തിരുവനന്തപുരം: കബറടക്കം നിശ്ചയിക്കാന്‍ കെല്‍പുള്ള പിന്‍മുറക്കാരനെ ബാക്കിവച്ചുവേണം കവി മരിക്കാനെന്ന പുതിയ സാമൂഹിക പാഠം സാംസ്കാരിക കേരളത്തെ പഠിപ്പിച്ച എ. അയ്യപ്പന്റെ മൃതദേഹവും ഒടുവില്‍ യാത്രയായി. മോര്‍ച്ചറിയില്‍ സംസ്കാരം കാത്തുകിടക്കേണ്ടിവന്ന കവിക്കായുയര്‍ന്ന വിലാപങ്ങളറിയാതെ മരണത്തിന്റെ ആറാം ദിവസമാണ് ഈ വിടവാങ്ങല്‍. ആദരവും ആദരാഞ്ജലിയും അമര്‍ഷവും സങ്കടവുമെല്ലാം കവിതയായര്‍പിച്ച സഹൃദയര്‍ക്ക് നടുവില്‍, സ്വന്തം കവിത കേട്ടുകിടന്നായിരുന്നു അവസാന യാത്ര. ജീവിതത്തലുടനീളം പരിഹസിച്ചവരും കാല്‍തൊട്ടാദരിച്ചവരും സുഹൃത്തുക്കളും കാവ്യാസ്വാദകരുമെല്ലാം ആ വേദനയില്‍ പങ്കുകൊണ്ടു. സംസ്കാരം മാറ്റിവച്ചതിന്റെ പേരില്‍ ഏറെ പഴികേട്ട മന്ത്രി ആദ്യാവസാനം ഈ യാത്രക്കൊപ്പം നടന്നു. വിശപ്പുകൊണ്ട് കവിതയുണ്ടാക്കി ജീവിതത്തിലെ ലഹരിയായതേറ്റുപാടി നാടാകെ അശാന്തനായലഞ്ഞ കവിയെ ഒടുവില്‍ ശാന്തികവാടത്തിലെ തീയേറ്റുവാങ്ങി.
ഇന്നല രാവിലെ പത്ത് മണിയോടെ മൃതദേഹം നേമത്തെ സഹോദരിയുടെ വീട്ടിലെത്തിക്കുമ്പോള്‍ അവിടെ ജന്മനാടൊന്നടങ്കം കാത്തുനില്‍ക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിനാളുകള്‍ ഇവിടെ അന്ത്യാഞ്ജലിയര്‍പിക്കാനെത്തി. 12 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച വി.ജെ.ടി ഹാളിലേക്ക് അണമുറിയൊതെ ആള്‍കൂട്ടമൊഴുകി. എല്ലാവര്‍ക്കും ഒറ്റക്കൊറ്റക്കോര്‍ക്കാന്‍ ഒരുപാടോര്‍മകള്‍ ബാക്കിവച്ചുപോയ കവിയെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ അവിടെ തടിച്ചുകൂടി. സൌഹൃദത്തിന്റെ ആഴമളക്കാനാവാത്ത വൈകാരികതകളാല്‍ തളര്‍ന്നുപോയവര്‍ മുതല്‍ നിയന്ത്രണം തെറ്റിയ സങ്കടമടക്കാനാവാതെ നിലവിളിച്ചവര്‍ വരെ അവിടെയുണ്ടായിരുന്നു. അവരില്‍ ചിലര്‍ ചേര്‍ന്ന് ഹാളില്‍ കവിയുടെ കവിതകള്‍ ആലപിച്ച് കാവ്യാഞ്ജലിയര്‍പിച്ചു. അവിടെ വന്നുപോയവരില്‍ പലരും ഈ അര്‍ച്ചനയില്‍ പങ്കാളികളായി. മൈക്കില്‍ അയ്യപ്പന്‍ തന്നെ ചൊല്ലിയ സ്വന്തം കവിതകള്‍ മുഴങ്ങിക്കൊണ്ടിരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍, രമേശ് ചെന്നിത്തല, വെളിയം ഭാര്‍ഗവന്‍, ഒ. രാജഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സുഗതകുമാരി, ഒ.എന്‍.വി, പെരുമ്പടവം ശ്രീധരന്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ ആയിരങ്ങള്‍ ഇവിടെ കവിയെ കാണാനെത്തി. എല്ലാത്തിനും കാര്‍മികനായി എല്ലായിടത്തും അവസാന നിമിഷം വരെ മന്ത്രി എം.എ ബേബിയുമുണ്ടായിരുന്നു.
പ്രസ്ക്ലബ് ഹാളിലെ പൊതുദര്‍ശനവും കഴിഞ്ഞ് മൂന്ന് മണിയോടെ പുറപ്പെട്ട വിലാപ യാത്ര സെക്രട്ടേറിയറ്റ് നടയിലെ കവിയുടെ സ്ഥിരം താവളത്തില്‍ അല്‍പനേരം നിര്‍ത്തിയിട്ടു. ഇവിടുശത്ത പതിവുകാര്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വിലാപ യാത്രയിലും അയ്യപ്പന്‍ കവിതകള്‍ ചൊല്ലി നിരവധിപേര്‍ മൃതദേഹത്തിനൊപ്പം നടന്നു.
ശാന്തികവാടത്തില്‍ പോലിസ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആദരമര്‍പിച്ചു. സഹോദരിയുടെ മകന്‍ ജയകുമാര്‍ കര്‍മങ്ങള്‍ ചെയ്തു. 4.45^ാടെ ആ കാവ്യ ജീവിതം തീ ഏറ്റുവാങ്ങി. അഗ്നിയില്‍ അസ്ഥിപൊട്ടുമ്പോഴും അവിടെയാകെ കവിതയുടെ താളമായിരുന്നു. 'അവന്‍ വരച്ച നിറഞ്ഞ പുരയ്ക്കോ/ഗര്‍ജനങ്ങളുടെ സമുദ്രത്തിനോ/അമ്മയെ വരച്ച കണ്ണീരിനോ/ചിതയെ കെടുത്താന്‍ കഴിഞ്ഞില്ല.' കവിതയുടെ ചിറകുകള്‍ തീയില്‍ കത്തുമ്പോള്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ ആ പക്ഷി ഇവിടം വിട്ടു പറന്നു. വെയില്‍ തിന്നുന്ന പക്ഷി.
(26...10...10)
No comments:
Post a Comment