ആവേശം വന്നാല്‍ അനാവശ്യം പറഞ്ഞുപോകുന്നത് പി.സി ജോര്‍ജിനൊരു ശീലമാണ്. ഇക്കാര്യത്തില്‍ ഏത് പക്ഷത്തിരിക്കുന്നു എന്നതൊന്നും ജോര്‍ജിനെ അലട്ടാറില്ല. വാര്‍ത്താസമ്മേളനത്തില്‍ പോലും അതാണ് രീതി. 'പച്ചക്ക് പറയുക'യാണ് എന്ന ആമുഖമാണ് ആദ്യം വരിക. പിന്നെ 'തുറന്നുപറയുന്നു' എന്ന വിശദീകരണവും. കേള്‍ക്കുന്നവര്‍ വിശ്വസിക്കുന്നില്ലേ എന്ന സംശയം ഉള്ളിലിടക്കിടെ ഉയരുന്നതിനാലാകണം, 'സത്യം മാത്രമേ പറയുന്നുള്ളൂ' എന്ന അടിക്കുറിപ്പുമുണ്ടാകും. ഇടത് മുന്നണിയിലായിരുന്നപ്പോഴും ഈ പതിവുകളൊന്നും തെറ്റിച്ചിരുന്നില്ല. അന്ന് വി.എസ് അച്യുതാനന്ദനായിരുന്നു ആത്മീയ ഗുരു. ഇന്നത് ഉമ്മന്‍ചാണ്ടിയായി. ബാക്കിയെല്ലാം പഴയപടി. ഇരുപക്ഷത്തുമിരുന്ന് നിഷ്പക്ഷത തെളിയിച്ചതിനാല്‍ വിശ്വാസ്യതയുടെ കാര്യത്തിലുമില്ല സംശയം.
അധസ്ഥിതരോടുള്ള സ്‌നേഹത്തിന്റെ കാര്യത്തിലും പി.സി ജോര്‍ജിനോളം വരില്ല മറ്റാരും. വീട്ടിലെ ജോലിക്കാര്‍പോലും ഈ വിഭാഗക്കാരാണത്രെ. സഖാക്കള്‍ 'മോഷ്ടാക്കള്‍' എന്നാക്ഷേപിച്ച ചെങ്ങറ സമരക്കാര്‍ക്ക് ലോറി വിളിച്ച് അരിയും പയറും കൊണ്ടുകൊടുത്തിട്ടുമുണ്ടത്രെ. 'എന്നെയൊന്ന് പട്ടിക ജാതിയില്‍ ചേര്‍ക്കൂ'വെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. അത്രവലിയ വിപ്ലവകാരി.
ഇങ്ങനെയുള്ള ഒരാള്‍ അമിതാവേശത്തില്‍ എന്തനാവശ്യം പറഞ്ഞാലും ജാതി പറഞ്ഞ് അധിക്ഷേപിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതുകൊണ്ട് തന്നെ കോടിയേരി ബാലകൃഷ്ണന്റെ അടിയന്തിര പ്രമേയം തള്ളിക്കളയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല. ഇതിലപ്പുറം വല്ലതും വേണമെങ്കില്‍ ജോര്‍ജ് തന്നെ അത് പറയുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. അങ്ങനെ ഇത് അവസാനിപ്പിക്കാമെന്ന ഉപായവും.
പ്രതിപക്ഷം പക്ഷെ അതില്‍ വീണില്ല. ഒത്തുതീര്‍പ്പ് ഏശില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ പ്രസംഗ ഭാഷയുടെ മര്യാദയെപ്പറ്റി ചെറിയൊരു സ്റ്റഡീ ക്ലാസും മുഖ്യമന്ത്രി നടത്തി. ഇക്കാര്യത്തില്‍ ഒരു വിരല്‍ ഇങ്ങോട്ട് ചൂണ്ടുമ്പോള്‍ ബാക്കി നാലും സ്വന്തം നെഞ്ചിലേക്കാണ് എന്നായിരുന്നു ആദ്യ അധ്യായം. സ്വന്തം മന്ത്രിക്ക് മുമ്പൊരു മുഖ്യമന്ത്രി പേരിട്ടതും അതേ മുഖ്യമന്ത്രി പഴയൊരു പ്രസിഡന്റിനെ പറ്റി പറഞ്ഞതുമായിരുന്നു ഉദാഹരണങ്ങള്‍. ഈ ക്ലാസ് കട്ട് ചെയ്ത ഇന്നത്തെ പ്രതിപക്ഷ നേതാവ് മാപ്പ് കൊണ്ടും തീരില്ല ഇപ്പോഴത്തെ പ്രശ്‌നമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ പ്രതിഷേധവും ബഹളവുമായി. എന്നാല്‍ നടുത്തളത്തിലിറങ്ങി അബദ്ധത്തില്‍ ചാടാതിരിക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിനാല്‍ ഇരുന്നിടത്തിരുന്നായി മുദ്രാവാക്യം വിളി. അതോടെ സ്പീക്കര്‍ സഭ നിറുത്തി. അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തി ബാക്കി നടപടികള്‍ തീര്‍ത്ത് പിരിഞ്ഞു. പ്രതിപക്ഷം വളരെ സമാധാനപരാമയി മുദ്രാവാക്യം വിളിച്ച് സഹകരിച്ചു.
ജാതി പറഞ്ഞാല്‍ അത് അധിക്ഷേപമായി പരിഗണിക്കാന്‍ ചില സാങ്കേതിക വ്യവസ്ഥകളുണ്ടെന്ന് ഈ ചര്‍ച്ചയോടെ സഭക്ക് ബോധ്യപ്പെട്ടു. ആവേശം വന്നാലും ആഹ്ലാദം വന്നാലും അധസ്ഥിതനെ ജാതി പറഞ്ഞുപോകുന്നത് സവര്‍ണ യുക്തിയാണെന്ന വര്‍ഗ സിദ്ധാന്തം പോലും ഈ സാങ്കേതികത്വത്തില്‍ അപ്രസക്തമായി. ജാതി വിളിയിലെ വ്യവസ്ഥകള്‍ ഇരുകൂട്ടര്‍ക്കും അത്രമേല്‍ സുപ്രധാനമായിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ആദ്യം പറഞ്ഞത്: 'പട്ടിക ജാതി എന്ന് പറഞ്ഞാല്‍ അത് ജാതി അധിക്ഷേപമാകില്ല. പട്ടികയില്‍ ഉള്‍പെട്ട ജാതിയുടെ പേര് പറയണം. അതിനാല്‍ നിയമപരാമയി കേസ് എടുക്കാനുമാകില്ല.' തീര്‍ന്നില്ല, ഒരു കോടതി വിധികൂടിയുണ്ട്: 'ജാതി വിളി അധിക്ഷേപമാകണമെങ്കില്‍ അതിനിരയാക്കപ്പെട്ടയാളുടെ സാന്നിധ്യത്തില്‍ അത് പറഞ്ഞിരിക്കണമെന്നാണ് കോടതി വിധി. ഇത് സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്. ഇ.കെ നായനാര്‍ക്കെതിരായ കേസ് തള്ളിയാണ് ഈ വിധി. പരാതിക്കാരന്‍ എം.എ കുട്ടപ്പനും.' വര്‍ഗ വിപ്ലവത്തിന്റെ ആവേശത്തിനിടെയാണ് നായനാര്‍ ജാതി പറഞ്ഞുപോയത്. അത് കോടതി തള്ളിയത് ന്യായമാണെങ്കിലും ആ ന്യായം ഇവിടെ പറ്റില്ലെന്ന് കോടിയേരി സമര്‍ഥിച്ചു. തികച്ചും സാങ്കേതികമായ കാരണങ്ങളാല്‍ തന്നെ: 'നായനാര്‍ അത് പറഞ്ഞത് കുട്ടപ്പന്‍ കേട്ടിട്ടില്ല. എന്നാല്‍ പി.സി ജോര്‍ജ് പറഞ്ഞത് ലോകം മുഴുവന്‍ ചാനലുകളിലൂടെ കണ്ടു. എം.എല്‍.എ ഹോസ്റ്റലിലിരുന്ന് എ.കെ ബാലനും കേട്ടു. അതിനാല്‍ ഈ വിധി ഇവിടെ ബാധകമാകില്ല. അത് കാലഹരണപ്പെട്ടതാണ്.'
അധിക്ഷേപം ലക്ഷ്യമിട്ട് ജാതി പറയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്കാകെ അവബോധമുണ്ടായി എന്നതാണ് ഈ ചര്‍ച്ചയുടെ ചരിത്രപരമായ സവിശേഷത. സഭാ രേഖകളില്‍ നിന്ന് അതിങ്ങനെ സംഗ്രഹിക്കാം: 'വിളിക്കാനുദ്ദേശിക്കുന്നയാളെ സ്ഥലത്ത് ഹാജരാക്കു, വിളി പട്ടിക ജാതിയില്‍ ഒതുക്കാതിരിക്കുക, പ്രസംഗ വേദിയില്‍ ചാനല്‍ കമാറകള്‍ ഉറപ്പാക്കുക.' ജന നേതാക്കളുടെ ഈ സാങ്കേതിക വൈഭവത്തിന് മുന്നില്‍ ആരും തോറ്റുപോകും -ജാതി പറയണമെന്ന് കല്‍പിച്ച ശ്രീനാരായണ ശിഷ്യന്‍ പോലും.
(4....11...11)
No comments:
Post a Comment