കേരളത്തിലെ സ്വാശ്രയ ചരിത്രത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇ എം എസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന 1967ല്‍ അനുവദിച്ച ലോ അക്കാദമി ലോ കോളജാണ് കേരളത്തിലെ ആദ്യ സ്വാശ്രയകോളജ്. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത മറികടക്കാന്‍ വേണ്ടി, സര്‍ക്കാര്‍ തന്നെ സ്ഥലവും വിഭവവങ്ങളും സൌജന്യമായി നല്‍കിയാണ് ആ കോളജ് സ്ഥാപിച്ചത്. അതിന്റെ സ്ഥാപകരുടെ ഭരണ-രാഷ്ട്രീയ സ്വാധീനം ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നുവെങ്കിലും അക്കാലത്ത് അത്തരമൊരു കോളജ് കേരളത്തിന്‌റെ അനിവാര്യതകൂടിയായിരുന്നു. സമാനമായ രീതിയില്‍ സാമൂഹികമായ അനിവാര്യത എന്ന നിലയില്‍ സ്ഥാപിതമായ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരവധി കേരളത്തിലുണ്ട്. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍. ഐക്യ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും വളര്‍ച്ചയിലും സംഭവിച്ച ഭൂമിശാസ്ത്രപരമായ അസന്തുലിതത്വങ്ങളും വിവേചനങ്ങളും മറികടക്കാന്‍ പ്രാദേശികമായോ സാമുദായികമായോ സംഘടിച്ചവര്‍ കേരളത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അവ ഇപ്പോഴും ആ പ്രദേശങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നുമുണ്ട്. പില്‍ക്കാലത്ത് സ്വാശ്രയ മേഖല അങ്ങേയറ്റം കച്ചവടവത്കരിക്കപ്പെട്ടുവെങ്കിലും ഒരു ജനതയടെ പ്രതിരോധവും പരിഹാരവും എന്ന നിലയില്‍ സ്ഥാപിതമായ സ്ഥാപനങ്ങള്‍ പ്രതിലോമകരമായ അത്തരം പ്രവണതകളെ ഒരുപരിധി വരെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. സമ്പന്നരുടെയും ഉന്നത ശ്രേണിയിലുള്ളവരുടെയും മാത്രം കുത്തകയായിരുന്ന ഉന്നത വിദ്യാഭ്യാസത്തെയും പലയിടത്തും ലഭ്യമല്ലാതിരുന്ന പ്രാഥമിക വിദ്യാഭ്യാസത്തെയും സാധാരണക്കാരായ ജനങ്ങള്‌ലേക്കെത്തിക്കാന്‍ സ്വാശ്രയ മേഖലക്ക് കഴിഞ്ഞു. ഒരര്‍ഥത്തില്‍ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണവും ഒറ്റപ്പെട്ട മേഖലകളിലേക്ക് വരെ എത്തിച്ചേര്‍ന്ന അതിന്‌റെ വിന്യാസവും സാധാരണക്കാരായ ജനങ്ങള്‍ക്കുപോലും പ്രാപ്യവും വിദൂര ഗ്രാമങ്ങളുടെ വരെ സമീപസ്തവുമായ സംവിധാനമായി വിദ്യാഭ്യാസ സൗകര്യങ്ങള്‍ കേരളത്തില്‍ യാഥാര്‍ഥ്യമായത് സ്വാശ്രയ മേഖലയുടെ വികാസത്തിലൂടെ ആയിരുന്നു.
1990കളില്‍ സ്വാശ്രയ വിദ്യാഭ്യാസം കേരളത്തില്‍ സാര്‍വത്രികമായി. നാടെങ്ങും സ്വാശ്രയ സ്ഥാപനങ്ങള്‍ മുളപൊട്ടി. കാലിത്തൊഴുത്ത് മുതല്‍ കശുവണ്ടി ഫാക്ടറി വരെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറി. അതിരുവിട്ട വിദ്യാഭ്യാസ കച്ചവടമയി സ്വാശ്രയം മാരുന്നതും ഇതേ കാലയളവിലാണ്. പ്രൈമറി സ്‌കൂളുകള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ വ്യാപമകായി സ്ഥാപിക്കപ്പെട്ടു. ഒരുസാമൂഹിക ദൗത്യം എന്ന നിലയില്‍ സ്ഥാപിതമായ സ്ഥാപനങ്ങള്‍ പോലും ലാഭാധിഷ്ടിത വ്യവസായമെന്ന നിലയിലേക്ക് ചുവടുമാറ്റി. ലോ അക്കാദമി പോലുള്ള കോളജുകള്‍ പോലും ഏകാധിപതികളായ മുതലാളിമാര്‍ വാഴുന്ന കഴുത്തറപ്പന്‍ കച്ചവട കേന്ദ്രങ്ങളായി മാറി. അത്തരം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, സാമൂഹിക വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടവരായി മാറി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചതോടെ സ്വാശ്രയമെന്നാല്‍ വെറും കച്ചവടമാണെന്ന പൊതുധാരണ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു. സ്വാശ്രയം വ്യാപകമായി കേരളം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍, ആ മേഖലയുടെ മേല്‍വിലാസം തന്നെ ഇതായി മാറിക്കഴിഞ്ഞിരിക്കുന്നു.
ആഗോളീകരണാനന്തരകാലത്തെ സാന്പത്തിക നയങ്ങളും സിദ്ധാന്തങ്ങളും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ട്. കേരളത്തില്‍ മാറിമാറി അധികാരത്തിലെത്തിയ ഭരണകൂടങ്ങളെല്ലാം പ്രയോഗത്തില്‍ സ്വാശ്രയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അതിന്റെ ഒരു കാരണം രാജ്യത്തും സംസ്ഥാനത്തും നിലനില്‍ക്കുന്ന സാമ്പത്തിക നയങ്ങള്‍ തന്നെയായിരുന്നു. ലോകബാങ്ക് പോലുള്ള ആഗോള ധനകാര്യ ഏജന്‍സികള്‍ കേരളത്തിലെ വിദ്യാഭ്യാസത്തെ ഈ രീതിയില്‍ പുനക്രമീകരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ ചിലവ് സ്റ്റേറ്റ് വഹിക്കേണ്ടതില്ലെന്നും അത് വിദ്യാര്‍ഥികളില്‍നിന്ന് തന്നെ ഈടാക്കണമെന്നുമാണ് ഇവരുടെ പ്രഖ്യാപിത നിലപാട്. 1992-93 കാലത്ത് ഇന്ത്യിയലെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് പഠിച്ച ജസ്റ്റിസ് കെ കെ പുന്നയ്യ കമ്മിറ്റിയാണ് ഇതില്‍ ആദ്യ ശിപാര്‍ശ മുന്നോട്ടുവച്ചത്. പഠന ചെലവിന്‌റെ പരമാവധി 20 ശതമാനം വരെ കുട്ടികള്‍ തന്നെ വഹിക്കണമെന്നായിരുന്നു നിര്‍ദേശം. പിന്നീട് ഇക്കാര്യത്തില്‍ പഠനം നടത്തിയ നോളജ് കമ്മീഷന്‍, ചുരുങ്ങിയത് 20 ശതമാനം ചിലവ് വിദ്യാര്‍ഥികള്‍ വഹിക്കണമെന്നാക്കി. 1999ലെ എന്‍ ഡി എ ഗവണ്‍മെന്‌റ് നിയോഗിച്ച കമ്മിറ്റി സമര്‍പിച്ച 'എ പോളിസി ഫ്രെയിംവര്‍ക് ഫോര്‍ റിഫോംസ് ഇന്‍ എജുക്കേഷന്‍' എന്ന റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തത് പൂര്‍ണ ചെലവും കുട്ടികള്‍ വഹിക്കണമെന്നായിരന്നു. പുര്‍ണ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കണമെന്ന് ആവശപ്പെട്ട കമ്മിറ്റി, പാവങ്ങള്‍ക്ക് പഠിക്കാന്‍ വിദ്യാഭ്യാസ വായ്പയും നിര്‍ദേശിച്ചു. മുകേഷ് അംബാനി കണ്‍വീനറും കുമരംമഗലം ബിര്‍ള അംഗവുമായ കമ്മിറ്റി, വരുംകാല വികസനത്തിന്റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസമായിരിക്കുമെന്ന് വിലയിരുത്തിയാണ് ഈ ശിപാര്‍ശകള്‍ മുന്നോട്ടുവക്കുന്നത്. കച്ചവടത്തിലും വ്യവസായത്തിലും അഗ്രഗണ്യരായ ആളുകളെ കുത്തിനിറച്ച ഇത്തരം നയരൂപീകരണ സമിതികളിലൂടെ രാജ്യത്ത് നടപ്പാക്കപ്പെട്ട സ്വാശ്രയ വിദ്യാഭ്യാസ പദ്ധതി, കേരളത്തിലും കച്ചവട കേന്ദ്രിതമായി തന്നെയാണ് വികസിച്ചത്. സാമൂഹ്യക്ഷേമ സങ്കല്‍പവും സാര്‍വത്രിക വിദ്യാഭ്യാസമെന്ന തത്വവും സ്വാശ്രയത്തിന് വഴിമാറുന്നതായിരുന്നു പിന്നീട് കണ്ട കാഴ്ച.
വൈറ്റ് കോളര്‍ മോഹവും അവിശ്വാസവും
ഈ മാറ്റത്തിന് കേരളത്തില്‍ അസാധാരണമായ സ്വീകാര്യതയാണ് ലഭിച്ചത്. വിദ്യാഭ്യാസത്തോടുള്ള മലയാളികളുടെ സമീപനവും അതേക്കറിച്ചുള്ള വീക്ഷണവും ആ സ്വീകാര്യതക്ക് കാരണമായി. വിദ്യാഭ്യാസമെന്നത് മലയാളിയെ സംബന്ധിച്ച് തൊഴില്‍ വിപണിയില്‍ പ്രാമുഖ്യം നേടാനുള്ള ഉപാധിമാത്രമാണ്. വിദ്യാഭ്യാസത്തിന്‌റെ ആകെ ലക്ഷ്യം തൊഴില്‍ നേടുകയെന്നതും അതുതന്നെ, പഠിക്കാനായി ചിലവാക്കിയ പണം എളുപ്പത്തില്‍ തിരിച്ചുപിടിക്കാന്‍ കഴിയുന്ന ജോലി ആയിരിക്കണമെന്നതുമാണ് അവരുടെ മിനിമം നിലപാട്. മലയാളികളുടെ മനോനിലയില്‍ പാരമ്പര്യമായി ഈ അവബോധം നിലനില്‍ക്കുന്നുണ്ട് എന്നുവേണം കരുതാന്‍. ജാതി വിഭജനത്തിന്‌റെ അടിസ്ഥാന തത്വങ്ങളില്‍ തൊഴിലും ഒരു ഘടകമയിരുന്നുവല്ലോ? അതിനനുസൃതമായ വിദ്യാഭ്യാസം നേടിക്കൊണ്ടിരുന്നതും ഇതേ വിഭജനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു. ഫ്യൂഡല്‍ മൂല്യബോധത്തിലധിഷ്ടിതമായ ആ 'വൈറ്റ് കോളര്‍ തൊഴില്‍' മോഹങ്ങളുടെ സ്വാധീനം കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വികാസ രീതികളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് സ്വാശ്രയ കോളജുകള്‍ക്ക് ലഭിച്ച സ്വീകാര്യത. ഒരുതൊഴില്‍ പരിശീലന കേന്ദ്രമെന്ന സങ്കല്‍പത്തെ അടിസ്ഥാനമാക്കിയാണ് സ്വാശ്രയ കോളജുകള് കേരളത്തില്‍ രൂപംകൊണ്ടത്. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയവത്കരണം, എളുപ്പത്തില്‍ ജോലി കിട്ടുന്നതും ഉയര്‍ന്ന വേതന സാധ്യതയുള്ളതും സാമൂഹികാംഗീകാരമുള്ള തൊഴിലുകളില്‍ ഉന്നതവുമായ പഠന ശാഖകളില്‍ കേന്ദ്രീകരിച്ചത്. ഉയര്‍ന്ന സാമൂഹിക പദവി ലഭിക്കുന്ന തൊഴില്‍ മേഖലയിലെത്തിപ്പെടാന്‍ എത്ര പണം മുടക്കിയും പഠിക്കാന്‍ സന്നദ്ധമായ കുട്ടികളുടെയും അതേവീക്ഷണത്തില്‍ അവരെ പൂര്‍ണമായി പിന്തുണക്കുന്ന രക്ഷിതാക്കളുടെയും മുന്നിലാണ് സ്വാശ്രയം നിലവില്‍ വരുന്നത്.
പൊതുവിദ്യാഭ്യാസത്തില്‍ ഭൂരിപക്ഷ മലയാളികള്‍ക്കുള്ള അവിശ്വാസം സ്വാശ്രയത്തിന്‌റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസത്തേക്കാള്‍ എന്തുകൊണ്ടും മികച്ചതാകുക സ്വന്തം പണം മുടക്കി പഠിക്കുന്നതാണെന്ന ധാരണ ഇവിടെ സാര്‍വത്രികമാണ്. ആഗോളീകരണാനന്തര കാലത്തെ തലമുറയുടെ വര്‍ധിച്ച വിദ്യാഭ്യാസ ആവശ്യത്തോടും ആഗ്രഹങ്ങളോടും സക്രിയമായി പ്രതികരിക്കുന്നതില്‍ അതത് കാലത്തെ സര്‍ക്കാറുകള്‍ പരാജയപ്പെട്ടതും ഇതിന് വളമായി. ഉന്നത വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിന് വലിയ തുക നിക്ഷേപിക്കേണ്ടി വന്നപ്പോള്‍, സംസ്ഥാന സര്‍ക്കാറുകള്‍ ആ രംഗത്തുനിന്ന് പിന്‍മാറുകയാണ് ചെയ്തത്. പകരം പണം മുടക്കാന്‍ കഴിവുള്ളവര്‍ക്ക് വിദ്യാഭ്യാസ മേഖലയെ വിട്ടുകൊടുക്കുകയും ചെയ്തു. വിശേഷിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയെ. രാജ്യം സ്വീകരിച്ച ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ ഈ പ്രവണതക്ക് ആക്കം കൂട്ടി.
പുറത്താകല്‍, നിര്‍ബന്ധിതം
വലിയ സാമൂഹ്യ പദവിയും സാന്പത്തിക ശേഷിയും ക്രയശേഷിയുമുള്ളവര്‍ മാത്രമാണ് ഇത്തരം കോളജുകളില്‍ എത്തിപ്പെട്ടത്. പരോക്ഷമായ ഒരുതരം പുറന്തള്ളല്‍ ഇവിടെ സംഭവിച്ചു. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതാകട്ടെ വലിയ തോതില്‍ തന്നെ സംഭവിക്കുന്നുമുണ്ട്. നേരത്തെ പറഞ്ഞ, ജാതീയതയുടെ മറ്റൊരു രൂപം ഇവിടെ പ്രകടമാണ്. ചിലയാളുകള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ വൈമുഖ്യമുള്ളവരുടെ സ്വാഭാവിക അഭയ സ്ഥാനമായി ഇവ മാറുകയും ചെയ്തു. ഒരുവിഭാഗം പുറന്തള്ളപ്പെടുകയും അത്തരമാളുകളോട് സഹവാസം വേണ്ടെന്ന് തീരുമാനിച്ചവര്‍ കൂടുതലായി എത്തിപ്പെടുകയും ചെയ്യുന്ന ഇടങ്ങളായി സ്വാശ്രയ സ്ഥാപനങ്ങള്‍ മാറി. പ്രൊഫഷണല്‍ വിദ്യാഭ്യാസം തങ്ങള്‍ക്ക് അപ്രാപ്യമാണ് എന്ന് വിശ്വസിക്കുന്ന വലിയ വിഭാഗം ഇന്ന് കേരളത്തിലുണ്ട്. ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ ഇക്കാര്യം മനസാ അംഗീകരിച്ച് കഴിഞ്ഞു. അവരുടെ ഉപരി പഠന പദ്ധതികളില്‍ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ എന്ന സങ്കല്‍പമേയില്ല. അത്തരം കോളജുകളും അതുനല്‍കുന്ന ഏറ്റവുമേറെ സാമൂഹ്യാംഗീകാരവുമുള്ള ജോലിയും വേണ്ടെന്ന് തീരുമാനിക്കാന്‍ അവര്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ്.
ഏറ്റവും താഴ്ന്ന സാമ്പത്തിക വിഭാഗത്തില്‍ പെട്ട വെറും 4.9 ശതമാനം ആളുകള്‍ മാത്രമാണ് മക്കളെ സ്വാശ്രയ കോളേജില്‍ അയക്കാന്‍ താത്പര്യപ്പെടുകയെങ്കിലും ചെയ്യുന്നത് എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതേ സമയം സാന്പത്തിക ശേഷിയുള്ളവരിലെ 72 ശതമാനം ആളുകളും മക്കളെ പ്രഫഷണല്‍ വിദ്യാഭ്യാസം ചെയ്യിക്കാനാഗ്രഹിക്കുന്നവരാണ്. അതില്‍ തന്നെ 36 ശതമാനം മക്കളെ സ്വാശ്രയ കോളജില്‍ അയക്കാന്‍ തീരുമാനിച്ചവരുമാണ്. മെറിറ്റില്‍ സീറ്റ് കിട്ടില്ല എന്നതിനാലാണ് ഇവര്‍ സ്വാശ്രയ കോളേജ് തെരഞ്ഞെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഉയര്‍ന്ന സാന്പത്തിക ശേഷിയുള്ളവര്‍ ആകെ 9 ശതമാനം മാത്രമാണെന്നതുകൂടി ഇവിടെ പ്രസക്തമാണ്. ദരിദ്രനെ കൂടുതല്‍ ദരിദ്രനും പണക്കാരനെ കൂടുതല്‍ പണക്കാരനുമാക്കുന്നു എന്ന സ്വകാര്യവത്കരണത്തിന്റെ ദുരന്തഫലം, വിദ്യാഭ്യാസ മേഖലയിലേക്ക് സ്വാശ്രയം എത്തിച്ചുവെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പൊതസമൂഹത്തിന് മൊത്തത്തില്‍ സ്വീകാര്യമായ തരത്തിലോ എല്ലാവരെയും ഉള്‍കൊള്ളുന്ന തരത്തിലോ അല്ല സ്വാശ്രയ മേഖല വികസിച്ചതെന്ന് ചുരുക്കം. ഇതാകട്ടെ ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും പ്രകടമായി അനുഭവപ്പെട്ടത്. ഒരുതരം പുറന്തള്ളല്‍ (exclusion) ആണ് ഇവിടെ സംഭവിക്കുന്നത്.
കുട്ടികള്‍ക്ക് മുന്നിലെ വന്‍മതിലുകള്‍
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഘടന തന്നെയാണ് ഇത്തരം പുറന്തള്ളലുകള്‍ക്ക് പ്രധാന കാരണം. ഒരു വിദ്യാഭ്യാസ സ്ഥാപനം എല്ലാതരം വിദ്യാര്‍ഥികള്‍ക്കും പ്രാപ്യമായിരിക്കണം (accessible). യോഗ്യതയില്‍ അല്ലെങ്കില്‍ യോഗ്യതാ പരീക്ഷയില്‍ മുന്‍പന്തിയിലുള്ളവര്‍ക്ക് മറ്റ് പരിഗണനകളൊന്നുമില്ലാതെ അവരാഗ്രഹിക്കുന്നിടത്ത് തുടര്‍ പഠനം നടത്താന്‍ കഴിയുന്നതുമാകണം വിദ്യാഭ്യാസ രംഗം. എന്നാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, പ്രത്യേകിച്ച് സ്വാശ്രയ കോളജുകള്‍ ഏറ്റവുമേറെയുള്ളമെഡിക്കല്‍, എഞ്ചിനീയറിങ് മേഖല വിദ്യാര്‍ഥികളെ സ്ംബന്ധിച്ചേടത്തോളം അത്രമേല്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമല്ല. വലിയ പണം മുടക്കി, പരിശീലനം നേടുന്നവര്‍ എപ്പോഴും മുന്നിലെത്തുന്ന പ്രവേശന പരീക്ഷയാണ് അവരെ തടയുന്ന ആദ്യ കടന്പ. പ്രവേശന പരീക്ഷയെക്കുറിച്ച് നടന്ന പഠനങ്ങളെല്ലാം പറയുന്നത്, പരിശീലന കേന്ദ്രങ്ങളില്‍ പണംമുടക്കുന്നവര്‍ മാത്രമാണ് അതില്‍ മുന്‍പന്തിയിലെത്തുന്നത് എന്നാണ്. നമ്മുടെ മുന്നിലുള്ള അനുഭവങ്ങളും അതുതന്നെ. പ്രവേശന പരീക്ഷാ പരിശീലനം നേടാന്‍ കഴിയാത്ത ഒരുസാധാരണ വിദ്യാര്‍ഥിയെ സംബന്ധിച്ചേടത്തോളം സ്വാശ്രയ പ്രൊഫഷണല്‍ മേഖല സ്വപ്‌നം കാണാന്‍പോലും പറ്റാത്ത സ്ഥലമാണ്.
ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വാശ്രയം അപ്രാപ്യമാക്കുന്നതിലെ മുഖ്യ തടസ്സം പ്രവേശന പരീക്ഷയാണെന്ന് കണ്ടെത്തിയ ഒന്നിലേറെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സി ഡി എസ് നടത്തിയ ഒരു പഠനം പറയുന്നു: 'വിദ്യാ സന്പന്നരായ മാതാപിതാക്കളുടെ മക്കളാണ് പ്രവേശന പരീക്ഷക്ക് ഹാജരാകുന്നവരെല്ലാം. ഈ പരീക്ഷയില്‍ മുന്നിലെത്തി പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്നവരുടെ രക്ഷിതാക്കള്‍, ഇതേ പരീക്ഷയില്‍ പിന്നിലായി പ്രവേശനത്തിന് അനര്‍ഹരാകുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടിയവരാണ്. പരീക്ഷക്ക് ഹാജരാകുന്ന പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ 80 ശതമാനവും അവര്‍ക്കിടയിലെ മധ്യവര്‍ഗം/ഉപരിവര്‍ഗം വിഭാഗത്തില്‍പെട്ടവരാണ്. പരീക്ഷക്ക് ഹാജരാകുന്ന ഒ.ബി.സി, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉയര്‍ന്ന ജാതിക്കാരേക്കാള്‍ ദരിദ്രരാണ്. സാന്പത്തികമായും സാമൂഹികമായും ഉയര്‍ന്നുനില്‍ക്കുന്ന അഞ്ച് ശതമാനത്തില്‍ പെടുന്ന വിദ്യാര്‍ഥികളാണ് പ്രഫഷണല്‍ കോഴ്സുകളിലെ സീറ്റുകളില്‍ 82 ശതമാനം കൈയ്യടക്കുന്നത്.' (Opportunities for Higher Education: An Enquiry into Entry Barriers, എ. അബ്ദുസ്സലാം).
കോളജുകളിലെ ഫീസാണ് രണ്ടാമത്തെ പ്രശ്‌നം. പ്രവേശന പരീക്ഷയിലൂടെ സീറ്റ് നേടാന്‍ അര്‍ഹരായാലും ലക്ഷങ്ങള്‍ മുടക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമേ ഇത്തരം കോളജുകളില്‍ പഠിക്കാന്‍ കഴിയൂവെന്നതാണ് യാഥാര്‍ഥ്യം. സ്വാശ്രയ കോളജുകളുടെ ഫീസ് ഘടനയും അപ്രകാരമാണ്. വന്‍തുകയാണ് ഓരോവര്‍ഷവും ഏര്‍പെടുത്തുന്നത്. ഇതാകട്ടെ, പ്രതിവര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അഥവ, ഓരോവര്‍ഷവും ഉയര്‍ന്നുകൊണ്ടോയിരിക്കുന്ന ഫീസ്, കൂടുതല്‍ കൂടുതല്‍ കുട്ടികളെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളുകയാണ് ചെയ്യുന്നത്.
പ്രൊഫഷണല്‍ കോഴ്സുകളിലും സ്വാശ്രയ കോളജുകളിലും പ്രവേശം നേടുന്നവര്‍ ഉയര്‍ന്ന സാന്പത്തിക നിലയിലുള്ളവരാണെന്നും വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍ എം.ബി.ബി.എസ്സിന് പഠിക്കുന്നവരില്‍ ബി.പി.എല്‍ വിഭാഗം 6.1 ശതമാനം മാത്രമാണ്. മധ്യവര്‍ഗം 7.4 ശതമാനവും. കേരള ജനസംഖ്യയില്‍ വെറും 9 ശതമാനം വരുന്ന ഉന്നത സാമ്പത്തിക വിഭാഗത്തിലുള്ളവരാണ് എം.ബി.ബി.എസ്സിന്റെ 87 ശതമാനം സീറ്റുകളിലും എത്തുന്നത്. എം ബി ബി എസിന് പഠിക്കുന്നവരില്‍ 52 ശതമാനം നഗരവാസികളാണ്. ഇതില്‍ തന്നെ 32 പേര്‍ ശതമാനം കേര്‍പറേഷനുകളിലെ താമസക്കാരാണ്. ശരാശരി 2 ലക്ഷത്തോളമാണ് എം ബി ബി എസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം. ബി ഡി എസ് വിദ്യാര്‍ഥികലുടെ രക്ഷിതാക്കള്‍ 1.80 ലക്ഷം വരുമാനമുള്ളവര്‍.
എം ബി ബി എസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ 60 ശതമാനത്തിലേറെയും പ്രതിമാസ ശന്പളമുള്ള ജോലി ചെയ്യുന്നവരാണ്. ബിസിനസുകാര്‍ 4.6 ശതമാനം മാത്രം. രക്ഷിതാക്കളില്‍ 60 ശതമാനവും സര്‍ക്കാര്‍-റിട്ട,സര്‍ക്കാര്‍-പൊതുമേഖല ജോലിക്കാരാണ്. സ്വകാര്യ മേഖലയിലെ പ്രതിമാസ ശന്പളക്കാരെക്കൂടി കൂട്ടിയാല്‍ ഇത് 76.4 ശതമാനമാകും. 22.8 ശതമാനം എം ബി ബി എസ് വിദ്യാര്‍ഥികളുടെ അച്ഛനും അമ്മയും ജോലിയുള്ളവരാണ്. ബി ഡി എസില്‍ ഇത് 36.8 ശതമാനമാണ്. കാര്‍ഷിക വൃത്തിയിലെ വരുമാനം കൊണ്ട് മക്കളെ എം ബി ബി എസ് പഠിപ്പിക്കുന്നവര്‍ വെറും 4.9 ശതമാനം മാത്രമാണ്. മാതാപിതാക്കളുടെ വിദ്യാഭ്യാസവും വരുമാനവും അവരുടെ തൊഴിലും മക്കളുടെ പ്രൊഫഷണല്‍ പഠന സാധ്യതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. എം ബി ബി എസ് പഠിക്കുന്നവരുടെ അച്ഛന്‍മാരില്‍ 72.4 ശതമാനവും ബിരുദമോ അതില്‍കൂടുതലോ യോഗ്യതയുള്ളവരാണ്. അമ്മമാരുടെ അനുപാതം 62 ശതമാനവും. എസ് എസ് എല്‍ സിയില്‍ താഴെ യോഗ്യതയുള്ള രക്ഷിതാക്കള്‍ 5.5 ശതമാനം മാത്രം. ഈ രീതിയില്‍ ജോലിയും വരുമാനവുമുള്ളവര്‍ക്ക് മാത്രമാണ് സ്വാശ്രയ മേഖലയില്‍ പ്രവേശനം നേടാന്‍ കഴിയുന്നത്. അതുതന്നെ, ഓരോവര്‍ഷവും സ്വാശ്രയ കോഴ്സ് ഫീസില്‍ വന്‍ വര്‍ധനയാണ് സംഭവിക്കുന്നത്. ഇത് പുറന്തള്ളപ്പെടുന്നവരുടെ എണ്ണവും വര്‍ധിപ്പിക്കുന്നുണ്ട്. (കണക്കുകള്‍ക്ക് അവലംബം -കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിലെ പ്രതിബന്ധങ്ങള്‍, എന്‍ അജിത്, സി ഡി എസ്)
കോളജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കേണ്ട സര്‍ക്കാറില്‍നിന്നാകട്ടെ, പരോക്ഷമായ പുറന്തള്ളലിന് സഹായകരമായ തീരുമാനങ്ങളാണ് എപ്പോഴുമുണ്ടാകുന്നത്. സ്കോളര്‍ഷിപ് അതിനൊരു ഉദാഹരണമാണ്. പലതരം വിവാദങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ ചില സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിങ് കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് കിട്ടുമോ എന്ന വിവരം അറിയണമെങ്കില്‍ പോലും മുഴുവന്‍ ഫീസും അടച്ച് പ്രവേശം നേടണം. ഒരുസാധാരണക്കാരന്, അസാധ്യമായ ഈ വ്യവസ്ഥ സര്‍ക്കാര്‍ തന്നെയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. സ്വാശ്ര കോളജുകളില്‍ എല്ലാവിഭാഗം കുട്ടികളെയും എത്തിക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര്‍, അതിനുപകരിക്കുമായിരുന്ന സ്കോളര്‍ഷിപ് നല്‍കുന്നതില്‍ പോലും വിദ്യാര്‍ഥികള്‍ക്ക് സഹായകരമല്ലാത്ത മാനദണ്ഡങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നത്.
സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ക്ക് വേണ്ടി ഓരോവര്‍ഷം ഉണ്ടാക്കുന്ന കരാറുകളും ഇതുപോലെത്തന്നെയാണ്. വിദ്യാര്‍ഥികളുടെ താത്പര്യത്തേക്കാള്‍ മാനേജ്‌മെന്‌റിന്‌റെ ലാഭനഷ്ടക്കണക്കുകളെ ആസ്പദമാക്കിയാണ് എല്ലാ സ്വാശ്രയ കരാറുകളും രൂപപ്പെടുത്തുന്നത്. അക്കാദമികമായ ഗുണമേന്മയോ ഉള്ളടക്കപരമായ മികവുകളോ ഒരുകാലത്തും ഇതില്‍ ചര്‍ച്ചാകേന്ദ്രമായിട്ടില്ല. സര്‍ക്കാര്‍ തീരുമാനങ്ങളും നടപടികളും ഫലത്തില്‍ വലിയൊരു വിഭാഗം വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസത്തില്‍നിന്ന് പുറന്തള്ളുകയാണ് ചെയ്യുന്നത്. 2017ല്‍ ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മെഡിക്കല്‍ പി ജി സീറ്റുകളിലെ ഫീസാണ്. മുന്‍വര്‍ഷത്തേക്കാള്‍ 8 ലക്ഷം വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഏകീകൃത പ്രവേശന പരീക്ഷ നടപ്പാക്കുന്നു എന്നപേരിലാണ് ഈ വര്‍ധന. ഇത്രയും ഫീസില്ലെങ്കില്‍ കോളജ് നടത്തിക്കൊണ്ടുപോകാനാകില്ല എന്നാണ് കത്തോലിക്ക സഭയുടെ കീഴിലുള്ള മെഡിക്കല്‍ കോളജുകളുടെ കൂട്ടായ്മയുടെ നേതാവായ ജോര്‍ജ് പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. തങ്ങള്‍ക്ക് ആവശ്യമായ തുക സര്‍ക്കാര്‍ വകവച്ചുകൊടുത്തു എന്ന് മാനേജ്മെന്റുകള്‍ തന്നെ സമ്മതിക്കുന്നു. ഏകീകൃത പരീക്ഷ കാരണം തലവരി വാങ്ങാനുള്ള സാധ്യത ഇല്ലാതായ സന്ദര്‍ഭത്തിലാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയം.
ഇത്തരം വിവേചനങ്ങള്‍ കാരണം ഒരുവിഭാഗം കുട്ടികള്‍ ഈ കോളജുകളില്‍ എത്താതാകുന്നു എന്നത് മാത്രമല്ല പ്രശ്‌നം. ഏതെങ്കിലും തരത്തില്‍ സ്വാശ്രയ കോളജുകളില്‍ ഇടംനേടുന്ന സാധാരണക്കാരായ കുട്ടികള്‍ കടുത്ത സാമൂഹിക വിവേചനങ്ങള്‍ക്കും വംശീയ അതിക്രമങ്ങള്‍ക്കും ഉള്‍വലിയല്‍ പോലെ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധികള്‍ക്കും ഇരയാകുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ഥികളുടെ സാമൂഹിക പശ്ചാത്തലം ഏറെക്കുറെ ഒരുപോലെയാണ്. കേരളത്തലെ ആദ്യ സ്വാശ്രയ കോളജായ ലോ അക്കാദമി ലോ കോളജ് സമരമാണ് അവസാനമായി കേരളത്തില്‍ നടന്ന വലിയ വിദ്യാഭ്യാസ സമരം. ഇതിന് ആധാരമായ മുഖ്യ കാരണങ്ങളിലൊന്ന് അവിടത്തെ ദലിത്-പിന്നാക്ക വിദ്യാര്‍ഥികള്‍ നേരിടുന്ന ജാതീയവും വംശീയവുമായ ആക്രമണങ്ങളായിരുന്നു. വ്യത്യസ്ത ജാതികളില്‍പെട്ട വിദ്യാര്‍ഥികള്‍ തമ്മിലെ പ്രണയത്തെപ്പോലും അടിച്ചൊതുക്കുന്ന തരത്തില്‍ സവര്‍ണരായ കോളജ് മാനേജ്‌മെന്‌റുകളും അവരോടൊപ്പം (ഒരുപരിധിവരെ ജാതീയമായിത്തന്നെ) നില്‍ക്കുന്ന വിദ്യാര്‍ഥികളും സദാചാര ഗുണ്ടായിസമാണ് നടത്തുന്നതെന്ന് അതിനരായായവര്‍ തന്നെ തുറന്നുപറഞ്ഞു. കോളജ് ഉടമകളുടെ ഹോട്ടലില്‍ ക്ലീനിങ് ജോലി ചെയ്യാന്‍ ദലിത് വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു. ഇതിവിടെ മാത്രമല്ല. കേരളത്തിലെ ഒട്ടനവധി കോളജുകളില്‍ സമാനമായ സംഭവങ്ങളണ്ടായിട്ടുണ്ട്. മുസ്ലിം വിദ്യാര്‍ഥിനികള്‍ മതപരമായ വേഷം ധരിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പെടുത്തിയ നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. സാന്പത്തിക മേന്മ മാത്രം പരിഗണിച്ചും മറ്റ് സാമൂഹിക ഘടകങ്ങളെല്ലാം അവഗണിച്ചും തെരഞ്ഞെടുക്കപ്പെടുന്നവരുടെ മൂല്യബോധം, സാധാരണക്കാരെ ഉള്‍കൊള്ളാനാകാത്തവിധം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായി മാറുക സ്വാഭാവികം. ഇത്തരം കോളജുകളില്‍ പ്രവേശം നേടിയ സാധാരണക്കാര്‍, ആ സാമൂഹിക സാഹചര്യങ്ങളെ അതിജീവിക്കാനാകാതെ കടുത്ത വിവേചനങ്ങള്‍ നേരിട്ട് ആത്മാഭിമാനം നഷ്ടപ്പെട്ട് പുറത്തുപൊകാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ്.
സാന്പത്തിക വിഷമവൃത്തം
സാന്പത്തിക കാരണങ്ങളാല്‍ പുറന്തള്ളപ്പെടുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാറും മാനേജ്‌മെന്‌റും വക്കുന്ന പരിഹാരമാര്‍ഗം വായ്പ എടുത്ത് പഠിക്കുക എന്നതാണ്. കേരളത്തിലെ ഒരുതലമുറയെയാകെ വലിയ കടക്കെണിയിലേക്ക് തള്ളിയിട്ടുഎന്നതാണ് ഈ പദ്ധതിയുടെ അനന്തര ഫലം. 20 വര്‍ഷത്തെ സ്വാശ്രയ വിദ്യാഭ്യാസ അനുഭവം വിലയിരുത്തുമ്പോള്‍, വലിയ വായ്പാ കെണിയില്‍ കുടുങ്ങി ജീവിതം തന്നെ ദുസ്സഹമായ ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമാണ് മുന്നിലെത്തുന്നത്. ബാങ്കുള്‍ക്ക് കിട്ടാക്കടമായി മാറുന്ന വായ്പയുടെ സിംഹഭാഗവും വിദ്യാഭ്യാസ ലോണുകളാണെന്ന് അവരുടെ വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ഥാപനങ്ങളും യോഗ്യത നേടുന്നവരും വന്‍തോതില്‍ വര്‍ധിച്ചതോടെ തൊഴില്‍ സാധ്യതകളില്‍ സംഭവിച്ച ഇടിവ്, വന്‍തുക വായ്പയെടുത്ത് പഠിച്ചിറങ്ങിയവരെയാണ് ആദ്യം ബാധിച്ചത്. വായ്പ തിരിച്ചടക്കാന്‍ കഴിയും വിധം വരുമാനമുള്ള ജോലി കണ്ടെത്താനാകാതെ അവര്‍ കുഴങ്ങി. തുച്ഛമായ വേതനത്തിന് ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. ജീവിക്കാന്‍ ആവശ്യമായ സാമ്പത്തിക ഭദ്രത മറ്റേതെങ്കിലും തരത്തില്‍ കൈവരിച്ചവര്‍ക്ക് സാമൂഹിക പദവി നിലനിര്‍ത്താനുള്ള ഉപാധിയെന്ന നിലയില്‍ മാത്രമാണ് വിദ്യാഭ്യാസ യോഗ്യത ഉപകരിച്ചത്. ഈ തരത്തില്‍ അക്കാദമികമായം പ്രൊഫഷണലായും ഉപകാരപ്പെടാതിരിക്കുകയും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയും ചെയ്യുന്ന ഒന്നായിമാറി സ്വാശ്രയ വിദ്യാഭ്യാസം.
സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുടെ 2016 സെപ്തംബറിലെ കണക്ക് അനുസരിച്ച് 3.7 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വായ്പക്കാരാണ്. മൊത്തം 10,131.6 കോടി രൂപയാണ് ഈയിനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതില്‍ 27,823 പേര്‍ 7.5 ലക്ഷം രൂപയില്‍ കൂടുതല്‍ കടമെടുത്തവരാണ്. 51,754 പേര്‍ 4 ലക്ഷം രൂപയില്‍ കൂടുതലും. 2.9 ലക്ഷം വിദ്യാര്‍ഥികള്‍ 4 ലക്ഷം രൂപ വരെ വായ്പ എടുത്തവരും. ഇവരുടെ എണ്ണം ഓരോവര്‍ഷവും കുത്തനെ കൂടുകയും ചെയ്യുന്നു. വിദ്യാഭ്യാസ വായ്പയില്‍ കിട്ടാക്കടത്തിന്റെ തോതും ഓരോവര്‍ഷവും കുത്തനെയാണുയരുന്നത്. 2015 ഡിസംബറിലെ കണക്ക് പ്രകാരം 1062.33 കോടിയായിരുന്നു കിട്ടാക്കടം. എന്നാല്‍ 9 മാസം കൊണ്ട്, കിട്ടാക്കടം 25 ശതമാനം വര്‍ധിച്ചു. 2016 സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 1325.55 കോടി. ആകെ വിദ്യാഭ്യാസ വായ്പയുടെ 13 ശതമാനം കിട്ടാക്കടമാണിപ്പോള്‍. അതാകട്ടെ ദിനംപ്രതി കൂടുകയും ചെയ്യുന്നു. സ്റ്റേറ്റ് ബാങ്കുകളില്‍നിന്നോ ദേശസാത്കൃത ബാങ്കുകളില്‍നിന്നോ മാത്രമല്ല, സ്വകാര്യ ബാങ്കുകളില്‍നിന്നും സഹകരണ ബാങ്കുകളില്‍നിന്നും വന്‍തോതില്‍ കുട്ടികള്‍ വായ്പയെടുക്കുന്നുണ്ട്. താരതമ്യേന സാധാരണക്കാരായ ആളുകള്‍ വായ്പയെടുക്കുന്ന സഹകരണ ബാങ്കുകളില്‍ കിട്ടാക്കടത്തിന്റെ തോത് കൂടുതലാണ്. ദേശസാത്കൃത ബാങ്കുകള്‍ ആകെ നല്‍കിയ വാ്പയുടെ 58 ശതമാനം ഇപ്പോള്‍ കിട്ടാക്കടമാണ്. സ്റ്റേറ്റ് ബാങ്കില്‍ ഇത് 22 ശതമാനമാണ്. സ്വകാര്യ ബാങ്കുകളുടെയും ഗ്രാമീണ-സഹകരണ ബാങ്കുകളുടെയും 10 ശതമാനം വീതവും കിട്ടാക്കടമായി മാറിക്കഴിഞ്ഞു. സാധാരണക്കാരുടെ തിരിച്ചടക്കല്‍ ശേഷിയും അവരകടപ്പെടുന്ന കടക്കെണിയുടെ ആഴവും ഈ കണക്കുകളില്‍ ല്‍നിന്ന് വ്യക്തമാണ്. എളുപ്പത്തില്‍ കരകയറാന്‍ സാധിക്കാത്ത ഈ ദുര്‍വൃത്തത്തിനുള്ളില്‍ ഒരുതലമുറയെ കുരുക്കിയിട്ടു എന്നതാണ് സ്വാശ്രയ വിദ്യാഭ്യാസം സൃഷ്ടിച്ച ഏറ്റവും വലിയ സാന്പത്തിക ദുരന്തം.
ആശ്രയിക്കാനാകാത്ത ഉള്ളടക്കവും ഘടനയും
കേരളത്തിന്റെ അക്കാദമിക മേഖലയില്‍ വലിയ പ്രത്യാഘാതമാണ് സ്വാശ്രയ കോളജുകള്‍ സൃഷ്ടിച്ചത്. സ്വാശ്രയ കോളജുകള്‍ വ്യാപമാകയോതോടെ, അത്തരം കോഴ്‌സുകള്‍ പഠിക്കാന്‍ വേണ്ട അഭിരുചിയില്ലാത്തവരെപ്പോലും ആ മേഖലയിലേക്ക് എത്തിച്ചു. ഒരുപരിധിവരെ അവിടെ പഠിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. കോളജുകളുടെ പഠനനിലവാരത്തെയും അതുവഴി അവിടെനിന്നിറങ്ങുന്ന കട്ടികളുടെ വൈജ്ഞാനിക നിലവാരത്തെയും അത് വലിയതോതില്‍ ബാധിച്ചു. ഒരുപരിധിവരെ മെഡിക്കല്‍ വിദ്യാഭ്യാസം മാത്രമാണ് ഇപ്പോള്‍ അതിന് അപവാദമായി നില്‍ക്കുന്നത്. അതും എത്രകാലമെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. മറ്റെല്ലാ കോഴ്‌സുകളിലും ഏറെക്കുറെ ഈ നിലവാരത്തകര്‍ച്ച പ്രകടമാണ്. കേരളത്തില്‍ ഏറ്റവും കുടുതല്‍ സ്വാശ്രയ സ്ഥാപനങ്ങളുള്ള എഞ്ചിനീയറിങ് മേഖലയില്‍ നടന്ന പഠനങ്ങള്‍ ഇതിന് അടിവരയിടുന്നു.
എഞ്ചിനീയറിങ് പഠനത്തിന് വേണ്ട ഗണിതശാസ്ത്ര വിഷയങ്ങളിലെ അടിസ്ഥാന ധാരണപോലും ഇല്ലാത്തവര്‍ വരെ ബിടെക് വിദ്യാര്‍ഥികളായി മാറുകയാണിപ്പോള്‍. സീറ്റുകളുടെ ആധിക്യം കാരണം, പ്ലസ്ടുവിന് എത്ര കുറഞ്ഞ മാര്‍ക്ക് നേടിയാലും ബിടെകിന് പഠിക്കാമെന്നതാണ് സ്ഥിതി. എന്നാല്‍ പഠിച്ചിറങ്ങുന്നവരില്‍ ഭൂരിപക്ഷവും തൊഴില്‍ നൈപുണിയില്ലാത്തവരും എഞ്ചിനീയറിങ് അഭിരുചിയില്ലാത്തവരുമാണ് എന്നതാണ് അനുഭവം. എഞ്ചിനീയറിങ് പഠിക്കാനുള്ള അഭിരുചിയില്ലാത്ത വിദ്യാര്‍ഥികള്‍ വര്‍ധിച്ചതോടെ കോളജുകളുടെ വിജയനിലവാരവും കുത്തനെ ഇടിഞ്ഞു. കോളജുകളില്‍ കൂട്ടത്തോല്‍വി പതിവായി. ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ എഞ്ചിനീയറിങ് കോളജുകളിലെ തോല്‍വി 60 മുതല് 90 ശതമാനം വരെയാണെന്നാണ് മൂന്ന് വര്‍ഷം മുന്പ് വിവരാവകാശ പ്രപകാരം നടത്തിയ അന്വേഷണത്തില്‍ ലഭിച്ച മറുപടി. കേരള സര്‍വകലാശാലയില്‍ അന്ന് പരാജയ തോത് 56-80 ശതമാനമായിരുന്നു. വിജയശതമാനം ഓരോ വര്‍ഷവും കുത്തനെ കുറയുകയുമാണ്. കേരളത്തിലെ ഏത് സര്‍വകലാശാലയിലാണെങ്കിലും പണം മുടക്കി ബിടെക് പഠിക്കാനെത്തുന്നവരില്‍ മഹാ ഭൂരിഭാഗവും പരാജയപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിരുദം നേടുന്ന 30 ശതമാനത്തില്‍ പകുതിയോളം ജോലി ചെയ്യാന്‍ ശേഷിയില്ലാത്തവരുമാണ്. ഫലത്തില്‍ ഒരു ബാച്ചില്‍ പഠിക്കാനിറങ്ങുന്ന 85 ശതമാനം കുട്ടികളും വഴിയാധാരമാകുന്നുവെന്നര്‍ഥം. ഒരുകുട്ടിപോലും വിജയിക്കാത്ത കോളജുകള്‍ കേരളത്തിലുണ്ട്. മതിയായ നിലവാരവും അടിസ്ഥാന സൗകര്യവുമില്ലാത്തതിനാല്‍ അഞ്ച് കോളജുകള്‍ക്ക് സാങ്കേതിക സര്‍വകലാശാല ഈ വര്‍ഷം അഫിലിയേഷന്‍ നിഷേധിച്ചു. എന്നാല്‍ ഇതില്‍ രണ്ട് കോളജുകള്‍ ഹൈക്കോടതി വിധി സന്പാദിച്ച് ഇത്തവണയും പ്രവേശം നടത്തി. ഇതില്‍ ഒരു കോളജില്‍ ആകെ 26 വിദ്യാര്‍ഥികളാണ് എത്തിയത്. കുറഞ്ഞ റാങ്ക് വാങ്ങിയിട്ടും പ്രവേശം ലഭിച്ചവരാണ് എഞ്ചിനീയറിങ് കോളജുകളില്‍ തോല്‍ക്കുന്നവരില്‍ ഭൂരിഭാഗവുമെന്ന് പാലക്കാട് ഐ ആര്‍ ടി സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പഠന നിലവാരവും അടിസ്ഥാന സൌകര്യങ്ങളുമില്ലാതായതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അതിരൂക്ഷമായി. ഒരുബാച്ചില്‍ മൂന്ന് കുട്ടികളെങ്കിലും കൊഴിഞ്ഞുപോകുക സ്വാഭാവികമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 10 കുട്ടികള്‍ വരെയാകുന്നുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ വിവിധ ബ്രാഞ്ചുകളിലായി ആകെ 58,000ല്‍ അധികം ബിടെക് സീറ്റുകളുണ്ട്. ഇതില്‍ 5000 സീറ്റ് മാത്രമാണ് സര്‍ക്കാര്‍ എയിഡഡ് മേഖലയിലുള്ളത്. ബാക്കിയെല്ലാം സ്വകാര്യ സ്വാശ്രയ കോളജുകളില്‍ തന്നെ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പകുതിയോളം സീറ്റില്‍ കുട്ടികളെ കിട്ടാത്ത അവസ്ഥയിലാണ് ഈ കോളജുകള്‍; വിശേഷിച്ചും സ്വകാര്യ സ്വാശ്രയ കോളജുകള്‍. 2016-17ലെ പ്രവേശം പൂര്‍ത്തിയായപ്പോള്‍ 19,834 സീറ്റാണ് ഒഴിഞ്ഞുകിടന്നത്. അഥവ ആകെയുള്ള സീറ്റിന്‌റെ 35 ശതമാനം. കഴിഞ്ഞ വര്‍ഷം 32 ശതമാനമായിരുന്നു ഒഴിവ്. ഓരോവര്‍ഷവും ഒഴിവുവരുന്ന സീറ്റുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 23 കോളജുകളില്‍ 30 ശതമാനത്തിന് താഴെയാണ് വിദ്യാര്‍ഥി പ്രവേശം. 300 സീറ്റുണ്ടായിട്ടും വെറും 16 പേര്‍ മാത്രം പ്രവേശം നേടിയ കോളജുകളുണ്ട്. ഇതില്‍ തന്നെ പല കോളജുകളിലും ചില ബ്രാഞ്ചുകളില്‍ വട്ടപ്പൂജ്യമാണ് വിദ്യാര്‍ഥി പ്രാതിനിധ്യം. സംസ്ഥാനത്തെ അഞ്ച് കോളജുകളില്‍ ഇലക്ട്രിക്കല്‍ ആന്‌റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ഒരൊറ്റ കുട്ടിപോലും ഈ വര്‍ഷം എത്തിയിട്ടില്ല. ഈ ബ്രാഞ്ചില്‍ 10 കോളജുകളിലായി 510 സീറ്റിലേക്ക് ആകെ വന്നത് 14 കുട്ടികള്‍ മാത്രം. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ 10 കോളജുകളിലായി ആകെ എത്തിയത് 35 പേര്‍. ഇങ്ങിനെ നിരവധി ബ്രാഞ്ചുകളുണ്ട്. മുഴുവന്‍ സീറ്റിലും കുട്ടികളെത്തിയത് ആകെ 19 സ്വാശ്രയ കോളജുകളില്‍ മാത്രം. വലിയ അളവില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സൃഷ്ടിച്ച സ്വാശ്രയ വിദ്യാഭ്യാസം, കേരളത്തില്‍നിന്ന് ലോക തൊഴില്‍വിപണിയിലേക്കുള്ള മനുഷ്യവിഭവ ശേഷിയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ അത്, കേരളത്തിലെ തൊഴില്‍ മേഖലയില്‍ വലിയ അരാചകത്വമാണ് സൃഷ്ടിച്ചത്. യോഗ്യരായ ആളകളുടെ ബാഹുല്യം ആഭ്യന്തര തൊഴില്‍ വിപണിയിലെ അവരുടെ വിലപേശല്‍ ശേഷിയെ പരിതാപകരമാംവിധം തകര്‍ത്തുകളഞ്ഞു. ബിടെക് ബിരുദ ധാരികളായ എഞ്ചിനീയര്‍മാര്‍, ബി എഡ് നേടിയ ശേഷം അധ്യാപകാരകുന്നവര്‍, നഴ്‌സിങ് കഴിഞ്ഞ് ആശുപത്രികളിലെത്തുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം കേരളത്തില്‍ ലഭിക്കുന്ന വേതന നിരക്ക് പരിശോധിച്ചാല്‍ ഈ പ്രത്യാഘാതത്തിന്റെ ആഴം വ്യക്തമാകും.
വിദ്യാഭ്യാസത്തിന്‌റെ ഉള്ളടക്കത്തെയും അതിന്‌റെ അടിസ്ഥാന സൗകര്യങ്ങളുടെ ഘടനയെയും സ്വാശ്രയം അപ്പാടെ മാറ്റിമറിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെ മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസ മേഖലയിലേക്കും അതിന്‌റെ സ്വാധീനമെത്തി. പ്രൊഫഷണല്‍ മേഖലയില്‍ പൊതുവിദ്യാഭ്യാസമെന്ന സങ്കല്‍പം തന്നെ ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നു. സ്വകാര്യ മേഖലയുടെ ആധിപത്യം അത്രമേല്‍ പ്രകടവുമാണ്. സ്വകാര്യ വിദ്യാഭ്യാസം കുറ്റകരമായ ഒന്നല്ല. എന്നാല്‍ എല്ലാവര്‍ക്കും തുല്യ അവസരവും തുല്യ സാധ്യതയും ഉറപ്പാക്കാത്ത വിദ്യാഭ്യാസ രീതിക്കാണ് മേല്‍ക്കൈ കിട്ടുന്നത് എന്നത് അത്രമേല്‍ നിസ്സാരമല്ല. ഇതിനനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലയും സ്വാശ്രയവത്കരിക്കപ്പെട്ടു. ഈ സ്വാശ്രയവത്കരണത്തിന്റെ തുടര്‍ച്ചയായാണ് സാന്പത്തികവും അക്കാദമികവുമായ പൂര്‍ണാധികാരമുള്ള സ്വയംഭരണ കോളജുകള്‍ കേരളത്തില്‍ വന്നുതുടങ്ങിയത്. സ്വാശ്രയത്തിന് ലഭിച്ച സ്വീകാര്യത മുതലെടുത്താണ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരെ പരോക്ഷമായി സ്വാശ്രയമായി മാറുന്ന സ്വയംഭരണ സംവിധാനം കേരളത്തില്‍ അടിച്ചേല്‍പിക്കുന്നത്.
സ്വാശ്രയം രൂപപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ സവിശേഷതകളെ സ്വാംശീകരിച്ചാണ് ഇപ്പോള്‍ പ്രാഥമിക വിദ്യാഭ്യാസ മേഖല വളരുന്നതും വികസിക്കുന്നതും. പ്രൊഫഷണല്‍ കോളജുകളിലേക്ക് അനായാസം എത്തിപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള അക്കാദമിക ഉള്ളടക്കമാണ് പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ വേണ്ടതെന്ന ധാരണ പൊതുവെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. കേരളത്തില്‍ അണ്‍എയിഡഡ് സ്‌കൂളുകള്‍ വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ വലിയ പരീക്ഷണമായിരുന്നു ഡിപിഇപി. പ്രശ്‌നാധിഷ്ടിത പഠനവും വിമര്‍ശനാതമക ബോധനശാസ്ത്രവും മുന്നോട്ടുവച്ച പാഠ്യപദ്ധതി നടപ്പാക്കുന്ന സമയത്തുതന്നെയാണ് കേരളത്തില്‍ സ്വാശ്രയ മേഖലയടെ വളര്‍ച്ചയുമുണ്ടായത്. കളിച്ചും ചിരിച്ചും മരമംകയറിയും നടന്നാല്‍ മെഡിക്കല്‍ കോളജിലും എഞ്ചിനീയറിങ് കോളജിലും എത്തിപ്പെടാനാകില്ലെന്ന നിരാശാഭരിതമായ മനോഘടനയിലേക്കാണ് അക്കാലത്തെ അനുഭവങ്ങള്‍ മലയാളികളെ തള്ളിവിട്ടത്. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ആ പരീക്ഷണം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പൊതുസമൂഹത്തിന്റെ ഡിപിഇപി ആശങ്കകളെ ഒരുപരിധിവരെ ശരിവക്കുകയും ചെയ്തു. പ്രൊഫഷണല്‍ കോളജുകളിലേക്ക് വഴികാട്ടിയാകാത്ത വിദ്യാഭ്യാസ രീതിയെ പിന്തുടരേണ്ടതില്ലെന്ന് കേരളത്തിലെ സാധാരണക്കാര്‍ തീരുമാനിക്കാന്‍ ഇത് കാരണമായി. അത് സഹായകരമായത്, അണ്‍എയിഡഡ് വിദ്യാലയങ്ങള്‍ക്കാണ്. കൃത്യതയുള്ള അടിത്തറയില്‍ല്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് ക്രമാനുഗതമായി വികസിക്കേണ്ടതാണ് വിദ്യാഭ്യാസ പദ്ധതി. എന്നാല്‍ കേരളത്തില്‍ അത് നേരെതിരിച്ചാണ് സംഭവിച്ചത്. പ്രൊഫഷണല്‍-സ്വാശ്രയ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി താഴെത്തട്ടിലെ പ്രാഥമിക വിദ്യാഭ്യാസ ഘടന പുനക്രമീകരിക്കപ്പെടുകയായിരുന്നു കേരളത്തില്‍. തലകുത്തനെ നടപ്പായ ഈ മാറ്റത്തോടെ പ്രാഥമിക ഘട്ടം മുതല്‍ ഉന്നത-പ്രൊഫഷണല്‍ ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തിന്‌റെ ഉള്ളടക്കവും ഘടനയും അടിമുടി മാറി. ഈ മാറ്റത്തിന്റെ പ്രധാന ചാലകശക്തി സ്വാശ്രയം തന്നെയായിരുന്നു.
അക്കാദമികവും ഘടനാ പരവുമായ മാറ്റങ്ങള്‍ സംഭവിച്ചതോടെ വിദ്യാഭ്യാസം കൂടുതല്‍ ചിലവേറിയ പദ്ധതിയായി മാറി. സര്‍ക്കാറുകളാകട്ടെ, അത് സ്വകാര്യമേഖലക്ക് വിട്ടുകൊടുത്ത്, സാന്പത്തിക ബാധ്യതകളില്‍നിന്ന് തലയൂരുകയും ചെയ്തു. ഈ മാറ്റങ്ങളും കേരളത്തിലെ അതിസാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് തിരിച്ചടിയായത്. ഉന്നത വിദ്യാഭ്യാസം എന്നത് സ്വാശ്രയത്തിലെ ചിലവുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഒരു വിഭാഗത്തിന് മാത്രം അര്‍ഹതപ്പെട്ടതായി മാറി. സര്‍ക്കാര്‍ പിന്തുണയോടെ അവിടെ എത്തിപ്പെട്ട പിന്നാക്ക-ദലിത് ദുര്‍ബല വിഭാഗങ്ങളാകട്ടെ കടുത്ത സാമൂഹിക അസമത്വങ്ങളും വംശീയ വിവേചനങ്ങളും നേരിട്ട് അത്തരം സ്ഥലങ്ങളില്‍നിന്ന് സ്വയം പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ്. ഒരുതരം പുതിയ ജാതീയത എന്ന നിലയില്‍ തന്നെ ഇത് വിദ്യാഭ്യാസ മേഖലയില്‍ അനുഭവപ്പെടുന്നുണ്ട്. പുറന്തള്ളപ്പെടുന്ന വിദ്യാര്‍ഥികളെല്ലാം ഈ ദുരന്തത്തിന്റെ ഇരകളാണ്. എല്ലാവര്‍ക്കും പ്രാപ്യവും അനായാസം ഒപ്പംസഞ്ചരിക്കാവുന്നതുമായ വിദ്യാഭ്യാസ സംവിധാനമുണ്ടാകുക എന്നതാണ് ഈ ദുരന്തത്തെ മറികടക്കാനുള്ള ഏക വഴി. അതിന് വേണ്ട, വിദ്യാര്‍ഥി കേന്ദ്രിതമായ നിയമങ്ങളും വിദ്യാഭ്യാസ നയങ്ങളും സംസ്ഥാനത്ത് രൂപപ്പെടേണ്ടിയിരിക്കുന്നു.
(ഒരു പുസ്കതത്തിന് വേണ്ടി 2017 മെയില്‍ എഴുതിയത്.)
No comments:
Post a Comment