തിരുവനന്തപുരം: ക്ലിഫ് ഹൌസിനിപ്പോള്‍ കന്റോണ്‍മെന്റ് ഹൌസിന്റെ മൂഡാണ്. അവിടെ വന്നുപോകുന്നവരുടെ മുഖത്ത് പോരാട്ടത്തിനുള്ള മുന്നൊരുക്കങ്ങളാണ്. വീട്ടുടമയാകട്ടെ ചിരിയൊഴിഞ്ഞ്, ശബ്ദമടക്കി വിശ്രമിക്കുന്നു. കുടിയൊഴിക്കപ്പെടുന്നതിന്റെ മൌനം മുഖത്തുണ്ട്. എന്നാലുമുള്ളിലെ ആവേശത്തിന് ഒരു കുറവുമില്ല. ആരവവും അധികാരവുമൊഴിഞ്ഞ കേരള മുഖ്യന്റെ ഔദ്യോഗിക വസതിയിലിപ്പോള്‍ അടക്കിപ്പിടിച്ച സംസാരങ്ങളേയുള്ളൂ. കൈയെത്തും ദൂരത്തുവച്ച് ക്ലിഫ്ഹൌസിലെ പുനരധിവാസം കൈവിട്ടുപോയതിന്റെ നിരാശ മുറ്റത്തൊതുക്കിയിട്ട വാഹനങ്ങള്‍ക്കുവരെയുണ്ട്. നിരാശപടര്‍ന്ന ആ മൌനങ്ങള്‍ക്കും അടക്കിപ്പിടിച്ച സ്വകാര്യങ്ങള്‍ക്കുമിടയില്‍നിന്നാണ് രാജ്ഭവനിലേക്ക് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അവസാന ഔദ്യോഗിക യാത്ര നടത്തിയത്. ഉച്ചക്ക് 12.15നായിരുന്നു അത്. മിനുട്ടുകള്‍ക്കകം വീട്ടില്‍ തിരിച്ചെത്തി. അപ്പോഴേക്കും പക്ഷെ വിലാസം മാറിയിരുന്നു: കാവല്‍ മുഖ്യമന്ത്രി.
ഭരണമാറ്റ പിറ്റേന്നും തലസ്ഥാനത്ത് ശ്രദ്ധാകേന്ദ്രമായത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി തന്നെയായിരുന്നു. രാവിലെ മുതല്‍ സന്ദര്‍ശകരെത്തി തുടങ്ങി. ഒറ്റക്കും കൂട്ടായും. യാത്രപറയാനും രാഷ്ട്രീയം പറയാനുമെത്തുന്നവര്‍. ഒമ്പതരയോടെ ചീഫ് സെക്രട്ടറി വന്നു. പിന്നാലെ ഡി.ജി.പി. പലപ്പോഴായി ഗവണ്‍മെന്റ് സെക്രട്ടറിമാര്‍. ഇടക്ക് ഏതാനും ബന്ധുക്കള്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍. അയല്‍ക്കാരായ മന്ത്രിമാര്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ബിനോയ് വിശ്വവും നടന്നെത്തി. പിന്നാലെ എം. വിജയകുമാറും സുരേന്ദ്രന്‍പിള്ളയും. മടങ്ങുംനേരം ഗേറ്റില്‍ ചാനല്‍ മൈക്കുകള്‍ തടഞ്ഞപ്പോള്‍ കണ്ണൂരിലെ തോല്‍വിയില്‍ കടന്നപ്പള്ളി പതിവ് ചിരി ചിരിച്ചു. നേരത്തേ വന്ന വി.ശിവന്‍കുട്ടി മടങ്ങുംനേരം ഗേറ്റിലിറങ്ങി സൌഹൃദം പുതുക്കി. ക്ലിഫ് ഹൌസിന് മുന്നില്‍ രാവിലെ മുതല്‍ തന്നെ മാധ്യമപ്പട എത്തിയിരുന്നു. കാമറകളും തത്സമയ സംപ്രേക്ഷണ വാഹനങ്ങളും വലിയ ആള്‍കൂട്ടവും കണ്ടപ്പോള്‍ അതുവഴി വന്നവരും അവിടെത്തങ്ങി.
രാവിലെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വന്ന ശേഷം രാജ്ഭവനിലേക്ക് പോകാനായിരുന്നു ധാരണ. രണ്ടാം ശനി കണക്കിലെടുത്ത് പിന്നീടത് മാറ്റി. ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ രാജി സമര്‍പിക്കാന്‍ ഉച്ചക്ക് വി.എസ് അച്യുതാനന്ദന്‍ വസതിയില്‍ നിന്നിറങ്ങി. അപ്പോഴേക്കും അകത്തേക്ക് പ്രവേശനം കിട്ടിയ മാധ്യമപ്പട ഒന്നാം നമ്പര്‍ കാറിന് ചുറ്റും പടര്‍ന്നു. വിടവാങ്ങലിന്റെ മൌനവും വേദനയും തളംകെട്ടിനിന്ന ഉച്ചവെയില്‍ ചൂടില്‍ തടിച്ചുകൂടിയവര്‍ നിശബ്ദമായി മുഖ്യമന്ത്രിയെ യാത്രയാക്കി. പിന്നാലെ പൊളിറ്റിക്കല്‍ സെക്രട്ടറി കാറില്‍ അകമ്പടി പോയി. മുഖ്യമന്ത്രിയിറങ്ങിയപ്പോള്‍ അകത്ത് അവസാന വാര്‍ത്താസമ്മേളനം നടത്താനുള്ള ഒരുക്കങ്ങള്‍ തകൃതിയായി. ഹാളിനകത്തും പുറത്തും കണ്ണും കാമറകളും നിറഞ്ഞു കവിഞ്ഞു.
12.30ന് തിരിച്ചെത്തിയ മുഖ്യമന്ത്രി അരമണിക്കൂറിനകം വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കിയതോടെ അത്രനേരം മൂടിക്കെട്ടിനിന്ന അന്തരീക്ഷം അയഞ്ഞു. രാഷ്ട്രീയം പറഞ്ഞുചിരിച്ച് വന്നവര്‍ ചായകുടിച്ചു പിരിഞ്ഞു. എന്നിട്ടും പോകാന്‍ മടിച്ച പലരും ആ മുറ്റത്ത് തങ്ങിനിന്നു. ചിലര്‍ ചിത്രങ്ങളെടുത്തു. ചിലര്‍ ഒന്നുകൂടി അകം കയറി കണ്ടു. ചിലര്‍ യാത്രപറഞ്ഞു നടന്നു. വീടൊഴിയാനുള്ള ഉത്തരവ് കാത്ത് ജീവനക്കാര്‍ വാതിലില്‍ നിന്നു. അഞ്ച് വര്‍ഷമായി മുഖ്യമന്ത്രിക്കൊപ്പം നിഴല്‍ പോലെ നടന്ന കമാന്റോകളും രഹസ്യാന്വേഷകരും പോലിസുകാരുമെല്ലാം പഴയ ലാവണങ്ങളിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളിലേക്കിറങ്ങി. രണ്ട് മണിയോടെ ക്ലിഫ് ഹൌസ് ഏറെക്കുറെ വിജനമായി. കുടുംബവും കുട്ടികളും ഏതാനും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മാത്രമായ വീട്ടകം മെല്ലെ നിശãബ്ദതയിലേക്ക് വീണു.
പതിവിലേറെ ശാന്തനായിരുന്നു അവസാന ദിവസത്തെ മുഖ്യമന്ത്രി. പതിഞ്ഞ വാക്കുകളില്‍ വാര്‍ത്താസമ്മേളനം. ചോദ്യങ്ങള്‍ക്ക് ചെറിയ മറുപടികള്‍. വിവാദ വിഷയങ്ങളില്‍ മൌനം. അല്ലെങ്കില്‍ ഒഴിഞ്ഞുമാറ്റം. ഓരോ മറുപടിയിലും നിരാശ പടര്‍ന്ന വാക്കുകളുടെ അരുചി. അശേഷം ചിരിക്കാത്തതില്‍ മാധ്യമ പ്രവര്‍ത്തകര്‍ സംശയിച്ചപ്പോള്‍ 'ചിരി ലസ് ആയ ആള്‍' എന്ന് അതിന് മറുപടി. പിന്നെ, 'വേണ്ട സമയത്ത് ചിരിച്ചുകൊണ്ടേയിരിക്കുമെന്ന' വിശദീകരണവും. എന്നാല്‍ ഇനിയെന്ത് എന്ന ചോദ്യത്തില്‍ വി.എസ് ഒന്നിളകി, ഒച്ചയുയര്‍ന്നു. പിന്നെ 'പ്രതിപക്ഷ നേതാവിന്റെ വസതിയുടെ മൂഡി'നിണങ്ങും വിധം നയം വ്യക്തമാക്കി: 'പെണ്‍വാണിഭക്കാരെയും ക്രിമനലുകളെയും ഭരണത്തില്‍ അടിച്ചേല്‍പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം'. പാര്‍ട്ടിക്കുമുണ്ട് ഒരു മുന്നറിയിപ്പ്: 'സീറ്റ്നിഷേധത്തിന്റെ പേരിലുയര്‍ന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ ചെയ്യുമെന്ന് ആശിക്കുന്നു.' അതെ വി.എസ് അച്യുതാനന്ദന്‍ പടിയിറങ്ങുകയല്ല; പടക്കിറങ്ങുകയാണ്. പാര്‍ട്ടിയിലും ഭരണത്തിലും.
(madhyamam, 15/05/2011)
No comments:
Post a Comment