Saturday, April 30, 2011

പ്ലസ് ടുവില്‍ മാര്‍ക്ക് ദാനത്തിന് നിര്‍ദേശം


അതേസമയം ക്യാമ്പുകളില്‍ അധ്യാപകര്‍ അവധിയെടുക്കുന്നത് വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. അവധിയും ഇരട്ട മൂല്യ നിര്‍ണയവും കാരണം ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയാണിപ്പോള്‍. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിലാണ് ഇരട്ട മൂല്യനിര്‍ണയം നടക്കുന്നത്. ഇത് ഈ വിഷയങ്ങളില്‍ കുട്ടികളുടെ വിജയം കുറക്കാനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇത് മറികടക്കുകയാണ് മാര്‍ക്ക് ദാന ലക്ഷ്യം. 10-14 മാര്‍ക്ക് വരെ കിട്ടുംവിധമാണ് രണ്ടാംവര്‍ഷ മൂല്യനിര്‍ണയം നടത്തുന്നത്. ചില സ്ഥലത്തെ ക്യാമ്പുകളില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടായിരുന്ന കെമിസ്ട്രിക്ക് 14 മാര്‍ക്ക് കൊടുക്കണമെന്ന് നിര്‍ദേശവുമുണ്ടായി. എന്നാല്‍ എന്‍ട്രി ലെവല്‍ മാര്‍ക്കാണ് നല്‍കുന്നതെന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം. ഇതനുസരിച്ച് ചോദ്യ നമ്പര്‍ രേഖപ്പെടുത്തി, ഉത്തരമെഴുതാന്‍ ശ്രമിച്ചാല്‍ മാര്‍ക്ക് നല്‍കാം. ഇതല്ലാതെ വെറുതെ മാര്‍ക്ക് നല്‍കുന്ന അവസ്ഥയില്ലെന്നാണ് വാദം. ഇങ്ങനെ കിട്ടാവുന്ന മാര്‍ക്ക് 14 വരെ ആകുന്നതിനാല്‍ മാര്‍ക്ക് ദാനമെന്ന് പറയുകയാണത്രെ. എന്നാല്‍ ഇതാണെങ്കില്‍ തന്നെ ഫലത്തില്‍ മാര്‍ക്ക് ദാനമാണ് സംഭവിക്കുന്നത്. രണ്ടാംവര്‍ഷം കൂട്ട മോഡറേഷന്‍ നല്‍കാനും ആലോചനകള്‍ നടക്കുന്നുണ്ട്. മികച്ച വിജയം ഉറപ്പാക്കുംവിധം ഇത് നല്‍കാമെന്നാണത്രെ ധാരണ. എന്‍ജിനീയറിങ് പ്രവേശനത്തിന് ഈ മാര്‍ക്ക് പരിഗണിക്കുന്നതിനാല്‍ തോല്‍വി മാത്രമല്ല, മാര്‍ക്ക് കുറയുന്നത് പോലും വന്‍ വിമര്‍ശത്തിനിടയാക്കുമെന്ന വിലയിരുത്തലാണ് കൂട്ട മോഡറേഷന്‍ ആലോചനക്ക് പിന്നില്‍. ഒന്നാംവര്‍ഷ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്ന പ്രവണതയും തുടങ്ങിയിട്ടുണ്ട്. ഫലം രണ്ട് മാര്‍ക്കും ചേര്‍ത്തായതിനാല്‍, ഒന്നാം കൊല്ലം ഉയര്‍ന്ന മാര്‍ക്ക് നേടിയാല്‍ രണ്ടാംവര്‍ഷം എളുപ്പം വിജയം ഉറപ്പാക്കാന്‍ കഴിയും. ഇരട്ട മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അടുത്ത കൊല്ലം നേരിടാവുന്ന ഭീഷണി മുന്‍കൂട്ടി തടയുകയാണ് ഇതുവഴി. രണ്ടാംവര്‍ഷ മൂല്യനിര്‍ണയം ആദ്യവട്ടം പൂര്‍ത്തിയായ ക്യാമ്പുകളില്‍ ഒന്നാംവര്‍ഷത്തേത് കൂടുതല്‍ ഉദാരമാക്കിക്കഴിഞ്ഞു. അതേസമയം ക്യാമ്പുകളില്‍ വന്‍ തോതില്‍ അധ്യാപകര്‍ അവധിയെടുക്കുന്ന പ്രവണത ഇപ്പോഴുണ്ട്. ഇത് ഫലപ്രഖ്യാപനത്തെ ബാധിക്കുംവിധമായിക്കഴിഞ്ഞു എന്ന് ഹയര്‍സെക്കന്‍ഡറി കേന്ദ്രങ്ങള്‍ തന്നെ പറയുന്നു. ചില ക്യാമ്പുകളില്‍ ചില വിഷയങ്ങള്‍ പകുതിപോലും പൂര്‍ത്തിയാകാത്ത അസ്ഥയുണ്ട്. തൃശൂരിലെ ക്യാമ്പിലേക്കുള്ള പൊളിറ്റിക്കല്‍ സയന്‍സിന്റെ 5,000 പേപ്പര്‍ മലപ്പുറം എടരിക്കോട്ടെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തൃശൂരില്‍ അധ്യാപകര്‍ കുറഞ്ഞതാണ് കാരണം. ഇതോടെ മലപ്പുറം ക്യാമ്പ് വൈകുമെന്ന അവസ്ഥയായി. ഈരീതിയില്‍ പലയിടത്തും പേപ്പറുകള്‍ മാറ്റി അയച്ചിട്ടുണ്ട്. അധ്യാപക അവധി വലിയ പരാതിയായിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനനടപടി എടുക്കേണ്ട അവസ്ഥയാണുള്ളതെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ചുമതല വഹിക്കുന്ന എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. അധ്യാപക ക്ഷാമവും ഇരട്ട മൂല്യനിര്‍ണയവും ഫലപ്രഖ്യാപനം വൈകിപ്പിക്കുന്നത് ഒഴിവാക്കാന്‍ ഫലപ്രദമായ നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(01/05/11)

No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...