ഇരുട്ടിലേക്ക് വെടിവച്ചാലും ഇര വീഴുമെന്ന കൈപ്പുണ്യമുണ്ട് ടി.എന്‍ പ്രതാപന്. ഏത് മരുന്നും പ്രയോഗിക്കാനുമുണ്ട് അത്രതന്നെ വൈഭവം. ഇന്നലെ എക്സൈസ് വകുപ്പിലേക്ക് വെടിവച്ച് നിയമസഭയില്‍ വട്ടമിട്ടുപറക്കുന്ന കഴുകനെ പ്രതാപന്‍ പിടികൂടി: 'ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ പേരില്‍ ബാര്‍ ലൈസന്‍സ് സംഘടിപ്പിക്കാന്‍ മന്ത്രിക്കുചുറ്റും കഴുകന്‍മാര്‍ വട്ടമിട്ടുപറക്കുന്നുണ്ട്. ഈ സമ്മര്‍ദം അതിജീവിക്കാനുള്ള കരുത്ത് മന്ത്രിക്കുണ്ടാകണം. പുതിയ മദ്യഷാപ്പ് ഉണ്ടാക്കരുത്. ഇക്കാര്യത്തില്‍ ആന്റണിയുടെ ആദര്‍ശവും ഉമ്മന്‍ചാണ്ടിയുടെ ദീര്‍ഘദൃഷ്ടിയും കാണിക്കണം' ^ഇതായിരുന്നു പ്രതാപന്റെ ആവശ്യം. സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കരുത്തില്ലാത്തതിനാലാകണം, പി.സി ജോര്‍ജ് ഉടന്‍ പറന്നു വീണു: 'എന്റെ നാട്ടില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലുണ്ട്. അതിന് ബാര്‍ ലൈസന്‍സ് കൊടുക്കണം.' വലിയൊരു കഴുകനെ കണ്ട് ഞെട്ടിയ മന്ത്രി കെ. ബാബുവിന് ഉടന്‍ പ്രതാപന്റെ മുന്നറിയിപ്പ് വന്നു: 'ഇതുപോലെ പല പി.സിമാരും വട്ടമിട്ടുപറക്കുന്നുണ്ട്.'
ജോര്‍ജിന്റെ ദുര്യോഗം അവിടെയും തീര്‍ന്നില്ല. ഈ പക്ഷിയെപറ്റി എ. പ്രദീപ്കുമാര്‍ ഒരു എസ്.എം.എസ് കഥ പറഞ്ഞു. കോടിയേരിവച്ച വക്കീലുണ്ടാക്കിയ കഥയില്‍, പിടിക്കപ്പെട്ടയാള്‍ പറയുംവരെ കാര്യമില്ലെന്ന് ജോര്‍ജ് വിശദീകരിച്ചപ്പോള്‍ പ്രദീപിന് ഒരു കാര്യം ബോധ്യമായി: 'ത്രേതായുഗത്തിലെ യാദവകുലത്തെ പോലെ യു.ഡി.എഫുകാര്‍ എസ്.എം.എസ് കൊണ്ട് ഏറ്റുമുട്ടി നശിക്കും'. വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ചയില്‍ മറ്റൊരു കഴുകനെ കൊണ്ടുവന്ന ബെന്നി ബഹനാന്റെ വെടി കൊണ്ടതും കേരള കോണ്‍ഗ്രസിന് തന്നെ. അതുപക്ഷെ കെ.എം മാണിക്കുതന്നെയായി: 'മലകള്‍ക്കിടയില്‍ കെട്ടിയിട്ട് കഴുകന്‍ ഹൃദയം കൊത്തിവലിച്ച പ്രൊമിത്യൂസ് ഉണര്‍ന്നെണീറ്റതുപേലെ ഉമ്മന്‍ചാണ്ടി വരും.' അതിലെ കഴുകന്‍ കെ.എം മാണിയാണോ എന്നായി പ്രതിപക്ഷം. കഥ പറയണമെന്നേ ബെന്നിക്ക് വാശിയുള്ളൂ. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് തീരുമാനിക്കാമെന്ന മട്ട്.
മാണി^പ്രതിപക്ഷ ഏറ്റുമുട്ടലിലാണ് ഒടുവില്‍ ചര്‍ച്ച തീര്‍ന്നത്. ധവളപത്രത്തിന്റെ വ്യാഖ്യാനവുമായി മാണിയുടെ മറുപടി മുന്നേറുമ്പോള്‍ തോമസ് ഐസകിന് ഇടപെടണം. വഴങ്ങാന്‍ മാണിയൊരുക്കമല്ലെന്നായപ്പോള്‍ പ്രതിപക്ഷ ബഹളമായി. വി.ശിവന്‍കുട്ടിക്ക് നടുത്തളത്തില്‍ ഇറങ്ങാതെ വയ്യെന്നായി. ഐസകിന് ക്രമപ്രശ്നം കൊടുത്തപ്പോള്‍ നടുത്തളത്തിന്റെ വക്കില്‍ ശിവന്‍കുട്ടി ഒറ്റക്കായി. അതോടെ മെല്ലെ സീറ്റിലേക്ക് മടങ്ങി. മറുപടിക്കിടെ ചോദ്യത്തിന് വഴങ്ങുന്നതില്‍ ഉദാരനായ ഐസകിനെ മാണിയുടെ കടുംപിടുത്തം ചൊടിപ്പിച്ചു. ബാഗും പുസ്തകവുമെടുത്ത് ഇറങ്ങിപ്പോകാന്‍ വരെയൊരുങ്ങിയെങ്കിലും എളമരം കരീം പിടിച്ചിരുത്തി. മാണിയെ സഹായിക്കാതിരിക്കാന്‍ കേണ്‍ഗ്രസ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു.
ചര്‍ച്ചയില്‍ സുപ്രധാന നിര്‍ദേശങ്ങള്‍ വച്ചത് രണ്ടുപേരാണ്. എം.എ വാഹിദ്: ഇസ്ലാമിക് ബാങ്കിന് പകരം ട്രഷറിയില്‍ പലിശ രഹിത ബാങ്കിംഗ് സംവിധാനം ഏര്‍പെടുത്തണം. മറ്റൊന്ന് തോമസ് ചാണ്ടിയും: 'തോട്ടങ്ങള്‍ക്ക് നല്‍കിയ 5 ശതമാനത്തന്റെ ഇളവ് 10 ശതമാനമാക്കണം. അതില്‍നിന്ന് ടൂറിസത്തെ ഒഴിവാക്കണം. പകരം ലായങ്ങളിലുള്ളവര്‍ക്ക് പച്ചക്കറിയും മറ്റും കൃഷി ചെയ്യാന്‍ ആ ഭൂമികൊടുക്കണം.' വാഹിദിന്റെ നിര്‍ദേശം മന്ത്രി അംഗീകരിച്ചു. മറുപടിയില്‍ പ്രഖ്യാപനവുമുണ്ടായി. ചാണ്ടിയുടെ കാര്യം വരവ് വച്ചു. കെ.എന്‍.എ ഖാദറിനുമുണ്ടായിരുന്നു ഒരു പിടി നിര്‍ദേശങ്ങള്‍. വിമാനം മുതല്‍ തീവണ്ടി വരെ. അതുപക്ഷെ അഞ്ചാം മന്ത്രിക്കുള്ള വകുപ്പ് പ്രഖ്യാപനം പോലെയായി എന്നുമാത്രം. കാദറിന്റെ ഭാവന നേരത്തേ തന്നെ മാണിക്ക് കൊടുത്തിരുന്നെങ്കില്‍ ബജറ്റ് മെച്ചപ്പെടുമായിരുന്നുവെന്ന് സി. ദിവാകരന്‍ അസൂയപ്പെട്ടു. കോട്ടയം ഹബ്ബ് മകന്‍ മാണിയുടെ സ്വപ്ന പദ്ധതിയാണെന്ന് കെ.രാജു തെളിയിച്ചു. അഴിമതിയില്‍ ഒളിമ്പിക്സ് നടത്തിയാല്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലേതിനേക്കാള്‍ സ്വര്‍ണം ഇന്ത്യക്ക് കിട്ടുമെന്ന് വി. ചെന്താരമരാക്ഷനും. ഭരണമുന്നണി അഗ്നിപര്‍വതത്തിന്റെ മുകളിലാണെന്ന് എം. ഹംസ കണ്ടെത്തി. കെ.എം ഷാജി സര്‍ക്കാറിന് വേണ്ടി വീണ്ടും ധവളപത്രം വായിച്ചു.
സീതിഹാജിയുടെ മകനായതിനാലാകണം പരിസ്ഥിതിയിലാണ് പി.കെ ബഷീറിന് കുടുതല്‍ ശ്രദ്ധ: 'റോഡിലെ മരം കെട്ടിപ്പിടിച്ച് കരഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകക്ക് സ്വന്തം മരം മുറിച്ച് ഫ്ലാറ്റ് കെട്ടാന്‍ ഒരുമടിയുമുണ്ടായില്ല. ഇങ്ങനെ കുറേയാളുകളുണ്ട്. പരിസ്ഥിതി നേതാക്കളുടെയും പ്രവര്‍ത്തകരുടെയുമൊക്കെ സ്വത്ത് വെളിപ്പെടുത്തണം. പുസ്തകം വായിച്ചാണ് ഇവിടെ പലരും പലതും പറയുന്നത്. കോമണ്‍സെന്‍സുകൊണ്ടല്ല. പരിസ്ഥിതിക്കും വികസനത്തിനുമൊക്കെ കമ്മിറ്റിയുണ്ടാക്കുമ്പോള്‍ കോമണ്‍സെന്‍സുള്ളവരെ ഉള്‍പെടുത്തണം.' അതിന് യോഗ്യരായവരുടെ പട്ടികയും ബഷീര്‍ പ്രഖ്യാപിച്ചു: 'കണ്ടല്‍ കാടുണ്ടാക്കിയ ഇ.പി ജയരാജന്‍, എളമരം കരീം, വേണമെങ്കില്‍ എന്നയും കൂട്ടാം.' പി.സി ജോര്‍ജ്, തോമസ് ചാണ്ടി, വി.ശിവന്‍കുട്ടി, ടി.യു കുരുവിള എന്നിവരെ കൂടി ചേര്‍ക്കണം. എന്നാലേ ആ കോമ്പിനേഷന്റെ കോമണ്‍സെന്‍സങ്ങ് തെളിയൂ.
(20...07...11)
No comments:
Post a Comment