ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന്റെ ജല നയം പുറത്തുവന്നിരിക്കുന്നു. കടുത്ത വിമര്‍ശങ്ങളേറ്റുവാങ്ങിയ ആദ്യ രണ്ടു കരട് രേഖകള്‍ പൊളിച്ചെഴുതാന്‍ നടത്തിയ ചെലവേറിയ ശ്രമങ്ങള്‍ക്കൊടുവിലാണ് പുതിയ നയത്തിന്റെ കരട് ചര്‍ച്ചക്കായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കടുത്ത ജനവിരുദ്ധ നയങ്ങളുടെ സമാഹരമായിരുന്നു 2006 ല്‍ ഈ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ആദ്യ കരട്. ജലക്കരത്തിനും വെള്ളക്കച്ചവടത്തിനും പരോക്ഷാനുമതി നല്‍കിയ ആ രേഖ, കുടിവെള്ളമെന്ന അടിസ്ഥാനവകാശത്തെ നിരാകരിക്കുകയും വെള്ളം വിപണി മൂല്യമുള്ള ഉല്‍പന്നമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതായിരുന്നു. വലതുപക്ഷ രാഷ്ട്രിയത്തിന്റെ എല്ലാതരം പ്രതിലോമപരതക്കുമെതിരെ വോട്ടുതേടി അധികാരത്തിലെത്തിയ വി.എസ് അച്യുതാനന്ദന്റെ ഇടതുപക്ഷ സര്‍ക്കാറാണ് ഈ നയമിറക്കിയത്. എന്നാല്‍ ഇതിന് മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ ഒരു കരട് തയാറാക്കിയിരുന്നു. അതില്‍നിന്ന് മൌലികമായി ഒരു വ്യത്യാസവും 'വിപ്ലവ സര്‍ക്കാറിന്റെ' നയത്തിനുമുണ്ടായിരുന്നില്ല. എന്നുമാമ്രല്ല, രണ്ടുംതമ്മില്‍ അസാമാന്യമായ സാദൃശ്യം, വാക്കിലും വരികളിലുംവരെ, ഉണ്ടായിരുന്നുതാനും.
ഇതിനെതിരെ കടുത്ത വിമര്‍ശമുയര്‍ന്നപ്പോള്‍ വിപുലമായ ചര്‍ച്ചയും ശില്‍പശാലയും നടത്തി പുതിയ നയരേഖ തയാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശില്‍പശാലിയില്‍ പൊതു^പരിസ്ഥിതി പ്രവര്‍ത്തകരെയൊക്കെ വിളിച്ചുവരുത്തി അഭിപ്രായം പറയിപ്പിച്ചു. അതെല്ലാം അക്ഷരം വിടാതെ എഴുതിയെടുത്തു. വന്നവര്‍ക്കൊക്കെയും ചെലവ് കൊടുത്തു. താമസവും ഭക്ഷണവുമൊരുക്കിക്കൊടുത്തു. വെള്ളത്തെപ്പറ്റി ഇനിയൊന്നും ബാക്കിവക്കാത്തവിധം ചര്‍ച്ച തകര്‍ത്തു. ലക്ഷങ്ങള്‍പൊടിച്ച് കനക്കുന്ന് കൊട്ടാരത്തില്‍നടന്ന ഈ ശില്‍പാശാലക്ക് ശേഷം മറ്റൊരു കരട് തയാറാക്കി. പ്രതിഭകള്‍ ഒരുപോലെ ചിന്തിച്ചതാകാം, മുന്‍രേഖകളുടെ തനിപ്പകര്‍പ്പായിരുന്നു പുതിയ കരടും. എന്നല്ല, ഒരുപടി കടന്ന് മുന്‍ രേഖകള്‍ തുറന്നു പറയാന്‍ മടിച്ചുനിന്ന ജലവ്യാപാരവും വ്യവസായ വല്‍കരണവും പച്ചയായി പറയാനും ഇത് ധൈര്യപ്പെട്ടു. ശില്‍പശാലയെയും പങ്കുെടത്തവരെയുമൊക്കെ വിഢികളാക്കിയ ഈ കരട്രേഖയിലെ നിര്‍ദേശങ്ങള്‍ പുറത്തായപ്പോള്‍ സര്‍ക്കാര്‍/മുന്നണി തല ഇടപെടലുണ്ടായി.
അണിയറയില്‍ പിന്നെയത് പലതവണ മാറ്റിയെഴുതി. തിരുത്തലുകളേറെ വരുത്തി. 'ഇടതുപക്ഷ' ഭേദഗതികളുമുണ്ടായി. ഇതിനിടെ ചില വിദഗ്ദര്‍ ഇനി തിരുത്താനാവില്ലെന്ന് പറഞ്ഞ് പിന്‍മാറിയത്രെ. എല്ലാം കഴിഞ്ഞാണിപ്പോള്‍ പുതിയൊരു കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത്ഭുതകരമെന്നുതന്നെ പറയണം, ഈ ഇറങ്ങിയതിനും മുന്‍ രേഖകളോട് അസാധാരണമായ സാമ്യമാണുള്ളത്!
എത്ര ചര്‍ച്ച നടത്തിയിട്ടും വിദഗ്ദാഭിപ്രായങ്ങളേറെ പഠിച്ചിട്ടും പലതവണ മാറ്റിയെഴുതിയിട്ടും തിരുത്തലുകളൊരുപാട് വരുത്തിയിട്ടും എന്തുകൊണ്ടാണ് വലത്തും ഇടത്തുമിറങ്ങിയ രേഖകള്‍ക്കിത്ര സമാനതയെന്നത് പ്രസക്തമായ ചോദ്യമാണ്. ഭരണക്കാരാരായാലും നയങ്ങള്‍ തീരുമാനിക്കുന്നത് സാമ്രാജ്യത്വ^മുതലാളിത്ത ധനകാര്യ ഏജന്‍സികളാണെന്ന വിമര്‍ശത്തിന് ഇതിന് അടിവരയിടുന്നു. ഫലത്തില്‍ ലോകബാങ്കിന് വേണ്ടി എഴുതിയുണ്ടാക്കിയ ഒരു ജല നയമാണ് ഇവിടെ പ്രസിദ്ധീകരിക്കപ്പെട്ടത്. അതുകൊണ്ടാണ് ശില്‍പശാലയുടെ ശിപാര്‍ശകള്‍പോലും നിര്‍ദയം തള്ളിക്കളഞ്ഞ, തീര്‍ത്തും ജനവിരുദ്ധമായ നയം ഇടതുസര്‍ക്കാറിന്തന്നെ പ്രസിദ്ധീകരിക്കേണ്ടിവന്നത്.
നയമെഴുത്തുകാര്‍
ഇടതു സര്‍ക്കാര്‍ ആദ്യം പ്രസിദ്ധീകരിച്ച നയം തയാറാക്കാന്‍ ഏല്‍പിച്ചത് ജല വിഭവ വികസനത്തിനും മാനേജ്മെന്റിനുമുള്ള കോഴിക്കോട്ടെ കേന്ദ്ര (സി.ഡബ്ല്യു.ആര്‍.ഡി.എം)ത്തെയാണ്. കുടിവെള്ള മേഖലയില്‍ മുതലാളിത്ത നയങ്ങള്‍ നടപ്പാക്കാന്‍ വിയര്‍പ്പൊഴുക്കുന്ന അസംഖ്യം സ്ഥാപനങ്ങളിലൊന്നാണിത്. പ്ലാച്ചിമട വിഷയത്തില്‍ ഇവരുടെ തനിനിറം നേരത്തേ വ്യക്തമായതുമാണ്. പ്ലാച്ചിമടയിലെ ജലമൂറ്റല്‍ ഹൈക്കോടതിയിലെത്തിയപ്പോള്‍ അതുപരിശോധിക്കാന്‍ നിശ്ചയിച്ച വിദഗ്ദ സമിതിയെ നയിച്ചതും അതില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചതും ഇതിലെ പ്രതിനിധികളാണ്. കടുത്ത വേനലിലും പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം ഇവിടെനിന്ന് കോളക്കമ്പനി എടുത്താലും പ്രശ്നമില്ലെന്നായിരുന്നു ഈ വിദഗ്ദരുടെ പഠനം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോളക്കമ്പനിക്ക് കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്.
സി.ഡബ്ല്യു.ആര്‍.ഡി.എം ഉണ്ടാക്കിയ ആദ്യ കരട് രേഖ പൊളിച്ചുപണിയാന്‍ കനക്കുന്നിലെ ശില്‍പശാലയില്‍ പുതിയൊരു സമിതിയെ നിശ്ചയിച്ചു. എന്നാല്‍ അതിലും നിര്‍ണായക സ്വാധീനം ചെലുത്തിയത് ജലത്തിന്റെ വിപണി മൂല്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്നെയായിരുന്നു. ലോകബാങ്കിന്റെ കുടിവെള്ള പദ്ധതിയുടെ പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച സി.സി.ഡി.യുവിന്റെ അന്നത്തെ ഡയറക്ടര്‍ ഡോ.ലതാ ഭാസ്കര്‍, സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ജോര്‍ജ് ചാക്കച്ചേരി, മഴക്കൊയ്ത്ത് പദ്ധതിയുടെ പ്രതിനിധി സുഭാഷ് ചന്ദ്രബോസ്, സെസ് ഡിവിഷന്‍ ചീഫ് അജയ് വര്‍മ തുടങ്ങിയവരായിരുന്നു രണ്ടാം കരട് രേഖ നിര്‍മാണത്തിന് നിശ്ചയിക്കപ്പെട്ടത്.വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ എന്നിവയുടെ പ്രതിനിധികളും ഉണ്ടായിരുന്നെകിലും നയപരമായ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഉപഭോക്താക്കള്‍തന്നെ ചിലവെടുത്ത് സ്ഥാപിച്ച് അവരുടെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ നിലനിര്‍ത്തുന്ന ജലനിധി മാതൃകയിലുള്ള പദ്ധതികള്‍ പാടേ ഉപേക്ഷിക്കണമെന്നതായിരുന്നു ശില്‍പശാലയുടെ സുപ്രധാന ശിപാര്‍ശ. നയ രൂപവല്‍കരണ സമിതി ഇത് തെല്ലും പരിഗണിച്ചില്ലെന്ന് മാത്രമല്ല, അവരുണ്ടാക്കിയ രേഖ മുന്‍ കരടുകളില്‍നിന്ന് വ്യത്യസ്തമായി പരസ്യമായ ജല വ്യാപാരവും ജലക്കരം പിരിക്കലും ശിപാര്‍ശ ചെയ്യുകകൂടി ചെയ്തു!
ഇതിനെതിരെ മുന്നണി തലത്തിലും സര്‍ക്കാര്‍ തലത്തിലും കടുത്ത വിമര്‍ശങ്ങളുയര്‍ന്നതോടെയാണ് പ്രസിദ്ധീകരിക്കുംമുമ്പെ അതു മാറ്റിയെഴുതാന്‍ ജലവിഭവ വകുപ്പ് നിര്‍ബന്ധിതമായത്. എന്നിട്ടിറക്കിയ ഈ കരടും മുന്നോട്ടുവക്കുന്ന അടിസ്ഥാന തത്വം 'ആവശ്യക്കാര്‍ പണം മുടക്കി കുടിവെള്ളം കണ്ടെത്തുക' എന്നതുതന്നെയാണ്. പഴയ കരടുകളിലെ ചില വാചകങ്ങള്‍ മാറ്റിയെഴുതുകയും വെള്ളക്കച്ചവടം നടത്താനനുമതി നല്‍കുന്ന പ്രത്യക്ഷ നിര്‍ദേശങ്ങള്‍ ഒഴിവാക്കുയും ചെയ്തു എന്നതാണ് ആകെയുണ്ടായ വ്യത്യാസം.
പുതിയ നയം പറയുന്നത്
ഗുണഭോക്താക്കള്‍ പണംമുടക്കി സ്ഥാപിക്കുകയും എക്കാലവും അവര്‍തന്നെ നിലനിര്‍ത്തുകയും ചെയ്യുന്ന കുടിവെള്ള/ജലസേചന പദ്ധതികളാണ് ഇനി വേണ്ടതെന്നാണ് നയം വ്യക്തമാക്കുന്നത് (2.13). ആഗോള ധനകാര്യ ഏജന്‍സികള്‍ ഏതുകാര്യത്തിലും വലിയ വായില്‍ വിളമ്പുന്ന 'പങ്കാളിത്ത വികസനം' എന്ന കേള്‍ക്കാനിമ്പമുള്ള പ്രയോഗം തന്നെയാണ് ഇവിടെയും പയറ്റുന്നത്. ഒരു ജനതയുടെ മൌലികാവശ്യമായ കുടിവെള്ളം എത്തിച്ചുകൊടുക്കാന്‍ അവര്‍ തെരഞ്ഞെടുത്തയച്ച സര്‍ക്കാറിന് ഒരു ബാധ്യതയും ഉണ്ടാവില്ല എന്നതാണ് ഈ പങ്കാളിത്ത സ്വപ്നത്തിന്റെ യാഥാര്‍ഥ്യം. കുടിവെള്ളത്തിന് നല്‍കുന്ന സബ്സിഡികള്‍ പാവപ്പെട്ടവര്‍ക്ക് മാത്രമായി നിലനിര്‍ത്താം (2.13). വെള്ളം ഉപയോഗിക്കുന്നതിന്, അതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിന്, വിലയീടാക്കുന്നതിന്, സബ്സിഡിക്ക് മാനദണ്ഡം വക്കുന്നതിന്...തുടങ്ങിയവക്കെല്ലാം പുതിയ നിയമനിര്‍മാണം നടത്തണമെന്ന് നയം നിര്‍ശേദിക്കുന്നു (2.15). (ഇമ്മാതിരി നിര്‍ദേശങ്ങള്‍ മുന്നോട്ടു വക്കാന്‍ കഴിയുന്ന തരത്തില്‍) പഠന^ഗവേഷണങ്ങള്‍ നടത്താന്‍ സി.ഡബ്ല്യു.ആര്‍.ഡി.എം പോലുള്ള സംഘങ്ങളെ നിലനിര്‍ത്തണം. അവര്‍ക്ക് ചെല്ലും ചെലവും കെടുക്കാന്‍ നികുതിപ്പണം നീക്കിവക്കണം. അത് ബജറ്റില്‍തന്നെ വകയിരുത്തുകയും വേണം (2.11). നാട്ടുകാര്‍ക്ക് കുടി വെള്ളം കൊടുക്കേണ്ട ബാധ്യത തലയില്‍നിന്നൊഴിവാക്കികൊടുത്ത വിദഗ്ദര്‍, പക്ഷെ അവരെ തീറ്റിപ്പോറ്റേണ്ട ചുമതല സര്‍ക്കാറിന്റെ തലയില്‍തന്നെ വച്ചുകെട്ടുകയാണിവിടെ. കുടിവെള്ള വിതരണ രംഗത്തെ നിലവിലെ സ്ഥാപനങ്ങളെ (ഉദ്ദേശം വാട്ടര്‍ അതാറിറ്റി തന്നെ) പൊളിച്ചുപണിയണമെന്ന് കരട് രേഖ പറയുന്നു. അവയുടെ ചുമതലകള്‍ ഗുണഭോക്തൃ സമിതികളുടെ ചുമലിലാക്കണം. പുതിയ റിവര്‍, വെറ്റ്ലാന്റ് അതോറിറ്റകള്‍ ഉണ്ടാക്കണം (2.09). കുടിവെള്ള വിതരണ രംഗത്തെ സര്‍ക്കാര്‍ പങ്കാളിത്തം ഇല്ലാതാക്കാന്‍ നിയമ നിര്‍മാണം നടത്തണം (2.05). നിലവിലെ മാനേജ്മെന്റ് രീതികള്‍ മാറ്റണം (2.04). വെള്ളത്തിന്റെ ഉപയോഗം പൊതു താല്‍പര്യ പ്രകാരമാകണമെന്ന വലിയൊരു പ്രസ്താവനയും നടത്തുന്നുണ്ട് നയം. വെള്ളം കുടിക്കാനുള്ളത് എന്ന അടിസ്ഥാന സങ്കല്‍പത്തെ തന്ത്രപരമായി മറികടക്കുകയണിതിലൂടെ. പൊതു താല്‍പര്യമെന്നത് വ്യവസായിക താല്‍പര്യമായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന പ്രസ്താവന കൂടിയാണിത്. വ്യവസായിക മേഖലകള്‍ നിശ്ചയിക്കാന്‍ വെള്ളത്തിന്റെ ലഭ്യത മുഖ്യ ഘടകമായി പരിഗണിക്കണമെന്ന നിര്‍ദേശം ഇതോട് ചേര്‍ത്തുവായിക്കണം.
നയപരമായ മൌനം
ഇങ്ങിനെ നിര്‍ദേശങ്ങള്‍ തുരുതുരാ ഒഴുക്കിവിടുന്ന നയം പക്ഷെ, നിലവില്‍ ജലവിഭവ മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരാമര്‍ശിക്കുന്നുപോലുമില്ല. സംസ്ഥാനത്ത് അപകടകരമാംവിധം വ്യാപകമായിക്കൊണ്ടിരിക്കുന്ന ജലകേളീ പാര്‍ക്കുകള്‍, വന്‍കിട ഹോട്ടലുകളുടെ ജലകേളീ സംവിധാനങ്ങള്‍ തുടങ്ങിയവ നടത്തുന്ന ജല ചൂഷണത്തിനു നേരെ വിദഗ്ദമായ മൌനം പാലിക്കുന്നു. വെള്ളപ്പൊക്കം, വരള്‍ച്ച, മലിനീകരണം തുടങ്ങിയവ സൃഷ്ടിക്കപ്പെടുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ ഈ ജല നയത്തിന് ഒരു പ്രശ്നമേയല്ല. ഭൂഗര്‍ഭ ജല ചൂഷണം പറയുന്നേടത്ത് കുപ്പിവെള്ള വ്യവസായികളുടെ പങ്കോ അവയെ നിയന്ത്രിക്കേണ്ടതിന്റെ അനിവാര്യതയോ അബദ്ധത്തില്‍പോലും എഴുതിപ്പോയിട്ടില്ല. വന്‍കിട ഡാമുകളും ഇതിനകം നടപ്പാക്കിയ ജലസേചന പദ്ധതികളും ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ പഠന വിധേയമാക്കിയിട്ടുമില്ല.
യഥാര്‍ഥത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തില്‍ ലോകബാങ്കും എ.ഡി.ബിയും ചേര്‍ന്ന് നടപ്പാക്കിയ കുടിവെള്ള പദ്ധതികള്‍ക്കും മറ്റുപരിപാടികള്‍ക്കും പിന്‍ബലമേകുന്ന ഒരു നയം ചുട്ടെടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതില്‍ ജനകീയ താല്‍പര്യമോ സംസ്ഥാന താല്‍പര്യമോ ഒട്ടും പരിഗണിക്കപ്പെടുന്നില്ല. അതു വേണമെന്ന് പറയാനുള്ള ആര്‍ജവം ഈ ഇടതു സര്‍ക്കാറിനു പോലുമുണ്ടാവുന്നില്ല. അച്യുതാനന്ദനും പ്രേമചന്ദ്രനുമൊക്കെ കൈനീട്ടുമ്പോള്‍ പണമിട്ടുകൊടുക്കുന്ന മേലാളന്‍മാര്‍ക്ക് ഇത്തരമൊരു നയം സ്ഥാപിച്ചെടുക്കാതിരിക്കാന്‍ കഴിയുകയുമില്ല.
(09...02...2008)
No comments:
Post a Comment