കൂടംകുളത്തേക്കുള്ള വഴികളെല്ലാം 12 ദിവസമായി പോലിസ് നിയന്ത്രണത്തിലാണ്. പുറംലോകത്തുനിന്ന് ഇവിടേക്കെത്താവുന്ന മൂന്ന് റോഡുകളിലെ ബസ് സര്‍വീസ് 25 കിലോമീറ്ററകലെ വച്ച് പോലിസ് തടഞ്ഞിരന്നു. സ്വകാര്യ വാഹനങ്ങള്‍ക്കുപോലും കര്‍ശന നിയന്ത്രണം. എന്നിട്ടും സമരത്തിനൊരു തളര്‍ച്ചയുമുണ്ടായില്ല. എന്നല്ല, ദിവസവും അത് കുടുതല്‍ രൂക്ഷമാകുകയും ചെയ്തു. ഈ വഴികള്‍താണ്ടിയെത്തുന്നവരെ സമര ഭൂമിയിലെത്തിക്കാന്‍ നാട്ടുകാര്‍ സദാ സന്നദ്ധരാണ്. സമരത്തെ അനുകൂലിക്കുന്ന ആരെയും അവരേറ്റെടുക്കും. റോഡില്‍ കാണുന്നവരോട് വഴി ചോദിച്ചാല്‍ മറുപടിക്കൊപ്പം അത്യാവേശത്തോടെ അവര്‍ നിലപാടും പറയും: 'ഞങ്ങളും സമരത്തിലാണ്.'
ഇവര്‍ക്കിത് വെറും സമരമല്ല. നിത്യജീവിതം അടിമുടി നിശ്ചലമാക്കിയാണവര്‍ പോരാട്ടത്തിനിറങ്ങിയത്. മല്‍സ്യത്തൊഴിലാളികള്‍ വള്ളവും ബോട്ടും കരക്കുകയറ്റി. കര്‍ഷകര്‍ പണിയായുധം ഒതുക്കി. കച്ചവടക്കാര്‍ കടകള്‍ പൂട്ടി. വിദ്യാര്‍ഥികള്‍ സ്കൂളുകള്‍ ബഹിഷ്കരിച്ചു. ആരാധനാലയങ്ങള്‍ സമരകേന്ദ്രങ്ങളായി. മൂന്ന് ജില്ലകളിലെ ഗ്രാമങ്ങളില്‍ കല്ല്യാണവും ശവസംസ്കാരവും വരെ സമരപ്പന്തലിലെ പരിപാടികള്‍ക്കനുസരിച്ച് നിശ്ചയിക്കുന്നു. ഈ ഗ്രാമീണ ജനത അത്രമേല്‍ ഈ സമരത്തെ ചുമലിലേറ്റിയിരിക്കുന്നു. ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് വഴങ്ങുകയല്ലാതെ സര്‍ക്കാറിനും മറ്റുവഴികളില്ലായിരുന്നു.
തുടക്കത്തില്‍ സമരത്തെ തള്ളിയ മുഖ്യമന്ത്രി ജയലളിത പിന്നീട് ചര്‍ച്ചക്ക് തയാറായതും അതുകൊണ്ട് തന്നെ. പ്ലാന്റ് പൂട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് ഉറപ്പും കൊടുത്തു. എന്നാല്‍ ഈ വാര്‍ത്തകേട്ടിട്ടും സമരപ്പന്തല്‍ ഒഴിഞ്ഞിട്ടില്ല. ചര്‍ച്ചക്ക് പോയവര്‍ തിരിച്ചെത്തിയ ശേഷം അക്കാര്യം തീരുമാനിക്കാമെന്നാണ് അവരുടെ നിലപാട്. ഇന്ന് നിരാഹാരം അവസാനിപ്പിച്ച് മറ്റുസമരങ്ങള്‍ തുടരാനാണ് സമിതി ആലോചിക്കുന്നത്. അതിനും പക്ഷെ ഈ നാട്ടുകാരുടെ സമ്മതം വേണം.
നിരാഹരം കിടക്കുന്ന 127 പേര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദിവസവും 15,000ഓളം പേര്‍ ഉപവാസത്തിനായി എത്തുന്നത്. തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലെ 60ഓളം ഗ്രാമങ്ങളില്‍നിന്നായിരുന്നു ഇവരെത്തിയത്. ഗ്രാമങ്ങള്‍ മാറിമാറിഇതില്‍ പങ്കെടുത്തു. സമരപ്പന്തലിന് ഉള്‍കൊള്ളാനാകുംവിധം സംഘാടകര്‍ തന്നെ വരുത്തിയ ക്രമീകരണമായിരുന്നു ഇത്. എന്നാല്‍ ഏറ്റവുമടുത്ത ഗ്രാമങ്ങളായ കൂത്തങ്കളി, തോമയാര്‍പുരം, കൂട്ടപ്പള്ളി, പെരുമണല്‍, വൈറാവി തുടങ്ങിയ ഗ്രാമങ്ങള്‍ ദിവസവും രാവിലെ ഇവിടെ എത്തും. വൈകുന്നേരം അഞ്ച് മണിവരെ ഉപവാസം. പുന്നക്കായല്‍ മുതല്‍ തുടപ്പുള്ളി വരെയുള്ള 120 കിലോമീറ്റര്‍ പ്രദേശത്ത് ഇവര്‍ മല്‍സ്യബന്ധനം നിര്‍ത്തിവച്ചു. 20 കിലോമീറ്റര്‍ പരിധിയില്‍ മുഴുവന്‍ കടകളും അടച്ചിട്ടു. വീടുകളില്‍ കരിങ്കൊടി കെട്ടി. ചില ഗ്രാമങ്ങള്‍ റേഷന്‍ കാര്‍ഡ് സര്‍ക്കാറിന് തിരിച്ചുകൊടുത്തു. തെരുവിലും കടവരാന്തകളിലും തീരത്തുമെല്ലാം കൂട്ടംകൂടിയിരിക്കുന്നവരുടെ വാക്കിലും പ്രതിഷേധം തന്നെ. ഇടിന്തരകരയിലെ സമരപ്പന്തലില്‍ മാത്രമല്ല, അക്ഷരാര്‍ഥത്തില്‍ നാടാകെ സമരം. സമരത്തെ സാമ്പത്തികമായി നിലനിര്‍ത്തിയതും ഈ ഗ്രാമങ്ങള്‍ ശേഖരിച്ചെത്തിക്കുന്ന പണമാണ്. ദൂരദിക്കുകളില്‍നിന്നുപോലും അവര്‍ സ്വയം ഓടിയെത്തിയതും സ്വന്തം ചിലവില്‍.
പന്തലില്‍ നിറയെ സ്കൂള്‍ യൂണിഫോമിട്ട കുട്ടികളുണ്ട്. നിരാഹരം തുടങ്ങിയത് മുതല്‍ ഇവരിവിടെ ദിവസവുമെത്തുന്നു. സ്വയം ക്ലാസുകള്‍ ബഹിഷ്കരിച്ചിറങ്ങിയതാണവര്‍. ബാഗും പുസ്തകക്കെട്ടുമായി വീട്ടില്‍നിന്നവര്‍ സമരപ്പന്തലിലേക്കാണ് വരുന്നത്. കുടംകുളം, കൂട്ടപ്പള്ളി, കൂത്തങ്കളി, തോമയാര്‍പുരം, ഓവറി, മണപ്പാട്, ആളന്തലൈ, അമലൈ നഗര്‍ എന്നിവിടങ്ങളിലെ 12 സ്കൂളുകള്‍ ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടില്ല. അധ്യാപകര്‍ ഒപ്പിട്ട് മടങ്ങുന്നു. പ്രദേശത്തെ ഏക കോളജിലും കുട്ടികള്‍ കയറുന്നില്ല.
സമരം നടക്കുന്നത് ഇടിന്തകരെ ലൂര്‍ദ് ചര്‍ച്ച് മുറ്റത്താണ്. ഈ മുറ്റം അവസാനിക്കുന്നത് വിനായകര്‍ കോവില്‍ മുറ്റത്തും. ഈ പ്രദേശത്തെ എല്ലാ മതകേന്ദ്രങ്ങളും സമരത്തില്‍ തന്നെയാണ്. സമരം റിലേ നിരാഹാരമാക്കാന്‍ ഇടക്ക് സമരസമിതി ആലോചിച്ചു. എന്നാല്‍ അത്തരമൊരു ഇളവ് വേണ്ടെന്ന് ജനങ്ങളൊന്നടങ്കം വാശിപിടിച്ചതോടെ സംഘാടകര്‍ക്ക് പിന്‍മാറേണ്ടിവന്നു. സമരം മറ്റിടങ്ങളിലേക്കും പടരുകയാണ്. കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ വഴിതടഞ്ഞു. പലസമയത്തായി ഇത് പലയിടത്തും ആവര്‍ത്തിക്കുന്നു. ഗ്രാമീണ നിഷ്കളങ്കതയുടെ സ്വാഭാവിക വീറും വാശിയുമാണ് ഈ സമരത്തിന്റെ കരുത്ത്.ഈ സമരവീര്യത്തിന് മുന്നില്‍ മുട്ടുമടക്കുകയല്ലാതെ സമസ്ഥാന സര്‍ക്കാറിനും മറ്റ് വഴികളില്ലായിരുന്നു.
പ്ലാന്റ തമിഴ്നാട്ടിലാണെങ്കിലും ഇതിന്റെ അപകട ഭീഷണയില്‍ കേരളത്തിനും തുല്ല്യ സാധ്യതയാണ്. സ്വാഭാവിക വികിരണം പോലും തിരുവനന്തപുരം ജില്ലയിലെ പ്രദേശങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പ്രൊഫ. എസ്.പി ഉദയകുമാര്‍ പറയുന്നു. 'വലിയ അപകടമുണ്ടായാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ അത് കവര്‍ന്നെടുക്കും. അതിനാല്‍ ഞങ്ങളുടെ ഈ സമരം കേരളത്തിനുകൂടി വേണ്ടിയാണ്. കേരളത്തിലെ ഈ മൂന്ന് ജില്ലകളിലെ കലക്ടര്‍മാര്‍ക്കും സമിതി കത്തയച്ചിരുന്നു. ആരും ഇതേപറ്റി ബോധവാന്‍മാരല്ല എന്നാണ് മനസ്സിലാകുന്നത്. ഒരു സുരക്ഷാ മുന്‍കരുതലും എവിടെയുമില്ല. കേരളീയര്‍കൂടി ഈ സമരത്തില്‍ പങ്കാളികളാകണം. കേരളത്തില്‍ നിന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷനും ഇവിടെ വന്നിരുന്നു. എന്നാല്‍ ഇതുപോലൊരു ജനമുന്നേറ്റം അവിടെയും ആവശ്യമാണ്. ഫുകുഷിമ ദുരന്തം കൂടംകുളത്തിന്റെ കാര്യത്തില്‍ കേരളത്തിന് നല്ല പാഠമാണ്. 5000 മൈല്‍ ദൂരെ വരെ വികിരണമുണ്ടായതായാണ് റിപ്പോര്‍ട്ട്. 130 കിലോമീറ്റര്‍ അകലെയും പ്ലാന്റിനകത്തും ഒരേ അളവില്‍ വികിരണം സംഭവച്ചു' ^ഉദയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
സോളിഡാരിറ്റിക്കും മത്സ്യത്തൊഴിലാളി ഫെഡറേഷനും ഏതാനും ആക്ടിവിസ്റ്റുകള്‍ക്കുമപ്പുറം, വരാനിരിക്കുന്ന വന്‍ദുരന്തം കേരളീയര്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. നിത്യവൃത്തി നിറുത്തിവച്ച്, മക്കളുടെ പാഠപുസ്തകം പൂട്ടിവച്ച്, കടകള്‍ക്ക് താഴിട്ട്, പട്ടിണികിടന്നാണ് ഇവിടെ തമിഴ് ജനത വരുംതലമുറകള്‍ക്കായി സ്വജീവിതം സമര്‍പിക്കുന്നത്. ലോകമാകെ നിരാകരിക്കുന്ന ആണവ മോഹങ്ങള്‍ക്കെതിരെ ഈ മല്‍സ്യത്തൊഴിലാളികള്‍ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതക്കൊപ്പമെത്താന്‍ പ്രബുദ്ധ മലയാളിക്ക് ഇനിയുമായിട്ടില്ല. ആണവ ദുരന്തത്തിന്റെ വ്യാപ്തി തെളിയിച്ച ഫുകുഷിമക്ക് ശേഷവും.
(madhyamam 22...09...11)
No comments:
Post a Comment