Saturday, April 23, 2011

ഏഴ് പെണ്ണുങ്ങള്‍


വനിതാ വിമോചന പോരാട്ടത്തിന്റെ ആഗോള ചരിത്രത്തിന് രണ്ട് നൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. എന്നിട്ടും പെട്രോളിന് തീപിടിച്ചപോലെ അത് ലോകമാകെ പടര്‍ന്നു. വൈകിത്തുടങ്ങുകയും അതിവേഗം വളരുകയും ചെയ്തതാണ് അതിന്റെ എല്ലാ ദൌര്‍ബല്ല്യങ്ങളും. ഒരു പെണ്ണ് എന്തോ പറഞ്ഞപ്പോഴേക്കും 'അടിവസ്ത്രം കത്തിക്കല്‍' പ്രസ്ഥാനമുണ്ടായതാണ് പാരമ്പര്യം. കമ്യൂണിസ്റ്റ് വനിതകളടക്കം അന്നേരം അരഞ്ഞാണം വരെ ഉപേക്ഷിച്ച് തെരുവിലിറങ്ങി. അമേരിക്കയില്‍ പല അടിവസ്ത്ര വില്‍പന കേന്ദ്രങ്ങളും അക്കാലത്ത് പൂട്ടിപ്പോയെന്നുവരെ പറയപ്പെടുന്നു.
ഇത് വഴി തെറ്റിയ സമരമായിരുന്നുവെന്ന് പറഞ്ഞാണ് തൊണ്ണൂറുകളില്‍ വനിതാ വിമോചനത്തിന്റെ മൂന്നാം തലമുറ രൂപംപ്രാപിച്ചത്. ഇക്കൂട്ടത്തില്‍പെട്ടയാളാണ് കെ.കെ ഷൈലജ ടീച്ചര്‍. കമ്യൂണിസ്റ്റ് വനിതകളുടെ സംസ്ഥാന സെക്രട്ടറി. ഫെമിനിസ്റ്റുകളുടെ ആഗോള ദൌര്‍ബല്യങ്ങളുണ്ടെങ്കിലും ഒരു വി.ഐ.പിയെയും വെറുതെ വിടില്ലെന്നതാണ് സ്ഥായീ ഭാവം. അടിയന്തിര പ്രമേയ ചര്‍ച്ചക്കിടെ ടീച്ചര്‍ക്കൊരു ക്രമ പ്രശ്നമുണ്ടായി. 'കെ. ശിവദാസന്‍നായര്‍ സ്ത്രീകളെ ആക്ഷേപിച്ചിരിക്കുന്നു. മാപ്പ് പറയണം. പരാമര്‍ശം പിന്‍വലിക്കണം.' അപ്പോള്‍ മന്ത്രിയുടെ മറുപടി കഴിഞ്ഞിരുന്നു. കെ.സി ജോസഫിന്റെ ക്രമപ്രശ്നം സ്പീക്കര്‍ തീര്‍പ്പാക്കിയിരുന്നു. ശിവദാസന്‍നായര്‍ പ്രസംഗിച്ച് അരമണിക്കൂര്‍ പിന്നിട്ടിരുന്നു.
പറഞ്ഞതെന്തെന്ന് ശിവദാസന്‍നായര്‍ പോലും മറന്നുതുടങ്ങിയ നേരത്താണ് ടീച്ചര്‍ക്കത് മനസ്സിലായത്. വൈകിയുദിക്കലാണല്ലോ പാരമ്പര്യം. എന്നാലും ആളിക്കത്താതിരിക്കാനുമാവില്ല. അതിന് പറ്റിയ ഇന്ധനം കെ.കെ ലതികയാണ്. എന്തും പറയും. എങ്ങനെയും പറയും. എത്രയുച്ചത്തിലും പറയും. ലതിക പറഞ്ഞു തുടങ്ങിയാല്‍ മൈക്ക് നിയന്ത്രിക്കുന്ന സ്പീക്കര്‍ പോലും തോല്‍ക്കും. സ്ത്രീ അധിക്ഷേപമായാല്‍ പിന്നെ രക്ഷയുമില്ല. സ്വന്തം പാര്‍ട്ടി നേതാവായാലും തല്‍ക്ഷണം കൈ വെട്ടലാണ് രീതി. കൂട്ടിന് കെ. സലീഖ, ജെ. അരുന്ധതി എന്നിവരും. ഇവര്‍ക്കൊന്നും പിന്നിലല്ല ഇ.എസ് ബിജിമോള്‍. പെണ്‍ വിഷയമാണെങ്കില്‍ സുഷമ സ്വരാജിനെയും കെട്ടിപ്പിടിക്കാമെന്ന് പോളിറ്റ് ബ്യൂറൊ മാതൃകയുള്ളതിനാല്‍ എല്ലാവരും വളരെ പെട്ടെന്ന് ഒന്നായി. നിന്നനില്‍പില്‍ ആളിക്കത്തി. പിന്നെ ബഹളമായി. മുദ്രാവാക്യം വിളിയായി. പ്രകടനമായി. നടുത്തളത്തിലിറങ്ങാതെയും സഭ സ്തംഭിപ്പിക്കാമെന്ന് ഭരണക്കാരായ പെണ്ണുങ്ങള്‍ സ്ഥിരം നടുത്തള ചാട്ടക്കാരായ പ്രതിപക്ഷത്തെ പഠിപ്പിച്ചു. ഇടക്കിടെ ഇറങ്ങി വന്ന വനിതാ മന്ത്രി, ഒപ്പംകൂടിയെന്നും ഇല്ലെന്നും വരുത്തി.
സാജുപോളിനെപ്പോലുള്ള സ്ത്രീപക്ഷ വാദികള്‍ ഇവര്‍ക്ക് പിന്തുണ നല്‍കി. കോടിയേരി ചട്ടവും വകുപ്പും പറഞ്ഞു. മാപ്പ് പറയാതെ സഭ തന്നെ വേണ്ടെന്ന് മന്ത്രി വിജയകുമാറും. 'ലിംഗ സമത്വ'ബജറ്റ് അവതരിപ്പിക്കുമ്പോഴേക്ക് അംഗനമാര്‍ ശാക്തീകരിക്കപ്പെട്ടതുകണ്ട് തോമസ് ഐസക് മൂക്കില്‍ കൈവച്ചു. സ്ത്രീ വിഷയങ്ങളില്‍ തല്‍പരരല്ലാത്ത എം.എ ബേബി, പി.ജെ ജോസഫ് തുടങ്ങിയ മന്ത്രിമാര്‍ ഇക്കാര്യം അറിഞ്ഞ ഭാവം നടിച്ചില്ലെന്നതാണ് ഭരണപക്ഷത്തെ ഏക പോരായ്മ. എന്നിട്ടും സഭ നിലച്ചു, രണ്ട് മണിക്കൂര്‍. പെണ്‍ ബഹളത്തിലെ ആവേശം പ്രവര്‍ത്തനം നിര്‍ത്തിയ സഭക്കകത്ത് കണ്ടു. ഇരു പക്ഷത്തും ചെറു ചെറു സംഘങ്ങളുടെ ചര്‍ച്ചകള്‍, ഇടക്കിടെ ആര്‍ത്തു ചിരിയും. ചിരി കണ്ടാലറിയാം പറഞ്ഞ കഥയുടെ സാരം.
രണ്ട് മണിക്കൂര്‍ പരിശോധിച്ചിട്ടും പാരമര്‍ശം നീക്കം ചെയ്യേണ്ടതാണെന്ന് സ്പീക്കര്‍ക്ക് തോന്നിയില്ല. അതിനാല്‍ സഭ പുനരാരംഭിച്ചു. സാംസ്കാരിക വിപ്ലവകാരികള്‍ക്ക് അത് പോരായിരുന്നു. അവര്‍ പിന്നെയും സീറ്റുവിട്ടു. ഒടുവില്‍ സ്പീക്കറെക്കൊണ്ട് വേണ്ടത് പറയിപ്പിച്ചു.അതാണ് ആവിഷ്കാര സ്വാതന്ത്യ്രം.
അപ്പോള്‍ അവരടങ്ങി. മറുഭാഗം പൊങ്ങി. അവരുടെ ആവശ്യം ലളിതം: 'പ്രസംഗത്തിലെ ഏത് വാക്ക്, ഏതക്ഷരം നീക്കണമെന്ന് പറയണം'. സ്പീക്കര്‍ അതുപറഞ്ഞില്ല. അതോടെ രണ്ടാം സ്തംഭനമായി. കൈയ്യില്‍ കടലാസുമായി മുന്നില്‍ പ്രതാപന്‍. വിഷ്ണുനാഥ്, ബാബുപ്രസാദ്, ഗണേഷ്കുമാര്‍ തുടങ്ങി യുവ നിര പിന്നാലെ. അവിടെ മുദ്രാവാക്യം വിളിക്കൊപ്പം മേശയിലടി, കൈകൊട്ട് തുടങ്ങിയവുമുണ്ടായി.
ഒരു കഥയുടെ ക്ലൈമാക്സാണ് ശിവദാസന്‍നായര്‍ പറഞ്ഞത്. കശ്മീരില്‍ ജനിച്ച് പാക്കിസ്ഥാനില്‍ മരിച്ച സാദത് ഹസന്‍ മന്റോയുടെ 'ദി റിട്ടേണ്‍' എന്ന കഥ. വിഭജന കാലത്തെ പെണ്‍ ജീവിതങ്ങള്‍ നേരിട്ട കൊടും ദുരന്തമാണ് ഇതിവൃത്തം. ആകെ ഒരു വരിയാണ് ശിവദാസന്‍ നായര്‍ പറഞ്ഞത്. ഒറ്റ വരിയില്‍ നിന്നും വിപ്ലവമുണ്ടാക്കാമെന്ന് കമ്യൂണിസ്റ്റുകാര്‍ക്കറിയാം. അവരത് ചെയ്തു. സഭക്കകത്തുമാത്രമല്ല, പുറത്തും. പ്രകടനം, കോലം കത്തിക്കല്‍, ചര്‍ച്ച... എം.എല്‍.എമാരുടെ സാഹിത്യ വായന നിലച്ച് പുസ്തകശാലകള്‍ക്ക് അടിവസ്ത്രക്കടയുടെ ഗതികൂടി വന്നാല്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനമായി. ഇതിവിടെയും നില്‍ക്കില്ല. 33 ശതമാനം വന്നാല്‍ കാണാം ബാക്കി കളി.
സാദത്ത് ഹസന്റെ കാര്യമാണ് കഷ്ടം. ഉറുദു സാഹിത്യത്തിലെ അതികായനാണ് സാദത്ത്. കടുത്ത സ്ത്രീപക്ഷ വാദി. ഇടതുപക്ഷ അനുകൂലി. പുരുഷ മേധാവിത്തത്തിന്റെ കാപട്യങ്ങള്‍ക്കെതിരെ പേനയെടുത്തതിന് ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ആറു തവണ വിചാരണ ചെയ്യപ്പെട്ടയാള്‍. അക്കാലത്തെ പുരോഗമനവാദികളുടെ മാര്‍ഗദര്‍ശി. വിഭജനത്തിന്റെ നോവ് നേരിട്ടനുഭവിച്ചെഴുതിയ പെണ്‍ കഥയാണ് കേരളത്തില്‍ സ്ത്രീ വിരുദ്ധ അശ്ലീല സാഹിത്യമായി കമ്യൂണിസ്റ്റുകാര്‍ വിവര്‍ത്തനം ചെയ്തത്. പാര്‍ട്ടി കവയത്രിയെ വെട്ടാന്‍ 'വേശ്യയും കന്യാസ്ത്രീയു'മെന്ന് ആക്ഷേപിച്ച സ്റ്റാലിനാണല്ലോ കുലഗുരു. സാദത്ത് നേരത്തേ മരിച്ചത് നന്നായി. അല്ലെങ്കില്‍ തടിയന്റവിടെ നസീറിന്റെ കൂട്ടത്തില്‍ ചേര്‍ത്തേനേ.


(23....03....10)

1 comment:

  1. ജിഷാര്‍, താങ്കളുടെ ഭാഷ വളരെ കഠിനവും ശക്തവുമാണ്. വിമര്‍ശം അധിക്ഷേപമാകാതെ സൂക്ഷിക്കുന്നതും നല്ലതുതന്നെ. എങ്കിലും
    ഇതില്‍ വിമര്‍ശിക്കപ്പെടുന്നവര്‍ക്ക് ഇത് അധിക്ഷേപമാണെന്ന് കരുതാനും ന്യായമുണ്ട്. എഴുത്തിന്റെ കരുത്തുകൊണ്ടും ആകാം അത്. എന്നാലും ഇത്ര വേണോ? അതും സ്ത്രീകളോട്?

    ReplyDelete

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...