Saturday, April 23, 2011

പി.പി.പി: ആഗോളീകരണ കാലത്തെ കോര്‍പറേറ്റ് കുറുക്കുവഴി


അര നൂറ്റാണ്ടിന്റെ കേരളീയ പൊതു വിദ്യാഭ്യാസം സവിശേഷമായ നവീകരണത്തിന്റെയും പരിവര്‍ത്തനത്തിന്റെയും ചരിത്ര സന്ധികളിലൂടെയാണ് കടന്നുവന്നത്. ഭരണ, രാഷ്ട്രീയ താല്‍പര്യങ്ങളും അക്കാദമിക താല്‍പര്യങ്ങളും ഈ നവീകരണ പ്രകൃയയില്‍ നിര്‍ണയാക ഘടകങ്ങളായിട്ടുണ്ട്. അക്കാദമിക തലത്തില്‍ നടന്ന ഉള്ളടക്കപരമായ നവീകരണങ്ങളും ഘടനാപരമായ തലത്തില്‍ നടന്ന പരിവര്‍ത്തനങ്ങളുമാണ് ഇതില്‍ സുപ്രധാനം. പൊതുവിദ്യാഭ്യാസത്തിന്റെ ദിശയും സ്വാഭാവവും നിര്‍ണയിച്ചതും കാലികവും ഗുണപരവുമായ വളര്‍ച്ചക്ക് അടിത്തറയിട്ടതും പല കാലങ്ങളിലായുണ്ടായ ഈ മാറ്റങ്ങളാണ്. പരിഷ്കരണങ്ങള്‍ ഒരിക്കലും അന്യൂനമായിരുന്നില്ല. ഓരോ മാറ്റത്തിനൊപ്പവും അതിന്റേതായ ദൌര്‍ബല്ല്യങ്ങള്‍ പ്രത്യക്ഷമാകുകയും അത് വളര്‍ച്ചയില്‍ ഏറിയും കുറഞ്ഞും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസാവസരമൊരുക്കുക എന്നത് ഭരണകൂട ബാധ്യതയാണെന്ന ക്ഷേമ രാഷ്ട്ര തത്വത്തില്‍ ഊന്നിനിന്നുകൊണ്ടായിരുന്നു ഈ മാറ്റങ്ങളെല്ലാം നടപ്പാക്കിയത്. അതുകൊണ്ട് തന്നെ എല്ലാ ദൌര്‍ബല്ല്യങ്ങള്‍ക്കും ഭരണകൂട/രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഒപ്പം അവ പൊതുജനാവശ്യം പരമാവധി സംരക്ഷിക്കുന്നാതാകുകയും ചെയ്തു.
എല്ലാതരം ജനവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ സര്‍ക്കാര്‍ വിദ്യാലയങ്ങളെന്ന രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിന്നാണ് കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഘടന രൂപകല്‍പന ചെയ്യപ്പെട്ടത്. സ്വകാര്യ വിദ്യാലയങ്ങള്‍ ഒഴിവാക്കാനാകാത്ത യാഥാര്‍ഥ്യമായി മാറിയ സന്ദര്‍ഭത്തില്‍ അവയെ കര്‍ക്കശമായ സാമൂഹിക നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരികയാണ് കേരളം ചെയ്തത്. ഉള്ളടക്കവും നടത്തിപ്പും ബാഹ്യശക്തികള്‍ക്ക് നിയന്ത്രിക്കാനാകാത്ത വിധം സംരക്ഷിക്കുകയും കേരളത്തിന്റെ പൊതു മൂല്ല്യങ്ങളുടെ അടിത്തറയില്‍ നിര്‍മിച്ചെടുത്ത ഉള്ളടക്കം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്ന് ഒട്ടും വ്യത്യാസമില്ലാതെ സ്വകാര്യ മേഖലയിലും നടപ്പാക്കുകയും ചെയ്തു. ഉടമാവകാശം സ്വകാര്യമായി നിലനില്‍ക്കേ തന്നെ മുഖ്യ ചിലവുകളെല്ലാം പൊതുപണം ഉപയോഗിച്ച് നിര്‍വഹിക്കുന്ന എയിഡഡ് സ്കൂളുകള്‍ കേരളത്തില്‍ ഉണ്ടായതങ്ങനെയാണ്. എയിഡഡ് സ്കൂളുകള്‍ പല സാമൂഹിക ഘടകങ്ങളെയും നിരാകരിക്കുന്നതും പരിമിതമായ മേഖലകളില്‍ ഊന്നിനില്‍ക്കുന്നതുമായിട്ടും സാമ്പത്തിക ബാധ്യത വഹിച്ച് കേരളം അത് നിലനിര്‍ത്തിയത് വിദ്യാഭ്യാസത്തോടുള്ള രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്.
സാമൂഹിക ഘടകങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത പരിഷ്രണ സംസ്കാരമാണ് ഇത്തരമൊരു ഘടന കേരളത്തില്‍ സൃഷ്ടിച്ചത്. എന്നാല്‍ ഇതിന് പകരം സാമ്പത്തിക ഘടകങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന പുതിയ പരിഷ്കരണ രീതികളിലേക്ക് കേരളവും വഴിമാറുന്നുവെന്നതാണ് ഈ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ നല്‍കുന്ന സൂചന. ദേശീയ തലത്തില്‍ നടപ്പാക്കപ്പെട്ട ഉദാര സാമ്പത്തിക നയങ്ങളുടെ പ്രതിഫലനം വിദ്യാഭ്യാസ മേഖലയെയും പിടികൂടുകയാണ്. കേരളത്തിലും കക്ഷി രാഷ്ട്രീയ ഭേദമന്യേ സാമ്പത്തിക താല്‍പര്യം പരിഷ്കരണത്തിന്റെ മുഖ്യ ഉപാധിയായി മാറുകയാണ്. ഇത്തരമൊരു താത്വികമായ മാറ്റത്തിലേക്ക് എളുപ്പവഴിയാക്കാവുന്ന സൈദ്ധാന്തിക വ്യവഹാരങ്ങള്‍ കേരളത്തിപ്പോള്‍ വ്യാപകമാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം നടന്ന അന്താരഷ്ട്ര വിദ്യാഭ്യാസ സമ്മേളനം അതിലെ സുപ്രധാന ചുവടായിരുന്നു. സമ്മേളനത്തിന്റെ പൊതു പ്രഖ്യാപനമായി മാറിയത് വിദ്യാഭ്യാസ മേഖലയില്‍ പബ്ലിക് പ്രൈവറ്റ് പാട്ണര്‍ഷിപ്^പി.പി.പി^സങ്കല്‍പമാണ്. പണം മുടക്കുന്നവര്‍ക്ക് പ്രവേശനം മുതല്‍ പാഠ്യ വിഷയം വരെ എല്ലാ മേഖലയിലും സമ്പൂര്‍ണ സ്വാതന്ത്യ്രവും അനിയന്ത്രിതമായ കൈകാര്യകര്‍തൃത്വവും അനുവദിക്കുന്നതാണ് 'പൊതു^സ്വകാര്യ പങ്കാളിത്തം'. കേരളത്തിലെ അടുത്ത ഘട്ട ഘടനാ പരിഷ്കരണത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതാണ് സമ്മേളനത്തിന്റെ പി.പി.പി പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാറാകട്ടെ നേരത്തേ തന്നെ ഈ ദിശയില്‍ ചുവട് വച്ചിട്ടുണ്ട്.

ഉറവിടവും സിദ്ധാന്തവും

എല്ലാം ലാഭ നഷ്ട കണക്കില്‍ വിശകലനം ചെയ്യുകയെന്ന മുതലാളിത്ത സാമ്പത്തിക സിദ്ധാന്തങ്ങളുടെ പിന്തുടര്‍ച്ചയാണ് പി.പി.പി. ഉദാര സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ച നാട്ടില്‍ വിദ്യാഭ്യാസവും അതിനിണങ്ങുന്നതാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. ആഗോളവല്‍കരണവും ഉദാരവല്‍കരണവും നിയോ കൊളോണിയലിസത്തിന്റെ അധിനിവേശ ഉപകരണങ്ങളാണെന്ന വസ്തുത ലോകത്തിന് ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ സാമ്പത്തിക സിദ്ധാന്തങ്ങളുടെ പ്രായോഗിക രൂപങ്ങളായി പ്രത്യക്ഷപ്പെടുന്നത് ലോക ബാങ്ക് പോലുള്ള സാമ്പത്തിക ഏജന്‍സികളാണ്. പി.പി.പിയുടെ ഉത്ഭവവും ഇതേ കേന്ദ്രങ്ങളില്‍ നിന്നായത് യാദൃശ്ചികമല്ല.
മൂലധനത്തിനും തൊഴില്‍ ശേഷിക്കുമെല്ലാമപ്പുറം വിവരം/വിദ്യാഭ്യാസം ഉല്‍പാദനത്തിന്റെ പ്രാഥമിക ഉറവിടമാകുന്ന കാലത്തെ കുറിച്ചാണ് ലോക ബാങ്ക് ബുദ്ധി ജീവികള്‍ ഇപ്പോള്‍ 'സ്വപ്നം' കാണുന്നത്. 'നോളജ് സൊസൈറ്റി' എന്ന പേരിട്ട്, ലോകത്തേക്കെമ്പാടും കയറ്റി അയച്ചുകൊണ്ടിരിക്കുന്നു ആ സ്വപ്നമിപ്പോള്‍. വിവരം വിറ്റഴിക്കപ്പെടുന്ന വിപണിയുണ്ടാക്കുക എന്നതാണ് ഈ സ്വപ്നത്തിന്റെ നേരര്‍ഥം. വിലയുള്ള ഉല്‍പന്നം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഫാക്ടറികളുണ്ടാകുക എന്നതാണ് ഇതിന്റെ സ്വഭാവികമായ രണ്ടാം ഘട്ടം. അത്തരം നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് വേണ്ട കൃത്യമായ സിദ്ധാന്തമാണ് പി.പി.പി.
വിദ്യഭ്യാസ മേഖലയിലെ നവീന സങ്കല്‍പമായി ലോകമെങ്ങും ഇത് ആഘോഷിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സ്ഥാപനം മതുല്‍ സിലബസ് വരെയുള്ള വിദ്യാഭ്യാസ രംഗത്തെ സകല മേഖലകളിലും സ്വകാര്യ പങ്കാളിത്തം ഉണ്ടാക്കുക എന്നതാണ് പി.പി.പിയുടെ താല്‍പര്യം. വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ സ്വകാര്യവല്‍കരണം തന്നെ. വിദ്യാഭ്യാസത്തിന്റെ മാനവിക താല്‍പര്യങ്ങള്‍ നേരത്തേ തന്നെ ഉപേക്ഷിച്ച മുതലാളിത്ത രാജ്യങ്ങളില്‍ പരീക്ഷണം കഴിഞ്ഞ പി.പി.പി മൂന്നാംലോകത്തേക്കും എത്തിക്കുകയാണിപ്പോള്‍. ഇന്ത്യയുടെ പതിനൊന്നാം പദ്ധതിയില്‍ വിദ്യാഭ്യാസ രംഗത്ത് പി.പി.പി നടപ്പാക്കേണ്ടതുണ്ടെന്ന് ആസൂത്രണ കമീഷന്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു.

ആസൂത്രണ കമീഷന്റെ പി.പി.പി

പച്ചയായ വിദ്യാഭ്യാസ കച്ചവടം ശിപാര്‍ശ ചെയ്യുന്നതാണ് സ്വകാര്യവല്‍കരണത്തിന് മറയില്ലാതെ വാദിക്കുന്ന കേന്ദ്ര ആസൂത്രണ കമീഷന്റെ പതിനൊന്നാം പദ്ധതി സമീപന രേഖ. സ്വകാര്യവല്‍കരണത്തിന് ഇതിലപ്പുറം ഇനിയൊന്നും പറയാനില്ല. നിലവിലെ പൊതുസ്ഥാപനങ്ങളിലെല്ലാം സ്വകാര്യ നടത്തിപ്പുകാരെ കൊണ്ടുവരണമെന്നും അത് പറയുന്നു.
പി.പി.പിയില്‍ രണ്ടുതരം കരാറുകളുണ്ടാക്കാമെന്ന് കമീഷന്‍ നിര്‍ദേശിക്കുന്നു. മാനേജ്മെന്റ് കോണ്‍ട്രാക്ടും (എം.സി) ഓപറേഷണല്‍ കോണ്‍ട്രാക്ടും (ഒ.സി). നിലവിലുള്ള പൊതു സ്ഥാപനത്തെ അപ്പടി സ്വകാര്യ സംരഭകര്‍ക്ക് കൈമാറലാണ് ഒന്നാമത്തെ രീതി. സര്‍ക്കാര്‍ ഒരുക്കിയ അടിസ്ഥാന സൌകര്യങ്ങളുപയോഗിച്ച് സ്വകാര്യ ഉടമകള്‍ സ്ഥാപനം നടത്തണം. ജീവനക്കാരെ നിലനിര്‍ത്തും. നടത്തിപ്പ് ചിലവ് കുട്ടികളില്‍നിന്ന് യൂസര്‍ചാര്‍ജ് പോലുള്ളവയിലൂടെ തിരിച്ചുപിടിക്കാം. അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചിത തുക നല്‍കണം. സര്‍ക്കാര്‍ സ്ഥാപനം നടത്താന്‍ സര്‍ക്കാര്‍തന്നെ നല്‍കുന്ന ഈ 'വാടക'യെ വാര്‍ഷിക അടവ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒ.സിയില്‍ നിയമനാധികാരംകൂടി സ്വകാര്യവല്‍കരിക്കും. അടിസ്ഥാന സൌകര്യം സര്‍ക്കാര്‍ നല്‍കും.
പി.പി.പിയുടെ വിജയം കരാറനുസരിച്ചായതിനാല്‍ അത് ഇരുകൂട്ടര്‍ക്കും ലാഭകരമാകുന്ന തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാകണമെന്ന് പ്രത്യേകം നിര്‍ദേശമുണ്ട്. ഈ തത്വപ്രകാരം ഇന്ത്യന്‍ സാഹചര്യത്തിനിണങ്ങുന്ന നാല്് പി.പി.പി മാതൃകകള്‍ സമീപന രേഖ പരിചയപ്പെടുത്തുന്നു. 1. സ്വകാര്യ അടിസ്ഥാന സൌകര്യം^സര്‍ക്കാര്‍ നടത്തിപ്പ് രീതി: കേന്ദ്രം അല്ലെങ്കില്‍ സംസ്ഥാനം അല്ലെങ്കില്‍ ഇരുകൂട്ടരും ഒന്നിച്ച് സ്ഥാപനം നടത്തുക. നിക്ഷേപവും അടിസ്ഥാന സൌകര്യങ്ങളും സ്വകാര്യ സംഭരകര്‍ നടത്തുക. സര്‍ക്കാര്‍ വാര്‍ഷിക വാടക നല്‍കണം. അടിസ്ഥാന സൌകര്യങ്ങളിലും നിക്ഷേപം സംരഭകര്‍ക്ക് തിരിച്ചുപിടിക്കുന്നതിനും സംഭരകര്‍ക്ക് അവകാശമുണ്ടാകും. 2. നിക്ഷേപവും നടത്തിപ്പും സ്വകാര്യ ഉടമകള്‍ക്ക്: എല്ലാ ചിലവും സ്വകാര്യ നിക്ഷേപകര്‍ വഹിക്കും. സര്‍ക്കാറിന്റെ വാര്‍ഷിക വാടക, യൂസര്‍ചാര്‍ജ്, മറ്റ് സഹായങ്ങള്‍ എന്നിവ വഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാം. 3. സര്‍ക്കാറിന്റെ അടിസ്ഥാന സൌകര്യം^സ്വകാര്യ നടത്തിപ്പ്: ഇതില്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. കേന്ദ്രം അല്ലെങ്കില്‍ സംസ്ഥാനം അല്ലെങ്കില്‍ ഇരുകൂട്ടരും ഒന്നിച്ച് അടിസ്ഥാന സൌകര്യം ഒരുക്കണം. നടത്തിപ്പ് സ്വകാര്യ ഉടമകള്‍ക്ക് കൊടുക്കണം. യൂസര്‍ ചാര്‍ജ്, മറ്റ് സഹായം പോലുള്ളവയിലൂടെ നടത്തിപ്പ് ചിലവ് കണ്ടെത്താം. 4. പങ്കാളിത്ത രീതി: അടിസ്ഥാന സൌകര്യ നിര്‍മാണത്തില്‍ സര്‍ക്കാറും സ്വകാര്യ സംരഭകരും പങ്കാളികളാകണം. പങ്കാളിത്ത അനുപാതം പരസ്രം നിശചയിക്കാം. ഇങ്ങിനെയുണ്ടാക്കുന്ന സ്വത്ത് പണയംവച്ച് ഫണ്ട് കണ്ടെത്താം. അല്ലെങ്കില്‍ പലിശ രഹിത വായ്പയോ പലിശക്ക് സബ്സിഡിയോ സര്‍ക്കാര്‍ നല്‍കണം. നടത്തിപ്പ് ഇവിടെയും സ്വകാര്യ ഉടമകള്‍ക്ക് തന്നെ.
കമീഷന്‍ പറഞ്ഞ നാലില്‍ ഏത് രീതി നടപ്പാക്കിയാലും നേട്ടവും സ്ഥാപനത്തിന്റെ നിയന്ത്രണവും സ്വകാര്യ നിക്ഷേപകര്‍ക്കായിരിക്കും. സര്‍ക്കാറിന് മുടക്കാന്‍ പണമില്ലെന്ന് വാദിച്ചാണ് പി.പി.പി കൊണ്ടുവരുന്നത്. അതിനാല്‍ പേരിനെങ്കിലും പങ്കാളിത്തം പറയുന്ന നാലാമത്തെ രീതി ഒരിക്കലും നടപ്പാകുകയുമില്ല. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കാനും അത് ജനകീയമായി നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് നമ്മുടെ നിയമങ്ങള്‍ ഉണ്ടാക്കിയത്. ഇത് 'പ്രധാന പ്രശ്നവും സ്വകാര്യവല്‍കരണത്തിനുള്ള തടസ്സവു'മാണെന്നാണ് കമീഷന്‍കണ്ടെത്തല്‍. 'വിദ്യാഭ്യാസം സേവനവും പൊതുവിഭവവുമാണ് എന്ന സങ്കല്‍പമാണ് ഈ നിയമങ്ങളുടെ സത്ത'യെന്നും അതിനാല്‍ 'പണം മുടക്കാന്‍ കഴിയുന്നവര്‍ ഈ മേഖലയിലേക്ക് വരുന്നില്ല' എന്നുകൂടി കമീഷന്‍ നിരീക്ഷിക്കുന്നു.

അമേരിക്കന്‍ അനുഭവം

പി.പി.പി എങ്ങനെ പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കുമെന്ന് മുതലാളിത്തത്തിന്റെ സ്വപ്ന ഭൂമിയിലെ പ്രശസ്ത വിദ്യാഭ്യാസ ചിന്തകനായ പ്രൊഫ.മൈക്കിള്‍ ആപ്പിള്‍ കേരളത്തില്‍ വന്ന് മലയാളികള്‍ക്ക് നേരിട്ട് പറഞ്ഞു തന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: അമേരിക്കയിലെ പൊതുവിദ്യാഭ്യാസം തകര്‍ത്തത് പി.പി.പിയാണ്. പി.പി.പി നവ ഉദാരീകരണത്തിന്റെ ഉല്‍പന്നമാണ്. അത് സ്വകാര്യവല്‍കരണത്തിലേക്കുള്ള വഴിയാണ്. അമേരിക്കയില്‍ പല തരത്തിലാണ് അത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചത്. തുടക്കത്തില്‍ സ്കൂളിലെ അടിസ്ഥാന സൌകര്യങ്ങള്‍ അവര്‍ സൌജന്യമായി നല്‍കി. കമ്പ്യൂട്ടറുകള്‍ കൊടുത്തു. കെട്ടിടം ഉണ്ടാക്കി. നിരവധി സ്ഥാപനങ്ങള്‍ തുടങ്ങി. പിന്നീട് കരിക്കുലവും അവരുണ്ടാക്കി.
ക്രമേണ വിദ്യാഭ്യാസ മേഖലയില്‍ കോര്‍പറേറ്റുകളുടെ സ്വാധീനം ശക്തമായി. പൊതു സംവിധാനം ദുര്‍ബലപ്പെട്ടു. ഇതോടെ കോര്‍പറേറ്റുകള്‍ നികുതി ഇളവ് ആവശ്യപ്പെട്ടു തുടങ്ങി. അത് കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പൊതു വിദ്യാഭ്യാസ മേഖലയില്‍ ചിലവിട്ടിരുന്ന പണമാണ് നികുതി ഇളവായി മാറിയത്. അതോടെ നികുതി പണം കൊണ്ട് നടത്തിയിരുന്ന പൊതു വിദ്യാലയങ്ങള്‍ക്ക് മതിയായ ഫണ്ടില്ലാതായി. ചേരികള്‍ പോലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലും സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി. അവ ലാഭകരമല്ലാതായതോടെ ശമ്പളം ഉള്‍പെടെയുള്ള ചിലവുകള്‍ കുത്തനെ കുറച്ചു. ഫീസ് നല്‍കാനാവാതെ കുട്ടികള്‍ സ്കൂളില്‍ പോകാതായി. ദരിദ്രര്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് തഴയപ്പെട്ടു. ലാഭകരമല്ലാത്ത സ്കൂളുകള്‍ അവര്‍ ഉപേക്ഷിക്കുകയും ചെയ്തു.
ഇന്ത്യയില്‍ പി.പി.പി ആധിപത്യം നേടിയാല്‍ പിന്നെ സര്‍ക്കാറിന് അവരെ തടയാനാകില്ല. ഗുണനിലാവരം, സ്ത്രീ, ദലിത്, ദരിദ്ര, പിന്നാക്ക വിഭാഗങ്ങളുടെ തുല്യാവകാശം, അവരുടെ അവസരം തുടങ്ങിയ എല്ലാ മാനവിക തത്വങ്ങളും അട്ടിമറിക്കപ്പെടും. ധനിക^ദരിദ്ര വ്യത്യാസം കൂടും. എലൈറ്റ് ക്ലാസ് വിദ്യാഭ്യാസം മാമ്രാണ് പിന്നീട് നടക്കുക (മാധ്യമം ദിനപ്പത്രം, 7/12/2008).
വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത തിരുവനന്തപുരം സമ്മേളനത്തിലെ മുഖ്യാതിയായിരുന്നു പ്രൊഫ. മൈക്കിള്‍ ആപ്പിള്‍. മൂന്നുദിവസത്തെ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളാകട്ടെ പി.പി.പിയെ എന്തുവിലകൊടുത്തും ചെറുക്കണമെന്നും.എന്നാല്‍ ഈ ചര്‍ച്ചകളെയെല്ലാം അട്ടിമറിച്ച്, പി.പി.പിക്ക് പച്ചക്കൊടി കാട്ടുന്നതായിരുന്നു 'സെമിനാര്‍ പ്രഖ്യാപനം: പൊതു സ്വത്തില്‍ സ്വകാര്യ ഇടപെടല്‍ അനുവദിക്കുന്നതിനേക്കാള്‍, സ്വകാര്യ സ്വത്ത് പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കും'. ഇതില്‍ കൂടുതല്‍ ഒരു പി.പി.പി ലോക ബാങ്കുപോലും പറഞ്ഞിട്ടില്ല. ഈ പ്രഖ്യാപനവുമായി സെമിനാര്‍ പിരിഞ്ഞതോടെ കേരളത്തിന്റെ നയത്തില്‍ പി.പി.പിക്ക് 'അംഗീകാര'വുമായി.

എയിഡഡ് മുതല്‍ പി.പി.പി വരെ

കേരളത്തില്‍ നിലവിലുള്ള എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വാശ്രയ രീതികളെല്ലാം ഒരര്‍ഥത്തില്‍ പി.പി.പി ആണെന്ന ന്യായമാണ് ഇതിനായി ഉന്നയിക്കപ്പെടുന്നത്. ഈ രീതികളിലൊന്നും അക്കാദമികമായ സ്വാതന്ത്യ്രം സ്ഥാപന ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. എന്ത്^എങ്ങനെ പഠിപ്പിക്കപ്പെടണമെന്ന സുപ്രധാന ഭാഗം നിര്‍ണയിക്കുന്നത് ജനാധിപത്യ സര്‍ക്കാറാണ്. ഏറെ സുശക്തമായ സാമൂഹ്യക്രമത്തിന്റെ അരുചേര്‍ന്ന് നിന്നുകൊണ്ടാണ് കേരളം ഇപ്പറയുന്ന 'സ്വകാര്യവല്‍കരണം' നടപ്പാക്കിയത്. എന്നിട്ടുപോലും കേരളീയ വിദ്യാര്‍ഥി സമൂഹത്തെ അത് ദരിദ്രനും സമ്പന്നനുമായി വല്ലാതെ വിഭജിച്ചു കളഞ്ഞു. എന്നാല്‍ നിര്‍ദിഷ്ട പി.പി.പി ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ വകുപ്പുള്ളതല്ല. സ്വാശ്രയ രംഗത്തെ പരിമിത സ്വാതന്ത്യ്രം തന്നെ അനിയന്ത്രിതമായ അവകാശമായി പരിവര്‍ത്തിപ്പിക്കുന്നതിലൂടെ സാധാരണക്കാര്‍ ഈ സ്ഥാപനങ്ങളില്‍നിന്ന് അകന്നുപോകാന്‍ നിര്‍ബന്ധിതമാകുന്നതിനെ പോലും പ്രതിരോധിക്കാന്‍ കേരളത്തിനിപ്പോള്‍ കഴിയുന്നില്ല. ഇതിനിടെയാണ് പി.പി.പി വരുന്നത്.
വിദേശ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി കൊടുക്കണമെന്ന നിര്‍ദേശവും ഇതിന് അനുബന്ധമായി ഉയര്‍ന്നിട്ടുണ്ട്. വളരെക്കാലമായി ഈ ദിശയില്‍ ചര്‍ച്ചകളുണ്ടെങ്കിലും പി.പി.പിയോടെ അതും പ്രാബല്ല്യത്തില്‍ കൊണ്ടുവരാനാണ് നീക്കം. കേരളത്തിലെ ഏതാനും സ്വകാര്യ സംഭരകരാകില്ല പി.പി.പിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ എന്നര്‍ഥം. വന്‍കിട കോര്‍പറേറ്റുകളായിരിക്കും പകരമെത്തുക. കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകളും ഇതോടെ പുറന്തള്ളപ്പെടും.
സൌജന്യ വിദ്യാഭ്യാസ സങ്കല്‍പത്തില്‍ നിന്നാണ് കേരളം പരിമിതമായ ചെലവുകളുള്ള 'എയ്ഡഡി'ലേക്ക് ചുവട് വച്ചത്. സാധാരണക്കാരനും താങ്ങാവുന്ന ഇതിലെ പഠനച്ചെലവ് പൂര്‍ണമായി നിശ്ചയിച്ചതാകട്ടെ സര്‍ക്കാറും. എയ്ഡഡിന്റെ അടുത്ത തലമുറയായി വന്നത് അണ്‍എയ്ഡഡ് സ്ഥാപനങ്ങളാണ്. അത് അല്‍പംകൂടി ഉയര്‍ന്ന ചിലവുകളുള്ള സംവിധാനമായി. സര്‍ക്കാര്‍ നിയന്ത്രണം പരിമിതമാക്കപ്പെട്ടു. മധ്യവര്‍ഗം കൂട്ടത്തോടെ അണ്‍എയ്ഡഡിലേക്ക് കൂടുമാറി. ഇത് എയ്ഡഡ്/പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലമാക്കുന്ന കാഴ്ച നാം നേരില്‍കാണുന്നുണ്ട്. അണ്‍ എയ്ഡഡിന്റെ പിന്‍തലമുറയാണ് സ്വാശ്രയ സ്ഥാപനങ്ങള്‍. അത് പഠനച്ചെലവ് മധ്യവര്‍ഗത്തിന്കൂടി അപ്രാപ്യമാക്കി. പാവപ്പെട്ടവന് അങ്ങോട്ട് പ്രവേശനമില്ലാതായി. സാധാരണക്കാരന് സ്കൂള്‍ നിഷേധിക്കുന്ന സാമ്പത്തിക വരേണ്യതയിലേക്കുള്ള 'വളര്‍ച്ച'യാണ് അരനൂറ്റാണ്ടുകൊണ്ട് കേരളം രൂപപ്പെടുത്തിയെടുത്ത വിദ്യാഭ്യാസ സങ്കല്‍പത്തിന്റെ അടിസ്ഥാന സ്വഭാവമായി മാറിയതെന്ന് എയിഡഡില്‍ നിന്ന് സ്വാശ്രയത്തിലേക്കുള്ള മുന്നേറ്റം അടിവരയിടുന്നു. ഇതിന്റെ 'നവീകൃത' രൂപമായാണ് പി.പി.പി വരുന്നത്.
സ്വാശ്രയ മേഖലയിലെത്തിയപ്പോള്‍ തന്നെ കേരളത്തില്‍ സര്‍ക്കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എയ്ഡഡ് മുതല്‍ 'വളര്‍ച്ച'യുടെ ഓരോ ഘട്ടത്തിലും അത് വ്യത്യസ്ത രീതിയിലും സ്വഭാവത്തിലും വര്‍ധിക്കുകയായിരുന്നു. സര്‍ക്കാര്‍ മാത്രം നടത്തിയിരുന്ന പ്രൊഫഷണല്‍ കോഴ്സ് പ്രവേശനവും പരീക്ഷയും വരെ കോളജ് ഉടമകള്‍ സ്വന്തം നിലക്ക് നടത്തുന്നേടത്തോളം അതെത്തി. ഈ പശ്ചാത്തലത്തിലേക്കാണ് പി.പി.പി വരുന്നത്.
എയിഡഡ് സംവിധാനം പോലെ സുശക്തമായ സാമൂഹിക/സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്വകാര്യ സഹകരണം നടപ്പാക്കുന്നത് അത്ര അപകടകരമല്ല. എന്നാല്‍ എല്ലാതരത്തലുമുള്ള സ്വാതന്ത്യ്രമാണ് സ്വകാര്യ സഹകരണത്തിന്റെ താല്‍പര്യമെങ്കില്‍ അത് കെട്ടുറപ്പുള്ള വിദ്യാഭ്യാസ സംവിധാനത്തെ അട്ടിമറിക്കുക തന്നെ ചെയ്യും. മൂലധനത്തിന് പൂര്‍ണമായി സ്വാധീനിക്കാന്‍ കഴിയാത്തതാകണം വിദ്യാഭ്യാസ രംഗം. അത് പൊതുപണത്തിന് പ്രാമുഖ്യം കൊടുത്ത് തന്നെ സ്ഥാപിക്കപ്പെടുകയും വേണം.

അമേരിക്കന്‍ മോഡലിന്റെ
കേരളീയ പ്രതിസന്ധികള്‍

പ്രൊഫ. ആപ്പിള്‍ പറഞ്ഞ പ്രത്യാഘാതങ്ങള്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിനകം തന്നെ പ്രത്യക്ഷമായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വാശ്രയ എഞ്ചി. കോളജുകളിലെ മെറിറ്റ് സീറ്റില്‍ പ്രവേശനം കിട്ടിയ സംവരണ വിഭാഗത്തിലെ കുട്ടികള്‍ കൂട്ടത്തോടെ മലയോര ജില്ലയിലെ, പഠന നിലവാരം കുറഞ്ഞ ഒരു കോളജിലേക്ക് തള്ളപ്പെട്ടു. സര്‍ക്കാര്‍ ഫീസ് നിശ്ചയിക്കുന്ന സ്വാശ്രയക്കോളജുകളിലെ മെറിറ്റ് സീറ്റില്‍ പോലും പഠിക്കാന്‍ കഴിയാതെ ഏറെ കുട്ടികള്‍ പ്രവേശനമെടുത്തില്ല. പലയിടത്തും പഠന നിലവാരം കുറയുന്നു. ഇന്റേണല്‍ മാര്‍ക്ക് കൂട്ടിയിട്ട് വിജയ ശതമാനം ഉണ്ടാക്കുന്ന പ്രവണതകളും വ്യാപകമായിട്ടുണ്ട്. ദരിദ്രര്‍ അകറ്റപ്പെടുന്നതും ഒതുക്കപ്പെടുന്നതും നിക്ഷേപകന്റെ താല്‍പര്യം വിദ്യാഭ്യാസ രംഗത്ത് മേല്‍ക്കൈ നേടുന്നതും ഇപ്പോള്‍ തന്നെയുണ്ടെന്ന് ഈ സംഭവങ്ങള്‍ സാക്ഷ്യം പറയുന്നു. ആപ്പിള്‍ പറഞ്ഞ ദുരന്തം ചെറിയ അളവില്‍ ഇവിടെ വന്നു കഴിഞ്ഞുവെന്നര്‍ഥം. അത് വ്യാപകമാക്കുകയാണ് കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ ലക്ഷ്യം. പി.പി.പിയുടെ ഉറവിടം ലോകബാങ്കാകുന്നതും നയം സ്വകാര്യവല്‍കരണാമകുന്നതും അതുകൊണ്ടാണ്. ഉന്നത വിദ്യാഭ്യാസത്തിന് പിന്നാലെ പൊതു വിദ്യാഭ്യാസത്തെയും ഇതേ പന്തിയിലേക്ക് കൊണ്ടുവരാനുള്ള കുറുക്കുവഴിയാണ് പി.പി.പി.

(പാടൂര്‍ അലീമുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്കൂള്‍ സുവനീറില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...