Saturday, April 23, 2011

മരണപ്പെട്ടവന്റെ വിലാസത്തില്‍ അയ്യപ്പന് ഗാഢനിദ്രയുടെ നാലാം രാത്രി


തിരുവനന്തപുരം: ഒരിടത്തും ഒന്നിലേറെ ദിവസമുറങ്ങാന്‍ കഴിയാത്ത കവിക്ക് മരണപ്പെട്ടവരുടെ വിലാസത്തില്‍, സംസ്കാരം കാത്തുകിടക്കുന്നവരുടെ വീട്ടില്‍ ഗാഢ നിദ്രയുടെ നാലാം രാത്രി. എങ്ങും തങ്ങാതെ നാടാകെ കവിതയായൊഴുകി നടന്ന എ. അയ്യപ്പനിപ്പോള്‍ പുതിയ മേല്‍വിലാസത്തിലാണ്. വീടില്ലാത്തൊരുവന്റെ നെഞ്ചിലെ തീകണ്ടുവോയെന്ന ചോദ്യം ഇനിയുയരില്ലെന്ന ഉറപ്പിനായി പതിച്ചുകൊത്ത 'വെട്ടും തിരുത്തുമില്ലാത്ത മേല്‍വിലാസം'. ഇന്നത്തെ രാത്രികൂടി കവിയുണ്ടാകുമിവിടെ.
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സംസ്കാരം കാത്തുകിടക്കുന്നവര്‍ക്കുള്ള കോള്‍ഡ് ചേംബര്‍ എ 4^ാം നമ്പര്‍ മുറിയില്‍ തിങ്കളാഴ്ച പുലരുന്നത് കാത്തുകിടക്കുകയാണ് ആരെയുമെവിടയുെം കാത്തുനില്‍ക്കാതെ ധൂര്‍ത്തലച്ചു തീര്‍ത്ത കവി ജീവിതം. ഈ കാത്തിരപ്പുകാരന് ആശുപത്രി പുതിയ വിലാസവും നല്‍കിയിട്ടുണ്ട്: പി.എന്‍.നമ്പര്‍ 2671 ^ അഥവ മരണപ്പെട്ടവരുടെ വിലാസം. വ്യാഴാഴ്ച രാത്രി ജനറല്‍ആശുപത്രിയിലായിരുന്നു അഭയം. വെള്ളിയാഴ്ച മുതല്‍ മെഡിക്കല്‍ കോളജിലും. നാളെ വൈകുന്നേരമാണ് സംസ്കാരം. അഭയം തന്നവന്റെ ഹൃദയച്ചുവപ്പുമായ് മണ്ണിലും മനസ്സിലും അസ്തമിക്കുന്ന സൂര്യനെന്ന് സ്വയം വിശേഷിപ്പിക്കുകയും ഓരോ രാത്രിക്കും വേറെവേറെയിടം വേണമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കവിക്ക് സ്വന്തം സംസ്കാരത്തിനായി നാലുരാത്രി കാത്തുകിടക്കേണ്ടി വന്നത് കാവ്യനീതിയാകാം.
എവിടെയും ഉറങ്ങാന്‍ കഴിയുന്നവനായിരുന്നു അയ്യപ്പന്‍. കടത്തിണ്ണയിലും വഴിയരികിലും വരാന്തയിലും ബസ്സ്റ്റാന്റിലും റയില്‍വേ പ്ലാറ്റ്ഫോമിലും പാര്‍ട്ടി ഓഫീസുകളിലുമെല്ലാം കവിയുറങ്ങി. സൌഹൃദത്തിന്റെ ബലത്തില്‍ എത് രാത്രിയും വാതിലില്‍ മുട്ടി കയറിക്കിടക്കാന്‍ കഴിയുന്നിടങ്ങള്‍ പലരും അയ്യപ്പനായി കരുതി വച്ചിരുന്നു. ഒരു അഭിമുഖത്തില്‍ അയ്യപ്പന്‍ പറഞ്ഞു: 'ഒരു മന്ത്രിസഭ എനിക്ക് വീട് തരാമെന്ന് പറഞ്ഞു. ഞാന്‍ വേണ്ടെന്നും. ഒരു വീട്ടിലും ഒരു ദിവസത്തില്‍കൂടുതല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല. കുബേരന്‍മാരായ ബന്ധുക്കളുടെ വീട്ടിലും നേമത്തെ പെങ്ങളുടെ വീട്ടിലും ഒരുദിവസത്തില്‍ കൂടുതല്‍ വയ്യ. മരണം വരെ ഓരോ ദിസവം ഓരോ വീട്ടില്‍ ഉറങ്ങണം'. മരണ ശേഷം മലയാളികളും അവരുടെ സര്‍ക്കാറും ചേര്‍ന്ന് തന്നെ ഒരു മുറിയില്‍ നാല് ദിവസം കിടത്തിക്കളയുമെന്ന് അയ്യപ്പന്‍ കരുതിയിരിക്കില്ല.
ആലുവയില്‍ കവി സെബാസ്റ്റ്യന്റെ പീടികയോട് ചേര്‍ന്ന ചെറുമുറിയായിരുന്നു അയ്യപ്പന് പ്രിയപ്പെട്ട താവളങ്ങളിലൊന്ന്. പലരും പഴിപറഞ്ഞിട്ടും സെബാസ്റ്റ്യന്‍ അത് അയ്യപ്പനായി കാത്തുവച്ചു. കോഴിക്കോട്ടെ ഒഡേസ സത്യന്റെ വീടും ഇത്തരമൊരു കേന്ദ്രമായിരുന്നു. കലൂരില്‍ ടെക്സ്റ്റെല്‍സ് നടത്തുന്ന അശോകന്‍, സി.എന്‍ കരുണാകരന്‍, തിരുവനന്തപുരത്തെ സതീശന്‍, വി.പി ശിവുകമാര്‍, ജയ്പൂരിലെ മധു, ദല്‍ഹിയിലെ കൊച്ചുനാരായണന്‍, രവിശങ്കര്‍...അഭയം കൊടുത്തവരില്‍ ചിലരുടെ പേരുകള്‍ പലയിടത്തായി അയ്യപ്പന്‍ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് സഹയാത്രികനായ കാലത്താണ് പാര്‍ട്ടി ഓഫീസുകളില്‍ കിടന്നുറങ്ങിയത്. തോക്കിന് വിപ്ലവമുണ്ടാക്കാന്‍ അര്‍ഹതയില്ലെന്ന പുതിയ മതം സ്വീകരിച്ചപ്പോള്‍ ആ പതിവ് അവസാനിപ്പിച്ചു. വൃത്തം നിഷേധിക്കാന്‍ കൂടിയാണ് താന്‍ കോളജില്‍ പഠിപ്പിക്കാത്തതെന്ന് പറയുമ്പോഴും യുവ സുഹൃത്തുക്കള്‍ക്കൊപ്പം നാടാകെയുള്ള നിരവധി കോളജ് ഹോസ്റ്റലുകളില്‍ അന്തിയുറങ്ങി. ഈ യാത്ര ജെ.എന്‍.യു വരെ നീണ്ടു. എന്നിട്ടെഴുതി: 'നിദ്രയില്‍ ഞാന്‍ വീടു കണ്ടു/ചത്ത ചിത്രശലഭങ്ങളാല്‍ തോരണം തൂക്കിയ/കൊച്ചൊരു വീട്'.
അറിയപ്പെടുന്ന അനാഥനായി ജീവിച്ച അരാചകവാദികളിലെ അവസാന കവിക്ക് അന്ത്യയാത്ര നല്‍കാന്‍ സഹൃദയര്‍ പുറത്തും കാത്തുനില്‍ക്കുകയാണ്. അച്ചനെന്ന് വിളികേട്ടില്ലെങ്കിലും അനാഥനായാകില്ല കവിയുടെ അന്ത്യ യാത്ര. അച്ചനെന്ന് വിളിച്ചവരുടെ അവകാശ തര്‍ക്കം തീരുന്നതും കാത്ത് മോര്‍ച്ചറിയിലെ തൊട്ടടുത്ത മുറിയില്‍ ഒന്നരമാസമായി സംസ്കാരം കാത്തുകിടക്കുന്ന അഞ്ജാത സുഹൃത്തിനേക്കാള്‍ ഭാഗ്യവാനാണ് അയ്യപ്പന്‍. കാരണം അഞ്ചാം ദിവസം തുടങ്ങാം അന്ത്യ യാത്ര.

(23...10...10)

No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...