Thursday, October 29, 2020

സവര്‍ണ സംവരണത്തിന്റെ മറവിലെ സീറ്റുകൊള്ള



സാന്പത്തിക സംവരണം എന്ന പേരില്‍ കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സവര്‍ണ ജാതി സംവരണം നടപ്പാക്കിയിട്ട് ഒരു കൊല്ലം പിന്നിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യമാകെ നടപ്പാക്കും മുന്പ് തന്നെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ സവര്‍ണ സംവരണത്തിന് തുടക്കമിട്ടുകഴിഞ്ഞിരുന്നു. സംവരേണതര വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്ന പേരില്‍ നടപ്പാക്കിയ സംവരണം ഫലത്തില്‍ മുന്നാക്ക വഭാഗങ്ങള്‍ക്കുള്ള 'ജാതി സംവരണമായി' മാറി. സാന്പത്തികമായി പിന്നാക്കമായവര്‍ എന്ന പരിഗണനയില്‍ സംവരണം ലഭിക്കാന്‍ അര്‍ഹരായവരുടെ മാനദണ്ഡം നിശ്ചയിച്ചപ്പോള്‍ തന്നെ കേരളത്തിലെ മുന്നാക്ക സംവരണം സന്പന്നര്‍ക്ക് വേണ്ടിയുള്ളതായി മാറിക്കഴിഞ്ഞിരുന്നു. വരുമാന പരിധി 4 ലക്ഷത്തില്‍ പരിമിതപ്പെടുത്തിയെങ്കിലും കോടികളുടെ മറ്റ് ആസ്തിയുള്ളവരും - പ്രത്യേകിച്ച് ഭൂമി - സാന്പത്തികമായി പിന്നാക്കമെന്ന വിഭാഗത്തില്‍ ഉള്‍പെടുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥകള്‍ നിശ്ചയിച്ചത്. കൊച്ചി നഗരത്തില്‍  50 സെന്റ് സ്ഥലമുള്ള മുന്നാക്ക ജാതിയില്‍പെട്ടയാളെ ദരിദ്രനായാണ് കേരളം കണക്കാക്കുക. പഞ്ചായത്തിലും നഗരസഭാ പ്രദേശത്തും കോര്‍പറേഷന്‍ പരിധിയിലും ഭൂമിയുണ്ടെങ്കില്‍ എല്ലാം ചേര്‍ത്ത് 2.5 ഏക്കര്‍ കവിയാതിരുന്നാലും പാവപ്പെട്ടവന്‍ തന്നെ! ജസ്റ്റിസ് ശശിധരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആധാരമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച പിന്നാക്ക മാനദണ്ഡങ്ങള്‍ കേരളത്തില്‍ ബാധകമാക്കരുതെന്നും അങ്ങിനെവന്നാല്‍ സാന്പത്തിക സംവരണത്തിന് കേരളത്തില്‍ അര്‍ഹരായവര്‍ വളരെ പരിമിതരാകുമെന്നും തുറന്നുപറഞ്ഞാണ് കോടികളുടെ സ്വത്തുള്ളവരെപ്പോലും സംവരണത്തിന്റെ പരിധിയിലെത്തിച്ചത്. എന്നിട്ടും കേരളത്തില്‍ മതിയായ അപേക്ഷകര്‍ പോലുമില്ലെന്ന് പ്ലസ് വണ്‍ പ്രവേശനാനുഭവം തെളിയിക്കുന്നു. രണ്ടര ഏക്കര്‍ ഭൂമിയുള്ളവര്‍ക്ക് അപേക്ഷിക്കാമായിരുന്നിട്ടും  വേണ്ടത്ര വിദ്യാര്‍ഥികളില്ലാതെ സംവരണ സീറ്റ് ഒഴിഞ്ഞുകിടന്നുവെന്നത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെത്തന്നെ ആദ്യാനുഭവമാണ്.


വ്യവസ്ഥകള്‍ അത്യന്തം ഉദാരമാക്കിയ ജസ്റ്റിസ് ശശിധരന്‍ നായരുടെ പ്രതീക്ഷകളെപ്പോലും അസ്ഥാനത്താക്കിയാണ് ഇത്തവണത്തെ പ്ലസ് പ്രവേശനം. മുന്നാക്ക വിഭാഗത്തിന് നീക്കി വച്ചത് 16,711 സീറ്റ്. എന്നാല്‍ പ്രധാന അലോട്ട്മെന്റുകള്‍ കഴിഞ്ഞപ്പോള്‍ പ്രവേശനത്തിന് ആകെയുണ്ടായത് 6025 കുട്ടികള്‍ മാത്രം.  അനുവദിക്കപ്പെട്ടതിന്റെ വെറും 36 ശതമാനം. അര്‍ഹരായ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ സീറ്റില്ലാതെ സ്വാശ്രയ സ്കൂളില്‍പോലും സീറ്റ് കിട്ടാതെ അലയുന്ന കേരളത്തിലാണ് മുന്നാക്ക സംവരണ സീറ്റുകളില്‍ ആളില്ലാതായത്. മുന്നാക്ക വിഭാഗങ്ങളിലെ ആവശ്യക്കാര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കിയ 'പുരോഗമന കേരള'  മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. ആ പുരോഗമനത്തിന്റെ ഒരു സാന്പിള്‍ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ഗവ.സ്കൂളില്‍നിന്നെടുക്കാം. അവിടെ പ്രവേശനം നേടിയ അവസാന പട്ടിക ജാതി വിദ്യാര്‍ഥിയുടെ റാങ്ക് - 1638. മുസ്‍ലിം വിദ്യാര്‍ഥിയുടെ റാങ്ക് -733. ഈഴവ -758. പിന്നാക്ക ഹിന്ദു - 954. എന്നാല്‍ മുന്നാക്ക വിഭാഗത്തിലെ അവസാന റാങ്ക് - 2175! രാജ്യത്തെ ഏറ്റവും ദുര്‍ബല വിഭാഗമായ പട്ടിക ജാതിയില്‍പെട്ടവരുടെ അവസരം 1638-ാം റാങ്കുകാരനില്‍ അവസാനിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ മുന്നാക്കക്കാരില്‍ 2175-ാമനും പ്രവേശനം കിട്ടി!!  തീര്‍ന്നില്ല, ജില്ലയില്‍ മുന്നാക്കക്കാര്‍ക്ക് വേണ്ടി നീക്കിവച്ച 484 സീറ്റിലേക്ക് അപേക്ഷകരേ ഉണ്ടായുമില്ല!!! സവര്‍ണ കേരളത്തിന് വേണ്ടി പിണറായി യാഥാര്‍ഥ്യമാക്കിയത് അത്ര ചെറിയ വിപ്ലവമല്ലെന്നര്‍ഥം. 

ആളൊഴിഞ്ഞ സംവരണ ക്വാട്ടക്ക് കാരണം ആസ്തിയുടെ ആശങ്ക മാത്രമല്ല. സവര്‍ണ സംവരണത്തിന്റെ മറവില്‍ നടന്ന അത്യന്തം സാമൂഹിക വിരുദ്ധമായ സീറ്റ് കൊള്ളയുംകൂടിയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയ നിയമ പ്രകാരം പരമാവധി 10 ശതമാനമാണ് മുന്നാക്ക സംവരണത്തിന്റെ തോത്. എന്നാല്‍ കേരളത്തില്‍ നടപ്പാക്കിയ പല മേഖലകളിലും ഈ നിയമ വ്യവസ്ഥപോലും അട്ടിമറിക്കപ്പെട്ടു. ഹയര്‍സെക്കന്ററി അതിന്റെ ഒരുദാരണമാണ്. ആകെ 1,62,815 സര്‍ക്കാര്‍ സീറ്റുള്ള കേരളത്തില്‍ ഇത്തവണ ആദ്യ അലോട്ട്മെന്റില്‍ 16,711 സീറ്റാണ് മുന്നാക്കക്കാര്‍ക്ക് വേണ്ടി നീക്കി വച്ചത്. അര്‍ഹമായ 10 ശതമാനത്തിനേക്കാള്‍ 430 സീറ്റ് കൂടുതല്‍. അഥവ 11 ശതമാനം. ഈഴവ (ലഭിച്ചത് 13,002 സീറ്റ്, മുസ്‍ലിം (ലഭിച്ചത് 11,313 സീറ്റ്) തുടങ്ങിയ പിന്നാക്ക സമുദായങ്ങള്‍ക്കൊന്നും ഇങ്ങനെ അധിക സീറ്റ് ലഭിച്ചിട്ടില്ല. മുന്നാക്ക വിഭാഗത്തിന് അധിക സീറ്റ് കൊടുത്തിന് ഒരു നിയമവും വ്യവസ്ഥയും ചട്ടവും സാങ്കേതികമായിപ്പോലും പറയാനുമില്ല. സാന്പത്തിക സംവരണം നടപ്പാക്കാന്‍ അധിക സീറ്റ് അനുവദിക്കുമെന്ന വാദ്ഗാനവും ഹയര്‍സെക്കന്ററിയില്‍ നടപ്പായില്ല. ഇങ്ങിനെ സീറ്റ് കവര്‍ന്ന് സ്വന്തക്കാര്‍ക്കായി മാറ്റിവച്ചിട്ടും പഠിക്കാന്‍ കുട്ടികളെത്തിയില്ല. 10,686 സീറ്റാണ് അവസാനം ജനറല്‍ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നത്. 

അന്യായമായ ഈ കൈയ്യേറ്റം പ്ലസ് വണ്‍ സീറ്റില്‍ ഒതുങ്ങുന്നില്ല. സംസ്ഥാനത്ത് ഏറ്റവും ആവശ്യക്കാരുള്ള, പ്രവേശനത്തില്‍ കടുത്ത മത്സരവും നടക്കുന്ന എം ബി ബി എസ് സീറ്റില്‍ 12.35 ശതമാനം മുന്നാക്ക സംവരണമാണ് നടപ്പാക്കിയത്. സംവരണം ഏര്‍പെടുത്തിയ ഭരണാഘടനാ ഭേദഗതിയില്‍ തന്നെ പരമാവധി 10 ശതമാനമം വരെ നല്‍കാമെന്നാണ് വ്യവസ്ഥ. പക്ഷെ 'പുരോഗമന വോത്ഥാന കേരള'ത്തില്‍ എം ബി ബി എസിന് അത് 12.35 ശതമാനമായി മാറി. സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്രവേശന പരീക്ഷാ പ്രോസ്പെക്ടസില്‍ 130 സീറ്റ് സവര്‍ണ സംവരണത്തിനായി മാറ്റിവച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സീറ്റിന്റെ 10 ശതമാനമാണ് ഈ 130 എന്ന ചോദ്യത്തിന് പക്ഷെ സര്‍ക്കാറിന് ഉത്തരമില്ല. 1400 സീറ്റാണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ആകെ സീറ്റ്. ഇതില്‍നിന്ന് വിവിധ  കേന്ദ്ര ക്വാട്ടകള്‍ കഴിച്ചാല്‍ ബാക്കി 1052 സീറ്റ്, ഇതിന്റെ 9 ശതമാനമാണ് ഈഴവര്‍ക്ക് ലഭിക്കുന്നത് - 94 സീറ്റ്. 8 ശതമാനം മുസ്‍ലിംകള്‍ക്ക് - 84 സീറ്റ്. ലത്തീന്‍ അടക്കമുള്ള മറ്റ് പിന്നാക്കക്കാര്‍ക്ക് ഇതേ തോതിലാണ് സംവരണം അനുവദിച്ചിരിക്കുന്നത്.  സാന്പത്തിക സംവരണത്തിന് ഇതനുസരുച്ച് മാറ്റിവക്കേണ്ടത് 105 സീറ്റാണ്. അതിന് പകരം നല്‍കിയത് 130 സീറ്റ്. അഥവ 25 സീറ്റ് അധികം. 12 ശതമാനത്തില്‍ കൂടുതല്‍. മുന്നാക്ക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 155 സീറ്റ് കേരളത്തിന് അനുവദിച്ചിരുന്നു. ഇതില്‍നിന്ന് ഓള്‍ ഇന്ത്യ ക്വാട്ട കഴിച്ച് ബാക്കിയെല്ലാം മുന്നാക്കക്കാര്‍ക്കായി പതിച്ചുകൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത മുട്ടുന്യായമാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അധികം കിട്ടിയ സീറ്റുകള്‍ കേരളത്തില്‍ സീറ്റ് കുറവുള്ള മെഡിക്കല്‍ കോളജുകള്‍ക്ക് വീതിച്ചുനല്‍കി. ഇതില്‍ 42 സീറ്റ് ലഭിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിനാണ്. ആ 42 സീറ്റും മുന്നാക്കക്കാര്‍ക്ക് തന്നെ നല്‍കണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ കൊണ്ടുവന്നു! ഇതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കല്‍ കോളജിലെ ആകെയുള്ള 250 സീറ്റില്‍ 42 സീറ്റും മുന്നാക്ക സമുദായത്തിന് മാത്രമായി മാറി. തിരുവനന്തപുരം കഴിഞ്ഞാല്‍ കോട്ടയം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലാണ് കൂടുതല്‍ സീറ്റ് മാറ്റിവച്ചത്. 21 വീതം. അതായത്  കേരളത്തിലെ മികച്ച മെഡിക്കല്‍ കോളജുകള്‍ തെരഞ്ഞെടുത്ത് അവിടെയെല്ലാം മുന്നാക്ക വിഭാഗത്തിലെ കൂടുതല്‍ കുട്ടികള്‍ക്ക് സീറ്റ് ഉറപ്പാക്കി. അതിന് സാങ്കേതിക നൂലാമാലകളുടെ മുടന്തന്‍ വാദങ്ങളാണ് നിരത്തുന്നത്. സംവരണ സീറ്റ് എല്ലാ കോളജുകളിലും തുല്യമായി വിതരണം ചെയ്യണമെന്ന സാമൂഹിക നീതിയുടെ ഏറ്റവും പ്രാഥമിക തത്വം പോലും ബലികഴിച്ചാണ് ഇടതുസര്‍ക്കാറിന്റെ ഈ സവര്‍ണ സേവ. മികച്ച കോളജുകളിലെ ജനറല്‍ വിഭാഗത്തില്‍ പ്രവേശനം ലഭിക്കേണ്ട പിന്നാക്ക വിദ്യാര്‍ഥികളുടെ അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്.  

മെഡിക്കല്‍ പി ജി സീറ്റില്‍ കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത സീറ്റ് കൊള്ളയാണ് നടന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും വിലപിടിപ്പുള്ള പി ജി സീറ്റില്‍ അന്യായമായ സംവരണത്തോതാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ അനുവദിച്ചിരിക്കുന്നത് 9 ശതമാനം സംവരണമാണ്. ഈഴവര്‍ക്ക് 3 ശതമാനം, മുസ്‍ലിംകള്‍ക്ക് 2 ശതമാനം എന്നിങ്ങനെ അത് വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവിടെയും മുന്നാക്കക്കാര്‍ക്ക് ഒരു കുറവുമില്ല.  10 ശതമാനം തികച്ച് ലഭിക്കും. സീറ്റെണ്ണം ഇങ്ങനെ: ഈഴവ - 13 സീറ്റ്. മുസ്‍ലിം - 9 സീറ്റ്. മുന്നാക്ക വിഭാഗം - 30 സീറ്റ്. മറ്റ് സംവരണ സീറ്റുകള്‍ എല്ലാം ഒഴിവാക്കി സംവരണം ഇല്ലാത്ത 297 സീറ്റിന്റെ 10 ശതമാനം ആയാണ് ഇവിടെ 30 സീറ്റ് കണക്കാക്കിയിരിക്കുന്നത്. പിന്നാക്കക്കാരെ ബാധിക്കാത്ത വിധം ജനറല്‍ ക്വാട്ടയില്‍നിന്നാകും മുന്നാക്ക സംവരണത്തിന് സീറ്റ് കണ്ടെത്തുക എന്ന സര്‍ക്കാര്‍ വാഗ്ദാനം ആകെ നടപ്പായത് ഇവിടെ മാത്രമാണ്. പക്ഷെ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് പോലും ക്വാട്ട കുറച്ചുവച്ച  മേഖലയിലാണ് സവര്‍ണ സംവരണം സന്പൂര്‍ണമായി നടപ്പാക്കിയത് എന്നതാണ് വിചിത്രം. സ്വാകാര്യ മെഡിക്കല്‍ കോളജുകളില്‍ ദശലക്ഷങ്ങള്‍ ഫീസ് നല്‍കേണ്ട മെഡിക്കല്‍ പിജി സീറ്റുകളാണ് മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ തളികയില്‍വച്ചുനീട്ടുന്നത്. 

പ്ലസ് ടു, എം ബി ബി എസ്, മെഡിക്കല്‍ പി ജി എന്നീ മൂന്ന് മേഖലകളില്‍ സവര്‍ണ സംവരണം നടപ്പാക്കിയത് മൂന്ന് തരത്തിലാണ്. സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എം ബി ബി എസില്‍ ലഭിച്ച അധിക സീറ്റ്  മുഴുവന്‍ മുന്നാക്കക്കാരുടേതാക്കി മാറ്റുകയാണ് മെഡിക്കല്‍ കോളജില്‍ ചെയ്തത്. ഹയര്‍ സെക്കന്ററിയിലാകട്ടെ നിലവിലുള്ള സീറ്റില്‍നിന്ന് തന്നെ സംവരണത്തിന് മാറ്റിവച്ചു. എം ബി ബി എസിലും പ്ലസ് വണിലും ഭരണാഘടനാ വ്യവസ്ഥ പോലും അട്ടിമറിച്ച് സംവരണത്തോത് ഉയര്‍ത്തി.  മെഡിക്കല്‍ പിജിയില്‍, ജനറല്‍ ക്വാട്ടയുടെ 30 ശതമാനം എന്ന പ്രഖ്യാപിത നയം നടപ്പാക്കി. എന്നാല്‍ ഈ തത്വം എം ബി ബി എസിലും പ്ലസ് വണിലും അട്ടിമറിച്ചു. എന്നാല്‍ അവിടെ ഈഴവരുടെ സംവരണ ക്വാട്ടയുടെ മൂന്നിരട്ടിയിലേറെ ശതമാനാണ് മുന്നാക്കക്കാര്‍ക്ക് വേണ്ടി മാറ്റിവച്ചത്. മുസ്‍ലിംകളേക്കാള്‍ അഞ്ച് ഇരട്ടിയും. ഓരോ മേഖലയിലും മുന്നാക്കക്കാര്‍ക്ക് പരമാവധി അധിക സീറ്റ് കണ്ടെത്തുക എന്നത് മാത്രമായിരുന്നു ഓരോ സ്ഥലത്തെയും വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകം എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.  കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പിന്നാക്ക സംവരണത്തിന് ഏകീകകൃത നയവും രീതിയുമില്ല. അത് ഏകീകരിച്ച് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യേണ്ടത് മുന്നാക്ക സംവരണം നടപ്പായതോടെ അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജനസംഖ്യയില്‍ 65 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തിന് ആകെ 9 ശതമാനവും 20 ശതമാനമുള്ള മുന്നാക്കക്കാര്‍ക്ക് 10 ശതമാനവും സംവരണം എന്ന മെഡിക്കല്‍ പിജിയിലെപ്പോലുള്ള അന്യായം പരഹരിക്കാന്‍ അത് അനിവാര്യമാണ്. കേരളത്തില്‍ നന്നേചുരുങ്ങിയത് പി എസ് സിയിലെ സംവരണത്തോതെങ്കിലും വിദ്യാഭ്യാസ മേഖലയില്‍ ഏകീകൃതമായി നടപ്പാക്കണം. 

മെഡിക്കല്‍ പിജിയിലെ പിന്നാക്ക സംവരണം അര്‍ഹമായ തോതില്‍ ലഭിക്കുന്നില്ല എന്ന പരാതി പതിറ്റാണ്ടുകളായി കേരളത്തിലെ പിന്നാക്ക വിഭാഗക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഇതിനോട് എല്ലാതരത്തിലും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനവും മുന്നാക്ക വിഭാഗത്തിന് ഞൊടിയിടയില്‍ സന്പൂര്‍ണ സംവരണം അനുവദിച്ചതില്‍നിന്ന് തന്നെ ഭരണ സംവിധാനത്തിന്റെ ജാതി മനോഭാവം വ്യക്തമാകുന്നുണ്ട്. ഇത് ആദ്യത്തെ അനുഭവവുമല്ല. നരേന്ദ്രന്‍ പാക്കേജ് എന്ന പേരില്‍ സര്‍ക്കാര്‍ കോളജുകളില്‍ സാന്പത്തിക സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോഴും സമാന സംഭവമുണ്ടായി. അന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 'സര്‍ക്കാര്‍ കോളജ്' എന്ന വാക്ക് ഒഴിവാക്കി പകരം 'കോളജ്' എന്ന് മാത്രമാക്കി. ഇതോടെ സംസ്ഥാനത്തെ എല്ലാ എയിഡഡ് കോളജുകളിലും മുന്നാക്ക സംവരണം ബാധകമായി.  പിന്നാക്ക വിഭാഗക്കാര്‍ക്കുപോലും സംവരണമില്ലാത്ത എയിഡഡ് കോളജുകളില്‍ സവര്‍ണ സംവരണം നടപ്പാക്കുന്നത് വിവാദമായതോടെ ഉത്തരവ് തിരുത്തി. ഇതിന്റെ കുറച്ചുകൂടി വിപുലവും ക്രൂരവുമായ അന്യായങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിന്നാക്ക സംവരണത്തിലെ ഏത് ആവശ്യത്തോടും അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് കേരളത്തിന്റെ ഭരണ-ഉദ്യോഗസ്ഥ സംവിധാനം കാലാകാലങ്ങളായി വച്ചുപുലര്‍ത്തുന്നത്. അതിന്റെ തുടര്‍ച്ചയാണ് മുന്നാക്ക സംവരണത്തിന്റെ കാര്യത്തില്‍ പ്രകടമായ അസാധാരണ വേഗം. സാങ്കേതിക നൂലാമാലകളും  സങ്കീര്‍ണതകളും സൃഷ്ടിച്ച്  അനര്‍ഹമായ തരത്തില്‍ സീറ്റ് തരപ്പെടുത്തുന്നതും ഇതേ ജാതി മനോഭാവം തന്നെ. ഈ ഉദ്യോഗ്സഥരുടെ തോളിലിരുന്ന് സവര്‍ണ സംവരണം നടപ്പാക്കിയ ശേഷം, ഇതുപോലെ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ആര്‍ എസ് എസിനെ വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ നേതൃത്വമാണ് ഇപ്പോള്‍ കേരള ഭരണം നിയന്ത്രിക്കുന്നത്. ഈ വെല്ലുവിളി ഏറ്റെടുത്താല്‍  കോടിയേരി-പിണറായി മുന്നണിക്ക് മുന്നില്‍ മോഹന്‍ ഭാഗവത്-മോദി സഖ്യം നിര്‍ദയം തോറ്റന്പിപ്പോകുമെന്നുറപ്പാണ്. 

(മാധ്യമം- ഒക്ടോബര്‍ 20 - 2020)



No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...