Tuesday, May 31, 2011

മാര്‍ക്ക് കൂട്ടിയതില്‍ വന്‍ പിഴവ്; പ്ലസ് ടു ഫലം തിരുത്തി


തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം തയാറാക്കിയതില്‍ വിദ്യാഭ്യാസ വകുപ്പിന് വന്‍ പിഴവ് പറ്റി. പിഴവ് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി തിരക്കിട്ട് ഫലം തിരുത്തി. പുതിയ ഫലം വന്നതോടെ നേരത്തേ വിജയിച്ച കുട്ടികളില്‍ പലരും തോറ്റു. പഴയ ഫലം റദ്ദാക്കിയതിനാല്‍ വിവരമറിഞ്ഞ വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയിലാണ്. മൊത്തം വിദ്യാര്‍ഥികളുടെയും ഫലത്തെ ഇത് ബാധിക്കുമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട അന്വേഷണങ്ങള്‍ നടക്കുകയാണ്. രക്ഷിതാക്കളും അധ്യാപകരും അന്വേഷിച്ചെത്തിയതോടെ പുതിയ ഫലം പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് മരവിപ്പിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. ഇന്ന് രാവിലെ ആറ് മണിക്ക് സൈറ്റ് മരവിപ്പിച്ച ശേഷം ആശയക്കുഴപ്പം നീക്കി പുതിയ റിസല്‍ട്ട് പുനഃപ്രസിദ്ധീകരിക്കാനാണ് ആലോചന.

കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഇന്ന് സൈറ്റ് തുറക്കാമെന്നാണ് ആലോചന. www.dhsekerala.gov.in എന്ന വെബ്‌സൈറ്റിലാണ് ഫലം തിരുത്തിയ അറിയിപ്പും പിന്നീട് ഫലവും വന്നത്. രാത്രി മാര്‍ക്ക് ലിസ്റ്റ് എടുത്തവര്‍ക്ക് കിട്ടിയതും പുതിയ മാര്‍ക്കുകളാണ്. ഏത് മാര്‍ക്കിലാണ് പിഴവ് പറ്റിയതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ മോഡറേഷന് പുറമേ ഒമ്പത് മാര്‍ക്ക് വീതം അധികം നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഇതുവരെ പുറത്ത് അറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പറഞ്ഞതും ഒമ്പത് മാര്‍ക്ക് മോഡറേഷന്‍ നല്‍കിയത് മാത്രമാണ്. ഇരട്ട മൂല്യനിര്‍ണയത്തില്‍ സംഭവിച്ച കൂട്ടത്തോല്‍വി മറികടക്കാനായാണ് ഈ മാര്‍ക്ക് നല്‍കിയത്. എന്നാല്‍, മാര്‍ക്ക് കൈകാര്യം ചെയ്യാന്‍ തയാറാക്കിയ വെബ്‌സൈറ്റില്‍ ഇത് ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നതാണ് ഒരു സംശയം. ഇക്കാര്യം പരിശോധിക്കുണ്ട്. ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ പിഴവ് പറ്റിയതാകാമെന്നതാണ് മറ്റൊരു സാധ്യത. ഇത്തവണ വാരിക്കോരി ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്‍.സി.സിക്ക് രണ്ട് വര്‍ഷത്തേക്ക് 120ഉം എന്‍.എസ്.എസിന് 60ഉം നല്‍കിയിട്ടുണ്ടത്രെ. മൊത്തം മാര്‍ക്കിന്റെ നിശ്ചിത ശതമാനമാണ് ഇത് കണക്കാക്കുന്നത്. എന്നാല്‍, മൊത്തം മാര്‍ക്ക് 600ന് പകരം 700 ആയി കണക്കാക്കിയതായി സംശയിക്കുന്നു. ഈ രണ്ട് സാധ്യതകളും ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. പുതിയ ഫലം വന്നതോടെ പലയിടത്തും പരാജയപ്പെട്ട കുട്ടികളുടെ എണ്ണം കൂടി. തോറ്റവരുടെ എണ്ണം അഞ്ച് മുതല്‍ 15 വരെ കൂടിയ സ്‌കൂളുകളുണ്ടെന്നാണ് പ്രാഥമിക വിവരം. എല്ലാ വിഷയത്തിലും അധിക തോല്‍വിയുണ്ടായിട്ടുണ്ട്. സാങ്കേതിക വിഭാഗത്തിന്റെ വീഴ്ചയാണ് കാരണമെന്നാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടവരുടെ വാദം. മാര്‍ക്ക് ചേര്‍ത്തതില്‍ സംഭവിച്ച പിഴവാണ് ഫലം മാറാന്‍ ഇടയാക്കിയതെന്ന് ഹയര്‍സെക്കന്‍ഡറിയുടെ താല്‍ക്കാലിക ചുമതലയുള്ള ഡി.പി.ഐ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ചില സ്‌കോറുകള്‍ മാറിയിരുന്നു. അത് തിരുത്തി. തടഞ്ഞുവെച്ച ഫലവും ചേര്‍ത്ത് പ്രസിദ്ധീകരിച്ചതാണ് 'മോഡിഫൈഡ് ഫലം' എന്ന് വെബ്‌സൈറ്റില്‍ വന്നത്. എല്ലാകുട്ടികളെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

(madhyamam....31...05....11)

No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...