മലാന ക്രീം വില്‍ക്കാന്‍ ശ്രമിക്കുന്ന കുട്ടി |
നോനു മലാനയിലെ കുട്ടിക്കൊപ്പം |
അതുവിറ്റുകിട്ടുന്നതാണ് അവരുടെ വരുമാനം.'' അവനാവശ്യപ്പെട്ടതിലും അധികം പണം കൊടുത്ത് നോനു ആ പൊതി വാങ്ങി. സ്‌കൂളില്‍ പോകുന്നുണ്ടോയെന്ന ചോദ്യത്തോട് പരിഭ്രമം കലര്‍ന്ന നോട്ടമായിരുന്നു ആ കുട്ടിയുടെ മറുപടി. അത്തരം പരിപാടികളപ്പറ്റി ആദ്യമായി കേള്‍ക്കുന്ന മട്ടില്‍ അവന്‍ കൈമലര്‍ത്തി. അതിനും ഉത്തരം നോനു തന്നെ പറഞ്ഞു: 'ഇവിടെ സ്‌കൂളുണ്ടെങ്കിലും അങ്ങോട്ട് പോകുന്നവര്‍ വളരെ കുറവാണ്. അതൊക്കെ ഇവര്‍ പരിചയിച്ചുവരുന്നേയുള്ളൂ. കഞ്ചാവ് വില്‍ക്കാന്‍ അവസരം കിട്ടിയാല്‍ അവര്‍ ക്ലാസില്‍ നിന്ന് ഇറങ്ങിവരികയും ചെയ്യും.'
മലാനയിലെ ഏതെങ്കിലും ഒരു കുട്ടിയുടെ ഒറ്റപ്പെട്ട അനുഭവമല്ല ഇത്. ഇവിടെയെത്തുന്ന ആര്‍ക്കും നേരിടേണ്ടിവരും ഇത്തരം കുട്ടികളെ. ഭംഗിയില്‍ ഉരുട്ടിയെടുത്ത മൂന്നോ നാലോ ഉരുള വീതമുള്ള ചെറു പ്ലാസ്റ്റിക് കവര്‍ കൈയ്യിലില്ലാത്ത കുട്ടികള്‍ ഇവിടെ തീരെ കുറവാണ്. ഈ കുട്ടികള്‍ പലരും വലിയ കഞ്ചാവ് ഉത്പാദനം നടക്കുന്ന വീടുകളിലേക്കുള്ള വഴികാട്ടികള്‍ കൂടിയാണ്. മിക്ക വീടുകളിലും ഇതിന്‌റെ ഉത്പാദനവും സംസ്‌കരണവുമുണ്ട്. വീടുകളില്‍ തന്പടിച്ച് ഇവ ഉപയോഗിക്കാനുള്ള സംവിധാനവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. മലനായുടെ പുറന്പോക്കിലെല്ലാം വലിയ കഞ്ചാവ് തോട്ടങ്ങളാണ്. കാടുപോലെ പരന്നുകിടക്കുന്ന കഞ്ചാവ് പാടങ്ങള്‍. അവിടെയെത്തുന്ന ആര്‍ക്കും പൊട്ടിച്ചെടുത്ത് ഉപയോഗിക്കാനാകുംവിധം വഴിയരികിലും വീട്ടുമുറ്റങ്ങളിലുമെല്ലാം സുലഭമായി അവ വളരുന്നുമുണ്ട്.
കഞ്ചാവ് തോട്ടം |
ഏതാണ്ട് 10 വര്‍ഷം മുന്പ് വരെ കഞ്ചാവ് കൃഷി മലാനക്കാരുടെ വിശ്വാസത്തിന്റെഭാഗമായിരുന്നു. പിന്നെ, അതിഥികള്‍ക്കുള്ള വിരുന്നുവിഭവവും. ജുംല ദേവി അവര്‍ക്ക് നല്‍കിയ കാര്‍ഷിക വിള എന്നതിലപ്പുറം ഒരു പ്രാധാന്യവും കഞ്ചാവ് ചെടികള്‍ക്ക് അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല. ദൈവത്തിനുള്ള നിവേദ്യവും അവരുടെ സാധാരണ ജീവിതത്തിലെ ഉപയോഗ വസ്തുവുമായിരുന്നു അത്. കഞ്ചാവ് ചെടികൊണ്ടുള്ള പ്രത്യേക ചെരിപ്പാണ് ഗ്രാമത്തലവന്റെ യൂണിഫോമിലെ പ്രധാന ഇനം. ചെടിയുടെ തണ്ടുകള്‍ കൊണ്ട് മധുരപ്പലഹാരഹങ്ങള്‍ വരെ അവരുണ്ടാക്കിയിരുന്നു. അതവരുടെ ഭക്ഷണവിഭവങ്ങളില്‍ സ്വാഭാവികവുമായിരുന്നു. അസമയത്തെ വിളവെടുപ്പോ അമിതമായ കൃഷിയോ അവിടെയുണ്ടായിരുന്നില്ല. വിളവെടുപ്പിലും സംസ്‌കരണത്തിലും പുലര്‍ത്തിയിരുന്ന ഈ കണിശത തന്നെയാണ് പിന്നീട് പുറം വിപണിയിലെത്തിയപ്പോള്‍ മലാന ക്രീമിനെ ലോകത്തേറ്റവും വിലയേറിയ ലഹരിമരുന്നാക്കി മാറ്റിയതും.
മലാനയിലേക്ക് റോഡ് വെട്ടിയതോടെയാണ് പുറംനാട്ടുകാര്‍ ഇവിടേക്ക് വ്യാപകമായി വന്നെത്തിത്തുടങ്ങിയത്. കഞ്ചാവിന്‌റെ വിപണി മൂല്യം നാട്ടുകാര്‍ക്ക് വലിയ തോതില്‍ ബോധ്യപ്പെട്ടതും അങ്ങിനെയാണ്. അതുവരെ ഒറ്റപ്പെട്ട ഗ്രാമവാസികളിലൂടെ മാത്രം നടന്നിരുന്ന കച്ചവടം പ്രായ ഭേദമന്യേ മുഴുവനാളുകളുടെയും ഇഷ്ട തൊഴിലായി മാറി. മലാന പൊടുന്നനെ ലഹരി ഉപഭോക്താക്കളുടെ അഭയകേന്ദ്രമായി മാറി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും വ്യാപകമായി ആളുകള്‍ വന്നുതുടങ്ങി. അതുവരെ കേസും നിയമ നടപടികളുമില്ലാതിരുന്ന മലാനയില്‍ അതോടെ ഇന്ത്യന്‍ നിയമങ്ങളും അതിന്‌റെ നടത്തിപ്പുകാരും കയറിറങ്ങി. ഗ്രാമീണരുടെ സ്വച്ഛ ജീവിതം താറുമാറാക്കിയ ഈ വരവ്, മലാനയെ ലഹരി ഉപയോക്താക്കളുടെ ആസ്ഥാനവുമാക്കി മാറ്റി. ആറു രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ ഇവിടെ കേന്ദ്രീകരിച്ച് ഇടപാട് നടത്തുന്നുണ്ടെന്നാണ് ഹിമാചല്‍ പൊലീസിന്റെ നിഗമനം.
2010ല്‍ പോലീസ് മലാനയില്‍ നടത്തിയ റെയ്ഡില്‍ ഗലാനോ ഒറാസിയെന്ന ഇറ്റാലിയന്‍ വൃദ്ധന്‍ പിടിയിലായി. 60 വയസ്സുള്ള ഈ മനുഷ്യന്‍ 10 വര്‍ഷത്തിലധികമായി മലാനയില്‍, അന്നാട്ടുകാരനെപ്പോലെ താമസിക്കുകയായിരുന്നു. മലാനയില്‍ സാധാരണ റെയ്ഡ് നടക്കാറില്ല. പക്ഷെ ഈ റെയ്ഡില്‍ പിടിയിലായയാളെക്കുറിച്ച് നടത്തിയ അന്വേഷണം പൊലീസിനെ തന്നെ ഞെട്ടിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി അത്രമേല്‍ ബന്ധമുള്ള ഗലാനോ വര്‍ഷങ്ങളായി അവര്‍ക്ക് വേണ്ടി മലാനയില്‍ തന്പടിച്ച് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന വിവരം പൊലിസിനും അവിശ്വസനീയമായിരുന്നു. ഇയാളുടെ വ്യാപാര ശൃംഖല പല രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുകയാണ്. പുറം വ്യാപാരികളുടെ ചുവടുപിടിച്ച് മലാനക്കാരും ഇപ്പോള്‍ ഗ്രാമത്തിന് പുറത്ത് വലിയ കച്ചവട മേഖലകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മലാനക്കാരനായ രാമകൃഷ്ണനെ ഡല്‍ഹിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ലോക വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മലാന ക്രീം ആണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. മലാനക്ക് പുറത്ത്, മലാന ക്രീമുമായി അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പിടിയിലാകുന്നവരില്‍ 77 ശതമാനവും ഹിമാചല്‍ പ്രദേശുകാര്‍ തന്നെയാണെന്നും പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ പകുതിയോളം 20നും 30നും ഇടയില്‍ പ്രായമുള്ളവരുമാണ്. 2000ല്‍ 242 പേരും 2005ല്‍ 596 പേരും 2015ല്‍ 622 പേരും മലാന ക്രീമുമായി അറസ്റ്റിലായി. എണ്ണം തീരെകുറവാണെങ്കിലും പിടിയിലാകുന്നവരില്‍ ഇപ്പോള്‍ മനാലക്കാരും ഉള്‍പെട്ടുതുടങ്ങിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ വളരെ കുറച്ചുമാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്ന പരാതിയാണ് പൊലീസിന്. 2005ല്‍ 70 ശതമാനവും 2015ല്‍ 72 ശതമാനവും കേസുകള്‍ ശിക്ഷിക്കപ്പെട്ടില്ലെന്ന് അവര്‍ പറയുന്നു. എങ്കിലും മലാനക്കുളളില്‍വച്ചുള്ള ഉപയോഗത്തെയും അവിടത്തെ കൃഷിയെയും നിയമനപടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മലാന ക്രീം ഉണ്ടാക്കുന്ന കുട്ടികള്‍ |
കഞ്ചാവ് കൃഷി നിയമവിധേയമാക്കണമെന്ന ആവശ്യം മലാനക്കാര്‍ ശക്തമായി ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. ബദല്‍ കൃഷികള്‍ നടപ്പാക്കാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഈ ആവശ്യം കൂടുതല്‍ രൂക്ഷമായി. 'കഞ്ചാവ് കൃഷി നിരോധിക്കരുത്. അതില്‍നിന്ന് ചരസുണ്ടാക്കുന്നത് നിരോധിച്ചോട്ടെ. കഞ്ചാവ് ചെടി ഞങ്ങളുടെ ജീവനാഡിയാണ്. ഇതില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനും അതിജീവിക്കാനുമാകില്ല. പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇത് മനസ്സിലാകില്ല'' ഗ്രാമത്തലവനായ ചെരുറാം പറയുന്നു. ജീവനാഡി എന്ന വാദം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ലഹരിക്ക് മാത്രമല്ല, മലാനക്കാര്‍ ഈ ചെടി ഉപയോഗിക്കുന്നത്. ആ ചെടിയില്‍ നിന്നാണ് അവര്‍ ചെരിപ്പുണ്ടാക്കുന്നത്. അത് അവരുടെ ഗ്രാമത്തലവന്‌റെ ആചാര വേഷവുമാണ്. പുല്ല എന്ന് മലാനക്കാര്‍ വിളിക്കുന്ന ഈ ചെരിപ്പിന് കാഴ്ചയില്‍ തന്നെ വ്യത്യസ്തതയുമുണ്ട്. കഞ്ചാവ് ചെടിയുടെ വിത്തുപയോഗിച്ച് പലഹാര സാധനങ്ങളും നാട്ടുകാരുണ്ടാക്കുന്നുണ്ട്. സിദ്ദു എന്ന പേരില്‍ കഞ്ചാവ് ചെടികൊണ്ടുള്ള പലഹാരം ഇവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇങ്ങിനെ, ഭക്ഷ്യ സംസ്‌കാരം മുതല്‍ സാമൂഹിക ജീവിതം വരെ കഞ്ചാവ് ചെടികളുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് മലാനക്കാരുടെ ജീവിതം.
അതുകൊണ്ടുതന്നെ കഞ്ചാവ് കൃഷിക്ക് നേരിടുന്ന എതുവെല്ലുവിളിയും അവര്‍ കണിശമായി പ്രതിരോധിക്കും. പൊലീസും നിയമവും ഗ്രാമം കടന്നുവരുന്നത് പ്രാദേശികമായ ചെറുത്തുനില്‍പുകളിലൂടെ അവര്‍ തടഞ്ഞിച്ചുണ്ട്. അതിനാല്‍ പഴയപോലെ ഇപ്പോള്‍ ഇവിടേക്ക് പൊലീസുകാര്‍ കട്ന്നുവരാറില്ല. എന്നാല്‍ ഗ്രാമത്തില്‍ വന്നുപോകുന്നവരെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. ചരസ് പുറത്തേക്ക് കൊണ്ടുപോകുന്നുവെന്ന് സംശയിക്കുന്നവരെക്കുറിച്ച് വിവരം ലഭ്യമാക്കാനുള്ള സംവിധാനവും പൊലീസ് ഇവിടെ അനൗദ്യോഗികമായി ഏര്‍പാടാക്കിയിട്ടുണ്ട്. പക്ഷെ പിടുത്തം ഗ്രാമത്തിന് പുറത്തുവച്ച് മാത്രം. കഞ്ചാവ് കൃഷി നിയമ വിധേയമാക്കുക എന്നാവശ്യപ്പെട്ട് ജനകീയ പ്രസ്ഥാനങ്ങള്‍ തന്നെ മലാനയിലുണ്ടായിട്ടുണ്ട്. പ്രമുഖ പാര്‍ട്ടികളുടെ പ്രാദശിക നേതാക്കളെല്ലാം ഇതിനെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. മൂന്നുതവണ മലാനയുള്‍പെടുന്ന മണ്ഡലത്തെ പാര്‍ലമെന്‌റില്‍ പ്രതിനിധീകരിച്ച വിമത ബിജെപി നേതാവ് മഹേശ്വര്‍ സിങും അദ്ദേഹത്തിന്‌റെ പാര്‍ട്ടിയും ഇന്ന് മലാനക്കാരുടെ ശക്തരായ വക്താക്കളാണ്. വിദേശികള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി നടത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നമായതെന്നും തദ്ദേശീയമായ കൃഷിയെ തടയരുതെന്നുമാണ് മഹേശ്വര്‍ സിങിന്‌റെ നിലപാട്. ബിജെപിയുടെയും കോണ്‍ഗ്രസിന്‌റെയും നേതാക്കളും സമാനമായ അഭിപ്രായം തന്നെയാണ് പങ്കുവക്കുന്നത്. അതേസമയം ഇത്തരം നീ്ക്കങ്ങളെ അതി ശക്തമായാണ് പൊലീസ് നേരിടുന്ന്ത്. എല്ലാ കഞ്ചാവ് അനുകൂലപ്രചാരണങ്ങളെയും അവര്‍ നിശിതമായി പ്രതിരോധിക്കുന്നു. അതേസമയം, കൃഷി തടയാനുള്ള ഫലപ്രദമായ സംവിധാനങ്ങളൊന്നും പൊലീസിനില്ല താനും.
പച്ചക്കറിക്ക് സൌജന്യ സഹായം നല്‍കിയും ടൂറിസം പദ്ധതികള്‍ നടപ്പാക്കിയും സഹകരണ സംഘങ്ങളും വിപണന സംവിധാനങ്ങളുമൊരുക്കിയും ബദല്‍ നീക്കങ്ങള്‍ക്ക് പൊലീസും സര്‍ക്കാറും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. 1980ല്‍ മലാന കേന്ദ്രീകരിച്ച് രൂപീകരിച്ച സഹകരണ സംഘം ഭക്ഷ്യ വിഭവങ്ങള്‍ എത്തിക്കുന്നതിനൊപ്പം ലഹരി വിരുദ്ധ പ്രചാരണവും ഏറ്റെടുത്തെങ്കിലും വേണ്ടത്ര വിജയിച്ചില്ല. മലാനയിലുണ്ടാക്കുന്ന കഞ്ചാവിതര ഉതപന്നങ്ങളുടെ വിതരണവും ഇവര്‍ നടത്തിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തങ്ങളുടെ പാരന്പര്യവും സംസ്കാരവും തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതിനാല്‍ ഇവയോട് സഹകരിക്കാന്‍ പലരും വിമുഖത കാട്ടുന്നു. അതേസമയം മലാനക്കാരുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തുന്നതിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയാണെന്ന് രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും ആരോപിക്കുന്നു.
മലാനയില്‍ നിന്ന് മടങ്ങി തിരിച്ച് റോഡില്‍ എത്തിയപ്പോള്‍ ഹിന്ദിയും മലയാളവും കലര്‍ന്ന ചിരിയില്‍ അപ്രതീക്ഷിതമായി ഒരു ചോദ്യം: 'എങ്ങനെയുണ്ട് മലാന?' ചോദിച്ചത് നേരത്തെ മലാനയിലെ കഞ്ചാവിനെക്കുറിച്ച് ആദ്യ വിവരം തന്ന നോനു തന്നെ. മലയാളച്ചോദ്യത്തിലെ അവിശ്വസനീയത ഞങ്ങളുടെ മുഖത്ത് വായിച്ചെടുത്തിട്ടെന്നപോലെ അവന്‍ വീണ്ടും പറഞ്ഞു: 'എനിക്ക് മലയാളം അറിയാം. ഞാന്‍ നേരത്തെ കൊച്ചിയിലുണ്ടായിരുന്നു. എംജിറോഡിലെ ഒരു കടയില്‍. അങ്ങിനെ പഠിച്ചതാ മലയാളം. ഇപ്പോ നാട്ടിലേക്ക് തിരിച്ചുപോന്നു. ഇവിടെ ചായക്കട നടത്തുന്നു. കേരളത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ കാശുകിട്ടും. എന്നാല്‍ ഇത്രയേറെ ദൂരെ പോയി നില്‍ക്കാന്‍ അച്ഛനും അമ്മയും സമ്മതിക്കുന്നില്ല. യാത്രയും വലിയ ബുദ്ധിമുട്ടാണല്ലോ?' ഒരിട നിര്‍ത്തി, നിലത്തുകിടന്നിരുന്ന ആ മിഠായിക്കടലാസിലേക്ക് വിരല്‍ ചൂണ്ടി അവന്‍ തുടര്‍ന്നു: 'ഇവിടെയാകുന്പോ ഇതുപോലുള്ള ചില സൗകര്യങ്ങളുമുണ്ട്.' മനുഷ്യനെത്തിപ്പെടാന്‍ ഏറെ പാടുപെടേണ്ടിവരുന്ന ഒരു മലമുകളില്‍വച്ച് മലയാളം പരിചയമുള്ള അന്നാട്ടുകാരനെ കേള്‍ക്കാന്‍ കിട്ടുന്നത് ഒരപൂര്‍വാനുഭവവമാണ്. എന്നാല്‍ അതിലേറെ ആ കൂടിക്കാഴ്ചയെ ഓര്‍മയില്‍നിര്‍ത്തുന്നത് കളിമണ്ണ് പാകിയ നോനുവിന്‌റെ ചായക്കടയുടെ മുറ്റത്ത് അലക്ഷ്യമായി കിടന്നിരുന്ന ആ മിഠായിക്കടലാസാണ്. തലമുറകളായി സംരക്ഷിച്ചുവരുന്ന സംസ്‌കാരത്തെയും ദുശ്ശാഠ്യംപോലെ പിന്തുടരുന്ന പാരന്പര്യങ്ങളെയും അത്യാചാരങ്ങളെയുമെല്ലാം ലഹരിയില്‍ പൊതിഞ്ഞെടുത്ത് ലോകത്തിന് കൈമാറുന്ന ഒരു ജനതയുടെ ജീവിതവും അതിജീവനവുമായിരുന്നു ആ വര്‍ണക്കടലാസ്.
(മാധ്യമം ആഴ്ചപ്പതിപ്പ്, 2017 സെപ്തംബര്‍ 18)
No comments:
Post a Comment