തിരുവനന്തപുരം: മുസ്രിസ് തുറമുഖ പട്ടണം വന്‍ നാഗരികതയാണെന്ന് അനുമാനം. മുസ്രിസ് എന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ അത് വ്യാപിച്ചുകിടന്നിരുന്നുവെന്നാണ് ചരിത്രഗവേഷകര്‍ വിലയിരുത്തുന്നത്. പറവൂരിനടുത്ത പട്ടണം കേന്ദ്രീകരിച്ച് ഇപ്പോള്‍ നടത്തുന്ന ഉദ്ഘനനം കൊടുങ്ങല്ലൂരിന്റെ വടക്ക് ഭാഗത്തേക്ക് വ്യാപിപ്പിക്കാന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഗവേഷണം അടുത്തമാസം തുടങ്ങും.
പട്ടണത്ത് നിന്ന് കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങളുടെ പഠനവും നേരത്തേ കണ്ടെത്തിയ വ്യാപാര രേഖകളുമനുസരിച്ച് മുസ്രിസ് കേന്ദ്രീകരിച്ച് റോമുമായി വലിയ വ്യാപാരം നടന്നിരുന്നെന്ന സൂചനകള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് പട്ടണം പ്രൊജക്ട് ഡയറക്ടര്‍ ഡോ. പി.ജെ ചെറിയാന്‍ പറഞ്ഞു. മുസ്രിസിലെ വ്യാപാരിയുമായി അലക്സാന്‍ഡ്രിയയിലെ കപ്പല്‍ ഏജന്റ് ചരക്കുകടത്ത് കരാറര്‍ ഉണ്ടാക്കിയതിന്റെ തെളിവുകള്‍ നേരത്തേ അവിടെനിന്ന് കണ്ടെത്തിയിരുന്നു. 2^ാം നൂറ്റാണ്ടിലെ കരാറായിരുന്നു ഇത്. കപ്പല്‍ റോമിലേക്കുള്ളത് ആയിരുന്നിരിക്കാമെന്നാണ് കരുതുന്നത്.
പട്ടണത്തുനിന്ന് കണ്ടെത്തിയ പുരാവശിഷ്ടങ്ങള്‍ റോമന്‍ ബന്ധം വ്യക്തമാക്കുന്നതാണ്. ഇവയും ഏറെക്കുറെ ഇതേ കാലഘട്ടത്തിലുള്ളവ തന്നെയാണ്. വ്യാപാരക്കരാര്‍ രേഖ മുസ്രിസിന്റെ വന്‍ വാണിജ്യ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും പട്ടണത്തുനിന്ന് ഇരുമ്പ് യുഗത്തിലെ സെറ്റില്‍മെന്റ് കണ്ടെത്തിയത് മുസ്രിസിന്റെ സ്ഥാനത്തെക്കുറിച്ച ആശ്ചര്യകരമായ കൂടുതല്‍ കണ്ടെത്തലുകള്‍ക്ക് സഹായിക്കുമെന്നും ബ്രിട്ടനിലെ കാംബ്രിഡ്ജ് സര്‍വകലാശാലാ പ്രൊഫസര്‍ ഡോ. ഡിക് വിറ്റാക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
വന്‍കിട വ്യാപാരം നടന്നിരുന്നവെന്നത് തന്നെയാണ് ബൃഹത് നാഗരിതയുടെ സാധ്യത സൃഷ്ടിക്കുന്നതും. കുരുമുളക്, തുണി തുടങ്ങി വ്യത്യസ്ത ഉല്‍പന്നങ്ങള്‍ മുസ്രിസില്‍നിന്ന് വ്യാപാരം ചെയ്യപ്പെട്ടിരുന്നു. എങ്കില്‍ മുസ്രിസിന്റെ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ തരം തൊഴില്‍/ഉത്പാദന മേഖലകളുമായി ബന്ധപ്പെട്ട ജനസമൂഹങ്ങളും ഉണ്ടായിട്ടുണ്ടാകും. അവര്‍ മുസ്രിസിനോടനുബന്ധിച്ച പലതരം പ്രകൃയയകളില്‍ പങ്കാളികളായിരിക്കാമെന്നാണ് കരുതുന്നത്. വിവിധ പൌരാണിക തുറമുഖങ്ങളോട് ചേര്‍ന്ന് ഉണ്ടാകാനിടയുള്ള തരം സെറ്റില്‍മെന്റാകാം പട്ടണത്ത് ഉണ്ടായിരുന്നതെന്ന് കരുതുന്നുണ്ട്. ഇത് റോമന്‍ സെറ്റില്‍മെന്റുതന്നെ ആയിരുന്നിരിക്കാമെന്നാണ് ഡോ. ചെറിയാന്‍ പറയുന്നത്.
ഇത്തരം സെറ്റില്‍മെന്റുകള്‍ മുസ്രിസിനോട് ചേര്‍ന്ന മറ്റ് മേഖലയിലും ഉണ്ടായിട്ടുണ്ടാകാം. തൃശൂര്‍ ജില്ലയിലെ വടക്കുഭാഗത്തെ ചേറ്റുവ മുതല്‍ എറണാംകുളം ജില്ലയിലെ പറവൂര്‍ വരെ ഇത് വ്യാപിച്ചിരുന്നിരിക്കാമെന്നാണ് ചരിത്ര ഗവേഷകരുടെ നിഗമനം. ശിലായുഗ കാലത്തെയും ബുദ്ധമതത്തിന്റെയും വിവധ ക്ഷേത്രങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ കൊടുങ്ങല്ലൂരിനും ചേറ്റുവക്കുമിടയില്‍ കാണപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ചരിത്രാവശിഷ്ടങ്ങള്‍ കിട്ടാന്‍ സാധ്യതയുള്ള കൊടുങ്ങല്ലൂര്‍ നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഗവേഷണം നടക്കുക. ചേരമാന്‍ പറമ്പ്, കോട്ടപ്പുറം കോട്ട, കൊട്ടാരം അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഉദ്ഘനനത്തിന്റെ പേരില്‍ സ്ഥലമേറ്റെടുക്കുമെന്ന് വരെ തെറ്റായ പ്രചാരണമുണ്ടെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ വേണ്ടിമാത്രമാണെന്നും ഡോ. ചെറിയാന്‍ പറഞ്ഞു.
(16.....11.....08)
No comments:
Post a Comment