തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനപ്രായം സംബന്ധിച്ച് ഉത്തരവിറക്കാതെ പ്രതിസന്ധി സൃഷ്ടിച്ചത് സര്‍ക്കാറിന്റെ രാഷ്ട്രീയക്കളി. വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്ന കേന്ദ്ര അവകാശനിയമം നടപ്പാക്കുന്നത് സംബധിച്ച് തീരുമാനമെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഒന്നിനുപിറകെ മറ്റൊന്നായി മൂന്ന് കമ്മിറ്റികളെ നിയോഗിച്ച് സമയംകളഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ഒരു തീരുമാനവുമില്ലാതെയാണ് പടിയിറങ്ങാനൊരുങ്ങുന്നത്. അടുത്ത സര്‍ക്കാറിന്റെ ചുമലിലാക്കാനുള്ള രാഷ്ട്രീയനീക്കമാണ് ഈ പഠന കമ്മിറ്റികള്‍ എന്ന് നേരത്തേ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
കേന്ദ്ര നിയമം നിലവില്‍വന്നതിനെത്തുടര്‍ന്ന് ഇത് കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ജൂണില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ജയിംസ് വര്‍ഗീസിനെ ചുമതലപ്പെടുത്തിയിരുന്നു. സമഗ്ര റിപ്പോര്‍ട്ടായിരുന്നു ആറുമാസത്തിനകം ജയിംസ് വര്‍ഗീസ് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് ആധാരമാക്കി തന്നെ ഇത് നടപ്പാക്കാമായിരുന്നെങ്കിലും ചെയ്തില്ല. റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ ലിഡ ജേക്കബിനെ പുതിയ കമ്മിറ്റിയായി നിയമിക്കുകയാണ് ചെയ്തത്. പത്ത് ലക്ഷത്തിലധികം രൂപ ചെലവിട്ട് ഈ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പകരം ജയിംസ് വര്‍ഗീസ് റിപ്പോര്‍ട്ടും ലിഡ ജേക്കബ് റിപ്പോര്‍ട്ടും സംയോജിപ്പിച്ച് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ അധ്യാപക സംഘടനാ നേതാക്കളടങ്ങിയ പുതിയ കമ്മിറ്റിയെ വെച്ചു.
നേരത്തേ സമര്‍പ്പിച്ച കെ.ഇ.ആര്‍ പരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ടുകൂടി സംയോജന കമ്മിറ്റിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഈ കമ്മിറ്റി തെരക്കിട്ട് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അവസാന മന്ത്രിസഭാ യോഗം വരെ അതും പരിഗണിച്ചില്ല.
പ്രായം ആറുവയസ്സാക്കി കേന്ദ്രനിയമം നിലവില്‍വന്നതോടെ കേരളത്തിലും ഇത് ബാധകമായി. എന്നാല്‍ ആറുമാസം വരെ ഇളവ് കൊടുത്ത് അഞ്ചര വയസ്സുള്ളവരെക്കൂടി സ്‌കൂളിലെത്തിക്കാമെന്നായിരുന്നു കേരള കമ്മിറ്റികളുടെ ശിപാര്‍ശ. അവസാന മന്ത്രിസഭായോഗത്തില്‍ ഈ ശിപാര്‍ശ അംഗീകരിച്ചെങ്കിലും ഉത്തരവ് ഇറക്കിയില്ല. പിന്നീട് പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ അതിന്റെ പേരില്‍ ഉത്തരവിറക്കുന്നതില്‍നിന്ന് പിന്മാറാനുമായി. തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ചാല്‍ ആറുവയസ്സും ആറുമാസ ഇളവുമാക്കി ഉത്തരവിടാമെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അനുമതി കിട്ടിയില്ലെങ്കില്‍ ഒരു തീരുമാനവും പ്രഖ്യാപിക്കാതെ ഭരണമൊഴിയാമെന്നും കണക്കുകൂട്ടുന്നു.
എന്നാല്‍ കമീഷന്‍ അനുമതി നേടാനായി ഊര്‍ജിത നീക്കം ഇതുവരെ നടത്തിയിട്ടില്ലത്രെ. ഉടന്‍ തീരുമാനമായില്ലെങ്കില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാറിനെ ആദ്യം കുഴക്കുന്ന പ്രശ്‌നമായി ഇത് മാറിയേക്കും. അതുവരെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി തുടരുകയുംചെയ്യും.
No comments:
Post a Comment