തിരുവനന്തപുരം: സുപ്രീംകോടതിയിലൂടെ സര്‍ക്കാര്‍ സ്ഥാപിച്ചെടുത്ത സ്വാശ്രയ പി.ജി സീറ്റിലെ 50:50 തത്വം അട്ടിമറിക്കാന്‍ നാല് മെഡിക്കല്‍ കോളജുകളുടെ ഉടമകളായ ക്രിസ്ത്യന്‍ സഭ പുതിയ നീക്കം തുടങ്ങി. മെറിറ്റ് സീറ്റ് ഫീസിനെതിരെ കോടതിയെ സമീപിച്ച് ഉയര്‍ന്ന ഫീസ് തരപ്പെടുത്തുക വഴി 50:50 ഇല്ലാതാക്കാനാണ് ശ്രമം. ഫീസ് നിശ്ചയിക്കാന്‍ ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് അധികാരമില്ലെന്നും അവരുടെ ഫീസിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ കോഓഡിനേറ്റര്‍ പ്രഖ്യാപിച്ചത് ഈ നീക്കങ്ങളുടെ ഭാഗമായാണ്. സീറ്റ് തിരിച്ചുപിടിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും കൌണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. സഭയുടെ നടപടി മെറിറ്റില്‍ പ്രവേശം നേടിയ കുട്ടികളുടെ പഠനം പ്രതിസന്ധിയിലാക്കും.
ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഫീസുകളുടെയും കേരളത്തിലെ കോളജുകള്‍ കമ്മിറ്റിക്ക് നല്‍കിയ വരവ് ചെലവ് കണക്കുകളുടെയും അടിസ്ഥാനത്തിലാണ് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി ഫീസ് നിശ്ചയിച്ചത്. ഈ ഫീസിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പ്രവേശം നടന്നത്. മെറിറ്റ് ക്വോട്ടയായി കണക്കാക്കുന്ന പകുതി സീറ്റില്‍ മാത്രമാണ് ഇത് ബാധകമാക്കുക. ബാക്കി പകുതിയില്‍ അതത് മാനേജ്മെന്റുകള്‍ക്ക് ഇഷ്ടാനുസരണം ഫീസ് നിശ്ചയിക്കാം.
എന്നാല്‍ ഇപ്പോള്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ വാദം, സര്‍ക്കാര്‍ സീറ്റിലെ ഫീസും തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ഈടാക്കുമെന്നാണ്. നാല് ലക്ഷം മുതല്‍ 16 ലക്ഷം വരെയാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന ഫീസ്. ഇവരുടെ വാദം അംഗീകരിക്കപ്പെട്ടാല്‍ പകുതി സീറ്റില്‍ കുറഞ്ഞ ഫീസില്‍ മെറിറ്റ് യോഗ്യതയുള്ളവര്‍ക്ക് പഠനാവസരം എന്ന 50:50 തത്വം പൂര്‍ണമായി അട്ടിമറിക്കപ്പെടും. മെറിറ്റ് സീറ്റിനൊപ്പം തന്നെ 50:50 തത്വതത്തില്‍ പ്രധാനമാണ് കുറഞ്ഞ ഫീസും. അത് അട്ടിമറിക്കുക വഴി മെറിറ്റിനേക്കാള്‍ പണമുള്ളവര്‍ക്ക് മാത്രം പഠനാവസരം എന്ന തത്വം നടപ്പാക്കാനാകുമെന്ന് സഭകള്‍ കണക്കുകൂട്ടുന്നു.
ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് ഫീസ് നിശ്ചയിക്കാന്‍ അധികാരമില്ലെന്നാണ് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഇതിനായി ഉന്നയിക്കുന്ന വാദം. എന്നാല്‍ ഈ വാദം, കേരളത്തിലെ നിയമത്തിനും സുപ്രീംകോടതി വിധിക്കും വിരുദ്ധമാണ്. സുപ്രീംകോടതി വിധിപ്രകാരം സ്വാശ്രയ കോളജിലെ ഫീസ് നിശ്ചയിക്കാന്‍ ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് പൂര്‍ണ അധികാരമുണ്ട്. ഇസ്ലാമിക് അക്കാദമി കേസില്‍ ജസ്റ്റിസ് വി.എന്‍. ഖരെയുടെ നേതൃത്വത്തിലെ അഞ്ചംഗ സുപ്രീംകോടതി ബെഞ്ച്, ഫീ കമ്മിറ്റിയുടെയും മാനേജ്മെന്റിന്റെയും അധികാരങ്ങള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
ഇതനുസരിച്ച് തങ്ങള്‍ക്ക് ആവശ്യമായ ഫീസ് ഘടന മാനേജ്മെന്റിന് സമര്‍പ്പിക്കാം. ഇതിനൊപ്പം വരവ് ചെലവുകളുടെ രേഖകളും അക്കൌണ്ട്സും നല്‍കണം. ഇവ പരിശോധിച്ച് കമ്മിറ്റിക്ക് ഈ നിര്‍ദേശം അംഗീകരിക്കാം. അല്ലെങ്കില്‍ പുതിയ ഫീസ് ഘടന ഏര്‍പ്പെടുത്താം. സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം മാനേജ്മെന്റ് സമര്‍പ്പിച്ച ഫീസ് ഘടന ന്യായീകരിക്കത്തക്കതാണോ എന്നാണ് കമ്മിറ്റി പരിശോധിക്കേണ്ടത്. ലാഭമുണ്ടാക്കുന്ന ഘടകങ്ങളോ തലവരിയോ ഇല്ലെന്നും ഉറപ്പുവരുത്തണം. കോടതിവിധി പ്രകാരം മൂന്ന് വര്‍ഷത്തേക്കാണ് ഫീസ് ഘടന നിശ്ചയിക്കേണ്ടത്. എന്നാല്‍ കേരള നിയമത്തില്‍ ഇതില്‍ ഭേദഗതി വരുത്തി. ഒരിക്കല്‍ നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്ന് കോളജുകള്‍ക്ക് തോന്നിയാല്‍ ഏത് സമയത്തും കമ്മിറ്റിയെ സമീപിച്ച് ഫീസ് പുനര്‍നിര്‍ണയം ആവശ്യപ്പെടാമെന്നായിരുന്നു ഭേദഗതി. ഒരുവര്‍ഷത്തില്‍ തന്നെ പലതവണ വേണമെങ്കില്‍ ഇതുചെയ്യാം. പക്ഷെ മതിയായ രേഖകള്‍ നല്‍കുകയും അത് കമ്മിറ്റി അംഗീകരിക്കുകയും വേണമെന്നതാണ് ചട്ടം.
കമ്മിറ്റിയുടെ ഫീസ് പുനര്‍നിര്‍ണയത്തിനെതിരെ അവിടെത്തന്നെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായിട്ടും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ കോടതിയെ സമീപിക്കുകയാണ് പതിവ്. കമ്മിറ്റിയെ സമീപിച്ചാല്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കേണ്ടിവരുമെന്നതിനാലാണിത്. സഭകളുടെ ചില കോളജുകളുടെ കണക്കില്‍ ചാപ്പലിന് സംഭാവന നല്‍കിയത് വരെ ഉള്‍പെടുത്തിയിരുന്നു. ഇത്തരം ചെലവുകള്‍ക്ക് വിശദീകരണം നല്‍കേണ്ടിവരുമെന്നതിനാലാണ് കമ്മിറ്റിയെ ഒഴിവാക്കി കോടതിയില്‍നിന്ന് അനുകൂല വിധിക്ക് ശ്രമം നടത്തുന്നത്. സഭയുടെ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനനിലപാടെടുത്തില്ലെങ്കില്‍ സ്വാശ്രയ പി.ജി വീണ്ടും സങ്കീര്‍ണമാകും.
(2...07...11)
No comments:
Post a Comment