കൈയ്യേറ്റഭൂമിയാണെങ്കിലും ഏറെക്കാലം കൈവശംവച്ചാല്‍ പിന്നെ കൈവശാവകാശം കൊടുക്കുമെന്നതാണ് കേരള ഭൂ വിനിമയങ്ങളിലെ നടപ്പുരീതി. ശെകവശാവകാശം കിട്ടിയാല്‍ തന്നെ സവിശേഷ അധികാരങ്ങളുണ്ടാകും. പാരമ്പര്യമായി പിന്തുടര്‍ച്ചാവകാശവും കിട്ടും. കേരള രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാര്‍ട്ടികള്‍ക്കും കിട്ടിയിട്ടുണ്ട് ഇങ്ങനെ ചില കൈവശാവകാശങ്ങള്‍. മലപ്പുറം ജില്ല അത്തരത്തിലൊന്നാണ്. അധികാരി മുസ്ലിം ലീഗും. ഒരു കൈയ്യേറ്റത്തിന് സി.പി.എം ശ്രമിച്ചെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. അതിന്റെ കെറുവ് ബാക്കികിടക്കുന്നുണ്ട്. ഇതിനിടയിലാണ് ചവറയിലെ കൈവശാവകാശിയായ ആര്‍.എസ്.പി മലപ്പുറത്ത് കൈവക്കാന്‍ ശ്രമിച്ചത്. അതോടെ സഭ ബഹളമയമായി. ആഭ്യന്തര വകുപ്പിന്റെ ചര്‍ച്ചയായിട്ടും വരണ്ടുണങ്ങിക്കിടന്ന സഭാതലം പെട്ടെന്ന് പ്രക്ഷുബ്ദവും സജീവവുമായി. അതില്‍ പിന്നെ അവകാശത്തര്‍ക്കം അരങ്ങുതകര്‍ക്കുകയും ചെയ്തു. രണ്ട് വട്ടം ഇറങ്ങിപ്പോയും ചോദ്യോത്തര സമയത്ത് തന്നെ ബഹളം വച്ചും പ്രതിപക്ഷം വീറുകാട്ടുകയും ചെയ്തു.
മൂന്ന് മാസത്തിനിടെ കുത്തനെ കൂടിയ കുറ്റകൃത്യങ്ങളുടെ കണക്കായിരുന്നു കോവൂര്‍ കുഞ്ഞിമോന്റെ വിഷയം. ഇതില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യം മലപ്പുറത്താണത്രെ. 'മലപ്പുറമെന്നാല്‍ ഖുര്‍ആന്‍ പറഞ്ഞുനടക്കുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ ജില്ല' എന്ന് പ്രത്യേകം വിശദീകരിക്കുകയും ചെയ്തു. ഇതില്‍ പുതിയ കൈയ്യേറ്റം മണത്ത ലീഗ് അംഗങ്ങള്‍ അത്യുച്ചത്തില്‍ ബഹളവുമായി ചാടിപ്പുറപ്പെട്ടു. ഒരു ജില്ലയെയും ഒരു വിശ്വാസത്തെയും ഒരു മത ഗ്രന്ഥത്തെയും അപമാനിച്ചുവെന്ന് വരെ ക്രമപ്രശ്നമായി. മലപ്പുറത്തെ പറ്റി പറഞ്ഞാല്‍ അതെങ്ങനെ മത വിഭാഗത്തെയാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടു. മതം പിടിച്ച് രാഷ്ട്രീയം പറഞ്ഞവരെ പ്രതിരോധിക്കരുതെന്ന് തിരിച്ച് ഉമ്മന്‍ചാണ്ടിയും. ഇതിനിടയിലാണ് പി. ശ്രീരാമകൃഷ്ണന്റെ കാതലായ ചോദ്യം: 'മലപ്പുറം ജില്ല ആരുടെയെങ്കിലും തറവാട്ട് സ്വത്താണോ?'
വായില്‍ തോന്നിയത് കുഞ്ഞുമോന് പാട്ടാണെന്ന് മറുപടി പറഞ്ഞു തുടങ്ങിയ എം.എ വാഹിദ് തിരിച്ച് സി.പി.എമ്മിന്റെ തറവാട്ടു സ്വത്തില്‍ അവകാശവാദമുന്നയിച്ചു. ഫാസിസം പരിശീലിക്കാന്‍ എസ്.എഫ്.ഐക്ക് പാര്‍ട്ടി വിട്ടുകൊടുത്ത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജാണ് വാഹിദിന്റെ ഉന്നം: 'അത് സാമൂഹ്യ വിരുദ്ധരുടെ താവളമാക്കി. അവിടെ മൂരിക്കുട്ടന്‍മാരെ ഇറക്കിയിരിക്കുന്നു. പെരുമ്പാമ്പിനെ കാട്ടി കുട്ടികളെ വിരട്ടുന്നു. യൂണിയന്‍ ഓഫീസ് ആയുധപ്പുരയാണ്. ജയരാജ മൂര്‍ത്തികളേക്കാള്‍ ഭീകരരായ മൂരിക്കുട്ടന്‍മാരാണവിടെ. തലസ്ഥാന നഗരിയില്‍ അവരുടെ രാഷ്ട്രീയ റൌഡിസമാണ്. ഗുണ്ടാനിയമത്തില്‍ അറസ്റ്റിലായവര്‍ വരെയുണ്ടവിടെ. കാമ്പസില്‍ കമ്യൂണിസ്റ്റുകാരുടെ സ്വേച്ഛാധിപത്യമണ്.' തറവാട്ടുസ്വത്തിലേക്കുള്ള വാഹിദിന്റെ കൈയ്യേറ്റ ശ്രമത്തിനെതിരെ അധികാരികള്‍ ചാടിയിറങ്ങി. വീണ്ടും ബഹളവും ക്രമപ്രശ്നവും മറുപടിയും. പറഞ്ഞതൊന്നും തിരുത്തില്ല എന്ന് വാഹിദ് തീര്‍ത്ത് പറഞ്ഞു. ശ്രീരാമകൃഷ്ണന് ബദലായി അപ്പോള്‍ ഷാഫി പറമ്പില്‍ ചോദ്യവുമുന്നയിച്ചു.
ഇരുകൂട്ടരും പ്രത്യയശാസ്ത്രപരമായി തന്നെ പാരമ്പര്യ സ്വത്താക്കി വച്ച രണ്ട് അവകാശങ്ങളാണ് അഴിമതി വിരോധവും കോടതി ബഹുമാനവും. കോടതിയെ ബഹുമാനിക്കല്‍ കോണ്‍ഗ്രസിന് മാത്രമായി ഇനി കിട്ടില്ലെന്ന് ഇടതുപക്ഷം സഭയില്‍ രണ്ടാം ദിവസവും തെളിയിച്ചു. ചീഫ് വിപ്പ് നല്‍കിയ കേസിന്റെ മറുവശത്ത് ഉമ്മന്‍ചാണ്ടിയുടെ തലയാണെന്ന് ഇ.എസ് ബിജിമോള്‍ ചൂണ്ടിക്കാട്ടി. ഇനിയിവിടെ വിജിലന്‍സിന്റെ ആവശ്യം തന്നെയില്ലെന്ന് കോടിയേരി ബാലകൃഷ്ണനും. സി.കെ നാണു മുതല്‍ വി ശിവന്‍കുട്ടി വരെ ഇക്കാര്യത്തില്‍ ആത്മാര്‍ഥത കാട്ടി. അഴിമതി വിരോധം സി.പി.എം തറവാട്ടുപേരില്‍ ചേര്‍ക്കണ്ട എന്നായിരുന്നു ഇന്നലെയും ഡി.എഫ് നിലപാട്. സ്വന്തം മകനെ വഴിവിട്ട് നിയമിച്ചവര്‍ അഭിസാരികയുടെ ചാരിത്യ്ര പ്രസംഗമാണ് നടത്തുന്നതെന്ന് ബെന്നിബഹനാന്‍ പറഞ്ഞു. സഭാസമിതി അന്വഷണം നടക്കുന്ന ഐ.സി.ടി വിഷയം ചര്‍ച്ച ചെയ്യരുതെന്ന് എസ്.ശര്‍മ അതിന് തടസ്സ റൂളിംഗ് വാങ്ങി. മന്ത്രിപുത്രന്‍മാരുടെ തട്ടിപ്പ് ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ഹൈബി ഈഡന്‍ വാദിച്ചു. വി.എസും പിണറായിയും കാരാട്ടും ചേര്‍ന്ന് സി.പി.എമ്മിനെ തകര്‍ക്കുന്നുവെന്ന് ടി.എ അഹമ്മദ് കബീറും.
ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ഭരണപക്ഷത്തിന് മികച്ച ഉപദേശം നല്‍കിയത് സി. ദിവാകരനാണ്: 'നിങ്ങള്‍ ഭരണത്തിന്റെ അഹങ്കാരം കാണിക്കരുത്'. അഹങ്കാരം എങ്ങനെ കാണിക്കാമെന്ന് അറിയാത്തവര്‍ക്ക് വേണമെങ്കില്‍ ട്യൂഷന്‍ ക്ലാസ് കൊടുക്കാന്‍ തന്നെ പ്രാപ്തനാണെങ്കിലും ഇപ്പോള്‍ ദിവാകരന്‍ വിനീതനാണ്. അഹങ്കാരിയെന്ന ആക്ഷേപം ഭയന്ന് സ്വന്തം മണ്ഡലത്തിലെ ആശുപത്രിയില്‍ മരുന്നുണ്ടോയെന്ന് അന്വേഷിക്കുന്നതുവരെ ഉപേക്ഷിച്ച നേതാവാണ്. ബഹുമാനിക്കാത്തയാളുടെ മുഖത്തടിച്ച പഴയ മന്ത്രിയെ പറ്റി ബെന്നി ബഹനാനും കണ്ണടച്ച് പാലുകുടിക്കുന്ന കമ്യൂണിസ്റ്റുകാരെപ്പറ്റി തോമസ് ഉണ്ണിയാടനും ആക്ഷേപിച്ചിട്ടും എതിര്‍ത്തൊരു വാക്കുപോലും പറഞ്ഞുമില്ല. അത്രയേറെയാണ് വിനയം.
(madhyamam....29...09...11)
No comments:
Post a Comment