Tuesday, September 19, 2017

അധ്യായം-1: ശബ്ദം നിലച്ചുപോയ വഴികള്‍


മലാനയിലേക്കുള്ള കവാടം

ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ ജാരിയില്‍ നിന്ന് തിരിയുന്ന ചെങ്കുത്തായ ഒറ്റവരിപ്പാതയാണ് മലാനയിലേക്കുള്ള വഴി. ഒരു വശത്ത് കൂറ്റന്‍ മലകള്‍. മറുവശത്ത് അത്ര തന്നെ ആഴമേറിയ മഹാഗര്‍ത്തങ്ങള്‍. 10,000മുതല്‍ 13,000 അടി വരെ താഴ്ചയില്‍ പാര്‍വതി നദി, ഒരു നേര്‍ത്ത വെള്ളവര പോലെയായൊഴുകന്നത് മനോഹരമായ കാഴ്ചയാണ്. എന്നാല്‍ മുകളിലെ റോഡില്‍ നിന്ന് പുഴകാണാനൊരുന്പെട്ടാല്‍ നെഞ്ചിടിക്കും. 6 വര്‍ഷം മുന്പ് മാത്രം നിര്‍മിച്ച ഈ റോഡ് ഏതാണ്ട് 10 കിലോമീറ്റര്‍ പിന്നിട്ടതോടെ ടാറുപാകിയ വഴി അവസാനിച്ചു. പിന്നെ എട്ട് കിലോമീറ്റര്‍ അങ്ങേയറ്റം ദുര്‍ഘടമായ വഴിയായിരുന്നു. ഒരു കാറിന് കഷ്ടിച്ച് കടന്നുപോകാം. ആ വഴിയിലേക്ക് വണ്ടി പ്രവേശിച്ചതോടെ യു പിക്കാരനായ കാര്‍ ഡ്രൈവര്‍ നാഗേഷ് പൊടുന്നനെ നിശ്ശബ്ദനായി. ഹിന്ദിയറിയാത്ത ഞങ്ങളുടെ നാലംഗ സംഘത്തോട്, മൂന്നുദിവസമായി ഇടതടവില്ലാതെ ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടേയിരുന്ന നാഗേഷിന്റെ നിശ്ശബ്ദത ഒരിട കാറിനകത്തും ഭയം വിരിച്ചു. വലിയ പാറക്കഷണങ്ങളും ചെറു കുഴികളും നിറഞ്ഞ ചെങ്കുത്തായ കയറ്റം കയറാനാകാതെ പലതവണ കാര്‍ കിതച്ചുനിന്നു. നടന്നുകയറാനായി ഒരോ തവണ കാറില്‍നിന്നിറങ്ങുന്പോഴും ഭീതിയും പരിഭ്രമവും കലര്‍ന്ന കണ്ണുകളാല്‍ നാഗേഷ് ഞങ്ങളെ യാത്രയാക്കി. അടുത്ത തിരിവ് കഴിഞ്ഞാല്‍ കണ്ടുമുട്ടാന്‍ കഴിഞ്ഞേക്കില്ലെന്ന വേവലാതി ആ കണ്ണുകളിലുണ്ടായിരുന്നു. ഇടക്ക് കാര്‍ തള്ളിക്കയറ്റിയും ഏറെ ആയാസപ്പെട്ട് നടന്നും മല കയറുന്നതിനിടെയുള്ള വിശ്രമസമയത്ത് നാഗേഷ് പറഞ്ഞു: ''20 കൊല്ലമായി സാര്‍, ഹിമചലിലൂടെ ഞാന്‍ കാറോടിക്കുന്നു. പല തരം സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ഒരുപാട് മലകള്‍ കയറിയിട്ടുണ്ട്. പക്ഷെ, ഇതുപോലൊരു യാത്ര ആദ്യമാണ്. ഈ വഴി ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും അപകടം പിടിച്ചതാണ്. ഇനി ഇവിടേക്ക് വരില്ല. പരിചയമുള്ള ഒരു ഡ്രൈവറെയും ഇവിടേക്ക് പോകാന്‍ അനുവദിക്കില്ല. സാര്‍, ഇതൊരു വലിയ പരീക്ഷണമായിപ്പോയി.''




അതാണ് മലാനയിലേക്കുള്ള ഒരേയൊരു വഴി. വാക്കുകള്‍ നിലച്ചുപോകുന്നത്രയും ഭീതിയും സൌന്ദര്യവും ഇഴചേരുന്ന വഴികള്‍. ഉയരെയെത്താന്‍ മത്സരിക്കുംപോലെ ഉയര്‍ന്നുയര്‍ന്നുപോകുന്ന മലനിരകളും അവക്കിടയിലൂടെ താഴേക്കൂര്‍ന്നുപോകുന്ന ഇടവഴികളും. ഇവക്കിടയിലെ നിശ്ശബ്ദത വന്യമായ അനുഭൂതിയായി യാത്രക്കാരിലേക്ക് പടര്‍ന്നുകയറും. ആളൊഴിഞ്ഞ വഴികളിലൂടെയുള്ള ഓരോചുവടിലും കാലടിയില്‍നിന്ന് ശരീരത്തിലേക്ക് വിഹ്വലതകള്‍ പരക്കും! നടന്നെത്തുമോ എന്ന ഭീതി, അടിയന്തിര ഘട്ടത്തില്‍ സഹായം ലഭിക്കുമോ എന്ന ആശങ്ക, ഒരുസംഘമുണ്ടെങ്കിലും ഒറ്റക്ക് നടക്കുന്നതുപോലുള്ള ഏകാന്തത, വശങ്ങളിലേക്കുള്ള ഓരോ നോട്ടവും ഉള്ളിലേക്ക് തിരിച്ചയക്കുന്ന പിടച്ചിലുകള്‍... എല്ലാം ചേര്‍ന്ന അസാധാരണമായ ഭയമായിരുന്നു വഴിയുലടനീളം വരവേറ്റത്. ആകാശത്തിലേക്കുയര്‍ന്നുപോകുന്ന ആത്മാവിനെപ്പൊലെ, ശരീരം നമ്മെത്തന്നെ അറിയിക്കാതെ മുകളിലേക്ക് കൊണ്ടുപോകും. ദേഹം ഭാരമൊഴിഞ്ഞ്, ആ യാത്രക്കിണങ്ങുംവിധം  ഓരോ ചുവടിലും ചെറുതായിക്കൊണ്ടിരുന്നു. വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും സംസ്‌കാരവും നിലനിര്‍ത്തുന്ന അത്യപൂര്‍വമായ ഈ ഹിമാലയന്‍ ഗ്രാമത്തിലേക്കുള്ള യാത്രതന്നെ അസാധാരണമായ അനുഭവമാണ്.



മലാനയിലേക്ക് പോകുന്ന വഴി
ഹിമാലയത്തിലെ എല്ലാ ഗ്രാമങ്ങളും മലയുടെ തെക്കന്‍ ചരിവുകളിലാണ്. അതില്‍നിന്ന് ഭിന്നമാണ് മലാനയുടെ സ്ഥാനം. മലയുടെ വടക്കന്‍ മുനന്പില്‍ വഴികളില്ലാതെ ഒറ്റപ്പട്ട ആവാസ സ്ഥാനമായി മലാന മാറിയതങ്ങനെയാണ്. ശൈത്യകാലത്ത് കനത്ത മഞ്ഞില്‍ പുതഞ്ഞ് ഗ്രാമം നിശ്ചലമാകും. എട്ടുമുതല്‍ 14 അടി വരെ ഘനത്തില്‍ മഞ്ഞ് നിറയും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ശൈത്യകാലം. ഈ സമയത്ത് മരണം സംഭവിച്ചാല്‍ സംസ്‌കാരം പോലും നടത്താന്‍ കഴിയില്ല. മഞ്ഞുകാലം തീരും വരെ മൃതദേഹം സൂക്ഷിച്ചുവച്ച ശേഷമാണ് സംസ്‌കരിക്കുക. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ മഴക്കാലമാണ്. മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ വരണ്ട കാലാവസ്ഥയും. ഇത്രമേല്‍ വേറിട്ട ജീവിതവും സംസ്‌കാരവും കാലാവസ്ഥയും സ്വന്തം ഭരണവും നിയമവുമൊക്ക പിന്തുടരുന്ന പാര്‍വതി വാലിയിലെ ഈ അപുര്‍വ ഗ്രാമത്തിലെത്താന്‍ വാഹനം മാത്രം മതിയാകില്ല. റോഡ് അവസാനിക്കുന്ന നരാംഘില്‍ നിന്ന് ചെങ്കുത്തായ ഒരു മല നടന്നിറങ്ങണം. പിന്നെ അതുപോലെ മറ്റൊരു മല നടന്നുകയറണം. രണ്ടും ചേര്‍ത്ത് ഏതാണ്ട് ഒരു കിലോമീറ്റര് ദൂരം. ഈ സാഹസിക വഴികള്‍ താണ്ടി സ്വദേശികളും വിദേശികളും അടക്കം നിരവധിപേരാണ് ദിവസവും ഈ മലയകറിയിറങ്ങുന്നത്. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ബിയാസ് നദി പാര്‍വതി പുഴയില്‍ വന്നുചേരുന്ന പ്രദേശമാണ് പാര്‍വതി വാലി എന്നറിയപ്പെടുന്നത്. ഹിമാചലിലെ ബുന്ദാറില്‍ നിന്ന് തുടങ്ങി കുളു ജില്ലയിലൂടെ ഒഴുകുന്ന നദിയാണിത്. ഹരിതാഭമായ കരകള്‍ക്കിടയിലൂടെ, കുളു ജില്ലയുടെ ആവാസ സംവിധാനങ്ങളുമായി അഭേദ്യമായി ചേര്‍ന്നൊഴുകുന്നതാണീ പുഴ. പാര്‍വതി പുഴയുടെ ഉത്ഭവ സ്ഥാനത്തോളമെത്തണം മലാന കാണാന്‍.
മലാന ഗ്രാമം-ആകാശക്കാഴ്ച


മല നടന്നുകയറുന്നതിനിടെ കണ്ടുമുട്ടിയ ഹരിയാനക്കാരായ നാല് യുവാക്കള്‍ ഞങ്ങള്‍ ഓരോരുത്തരെയും സമീപിച്ച് രഹസ്യമായി ചോദിച്ചു: ഭായ്, ബീഡിയുണ്ടോ വലിക്കാന്‍? മലാനയുടെ സാംസ്‌കാരിക വൈവിധ്യത്തേക്കാള്‍ ഈ മലകയറി ആളുകളെത്തുന്നതിന്റെ കാരണം ഈ ചോദ്യത്തിലുണ്ട്. അതെ, ലോകത്തിലെ ഏറ്റവും വിലയേറിയ കഞ്ചാവ് ഉത്പാദിപ്പിക്കുന്ന ഗ്രാമം കൂടിയാണ് മലാന. ലോക മയക്കുമരുന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മലാന ക്രീമിന്റെ ജന്മഗൃഹം. ഹാഷിഷ് കൃഷിയും ഉപയോഗവും നിയമവിധേയമായി പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍ ഗ്രാമം. പാര്‍വതി വാലി കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധമാണെങ്കിലും മലാനയാണ് അതിന്റെ ആസ്ഥാനം. കഞ്ചാവ് മലാനക്കാര്‍ക്ക് ഒരു വ്യവസായമല്ല. മറിച്ച്, അവരുടെ വിശ്വാസവും ജീവശ്വാസവുമാണ്. അരതിനെ നിലനിര്‍ത്തുന്നാതകട്ടെ ആചാരമെന്ന നിലയിലും.

ലോകത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്നെല്ലാം ഒറ്റപ്പെട്ട് കിടക്കുന്ന പ്രകൃതി രമണീയമായ മലാനയെ, മലമുറിച്ചുകയറുന്നവര്‍ക്ക് ചന്ദ്രകനി കുന്നിന്റെ നിഴല്‍ പോലെയനുഭവപ്പെടും. മലഞ്ചെരിവിലെ തണലും തണുപ്പും ഇടക്കെത്തുന്ന കടുത്ത വെയിലുമെല്ലാം ചേര്‍ന്ന കാലാവസ്ഥയാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ജാരിയില്‍ നിന്നുള്ള റോഡാണ് ഇപ്പോഴുള്ള മുഖ്യ വഴിയെങ്കിലും സാഹസിക മലകയറ്റക്കാര്‍ക്ക് പ്രിയപ്പെട്ട വേറെയും വഴികളുണ്ട്. അതിലൊന്നാണ് ചന്ദ്രകനി പാസ്. നഗ്ഗാറില്‍ നിന്ന് മലകയറി മലാനക്ക് വരുന്നവരുടെ ഇഷ്ടപാത. മറ്റൊന്ന് റഷോള്‍ ഗ്രാമം വഴി റക്ഷോലിങ് പാസ് വഴി. മൂന്നാമത്തേത് ഭേലിങ് പാസ് വഴി. ജാന ഗ്രാമം കടന്നാല്‍ ഇതുവഴി മലാനയിലെത്താം. ഇതെല്ലാം, അതി സാഹസികരായ മലകയറ്റക്കാര്‍ക്ക് മാത്രം പ്രാപ്യമായ വഴികളാണ്. ജാരിയില്‍ നിന്ന് റോഡുവഴി വന്നാലും ഒരുമണിക്കൂറോളം മലകയറണം.

മലാന അണക്കെട്ട്


മലാന വൈദ്യുത പദ്ധതി ആരംഭിക്കാന്‍ 1993ല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് മലാനയിലേക്കുള്ള വാഹന ഗതാഗതത്തെക്കുറിച്ച് പുറംലോകം ചിന്തിച്ചുതുടങ്ങുന്നത്. 2001ല്‍ പദ്ധതി പൂര്‍ത്തിയായപ്പോള്‍ അവിടേക്കുള്ള റോഡും തുറന്നു. ലോകത്തുനിന്നെല്ലാം ഒറ്റപ്പെട്ട് സ്വന്തം ഭാഷയും സംസ്‌കാരവും നിയമവുമൊക്കെയായി കഴിഞ്ഞിരുന്ന മലാനയുടെ മുഖച്ഛായ മാറ്റി ഈ ജലവൈദ്യുത പദ്ധതി. എന്നാല്‍ പദ്ധതി പ്രദേശം അവസാനിക്കുന്നിടത്ത് റോഡും അവസാനിച്ചു. അവിടെനിന്ന് 9 കിലോമീറ്ററോളം വഴിവെട്ടിയിട്ടുണ്ടെങ്കലും അതിലൂടെയുള്ള യാത്ര അത്യന്തം അപകടകരവും അതി സാഹസികവുമാണ്. റോഡ് നിര്‍മിക്കും മുന്പ് ജാരിയില്‍നിന്ന് കാല്‍നട മാത്രമായിരുന്നു ഗ്രാമീണരുടെ ആശ്രയം. ഏതാണ്ട് 20 കലോമീറ്റര്‍ ദൂരം ചെങ്കുത്തായ മല കയറണം. ഒരു ദിവസത്തിലധികം വേണമായിരുന്നു അക്കാലത്ത് മലാനയിലെത്താനെന്ന് ഗ്രാമീണര്‍ ഓര്‍ക്കുന്നു. പുറംലോകവുമായുള്ള ഈ അകലം ഒരര്‍ഥത്തില്‍ മലാനക്ക് അനുഗ്രഹമായിരുന്നു. അവര്‍ പാരന്പര്യ വിശ്വാസമനുസരിച്ച് കൃഷി ചെയ്തുപോന്ന കഞ്ചാവും അവര്‍ കാത്തുസൂക്ഷിച്ച സംസ്‌കൃതിയും അതിന്‌റെ തനത് വിശുദ്ധിയോടെ നിലനിര്‍ത്താന്‍ ഈ ഒറ്റപ്പെട്ട ജീവിതം അവര്‍ക്ക് അവസരം നല്‍കി. റോഡ് വന്നതിന് പിന്നാലെ, കഞ്ചാവ് മാഫിയ മുതല്‍ ചെറുകിട ഉപഭോക്താക്കള്‍ വരെ മലാനയിലേക്കൊഴുകി. ഇന്ത്യയിലെ നിയമവും നിയമപാലകരും വിദ്യാഭ്യാസ സംവിധാനവും പിന്നാലെയെത്തി. ഒടുവില്‍ രാഷ്ട്രീയക്കാരും. ലോകത്തെ ഏറ്റവും പഴയ ജനാധിപത്യ സംവിധാനമാണ് തങ്ങളുടേതെന്ന് വിശ്വസിക്കുകയും ഗ്രാമത്തിന് പുറത്തുള്ളവരോട് തൊട്ടുകൂടായ്മ ആചരിക്കുകയും ചെയ്യുന്നവര്‍. അവരുടെ വംശീയ വിശുദ്ധി പോലും റോഡ് കളങ്കപ്പെടുത്തി എന്നാണ് ഈ ഗ്രാമവാസികളിലേറെയും ഇപ്പോഴും വിശ്വസിക്കുന്നത്.

ഗ്രാമത്തിലെ നിയമങ്ങള്‍ക്കുമുണ്ട് ഇത്രതന്നെ വൈചിത്ര്യം. അക്ഷരാര്‍ഥത്തില്‍ അതൊരു ദൈവ രാജ്യമാണ്. എല്ലാ നിയമങ്ങളും നിശ്ചയിച്ചത് സ്ഥലത്തെ ദൈവം. ഇനിയൊരുകാര്യത്തില്‍ തീരുമാനമെടുക്കുന്നതും ദൈവ വിധി പ്രകാരം മാത്രം. പുറംലോകത്തുനിന്ന് വരുന്നവര്‍ക്ക് വിചിത്രമെന്നും വിഢ്ഢിത്തമെന്നും നിസ്സംശയം തോന്നാവുന്ന തരത്തിലുള്ള തത്വസംഹിതകളാണ് ഇവരെ നയിക്കുന്നത്. മറ്റുള്ളവര്‍ക്ക് യുക്തിരഹിതമായി മാത്രം അനുഭവപ്പെടുന്ന ഈ നിയമങ്ങള്‍ക്കെല്ലാം പക്ഷെ മലാനികള്‍ക്ക് മതിയായ ന്യായമുണ്ട്. വിചിത്രമായ ആചാരങ്ങളും സാമൂഹിക ജിവിത സംവിധാനങ്ങളുമുള്ള മലാനയുടെ ജനസംഖ്യ രണ്ടായിരത്തില്‍ താഴെ മാത്രം. ആകെയുള്ളത് 382 കുടുംബങ്ങള്‍.


സര്‍ക്കാര്‍ സ്കൂള്‍
2013ല്‍ ആണ് മലാനക്ക് വേണ്ടിയുള്ള ആദ്യ ബസ് സര്‍വീസ് സര്‍ക്കാര്‍ ആരംഭിക്കുന്നത്. ഷോണ്‍ അഗെ മുതല്‍ ഡാം വരെയാണ് ബസ് സര്‍വീസ്. അവിടെനിന്ന് മലാനയെത്താന്‍ 10 കിലോമീറ്ററോളം നടക്കണം. ജാരിയില്‍ നിന്ന് 1200-1500 രൂപ മുടക്കി ടാക്‌സി പിടിച്ചാണ് ഗ്രാമീണര്‍ വീടണയുന്നത്. ആ യാത്രാ ദുരിതത്തിന് ബസ് ചെറിയ പരിഹാരമായതിന്റെ സന്തോഷം മലാനക്കാര്‍ക്കുണ്ടെങ്കിലും ബസ് പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഗ്രാമ വിശുദ്ധി നഷ്ടപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതിനാല്‍ അതില്‍ കയറാന്‍ തയാറാകാത്തവരും മലാനയില്‍ നിരവധിയുണ്ട്. മലാനയില്‍ വൈദ്യുതി വന്നതും 2000ന് ശേഷമാണ്.

കല്ലുപാകിയ ഒരു നടവഴിയടെ ഇരുഭാഗത്തുമായി വിഭജിക്കപ്പെട്ട ഗ്രാമമാണ് മലാന. ഓരോ കല്ലിനും വഴികളിലെ തിരിവിനും പറയാനുണ്ട് അത്യപൂര്‍വതകളുടെ ഒരായിരം കഥകള്‍. എപ്പോള്‍ ചെന്നാലും ഗ്രാമവാസികളുടെ നിറസാന്നിധ്യമുണ്ടാകും ഈ വഴികളിലും അതിനിരുവശത്തുമായുള്ള കല്‍കെട്ടുകളിലും കളിമുറ്റങ്ങളിലുമെല്ലാം. ഔപചാരിക വിദ്യാഭ്യാസം അന്യമായിരുന്ന മലാനയില് 1996ലാണ് ആദ്യത്തെ അപ്പര്‍ പ്രൈമറി വിദ്യാലയം വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച സ്‌കൂളില്‍ ചേരാന്‍ പക്ഷെ തുടക്കത്തില്‍ നാട്ടുകാര്‍ തയാറായില്ല. പ്രധാന തടസ്സം അവരുടെ ഭാഷ തന്നെ. രാജ്യത്തെ മറ്റെല്ലായിടത്തുമെന്ന പോലെ, മലാനക്കാര്‍ക്ക് മാത്രം മനസ്സിലാകുന്ന അവരുടെ ഭാഷയില്‍ സംസാരിക്കാനല്ല സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിച്ചത്. പകരം സര്‍ക്കാര്‍ ഭാഷയായ ഹിന്ദിയിയാലിരുന്നു അധ്യയനം. കനാഷി എന്ന പ്രത്യേക ഭാഷ സംസാരിക്കുന്ന മലാനക്കാര്ക്ക് ഹിന്ദി ഒട്ടും സ്വീകാര്യമായ ഭാഷയായില്ല. ഭാഷ മാത്രമല്ല, സര്‍ക്കാരൊരുക്കിയ ഉച്ച ഭക്ഷണവും അവര്‍ നിരാകരിച്ചു. വംശ വിശുദ്ധിയുടെ പേരില്‍ ഇപ്പോഴും തൊട്ടുകൂടായ്മ ആചരിക്കുന്ന  മലാനക്കാര്‍ക്ക് 'അന്യരുണ്ടാക്കുന്ന' ഭക്ഷണം അസ്വീകാര്യമായത് സ്വാഭാവികം. സ്‌കൂളാകട്ടെ, ഇരുനൂറ്റന്പതോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറിയും മൂന്ന് ക്ലാസ് മുറികളുള്ള കെട്ടിടവും ഒരു കന്പ്യൂട്ടറും 5 അധ്യാപകരമുള്ള താരതമ്യേന മെച്ചപ്പെട്ട സൌകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല് കുട്ടികളെ ആകര്‍ഷിക്കാന്‍ മാത്രം സ്‌കൂളിന് കഴിഞ്ഞില്ല. 1 മുതല് 10 വരെ ക്ലാസുകളിലായി ആകെയുള്ളത് നാല്‍പതോളം വിദ്യാര്‍ഥികള്‍ മാത്രം. അതേസമയം പ്രൈമറി ക്ലാസുകളില്‍ സമീപകാലത്ത് കൂടുതല് കുട്ടികള്‍ സ്‌കൂളില്‍ പ്രവേശം നേടാന്‍ തയാറാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മലാനി ഭാഷയറിയുന്ന അധ്യാപകനെ നിയമിച്ചതും കുട്ടികളുടെ വരവിന്
ആക്കം കൂട്ടി. എന്നിട്ടും ഇതുവരെ രണ്ടുപേര്‍ മാത്രമാണ് 10ാം ക്ലാസ് പിന്നിട്ടത്.


ഗ്രാമീണര്‍

ആര്യന്‍ വംശ വിശുദ്ധിയും അതിനൊത്ത പാരന്പര്യ ആചാരങ്ങളും കണിശമായി മുറുകെപ്പിടിക്കുന്ന മലാനയുടെ ചരിത്ര സ്മാരകങ്ങളെ വിഴുങ്ങി 2008ല്‍ വലിയ തീപിടുത്തമുണ്ടായി. നൂറ്റന്പതോളം വീടുകളും ക്ഷേത്രത്തിന്റെ അഞ്ച് ഭണ്ഡാരങ്ങളുമടക്കം അതിപുരാതനമായ അടയാളങ്ങളെല്ലാം തീ തുടച്ചെടുത്തു. 900ാളം ഗ്രാമീണരെ ഭവന രഹിതരാക്കിയെന്നതിനൊപ്പം, നിരവധി പൌരാണിക ശില്പമാതൃകകള്‍ ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടമായി എന്നതാണ് ഈ അപകടം സൃഷ്ടിച്ച വലിയ ദുരന്തം. പ്രധാന ക്ഷേത്രവും അഗ്‌നിക്കിരയായി. ഗ്രാമത്തിന്റെ പുനര്‍നിര്‍മാണം പുതിയ കെട്ടിടങ്ങളെയും ഒരുപാട് പുറംനാട്ടുകാരെയും പുതിയ  ജീവിത രീതികളെയും മലാനയിലേക്ക് കൊണ്ടുവന്നു. ഇപ്പോള് സ്മാര്‍ട്ട് ഫോണും ഡിഷ് ടി വിയുമെല്ലാമുള്ള മലാനയില് പക്ഷെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മാത്രം ഒരു മാറ്റവും വന്നിട്ടില്ല. മലകയറി ഗ്രാമത്തിലേക്ക്  എത്തുന്നവരെ സ്വീകരിക്കുന്നത് തന്നെ തൊട്ടുകൂടായ്മയാണ്.

(മാധ്യമം ആഴ്ചപ്പതിപ്പ്, 2017-സെപ്തംബര്‍ 18)

No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...