Monday, April 25, 2011

മാമ്പഴം പെറുക്കാന്‍ ഈ ഉണ്ണി വരില്ല



കാസര്‍കോട്: കാറഡുക്ക പഞ്ചായത്തിലെ കോളിയടുക്കം തെക്കേക്കരയിലെ തോട്ടലക്കാന വീട്ടുമുറ്റത്തെ മാവ് സമൃദ്ധമാണ്. എന്നാല്‍, മാമ്പഴം വീഴുമ്പോള്‍ ഓടിയെത്തി പെറുക്കേണ്ട ഉണ്ണി അകത്ത് ഒന്നുമറിയാതെ കിടപ്പിലാണ്. കരയാനും ചിരിക്കാനും മാത്രം അറിയുന്ന, സംസാരിക്കാനാവാത്ത അഭിലാഷ് എന്ന 10 വയസ്സുകാരന്റെ ലോകത്തിനപ്പുറമാണ് ഈ മാമ്പഴക്കാലവും.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ നൂറുകണക്കിന് കുഞ്ഞുങ്ങളില്‍ ഒരാളാണ് അഭിലാഷ്. ഈ കുഞ്ഞിന്റെ തല അനിയന്ത്രിതമായി വളരുകയാണ്. പരസഹായമില്ലാതെ അനങ്ങാന്‍ പോലും കഴിയാത്ത കുട്ടിയുടെ തലക്ക് 10 കിലോയിലധികം ഭാരം.
ബാലസുബ്രഹ്മണ്യന്റെയും കെ. ശ്രീവിദ്യയുടെയും മകനായി 2001 സെപ്റ്റംബര്‍ 21നായിരുന്നു അഭിലാഷിന്റെ ജനനം. ഗര്‍ഭം ധരിച്ച് ആദ്യത്തെ മൂന്നുമാസത്തോടെ ജനിതക തകരാറ് പരിശോധനയില്‍ കണ്ടിരുന്നു. ഇവരുടെ രണ്ടാമത്തെ കുട്ടിയാണ് അഭിലാഷ്. ആദ്യത്തെ കുട്ടി ഏഴാം മാസത്തില്‍ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ മരിച്ചു. 1999ലായിരുന്നു ഇത്. ഈ കുട്ടിയും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരയായിരുന്നു. എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന പ്രദേശങ്ങള്‍ക്ക് സമീപത്തെ കൊട്ടംകുഴിയിലായിരുന്നു ബാലസുബ്രഹ്മണ്യന്റെ വീട്. പിന്നീടാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാത്ത പ്രദേശമായ ഭാര്യ ശ്രീവിദ്യയുടെ വീട്ടിലേക്ക് താമസം മാറ്റിയത്.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികിത്സാ സഹായങ്ങളോ മറ്റാനുകൂല്യങ്ങളോ ഇതുവരെ ഈ കുടുംബത്തിന് കിട്ടിയിട്ടില്ല. ഒരുമാസം മുമ്പാണ് സര്‍ക്കാറിന്റെ 'സ്നേഹ സാന്ത്വനം' കാര്‍ഡ് കിട്ടിയത് തന്നെ. കര്‍ഷകനായ ബാലസുബ്രഹ്മണ്യന്റെ വരുമാനം മുഴുവനും കുട്ടിയുടെ ചികിത്സക്കായാണ് ചെലവഴിക്കുന്നത്. മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലാണ് ചികിത്സ.
ആറ്റുനോറ്റുണ്ടായ രണ്ടു കുട്ടികളും മാരക വിഷത്തിന്റെ ഇരകളായതോടെ ഇനിയൊരു കുട്ടി വേണ്ടെന്ന തീരുമാനത്തിലാണ് ഈ ദമ്പതികള്‍. ഭയം കൊണ്ടാണ് ഇങ്ങനെ തീരുമാനിച്ചതെന്ന് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.


(മാധ്യമം/മട്ടന്നൂര്‍ സുരേന്ദ്രന്‍/25...04...11)

1 comment:

  1. namukkenthucheyyanakum...prarthikkam orupad eennallathe???
    i'm helpless...may god be with u...

    ReplyDelete

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...