സഭയിലെ തിരക്കിനും ബഹളത്തിനുമിടയില്‍ പറയാനുദ്ദേശിച്ച പലതും വിട്ടുപോകുക പതിവാണ്. പലരുടെ പ്രസംഗങ്ങളും പാതിവഴിയിലങ്ങനെ ഗതിമാറുന്നതും പതിവാണ്. സഭയില്‍ കൈവിട്ട അവസരം എറിഞ്ഞുപോയ കല്ലുപോലെയാണ്. തിരിച്ചുപിടിക്കുക നന്നേ പ്രയാസം. ടൈറ്റാനിയം ചര്‍ച്ചയില്‍ അതിനിര്‍ണായകമായൊരു വിവരം മുഖ്യമന്ത്രിയുടെ കൈവിട്ടുപോയി. ഇതുപോലെ ഗതിതെറ്റിയതായിരുന്നു ഇതേവിഷയത്തില്‍ ടി.എന്‍ പ്രതാപന്‍ നടത്തിയ പ്രസംഗവും. സാധാരണഗതിയില്‍ നികത്താനാകാത്ത നഷ്ടം. പക്ഷെ സഭാനേതാവും ശിഷ്യനും ചേര്‍ന്ന് ഈ കുറവ് പരിഹരിക്കാന്‍ ഇന്നലെയൊരു പിന്‍വാതില്‍ വഴിയുണ്ടാകി -ഉപക്ഷേപം. ശൂന്യവേളയില്‍ലെ സബ്മിഷന്‍ പട്ടിക വന്നപ്പോള്‍ അതിലുണ്ട് കാര്യം. വിഷയം -ടൈറ്റാനിയം മലിനീകരണ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഹെകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അവതാരകന്‍ -ടി.എന്‍ പ്രതാപന്‍. മറുപടി -മുഖ്യമന്ത്രി. ആദ്യ ദിവസത്തെ ക്ഷീണം തീര്‍ത്ത പ്രതാപന്‍ എതിര്‍ ഗോള്‍മുഖത്ത് നിറഞ്ഞാടി. മറുപടിയില്‍ മുഖ്യമന്ത്രിയും. കിട്ടേണ്ടത് കിട്ടിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ക്കെതിരെ തിരിഞ്ഞു: കഴിഞ്ഞ ദിവസം പറയാന്‍ പറ്റാത്തത് പറയാന്‍ സബ്മിഷന്‍ അനുവദിക്കണോ?
ഉമ്മന്‍ചാണ്ടി സബ്മിഷന്‍ പ്രയോഗിച്ചാല്‍ കെ.എം മാണി ബില്‍ ചര്‍ച്ചയെങ്കിലും ഇതിന് ഉപയോഗിക്കണമെന്നാണ് യു.ഡി.എഫിലെ ചട്ടം. മാണിക്കാകട്ടെ പല തവണ കൈവിട്ട അവസരങ്ങള്‍ തിരിച്ചുപിടിക്കാനുണ്ടായിരുന്നു. ഒന്നിലേറെ തവണ വെല്ലുവിളിച്ച് തോല്‍പിച്ചുകളഞ്ഞ തോമസ് ഐസകാണ് ലക്ഷ്യം. ധന ഉത്തരവാദിത്ത ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ മാണി ഗോളടിക്കാന്‍ അവസരമൊരുക്കി: ഐസക്, നിങ്ങള്‍ സംസ്ഥാനത്തിന് കിട്ടേണ്ട 812 കോടി കളഞ്ഞു. ഇതിന് മറുപടി പറയാണം. നിങ്ങള്‍ ഈ ചര്‍ച്ചയില്‍ സംസാരിക്കണം. ഈ നഷ്ടത്തിന് ഉത്തരവാദിയാണ് ഐസക്. ഒഴിഞ്ഞുമാറരുത്. ഞാന്‍ വെല്ലുവിളിക്കുന്നു.' സമയം മോശമാണെന്ന് ഐസകിനും തോന്നിയിരിക്കണം: 'അധിക ധനാഭ്യര്‍ഥനയില്‍ നമുക്ക് ചര്‍ച്ചയാകാം. ഇപ്പോള്‍ വേണ്ട.' മാണി പക്ഷെ വിടാന്‍ തയാറല്ലായിരുന്നു: 'പോര, ഇവിടെ, ഇന്ന് സംസാരിക്കണം.' വീണ്ടും വെല്ലുവിളി. ഇത്തവണ അത് ഇംഗ്ലീഷിലായി. ആംഗലേയം ഐസകിനൊരു വീക്‌നെസ്സാണ്. അതിനാല്‍ തര്‍ക്കിക്കാന്‍ സമ്മതമായി. ചര്‍ച്ചയില്‍ അത് മുറുകി. ഇത്തവണ പക്ഷെ മാണിയുടെ കൊടി പാറി. കമ്മി കുറക്കല്‍ നിയമം സംബന്ധിച്ച് ഐസകിന്റെ അഞ്ച് ബജറ്റിലെ വൈരുദ്ധ്യങ്ങള്‍ തന്നെ ധാരളം. കിട്ടിയ അവസരം മുതലെടുത്ത് ഐസകിനൊപ്പം കെയിന്‍സ്, ഫ്രീഡ്മന്‍ തുടങ്ങിയ സാമ്പത്തിക ശാസ്ത്രഞ്ജരെയും ചീത്ത വിളിച്ചു. ഇതിനിടെ സ്വകാര്യ ബാങ്കുകളുടെ പേരില്‍ കഴിഞ്ഞ ആഴ്ച ഐസക് കൊണ്ടുവന്ന അടിയന്തിര ചര്‍ച്ചയില്‍ വിട്ടുപോയതുകൂടി പറഞ്ഞു.
വി.എസ് അച്യുതാനന്ദനെപ്പറ്റി പരസ്യമായി എതിര് പറയാത്തയാളാണ് എ.കെ ബാലന്‍. എന്നുവച്ച് പയണമെന്ന് ഉദ്ദേശിച്ചതൊന്നും ബാലന്‍ പുറത്തെത്തിക്കാതിരുന്നിട്ടുമില്ല. കേന്ദ്ര സഹായങ്ങള്‍ വിശദീകരിച്ച വി.ഡി സതീശനോട് കഴിഞ്ഞ സര്‍ക്കാറിന്റെ വൈദ്യുതി മേഖലയിലെ കൊറിയന്‍ കമ്പനി പദ്ധതി മുക്കിയത് എന്തിനാണെന്ന് ബാലന്‍ ചോദിച്ചപ്പോള്‍ അസമയത്തെ ഈ അന്വേഷണത്തിന്റെ പൊരുള്‍ ആര്‍ക്കും പിടികിട്ടിയില്ല. പക്ഷെ സതീശന്റെ ഉത്തരം വന്നപ്പോള്‍ കാര്യം വ്യക്തമായി: 'അത് എതിര്‍ത്തത് ഉമ്മന്‍ചാണ്ടിയായിരുന്നില്ല. രണ്ടാം ലാവ്‌ലിന്‍ എന്ന് പറഞ്ഞ് എതിര്‍ത്തത് ആദ്യം നിങ്ങളുടെ മുഖ്യമന്ത്രി തന്നെയായിരുന്നു.' ഒരുമുന്നറയിപ്പുമില്ലാതെ ഉമ്മന്‍ചാണ്ടിയുടെ സ്വജനപക്ഷപാതത്തെ പറ്റി തോമസ് ഐസക് ഭരണ നിരയെ അങ്ങേയറ്റം പ്രകോപിപ്പിച്ചതിന്റെ ലക്ഷ്യം തൊട്ടുടനെ പി.സി വിഷ്ണുനാഥ് പ്രസംഗിച്ചപ്പോള്‍ സംശയകരമായി വെളിപ്പെട്ടു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥ രണ്ടാം ഭാഗം വയിച്ച വിഷ്ണുനാഥ് റിലയന്‍സ് ഫ്രഷ് ഔട്ട്‌ലറ്റ് വഴി ദല്ലാള്‍ കുമാറിലൂടെ വി.എസ് അച്യുതാനന്ദനിലെത്തി. പതിവുപോലെ അരുണ്‍കുമാറില്‍ നിര്‍ത്തി. ആര് പറഞ്ഞു എന്നതല്ല, എന്ത് പറയുന്നു എന്നതാണ് കാര്യം.കമ്യൂണിസ്റ്റുകാര്‍ക്ക് പ്രത്യേകിച്ചും.
രണ്ട് ബില്ലുകളായിരുന്നു ഇന്നലെ സഭയുടെ അജണ്ട. ഒന്ന് വരുമാനക്കമ്മി കുറക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്‍. മറ്റേത് ഉയര്‍ന്ന ഉദ്യോഗസ്ഥനെ വരെ അസിസ്റ്റന്റായി നിയമിക്കാന്‍ എം.എല്‍.എമാര്‍ക്ക് അനുമതി നല്‍കുന്നതും. രണ്ടാമത്തെ ബില്ല് വളരെ അനിവാര്യമാണെന്ന് രാവിലെ തന്നെ സഭക്ക് അനുഭവപ്പെട്ടു. അടിയന്തിര പ്രമേയം കഴിഞ്ഞയുടന്‍ അംഗങ്ങള്‍ സീറ്റുവിട്ടു. തലങ്ങും വിലങ്ങും നടപ്പ്. മന്ത്രിമാരെ കാണല്‍. ചര്‍ച്ച. തമാശ പങ്കിടല്‍. ഈ തിരക്കില്‍ സ്വന്തം കാര്യം നോക്കാന്‍ ഉയര്‍ന്ന നിലയിലുള്ള സഹായി ഇല്ലാതെ പറ്റില്ല. ഭരണ പക്ഷത്തേയുള്ളൂ ഈ ആഘോഷം. അതുകൊണ്ടാകണം ഇത്ര വലിപ്പം വേണോ അസിസ്റ്റന്റിന് എന്ന് കോടിയേരി സംശയിച്ചത്. അംഗങ്ങള്‍ക്ക് ഇമ്മാതിരി തിരക്കായാല്‍ മന്ത്രിമാര്‍ക്ക് നാലിരട്ടി ഉറപ്പാണ്. 17പേരും ശൂന്യവേള പകുതിയാകും മുമ്പേ പുറത്തുപോയി. ഒഴിഞ്ഞ കസേരകളെ നേരിട്ട് സഹികെകെട്ടപ്പോള്‍ എ.കെ ബാലന്‍ സ്പീക്കറോട് പരാതിപ്പെട്ടു. സഭയെ പരിഹസിക്കരുതെന്ന് എം.എ ബേബിയും. ക്ഷുഭിതനായ സ്പീക്കര്‍, എവിടെ മന്ത്രിമാരെന്ന് മൈക്കിലൂടെ ചോദിച്ചു. ആ വിളി കേട്ട് ആരും വന്നില്ല. മറുപടിയുമുണ്ടായില്ല. അല്ലെങ്കിലും ഉല്‍സവ പറമ്പിലെ മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ക്ക് ആരും മറുപടി പ്രതീക്ഷിക്കാറില്ലല്ലോ?
(28...10...11)
No comments:
Post a Comment