തിരുവനന്തപുരം: 'സ്നേഹത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കാന്‍ ഒരു വിചിത്ര ഭാഷ പ്രദാനം ചെയ്യേണമേ'യെന്ന സ്വന്തം പ്രാര്‍ഥനയുടെ സാഫല്യത്തില്‍ അനന്തപുരിയിലെ പാളയംപള്ളി പരിസരത്ത് പൂമരച്ചോട്ടിലെ ആറടിമണ്ണില്‍ കമല സുറയ്യക്ക് അന്ത്യനിദ്ര. മരണത്തിന്റെ മഹാമൌനംകൊണ്ട് കമലതന്നെ സൃഷ്ടിച്ച സ്നേഹത്തിന്റെ പുതിയ ഭാഷ. അതെഴുതാന്‍ അക്ഷരങ്ങളില്ല. പറയാന്‍ വാക്കുകളില്ല; കേള്‍ക്കാന്‍ സംഗീതവും. ഒരു താളവും ഈണവും അതിനിണങ്ങുന്നുമില്ല. ആ ഭാഷയുടെ സ്നേഹസൌരഭ്യം മലയാളക്കരക്ക് നേരിട്ട് പകരുന്നതായിരുന്നു അവരുടെ അവസാനയാത്രയുടെ ഓരോ ചുവടും.
പാളയം ജുമാമസ്ജിദില്‍ ഇന്നലെ കൂടിയവരെല്ലാം സംസാരിച്ചത് ആ വിചിത്രഭാഷ. സര്‍വരും അന്യോന്യം അത് തിരിച്ചറിഞ്ഞു, സ്വയമറിയാതെ. വിശ്വാസാചാരങ്ങളുടെ മതാതിര്‍ത്തികള്‍ കടന്ന് പാളയം പള്ളിമതിലിനകത്തെ ചെറുമുറ്റത്ത് കേരളത്തിന്റെ വൈവിധ്യങ്ങളത്രയും ഒന്നായി നിന്നു. നാട്ടാചാരങ്ങളുടെ തലനാരിഴ കീറാതെ സ്നേഹം നൂലിഴയാക്കി അവര്‍ ബഹുമത സഹവര്‍ത്തിത്വത്തിന്റെ പുതിയ ഭൂമിക പണിതു. അത്രമേല്‍ സവിശേഷമായിരുന്നു ഇന്നലെ അനന്തപുരി കണ്ട കാഴ്ചകള്‍. രാവിലെ മുതല്‍തന്നെ കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരങ്ങള്‍ പാളയം പള്ളി അങ്കണത്തിലേക്കൊഴുകി. പള്ളിക്കകവും പുറവും ശ്മശാനവും ചുറ്റുമതിലും മരക്കൊമ്പുകളുമെല്ലാം നിറഞ്ഞു.
പുലര്‍ച്ചെ മൃതദേഹം കുളിപ്പിക്കാനും പുടവയണിയിക്കാനുമായി പാളയത്തേക്ക് കൊണ്ടുവന്നിരുന്നു.
അതിന് കൂട്ടായി മക്കളുടെ ഭാര്യമാരായ ലക്ഷ്മിയും ദേവിയും അവരുടെ മക്കളുമെത്തി. അന്ത്യചടങ്ങുകള്‍ക്കായി ജമാഅത്ത് കമ്മിറ്റിയും മറ്റും നടത്തിയ ഒരുക്കങ്ങളില്‍ അവരും പങ്കുചേര്‍ന്നു. മയ്യിത്ത് കുളിപ്പിക്കാന്‍, പുടവയണിയിക്കാന്‍, പ്രാര്‍ഥിക്കാന്‍. അതുകഴിഞ്ഞ് സ്ത്രീകളുടെ മയ്യിത്ത് നമസ്കാരം നടന്ന മുറിയുടെ മുന്‍നിരയില്‍ അവര്‍ നിന്നു. ഇതിനിടെ അവര്‍ അമ്മക്കൊരുക്കിയ ഖബര്‍ കണ്ടു. പ്രിയപ്പെട്ട എഴുത്തുകാരിയുടെ മണ്ണിടം കാണാന്‍ നൂറുകണക്കിനാളുകള്‍ അപ്പോള്‍ അവിടെ വന്നുപോയ്കൊണ്ടിരുന്നു. എട്ടേകാലോടെ അവസാന പ്രാര്‍ഥനക്കായി കൊണ്ടുവന്ന മൃതദേഹത്തിനൊപ്പം ജനസാഗരം പള്ളിയിലേക്കൊഴുകിക്കയറി. ഒരതിരും ആരെയും തടഞ്ഞില്ല. എല്ലാവരും തോളോടുതോള്‍ ചേര്‍ന്ന് നമസ്കാരത്തിനായി അണിയൊപ്പിച്ചുനിന്നു. ആദ്യനിരയില്‍ തന്നെ മൃതദേഹത്തിന് തൊട്ടരികെ മക്കളായ എം.ഡി നാലപ്പാടും ചിന്നന്‍ദാസും ജയസൂര്യയും കുടുംബസുഹൃത്ത് മുരുകനും നിന്നു. എല്ലാവരും ചേര്‍ന്ന്, ഒരുപോലെ അവരുടെ നിത്യശാന്തിക്കായി പ്രാര്‍ഥിച്ചു.
സംസ്കാരത്തിനായി ശ്മശാനത്തിലേക്കെടുത്ത മൃതദേഹം ഖബറിനരികെ സ്വീകരിച്ചതും മക്കളും മരുമക്കളും പേരമക്കളും ചേര്‍ന്നുതന്നെ. കൂടെ കേരളത്തിന്റെ സാംസ്കാരിക ലോകവും ഭരണനേതൃത്വവും മതനേതാക്കളും. പോലിസ് കെട്ടിയ ബാരിക്കേഡിന് ചുറ്റും വന്‍ ജനാവലി നിരന്നു. മൃതദേഹം ഖബറില്‍വെച്ച് പിരിയുന്നതിന് മുമ്പേ, വന്നവരെല്ലാം ഒരുപിടി മണ്ണ് ആ കുഴിയിലര്‍പ്പിച്ചു^മണ്ണായ മനുഷ്യന്റെ മണ്ണിലേക്കുള്ള മടക്കത്തിന്റെ പ്രതീകവത്കരണം. മകന്‍ നാലപ്പാട് അത് തുടങ്ങിവെച്ചു. ചിന്നനും ജയസൂര്യയും ലക്ഷ്മിയും ദേവിയും അവരുടെ മക്കളും ബന്ധുക്കളുമെല്ലാം ആ പിടിമണ്ണിട്ട് യാത്ര പറഞ്ഞു. 'എന്റെ ചുണ്ടുകള്‍ വരളുന്നു. വായില്‍ വാക്കുകള്‍ക്ക് സ്ഥാനമില്ലാതായിരിക്കുന്നു. ഈ വായില്‍ ഒരുപിടി മണ്ണ് നിങ്ങള്‍ ഓരോരുത്തരും ഇട്ടുതരിക' എന്ന് നേരത്തേ എഴുതിവെച്ച കമലയുടെ സ്നേഹ ശാസന പിന്നെ കേരളം എറ്റെടുത്തു. 'ആലിപ്പഴവും മഞ്ഞുകട്ടകളും കൊണ്ട് എന്റെ ശരീരത്തെ വിശുദ്ധമാക്കേണമേ' എന്ന സുറയ്യയുടെ പ്രിയപ്പെട്ട കവിത പ്രാര്‍ഥനയായിചൊല്ലി ആ ആള്‍ക്കൂട്ടം പിരിഞ്ഞു.
പിന്നാലെ അവിടെ വന്നവരെല്ലാം ഖബറിടത്തിലേക്ക് വരിയായി നടന്നു ചെന്നു. മണ്ണിട്ടും പൂക്കളര്‍പ്പിച്ചും കൈകൂപ്പിയും അവരവിടെ തീര്‍ഥാടനം ചെയ്തു. 'എന്റെ കഥയും നീര്‍മാതളവു'മെല്ലാം നെഞ്ചില്‍ ചേര്‍ത്തുപിടിച്ചുവന്ന പുതുതലമുറ മുതല്‍ വടിയൂന്നിവന്ന വൃദ്ധര്‍വരെ. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആ പ്രവാഹം ഏറെ നേരം തുടര്‍ന്നു. ഓരോരുത്തരും അവര്‍ക്കറിയാവുന്ന മന്ത്രങ്ങള്‍ ചൊല്ലി, പ്രാര്‍ഥിച്ചു.
അല്ലാഹുവിന്റെ കാരുണ്യത്തണലില്‍ ഉറങ്ങാന്‍ കൊതിച്ച അമ്മയെ അവസാനംവരെ അനുഗമിച്ചെത്തി മക്കളും ബന്ധുക്കളും. വിശ്വാസത്തിന്റെ സ്നേഹച്ചരടുകൊണ്ട് അവരെ ചേര്‍ത്തുപിടിച്ച ഒരായിരം സഹോദരങ്ങള്‍.
രണ്ട് സംസ്കൃതികള്‍ക്കിടയില്‍ ഈടുറ്റ സൌഹൃദപ്പാലമൊരുക്കിയ സ്നേഹത്തിന്റെ കഥാകാരിക്ക് നന്ദിയുടെ ഒരു പിടി കണ്ണീര്‍പൂക്കളര്‍പ്പിച്ചാണ് സാംസ്കാരികകേരളം ഇന്നലെ പാളയത്തുനിന്നു മടങ്ങിയത്.
(02...06...09)
No comments:
Post a Comment