വിദ്യാഭ്യാസം ഭരിച്ചതിന്റെ ഗുണം എം.എ ബേബിക്കുണ്ടായിട്ടുണ്ട്. നന്നേ ചുരുങ്ങിയത് എന്താണ് വിദ്യാഭ്യാസം എന്ന് പറയാനുള്ള വിവരമെങ്കിലും നേടാനായി എന്നത് തന്നെയാണ് വലിയ നേട്ടം. വകുപ്പൊഴിഞ്ഞതോടെ ഇക്കാര്യത്തില്‍ ചില ധാരണകള്‍ ഉണ്ടാക്കാനായിയെന്ന് രണ്ട് നിര്‍വചനങ്ങള്‍ മനപാഠം പറയുക വഴി ബേബി ഇന്നലെ സഭയെ ബോധ്യപ്പെടുത്തി: 'മാനസികവും കായികവുമായ അധ്വാന ശക്തിയുടെ സംസ്കരണമാണ് വിദ്യാഭ്യാസം.' തീര്‍ന്നില്ല, ഇതേപറ്റി ഐന്‍സ്റ്റീനും പറഞ്ഞിട്ടുണ്ടത്രെ: 'സ്കൂളില്‍ പഠിച്ചതെല്ലാം മറന്നിട്ടും ബാക്കികിടക്കുന്നതെന്തോ അതാണ് വിദ്യാഭ്യാസം.' അങ്ങനെ മറക്കാതെ കിടന്ന ചില തിയറികളെപ്പറ്റിയും ബേബി വാചാലനായി: 'എസ്.എഫ്.ഐ നേതാവായിരിക്കെ ഞങ്ങളൊക്കെ ആവശ്യപ്പെട്ടിരുന്നത് അധ്യാപക വിദ്യാര്‍ഥി അനുപാതം 1:28 ആക്കാനായിരുന്നു. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ 1:30 ആക്കിയത് വലിയ കാര്യമൊന്നുമല്ല.' മറക്കാതെ ബാക്കികിടക്കുന്ന കാര്യങ്ങള്‍ ഓര്‍മയിലെത്താന്‍ അഞ്ചുകൊല്ലം മന്ത്രിയായിരിക്കണമെന്ന് ഈ സിദ്ധാന്തത്തില്‍ വ്യവസ്ഥയുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ അങ്ങനെയുമുണ്ട് ചട്ടങ്ങള്‍ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ സഭയിലെ ബേബി സാന്നിധ്യം.
മന്ത്രി മറുപടി പറയുന്ന ഓരോ വരിയിലും ബേബി ഇടപെട്ടുകൊണ്ടിരുന്നു. എത്ര ചോദിച്ചിട്ടും പിന്നെയും സംശയങ്ങള്‍ ബാക്കിയായി. ഓരോ ഉത്തരവും ബേബിക്ക് പുതിയ പുതിയ ഓര്‍മകള്‍ തിരിച്ചുകൊടുത്തുകൊണ്ടിരുന്നു. അതിനാല്‍ ചോദ്യങ്ങള്‍ അടിക്കടി ആവര്‍ത്തിച്ചു. ഇങ്ങനെയാകല്ലേ എന്ന് സ്പീക്കര്‍ ഉപദേശിച്ചിട്ടും ഓര്‍മകള്‍ തികട്ടി വന്നപ്പോള്‍ ബേബി സ്വയമറിയാതെ എഴുന്നേറ്റുകൊണ്ടിരുന്നു. ഈ മികവ് തിരച്ചറിഞ്ഞത് പക്ഷെ ഷാഫി പറമ്പില്‍ മാത്രാമണ്: 'കേരളത്തിന് ഇനിയൊരു ഓസ്കാര്‍ കിട്ടുമെങ്കില്‍ അത് എം.എ ബേബിയുടെ അഭിനയത്തിനായിരിക്കും' എന്നായിരുന്നു ഷാഫിയുടെ പ്രവചനം. ചോദ്യങ്ങളെല്ലാം ഇത്രയേറെ 'സയുക്തിക'മായി അവതരിപ്പിച്ചിട്ടും പിന്‍നിര സഖാക്കള്‍ വലിയ ആവേശം കാട്ടിയില്ല. ആകെ സഹായിച്ചത് തോമസ് ഐസക് മാത്രം. ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടറെ പിരിച്ചുവിട്ട കാര്യം ഓര്‍മ വന്നപ്പോഴാണ് ഐസകിനും ആവേശമുണ്ടായത്. അതാകട്ടെ ഭരണ പ്രതിപക്ഷ വാക്കേറ്റത്തിലും മൂക്കിന്‍ തുമ്പോളമെത്തിയ വഴക്കിലുമാണ് അവസാനിച്ചത്. മുക്കാല്‍ മണിക്കൂര്‍ സ്തംഭനം തീര്‍ന്നപ്പോള്‍ മന്ത്രി കെ.സി ജോസഫ് ഈ ആവേശത്തിന്റെ രഹസ്യം വെളിപ്പെടുത്തി: 'യോഗ്യതയില്ലാതെ നിയോഗിച്ച ഡയറക്ടറുടെ മുറി ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായിരുന്നു. അവിടുത്തെ കമ്പ്യൂട്ടറില്‍ നിന്ന് തോമസ് ഐസകിന്റെയും സുജ സൂസന്‍ ജോര്‍ജിന്റെയും പ്രചാരണത്തിനുണ്ടാക്കിയ ലഘുലേഘകള്‍ കണ്ടെത്തിയിട്ടുണ്ട്.'
ഷെല്ലിയുടെ കവിതയായിരുന്നു ചര്‍ച്ച തുടങ്ങിയ കെ.ടി ജലീലിന്റെ ആയുധം: സര്‍ക്കാറിന്റെ 'മധുര സംഗീതങ്ങളെല്ലാം ഏറ്റവും വിഷാദഭരിതമായ ചിന്തകളാണ'ത്രെ. 'കണ്ണടച്ചിരുന്നാല്‍ പിന്നെ പകലും രാത്രിയാണ്; ഇതില്‍ സൂര്യനെന്ത് പിഴച്ചു'വെന്ന ഹിന്ദുസ്ഥാനി കവിതയാണ് ഇതിന് അബ്ദുസ്സമദ് സമദാനിയുടെ മറുപടി. 'ഭാവിയെ കരുപ്പിടിപ്പിക്കാന്‍ ഞങ്ങള്‍ മുള്ളിലൂടെ നടക്കുന്നു' എന്ന മറ്റൊരു കവിതകൂടി സമദാനി സര്‍ക്കാറിന് സംഭാവന ചെയ്തിട്ടുണ്ട്. അടുത്ത പരസ്യത്തില്‍ ഇത് പരീക്ഷിക്കാം. സമദാനിയുടെ കവിത കേട്ടപ്പോഴാണ് അഞ്ചാം മന്ത്രി എന്തായെന്ന് സാജുപോളിന് സംശയമുണ്ടായത്. ആളാരായാലും അതിന് വകുപ്പുണ്ടെന്ന് ഹൈബി ഈഡന്‍ സമര്‍ഥിച്ചു: 'വിദ്യാഭ്യാസ വകുപ്പിനെ ഉന്നത വിദ്യാഭ്യാസമെന്നും പൊതു വിദ്യാഭ്യാസമെന്നും രണ്ടായി വിഭജിക്കണം. പലയിടത്തും അങ്ങനെയുണ്ട്.' വിദ്യാഭ്യാസ ചര്‍ച്ചയില്‍ വിദ്യാര്‍ഥി യുവജന നേതാക്കളായിരുന്നു നിറഞ്ഞുനിന്നത്. യൂണിവേഴ്സിറ്റി കോളജില്‍ മല്‍സരിച്ച് ജയിക്കാന്‍ ആര്‍. രാജേഷ് കെ.എസ്.യുവിനെ വെല്ലുവിളിച്ചു. കേന്ദ്ര^കേരള പ്രസിഡന്റുമാരുണ്ടായിട്ടും അവര്‍ വെല്ലുവിളി ഏറ്റെടുത്തില്ല. എന്നാല്‍ എ.ഐ.എസ്.എഫുകാരെയെങ്കിലും അവിടെ മല്‍സരിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. കാര്യങ്ങളെല്ലാം ആ അഭ്യര്‍ഥനയിലുണ്ട്.
വകുപ്പ് ഏതായാലും പി.സി വിഷ്ണുനാഥിന് വിഷയം വി.എസ് അച്യുതാനന്ദനും അരുണ്‍കുമാറും തന്നെയാണ്. അരുണ്‍കുമാര്‍ വധം നാലാം ദിവസം പി.എച്ച്ഡി റദ്ദാക്കലും വ്യാജ സര്‍ട്ടിഫിക്കറ്റുമായിരുന്നു കഥ. ആദാമിന്റെ മകന്‍ അബുവിനേക്കാള്‍ കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് 'അച്യുതാനന്ദന്റെ മകന്‍ അരുണ്‍' ആണെന്ന് എ.പി അബ്ദുല്ലക്കുട്ടി അതിന് തലക്കെട്ടുമിട്ടു. വെച്ചുകെട്ടിയ വേദിയില്‍ നിന്ന് കോളനിക്കാരെ ചീത്ത വിളിക്കുമ്പോലെ അനായാസമല്ല സഭക്കകത്തെ കാര്യങ്ങളെന്ന് വി. ശിവന്‍കുട്ടി നേരിട്ട് മസ്സിലാക്കുന്ന കാഴ്ച കണ്ടാണ് സഭയിന്നലെ പിരിഞ്ഞത്. സ്തംഭന ബഹളം ശാന്തമാകുന്നതിനിടെ മുഖ്യമന്ത്രിക്കസേരക്കരികിലേക്കോടിയ ശിവന്‍കുട്ടിയെ ഭരണപക്ഷത്തെ ചെറുപ്പക്കാര്‍ സംഘടിതമായി വിരട്ടി. ഇരുപക്ഷത്തെയും മുതിര്‍ന്ന അംഗങ്ങള്‍ ഒരിട കാര്‍ക്കശ്യം കൈവിട്ടിരുന്നെങ്കില്‍ അവിടെ അടിപൊട്ടുമായിരുന്നു. അത്രകേമം ഏറ്റുമുട്ടല്‍. കേരള നിയമസഭയിലിരുന്നായിരിക്കണം വിദ്യാഭ്യാസത്തെക്കുറിച്ച് ഐന്‍സ്റ്റീന്‍ സ്വന്തം നിര്‍വചനമുണ്ടാക്കിയത്.
(11...10...11, madhyamam)
No comments:
Post a Comment