിക^രാഷ്ട്രീയ താല്‍പര്യങ്ങളാണ് കേരളത്തിലെ സ്വാശ്രയ തര്‍ക്കങ്ങളുടെ കാതല്‍. ഇക്കാര്യത്തില്‍ പരിമിതമായ അധികാരം മാത്രമുള്ള സര്‍ക്കാര്‍ ഇതില്‍ മൂന്നാം കക്ഷിയാകാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ്. അധികാരമില്ലാത്ത ഈ മധ്യസ്ഥന്‍ വിട്ടുവീഴ്ചകളിലൂടെ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിന്റെ ദുരന്തങ്ങളാണ് കേരളം അനുഭവിക്കുന്നത്. ഇരുപക്ഷത്തിനും വാഗ്ദാനങ്ങള്‍ നിരത്തി കൂടെനിര്‍ത്താനാകുമോ എന്നത് മാത്രമാണ് സര്‍ക്കാറുകളുടെ നോട്ടം. ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ വിരോധംകൂടി കാരണമാക്കി അത്തരമൊരു ഒത്തുതീര്‍പ്പില്‍നിന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ക്രൈസ്തവ സഭകള്‍ വിട്ടുപേകുകയായിരുന്നു. എന്നാല്‍, മുഹമ്മദ് കമ്മിറ്റിയും കാലിക്കറ്റ് സര്‍വകലാശാലയും ക്രിസ്ത്യന്‍ കോളജുകളുടെ ക്രമവിരുദ്ധ പ്രവേശങ്ങള്‍ക്കെതിരെ നടപടിക്ക് ശ്രമിച്ചപ്പോള്‍ അത് അട്ടിമറിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ഇടതുസര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നീക്കം നടത്തിയത്. അനിയന്ത്രിതമായ അധികാര സ്ഥാപനങ്ങളാണ് ന്യൂനപക്ഷ പദവിയുള്ള കോളജുകളെന്ന് സ്ഥാപിക്കാന്‍ ഇടതുപക്ഷം ഇതുവഴി അവസരമൊരുക്കി. ഏകീകൃത ഫീസ് അംഗീകരിച്ചാല്‍ സീറ്റ് നല്‍കാമെന്നായിരുന്നു ഇതുവരെ സഭാകോളജുകളുടെ നിലപാട്. ഇപ്പോള്‍ യു.ഡി.എഫ് ചര്‍ച്ച നടത്തുന്നത് ഇതംഗീകരിച്ചുകൊണ്ടാണ്. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടും ഇപ്പോള്‍ സഹകരിക്കാന്‍ അവര്‍ സന്നദ്ധമാകാത്തത് സഭാ നിലപാടുകളെ വീണ്ടും സംശയ നിഴലിലാക്കുന്നു. സ്വാശ്രയ കോളജുകളിലെ ഒരു സീറ്റും തങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കല്ലാതെ നല്‍കില്ലെന്ന സാമുദായികതയാണ് ഈ ചുവടുമാറ്റത്തിന് പിന്നിലെന്ന വിമര്‍ശം തള്ളിക്കളയാനാകില്ല.
അസോസിയേഷന്റെ ന്യായം
ക്രിസ്ത്യന്‍ സഭകളെ സര്‍ക്കാറിന്റെ വഴിയില്‍ കൊണ്ടുവന്നില്ലെങ്കില്‍ അവരുടെ വഴിയേ തങ്ങള്‍ പോകുമെന്ന ഭീഷണിയാണ് ഈ വര്‍ഷം ഇതുവരെ നടന്ന സ്വാശ്രയ വിവാദത്തിന്റെ മര്‍മം. സ്വന്തം ഫീസ് നിശ്ചയിച്ച് പ്രവേശം നടത്താന്‍ തങ്ങള്‍ക്കും കഴിയുമെന്നും എന്നിട്ടും സീറ്റ് വിട്ടുകൊടുക്കുന്നത് സാമൂഹ്യ നീതിക്ക് വേണ്ടിയാണെന്നും അസോസിയേഷന്‍ വാദിക്കുന്നു. സീറ്റ് വിട്ടുകിട്ടുക എന്നത് സര്‍ക്കാറിന്റെ കൂടി ആവശ്യമാണ്. അതിനാല്‍ ക്രിസ്ത്യന്‍ സഭകള്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാറുമായി സഹകരിക്കുന്നില്ല എന്ന ചോദ്യത്തിന് മുന്നില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങി. സ്വന്തം വഴിക്ക് പോകുന്ന സഭകളെ സഹകരിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതോടെ ഇത്തവണ സീറ്റ് തരില്ലെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചു. സ്വാശ്രയത്തില്‍ മെറിറ്റ് തന്നെ ഇല്ലാതാകുന്ന സാഹചര്യമാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടത്. ക്രിസ്ത്യന്‍ സഭകള്‍ക്ക് അനുവദിക്കുന്ന നീതി തുല്ല്യ അളവില്‍ തങ്ങള്‍ക്കും വേണമെന്ന ലളിതമായ വാശിയാണ് അസോസിയേഷന്റെ ന്യായം. സഭയോടടുപ്പമുണ്ടെന്ന് പരക്കെ അംഗീകരിക്കപ്പെട്ട കോണ്‍ഗ്രസ്^കേരളകോണ്‍സ്രഗ് നേതാക്കള്‍ രംഗത്തിറങ്ങിയിട്ടും വഴങ്ങാന്‍ മതനേതൃത്വം ഇതുവരെ തയാറായിട്ടില്ല. അവരുടെ നിലപാടാകും ഇക്കൊല്ലം സ്വാശ്രയ ഗതി നിര്‍ണയിക്കുക.
കഴിഞ്ഞവര്‍ഷങ്ങളിലും സീറ്റ് വിട്ടുകൊടുക്കാതിരുന്ന സഭകള്‍ക്കെതിരെ ഇത്തവണ സമ്മര്‍ദ തന്ത്രം പ്രയോഗിക്കുന്നതിന് പിന്നില്‍ അസോസിയേഷന് മത^രാഷ്ട്രീയ താല്‍പര്യങ്ങളുമുണ്ട്. ഇടതുപക്ഷ വിരോധവും ന്യൂനപക്ഷ അവകാശവും പറഞ്ഞ് സ്വന്തം വഴിക്ക് സഭ നീങ്ങിയപ്പോള്‍ പരോക്ഷമായി യു.ഡി.എഫ് അതിനെ പിന്തുണച്ചിരുന്നു. സര്‍ക്കാറിന് സീറ്റ് വിട്ടുകൊടുക്കാന്‍ തയാറായ അസോസിയേഷന്‍ അംഗ കോളജുകള്‍ ഉണ്ടാക്കിയ കരാറിനെതിരെ സമര പ്രാചരണങ്ങളും സംഘടിപ്പിച്ചിരുന്നു. ഇടത്^വലത് രാഷ്ട്രീയ തര്‍ക്കത്തില്‍ സഭയും അസോസിയേഷനും പരോക്ഷമായി കക്ഷി ചേരുകയാണിവിടെ. ഭരണമാറ്റം നടന്ന സാഹചര്യത്തില്‍ പഴയ അനുകൂലികള്‍ വഴി സഭയെ തങ്ങളുടെ വഴിയില്‍ കൊണ്ടുവരാനുള്ള തന്ത്രമാണ് അസോസിയേഷന്‍ പ്രയോഗിച്ചത്. യു.ഡി.എഫ് ശ്രമിച്ചിട്ടും സഭയെ അടുപ്പിക്കാന്‍ കഴിയാതായത് അസോസിഷേയന്റെ വിശ്വാസ്യതയും വിലപേശല്‍ ശേഷിയും വര്‍ധിപ്പിക്കുകയും ചെയ്തു.
സഭകള്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയാറായാല്‍ തങ്ങളും സഹകരിക്കാമെന്ന അതിനിസ്സാരമായ ഉപാധി വക്കുക വഴി സ്വാശ്രയത്തില്‍ സാമൂഹ്യ നീതി നിഷേധിക്കുന്നത് ക്രിസ്ത്യന്‍ സഭകളും അവരെ പിന്തുണക്കുന്ന യു.ഡി.എഫ് നയവുമാണെന്ന് സ്ഥാപിക്കുകയായിരുന്നു അസോസിയേഷന്‍. ഇതിലെ രാഷ്ട്രീയ നേട്ടമാണ് രൂക്ഷമായ സമരവുമവയി രംഗത്തിറങ്ങാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത്. സഭകള്‍ മുന്‍വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടും ഇത്തവണ എടുത്തിട്ടില്ല. നിലപാട് മാറ്റിയതാകട്ടെ ഇടതുപക്ഷവുമായി സഹകരിച്ചിരുന്ന അസോസിയേഷനാണ് താനും. എന്നിട്ടും ഇടത് സമരം 'ക്രിസ്ത്യന്‍ സഭകളെ സ്വതന്ത്രരാക്കി വിട്ട' യു.ഡി.എഫ് സര്‍ക്കാറിനെതിരെയാണ്! സഭകള്‍ക്കെതിരെ പോലുമല്ല!! മുന്‍നിലപാട് മാറ്റിയ അസോസിയേഷനെതിരെയും ഇടതുപ്രതിഷേധമില്ല. സഭകള്‍ക്കെതിരെ സമരം ചെയ്യാന്‍ ധൈര്യപ്പെടാത്ത ഭരണപക്ഷ പാര്‍ട്ടികള്‍ക്ക്, അക്കാരണത്താല്‍ തന്നെ അസോസിയേഷനെ എതിര്‍ക്കാനും കഴിയാതായി. ഇതിനൊപ്പം, നേതാക്കള്‍ മക്കള്‍ക്ക് വേണ്ടി നടത്തിയ സീറ്റ് കച്ചവടത്തിന്റെ അധാര്‍മികതകള്‍ ഇരുമുന്നണിയെയും വേട്ടയാടുന്നുമുണ്ട്. പരിയാരം സഹകരണ കോളജിലെ നടപടികള്‍ കടുത്ത സ്വാശ്രയ വിരുദ്ധ മുദ്രാവാക്യക്കാരായ സി.പി.എമ്മിനെയും പോഷക സംഘടനകളെയും വലിയ പ്രതിസന്ധിയലാക്കി. പരിയാരം കോളജിലേക്ക് കെ.എസ്.യുവും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐയും അമൃതയിലേക്ക് എ.ഐ.വൈ.എഫും ചര്‍ച്ച നടക്കുന്നിടത്തേക്ക് എ.ബി.വി.പിയും സ്വാശ്രയ വിരുദ്ധ പ്രകടനം നയിച്ചു. ഈ സമരങ്ങളുടെ സ്ഥലം തെരഞ്ഞെടുപ്പില്‍ തന്നെ തെളിയുന്നുണ്ട്, രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യം. ഓരോരുത്തര്‍ക്ക് പറ്റുന്നിടത്തേക്ക് അവരവരുടെ ജാഥ എന്ന അശ്ലീലമായിരുന്നു ഈ സമരാഭാസങ്ങള്‍. സ്ഥലം മാറി സമരം ചെയ്യാന്‍ ഇതിലാര്‍ക്കും ധൈര്യമില്ലായിരുന്നു. അങ്ങനെ, സ്വാശ്രയത്തിന്റെ പല കാലങ്ങളില്‍ നടത്തിയ പലതരം ഒത്തുതീര്‍പ്പുകളുടെ പ്രായോജകരായ രാഷ്ട്രീയ പാര്‍ട്ടികള്‍, നിര്‍ണായക ഘട്ടത്തില്‍ സത്യസന്ധത പാലിക്കാനാകാതെ നിസ്സഹായരായി മാറുന്നതിന്റെ നേര്‍സാക്ഷ്യം കൂടിയായി ഇത്തവണത്തെ സ്വാശ്രയ സീസണ്‍.
സര്‍ക്കാറുമായുണ്ടാക്കുന്ന കരാറിനെതിരെ നിരന്തം കേസുകളുണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യവും സഭയെ സമ്മര്‍ദത്തിലാക്കുന്നതിന് പിന്നില്‍ അസോസിയേഷനുണ്ട്. ക്രോസ് സബ്സിഡി എന്ന തത്വം കേരളത്തില്‍ നടപ്പാകാതരിക്കാന്‍ ക്രൈസ്തവ കോളജുകളാണ് ഈ കേസുകള്‍ക്ക് പിന്നിലെന്ന് അസോസിയേഷന്‍ നേരത്തേ തന്നെ ആരോപിക്കുന്നുണ്ട്. അവരെക്കൂടി ഈ രീതിയിലേക്ക് കൊണ്ടുവന്നാല്‍ ഇത്തരം നൂലാമാലകള്‍ ഒഴിവാക്കാനാകുമെന്നും അസോസിയേഷന്‍ കണക്കുകൂട്ടുന്നു. അസോസിയേഷന്റെ മറ്റൊരു ന്യായം മതപരമാണ്. അംഗ കോളജുകളില്‍ ഭൂരിഭാഗവും ന്യൂനപക്ഷ പദവിയുള്ളവയാണ്. ഈ കോളജുകള്‍ വിട്ടുകൊടുക്കുന്ന മെറിറ്റ് സീറ്റില്‍, കുറഞ്ഞ ഫീസിന്റെ ആനുകൂല്യം അനുഭവിക്കുന്നവര്‍ റാങ്ക് ലിസ്റ്റില്‍ മുന്നില്‍ എത്തുന്നവരാണ്. റാങ്കില്‍ പിന്നാക്ക ക്രൈസ്തവരും മുസ്ലിംകളും മറ്റ് പിന്നാക്ക വിഭാഗങ്ങളും പുറകിലാണ്. റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തുന്ന സവര്‍ണ^സവര്‍ണ ക്രൈസ്തവ വിഭാഗങ്ങള്‍ പിന്നാക്ക ക്രൈസ്തവരും മുസ്ലിംകളും നടത്തുന്ന കോളജുകളില്‍ കുറഞ്ഞ ഫീസില്‍ പഠിക്കുകയും കോളജ് ഉടമകളുടെ സമുദായത്തിലെ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് നല്‍കി സഭാ കോളജുകളില്‍ പഠിക്കേണ്ടി വരികയും ചെയ്യുന്നുവത്രെ. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ക്രിസ്ത്യന്‍ കോളജുകള്‍ സര്‍ക്കാറുമായി സഹകരിക്കണം. എന്നാല്‍ ഒരടി വിട്ടുവീഴ്ചക്ക് സഭാകോളജുകള്‍ ഇതുവരെ തയാറായിട്ടില്ല. രണ്ട് ഉടമാ ചേരികള്‍ പരസ്പരം ഒത്തുതീര്‍പ്പിലെത്തുകയോ ഏതെങ്കിലും ഒരുകൂട്ടര്‍ വിട്ടുവീഴച ചെയ്യുകേയാ ചെയ്യാതെ ഇത്തവണത്തെ പ്രതിസന്ധി പരിഹരിക്കപ്പെടില്ല.
കോടതി നിശ്ചയിച്ച വഴി
ഭരണകൂടങ്ങള്‍ സാമൂഹ്യ നീതി പറയുന്നുവെങ്കിലും സുപ്രീംകോടതിയാണ് ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീര്‍പ്പ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന വൈചിത്യ്രം സ്വാശ്രയത്തിലുണ്ട്. രാജ്യത്ത് ഇക്കാര്യത്തില്‍ മതിയായ നിയമമില്ല എന്നതുതന്നെയാണ് ഇതിന് കാരണം. നിയമത്തിന്റെ സാങ്കേതികത്വം കാരണം, പറയുന്ന വിധികളുടെ അനൌചിത്യം പലപ്പോഴും സ്വാശ്രയത്തെ കുഴക്കിയിട്ടുമുണ്ട്. മോഹിനി ജയിന്‍ v/s കര്‍ണാടക സര്‍ക്കാര്‍ കേസില്‍ 1992ലാണ് ആദ്യ വിധി വന്നത്. സര്‍ക്കാര്‍ ഫീസിനേക്കാള്‍ അധികം ഏത് കോളജ് വാങ്ങിയാലും അത് തലവരിയായി കണക്കാക്കുമെന്നായിരുന്നു വിധി. തൊട്ടടുത്ത വര്‍ഷം ഉണ്ണികൃഷ്ണന്‍ കേസില്‍ സുപ്രീം കോടതി തന്നെ ഈ വിധി തിരുത്തി. പകരം ക്രോസ് സബ്സിഡി അനുവദിച്ചു. അങ്ങനെയാണ് 50:50 തത്വമുണ്ടായത്. കോളജുകളുടെ ചിലവ് കണ്ടെത്താന്‍ എന്‍.ആര്‍.ഐ ക്വാട്ട അനുദിച്ച് കോടതി തന്നെ ഇടക്കാലത്ത് വിധി പരിഷ്കരിച്ചു. 2002ലെ ടി.എം പൈ കേസ് വിധിയില്‍ ക്രോസ് സബ്സിഡി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. ക്രോസ് സബ്സിഡിയുടെ ഗുണം വരേണ്യ/നരഗ കേന്ദ്രിത/സമ്പന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കിട്ടുന്നതെന്നും പാവപ്പെട്ടവന്റെ ചിലവില്‍ അവര്‍ പഠിക്കുകയാണെന്നും നിരീക്ഷിച്ചായിരുന്നു വിധി.
പിന്നീട് വന്ന ഇനാംദാര്‍, ഇസ്ലാമിക് അക്കാദമി കേസുകളില്‍ പൈ കേസ് വിധി കൂടുതല്‍ സ്പഷ്ടമായി കോടതി വിശദീകരിച്ചു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഫീസ് നിശ്ചയിക്കാനും പ്രശേവം നടത്താനും പൂര്‍ണ സ്വയം നിര്‍ണയാവകാശമുണ്ടെന്നും ഇക്കാര്യങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തി ചൂഷണം തടയുക എന്നത് മാത്രമാകണം സര്‍ക്കാര്‍/റഗുലേറ്ററി അഥോറിറ്റി ഇടപെടലുകളുടെ ലക്ഷ്യമെന്നും കോടതി കൃത്യമായി പറഞ്ഞു. സ്വാശ്രയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പങ്ക് എന്താണെന്ന് നിര്‍വചിച്ച ഈ വിധിയുടെ മേന്‍മകളെ അഭിമുഖീകരിക്കാന്‍ ഇതുവരെ കേരളം തയാറായില്ല എന്നതാണ് സര്‍ക്കാറിനെ വെറും കാഴ്ചക്കാരന്റെ നിസ്സഹായതയിലേക്ക് എത്തിച്ചത്. പകരം 50:50 തത്വം തകര്‍ക്കപ്പെട്ടതിന്റെ വേദനയും വേവലാതിയുമായി സമയം കളഞ്ഞു. റഗുലേറ്ററി അഥോറിറ്റി നടപടികളെ, ചോദ്യം ചെയ്യാനാകാത്ത തരത്തില്‍ നിയമപരമായ അടിത്തറയില്‍ സുരക്ഷിതമാക്കിയിരുന്നെങ്കില്‍ സ്വാശ്രയത്തിലെ പൊതുനിയന്ത്രണം അനായാസം യാഥാര്‍ഥ്യമാക്കാമായിരുന്നു. എന്നാല്‍ അതിന് പകരം അപ്രായോഗികമായ നിയമ നിര്‍മാണങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മാത്രമല്ല, ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി എന്ന കേരളത്തിലെ റഗുലേറ്ററി കമീഷനെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതിലൂടെ സര്‍ക്കാര്‍ അതിന്റെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്തു. കോടതി വഴി സ്വന്തം താല്‍പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ മാനേജ്മെന്റുകള്‍ക്ക് വഴിയൊരുക്കി കൊടുക്കുന്ന ഏജന്‍സി മാത്രമാണ് മുഹമ്മദ് കമ്മിറ്റി എന്ന വിമര്‍ശത്തിന് വലിയ സ്വീകാര്യത കിട്ടിയതും ഈ വിശ്വാസ്യ തകര്‍ച്ചകൊണ്ടാണ്.
ബാക്കികിടക്കുന്ന വഴികള്‍
സ്വാശ്രയ എം.ബി.ബി.എസ് സീറ്റുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കൌണ്‍സില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക എന്നതാണ് ഇക്കാര്യത്തില്‍ലെ ഏറ്റവുമെളുപ്പ വഴി. പി.ജി സീറ്റിന്റെ കാര്യത്തില്‍ പകുതി വിട്ടുകൊടുക്കണമെന്ന ചട്ടം എം.സി.ഐക്കുണ്ട്. സമാനമായ ചട്ടവും ഫീസ് നിര്‍ണയിക്കാന്‍ വ്യവസ്ഥകളും എം.ബി.ബി.എസിനും ഏര്‍പെടുത്തണം. നിയമം തയാറാക്കാന്‍ എം.സി.ഐക്ക് അധികാരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കണമെന്നേയുള്ളൂ.
കോടതി വിധികള്‍ മുന്നോട്ടവക്കുംപോലെ കര്‍ക്കശമായ നിയന്ത്രണ^മേല്‍നോട്ട സംവിധാനം സംസ്ഥാനത്തുണ്ടാക്കുക എന്നതാണ് കേരളത്തിന് സ്വന്തമായി ഇക്കാര്യത്തിലെടുക്കാവുന്ന മികച്ച നടപടി. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുണ്ടായിട്ടും നിലവിലെ റഗുലേറ്ററി കമ്മിറ്റി ഉത്തരവുകള്‍ കോടതിയില്‍ അട്ടിമറിക്കപ്പെടുകയാണ്. ഈ സ്ഥതി വിശേഷം തടയാനാകണം. കമ്മിറ്റി സംവിധാനം വഴി സാമൂഹ്യ നിയന്ത്രണവും സുതാര്യതയും കൊണ്ടുവരാന്‍ കഴിയും.
സീറ്റ്, ഫീസ് എന്നിവയില്‍ കൂടുതല്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഏര്‍പെടുത്തണം. 50:50 തത്വം പ്രയോഗത്തില്‍ ഇതിനകം തന്നെ അട്ടിമറിക്കപ്പെട്ടു കഴിഞ്ഞു. പ്രവേശം പൂര്‍ണമായി മെറിറ്റ് അടിസ്ഥാനത്തിലാക്കുകയും ഫീസ് വിദ്യാര്‍ഥികളുടെ വരുമാനമനുസരിച്ച് നിശ്ചയിക്കുകയും ചെയ്യാവുന്നതാണ്. രണ്ട് തരത്തില്‍ ഇത് നടപ്പാക്കാം. ഏകീകൃതീസ് ഫീസ് ഏര്‍പെടുത്തണമെന്ന കാര്യത്തില്‍ എല്ലാവിഭാഗം മാനേജ്മെന്റുകളും ഏകാഭിപ്രായക്കാരാണ്. ഇത് ഏര്‍പെടുത്തി അര്‍ഹരായവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കി 50:50 മറ്റൊരു തരത്തില്‍ നടപ്പാക്കാം. സ്കോളര്‍ഷിപ്പുകള്‍ തന്നെ പല തരത്തില്‍ വിഭജിക്കാം. സാമ്പത്തിക ശേഷി കുറഞ്ഞവര്‍ക്ക് പൂര്‍ണാര്‍ഥത്തിലുള്ള സ്കോളര്‍ഷിപ് അനുവദിക്കാം. നിശ്ചിത ശതമാനത്തിന് പലിശ രഹിത വായ്പയായി നല്‍കാം. വരുമാനം നോക്കി സ്കോളര്‍ഷിപ് തുകയില്‍ ഏറ്റക്കുറച്ചില്‍ വരുത്താം.
സ്കോളര്‍ഷിപ്പുകള്‍ ഏര്‍പെടുത്തുന്നതിനെ മാനേജ്മെന്റുകള്‍ പിന്തുണക്കുന്നതിന് പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളുണ്ട്. എത്ര നിര്‍ധനനായ കുട്ടിയെ പഠിപ്പിച്ചാലും തങ്ങള്‍ക്ക് കിട്ടേണ്ട പണം കിട്ടുമെന്നതാണ് അവരുടെ നേട്ടം. കുട്ടികള്‍ക്ക് പഠിക്കാം. മാനേജ്മെനറുകള്‍ക്ക് പണം കൊയ്യുകയുമാകാം. നഷ്ടം പൊതുഖജനാവിന് മാത്രവും. അതിനാല്‍ പൊതുപണം മാനേജ്മെന്റുകള്‍ക്ക് കൊടുക്കുന്ന സംവിധാനം ഒഴിവാക്കി, പകരം കുട്ടികളുടെ വരുമാനമനുസരിച്ച് ഫീസ് നിശ്ചയിക്കുന്ന രീതി നടപ്പാക്കുന്നതാകും കൂടുതല്‍ നല്ലത്. ത്രീ/ഫോര്‍ ടയര്‍ ഫീസ് ഘടന ഇതിനായി പരിഗണിക്കാം. പ്രവേശ പരീക്ഷ സമ്പന്നര്‍ക്ക് മാത്രം അവസരം നല്‍കുന്നതാണെന്നും ക്രോസ് സബ്സിഡി പാവപ്പെട്ടവന്റെ ചിലവില്‍ പണക്കാരന് പഠിക്കാന്‍ അവസരമൊരുക്കുന്നതാണെന്നുമുള്ള കോടതി നീരീക്ഷണം കേരളം അതിഗൌരവത്തോടെ കാണണം. പ്രവേശ പരീക്ഷ ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ എല്ലാതരം വിദ്യാര്‍ഥികള്‍ക്കും പ്രാപ്യമായ പരിശീലന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തന്നെ തുറക്കണം. ഗ്രാമീണ കേന്ദ്രങ്ങള്‍ക്ക് ഇതില്‍ മുന്തിയ പരിഗണനയും കൊടുക്കണം.
ഉമ്മന്‍ചാണ്ടിയുടെ മാന്ത്രിക വടി
സ്വാശ്രയ പ്രശ്നത്തില്‍ അടുത്ത വര്‍ഷം ശാശ്വത പരിഹാരമുണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം. പതിറ്റാണ്ടായി കേരളത്തെ അസ്വസ്ഥപ്പെടുത്തുന്ന സ്വാശ്രയക്കുതിരയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞാല്‍ അത് ഉമ്മന്‍ചാണ്ടിയുടെ ഭരണ വൈദഗ്ദ്യമായി കേരളം വാഴ്ത്തുമെന്നതില്‍ സംശയമില്ല. എന്നാല്‍ മുന്‍ഗാമികളുടെ വഴി പിന്തുടര്‍ന്ന് പുതിയ തരം ഒത്തുതീര്‍പ്പുകളാണ് വരാനിരിക്കുന്നത് എന്ന ആശങ്ക ഇതിനകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. സ്വാശ്രയ ഉടമാ ചേരിയില്‍ പ്രബലരായ ക്രൈസ്തവ സഭയും യു.ഡി.എഫും തമ്മിലെ ബന്ധം ഈ സംശയം ബലപ്പെടുത്തുന്നു. അധികാരമേറ്റയുടന്‍ സര്‍ക്കാര്‍ നേരിട്ട സ്വാശ്രയ വിമര്‍ശങ്ങളെല്ലാം ഇത്തരം ഒത്തുതീര്‍പ്പുകളുടെ പേരിലായിരുന്നു എന്നതും യാദൃശ്ചികമല്ല.
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ സ്വാശ്രയ വിരുദ്ധ ആവേശം ഏതേത് വഴികളിലൂടെയാണ് അനുരഞ്ജനത്തിലെത്തിയത് എന്ന് നേരില്‍കണ്ട കേരളം ഉമ്മന്‍ചാണ്ടിയുടെ മാന്ത്രിക വടിയില്‍ ഇനിയും വിശ്വാസമര്‍പിച്ചിട്ടില്ല. ഭരണകൂട ഒത്തുകളികള്‍ നിരവധി കണ്ട കേരളത്തിന് എളുപ്പത്തില്‍ അത് വിഴുങ്ങാനുമാകില്ല. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സ്വാശ്രയ നിയമം തന്നെ ഇരട്ടത്താപ്പിന്റെ മികച്ച തെളിവായിരുന്നു. കോടതി വിധികള്‍ മുന്നോട്ടുവച്ചതുപോലെ ചൂഷണ പ്രതിരോധ സംവിധാനമായി സര്‍ക്കാറിന് മാറാന്‍ കഴിയുന്ന വ്യവസ്ഥകളായിരുന്നില്ല നിയമത്തിന്റെ കാതല്‍. മറിച്ച് ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകള്‍ വരെ ഉള്‍പെടുത്തിയ നിയമമായിരുന്നു തയാറാക്കിയത്. യുക്തിസഹമായ നിയമ നിര്‍മാണത്തിന് പകരം കമ്യൂണിസ്റ്റ് അവകാശ പത്രികയുണ്ടാക്കി നിയമമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു അന്നുചെയ്തത്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിര്‍വചനം വരെ ഏര്‍പാടാക്കി. ഇതൊന്നും നിയമപരായി നിലനില്‍ക്കില്ലെന്ന് അറിയാതിരിക്കാന്‍ മാത്രം വിഡ്ഢികളായിരുന്നു മുന്നണിയെയും സര്‍ക്കാറിനെയും വകുപ്പിനെയും നയിച്ചത് എന്ന് കരുതാനാവില്ല. സ്വാശ്രയ അനുകൂലികള്‍ എന്ന് ഇടതുപക്ഷം അധിക്ഷേപിക്കുന്നവര്‍ പോലും ഈ പോരായ്മ അന്നുതന്നെ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നിട്ടുമെങ്ങനെ ഇത്രമേല്‍ അബദ്ധം പിണഞ്ഞുവെന്നതിന്റെ ഉത്തരം, കോടതിയില്‍ പൊളിഞ്ഞുവീഴുന്ന നിയമം തല്ലിക്കൂട്ടുക എന്ന ഒത്തുകളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രതീക്ഷിച്ചപോലെ കോടതി നിയമം റദ്ദാക്കി. മാനേജ്മെന്റുകള്‍ സര്‍വ സ്വതന്ത്രരായി. സര്‍ക്കാറിനാകട്ടെ പ്രചാണപരമായ മേല്‍ക്കൈയും നിയമം റദ്ദാക്കപ്പെട്ടതിലൂടെ രക്തസാക്ഷി പരിവേഷവും സംഘടിപ്പിക്കാനുമായി. ഫലത്തില്‍ ഇരുകൂട്ടര്‍ക്കും ലാഭം.
ഇമ്മാതിരി ലാഭക്കളികള്‍ അവസാനിച്ചു എന്ന് പറയാറായിട്ടില്ല. യു.ഡി.എഫ് കാലത്ത് വിശേഷിച്ചും. സ്വാശ്രയ ചേരിയില്‍ വോട്ട് ബാങ്ക് സമുദായങ്ങളാണ്. അവരെ പിണക്കാതിരിക്കാന്‍ കാലാകാലങ്ങളില്‍ ഭരണം നിയന്ത്രിച്ചവര്‍ നടത്തിയ ഇത്തരം ഒത്തുതീര്‍പ്പുകളാണ് സ്വാശ്രയ പ്രശ്നത്തെ യുക്തിസഹമായ പരിഹാരങ്ങളില്‍ നിന്നകറ്റിയത്. ആ ഒത്തുതീര്‍പ്പുകളാണ് സ്വാശ്രയത്തെ ആരും കൈവക്കാന്‍ ധൈര്യപ്പെടാത്ത അപകട മേഖലയാക്കിയത്. എത്ര പഠിച്ചാലും ആശയക്കുഴപ്പം തീരാത്തത്രയും സങ്കീര്‍ണതകളാല്‍ സാധാരണക്കാരന് അത് അപ്രാപ്യമാക്കിയത്. ഈ കാപട്യം അഴിച്ചുവച്ച് ഭരണകൂടമിതിനെ സത്യസന്ധതയോടെ നേരിടാന്‍ സന്നദ്ധമായാല്‍ ഇരുട്ടിവെളുക്കും മുമ്പ് സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ കഴിയും.
(മാധ്യമം ആഴ്ചപ്പതിപ്പ്)
No comments:
Post a Comment