Wednesday, October 26, 2011

ഉലക്ക വിഴുങ്ങിയ ബ്രേക്കിംഗ് ന്യൂസുകള്‍

എതിരാളികളോട് പക പാടില്ലെന്നാണ് ഭരണമുന്നണിയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ സഭയിലെ കാരണവരായ വി.എസ് അച്യുതാനന്ദനെ അവരീ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പതിവുചര്‍ച്ചക്ക് പുറമേ അടിയന്തിര ചര്‍ച്ചയാല്‍ സവിശേഷമായ ഇന്നലത്തെ സഭയില്‍, അതിനാല്‍ തന്നെ വി.എസ് വധത്തിലുമുണ്ടായി വിശേഷം. ആക്രമണത്തിന്റെ മുന്‍നിരയില്‍ മുഖ്യമന്ത്രി തന്നെയെത്തി.
ബില്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ കെ.ശിവദാസന്‍ നായരാണ് ഇന്നലെ വി.എസ് വിരുദ്ധ ഇനിംഗ്‌സ് തുടങ്ങിയത്: 'ആള്‍ദൈവമാക്കി മാറ്റി അച്യുതാനന്ദനെ ഇപ്പോള്‍ വാഴ്ത്തപ്പെട്ടവനാക്കിയിരിക്കുന്നു. റഊഫും അസീസും ദല്ലാള്‍ കുമാറുമൊക്കെയാണവിടെ സന്ദര്‍ശകര്‍. കന്ന് ചെന്നാല്‍ കന്നിന്‍കൂട്ടത്തിലേ നില്‍ക്കൂ.' അടിയന്തിര ചര്‍ച്ചയില്‍ മറുപടി പറഞ്ഞ ഉമ്മന്‍ചാണ്ടി ഇതിന് തിലകക്കുറി ചാര്‍ത്തി: 'കമ്പനി പൂട്ടാതെ സംരക്ഷിക്കണമെന്നും തൊഴിലാളികളെ രക്ഷിക്കണമെന്നും സി.ഐ.ടി.യു അടക്കം എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി നേരില്‍ വന്ന് ആവശ്യപ്പെട്ടാല്‍ ഞാനെന്ത് ചെയ്യണം? ഉലക്ക വിഴുങ്ങിയ പോലെയിരിക്കണോ? അങ്ങനെയാണോ ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്?' ഉലക്കയടിയേറ്റ പോലെ പ്രതിപക്ഷ നിരയാകെ ഇതില്‍ സ്തബ്ദരായി. രാപകല്‍നീണ്ട കൊടിപാറിയ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പറിവികൊണ്ട അടിയന്തിര പ്രമേയത്തിലെ തീയണഞ്ഞു തുടങ്ങിയെന്ന സൂചനകൂടിയായിരുന്നു അത്.
ബ്രേക്കിംഗ് ന്യൂസില്‍ പുനരാരംഭിച്ച ടൈറ്റാനിയം അഴിമതി ചര്‍ച്ച സഭയെ ഇളക്കി മറിക്കുമെന്ന പ്രതീതി രാവിലെ തന്നെ സഭാകവാടത്തില്‍ ദൃശ്യമായി. തത്‌സമയ സംപ്രേക്ഷണ ചാനല്‍ വാഹനങ്ങള്‍ നേരത്തെയെത്തി. ഇന്ന് അവധിയായതിനാല്‍ ഇരുട്ടും മുന്നെ വീടുപിടിക്കാമെന്ന ആഹ്ലാദം ഇരുപക്ഷത്തെ അംഗങ്ങളിലും ഒളിമിന്നി. വാര്‍ത്താ സമ്മേളനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി നേതാക്കളും മാധ്യമ പ്രവര്‍ത്തകരും അരമുറുക്കി. അതിനിടയിലാണ് പ്രതീക്ഷകള്‍ തകിടംമറിച്ച് പ്രത്യേക ചര്‍ച്ച വച്ചത്. അതിലാകട്ടെ ചാനല്‍ സംപ്രേക്ഷണവും വന്നു. പ്രമേയം അവതരിപ്പിച്ച തോമസ് ഐസകിന്റെ വാഗ്‌വൈഭവത്തിന് മുന്നില്‍ ടി.എന്‍ പ്രതാപന്റെ പ്രതിരോധം അതീവ ദുര്‍ബലമായി. കെ.എന്‍.എ ഖാദറും പി.സി ജോര്‍ജും പി.സി വിഷ്ണുനാഥും ചേര്‍ന്ന് ആ കുറവ് പിന്നെ പരിഹരിച്ചു. എ.കെ ശശീന്ദ്രനും സി.കെ നാണുവും എ.എ അസീസും പ്രതാപനേക്കാള്‍ ദയനീയമായി. എന്നാല്‍ വി.എസ് സുനില്‍കുമാറും എളമരം കരീമും അവര്‍ക്കെല്ലാം മികച്ച ബദലായി.
പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രബലരോടെതിരിടാന്‍ മറുപക്ഷത്ത് ഉമ്മന്‍ചാണ്ടി മാത്രമേയുണ്ടായുള്ളൂ. അതുതന്നെ ധാരാളമെന്ന് ഉമ്മന്‍ചാണ്ടി ഒടുവില്‍ തെളിയിക്കുകയും ചെയ്തു. ചോദ്യവും സംശയവും ആരോപണവുമായി എതിരിട്ടവരെയെല്ലാം ഒറ്റതിരിച്ച് വെട്ടിനിരത്തി. അഞ്ചുകൊല്ലം ഭരിച്ചിട്ടും സി.ബി.ഐ അന്വേഷണം സംഘടിപ്പിക്കാന്‍ കഴിയാത്തതും വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടാകാത്തതും കോടിയേരിയെ നിശബ്ദനാക്കി. അവസാന മന്ത്രിസഭാ നോട്ട് എളമരം കരീമിനെയും. മറുപടി തീര്‍ന്നപ്പോള്‍ ഇതൊന്നുമല്ല താന്‍ പറഞ്ഞത് എന്നായി തോമസ് ഐസക്. ഐസകിനും പിടിവിട്ടപ്പോള്‍ കോടിയേരി മികച്ച തന്ത്രമിറക്കി: 'സി.ബി.ഐ അന്വേഷണം വേണം.' അത് ഇറങ്ങിപ്പോക്ക് വരെ എത്തിക്കാന്‍ പിന്നെ ബുദ്ധിമുട്ടുണ്ടായില്ല. മുഖ്യമന്ത്രിയുടെ രാജി ചോദിച്ച് തുടങ്ങിയ അംഗത്തിന് അങ്ങനെ അന്വേഷണാവശ്യത്തില്‍ സമാപ്തിയായി. ഭരണപക്ഷം കൈവീശിയും ആര്‍പുവിളിച്ചും അവരെ യാത്രയാക്കി. 'നാണം കെട്ടാണ് ഇറങ്ങിപ്പോകുന്നതെന്ന്' ഉമ്മന്‍ചാണ്ടി അതിന് വ്യാഖ്യാനമെഴുതി. അത് ശരിവക്കുന്നതായിരുന്നു പിന്നെ കണ്ട ആശയക്കുഴപ്പം. ഇറങ്ങിയവരില്‍ പകുതി പേര്‍ വഴിയില്‍ തങ്ങി. അവര്‍ മുദ്രാവക്യം വിളിച്ചു. പിന്നെ അവരുമിറങ്ങി. അപ്പോള്‍ അകത്തെ ചാനല്‍ കാമറകളുടെ ലൈവില്‍ നിന്ന് പ്രതിപക്ഷം ഔട്ടായി. പെട്ടെന്ന് ഇറങ്ങിപ്പോയവര്‍ ഒന്നിച്ച് മടങ്ങിയെത്തി. വീണ്ടും മുദ്രാവാക്യമായി. ആ വരവിന്റെ കാരണം പി.കെ കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി: 'ചാനല്‍ ലൈവുള്ളതിനാലാണ് അവര്‍ തിരിച്ചുവന്നത്. കാമറക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്.' ഇങ്ങനെയൊക്കെയായിരിക്കും കാമറാ കാലത്തെ ജനകീയ ജനാധിപത്യ വിപ്ലവം.
അടിയന്തിര ചര്‍ച്ചയുടെ പ്രതിഫലനം പിന്നീട് നടന്ന ധനബില്‍ ചര്‍ച്ചയിലും പ്രകടമായി. അരുണ്‍കുമാര്‍ വിവാദത്തില്‍ വി.എസിന് വേണ്ടി ഇ.പി ജയരാജന്‍ പ്രതിരോധമുയര്‍ത്തിയതാണ് ഇതിലെ ഒരേയൊരു വേറിട്ട കാഴ്ച. ടൈറ്റാനിയം ചര്‍ച്ചയില്‍ പക്ഷെ ആകെ കുഴങ്ങിയത് വി.ശിവന്‍കുട്ടിയാണ്. ഇതേവിഷയത്തില്‍ രണ്ടാഴ്ച മുമ്പ് എഴുതിക്കൊടുത്ത് സഭയില്‍ അഴിമതിയാരോപണം ഉന്നയിച്ചയാളാണ് ശിവന്‍കുട്ടി. പുറത്ത് വാര്‍ത്താസമ്മേളനവും നടത്തി. എന്നിട്ടിപ്പോള്‍ എവിടെ നിന്ന് വന്നു ഈ ബ്രേക്കിംഗ് വാര്‍ത്തയും പുതിയ രേഖയും എന്ന ആധി സ്വാഭാവികം. അതിനാല്‍ കൈയ്യില്‍ കിട്ടിയ കടലാസുകളെല്ലാം ശിവന്‍കുട്ടി സഭയുടെ മേശപ്പുറത്ത് വച്ചു. പണ്ടെങ്ങോ വന്ന സി.എ.ജി റിപ്പോര്‍ട്ട് വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എളമരം കരീം കാര്യം കുറച്ചുകൂടി തെളിച്ചു പറഞ്ഞു: 'ഈ വിഷയത്തില്‍ പുതിയതൊന്നുമില്ല. മുമ്പ് പലതവണ സഭയില്‍ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്.' ടൈറ്റാനിയം പറഞ്ഞതിന് എളമരം കരീം സഭയില്‍ തന്നെ അടിച്ചിരുത്തിയത് പി.സി ജോര്‍ജ് അനുസ്മരിച്ചു. ഇതെല്ലാം മുഖ്യമന്ത്രി ഉപസംഹരിച്ചു: 'ഒന്നുമില്ലാതായപ്പോള്‍ അടിയന്തിര പ്രമേയം കൊണ്ടുവരാന്‍ ഉണ്ടാക്കിയ ബ്രേക്കിംഗ് ന്യൂസാണിത്. ഇതില്‍ പുതിയതൊന്നുമില്ല.' കൊണ്ടുപിടിച്ച ചര്‍ച്ചക്കൊടുവില്‍ ഇരുകൂട്ടരും ധാരണയിലെത്തിയതും ഈയൊരു വിഷയത്തില്‍ മാത്രമാണ് എത്ര ചര്‍ച്ച ചെയ്താലും ഈ വിവാദം ഇനി ഒരടി മുന്നോട്ടനങ്ങില്ല; കാരണം അതൊരു ഉലക്ക വിഴുങ്ങിയ ബ്രേക്കിംഗ് ന്യൂസാണ്.

(26...10...11)

No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...