ഇസ്‌ലാമാബാദ്:അല്‍ ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിനെ കൊന്നത് സ്വന്തം അംഗരക്ഷകന്‍ തന്നെയായിരിക്കാമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ പിടിയിലാകുന്നത് തടയാന്‍ വേണ്ടി ഉസാമയുടെ ആഗ്രഹപ്രകാരം അംഗരക്ഷകന്‍ തന്നെ വെടിവെച്ചതാകാമെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാകിസ്ഥാനിലെ 'ഡോണ്‍'പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
വെടിവെപ്പ് നടന്ന സ്ഥലം സൂക്ഷമമായി പരിശോധിച്ചാല്‍ ചെറുത്തുനില്‍പ്പിനിടയില്‍ ഇത്ര അടുത്ത്‌നിന്ന് ഉസാമക്ക് വെടിയേല്‍ക്കാന്‍ സാധ്യതയില്ല.-ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി അമേരിക്കന്‍ സംഘം സ്ഥലം വിട്ടശേഷം ഉസാമയുടെ താവളം നേരിട്ട് പരിശോധിച്ച പാക് ഉദ്യോഗസ്ഥന്‍ പറയുന്നു. ഉയരത്തിലുള്ള ചുമരിനാല്‍ ചുറ്റപ്പെട്ട ഉസാമയുടെ വിശാലമായ വളപ്പിലെ അമേരിക്കന്‍ റെയ്ഡിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ നിരീക്ഷണം.
വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ അബെറ്റാബാദില്‍ പാക് സൈനിക അക്കാദമിക്ക് സമീപത്തെ കൂറ്റന്‍ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ കമാന്‍ഡോ ആക്രമണത്തില്‍ നെറ്റിയില്‍ വെടിയേറ്റാണ് ബിന്‍ലാദന്‍ മരിച്ചതെന്നാണ് അമേരിക്ക ലോകത്തെ അറിയിച്ചത്. ഉസാമയുടെ മനുഷ്യകവചമായി ഉപയോഗിച്ച ഒരു മകനും രണ്ടു സന്ദേശവാഹകരും ഒരു സ്ത്രീയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തില്‍ പങ്കെടുത്ത രണ്ടു ഹെലികോപ്ടറുകളില്‍ ഒന്ന് തകര്‍ന്നത് താഴെ നിന്നുള്ള റോക്കറ്റാക്രമണത്തിലോ വെടിവെപ്പിലോ അല്ലെന്നും പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാഹചര്യത്തെളിവുകളില്‍ നിന്ന് മനസ്സിലാകുന്നത് ഹെലികോപ്ടര്‍ സാങ്കേതികതകരാര്‍ മൂലം വീണതാണെന്നാണ്. ഓപ്പറേഷനിടയില്‍ വന്‍ സ്‌ഫോടന ശബ്ദം കേട്ടത് ഈ ഹെലികോപ്ടര്‍ അമേരിക്കന്‍ സേന തന്നെ നശിപ്പിച്ചതിന്റെയാകാം. അമേരിക്കന്‍ വാദത്തിന് വിരുദ്ധമായി ബിന്‍ ലാദിന്റെ മൂന്നു അംഗരക്ഷകര്‍ കൊല്ലപ്പെട്ടതായി പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഫ്ഗാനിയെന്ന് കരുതുന്ന ഒരാളുടെ മൃതദേഹം വീട്ടുവളപ്പിലും രണ്ടു അംഗരക്ഷകരുടെ മൃതദേഹം വീട്ടിനകത്തും കിടക്കുകയായിരുന്നു. ഉസാമയുടെ മൃതദേഹം മാത്രമെടുത്ത് അമേരിക്കന്‍ സേന സ്ഥലംവിട്ടു. വീട്ടിലുണ്ടായിരുന്ന വനിതകളെയും കുട്ടികളെയുമെന്നും അവര്‍ ശ്രദ്ധിച്ചില്ല- ഡോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
No comments:
Post a Comment