ഗോപാല്‍ഭുയി |
നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? ' ഗോപാല്‍ ഭുയി രോഷാകുലനായയതോടെ ഞങ്ങള്‍ ചോദ്യങ്ങള്‍ ഉപേക്ഷിച്ചു. 30 വയസുതോന്നിക്കുന്ന ദല്ലു റാമിനോട് ഇതേ കാര്യം പറഞ്ഞപ്പോഴും ഏതാണ്ട് സമാനമായിരന്നു മറുപടികള്‍. അത്ര
പ്രാധാന്യമേ മലാനക്കാര്‍ പുറംലോകത്തിന് നല്‍കുന്നൂള്ളൂ. അവരുടെ ലോകം മലാനയാണ്.
മലാനക്കാര്‍ അങ്ങിനെയാണ്. പുറോലോകവുമായൊന്നും അവര്‍ക്ക് വലിയ ബന്ധങ്ങളില്ല. പണ്ടുകാലത്ത് റേഡിയോ മാത്രമായിരുന്നു പുറം ലോകവുമായി ഇവരെ ബന്ധപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ മൊബൈലും ഡിഷ് ടിവിയുമെല്ലാം ഇവിടെയെത്തിയിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെക്കുറിച്ചോ നീതിന്യായ രീതികളെക്കുറിച്ചോ കാര്യമായ ധാരണയില്ല. എന്നാല്‍ 'പുറത്തുനിന്നെ'ത്തുന്ന പൊലീസ് പിടികൂടിയാല്‍ പിന്നെ രക്ഷയില്ലെന്ന അറിവ് ഇവര്‍ക്കുണ്ട്. രാജ്യത്തെ ഭരണകോടതി സംവിധാനങ്ങളെക്കുറിച്ച് അറിയേണ്ടതില്ലാത്ത വിധം ഇക്കാര്യങ്ങളില്‍ മലാനക്കാര്‍ സ്വന്തം സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രാദേശിക ഭരണ സംവിധാനം തന്നെ ജനാധിപത്യപരമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. അത്രയേറെ പഴക്കമേറിയ ഭരണ സംവിധാനമുള്ള മറ്റൊരു രാജ്യവും ലോകത്ത് വേറെയില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. വാമൊഴിയായി കൈമാറിയെത്തിയ ഈ ചരിത്ര ബോധമാണ്, അധീശ വര്‍ഗമായി സ്വയം അടയാളപ്പെടുത്താന്‍ അവരെ പ്രാപ്തമാക്കുന്നത്.
ജോലി കഴിഞ്ഞ് മടങ്ങുന്ന ഗ്രാമീണര്‍ |
പൌരാണിക കാലം മുതല്‍ തന്നെ ജനാധിപത്യ രീതിയിലാണ് ഗ്രാമ ഭരണവും നടത്തിപ്പും. ആധുനിക ജനാധിപത്യത്തെ നിലനിര്‍ത്തുന്ന ലജിസ്ലേച്ചര്‍, എക്‌സിക്യുട്ടിവ്, ജുഡീഷ്യറി എന്നിവ മലാനയുടെ 'ഭരണഘടന'യിലുമുണ്ട്. അതുകൊണ്ട് തന്നെയാണ്, ലോകത്തെ ഏറ്റവും പഴയ ജനാധിപത്യ സംവിധാനമാണ് തങ്ങളുടേതെന്ന് മലാനക്കാര്‍ അവകാശപ്പെടുന്നത്. ഹാകിമ എന്നാണ് ഗ്രാമ സഭ അറിയപ്പെടുന്നത്. ഇതുതന്നെയാണ് കോടതിയായും പ്രവര്‍ത്തിക്കുന്നത്. അപ്പര്‍ ഹൗസ്, ലോവര്‍ ഹൗസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചാണ് ഭരണനീതിന്യായ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ലോവര്‍ ഹൗസിനെ കനിഷ്താങ് എന്നും അപ്പര്‍
ഹൗസിനെ ജേയ്ഷ്താങ് എന്നും വിളിക്കും. ജേയ്ഷ്താങില്‍ 11 അംഗങ്ങളുണ്ടാകും. ഇതില്‍ 3 പേര്‍ സ്ഥിരാംഗങ്ങളാണ്. 8 പേരെ സമയാസമയം തെരഞ്ഞെടുക്കും.
ഗുര്‍, പൂജാരി, കര്‍മിഷ്ട്/കര്‍ദാര്‍ എന്നിവരാണ് ഗ്രാമ സഭയിലെ പ്രധാനികളായ സ്ഥിരാംഗങ്ങള്‍. ഇതില്‍ കര്‍ദാര്‍, പൂജാരി എന്നിവ പാരന്പര്യ തസ്തികകളാണ്. ഇവര്‍ ജംലു ദേവിയുടെ നേര്‍ പ്രതിനിധികളായാണ്പരിഗണിക്കപ്പെടുന്നത്. ഇവര്‍ക്കുപുറമെ ഗ്രാമവാസികള്‍ തെരഞ്ഞെടുക്കുന്ന എട്ട് അംഗങ്ങള്‍ ഇതിലുണ്ടാകും. ഇവരിലൊരാളെ സര്‍പഞ്ചായും ഒരാളെ ഉപപ്രധാനായും തെരഞ്ഞെടുക്കും. ഒരംഗം മരിക്കുകയോ രാജിവക്കുകയോ ചെയ്താല്‍ മൊത്തം സഭയും ഇല്ലാതാകും, വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. ഓരോ കുടുംബത്തിലെയും മുതിര്‍ന്ന അംഗങ്ങള്‍ ലോവര്‍ ഹൌസില്‍ അംഗങ്ങളായിരിക്കും. ഇങ്ങിനെ മുഴുവന്‍ ഗ്രാമ വാസികള്‍ക്കും പങ്കാളിത്തം നല്‍കുന്നതാണ് ഭരണ സംവിധാനം. കുലദൈവത്തിന്റെ പ്രതനിധിയായാണ് ഗുര്‍ അഥവ ഗുരു പരിഗണിക്കപ്പെടുന്നത്. ജുംല ദേവിയുടെ പ്രതിനിധിയാകാന്‍ യോഗ്യരായ ആര്‍ക്കും ഈ പദവിയിലെത്താം. ഗുര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് തൊപ്പിയും പ്രത്യേക ചെരിപ്പുമാണ് പാരന്പര്യ വേഷം. മുടി നീട്ടി വളര്‍ത്തണം. സവിശേഷ സന്ദര്‍ഭത്തില്‍ ഗുര്‍ നൃത്തം ചെയ്യും. അപ്പോള്‍ ഗ്രാമവാസികള്‍ അദ്ദേഹത്തോടൊപ്പം ചേരണമെന്നാണ് വ്യവസ്ഥ. ഗ്രാമ ഘടനയില്‍ അതിപ്രധാന തസ്തികയാണ് ഗുര്‍. ഹാകിമയുടെ ഏത് തീരുമാനവും ഗുരുവിനോട് ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനിക്കാവൂ എന്നാണ് നിയമം. ഗുരു വിധിക്കുന്നതാകട്ടെ ദൈവീക തീരുമാനമായും കണക്കാക്കും.
ഒരു വീട് |
കീഴ്‌കോടതിയില്‍ തര്‍ക്കമുണ്ടായാല്‍ മേല്‍കോടതിയിലേക്ക് കേസ് വിടും. മിക്കവാറും കുറ്റകൃത്യങ്ങള്‍ക്കെല്ലാം പിഴയാണ് ശിക്ഷ. എന്നാല്‍ വധ ശിക്ഷ വരെ വിധിക്കാന്‍ മലാന കോടതിക്ക് അധികാമുണ്ട്. മോഷണം പോലുള്ള ചെറു കുറ്റങ്ങളേ ഇവിടെയുണ്ടാകാറുള്ളൂ. മോഷ്ടിച്ച സാധനങ്ങളോ അതിന്റെ വിലയോ ഉടമക്ക് തിരിച്ചുകൊടുക്കണം. ഒപ്പം പിഴ ട്രഷറിക്ക് നല്‍കണം. കേസ് ഗ്രാമ കോടതി പരിഗണിക്കുന്ന ദിവസം പരാതിക്കാരനും
പ്രതിയും കണിശമായ ആചാര രീതികള്‍ പാലിച്ചായിരിക്കണം കോടതിയിലെത്തേണ്ടത്. മറ്റ് ഗ്രാമീണര്‍ ഉണരും മുന്‌പെ സമീപത്തെ വെള്ളച്ചാട്ടത്തില്‍ പോയി കുളിക്കണം. അന്നേ ദിവസം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഉപവാസമനുഷ്ടിക്കണം. ഹാജരാകുന്‌പോള്‍ ശരീരത്തില്‍ വെള്ള പുതപ്പ് ചുറ്റിയിരിക്കണം. വിധിക്ക് ആധാരമാക്കാനായി ബലിയര്‍പിക്കുന്ന ആടുകള്‍ തുല്യ പ്രായവും തുല്യ തൂക്കവുമുള്ളതായിരിക്കണം. ഇത്തരം ആട്ടിന്‍കുട്ടികളെ കോടതി ജീവനക്കാര്‍ തന്നെ കണ്ടെത്തും. അങ്ങിനെ കണ്ടെത്തുന്ന ആടുകളെ ഉടമക്ക് പണം കൊടുക്കാതെ തന്നെ കോടതിക്ക് ഏറ്റെടുക്കാം. അത് ദിവ്യ ദാനമായി ഉടമകളും കണക്കാക്കും.
ഭരണകൂടം നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരെ ബന്ദാരികള്‍ എന്നാണ് വിളിക്കുന്നത്. സ്ഥലത്തെ ഭൂമിയെല്ലാം ജംലു ക്ഷേത്രത്തിന് കീഴിലാണെങ്കിലും അതിന്റെ നികുതി പിരിക്കാന്‍ പ്രാദേശിക ഭരണകൂടത്തിന് അധികാരമുണ്ട്. ബന്ദാരികളുടെ പ്രധാന ചുമതലയും അതുതന്നെ. നാട്ടുകാര്‍ ഉപയോഗിക്കുന്ന ഭൂമിയുടെ ഉടമാവകാശം സ്ഥിരീകരിക്കാനും അത് ക്ഷേത്ര ഖജാനയിലേക്ക് മുതല്‍കൂട്ടാനും ഇവര്‍ക്ക് അധികാരമുണ്ട്. വരവ് ചിലവ് കണക്കുകള്‍ സൂക്ഷിക്കുക, സംഭാവനകള്‍ സ്വീകരിക്കുകയും ശേഖരിക്കുകയും അത് ഖജനാവില്‍ എത്തിക്കുകയും ചെയ്യുക, ഉത്സവങ്ങള്‍ക്കും മറ്റ് പൊതു ആവശ്യങ്ങള്‍ക്കും പണം ചിലവിടുക,
ഉത്സവ പ്രകടനങ്ങളില്‍ വിഗ്രഹം ചുമക്കുക തുടങ്ങിയ ചുമതലകളും ബന്ദാരികള്‍ക്കാണ്. ഹിമാലയത്തിലെ
മറ്റുചില ഒറ്റപ്പെട്ട ഗ്രാമങ്ങളിലും സ്വന്തം ഭരണ സംവിധാനങ്ങളുണ്ടെങ്കിലും മലാനയിലേതുപോലെ ഇത്രയും വിപുലവും വ്യവസ്ഥാപിതവുമായ ഭരണനിര്‍വഹണ സംവിധാനങ്ങള്‍ മറ്റെങ്ങും കാണാനാകില്ല. എന്നാല്‍ സമീപ കാലത്ത് മലാന കോടതി വിധി ധിക്കരിച്ച് ഗ്രാമവാസികള്‍! ഇന്ത്യന്‍ കോടതികളെ സമീപിക്കാന്‍ തുടങ്ങുയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇങ്ങിനെ പോകുന്നവര്‍ ഗ്രാമ കോടതിയില്‍ പിഴയൊടുക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനെച്ചൊല്ലി ഭിന്നതയുണ്ടായപ്പോഴും മരിച്ച ആട് തന്നെയാണ് മലാനയിലെ ജനാധിപത്യത്തിന്റെ വിധി നിര്‍ണയിച്ചത്. വോട്ട് ചെയ്യാമെന്നായിരുന്നു കോടതി വിധി.
ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ പരിഗണിച്ച് രണ്ട് വിഭാഗമായാണ് ഗ്രാമം വിഭജിക്കപ്പെട്ടിരിക്കുന്നത്. ഇത് ധാരാ ബേര്‍ എന്നും സാരാ ബേര്‍ എന്നും അറിയപ്പെടും. രണ്ട് പ്രദേശത്ത് താമസിക്കുന്നവരെ തിരിച്ചറിയാനായി രുപപ്പെടുത്തിയ വിഭജനമാണെങ്കിലും പിന്നീട് മലാനയുടെ സാമൂഹിക ഘടനയുടെ തന്നെ ഭാഗമായി ഇത് മാറി. ഇപ്പോള്‍ ഈ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരാണ് ധാരാ ബേറില്‍ താമസിക്കുന്നത്. മറ്റുള്ളവര്‍ സാരാ ഭേറിലും. അതേസമയം ജനസംഖ്യാ വളര്‍ച്ചയും വീടകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഈ വിഭജനത്തിലെ കാര്‍ക്കശ്യത്തിന് അയവ് വരുത്തിയിട്ടുണ്ട്. താരതമ്യേന സ്ഥലം കുറഞ്ഞ ധാരാ ഭേറില്‍ നിന്ന് ആളുകള്‍ ഗ്രാമത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറിത്താമസിക്കുന്നത് ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഒരര്‍ഥത്തില്‍ ഇത് ജാതീയ വൈചാത്യം മറികടക്കാന്‍ ഗ്രാമീണരെ സഹായിക്കുന്നുമുണ്ട്. ആറ് ക്ലസ്റ്ററുകളിലായി വിഭജിക്കപ്പെട്ടതാണ് ധാരാഭേറിന്റെ ഘടന. പ്രധാന ക്ഷേത്രത്തിന്‌റെ തെക്ക് പടിഞ്ഞാറുഭാഗത്തുള്ള ഈ പ്രദേശത്താണ് ഗ്രാമത്തിലെ പ്രധാന പൊതു കെട്ടിടങ്ങളെല്ലാം സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമത്തിന്റെ ഹൃദയ ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന പൊതു കെട്ടിടങ്ങളാണ് ഈ പ്രദേശത്തിന് സവിശേഷ പ്രാധാന്യം നല്‍കുന്നത്. ക്ഷേത്രത്തിന്‌റെവടക്കുകിഴക്കായാണ് സാരാ ഭേര്‍. മൂന്ന് ധര്‍മ ശാലകളുണ്ട് ഗ്രാമത്തില്‍. ഇതില്‍ ഒന്ന് രജ്പുത്ര് വിഭാഗവും മറ്റൊന്ന് ബ്രാഹ്മണരുമാണ് ഉപയോഗിക്കുക. രണ്ടിടത്തും താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ല. വിദേശികള്‍ക്കും ഹരിജനങ്ങള്‍ക്കും മാത്രം പ്രവേശമുള്ളതാണ് മൂന്നാമത്തേത്. അവിടേക്ക് ഉയര്‍ന്ന ജാതിക്കാരായ നാട്ടുകാര്‍ വരികയുമില്ല.
മഞ്ഞുകാലത്തെ മലാന |
മൂന്നുനില കെട്ടിടങ്ങളാണ് മലാനയില്‍ പൊതുവെകാണുന്നത്. താഴെ നില കന്നുകാലികള്‍ക്കുള്ളതാണ്. രണ്ടുനിലയാണെങ്കില്‍ ചിലര്‍ ഇതില്‍ പാതിഭാഗം പത്തായപ്പുരയായായും ഉപയോഗിക്കും. മുകള്‍/മൂന്നാം നിലയിലാണ് താമസം. എന്നാല്‍ ഗുരു താമസിക്കുന്ന വീടിന് നാലുനിലയുണ്ട്. അതിന്‌റെ താഴത്തെ നിലയിലാണ് ഗുരുവിന്‌റെ താമസം. ഇവിടെ വന്നുകൂടിയ ഏതാനും വിദേശികളും മറ്റും താസമിക്കുന്നത് ഒറ്റനില വീടുകളിലാണ്. മഞ്ഞുകാലത്തെ അതിജീവിക്കാനാണ് മലാനക്കാര്‍ ബഹുനില കെട്ടിടങ്ങളുണ്ടാക്കുന്നത്. ഡിസംബര്‍ മുതല്‍ ആറുമാസത്തോളം ഗ്രാമം മഞ്ഞുമൂടിപ്പോകും. അക്കാലത്ത് മുകള്‍ നിലയിലാണ് അവര്‍ താമസിക്കുക. 14 അടി വരെ ഘനത്തില്‍ മഞ്ഞുമൂടുന്ന ഗ്രാമം ഇക്കാലയളവില്‍ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാകും. ഈ സമയത്ത് മരണം സംഭവിച്ചാല്‍ മൃതദേഹം മഞ്ഞില്‍ സൂക്ഷിക്കുകയാണ് ചെയ്യുക. മഞ്ഞുരുകുന്‌പോള്‍ ആചാരമനുസരിച്ച് സംസ്‌കരിക്കും.
ഇങ്ങിനെ ഓരോ ചുവടിലും കണിശമായ ആചാരങ്ങളും പാരന്പര്യ വിശ്വാസങ്ങളം പിന്തുടരുന്ന മലാനക്കാരെ ഇന്ത്യന്‍ രാഷ്ട്രീയ ഭരണ സംവിധാനത്തോട് അടുപ്പിക്കുകയെന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. എന്നാല്‍ അത്തരമൊരു ബോധപൂര്‍വമായ നീക്കം ഇതുവരെ ഉണ്ടായിട്ടില്ല. 'ഇന്ത്യയില്‍ വന്നുചേരണമെന്ന്' മലാനക്കാരും ആഗ്രഹിക്കുന്നില്ല. ഗ്രാമീണരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുകീകരിക്കാനോ അവരെ രാജ്യത്തിന്‌റെ പൊതു സംവിധാനത്തിനൊപ്പം നിര്‍ത്താനോ ഇതുവരെ രാഷ്ട്രീയ നേതൃത്വവും തയാറായിട്ടില്ല. മലാനക്കാരെയാകെ തെരുവിലേക്കിറക്കിവിട്ട വലിയ തീപിടുത്തത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും ഈ ഗ്രാമത്തിലെത്തിയില്ല. ഗ്രാമീണരുടെ യാത്രാ സൗകര്യത്തെക്കുറിച്ചുപോലും സംസാരിക്കാത്ത രാഷ്ട്രീയക്കാരെ തങ്ങള്‍ക്കും ആവശ്യമില്ലെന്ന് നാട്ടുകാരനായ കൃഷ്ണദസ് പറയുന്നു.
2002ല്‍ ആണ് ആദ്യമായി മലാനയില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെത്തുന്നത്. കോണ്‍ഗ്രസ് അന്ന് ഒരു പൊതുയോഗം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് ശേഷം മലാനയില്‍ നടന്ന ആദ്യ രാഷ്ട്ടീയ പൊതുയോഗം. പിന്നീട് ബിജെപിയുമെത്തി. പിന്നെയും ഏഴുവര്‍ഷം കഴിഞ്ഞ് 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് മലാനക്കാര്‍ക്ക് ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചത്. മലാനയിലെ 820 വോട്ടര്‍മാര്‍ക്കായി അന്ന് ഒരു പോളിങ് ബൂത്തൊരുങ്ങി. എന്നാല്‍ മഹാ ഭൂരിഭാഗവും വോട്ട് ചെയ്തില്ല. ഇത്തരമൊരു പരിപാടിയെക്കുറിച്ച് നാട്ടുകാര്‍ക്ക് പരിചയപ്പെടുത്താന്‍ കഴിഞ്ഞുവെന്നതൊഴിച്ചാല്‍ മറ്റൊന്നും അത് സംഭാവന ചെയ്തില്ല. എന്നാല്‍, ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തോട് ഗ്രാമീണര്‍ക്കിടയില്‍ കടുത്ത എതിര്‍പുയരാനും ഇത് വഴിവച്ചു. രണ്ടഭിപ്രായമുണ്ടാകുന്ന സന്ദര്‍ഭങ്ങളിലെല്ലം ദൈവീക കല്‍പനകള്‍ സ്വീകരിച്ച് ഒന്നായി പ്രവര്‍ത്തിച്ചിരുന്ന ഗ്രാമീണര്‍ക്കിടയില്‍ സ്ഥായിയായ ഭിന്നതയും വിഭാഗീയതയും 'ഇന്ത്യ' സൃഷ്ടിച്ചുവെന്നാണ് മലാനക്കാരുടെ ഇപ്പോഴത്തെ വിശ്വാസം. ഒരു വിഭാഗം ഗ്രാമീണര്‍ രണ്ടുചേരിയായി മാറിയെന്നും അവരിപ്പോള്‍ എന്തിനുമേതിനും രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലത്തിലാണ് സംസാരിക്കുന്നതെന്നും നാട്ടുകാര്‍ വേദനയോടെ പറയുന്നു. ഗ്രാമത്തലവന്‍ സ്ഥാനത്തേക്കുപോലും പാര്‍ട്ടി അടിസ്ഥാനത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്ന സ്ഥിതി വിശേഷമുണ്ടായി. വോട്ടും തെരഞ്ഞെടുപ്പും എന്തിനാണെന്ന് ഇവര്‍ക്കിപ്പോഴും ബോധ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ വാക്കുകള്‍. അതില്‍ 'ഇന്ത്യയോടുള്ള' അമര്‍ഷവും രോഷവുമെല്ലാമുണ്ട്. 'ഞങ്ങള്‍ക്ക് സ്വന്തമായി സര്‍ക്കാറുണ്ട്. കോടതിയും നിയമവുമുണ്ട്. അതിനാല്‍ വോട്ട് ചെയ്ത് വേറെ സര്‍ക്കാറിനെ തെരഞ്ഞെടുക്കേണ്ടതില്ല. എന്നാലും ഞങ്ങള്‍ വോട്ടുചെയ്യും. അത് ഇന്ത്യക്ക് വേണ്ടിയാണ്. അവിടത്തെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതിനാലാണ്' മുന്‍ ഗ്രാമത്തലവന്‍ ഗുജ് റാമിന്‌റെ വാക്കുകള്‍. അതെ, അതൊന്നും അവര്‍ക്ക് വേണ്ടിയല്ല, ഇന്ത്യക്ക് വേണ്ടിയാണ്. ഇന്ത്യയാകട്ടെ, എന്നും മലാനക്ക് പുറത്തുള്ള രാജ്യവും. ഗുജ് റാമിന്റെ സമീപത്തുനിന്നിരുന്ന ഗംഗാ റാം അക്കാര്യവും തുറന്നുപറഞ്ഞു: 'ഇംഗ്ലീഷുകാര്‍ ഭരിച്ചിരുന്ന കാലത്ത് മലാന സ്വതന്ത്രമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മറ്റൊരു രാജ്യത്തിന്റെ അടിമകളായി. ഇന്ത്യയുടെ.'
(മാധ്യമം ആഴ്ചപ്പതിപ്പ്, 2017 സെപ്തംബര്‍ 18)
No comments:
Post a Comment