Sunday, April 24, 2011

നടപ്പാക്കിയ നയങ്ങള്‍ക്ക് പിന്‍വാതില്‍ അംഗീകാരം (ജലനയം... രണ്ടാം ഭാഗം)



കേരളത്തിന്റെ കുടിവെള്ള മേഖലയില്‍ രണ്ടുതരം പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ ലോകബാങ്ക് മേല്‍നോട്ടത്തില്‍ \'ജലനിധി\'യും നഗരസഭകളിലൂടെ എ.ഡി.ബി പണം മുടക്കുന്ന പദ്ധതികളും. ഈ രണ്ടുതരം പദ്ധതികളും മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ ഒന്നുതന്നെയാണ് ^എല്ലാ അര്‍ഥത്തിലും വെള്ളത്തെ സ്വകാര്യവത്കരിക്കുക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജലനയത്തിന്റെ മര്‍മവും അതുതന്നെയാണ്. സുസ്ഥിരവികസനം, പങ്കാളിത്ത പദ്ധതി തുടങ്ങിയ പ്രയോഗങ്ങളിലൂടെ വെള്ളം വിലയിട്ട് വില്‍ക്കാവുന്ന ഉല്‍പന്നമാണ് എന്നാണ് ജലനയവും പറയുന്നത്.
2001ലാണ് ജലനിധി കേരളത്തില്‍ നടപ്പാക്കുന്നത്. നാല് ജില്ലകളിലെ 100 പഞ്ചായത്തുകളില്‍ ആദ്യം കൊണ്ടുവന്ന പദ്ധതി പിന്നീട് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു പദ്ധതിയുടെ സംസ്ഥാപനം, നടത്തിപ്പ്, അറ്റകുറ്റപ്പണി, മേല്‍നോട്ടം തുടങ്ങി എല്ലാ മേഖലകളിലും ഗുണഭോക്താവിന്റെ പങ്കാളിത്തം ഉണ്ടാവണമെന്നതാണ് ഇതിന്റെ വ്യവസ്ഥ. വെള്ളം ആവശ്യമുള്ളവരെല്ലാം പണം മുടക്കണം, പൊതുടാപ്പ് സംവിധാനം ഇല്ലാതാക്കണം, സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കണം തുടങ്ങിയ കര്‍ശന വ്യവസ്ഥകളും പദ്ധതിയിലുണ്ട്. ഇത് പരസ്യമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്.
ലോകബാങ്ക് നിയന്ത്രിത സ്ഥാപനം മേല്‍നോട്ടം വഹിക്കുന്ന ജലനിധി നടപ്പാക്കിയേടത്തെല്ലാം പ്രത്യാഘാതങ്ങളും ശക്തമായ ജനകീയ പ്രതിഷേധങ്ങളുമുയര്‍ന്നിരുന്നു. ചെറുകിട ജലവിതരണ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഗുണഭോക്തൃ സംഘങ്ങള്‍ക്കും കൈമാറുകയും ഗവണ്‍മെന്റ് തന്ത്രപരമായി ജലവിതരണത്തില്‍നിന്ന് പിന്‍വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത് ഏറക്കുറെ സംഭവിച്ചുകഴിഞ്ഞു. പൊതുടാപ്പ് നീക്കുന്നതിനെതിരെ ശക്തമായ ജനകീയ സമരങ്ങളുയര്‍ന്നപ്പോള്‍ അത് തല്‍ക്കാലം നിര്‍ത്തി. എന്നാല്‍, ജലനിധി നിലവില്‍വന്നിടങ്ങളില്‍നിന്ന് ഇപ്പോള്‍ പൊതുടാപ്പുകള്‍ നിര്‍ബന്ധപൂര്‍വം മാറ്റാന്‍ തുടങ്ങിയിരിക്കുന്നു. വേണമെങ്കില്‍ ഏതെങ്കിലും വ്യക്തിയുടെ പേരില്‍ കണക്ഷന്‍ നിലനിര്‍ത്താമെന്നാണ് ഒടുവിലത്തെ നിര്‍ദേശം. എ.ഡി.ബിയുടെ കുടിവെള്ള പദ്ധതികളുടെയും നിബന്ധന ഇതൊക്കെത്തന്നെയാണ്. \'വെള്ളം 21ാം നൂറ്റാണ്ടില്‍\' എന്ന പ്രത്യേക പ്രമേയത്തില്‍ തയാറാക്കിയ 1999ലെ എ.ഡി.ബിവാര്‍ഷിക റിപ്പോര്‍ട്ടില്‍ വെള്ളം വില്‍പനക്ക് വെക്കേണ്ടതിന്റെ അനിവാര്യത അടിവരയിട്ട് പറയുന്നുണ്ട്.
നിലവില്‍ കേരളത്തിന്റെ ജലവിഭവ മേഖല ഏറക്കുറെ കൈയടക്കിക്കഴിഞ്ഞ, എ.ഡി.ബിക്കും ലോകബാങ്കിനും അവര്‍ നടപ്പാക്കിയ പദ്ധതികള്‍ക്കും നയപരമായ അംഗീകാരം നല്‍കുക മാത്രമാണ് പുതിയ ജലനയത്തിലൂടെ സംഭവിക്കുന്നത്. എ.ഡി.ബിയുടെയും ലോകബാങ്കിന്റെയും നിബന്ധകള്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമല്ല എന്ന് ഇനി സമാധാനിക്കുകയുമാകാം.
ഇത് മാത്രമല്ല, \'വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ പ്രോഗ്രാം\' പദ്ധതികളുടെ മറവില്‍ കേരളത്തിലെ ജലവിഭവങ്ങളുടെ ആധികാരികത പ്രഖ്യാപിക്കാനുള്ള അവകാശവും ഇപ്പോള്‍ എ.ഡി.ബിയും ലോകബാങ്കും ഇവരെ സഹായിക്കുന്ന ഏജന്‍സികളും ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. അതിന് പര്യാപ്തമായ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. നടപ്പാക്കിത്തുടങ്ങിയ കിണര്‍ രജിസ്ട്രേഷന്‍ അതിലൊന്നാണ്. രജിസ്റ്റര്‍ ചെയ്ത കിണറുകളിലെ വെള്ളം ശുദ്ധമാണോ എന്ന പരിശോധനയാണ് ഇനി വരാനിരിക്കുന്നത്. ഇതിന് പ്രത്യേക ചോദ്യാവലി തയാറായിട്ടുണ്ട്. ഈ ചോദ്യാവലിയനുസരിച്ച് കേരളത്തിലെ ഒരു കിണറിലും ഇനി ശുദ്ധജലമുണ്ടാകില്ല. ഇത്തരം പദ്ധതികള്‍ എതിര്‍പ്പില്ലാതെ നടപ്പാക്കാനാവശ്യമായ നയങ്ങളാണ് പുതിയ ജലനയത്തില്‍ സര്‍വത്രയുള്ളത്. കിണര്‍ വെള്ളത്തിലെ മാലിന്യമാണ് വാട്ടര്‍ സെക്റിലെ സുപ്രധാന പ്രശ്നമായി ജലനയം പറയുന്നത് (1.6).
വീട്ടുമുറ്റത്തെ കിണര്‍ ഇനി ഉപയോഗിക്കാന്‍ ഇനി മറ്റാരുടെയെങ്കിലും അനുമതി ണ്ടിേവരും. പുതിയ കിണര്‍ സ്ഥാപിക്കാന്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ ചില സ്ഥലങ്ങളില്‍ ഇതിനകം വന്നുകഴിഞ്ഞു. ഇതിന് സഹായകരമായി, വെള്ളം പരിശോധന സ്ഥിരം സംവിധാനമായി നിലനിര്‍ത്തണമെന്ന് ജലനയം പറയുന്നു (2.6).

ജലനയം വന്ന വഴി
എ.ഡി.ബിയുടെയും ലോകബാങ്കിന്റെയും അവരുടെ ചുവടൊപ്പിച്ച് നടപ്പാക്കിയ സ്വജല്‍ധാര പോലുള്ള പദ്ധതികളുടെയും നയവും നിബന്ധനകളും ഒന്നായിത്തീര്‍ന്നത് കേവലം യാദൃച്ഛികതയല്ല. കേരളത്തില്‍ ഇവരുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ഈ നിബന്ധനകളില്‍ വിട്ടുവീഴ്ച ചെയ്തു എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഇവരുടെ പ്രഖ്യാപിത നയത്തില്‍നിന്ന് എവിടെയും പിന്നാക്കംപോയ ചരിത്രമില്ല. 1999ലെ എ.ഡി.ബി വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെള്ളം കൈകാര്യംചെയ്യുന്നതിനെപ്പറ്റി കൃത്യമായ നയപ്രഖ്യാപനമുണ്ട്. അതിനാധാരമായി എ.ഡി.ബി പറയുന്നത് ഡബ്ല്ലിന്‍ തത്വങ്ങളാണ്.
1992ല്‍ യു.എന്‍ നേതൃത്വത്തില്‍ \'വെള്ളം പരിസ്ഥിതി വിഷയങ്ങളില്‍\' ഡബ്ല്ലിനില്‍ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയാണ് നാലു തത്വങ്ങള്‍ പ്രഖ്യാപിച്ചത്. വെള്ളം ഒരു വില്‍പന ചരക്കാണെന്നും (economic good) അതിന് വിപണി മൂല്യമുണ്ടെന്നുമായിരുന്നു ഒരു തത്വം. ഗുണഭോക്താക്കളുടെ നിയന്ത്രണത്തിലുള്ള പങ്കാളിത്ത കുടിവെള്ള പദ്ധതി നടപ്പാക്കണം എന്നതാണ് മറ്റൊന്ന്. വെള്ളത്തിന്റെ സ്വകാര്യ^വ്യാപാരവത്കരണത്തിനുള്ള ആദ്യത്തെ അന്താരാഷ്ട്ര പരസ്യ പ്രഖ്യാപനമായിരുന്നു അത്.
108 രാഷ്ട്ര പ്രതിനിധികള്‍ പങ്കെടുത്ത ഈ ഉച്ചകോടി എങ്ങനെ ലോകബാങ്ക് നയം പ്രഖ്യാപിച്ചു എന്നത് സ്വാഭാവികമായ സംശയമാകാം. സമ്മേളനത്തിന്റെ സംഘാടനത്തിനും നയപരമായ തീരുമാനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് യു.എന്നില്‍ ഉന്നതോദ്യോഗസ്ഥനായിരുന്ന മോറിസ് എഫ് സ്ട്രോംഗ് ആയിരുന്നു; സമ്മേളനത്തിന്റെ സെക്രട്ടറി ജനറലും. ലോകബാങ്ക് പ്രസിഡന്റിന്റെ സീനിയര്‍ അഡൈസര്‍ കുടിയായിരുന്നു ഇയാളപ്പോള്‍. ലോകബാങ്ക് പിന്നില്‍ നിന്ന് നടത്തിയ ഈ ഉച്ചകോടിയുടെ പ്രഖ്യാപനമാണ് പിന്നീടങ്ങോട്ട് ജലവിഭവമേഖലയുടെ (ധനകാര്യ ഏജന്‍സികളുടെയും) വേദവാക്യമായി സ്വീകരിക്കപ്പെട്ടത്.
ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് ലോക ജല സമ്മേളനങ്ങളും ലോക ജല ഫോറങ്ങളുമെല്ലാം സംഘടിപ്പിക്കപ്പെട്ടത്. ഈ സമ്മേളനങ്ങളുടെയും അവയുടെ പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ തയാറാക്കപ്പെട്ട ദേശീയ ജലനയം, ഇന്ത്യ ജലവിഷന്‍ ^2025, ലോക ബാങ്ക് തയാറാക്കിയ ഇന്ത്യന്‍ ജലനയരേഖ എന്നിവയൊക്കെയാണ് സംസ്ഥാന സര്‍ക്കാറിന്റെ നയരൂപവത്കരണത്തിനും അടിത്തറയായത്.
കേരളത്തില്‍ ഇതിന് സഹായകമായ മറ്റൊരു പഠനം നേരത്തെ നടന്നിരുന്നു. സോഷ്യേ^ഇക്കണോമിക്് യൂനിറ്റ് ഫൌണ്ടേഷന്‍, ലോകബാങ്കിന്റെ പണം വാങ്ങി കേരള സര്‍ക്കാറിന് വേണ്ടി നടത്തിയ പഠനം. ഈ പഠനവും ഇതേ നയങ്ങള്‍ പിന്തുടരാന്‍ ശക്തമായി ശിപാര്‍ശ ചെയ്യുന്നതായിരുന്നു. കേരളീയര്‍ വരുമാനത്തിന്റെ 3^5% വിഹിതം കുടിവെള്ളത്തിനായി മുടക്കാന്‍ തയാറുള്ളവരാണെന്നും ഇത് നല്ല അവസരമായി ഉപയോഗപ്പെടുത്തി പങ്കാളിത്ത പദ്ധതികള്‍ നടപ്പാക്കണമെന്നും ഈ പഠനം ശിപാര്‍ശ ചെയ്യുന്നു.
ജലനയം രൂപപ്പെട്ട വഴികളിലൊന്നും എവിടെയും ജനതാല്‍പര്യം പരിഗണിക്കപ്പെട്ടിട്ടില്ല. എന്ന് മാത്രമല്ല, വെള്ളക്കച്ചവടക്കാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ വേണ്ടത്ര പരിഗണിച്ചിട്ടുമുണ്ട്. കൈയൂക്കുള്ളവന് എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന കുറെ വാചകങ്ങള്‍ എഴുതിവച്ച്, അത് ഔദ്യോഗിക നയമാക്കുകയണിവിടെ ചെയ്യുന്നത്. വെള്ളം വില്‍പനക്ക് വക്കാവുന്ന ചരക്കല്ലെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവമാണ് ഇടതു സര്‍ക്കാര്‍ കാട്ടേണ്ടത്. അതുണ്ടായില്ലെന്നതോ പോകട്ടെ, ലക്ഷങ്ങള്‍ മുടക്കിയ ശില്‍പശാലകള്‍ നടത്തി പൊതുജനത്തെ പരിഹസിക്കുകകൂടി ചെയ്യുന്നുണ്ടിവിടെ. മിതമായി പറഞ്ഞാല്‍ ഇതു ധിക്കാരമാണ്. ഒരു ജനാധിപത്യ സര്‍ക്കാറിന് ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത ധിക്കാരം. ഈ കരട് രേഖകള്‍ തിരുത്തി, വെള്ളം അമൂല്യമായ പ്രകൃതി സ്വത്താണെന്നും അത് ജനങ്ങളുടെ മൌലികാവകാശമാണെന്നും വില്‍പനക്ക് വക്കാനാവില്ലെന്നും കൃത്യമായി പ്രഖ്യാപിക്കണം. അതിലപ്പുറം ഒരു വിശദീകരണം ജലനയത്തിന് ആവശ്യവുമില്ല. അതിന് കഴിയില്ലെങ്കില്‍ മുന്നണിയുടെ പേരില്‍നിന്ന് \'ഇടതുപക്ഷ\'മെന്ന വിശേഷണമെങ്കിലും വെട്ടിക്കളയണം. അതാണ് സാമാന്യ മര്യാദ.

(1o...02...2008)

No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...