Saturday, April 23, 2011

അത്താഴവിരുന്നിനിടയിലെ പ്രീആംബിള്‍ ചര്‍ച്ചകള്‍


ഒത്തൊരുമക്ക് പേരുകേട്ടവരാണ് കേരളത്തിലെ സാമാജികര്‍. നിയമസഭയുടെ വിരുന്നുമുറിയിലെ അത്താഴവിരുന്നിന് പോയാലറിയാം അതിന്റെ ആഴം. അമ്മാതിരിയൊരു സഹകരണമായിരുന്നു ഇന്നലെ സഭയില്‍. വാക്കുകള്‍ പോലും വളരെ സൂക്ഷിച്ചേ അവര്‍ പറഞ്ഞുള്ളൂ. രണ്ടുപക്ഷവും ഒരുപോലെയിത് പാലിച്ചു. അതുകൊണ്ടവര്‍ 'പൂത്തൂരെ'ന്ന് ഉച്ചരിച്ചില്ല. 'പാലക്കാട്' എന്ന് പറയാന്‍ ഏറെ മടിച്ചു. കസ്റ്റഡി, മര്‍ദനം, ലോക്കപ്പ്, മരണം തുടങ്ങിയ കാര്യങ്ങളെ പറ്റി അവര്‍ ഓര്‍ത്തേയില്ല. അതിനാല്‍ കേരള സഭയുടെ ആചാരവെടികളില്ലാതെ, ഒരു കസ്റ്റഡി മൃതദേഹത്തിന്റെ സംസ്കാരം സര്‍വാദരപൂര്‍വം അവിടെ പൂര്‍ത്തിയായി.
അിടയന്തിരാവസ്ഥയിലെ ഏകാധിപതിയുടെ പീഡനങ്ങളേറ്റുവാങ്ങിയ പിണറായി വിജയന്‍ മുതല്‍ സഖാക്കളുടെ വേദനകള്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെ മറ്റൊരു ജീവിക്കുന്ന രക്തസാക്ഷി കോടിയേരി ബാലകൃഷ്ണന്റെ പോലിസ് നടത്തിയ വിപ്ലവ പ്രവര്‍ത്തനത്തെപ്പറ്റി പറയുന്നതിലേറെ അനൌചിത്യമില്ല. അടിയന്തിര കാലത്ത് പോരാടിയ ഇടതു കമ്യൂണിസ്റ്റുകാര്‍ ഏതായാലും ഇക്കാര്യം പറയില്ല. അതിന്റെ പേരില്‍ പാര്‍ട്ടിയുടെ പടിയിറങ്ങിയ ആദര്‍ശ ധീരന്റെ പിന്‍മുറക്കാര്‍ ഇത് പറയുന്നതില്‍ അധാര്‍മികതയുണ്ട്. ഈ വല്ല്യേട്ടന്‍മാര്‍ മൌനംപാലിക്കുമ്പോള്‍ അടുക്കളപ്പുറത്തിരിക്കുന്നവര്‍ക്ക് വാ തുറക്കാന്‍ കഴിയുകയുമില്ല. അടിയന്തിരകാലം ആഘോഷിക്കുകുയും പിന്നെ കുമ്പസരിച്ച് സ്വയം വിശുദ്ധി പ്രാപിക്കുകയും ചെയ്ത വലതു കമ്യുണിസ്റ്റുകാര്‍ ഈ സന്ദര്‍ഭത്തില്‍ അനാവശ്യം പറയുന്നതാകട്ടെ ധിക്കാരവുമാണ്. അതിനാല്‍ എല്ലാവരും അത്താഴവിരുന്നിന് വന്നപോലെ മര്യാദക്കാരായിരുന്നു.
മണ്ണെണ്ണയുടെ പേരില്‍വരെ ഇറങ്ങിപ്പോയവര്‍ക്ക് മനുഷ്യാവകാശം ഒരു പ്രശ്നമായില്ല. അടിയന്തിര പ്രമേയം സര്‍ക്കാര്‍ സര്‍വീസിനെപ്പറ്റി. പതിവുപോലെ ഇറങ്ങിപ്പോക്കും വാര്‍ത്താസമ്മേളനവും. സബ്മിഷനുകള്‍ മൂന്ന് ഡസനുണ്ടായിട്ടും അതില്‍ പാലക്കാട്ടെ ദുരൂഹ മരണം മാത്രം വന്നില്ല. ഇതെല്ലാം കഴിഞ്ഞ് സഭചര്‍ച്ച ചെയ്തതാകട്ടെ പോലിസിനെ നവീകരിക്കാനുള്ള സുപ്രധാന ബില്‍. എന്നിട്ടും ഒത്തൊരുമക്ക് ഭംഗം വന്നില്ല. ഇതിവിടെയും തീര്‍ന്നില്ല. പിണറായി പീഡന കഥകള്‍ വിവരിച്ച പി. ജയരാജന്‍ മികച്ച പോലിസിംഗിന് രണ്ട് തെളിവുകള്‍ നിരത്തി. ഒന്ന്: പോള്‍ മുത്തൂറ്റ് വധക്കേസ്. രണ്ട്: പാലക്കാട് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടിയത്. 'പ്രതിക്ക് വധ ശിക്ഷ നല്‍കി'യെന്നുകൂടി പറയാതിരുന്നത് തന്നെ ഭാഗ്യം.
അടിയന്തിരാവസ്ഥ, സിഖ് വിരുദ്ധ കലാപം, ഇന്ദിരാഗാന്ധി, രക്തസാക്ഷികള്‍ തുടങ്ങിയവയിലൂടെ കറങ്ങിത്തിരിഞ്ഞ ജയരാജനെ ബില്ലിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കെ.സി ജോസഫിന് ക്രമപ്രശ്നം കൊണ്ടുവരേണ്ടി വന്നു. അതിന് മറുപടി പറഞ്ഞത് മന്ത്രി എ.കെ ബാലനാണ്: 'ഏതു ബില്ലിനും ഒരു പ്രീആംബിള്‍ ഉണ്ടാകും. ജയരാജന്‍ പ്രീആംബിളില്‍ എത്തിയിട്ടേയുള്ളൂ. ഇനി ബാക്കി പറയും'. അപ്പോള്‍ പ്രസംഗം അരമണിക്കൂറിലേറെ പിന്നിട്ടിരുന്നു.
ചര്‍ച്ച തുടങ്ങിയ കെ.സി ജോസഫും പാലക്കാട്ടേക്ക് നോക്കിയില്ല. ജോസഫിന് പ്രശ്നം വാഗമണ്‍, പാനായിക്കുളം, കളമശേãരി തുടങ്ങിയവയാണ്. സ്ഥല പരിചയ കുറവല്ല കാരണമെന്നര്‍ഥം. ഇതു കഴിഞ്ഞാല്‍ പ്രധാനം എന്‍.ഐ.എ അന്വേഷണമാണ്. മടിയില്‍ കനമുള്ളതിനാലാണത്രെ എന്‍.ഐ.എയെ ചിലര്‍ പേടിക്കുന്നത്. മുംബൈ ആക്രമണം, കര്‍ക്കരെ വധം, ഒറീസ കലാപം, ഗുജറാത്ത് വംശഹത്യ ഇതൊന്നും എന്‍.ഐ.എ അറിയാത്തതെന്തുകൊണ്ട് എന്ന് വി. ശശികുമാര്‍, രാജു എബ്രഹാം, പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചോദിച്ചെങ്കിലും ജോസഫ്അത് കേട്ടതായി ഭാവിച്ചില്ല. പിന്നീട് പ്രസംഗിച്ച കെ.കെ ജയചന്ദ്രനും അടിയന്തിരാവസ്ഥ കാലത്തുനിന്ന് മുന്നോട്ടുപോകാതായതോടെ രണ്ട്ദിവസം മുമ്പ് ജയില്‍ നിയമം ചര്‍ച്ച ചെയ്തത് ഇവിടെത്തന്നെയാണോ എന്നുപോലും സംശയമുയര്‍ന്നു. തടവുകാരുടെ മനുഷ്യാവകശാം സംരക്ഷിക്കാന്‍ മാക്സിം ഗോര്‍ക്കി മുതല്‍ അലക്സാണ്ടര്‍ പുഷ്കിന്‍വരെയാണ് അന്നിവിടെ ഉദ്ധരിക്കപ്പെട്ടത്. ഗാന്ധിജി, നെഹ്റു, എ.കെ.ജി തുടങ്ങിയ തദ്ദേശീയര്‍ വേറെയും. ജയിലുകള്‍ സ്വര്‍ണക്കൂടാക്കണമെന്ന് അലമുറയിട്ടവരൊന്നും ഇന്നലെ തടവുകാരന്റെ അവകാശത്തെ പറ്റി മിണ്ടിയില്ല. ഇടക്ക് സാജുപോള്‍ പരോക്ഷമായി ഒരു ശ്രമം നടത്തിയെങ്കിലും അങ്ങിനെയൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കാനാകില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുറന്നു പറഞ്ഞു. പ്രസംഗത്തില്‍ സകല ഭൂഖണ്ഡങ്ങളെയും പരാമര്‍ശിക്കുന്ന അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയും പാലക്കാടിനെപ്പറ്റി പറഞ്ഞില്ല. നാട്ടുകാരുടെ അവകാശമല്ല, അത്താഴ വിരുന്നുപോലെ ചില അത്യാവശ്യങ്ങളാണ് എല്ലാവര്‍ക്കും മുഖ്യം.
ചര്‍ച്ചകള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത സഭയില്‍ കെ.വി അബ്ദുല്‍ ഖാദറും വര്‍ക്കല കഹാറും മിനുട്ടുകള്‍കൊണ്ട് രജിസ്ട്രേഷന്‍ ബില്ലിലെ പ്രസംഗം അവസാനിപ്പിച്ച് മാതൃകകാട്ടി. അവാസന ദിവസത്തെ അവസാന മിനിട്ടില്‍ സെല്‍ഫ് ഗോള്‍ വേണ്ടെന്ന് ഇരുവരും കരുതിക്കാണും. മന്ത്രി ശര്‍മയും ഇതേവഴിയില്‍ വന്നതോടെ എല്ലാവര്‍ക്കും നരേത്തേ വീട്ടിലേക്ക് വണ്ടിപിടിക്കാനായി. അതിനാല്‍ വിരുന്നുണ്ട സന്തോഷത്തോടെ അംഗങ്ങള്‍ ചിരിച്ച് പിരിഞ്ഞു.

(31...03...10)

No comments:

Post a Comment

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന ...