Thursday, April 28, 2011

സ്ത്രീ കൊലപാതകം: മുന്നില്‍ തിരുവനന്തപുരം



തിരുവനന്തപുരം: തലസ്ഥാന ജില്ല സ്ത്രീ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലെന്ന് കണക്കുകള്‍. 2010 ഏപ്രില്‍ ഒന്നു മുതല്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീകളുടെ ദുരൂഹമരണങ്ങളില്‍ ഏറ്റവും അധികം നടന്നത് തിരുവനന്തപുരത്താണ്.
ജില്ലയില്‍ 23 സ്ത്രീകളാണ് ഇക്കാലയളവില്‍ ദുരൂഹമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ 102 സ്ത്രീകള്‍ ദുരൂഹമായി കൊല്ലപ്പെട്ടു. കേരള വനിതാ കമീഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം. കാസര്‍കോട് ജില്ല സ്ത്രീകളുടെ ദുരൂഹ മരണങ്ങളുടെ കാര്യത്തില്‍ അല്‍പ്പം ആശ്വാസം പകരുന്നു. ഒരാളുടെ മരണം മാത്രമേ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. തിരുവനന്തപുരത്തിന് തൊട്ട് പിന്നാലെ പാലക്കാടാണ്. പാലക്കാട്ട് 12 മരണങ്ങള്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്ട് 10ഉം കൊല്ലത്ത് എട്ടും ആലപ്പുഴയില്‍ ഏഴും സ്ത്രീകള്‍ ദുരൂഹമായി കൊല്ലപ്പെട്ടു.2009 ല്‍ 103 സ്ത്രീകളും 2008 ല്‍ 124 സ്ത്രീകളും ദുരൂഹമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കേരളത്തില്‍ 329 സ്ത്രീകളാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷം വയനാട് മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടു. കോട്ടയത്ത് ആറും എറണാകുളത്തും ഇടുക്കിയിലും പത്തനംതിട്ടയിലും അഞ്ചു വീതവും തൃശൂരില്‍ നാലും കണ്ണൂരില്‍ ആറും മലപ്പുറത്ത് ഏഴും സ്ത്രീകളാണ് കൊല്ലപ്പെട്ടത്. വനിതാ കമീഷനില്‍ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ മാത്രമേ ഇതില്‍ പെടൂ. കമീഷനില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്.അത് ചേര്‍ക്കുമ്പോള്‍ എണ്ണം ഇതിലും വര്‍ധിക്കും.
ഇതു കൂടാതെ 389 സ്ത്രീ പീഡന കേസുകളും കഴിഞ്ഞ വര്‍ഷം വനിതാ കമീഷനു ലഭിച്ചു. ഇതിലും തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 97 സ്ത്രീപീഡന കേസുകളാണ് തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതിനു പുറമേ 2009^2010 വര്‍ഷത്തില്‍ കമീഷന് മുന്നിലെത്തിയ കേസുകളില്‍ അധികവും തിരുവനന്തപുരത്ത് നിന്നാണ്. 2183കേസുകളാണ് തിരുവനന്തപുരത്ത് നിന്ന് രജിസ്റ്റര്‍ ചെയ്തത്.മറ്റൊരു ജില്ലയും ആയിരത്തിന് മേല്‍ പോയിട്ടില്ല. കേസുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയില്‍ നിന്ന് 622 കേസുകളാണ് കമീഷന് മുമ്പാകെ എത്തിയിട്ടുള്ളത്.
ഏറ്റവും കുറവ് പരാതികളുള്ളത് വയനാട്ടില്‍ നിന്നാണ്. 96 പരാതികള്‍ മാത്രമാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ (516), പത്തനം തിട്ട (302), ഇടുക്കി (300), കോട്ടയം (555), എറണാകുളം (572), തൃശൂര്‍ (289), പാലക്കാട്, (292), മലപ്പുറം (317), കോഴിക്കോട് (294), കണ്ണൂര്‍ (238), കാസര്‍കോട് (133) എന്നിങ്ങനെയാണ് കഴിഞ്ഞ കൊല്ലം വനിതാ കമീഷനിലെത്തിയ പരാതികള്‍.

(മാധ്യമം/28...04...11)

1 comment:

  1. ഭയപ്പെടുത്തുന്ന വിവരങ്ങള്‍. പ്രവാസികള്‍ അവരുടെ കുടുംബങ്ങളെ നാട്ടില്‍ വിട്ട് എങ്ങിനെ മനസമാധാനത്തോടെ ഗള്‍ഫില്‍ നില്‍ക്കും?

    ReplyDelete

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...