ആദിവാസികളും നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍ രണ്ടുകൂട്ടരും തമ്മില്‍ ചില സമാനതകളുണ്ട്. നാട്ടില്‍ തുല്യ പൌരത്വമുണ്ടെങ്കിലും നാലാള്‍ കൂടുന്നിടത്ത് വന്നുനിന്ന് വര്‍ത്തമാനം പറയാവുന്നത്ര വളര്‍ന്നിട്ടില്ല ആദിവാസികള്‍. അതിനാല്‍ അവര്‍ക്ക് പ്രത്യേക സംരക്ഷണ നിയമമുണ്ട്. എം.എല്‍.എയല്ലാത്ത ഒരാള്‍ക്കും കയറാന്‍ അനുവാദമില്ലാത്തിടമാണ് നിയമസഭാ സമ്മേളന മുറി. പക്ഷെ അവിടേക്ക് കടന്നുചെല്ലാന്‍ നിയമപരമായി അനുവാദമുള്ള അത്യപൂര്‍വ വിഭാഗമാണ് വാച്ച് ആന്റ് വാര്‍ഡ്. എന്നാല്‍ സഭക്കകത്ത് അവര്‍ക്കൊരക്ഷരം മിണ്ടാന്‍ അനുവാദമില്ല. വലിയ അവകാശങ്ങള്‍ക്കൊപ്പം വന്നുപെട്ട രണ്ടുതരം നിസ്സഹായതകള്‍. അതുകൊണ്ടാണ്, ആദിവാസി സ്ത്രീയെ പോലിസ് മര്‍ദിച്ചതിന് അടിയന്തിര പ്രമേയവുമായി വന്ന പ്രതിപക്ഷത്തിന് വാച്ച് ആന്റ് വാര്‍ഡ് സ്ത്രീയെ കൈയ്യേറ്റം ചെയ്തെന്ന ആക്ഷേപം ഏറ്റുവാങ്ങി മടങ്ങേണ്ടി വന്നത്.
രണ്ട് ദിവസത്തെ അവധിക്ക് പിരിയുന്ന വെള്ളിയാഴ്ച ഉച്ചയാകുന്നതിന് മുമ്പേ വീട്ടിലേക്കുള്ള വണ്ടി പിടിക്കാന്‍ അവസരമുണ്ടാക്കുന്നതില്‍ പ്രതിപക്ഷം ഇത്തവണ പ്രത്യേകം ശ്രദ്ധവക്കുന്നുണ്ട്. അതിനാല്‍ ഇന്നലെയും സ്തംഭനം പ്രതീക്ഷിച്ചിരുന്നു. ചാലക്കുടിയില്‍ ആദിവാസി സ്ത്രീക്ക് പോലിസ് മര്‍ദനമേറ്റതായിരുന്നു അടിയന്തിര പ്രമേയം. അത് ഇറങ്ങിപ്പോക്കില്‍ അവസാനിച്ചു. തിരിച്ചുവന്നവര്‍ കോഴിക്കോട് വെടിവപ്പില്‍ ഉപക്ഷേപത്തിനിറങ്ങി. അതോടെ സഭ ബഹളമായി. അതിവേഗം സഞ്ചരിക്കുന്ന മുഖ്യമന്ത്രി പുതിയ അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച കിട്ടുമെന്ന് ഉറപ്പ് നല്‍കി. അതിലപ്പുറം ഒന്നും പറയാനില്ലെന്ന് തീര്‍ച്ചയാക്കി. അതോടെ പ്രതിപക്ഷം നടുത്തളത്തിലെത്തി. സ്തംഭനം ഉറപ്പായതോടെ സ്പീക്കര്‍ മറ്റുനടപടികളിലേക്ക് നീങ്ങി.
നടുത്തളത്തിലെ കുത്തിയിരിപ്പും മുദ്രാവാക്യം വിളിയും ഒരുവഴിക്കും നടപടികള്‍ മറ്റൊരു വഴിക്കും. ഇതിനിടെ ഒരു അനൌദ്യോഗിക പ്രമേയം പാസായി. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് കോടിയരി ബാലകൃഷ്ണന് തോന്നിയത് അപ്പോഴാണ്. കുട്ടിസഖാക്കള്‍ക്കുനേരെ കോടിയേരിയുടെ ചൂണ്ടുവിരല്‍ പാഞ്ഞു. അതിന് പിന്നാലെ ടി.വി രാജേഷും ജയിംസ് മാത്യുവും സപീക്കറുടെ ചേംബറിലേക്ക് പാഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേടായിരിക്കണം അപ്പോള്‍ രാജേഷിന്റെ ഓര്‍മയില്‍ തെളിഞ്ഞത്. ഒരൊറ്റ തള്ള്. വെള്ള യൂണിഫോമിട്ട പെണ്‍കുട്ടിയുടെ തലയിലെ തൊപ്പി പറന്നു. അവര്‍ വീഴാനാഞ്ഞു. മറ്റുള്ളവരുമായി കൈയ്യാങ്കളിയായി. അപ്പോള്‍ പ്രസംഗിക്കുകയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അതിന് തത്സമയ ശബ്ദസംപ്രേഷണം നല്‍കി: 'അതാ, ആ സ്ത്രീയെ കൈയ്യറ്റം ചെയ്തു. അടിച്ചു. അക്രമം. കൈയ്യേറ്റം. അയ്യോ. തടയണം. ആ സ്ത്രീയെയാണ് കൈയ്യേറ്റം ചെയ്തത്.' അതോടെ ഭരണപക്ഷം ചാടിയിറങ്ങി. മുന്‍ നിരയില്‍ വന്നുനിന്ന് ബഹളം തുടങ്ങി. സ്ത്രീയെ കൈയ്യേറ്റം ചെയ്ത എം.എല്‍.എമാരെ സസ്പെന്റ് ചെയ്യണമെന്ന് മുദ്രാവാക്യം വിളിച്ചു. സംഭവം കൈവിട്ടെന്നായപ്പോള്‍ പ്രതിപക്ഷം പതിയെ പുറത്തേക്ക് പിന്‍വലിഞ്ഞു. അപ്പോഴേക്കും സഭ പിരിഞ്ഞിരുന്നു.
പിന്നെയാണ് രാഷ്ട്രീയ പ്രചാരകരുടെ വൈദഗ്ദ്യം വെളിപ്പെട്ടത്. വാച്ച് ആന്റ് വാര്‍ഡ് ആക്രമിച്ചു എന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നേരെ സഭാകവാടത്തിലേക്ക് പ്രകടനം നയിച്ചു. അക്രമത്തിലേറ്റ മുറിവ് രാജേഷ് കാമറിയില്‍ പ്രദര്‍ശിപ്പിച്ചു. പിന്നെ അകത്തുകയറി വാര്‍ത്താസമ്മേളനം വിളിച്ചു. വയറിന് കുത്തേറ്റ കാര്യം കെ.കെ ലതിക അവിടെ വെളിപ്പെടുത്തി. വാച്ച് ആന്റ് വാര്‍ഡിനെ വിട്ട് അക്രമിക്കുന്നുവെന്ന് ആരോപിച്ചു. എം.എല്‍.എമാരുടെ അവകാശത്തെ പറ്റി വാചാലമായി. സ്പീക്കര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടികളുടെ കാര്യത്തില്‍ വലിയ ആധിയുള്ള വനിതാ പോരാളികളായ ഇ.എസ് ബിജിമോളും ഗീതഗോപിയും രാജേഷിന്റെ നിരപരാധിത്വം ആവര്‍ത്തിച്ചുറപ്പിച്ചു.
അങ്ങോട്ടോടിക്കയറി തള്ളിയത് ഇങ്ങോട്ടുള്ള ആക്രമണമായി മാറുന്നത് കണ്ട് അന്തം വിട്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് അപ്പോള്‍ കെ.സി ജോസഫും പി.സി ജോര്‍ജും നയിച്ച ഭരണപക്ഷ പ്രകടനം കടന്നുവന്നു. സഭാകവാടത്തില്‍ അവര്‍ രോഷംപൂണ്ടു: 'ചരിത്രത്തിലില്ലാത്ത വിധം സുരക്ഷാ ജീവനക്കാരിയെ ആക്രമിച്ചിരിക്കുന്നു. വനിതയെ കൈയേറ്റം ചെയ്തത് അത്യന്തം ഗുരുതരമാണ്. രണ്ട് എം.എല്‍.എമാരെ സസ്പെന്റ് ചെയ്യണം.' ചേംബറിലേക്കുള്ള തള്ളിക്കയറ്റം അതോടെ കൈയ്യേറ്റമായി. അത് പെണ്ണിനെയാണെന്ന വിശേഷവുമുണ്ടായി. അധികം വൈകാതെ മുഖ്യമന്ത്രിയും പ്രമുഖ പിന്നണിക്കാരായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും ഷിബുബേബിജോണും വാര്‍ത്താസമ്മേളനം വിളിച്ചു.
പതിവുപോലൊരു സ്തംഭനവും അതില്‍ പതിവുള്ള ഉന്തും തള്ളുമാണ് മിനുട്ടുകള്‍ക്കകം ആക്രമണമായും കൈയ്യേറ്റമായും രണ്ട് വഴിയില്‍ രൂപമാറ്റം പ്രാപിച്ചത്. ഒരൊറ്റ അടിക്ക് കേരളത്തിന് കിട്ടിയത് രണ്ട് പ്രകടനം. നാല് വാര്‍ത്താസമ്മേളനം. ഇത് വെറുമൊരു തള്ളായിരുന്നു എന്ന് സഭാ രേഖയിലെങ്ങുമുണ്ടാകില്ല. രേഖയിലുള്ള കാര്യങ്ങള്‍ പുറത്തുപറയാന്‍ പറ്റുന്നതുമാകില്ല. അത്ര നിഷ്കളങ്കരാണ് ിരുഭാഗത്തെയും അംഗങ്ങള്‍. നിയമനിര്‍മാണ സഭയുടെ പുണ്യം.
(15...10...11)
No comments:
Post a Comment