പതിവുകള്‍ തെറ്റുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. അതെപ്പോള്‍, എത്രത്തോളം എന്നറിയാനുള്ള കാത്തിരിപ്പ് ഉച്ചവരെ നീണ്ടു. വലുതെന്തോ വരാനിരിക്കുന്നുവെന്ന പ്രതീതി സഭക്കകത്തും പുറത്തും തങ്ങിനിന്നു. അതിനാല്‍ അകത്തെ നടപടികള്‍ പതിവിലേറെ ശാന്തവും സമാധാനപരവുമായി മുന്നോട്ടുനീങ്ങി. ചര്‍ച്ചകള്‍ മാന്യതയുടെ ഇങ്ങേയറ്റംപോലും തെറ്റിച്ചില്ല. സഭാതലം പൊട്ടിത്തെറിച്ചതുപോലും തീര്‍ത്തും ശാന്തമായിട്ടായിരുന്നു. പിന്നീടത് ഒറ്റരാത്രിയിലൊതുങ്ങാത്ത സമരമായി വളര്‍ന്നു. സഭാചരിത്രത്തില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്താണ് പതിമൂന്നാം സഭയുടെ രണ്ടാം സമ്മേളനത്തിന്റെ പതിനാറാം ദിവസം പിന്നിട്ടത്.
വനിതാ വാച്ച് ആന്റ് വാര്‍ഡ് കൈയ്യേറ്റവും അംഗങ്ങളുടെ മര്‍ദനവും ആരോപിക്കപ്പെട്ട വെള്ളിയാഴ്ച തുടങ്ങിയ വിവാദങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ രാവിലെ ഏഴരക്ക് തന്നെ സ്പീക്കറുടെ ഓഫീസ് തുറന്നു. കക്ഷിനേതാക്കള്‍ എത്തിയതോടെ ചര്‍ച്ചകളുടെ പ്രളയമായി. കാര്യോപദേശക സമിതി ഹാളിന് മുന്നില്‍ വെളുത്തപുക കാത്ത് മാധ്യമപ്പടയും ആള്‍ക്കൂട്ടവും തിങ്ങിനിറഞ്ഞു. ഇടക്കിടെ വിവരം തേടി അംഗങ്ങള്‍ സഭാഹാളില്‍നിന്ന് ഇറങ്ങി വന്നു. എങ്ങുമെത്താതെ ചര്‍ച്ച നീണ്ടുകൊണ്ടേയിരുന്നു.
അകത്തപ്പോള്‍ നടപടികള്‍ തുടര്‍ന്നു. പ്രധാനികളെല്ലാം പുറം ചര്‍ച്ചക്കിറങ്ങിയപ്പോള്‍ അകത്ത് എല്ലാ സ്ഥാനത്തും പകരക്കാരാണ് കളിക്കിറങ്ങിയത്. രാവിലെ മുതല്‍ ഡപ്യുട്ടി സ്പീക്കര്‍ എന്‍.ശക്തനാണ് സഭ നിയന്ത്രിച്ചത്. അക്കാര്യത്തിലെ ശക്തന്റെ വൈഭവം സഭയെയാകെ ആശ്ചര്യപ്പെടുത്തി. അടിയന്തിര പ്രമേയത്തില്‍ ഇറങ്ങിപ്പോക്ക് പ്രഖ്യാപിക്കാന്‍ വി.എസ് അച്യുതാനന്ദനില്ല. രണ്ടാമനായ കോടിയേരി ബാലകൃഷ്ണന്‍ ഹാജരുമില്ല. അതോടെ ഇ.പി ജയരാജന്‍ ആ ചുമതലയേറ്റു. സി.ദിവാകരനില്ലാത്തതിനാല്‍ ഇ. ചന്ദ്രഖേരന്‍ സഭാനേതാവായി. സി.കെ നാണുവായിരുന്നു ജനതാദളിന്റെ പകരക്കാരന്‍. ആര്‍.എസ്.പിയും എന്‍.സി.പിയും ഏകാംഗ പാര്‍ട്ടികളായി മാറി.
വരാനുള്ളത് ഉടനെത്തുമെന്ന പ്രതീതി സഭയെ തുടക്കം മുതല്‍ മൂകമാക്കിയിരുന്നു. ശൂന്യവേള കഴിഞ്ഞ് ധനാഭ്യര്‍ഥന ചര്‍ച്ച തുടങ്ങിയേതാടെ അത് 'എപ്പോള്‍ സംഭവിക്കു'മെന്ന് സഭക്കകത്തും പുറത്തും ആശയക്കുഴപ്പമായി. പുറത്തെ ചര്‍ച്ച അപ്പോള്‍ നാല് മണിക്കൂര്‍ പിന്നിട്ടിരുന്നു. സഭാവരാന്തയില്‍ പുതിയ കഥകളും സൂചനകളും വന്നുപൊയ്‌ക്കൊണ്ടിരുന്നു. ചര്‍ച്ചാമുറിയില്‍ നിന്നിറങ്ങുന്ന കക്ഷിനേതാക്കളെ മാധ്യമപ്രവര്‍ത്തകരും മറ്റംഗങ്ങളും വട്ടമിട്ടു. ഇതിനിടെ നിയമസഭാകവാടത്തില്‍ ഇടതുയുവജന സംഘടനയുടെ പ്രകടനം വന്നു. പറയാനുള്ളതെല്ലാം ഇ.പി ജയരാജന്‍ അവിടെപ്പോയി പറഞ്ഞു. എന്നിട്ടും സ്പീക്കറുടെ കൂടിയാലോചന തീര്‍ന്നില്ല.
ചര്‍ച്ച തുടങ്ങിയ എ.കെ ബാലന്‍ പോലും അങ്ങേയറ്റം സംയമനം പാലിച്ചു. എന്നാല്‍ ഭരണപക്ഷം മറുഭാഗത്തെ പ്രകോപിപ്പിക്കാനിറങ്ങി. കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് ശശി രോഗം ബാധിച്ചിരിക്കുന്നുവെന്നും അതിന് ചികില്‍സ നടത്തിയില്ലെങ്കില്‍ സഭ നടത്താന്‍ കഴിയാതാകുമെന്നും വി.പി സജീന്ദ്രന്‍ ഓര്‍മിപ്പിച്ചു. രാജേഷിന്റെ കരച്ചില്‍ ഇടതുപക്ഷത്തിന്റെ കൂട്ടക്കരച്ചിലാകുമെന്ന് സി. മോയിന്‍കുട്ടി പ്രവചിച്ചു. എന്നിട്ടും പ്രതിപക്ഷം ഒന്നും വിട്ടുപറഞ്ഞില്ല. എല്ലാം ഒന്നിച്ച് തരാമെന്ന ഭാവം. ആ പ്രതീക്ഷ സഫലമാകാന്‍ പിന്നെ അധിക നേരം വേണ്ടിവന്നില്ല.
പതിനൊന്ന് പേര്‍ സംസാരിച്ച് തീര്‍ന്നപ്പോള്‍ സഭയിലെത്തിയ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വെള്ളിയാഴ്ച വിവാദങ്ങള്‍ക്ക് തീരുമാനം പറഞ്ഞു: 'വനിതാവാച്ച് ആന്റ് വാര്‍ഡ് അക്രമിക്കപ്പെട്ടത് ചരിത്രത്തില്‍ ആദ്യം. എന്നാല്‍ അത് മനപ്പൂര്‍വമായിരുന്നില്ല. സംഭവിച്ചതിന് രാജേഷും ജയിംസ് മാത്യുവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ കടുത്ത നടപടിയില്ല.' തീര്‍ത്തും ന്യായമായ വിധി. അതുപക്ഷെ ജയിംസ് മാത്യുവിനും രാജേഷിനും ബോധിച്ചില്ല: 'ഞാന്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലഌ സ്പീക്കര്‍ കള്ളം പറയുന്നു' എന്ന് അത്യന്തം ക്ഷുഭിതരായി അവര്‍ വിളിച്ചുപറഞ്ഞു. ആ ക്ഷോഭം പ്രതിപക്ഷം ഏറ്റുപിടിച്ചില്ല. പകരം, നടുത്തള സത്യഗ്രഹം തുടങ്ങുന്നു എന്ന് പ്രതിപക്ഷ നേതാവ് വളരെ ശാന്തമായി പ്രഖ്യാപിച്ചു. അപ്പോഴേക്കും മുഖ്യമന്ത്രിയുടെ സസ്‌പെന്‍ഷന്‍ പ്രമേയം വന്നു. പിന്നാലെ സഭ പിരിഞ്ഞു. സമരം തുടര്‍ന്നു. രണ്ടുദിസത്തിനിടെ വനിതാ കൈയ്യേറ്റം എന്ന ആക്ഷേപം ഭരണപക്ഷം വിഴുങ്ങി. വാച്ച് ആന്റ് വാര്‍ഡ് വാക്കിടോക്കികൊണ്ടടിച്ചതും വനിതാ അംഗത്തെ വയറ്റില്‍ കുത്തിയതും പ്രതിപക്ഷവും വിഴുങ്ങി. ഇനി സമരവും തര്‍ക്കവും മാത്രം. അതിന് സസ്‌പെന്‍ഷന്‍ ധാരാളം.
ആറുമണിക്കൂര്‍ ചര്‍ച്ചയില്‍ ഉണ്ടാക്കിയതെല്ലാം ഒറ്റസെക്കന്റില്‍ പൊട്ടിത്തകര്‍ന്നത് കണ്ട് ഒടുവില്‍ സ്പീക്കര്‍ സങ്കടപ്പെട്ടു: 'എല്ലാകക്ഷി നേതാക്കളുമായും സംസാരിച്ചുണ്ടാക്കിയ ധാരണപ്രകാരമാണ് റൂളിംഗ് നടത്തിയത്. പിന്നെയിത് എങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകുന്നില്ല.' നടുത്തളത്തില്‍ നില്‍ക്കുന്നവര്‍ക്ക് പക്ഷെ ഈ സങ്കടം മനസ്സിലായില്ല. ജയിംസ് മാത്യുവിന്റെ കാര്‍മികത്വത്തില്‍ അവര്‍ സ്പീക്കര്‍ക്കെതിരെ പറയാനുള്ളതെല്ലാം പറഞ്ഞുവച്ചു. ഇതുകേട്ട് സഹികെട്ട മന്ത്രി കെ.പി മോഹനന്‍ മുന്നിലെ മേശയില്‍ കളരിച്ചുവട് വച്ചു. സംഭവിച്ചത് എന്തെന്ന് മനസ്സിലായില്ലെങ്കിലും സ്പീക്കര്‍ക്ക് ഒരുകാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും: അരങ്ങിന് പിന്നില്‍ പാര്‍ട്ടികള്‍ക്കിടയില്‍ എന്തുധാരണയും നടക്കും. നാലാളറിഞ്ഞ വിവാദത്തില്‍ പക്ഷെ രാഷ്ട്രീയ ഒത്തുതീര്‍പ്പില്ല. അവിടെ രണ്ട് വഴിയേള്ളൂ. ഒന്നുകില്‍ മാനം കാക്കല്‍ സസ്‌പെന്‍ഷന്‍; അല്ലെങ്കില്‍ മാനം കാക്കല്‍ സമരം.
(18...10....11)
No comments:
Post a Comment